Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രങ്ങൾ മാറ്റിയെഴുതുന്ന ഒരു നോവൽ വായന 

ചിലരുണ്ട് യാത്രകളും അന്വേഷണങ്ങളുമായി ഓരോ നിമിഷത്തെയും മുന്നോട്ടു നയിക്കുന്നവർ, അതിലൂടെ സഞ്ചരിക്കുന്നവർ... അവർക്ക് അതിനെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാനുണ്ടാകില്ല. ഗ്രീക്ക് ചരിത്രത്തിലെ യുളീസസിനെ ഒക്കെ പോലെ അവർ ഏതുനേരവും സംസാരിക്കുന്നതും സ്വപ്നം കാണുന്നതും ഒക്കെയും യാത്രകളെ കുറിച്ചും അന്വേഷണങ്ങളെ കുറിച്ചുമാകും. അങ്ങനെയുള്ള കുറച്ചു പേർ ഒരു പ്രത്യേക പ്രദേശത്ത് പെട്ടുപോവുകയും അവിടെ നിന്ന് ആ പ്രദേശത്തിന്റെ കഥകളിലേക്ക് അവർ യാദൃശ്ചികമായി ചെന്നെത്തുകയുമായിരുന്നു. അവിടുന്ന് അങ്ങോട്ട് വെളിപ്പെടുന്നത് ഒരുപക്ഷെ ആ പ്രദേശത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ തന്നെ ചരിത്രത്തെ മാറ്റി എഴുതാൻ കെൽപ്പുള്ള അറിവുകൾ. ത്രിവീൺ നായരുടെ ഏറ്റവും പുതിയ നോവൽ "ലാൻഡ് ഓഫ് സീക്കേഴ്സ് " എന്ന പുസ്തകത്തിലാണ് ഇന്ത്യയുടെ വരെ ചരിത്രത്തിന്റെ അടിവേര് തോണ്ടുന്ന ചില കണ്ടെത്തലുകളുള്ളത്.

1766 കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ഒരു വർഷമായി ചരിത്രം അടയാളയപ്പെടുത്തിയിട്ടുണ്ട്. ഹൈദരാലിയുടെ ഇന്ത്യൻ ഇൻവേഷൻ, കോഴിക്കോട് കൊട്ടാരം കത്തിച്ചത് തുടങ്ങി അത്രയധികമൊന്നും നമ്മൾ ചർച്ച ചെയ്യാതെ പോയ കഥകൾ. എന്തുകൊണ്ട് ചില ചരിത്രങ്ങൾ മാത്രം നാം വായിക്കുകയും പഠിക്കുകയും മറ്റു ചിലവ അവഗണിക്കപ്പെടുകയും ചെയ്യുന്നു? ചരിത്രകാരന്മാർ എല്ലാവരും സത്യത്തെ എല്ലായിപ്പോഴും കണ്ടെത്തി നമ്മുടെ മുന്നിൽ വച്ച് തന്നവരല്ല, അവരവരുടെ രാഷ്ട്രീയത്തിനും വിശ്വാസത്തിനും അനുസരിച്ചുള്ള ചരിത്രങ്ങൾ മാത്രമേ അവരാൽ എഴുതപ്പെട്ടിട്ടുള്ളൂ. ബാക്കിയൊക്കെ ഇപ്പോഴും മിത്തുകളായി എഴുതപ്പെടാത്ത ചരിത്രമായി അവശേഷിക്കുന്നു. അത്തരമൊരു ചരിത്രത്തിലേക്കാണ് എഴുത്തുകാരൻ പുസ്തകത്തിലൂടെ വായനക്കാരെയും എത്തിക്കുന്നത്. ഈ ചരിത്രമൊക്കെ പറയാൻ എഴുത്തുകാരന് എന്തവകാശം എന്ന് ചോദിച്ചാൽ തലമുറകളായി കൈമാറി വന്ന അനുഭവങ്ങളുടെയും കഥകളുടെയും ചരിത്രത്തിൽ ഇടം പിടിച്ച ഒരു താവഴിയുടെയും അനുഭവങ്ങളും അനുഭൂതികളും എന്ന് തന്നെയാണ് ഉത്തരം. 

1766 ൽ ഹൈദരാലിയുടെ വെട്ടിപ്പിടിക്കൽ നടക്കുന്ന സമയത്ത് കേരളത്തിൽ, കോഴിക്കോട് എത്തിപ്പെടുന്ന നാല് ആഫ്രിക്കൻ സഞ്ചാരികൾ. അവർ ഹൈദരാലിയുടെ ഇന്നവേഷൻ സമയത്ത് അവിടെ കുടുങ്ങി പോകുന്നുണ്ട്. അവരിൽ നിന്നും ഹൈദരാലിയിലേയ്ക്കും മറ്റു പലരിലേയ്ക്കും ചില ചരിത്ര സത്യങ്ങളിലേക്കും എത്തിപ്പെടുന്നു. ഒരേ സമയത്ത് വലിയ കാല താമസമില്ലാതെയാണ് ഇന്ത്യയിലെ മൂന്നു രാജാക്കന്മാർ പ്രത്യേക സാഹചര്യങ്ങളിൽ മരണത്തിനു കീഴടങ്ങുന്നത്. കോഴിക്കോട് രാജാവ്, കൂർഗിലെ രാജാവ്, മൈസൂർ രാജാവ് എന്നിവരാണ് അവർ. ഒറ്റനോട്ടത്തിൽ മൂന്നു രാജാക്കന്മാരുടെയും മരണത്തിൽ പ്രത്യേകം സമാനതകൾ ഒന്നും ഇല്ലെന്നു പറയാമെങ്കിലും ഈ മൂന്നു രാജവംശത്തിനും ഒരു പൊതുവായ സവിശേഷതയുണ്ടായിരുന്നു. ഈ മൂന്നു രാജകുടുംബത്തിന്റെയും രണ്ടാമത്തെ അവകാശം ഹൈദരാലിക്കായിരുന്നു. രാജാക്കന്മാർ മരിച്ചാൽ സ്വത്തിനു സ്വാഭാവികമായും അവകാശം ഹൈദരാലിക്കു വന്നു ചേരും. പക്ഷെ ഒരിക്കലും ചരിത്രം ഈ സമാനത അടയാളപ്പെടുത്തിയില്ല. ഇതേ അറിവിനെ ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിക്കുക എന്ന് പറഞ്ഞാൽ അതത്ര എളുപ്പമല്ല. പക്ഷെ തലമുറകളായി കൈമാറി കിട്ടിയ കഥകളുടെ രൂപത്തിൽ തന്നെ തേടി വന്ന ചരിത്രത്തെ അടയാളപ്പെടുത്തുകയാണ് ത്രിവീൺ നായർ ചെയ്തത്. 

ഇന്ത്യയുടെ ചരിത്രത്തിലെ അവകാശപ്പെടൽ ഒക്കെയും നടന്നത് 1766 ൽ തന്നെയായിരുന്നു. വിദേശീയരുടെ സമ്പത്തും സൗഭാഗ്യങ്ങളും അന്വേഷിച്ചുള്ള കടന്നു വരവ് രാജ്യത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. കച്ചവടക്കാരായി വന്നവർ പിന്നീട് അവകാശവും അധികാരവും സ്ഥാപിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതൊന്നും കൃത്യമായി എവിടെയും രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ രാജാക്കന്മാരുടെ സമ്പത്തും ഇവിടുത്തെ സുഗന്ധ ദ്രവ്യങ്ങളും ആവശ്യത്തിലധികം കച്ചവടക്കാർ വ്യാപാരം ചെയ്യുകയും കൈക്കലാക്കുകയും ചെയ്തു. അതിലെ ഏറ്റവും വലിയ ചതി തന്നെയാകണം ഹൈദരാലി നടത്തിയതെന്നാണ് നോവലിന്റെ രൂപത്തിലാണെങ്കിൽ പോലും എഴുത്തുകാരൻ കുറിച്ച് വയ്ക്കുന്നത്. 

ഒരു ശബരിമല യാത്രയിലാണ് ഈ കഥ അതിന്റെ അത്രയും ആഴത്തിൽ തന്നിലേക്ക് വന്നതെന്ന് എഴുത്തുകാരൻ പറയുന്നു. അമ്മയിൽ നിന്ന് ലഭിച്ച അനുഭവങ്ങളുടെ വാഗ്‌വെളിച്ചം അക്ഷരങ്ങളായി തീർക്കാൻ പിന്നീട് സ്വന്തം ജോലി പോലും ഉപേക്ഷിച്ച് അതിന്റെ പുറകെ ഏറെ നാൾ എഴുത്തുകാരൻ അലഞ്ഞു. ഒന്നോർത്താൽ ഇത്തരം എത്രയെത്ര ചരിത്രങ്ങളാകും ഇതുവരെയും ആരും എഴുതി വയ്ക്കാതെ പോയിട്ടുണ്ടാവുക? പറഞ്ഞു കേട്ട കഥകളേക്കാൾ, അറിഞ്ഞു മനസ്സിലാക്കിയ കഥകളേക്കാൾ ദീപ്തവും തീക്ഷ്ണവും ഞെട്ടിപ്പിക്കുന്നതുമാകും പലപ്പോഴും ഇതുവരെ കണ്ടെത്താത്ത കഥകളെന്ന് ഈ നോവൽ പറയാതെ പറയുന്നുണ്ട്. വളരെ ലളിതമായ വാക്കുകളിൽ ആംഗലേയ ഭാഷയിലാണ് ത്രിവീൺ നായർ പുസ്തകം എഴുതിയിരിക്കുന്നത്. ഫിക്ഷന്റെ എല്ലാവിധ സാധ്യതകളെയും ഈ പുസ്തകം ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ചരിത്രത്തിൽ നിന്നും മാറി ഒരു അനുഭവ പരമ്പരയുടെ വായനാസുഖവും പുസ്തകം നൽകുന്നുണ്ട്. വെറും കഥ എന്ന മനസ്സിലാക്കലിനുമപ്പുറം സത്യത്തിന്റെ എന്തോ ചിലത് ഉണ്ടല്ലോ എന്ന തിരിച്ചറിവ് വായനയ്ക്ക് കൂടുതൽ മിഴിവേകുന്നുണ്ട്. കാറ്ററിഡ്ജ് പെൻക്വിൻ എന്ന അന്തർദ്ദേശീയ പ്രസാധക സംഘമാണ് പുസ്തകം പുറത്തിറക്കിയത്. സാഹിത്യ പുസ്തകം എന്ന് വിളിക്കുന്നതിനേക്കാൾ ഒരു ഫിക്ഷൻ ത്രില്ലർ എന്ന് വിളിക്കുന്നതാണ് നല്ലത്. ഒരേ സമയം ഉദ്വേഗവും ആശ്ചര്യവും അമ്പരപ്പും ഒക്കെ വായന പകർന്നു തരുന്നുണ്ട്. പുസ്തകത്തിന് വേണ്ടി ഓക്സ്ഫോർഡ് ഇംഗ്ലീഷ് ആണ് ഉപയോഗിച്ചിരിക്കുന്നത്. പുസ്തകം ഉടൻ തന്നെ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യും എന്ന് പ്രതീക്ഷിക്കാം.

Read More Articles on Malayalam Literature & Books to Read in Malayalam