Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിന്റെ വിൽപ്പനക്കാർ

വികലമായ മനസ്സിനുടമയായ ഒരു ഏകാധിപതി മനുഷ്യ സമൂഹത്തിന് ഏൽപ്പിച്ച ഉണങ്ങാത്ത മുറിവുകൾ ആവിഷ്കരിക്കുന്ന നോവലാണ് പ്രഫ. കെ.പി. മാത്യുവിന്റെ തീക്കാറ്റിലൂടെ. 

ഹിറ്റ്ലറുടെ സാമ്രാജ്യത്വമോഹവും ജൂതവിരോധവും രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച വഴികൾ കൃത്യതയോടെ ഇതിൽ അവതരിപ്പിക്കുന്നു. 

ലക്ഷക്കണക്കിനു നിരപരാധികളെ കൊലയ്ക്കു കൊടുത്തു കൊണ്ടാണ് ഹിറ്റ്ലർ ഭരണം നടത്തിയത്. നാസി ഭീകരതയുടെ കരാളരൂപം പുസ്തകത്തിന്റെ ഓരോ താളിലും നിറഞ്ഞു നിൽക്കുന്നു. 

ജർമ്മൻ ജനതയിൽ വംശ മഹിമയുടെ മഹത്വം ഉണർത്തുവാൻ ഹിറ്റ്ലറുടെ വാഗ്ധോരണിക്കു കഴിഞ്ഞു. അതോടൊപ്പം ജൂത വിരോധവും. 

ഹിറ്റ്ലറുടെ അംഗരക്ഷക സേനയായ S.S, ജര്‍മൻ രഹസ്യ പൊലീസ് ഗസ്റ്റപ്പോയും നടത്തിയ നരനായാട്ടാണ് പല അധ്യായങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ജൂതരെ ഉന്മൂലനം ചെയ്യാൻ ശവംതീനി പക്ഷികളായ 430 കോൺസൻട്രേഷൻ ക്യാംപുകളാണ് ജർമനിയിൽ തുറക്കപ്പെട്ടത്. ആഷ് വിറ്റ്സ് ക്യാംപ് അവയില്‍ ഒന്നാണ്. 120 ലക്ഷം ജൂതരാണ് ഇവിടെ കരിഞ്ഞു തീർന്നത്. 

കോൺസൻട്രേഷൻ ക്യാംപുകളുടെ യഥാർഥ ചിത്രം ഈ പുസ്തകത്തിൽ വരച്ചു ചേർത്തിരിക്കുന്നു. ക്രൂരപീഢനങ്ങളും പട്ടിണിയും, പകർച്ച വ്യാധിയും എല്ലാം നിറഞ്ഞ ഭൂമിയിലെ നരകം. മയക്കു മരുന്നു നൽകാതെ പച്ച ശരീരം കീറിമുറിച്ചു കൊണ്ട് ഒരാൾക്ക് വേദന സഹിക്കാൻ കഴിയുന്ന അളവ് രേഖപ്പെടുത്തുന്നു. കടുത്ത ശൈത്യത്തെ നേരിടാൻ ഐസ് കട്ടകൾ നിറച്ച ടാങ്കുകളിൽ മുക്കിയെടുക്കുന്ന മനുഷ്യർ, മലദ്വാരത്തിലൂടെ ചൂടുവെള്ളം പമ്പുചെയ്യുക, ഇതെല്ലാം നടത്തിയിട്ടും മരിക്കാത്തവരെ ബൻസീൻ കുത്തിവച്ചു കൊല്ലുക തുടങ്ങി ആരെയും നടുക്കുന്ന ചിത്രങ്ങൾ. ‌

ജൂതസ്ത്രീകൾ ഏറ്റവും ദയനീയ അവസ്ഥയിലൂടെ കടന്നു പോകുന്നു. അവർ വെറും ഭോഗവസ്തുക്കൾ, എസ്.എസ് സൈനികരുടെ ലൈംഗിക തൃപ്തി തീർക്കാൻ വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രം. വൃദ്ധരും രോഗികളും അംഗപരിമിതരും എത്തുന്നത് ഗ്യാസ് േചംബറുകളിൽ അവരുടെ ശരീരം ചാരമാക്കി വളഫാക്ടറിക്കു നൽകുന്നു.

ഹിറ്റ്ലർ ദൈവമായി ആരാധിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ആത്മകഥ മെയിൻ കാംഫ് അവരുടെ ബൈബിളും. 

ലൂസിഫർ ആരാധനയും മന്ത്രവാദവും നരഹത്യയുമെല്ലാം അവിടെ നടക്കുന്നു. ചെറു ബാലന്മാരാണ് ബലിയാടാക്കപ്പെടുന്നത്. അവരുടെ രക്തം ശേഖരിച്ച് വീഞ്ഞിൽ‌ കലർത്തി പാനം ചെയ്യുന്നു. 

ഹിറ്റ്ലറിന്റെ കാമുകി ഈവാ ബ്രൗണിന്റെ വിഷാദം പുരണ്ട ചിത്രം വിശദമാക്കുന്ന ഒരു അധ്യായവും നോവലിനുണ്ട്. 

ആഷ് വിറ്റ്സ് ക്യാംപിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട ആരോണും അയാളുടെ കാമുകി മിഷേലയുമാണ് നോവലിലെ മിഴിവുറ്റ കാഥാപാത്രങ്ങൾ. ജൂത വിമോചനത്തിന്റെ പ്രതീകങ്ങളാണവർ. 

സഹസ്രാബ്ദ വാഴ്ചയ്ക്കു വേണ്ടി ഒരുങ്ങിയ ജർമൻ ജനത ലോകരാജ്യങ്ങളിലെ സ്വത്ത് കവർന്നെടുത്ത് വൻ നിധിശേഖരം ഒരുക്കിയതായും രേഖപ്പെടുത്തുന്നു. 

ചരിത്രത്തിന്റെ പിൻബലത്തോടെ ഒട്ടേറെ രേഖകൾ പരിശോധിച്ചു തയാറാക്കിയ ഈ നോവലിന് എഴുപത്തി ഒൻപത് അധ്യായങ്ങളും അഞ്ഞൂറിലധികം പേജുകളുമുണ്ട്. രക്തം ഉറഞ്ഞു പോകുന്ന സംഭവ പരമ്പരകൾ കോർത്തു തയാറാക്കിയ ഈ പുസ്തകം വായന കഴിഞ്ഞാലും നമ്മെ പിന്‍തുടർന്നു കൊണ്ടിരിക്കും. ഓരോ അധ്യായവും ആരംഭിക്കുന്നത് ബൈബിളിൽ നിന്നും മറ്റു പുസ്തകങ്ങളിൽ നിന്നുമുള്ള ഉദ്ധരണികൾ കൊണ്ടാണ്. ‘യുദ്ധം കാട്ടാളന്മാരുടെ പ്രവൃത്തിയാണ് എന്ന നെപ്പോളിയന്റെ പ്രശസ്ത വാക്കുകളിൽ അവസാനിക്കുന്ന ഈ നോവൽ യുദ്ധക്കൊതിയന്മാരായ എല്ലാ ഭരണാധികാരികൾക്കുമുള്ള താക്കീതാണ്. ഹൃദ്യമായ വായനാനുഭവം ഈ നോവലിനെ മികവുറ്റതാക്കുന്നു.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം