Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറുന്ന പെൺചിന്താഗതികളുടെ തൂവലുകൾ

ഏറ്റവും ലളിതമായി പറഞ്ഞുവയ്ക്കുന്ന ജീവിതമാണ് ആൻസി മോഹൻ മാത്യുവിന്റെ 'പെൺതൂവലുകൾ' എന്ന നോവൽ. മധ്യവർഗകുടുംബത്തിൽ ജനിച്ചുവളരുന്ന അന്ന എന്ന പെൺകുട്ടിയുടെ ജീവിതവും ബാല്യത്തിന്റെ ഓർമ്മകളുമാണ് നോവൽ. ഭാഷയുടെ ഗിമ്മിക്കുകളോ, ആഖ്യാനത്തിലെ കൗശലങ്ങളോ അല്ല ഈ നോവലിനെ വ്യത്യസ്ഥമാക്കുന്നത്. നിത്യജീവിതത്തിൽ നിന്ന് അല്പം പോലും വഴുതി മാറാത്ത സാധാരണതയാണ്. അതിനാൽ തന്നെ അന്നയുടെ ജീവിതത്തിനൊപ്പം ഏത് തരം വായനക്കാരനും എളുപ്പത്തില്‍ കടന്നുപോകാൻ സാധിക്കും. അത്രമേൽ സുതാര്യമായാണ് ആൻസി മോഹൻ മാത്യു 'അന്ന'യുടെ ജീവിതം പറഞ്ഞുവയ്ക്കുന്നത്.

ആൻസി മോഹന്റെ കന്നിനോവലായ 'പെൺതൂവലുകൾ' ചന്തു മേനോന്റെ എഴുത്തുവഴികളെയാണ് പിന്തുടരാൻ പരിശ്രമിക്കുന്നതെങ്കിലും സ്ത്രീജീവിതത്തിന്റെ പരിമിതികളെ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിറപ്പെടുത്തുവാനും ആ പരിമിതികൾ സ്ത്രീജീവിതാവസ്ഥകളെ എപ്രകാരം ദുരന്തത്തിന്റെ ഓരങ്ങളിലൂടെ നടത്തിക്കുന്നുവെന്നും എഴുതി വയ്ക്കുന്നുവെന്ന് നോവലിന്റെ ആമുഖകുറിപ്പിൽ പി.ജെ.ജെ ആന്റണി പറയുന്നു. 

ഒരു ശരാശരി പെണ്ണിന്റ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ, സ്വാതന്ത്ര്യമോഹങ്ങളെ പേറുന്നുണ്ട് അന്ന എന്ന കഥാപാത്രം. കെട്ടുപാടുകളില്ലാതെ ഒറ്റയ്ക്കു ജീവിക്കുന്നതായിരുന്നില്ല അന്നയുടെ സ്ത്രീ സ്വാതന്ത്ര്യം എന്ന സങ്കൽപം. ഭർതൃമതിയായ ഒരുവൾക്കാണ് സമൂഹം കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത് എന്നാണ് അന്നയുടെ പക്ഷം. എന്ത് ചെയ്യണമെങ്കിലും ഭർത്താവിന്റെ അനുവാദമോ അഭിപ്രായമോ മാത്രമേ ഒരു വിവാഹിതയ്ക്ക് അറിയേണ്ടതുള്ളു. ആരൊക്കെ എതിർത്താലും ചൂണ്ടി കാണിക്കാൻ തന്റെ ഭർത്താവിന്റെ പിന്തുണ മതിയാകും. ഒറ്റയ്ക്ക് ജീവിച്ച് സ്വാതന്ത്ര്യം കൊട്ടിഘോഷിക്കുന്നവർ അഭിനയിക്കുകയാണെന്ന് തനിക്ക് തോന്നാറുണ്ടെന്ന് അന്ന. 

ബാല്യത്തിൽ തന്റെ സ്വപ്നങ്ങൾക്ക് കാവൽ നിന്ന ഒരു കുടുംബവും, വിവാഹശേഷം ആ സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും കാവൽ സ്ഥാനം ഏറ്റെടുത്ത ഭർത്താവും കൂടെയുള്ള ധൈര്യം അന്നയെക്കൊണ്ട് ഇങ്ങനെ പറയിക്കുമ്പോളും ചുറ്റും കാണുന്ന പെണ്ണിനോടുള്ള അവഗണനകൾ അവളെ വേദനിപ്പിക്കുന്നുണ്ട്.

മൂന്ന് പെണ്‍മക്കളാ അല്ലെ? എന്ന് അച്ഛന്റെയും അമ്മയുടെയും നേർക്കെത്താറുള്ള സഹതാപം നിറഞ്ഞ ചോദ്യം കേള്‍ക്കുമ്പോഴൊക്കെ മൂന്ന് പെൺമക്കളായാൽ എന്താ പ്രശ്നമെന്ന് അന്ന അസ്വസ്ഥതപ്പെട്ടു. മകൻ പിറക്കുന്നത് ഭാഗ്യമോ, മകൾ പിറക്കുന്നത് ഒരു കുറവോ അല്ലെന്ന് എന്നാണ് അവർ മനസ്സിലാക്കുക? എന്ന് അവൾ പരിതപിച്ചു.

പുരുഷനാൽ അവഹേളിക്കപ്പെട്ട ഒരു പതിമൂന്നുകാരി, ഭയന്ന് കരഞ്ഞ് അഭയത്തിനായെത്തുമ്പോൾ 'റോഡിലൂടെ അങ്ങനെ ആരൊക്കെ പോകുന്നു അവരെ നന്നാക്കാൻ നിന്നാൽ നമ്മുടെ പേര് ചീത്തയാകും' എന്നുപദേശിച്ച ഗീതാന്റിയുടെ വിരലുകള്‍ കാറിന്റെ ഡോറിനിടയിൽ വെച്ചടച്ച് പ്രതികാരം ചെയ്യാനുള്ള ധൈര്യം പതിമൂന്നാം വയസ്സിൽ ആർജിച്ചവളാണ് അവൾ. താൻ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ എംഡി ഒരു സ്ത്രീയാണെന്ന് അഭിമാനത്തോടെ ആവർത്തിച്ചുപറയുന്നുണ്ട് അന്ന എന്ന സ്ത്രീ.

എങ്കിലും ജീവിതത്തിലെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളിൽ വല്ലാതെ പകച്ചു പോകുന്നുണ്ട് അന്ന. പ്രതിസന്ധിഘട്ടത്തിൽ വലിയപിന്തുണയുമായി താൻ സ്നേഹിച്ചവരൊക്കെ ഒപ്പം നിൽക്കുമ്പോഴും അന്നയുടെ മനസ്സ് പതറുന്നു. വിഷാദരോഗത്തിന് അടിമപ്പെടുന്ന ഒരുപാടു സ്ത്രീകൾ ഉണ്ട്. ചിലർ അത് അറിയുന്നു പോലുമില്ല. ജീവിതത്തിൽ വന്നു വീഴുന്ന ചില പ്രതിസന്ധികൾ മൂലം, സ്‌നേഹിക്കുന്നവർ ചുറ്റുമുണ്ടായിട്ടും അന്ന വിഷാദത്തിലേക്കു വീഴുന്നു. ഈ അവസ്ഥയെ വിശദമായി കൈകാര്യം ചെയ്യുന്നുണ്ട് നോവലിന്റെ അവസാനപാതിയിൽ. സ്നേഹസമ്പന്നമായ കുടുംബത്തിന്റെ പിന്തുണയിൽ ജീവിതം മെല്ലെ തിരിച്ചുപിടിക്കുന്ന അന്ന പിന്തുണയ്ക്കാൻ അധികമാരുമില്ലാത്ത സഹപ്രവർത്തക ഹസ്നയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ തിരിനാളം തെളിക്കുന്നു. അനാവശ്യ ചിന്തകളെയും അന്ധവിശ്വാസങ്ങളെയും മാറ്റിവെച്ചു, ഉപാധികളില്ലാത്ത സ്നേഹം മനുഷ്യരെ നന്മയിലേക്ക് നടത്തുന്നു എന്ന് പറയാനാണ് നോവലിലൂടെ താൻ ശ്രമിക്കുന്നതെന്ന് നോവലിസ്റ്റ് പറയുന്നു. 

ഒരു മധ്യവർഗകുടുംബത്തിൽ ജനിച്ചു വളരുന്ന പെൺജീവിത്തിന്റെ സത്യസന്ധമായ അവതരണമാണ് പെൺതൂവലുകള്‍. പെണ്ണിടങ്ങൾക്കുള്ള ആഹ്വനമോ, വാക്കുകൾ കൊണ്ടുള്ള യുദ്ധമോ അല്ല ഈ നോവൽ. അറിഞ്ഞോ അറിയാതെയോ തെളിയുന്ന ഭൂരിപക്ഷ പെൺചിന്താഗതികളുടെ യഥാതഥമായ അവതരണമാണ് പെൺതൂവലുകൾ.

Read More Articles on Malayalam Literature & Books to Read in Malayalam