Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്മയങ്ങളുടെ പുസ്തകം

" ഷോയിലെ അവസാന ഇനവും കൈ നെഞ്ചോടു ചേർത്ത് തല കുനിച്ചു കൊണ്ട് കാണികളുടെ കൈയ്യടികൾ ഏറ്റുവാങ്ങിയ ശേഷം അയാൾ പൊടുന്നനേ അപ്രത്യക്ഷനായതു പോലെ തോന്നി. ഒരു പക്ഷേ അയാൾ യഥാർത്ഥ മനുഷ്യനാവുന്നത് അതിനു ശേഷമായിരിക്കണം. സ്വയം വിസ്മയപ്പെടാനുള്ള മാജിക്കുകൾ കണ്ടെത്തുന്നതും പ്രവർത്തിക്കുന്നതും ആൾക്കൂട്ടം തന്നെ തിരിച്ചറിയാത്ത പാതിരാത്തെരുവുകളിലായിരിക്കണം. ഇരുളും വൈദ്യുതിവെട്ടങ്ങളുമുള്ള ഒരു പാതിരാത്തെരുവിൽ അയാൾ പലേടത്തും പ്രത്യക്ഷനാകുകയും അപ്രത്യക്ഷനാകുകയും ചെയ്യുമായിരിക്കും." (പു 213)

തീർത്തും വ്യത്യസ്തങ്ങളായ രണ്ടു കാലങ്ങളെ, രണ്ടവസ്ഥകളെ ഒരേ നഗര പ്രതലത്തിൽ അവയുടെ വൈരുദ്ധ്യങ്ങളോടുകൂടിത്തന്നെ സമന്വയിപ്പിക്കാനുള്ള ആഖ്യാന കൗശലമാണ് ദേവദാസ് വി.എം ന്റെ 'ചെപ്പും പന്തും ' എന്ന നോവലിന്റെ സവിശേഷത. ഇന്ദ്രജാലത്തിന്റെ അദൃശ്യമായൊരിഴയാണ് നോവലിലുടനീളം രണ്ടു കാലങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട്, കഥാപാത്രങ്ങളെയും സംഭവങ്ങളെയും മായികമായി സ്പർശിച്ചു കൊണ്ട് നീണ്ടു കിടക്കുന്നത്. 1979 മുതൽ 84 വരെയുള്ള മദ്രാസ് നഗരത്തിന്റെ വിവിധ ദൃശ്യങ്ങൾ, ഉബൈദ് എന്ന കൗമാരപ്രായക്കാരന്റെ കണ്ണുകളിൽ ആ നഗരം പതിയുന്നതിന്റെ വിദൂരവും സമീപസ്ഥവുമായ കാഴ്ചകൾ ആണ് നോവലിന്റെ ആദ്യഭാഗം. രണ്ടാംഭാഗത്തിലാവട്ടെ 2008-15 കാലഘട്ടത്തിൽ മുകുന്ദൻ മേനോൻ എന്ന മധ്യവയസ്കൻ ചെന്നൈ നഗരത്തെ അനുഭവിക്കുന്നതും കാണുന്നതും. രണ്ടു പേരെയും പരസ്പരം ബന്ധിപ്പിക്കുന്നത്, അവർ വാടകക്ക് താമസിച്ചിരുന്നത് ഒരേ കെട്ടിടത്തിലായിരുന്നുവെന്നതു മാത്രമാണെന്ന് പ്രത്യക്ഷത്തിൽ തോന്നാം. 24 വർഷങ്ങളുടെ ഇടവേള. ആ വാടകക്കെട്ടിടത്തെയും അതിന്റെ ഉടമസ്ഥരെയും ആ തെരുവിനെയും മദ്രാസ് നഗരത്തെത്തന്നെയും മാറ്റിപ്പണിതിട്ടുണ്ട്. ഒരിക്കലും തമ്മിൽ കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത, അതിനൊരു സാധ്യത പോലും അവശേഷിപ്പിക്കാതിരിക്കാൻ നോവലിന്റെ ആഖ്യാന ഘടന സവിശേഷം ശ്രദ്ധിക്കുന്നുമുണ്ട്, മുകുന്ദനും ഉബൈദിനുമിടയിൽ പക്ഷേ അസാധാരണമായൊരു പാരസ്പര്യത്തിന്റെ രാസപ്രവർത്തനമുണ്ട്. അത് ഇന്ദ്രജാലത്തിന്റേതാണ്. നഗരത്തെരുവുകളിൽ സ്വയം വിസ്മയപ്പെടാനുള്ള മാജിക്കുകൾ തെരഞ്ഞു നടക്കുന്ന, ആൾക്കൂട്ടങ്ങളിൽ നിന്നു കൂടെക്കൂടെ അപ്രത്യക്ഷരാവുന്ന രണ്ടു മനുഷ്യർ. എത്ര പേർക്കിടയിലും തനിച്ചു കഴിയാൻ കെല്പുള്ളവർ. അതിലുപരി ഉബൈദ്  മാന്ത്രികമായൊരിടപെടൽ മൂലം ജാലവിദ്യക്കാരന്റെ ഉള്ളംകൈയിലിരിക്കുന്ന വസ്തു കാണാതാകുന്നത്ര ലാഘവത്തോടെ മാഞ്ഞു മാഞ്ഞില്ലാതായവൻ. മുകുന്ദൻ അതേ മായാജാലവിദ്യകൊണ്ട് സമീപഭാവിയിൽ എന്നേയ്ക്കുമായി അപ്രത്യക്ഷനാകാനിരിക്കുന്നവൻ. ജാലവിദ്യയുടെ ബന്ധനത്തിനപ്പുറം രണ്ടു പേരെയും ഒരു പോലെ അസ്വസ്ഥരാക്കുന്ന മറ്റൊരു സമാനത അവരുടെ താമസസ്ഥലത്തേക്കു വേറൊരാളുടെ പേരിലെത്തുന്ന കത്തുകളാണ്. ഭാനുമതിയെന്ന സ്ത്രീയെത്തേടിയെത്തുന്ന കത്ത് ഉബൈദിനെ അലോസരപ്പെടുത്തുന്നു. അവളാരാണെന്ന് കണ്ടു പിടിക്കാനുള്ള അന്വേഷണങ്ങളൊന്നും ഫലപ്രദമാവുന്നില്ല. വീട്ടുടമസ്ഥ ലക്ഷ്മിയക്ക പറഞ്ഞ കഥ, തെരുവു പറഞ്ഞ പലതരം കഥാഭേദങ്ങൾ ഒന്നും ഭാനുമതിയെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നില്ല ആ കത്തു പൊട്ടിച്ചു നോക്കുന്നുവെങ്കിലും അതിലെ  തെലുങ്കു ഭാഷ അവനു വായിക്കാനാവുന്നുമില്ല. 

ഇരുപത്തിനാലിലധികം വർഷങ്ങൾക്കു ശേഷം, നാലു മണിക്കൂർ യാത്രയ്ക്കപ്പുറമുള്ള തെലുങ്കാനയിൽ നിന്ന് ഭാനുമതിയെത്തേടിയെത്തുന്ന മറ്റൊരു കത്ത് മുകുന്ദനാണു കൈപ്പറ്റേണ്ടി വരുന്നത്. അയാളെയും ആ അജ്ഞാത സുന്ദരി അലട്ടുന്നു. മുപ്പതു വർഷം മുമ്പ് ആരെയോ പ്രണയിച്ചു നാടുവിട്ട അമ്മായിക്കു നിരന്തരം കത്തുകളയക്കുന്നത്  മോഹനപിട്ടയെന്ന ആളാണെന്ന് തെലുങ്കിലുളള ആ കത്ത് തപ്പിത്തടഞ്ഞു വായിക്കുന്ന മുകുന്ദനു മനസിലാവുന്നുണ്ട്. വീട്ടുടമസ്ഥ പണ്ട് ഉബൈദിനോടു പറഞ്ഞ കഥയല്ല മുകുന്ദനോടു പറയുന്നത്. അവരുടെ കഥയിലെ വളർമതിയെന്ന എക്സ്ട്രാ നടിയെ തിരിച്ചറിയാനായി അയാൾ അവളഭിനയിച്ച രംഗയിലെ ഗാനരംഗം കാണുന്നു പോലുമുണ്ട്. ബാറിൽ വെച്ചു പരിചയപ്പെട്ട മജീഷ്യന്റെ കഥയിലെ ഇന്ദ്രയെന്ന പെൺകുട്ടിയെപ്പോലെ യഥാർത്ഥത്തിൽ ഉള്ളതോ തോന്നലോ എന്നറിയാത്ത വിധം ഏതോ മായാവിദ്യയിൽ ഭാനുമതി സുധയായും വളർമതിയായും അവരിരുവരുടെയും ചിന്തകളിൽ പ്രത്യക്ഷപ്പെടുന്നു, ജലചിത്രം പോലെ അമൂർത്തമാവുന്നു, അനുനിമിഷം കലങ്ങിമറിഞ്ഞ് മാഞ്ഞു പോവുന്നു. ഒരിക്കലും ഇല്ലാതിരുന്നവളെപ്പോലെ.

ചെപ്പും പന്തും പഴക്കമേറിയ ഇന്ദ്രജാലവിദ്യകളിലൊന്നാണ്. പന്ത് ഏതു ചെപ്പിനുള്ളിലാണൊളിപ്പിക്കുന്നത് എന്ന് കാണികൾക്കൊരിക്കലും നിർണയിക്കാനാവാത്ത വിധം അവരെ കുഴപ്പിക്കുന്ന കാഴ്ചാ ചതി. കാണികൾ പറയുന്നതെന്തായാലും അതിനു നേർ വിപരീതമായിരിക്കും സംഭവിക്കുക. കയ്യടക്കത്തിന്റെ  ഭംഗിയും അത്ഭുതവും സമന്വയിക്കുന്ന കൗശലമാണത്. നിരന്തരാഭ്യാസം കൊണ്ടു മാത്രം കൈയ്യിലൊതുങ്ങുന്ന സിദ്ധി. പ്രൊഫസർ വാഴക്കുന്നത്തിന്റെ മാസ്റ്റർ പീസായിരുന്ന ആ വിദ്യ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാൾക്കു മാത്രമേ പില്ക്കാലത്ത് സ്റ്റേജിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളുവെന്നതു ആ വിദ്യ വഴക്കിയെടുക്കാനുള്ള ക്ലേശമെന്തെന്ന് വ്യക്തമാക്കുന്നുണ്ട്. ദേവദാസിന്റെ നോവൽ ആ വിധം ക്ലേശകരമായ കൈയ്യടക്കത്തോടെ വായനക്കാരനെ തന്ത്രപൂർവ്വം കബളിപ്പിക്കുന്നു, രസകരമായ മറ്റൊരു കാഴ്ചാചതി. എപ്പോഴാണ് രണ്ടു കാലങ്ങളെ അദ്ദേഹം ചെപ്പുകൾക്കുള്ളിലൊളിപ്പിച്ചതെന്നോ എങ്ങനെയാണവയെ മാറ്റുന്നതെന്നോ വ്യക്തമാവാത്ത വിധം ആസൂത്രണവൈദഗ്ദ്ധ്യം നിറഞ്ഞ പ്രകടനം.

കാൽ നൂറ്റാണ്ടിനടുത്ത് വ്യത്യാസമുള്ള കാലങ്ങളിലാണ് ഉബൈദിന്റെ മദ്രാസും മുകുന്ദന്റെ ചെന്നൈയും നോവലിൽ പ്രത്യക്ഷപ്പെടുന്നത്. ബർമബസാർ പോലുള്ള അഭയാർത്ഥി കച്ചവടകേന്ദ്രങ്ങളുള്ള, തമിഴ് ഈഴം ആർമി കരുത്താർജിച്ചു കൊണ്ടിരിക്കുന്ന എൺപതുകളിലെ മദ്രാസ്. തിരുവള്ളുവർ തെരുവിലെ മൂന്നാം നമ്പർ വീട്ടിലെ വാടകക്കാരനായ സേട്ടിന്റെ ജോലിക്കാരനായ ഉബൈദ്. അവൻ കാണുന്ന, അനുഭവിക്കുന്ന വിചിത്രമായ ജീവിതങ്ങൾ. അനുനിമിഷം ഒരു ഇന്ദ്രജാലത്തിലെന്നോണമാണ് ഉബൈദിന്റെ ദിവസങ്ങൾ നീങ്ങുന്നത്. ബിസിനസ് അവസാനിപ്പിച്ച് മദ്രാസിൽ ഒന്നും ചെയ്യാതെ സമയം കളയുന്ന ഹൃദ്രോഗിയായ സേട്ട്. 'യേ മേരാ പ്യാരാ വദൻ' എന്ന പാട്ടിന്റെ മാജിക്കിലൂടെ തനിക്കും സേട്ടിനും സംഭവിക്കുന്ന മാറ്റങ്ങളവൻ കാണുന്നുണ്ട്. ഇന്ദ്രജാലത്തിന്റേത് മായ്ക്കലുകളുടെയും വീണ്ടും പ്രത്യക്ഷമാക്കലിന്റെയും അത്ഭുതവിദ്യകളാണ്. അവൻ നഗരം കത്തി വിറയ്ക്കുന്നതും ആളുകൾ ഭയപ്പെട്ടോടുന്നതുമായ പകൽക്കിനാവു കാണുന്നു, ഏതോ ഇന്ദ്രജാല പ്രകടനം പോലെ. അങ്ങനൊരു ആളിക്കത്തലും ഇല്ലാതാവലും അവന്റെ ബാല്യകാല സ്മൃതികളിൽ അവ്യക്തമായി പതിഞ്ഞു കിടക്കുന്നുണ്ട് താനും. 1914–ൽ എംഡൻ എന്ന യുദ്ധക്കപ്പൽ മദ്രാസ് നഗരത്തെ ചുട്ട, അനേകായിരം ജനങ്ങളെ നിന്ന നിൽപിൽ മായ്ച്ചു കളഞ്ഞ ഇന്ദ്രജാലത്തെക്കുറിച്ച്  സാന്ദർഭികമായി ലക്ഷ്മിയക്കയും ഓർത്തു പോവുന്നു. ഉബൈദിന്റെ ചിന്തകൾക്കും അനുഭവങ്ങൾക്കും മീതെ പ്രത്യക്ഷമായിത്തന്നെ മായാജാലത്തിന്റെ മാസ്മര സ്പർശം വീണു കിടക്കുന്നു. അത് അവനെ ഓരോ നിമിഷവും സ്വയം വിസ്മയപ്പെടുത്തുന്നു. വെറും 13 ദിവസം കൊണ്ട് ഫാത്തിമയുമായി തീവ്ര പ്രണയത്തിലകപ്പെട്ട സേട്ടിനെ  അത്ഭുതവിളക്കും മാന്ത്രികപ്പരവതാനിയുമൊത്ത് ജിന്നായി മാറിയവനെന്ന് അവൻ സങ്കല്പിക്കുന്നു. ഉള്ളിലെ കവിതയും താൻ പേറുന്ന മറ്റൊരു കവിയുടെ പേരും അവനെ മായികമായിത് തന്നെ തൊടുന്നുണ്ട്. 

ഫാത്തിമയുടെ ഇല്ലാതാവൽ വാനിഷിങ് ബ്യൂട്ടി പോലുള്ള മറ്റൊരു മായാസ്പർശമുള്ള മാഞ്ഞു പോവലെന്നു ചിന്തിക്കാൻ പോലും അവനു കഴിയുന്നു. സേട്ടിന്റെ മരണവും ഒരു പക്ഷേ ഒരു താൽക്കാലിക അപ്രത്യക്ഷമാകലെന്നാവാം അവൻ സങ്കൽപിക്കുന്നത്. ഒടുവിൽ സ്വയം മാഞ്ഞു പോവുന്നതും ഒരു ജാലവിദ്യക്കാരന്റെ ഉള്ളംകൈയ്യിലിരിക്കുന്ന വസ്തു കാണാതാവുന്ന പോലെ, അത്രയും ശീഘ്രത്തിൽ ,അത്രയും രസിപ്പിച്ചു കൊണ്ട്. ഉബൈദ് ഇല്ലാതാവുന്നതിനു തൊട്ടുമുമ്പ് അവൻ വെട്രിവേലിനെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നത് ഒരു കളിത്തോക്കിന്റെ മായാജാല പ്രകടനം കൊണ്ടാണ്. അതേ സമയം തന്നെ, തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന, കൈയ്യടക്കമില്ലായ്മ കൊണ്ടു മാത്രം പിഴച്ചു പോയ മറ്റൊരു മായാജാലം മീനമ്പാക്കം എയർപോർട്ടിൽ അരങ്ങേറുന്നുണ്ടായിരുന്നു.  

ഇന്ദ്രജാലക്കാരൻ സാഹസികമായ വിദ്യകൾക്കിടയിൽ കാണികളുടെ രസനിരപ്പുയർത്താൻ അവർക്കിടയിൽ നിന്നൊരാളെ സ്റ്റേജിലേക്കു വിളിച്ചു വരുത്തി ജാലവിദ്യകളിൽ പങ്കാളിയാക്കൽ സാധാരണമാണ്. ഇന്ദ്രജാലത്തിലെന്നോണം ജീവിച്ചു മാഞ്ഞ ഉബൈദിൽ നിന്നു വ്യത്യസ്തമായി  പെട്ടന്ന് ഇന്ദ്രജാലത്തിന്റെ അരങ്ങിലേക്ക് വിളിച്ചു വരുത്തപ്പെട്ടവനെപ്പോലെയായിരുന്നു മുകുന്ദൻ. അത്ഭുതങ്ങളിൽ വിശ്വസിക്കാത്ത അരസികനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരിക്കലും മാജിക്കിനോട് ആകർഷണം തോന്നിയിട്ടില്ലാത്ത മനുഷ്യൻ. യുദ്ധങ്ങളും കലാപങ്ങളും ആരംഭിക്കാനുള്ള, സകല ലോകക്രമങ്ങളും തകർക്കാനുള്ള, നഗരം തന്നെ ഇല്ലാതാക്കാനുള്ള മാജിക് നടത്തണമെന്നു സ്വപ്നം കാണുന്ന മജീഷ്യന്റെ ഇന്ദ്രജാല വലയിൽ അയാളകപ്പെടുന്നു. മജീഷ്യന്റെ സഹായി ആയി രണ്ടു വേദികളിൽ പ്രത്യക്ഷപ്പെടുന്നു.

മുകുന്ദന്റെ സങ്കീർണവും ഏകാന്തവുമായ നഗരക്കാഴ്ചകളിലൂടെ, ആവർത്തന വിരസമായ പകലുകളിലൂടെ ഉബൈദിനു ശേഷം നഗരത്തിനും മനുഷ്യർക്കും  വന്ന പരിണാമങ്ങളുടെ ചിഹ്നങ്ങൾ വരച്ചിട്ടിരിക്കുന്നു. ഉബൈദ് സേട്ടിന്റെ ജോലിക്കാരനായിരുന്നു. പക്ഷേ അവരുടേത് സഹവർത്തിത്വത്തിന്റെ ബന്ധം കൂടിയായിരുന്നു. ഗാർഹികതയുടെ താരള്യവും ഊഷ്മളതയും തുടിച്ചു നിൽക്കുന്ന ഹൃദ്യമായ ജീവിതം.. ലക്ഷ്മിയക്കയ്ക്കും പാർത്ഥസാരഥിക്കും അവൻ വെറുമൊരു വാടകക്കാരനായിരുന്നില്ല. മുകുന്ദന്റെ കാലത്തിലെത്തുമ്പോഴാകട്ടെ, ആശ്രിതത്വവും വിധേയത്വവും പ്രോത്സാഹിപ്പിക്കുന്ന നവ മുതലാളിത്തവും ബഹുരാഷ്ട്ര കുത്തകകളും ചേർന്നുൽപാദിപ്പിക്കുന്ന പുതിയ ഉപഭോഗ സംസ്കൃതിയുടെ സങ്കീർണ സംവിധാനങ്ങളാണുള്ളത്.

മാനവികത ഇല്ലാതാവുന്നു. പുതിയ വാണിജ്യ താൽപര്യങ്ങളുടെ ഇരയാണ് കമ്പനിയിൽ നിന്നു പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റിയ മുകുന്ദൻ മേനോൻ.

ചെന്നൈ നഗരത്തെയുലച്ച പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മുകുന്ദൻ മജീഷ്യനെ കാണുന്നതും അയാളുടെ സഹായി ആവുന്നതും. വാഴക്കുന്നം എന്ന പ്രസിദ്ധമലയാളി മാന്ത്രികൻ ,അദ്ദേഹമായിരുന്നു ചെപ്പും പന്തും എന്ന മാജിക്കിന്റെ ഉപജ്ഞാതാവ്, രണ്ടാംലോക മഹായുദ്ധദുരിതാശ്വാസഫണ്ടു സമാഹരിക്കുന്നതിനായി മദ്രാസിൽ ധാരാളം ഷോകൾ നടത്തിയതായി ബാറിൽ വെച്ചു സംസാരിക്കുന്നതിനിടെ മജീഷ്യൻ മുകുന്ദനോട് പറയുന്നുണ്ട്. പ്രളയാനന്തര ചെന്നൈയിൽ, ശൂന്യതയിൽ നിന്നു ഭക്ഷണമോ, രക്ഷാബോട്ടുകളോ സൃഷ്ടിക്കാൻ ഒരു മജീഷ്യനും സാധ്യമല്ലാത്തതിനാൽ അയാൾ വിപത്തുകളെ മറികടക്കാൻ നേരമ്പോക്കുകൾ സൃഷ്ടിച്ചു ജനങ്ങളെ രസിപ്പിക്കാൻ നിശ്ചയിക്കുന്നു. അയാളുടെ തീം ബേസ്ഡ് മാജിക് ഷോകളും സവിശേഷങ്ങളാണ്. പരാജിതമാവുന്ന, മാഞ്ഞു പോവുന്ന  ജീവിതങ്ങൾ. അയാളുടെ കൂട്ടുകാരി ഇന്ദ്ര പറയുന്ന, കഥയുടെ പാതി വഴിയിൽ വെച്ച്  ആകസ്മികമായി ഇല്ലാതാവുന്ന നായികാനായകന്മാർ നിറഞ്ഞ കഥകൾ പോലെ.

ചെപ്പും പന്തും മദ്രാസ് നഗരത്തിന്റെ സംസ്കാരവും രാഷ്ട്രീയവും കൃത്യമായി പിന്തുടരുന്നുണ്ട്. സ്വാഭാവികമായും 80 കളിൽ നിന്ന് 2014 കളിലെത്തുമ്പോൾ നഗരത്തിനും ജനതയ്ക്കും ഉണ്ടാവുന്ന മാറ്റങ്ങൾ, സ്വത്വപ്രതിസന്ധികൾ, സംഘർഷങ്ങൾ, പുതിയ മൂല്യചിന്തകൾ,ഇതിനെയെല്ലാം പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്നു ടീം ഹ ഹ ഹ ഹ എന്ന നാലുപേർക്കൂട്ടം. എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നവർ, പ്രവർത്തിക്കുന്നവർ. കൂട്ടത്തിൽ ഒരാൾ ആത്മഹത്യ ചെയ്തിട്ടും അവർ നാലു പേരായിത്തുടരുന്നു. പുതു തലമുറയുടെ ബൗദ്ധികതയും സർഗാത്മകതയും പ്രതിഫലിപ്പിക്കുന്നവർ.

ഇന്ദ്രജാലവിദ്യയുടെ രണ്ടു മുറകളാണ് രാജ മുറയും കാക്കാല മുറയും. ജനക്കൂട്ടത്തിനിടയിൽ പെട്ടെന്നുള്ള പ്രേരണകളിൽ, കൈയ്യിൽക്കിട്ടുന്നതെന്തും ഉപകരണങ്ങളായി നടത്തുന്ന കാക്കാല മുറയാണു കൂടുതൽ ജനകീയം. ചെപ്പും പന്തും എന്ന നോവലിൽ, അതുവരെ മജീഷ്യന്റെ അശിക്ഷിത സഹായി മാത്രമായിരുന്ന മുകുന്ദൻ സ്വയം മാന്ത്രികനായി മാറി എന്റെ മനുഷ്യരേ, നിങ്ങളുടെ ജാലവിദ്യകൾ, നിങ്ങൾ തീർക്കുന്ന വിസ്മയങ്ങൾ എന്നു അദൃശ്യമായ ജനക്കൂട്ടത്താൽ പ്രചോദിതനായി സ്വയം മറയുന്ന മന്ത്രവിദ്യ പ്രദർശിപ്പിക്കുന്നു.

അപ്രത്യക്ഷമാക്കൽ മന്ത്രവിദ്യയിലെ ഒരു ഭാഗം മാത്രമാണ്. അപ്രത്യക്ഷമായത് തിരിച്ചു പ്രത്യക്ഷപ്പെടുത്തുമ്പോഴാണത് പൂർണമാവുക. കാണാതാകലിന്റെ അനിശ്ചിത നിമിഷങ്ങൾ. വീണ്ടും കണ്ടുമുട്ടുമ്പോഴത്തെ അളവറ്റ ആനന്ദം. മാജിക്കിന്റെ ആസ്വാദ്യതയും അതു തന്നെയാണ്. പക്ഷേ ഇവിടെ മാഞ്ഞു പോവുന്നവരൊന്നും വീണ്ടും പ്രത്യക്ഷപ്പെടുന്നില്ല. അപൂർണമായൊരു ഇന്ദ്രജാലവിദ്യയ്ക്കുള്ളിൽ കുടുങ്ങിയ പോലെ അത്രയും അരക്ഷിതമായൊരു മാനസികാവസ്ഥയിലേക്കത് വായനക്കാരെയും കൊണ്ടു പോവുന്നു, തീർത്തും സ്വാഭാവികമായി.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം