Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കി എന്ന മിടുക്കിയുടെ കഥ

ഇടുക്കിയെക്കുറിച്ച് നമുക്കെന്തറിയാം? പലപ്പോഴും  മറ്റേതെങ്കിലും ഒരു ജില്ലയെക്കുറിച്ച് നാം മനസ്സിലാക്കിയിരിക്കുന്നതിനെക്കാളും വളരെ കുറച്ചു മാത്രമേ  ഇടുക്കിയെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവൂ. എന്നാല്‍ നമുക്കൊരിക്കലും ഇടുക്കിയെ അവഗണിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ഇടുക്കിയില്ലെങ്കില്‍ നമ്മുടെ വീടുകളില്‍ വെളിച്ചമുണ്ടാവില്ലല്ലോ. 

ഇടുക്കിയെ ഇടുക്കിയാക്കുന്നതും കേരളത്തിന് ഒരിക്കലും അവഗണിക്കാന്‍ കഴിയാത്തതുമായ അനേകം കാര്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മനോഹരമായ പുസ്തകമാണ്  ഡോ. ഡി ബാബുപോള്‍ എഴുതിയ ഗിരിപര്‍വ്വം .. ഇടുക്കിയുടെ മിഴിവാര്‍ന്നതും മികവാര്‍ന്നതുമായ ചിത്രമാണ് ഇവിടെ ഗ്രന്ഥകാരന്‍ വരച്ചുകാണിക്കുന്നത്.

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗിരിപര്‍വ്വം പുറത്തിറങ്ങുമ്പോള്‍ അത്  മലയാളത്തിലെ ആദ്യത്തെ സര്‍വ്വീസ് സ്‌റ്റോറിയായിരുന്നു. ഇടുക്കിയില്‍ കളക്ടര്‍ ആയിരുന്ന സമയത്ത് ഡിസി കിഴക്കേമുറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതെഴുതിയതെന്ന് ബാബുപോള്‍ ആമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്. പിന്നീട് ഔദ്യോഗിക ജീവിതസ്മരണകള്‍ സര്‍വ്വീസ് സ്‌റ്റോറി എന്ന ശീര്‍ഷകത്തില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിതുടങ്ങിയതോടെ അത് ലബ്ധപ്രതിഷ്ഠ കൈവരിച്ച സാഹിത്യശാഖയായി മാറുകയായിരുന്നു. മലയാളത്തിലെ ആദ്യത്തെ സര്‍വ്വീസ് സ്റ്റോറി മലയാറ്റൂരിന്റേത് എന്നൊക്കെ ധരിച്ചുവശായിരിക്കുന്ന ചില വായനക്കാരുടെ ധാരണകളെ ലംഘിക്കുവാനും ഈ കൃതിക്ക് കഴിയുന്നു.

ലോകത്തിലേക്കു തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളില്‍ ഒന്നായ ഇടുക്കി ഡാമിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചുളളതാണ് ശക്തിശൈലം എന്ന ഒന്നാമത്തെ അധ്യായം. ഇടുക്കി ഡാമിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പല അറിവുകളും ഈ അധ്യായം നല്കുന്നുണ്ട്. ഉദാഹരണത്തിന്, ഇടുക്കിയില്‍ അണക്കെട്ട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇ. ജെ. ജേക്കബ്, 1967 ജനുവരിയില്‍ കാനഡയുമായി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്, വിദേശനാണ്യവിനിമയം വളരെ കുറവായ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഡാമുകളില്‍ ഒന്ന് എന്നിങ്ങനെ ഇടുക്കി ഡാമിന്റെ പല സവിശേഷതകളും നമുക്കിവിടെ മനസ്സിലാക്കാന്‍ കഴിയുന്നു. 

ഇടുക്കിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന അനുഭവവിവരണങ്ങള്‍ക്ക് ഇടുക്കിയുടെ ഗന്ധമുള്ള ശീര്‍ഷകങ്ങളാണ് ഇദ്ദേഹം കൊടുത്തിരിക്കുന്നത്. ഉരുള്‍, ഏലം, കണ്ണന്‍ദേവന്‍ കുന്നുകളില്‍ എന്നിവ ചിലതു മാത്രം. 

നാലു സംവത്സരക്കാലം ഇടുക്കിയില്‍ ജോലി ചെയ്തതിന്റെ അനുഭവം വിവരിക്കുമ്പോള്‍ അവിടെ നേരിട്ട പ്രതിസന്ധികളും വേദനാകരമായ അനുഭവങ്ങളും ദുരന്തങ്ങളുമെല്ലാം കടന്നുവരുന്നുണ്ട്. അതോടൊപ്പം വ്യക്തിപരമായ ചില നിരീക്ഷണങ്ങള്‍ വളരെ ശ്രദ്ധേയമായി തോന്നുകയും ചെയ്തു. ഇതാ അങ്ങനെയൊന്ന്.

ഒരു ബസപകടം നടക്കുമ്പോള്‍ അതിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തേണ്ട ഉത്തരവാദിത്തമുള്ളവരില്‍ ഒരാള്‍ കളക്ടര്‍ കൂടിയാണല്ലോ കരടിപ്പാറയിലെ ഒരു ബസ് അപകടത്തെക്കുറിച്ചുള്ള ചിന്തകളില്‍ അദ്ദേഹം പങ്കുവയ്ക്കുന്നവ നോക്കൂ

...ഒരു മൃതദേഹത്തില്‍ ഉണ്ടായിരുന്ന റിസ്റ്റ് വാച്ച് അപ്പോഴും കൃത്യസമയം കാണിച്ചിരുന്നു. ഞാന്‍ മരിച്ചാലും എന്റെ വാച്ച് കൃത്യസമയം കാണിച്ചു എന്നു വരും. എന്നാല്‍ അത് എനിക്ക് ഒരു പ്രശ്‌നം ആയിരിക്കുമോ? ജീവിച്ചിരിക്കുമ്പോള്‍ ഞാനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം എന്ന് എനിക്ക് തോന്നുന്നു. എനിക്ക് മുമ്പ് കോടാനുകോടി ബുദ്ധിശൂന്യര്‍ ഇങ്ങനെ ചിന്തിച്ചു എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ മരിച്ചാലും ഈ പ്രപഞ്ചത്തിന്റെ താളലയങ്ങള്‍ക്ക് ഒരു ഭംഗവും ഉണ്ടാവുകയില്ല. എത്ര അസുന്ദരമായ സത്യം.

പിറ്റേന്ന് രാവിലെ മടക്കയാത്രയില്‍ ഞാന്‍ എന്റെ അമ്മയെ കണ്ടു. അപകടവിവരം അമ്മ അതിനകം പത്രം വായിച്ച് അറിഞ്ഞിരുന്നു. ഒരമ്മയ്ക്ക് മകനെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ അന്നാണ് അറിഞ്ഞത്. ഇത്രയധികം മൃതദേഹങ്ങള്‍ ഒരുമിച്ചുകാണുകയും ഇത്ര ദാരുണമായ  ഒരപകടത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ട് എനിക്ക് വല്ല തലകറക്കമോ മറ്റോ ഉണ്ടായിക്കാണുമോ എന്നായിരുന്നു എന്റെ അമ്മയുടെ ഉത്കണ്ഠ. രണ്ടാമത്തെ ജില്ല ഭരിക്കുന്ന കളക്ടറാണെന്ന് മാത്രമല്ല സംസ്ഥാനത്തെ കളക്ടര്‍മാരുടെ കൂട്ടത്തില്‍ തല മുതിര്‍ന്നവരില്‍ ഒരാളുമാണ് ഞാന്‍. എന്നാല്‍ എന്റെ അമ്മയ്ക്ക് ഞാന്‍ ഇപ്പോഴും എപ്പോഴും എന്നേക്കും അമ്മ താരാട്ടുപാടിയ ശിശുതന്നെ... എന്റെ മക്കള്‍ക്ക് യൗവനവും എനിക്ക് വാര്‍ദ്ധക്യവും ആകുമ്പോള്‍ ഞാനും ഇങ്ങനെയൊക്കെതന്നെ പറയുമായിരിക്കും....

സ്ഥിതിവിവരങ്ങളും ചരിത്രപരമായ പരാമര്‍ശങ്ങളും നടത്തുമ്പോഴും വ്യക്തിപരമായ ഇത്തരം കാര്യങ്ങളുടെ പങ്കുവയ്ക്കലും ചിന്തകളും ഈ കൃതിയെ വായനക്കാരുടെ ആത്മാവിലേക്ക് ചേക്കേറുന്ന അനുഭവമാക്കിമാറ്റുന്നുണ്ട്. ഇടുക്കിയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇടുക്കിയെ സ്നേഹിക്കുന്നവര്‍ക്കും ഈ കൃതി വലിയൊരു വായനാനുഭവം തന്നെയായിരിക്കും സമ്മാനിക്കുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. തീര്‍ച്ച.

Read More Articles on Malayalam Literature & Books to Read in Malayalam