Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സത്യം തുറന്നുപറഞ്ഞാൽ എന്താണു നേട്ടം?

പ്രിയ കോടതിയിൽ നിന്നു വരാൻ വൈകുന്നു. രാവിലെ പോയതാണ്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കോടതിയിൽ അവളെന്തായിരിക്കും പറയുക? 

സമൻസ് കിട്ടിയപ്പോൾ മുതൽ പ്രിയ ടെൻഷനിലാണ്. അമ്മയും അമ്മൂമ്മയുമെല്ലാം അവളെ കാണാൻ വന്നിരുന്നു. എട്ടുവർഷമായി ചിൽഡ്രൻസ് ഹോം എന്ന ജുവനൈൽ ഹോമിലാണ് പ്രിയ.

ഇന്നാണു കേസിന്റെ വിസ്താരം. അവളിപ്പോൾ പ്ലസ് വണിനു പഠിക്കുന്നു. കേസിന് ആസ്പദമായ സംഭവത്തെക്കുറിച്ചു പറയുമ്പോൾ അവൾക്കിപ്പോൾ നാണമാണ്. 

ഏഴുമണിക്കുശേഷം കെയർടേക്കർ പ്രിയയെ തിരിച്ചുകൊണ്ടുവന്നു. മുഖത്തു നിസ്സംഗഭാവം. കൂട്ടുകാരെ കണ്ടിട്ടും ചിരിക്കുന്നില്ല. പ്രിയയോട് റെസ്റ്റ് എടുക്കാൻ കെയർടേക്കർ പറഞ്ഞു. അവൾ ഡോർമിറ്ററിയിലേക്കു പോയി. ഡോർമിറ്ററിയിലെത്തിയപ്പോൾ പ്രിയ കിടന്നുകരയുന്നു.സുഹൃത്തുക്കളെ കണ്ടപ്പോൾ കരച്ചിലിന്റെ ആക്കം കൂടി. 

രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് പ്രിയ കാര്യങ്ങൾ പറഞ്ഞത്. 

‘അച്ഛനും അമ്മയും അമ്മൂമ്മയുമെല്ലാം കോടതിയിലുണ്ടായിരുന്നു. അച്ഛന്റെ മുഖം കണ്ടപ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല. മജിസ്ട്രേട്ട് ചോദിച്ചപ്പോൾ ഞാനെത്രസമയം മിണ്ടാതിരുന്നു എന്നെനിക്കറിയില്ല. വക്കീൽ എന്റെയടുത്തുവന്ന് ഉറക്കെ ചോദിച്ചപ്പോഴാണ് ഞാൻ പെട്ടെന്ന് വാ തുറന്ന് ഒന്നും ഉണ്ടായിട്ടില്ലെന്നു പതുക്കെ മറുപടി പറഞ്ഞത്. പിന്നെ എനിക്കൊന്നും മിണ്ടാനായില്ല’.

അന്ന് പിന്നെന്താ അച്ഛനെതിരെ കേസ് കൊടുത്തതെന്നു ചോദിച്ചപ്പോൾ ഞാനുത്തരമൊന്നും പറയാതെ തല കുമ്പിട്ടുനിന്നു. മജിസ്ട്രേട്ട് വീണ്ടും വീണ്ടും നിർബന്ധിച്ചു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ അന്നു കുട്ടിയായിരുന്നെന്നും ഇന്നു ഞാൻ പ്ളസ് വണിനു പഠിക്കുന്ന വിദ്യാർഥിയാണെന്നും. അപ്പോൾ എനിക്കു കരച്ചിൽവന്നു. മജിസ്ട്രേറ്റ് എന്നെ നോക്കി തലയാട്ടി പതുക്കെ മൂളി.

എല്ലാം സത്യമാണെന്നു പറഞ്ഞാൻ എനിക്കെന്താണ് നേട്ടം? പ്രിയ ചോദിക്കുന്നു. അച്ഛൻ ജയിലിൽ പോയാൽ അമ്മയും എന്റെ ഇളയ സഹോദരങ്ങളും കഷ്ടപ്പെടും. അമ്മ ദുഃഖിക്കും. പത്രങ്ങളിൽ നാളെ വാർത്തകൾ വരും. പിന്നെ സ്കൂളിൽ പോകാൻ എനിക്കു നാണക്കേടായിരിക്കും. കൊല്ലങ്ങൾ കുറേ കഴിഞ്ഞതല്ലേ. ഞാൻ മൂലം കുടുംബക്കാർക്കു ദുഃഖമുണ്ടാകരുത്. അവരെന്നെ വെറുക്കരുത്. 

സത്യം മറച്ചുവയ്ക്കുക, അങ്ങനെയെങ്കിലും കുടുംബം നിലനിർത്തുക. അതാണവളിൽനിന്നു സമൂഹം പ്രതീക്ഷിക്കുന്നത്. അവളുടെ വേദനകൾ അറിയാതെ പോകട്ടെ; അവൾ പോലും. അടക്കമുള്ള പെൺകുട്ടിയാകട്ടെ അവൾ. അച്ചടക്കമുള്ളവൾ. സ്വന്തം കണ്ണുകളെ നിയന്ത്രിച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പുക. വിശക്കുന്ന വയറിനെ മറന്ന് വീട്ടിൽ എല്ലാവർക്കും വിളമ്പുക. ഒടുവിൽ രാത്രിയുടെ ഇരുട്ടിൽ മാംസം മണത്ത് ഇഴഞ്ഞെത്തുന്ന കൈകളുടെ തലോടൽ ഇഷ്ടമാണെന്നു ഭാവിക്കുക.സ്നേഹത്തിന്റെ തലോടലിനു പകരം മാന്തിക്കീറുന്നത് അ്ചഛന്റെ കൈകളാണെങ്കിലും ഇല്ല അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാം കുട്ടിത്തത്തിന്റെ തോന്നലായിരുന്നെന്നും സമ്മതിച്ചേക്കുക. ചന്ദനം പോലെ അരഞ്ഞ്, അകിൽ പോൽ പുകഞ്ഞ്, ലോകത്തിനു സുഗന്ധമാകുന്നവൾ. പൂവായ് വിരിഞ്ഞ് പുഴു തിന്നു തിർക്കുന്ന ജൻമം. ആ ജൻമത്തിന്റെ പേരാണ് പ്രിയ. 

ഇളംപ്രായത്തിൽ ജീവിതത്തിലൊരിക്കലും മായാത്ത മുറിപ്പാടുകൾ ശരീരത്തിലും മനസ്സിലും സൃഷ്ടിച്ച അച്ഛനെതിരെ ഒരു വാക്കുപോലും പറയാതെ കോടതിയിൽനിന്നു പുറത്തേക്കുവരുന്നു പ്രിയ. നിയമത്തിന്റെ കണ്ണിൽ നിരപരാധിയായി അച്ഛനും പുറത്തേക്ക്. അയാൾക്ക് ഇനിയും ഇരകളെ കിട്ടുമായിരിക്കും. അവരൊക്കെയും നിർണായക സമയങ്ങളിൽ മൊഴി മാറ്റി പറഞ്ഞേക്കും: കുടുംബത്തിനുവേണ്ടി. സഹോദരങ്ങൾക്കുവേണ്ടി. അമ്മയ്ക്കുവേണ്ടി. തകർന്നുപോയ സ്വന്തം ജീവിതം മറന്ന് ബന്ധുക്കളുടെ ജീവിതം തകരാതിരിക്കാൻ കള്ളസാക്ഷി പറയുന്ന പ്രിയയുടെയും മറ്റനേകം സുഹൃത്തുക്കളുടെയും ജീവിതപുസ്തകമാണ് പച്ചയുടുപ്പ്. എം.ജമീലയുടെ ഓർമകളും അനുഭവങ്ങളും കൂടിക്കലർന്ന ആത്മകഥാംശമുള്ള പുസ്തകം. 

ഭിക്ഷാടനം, ബാലവേല, ലൈംഗിക–മാനസിക പീഡനം എന്നിവയിൽനിന്നു മോചിപ്പിക്കപ്പെടുന്ന കുട്ടികളുടെ ആശ്രമമായ ചിൽഡ്രൻസ് ഹോം എന്ന ജുവനൈൽ ഹോമിന്റെ ഉള്ളിലെ ജീവിതം. വിവിധ ദേശങ്ങളിൽ നിന്നെത്തിയവർ. വിവിധ ഭാഷകൾ സംസാരിക്കുന്നവർ. വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നു വരുന്നവർ. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ഒറ്റപ്പെടൽ അനുഭവിച്ച്, നിറമില്ലാത്ത ഉടുപ്പ് ധരിച്ച്, ഇരുമ്പുഗ്രില്ലിൽ കയ്യമർത്തിപ്പിടിച്ച് എന്നെങ്കിലും സ്നേഹമുള്ള ഒരു മുഖം തേടിവരുമെന്ന പ്രതീക്ഷയോടെ കാത്തുനിൽക്കുന്നവരുടെ ലോകം. നെടുവീർപ്പുകളുടെയും നിശ്വാസങ്ങളുടെയും അന്തരീക്ഷത്തിൽ, മുരടിപ്പിന്റെ തരിശുഭൂമിയിൽ വളരുന്ന പേരില്ലാത്ത ചെടികളുടെ പൂന്തോപ്പ്. 

ഈ പച്ചയുടുപ്പ് കാണാതെ പോകരുത്; ഹൃദയത്തിൽ അലിവിന്റെ അംശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ. കണ്ണുനീരിന്റെ ഒരുറവയെങ്കിലും വറ്റാതുണ്ടെങ്കിൽ. 

Read More Articles on Malayalam Literature & Books to Read in Malayalam