Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുത്തുകാരിൽ നിരക്ഷരരോ?

സംശയിക്കേണ്ട. ആ ചോദ്യം അതുതന്നെയാണ് ഉദ്ദേശിക്കുന്നത്. എഴുത്തുകാരിൽ നിരക്ഷരരോ? സാക്ഷരതയില്ലാത്തവർക്ക് എഴുത്തുകാരനാകാൻ ആവില്ലെന്നിരിക്കെ അവരെങ്ങനെ നിരക്ഷരരാകും എന്ന മറുചോദ്യം ചോദിക്കുന്നതിനുമുമ്പ് സാക്ഷരത എന്നാൽ എന്താണ് എന്ന് അറിയേണ്ടതുണ്ട്. എഴുത്തുകാരിലെ സാക്ഷരത. 

എഴുത്തും വായനയും അറിയാത്തതുകൊണ്ടല്ല എഴുത്തുകാർ നിരക്ഷരരാകുന്നത്. മറിച്ച് അടിസ്ഥാനമായ കാര്യങ്ങളും ധാരണകളും ആധുനികമായ ലോകത്തെക്കുറിച്ചുള്ള ബോധവും ഇല്ലാതെയായിക്കഴിയുമ്പോഴും സ്വയം ചിന്തിച്ച് കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷി ഇല്ലാതാകുമ്പോഴുമാണ് നിരക്ഷരത പൂർണമാകുന്നത്. അങ്ങനെ ധാരാളം എഴുത്തുകാരുണ്ടെന്നു പറയുന്നു മൗലികമായ ആശയങ്ങളുടെ മിന്നൽവെളിച്ചങ്ങളാൽ ബൗദ്ധിക ലോകത്തെ ഇരുട്ടകറ്റുന്ന സക്കറിയ. ഒരുപക്ഷേ, ഒരു മാധ്യമത്തെ മാത്രം വിശ്വസിച്ച്, ഒരു രാഷ്ട്രീയക്കാരൻ പറയുന്നത്, ഒരു മെത്രാനോ മറ്റു പുരോഹിതൻമാരോ പറയുന്നതു മാത്രം വിശ്വസിക്കുന്ന എഴുത്തുകാർ. ഓരോരുത്തർക്കും വ്യക്തിപരമായ കാരണങ്ങൾ ഉണ്ടായിരിക്കും. പക്ഷേ, വായന എന്ന നിർഭാഗ്യം ഒഴിയാബാധയായ മലയാളികൾ ഈ നിരക്ഷരരാൽ സ്വാധീനിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അപകടകരമായ പ്രവണതയ്ക്കെതിരെ വിരൽ ചൂണ്ടുകയാണ് എന്നത്തെയും ക്ഷോഭിക്കുന്ന യുവത്വമായ സക്കറിയ ഏറ്റവും പുതിയ ലേഖന സമാഹാരത്തിലൂടെ. 

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ എഴുത്തുകാർക്ക് എന്തു ചെയ്യാൻ കഴിയും എന്നു ചോദിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരിക്കും സക്കറിയയുടെ ഉറച്ച മറുപടി. അവനവന്റെ മനസാക്ഷിയോട് അല്ലെങ്കിൽ വായനക്കാരോടു കൂറു പുലർത്തുക എന്നതു മാത്രമേ ചെയ്യാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കും. ഒരു എഴുത്തുകാരനല്ല പത്ത് എഴുത്തുകാർ കൂടിയാൽപോലും ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ, ഒരു സ്വേഛാധിപത്യ പിന്തുണക്കാരനും സമൂഹത്തിലെ മറ്റു ജീർണതകളുടെ ആളല്ലാതാകാനും എഴുത്തുകാരനു കഴിയും. എഴുത്തുകാരൻ ഉള്ളിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചവനായിരിക്കണം. മതങ്ങളിൽനിന്നും ജാതിയിൽനിന്നും രാഷ്ട്രീയപാർട്ടികളിൽനിന്നും മാധ്യമങ്ങളിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചവൻ. അഴിമതിയിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചവൻ. ഇന്ത്യപോലെ സാധുക്കൾ ഏറെയുള്ള ഒരു രാജ്യത്ത് സാധുക്കളുടെ പക്ഷത്തു നിൽക്കുന്നവൻ ആയിരിക്കണം എഴുത്തുകാരൻ. ഭരണകൂടത്തിന്റെയും ശക്തിമാൻമാരുടെയും പണക്കാരുടെയും പക്ഷത്ത് ആയിരിക്കരുത് എഴുത്തുകാർ. ഇത്രയുമൊക്കെയേ എഴുത്തുകാർക്കു ചെയ്യാനാകൂ. അവ അവർ ചെയ്യുന്നുണ്ടോ? ഇല്ലെങ്കിൽ അവർ നിരക്ഷരരാണ്: സക്കറിയ തീർത്തുപറയുന്നു. 

ബുദ്ധീജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന ചോദിച്ചിട്ടുണ്ട് മുമ്പു സക്കറിയ. ഇപ്പോഴിതാ എഴുത്തുകാരെക്കൊണ്ട് എന്തു പ്രയോജനമെന്ന് അദ്ദേഹം ചോദിക്കുന്നു. അരാഷ്ട്രീയവാദിയിൽനിന്നു സക്കറിയയെ രാഷ്ട്രീയവാദിയാക്കുന്നത് അടിയന്തരാവസ്ഥ. അതിനുശേഷമിങ്ങോട്ട് സക്കറിയ എഴുതുന്നതും പ്രസംഗിക്കുന്നതും പറയുന്നതും 

പൗരന്റെ രാഷ്ട്രീയബോധം സുപ്രധാനമാണെന്ന തിരിച്ചറിവിൽ. പറയുന്നതുകൊണ്ടോ എഴുതുന്നതുകൊണ്ടോ ലോകം മാറും എന്ന വിചാരമല്ല സക്കറിയയുടെ കരുത്ത്. മറിച്ച് എന്റെ ജീവിതം എനിക്കുവേണ്ടി ഞാൻ എഴുതുന്നു – നിസ്വാർഥനായി, പൂർണ സ്വതന്ത്രനായി. പൂർണ ഉത്തരവാദിത്തബോധത്തോടുകൂടി. 

ലേഖനങ്ങൾ എഴുതുകയും പ്രസംഗിക്കാൻ നടക്കുകയും ചെയ്ത സമയങ്ങളിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ കഥകളും നോവലുകളുമെഴുതാമായിരുന്നു.അങ്ങനെയെങ്കിൽ തികഞ്ഞ ഒരു എഴുത്തുകാരനായി മാറിയേനേ. അതു സാധിച്ചില്ല എന്നതൊരു അസംതൃപ്തിയാണു സക്കറിയക്ക്. പക്ഷേ, കഥകളിലേക്കാൾ തീക്ഷ്ണമായ അശയങ്ങൾ സക്കറിയ മലയാളികൾക്കു നൽകി. പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന ആശയങ്ങളുടെ തീപ്പൊരികളാൽ ബൗദ്ധിക വിപ്ലവങ്ങൾക്കു തീ കൊളുത്തി. അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞു.കടമ മറക്കുന്ന, സ്ഥാനം മറക്കുന്ന രാഷ്ട്രീയക്കാരെ മാത്രമല്ല, തങ്ങളുടെ പദവി എന്തെന്നു തിരിച്ചറിയാത്ത പൊതുജനത്തെപ്പോലും കണക്കിനു പരിഹസിച്ചു. വിശുദ്ധപശുവായ മാധ്യമങ്ങളെപ്പോലും വെറുതെവിട്ടിട്ടില്ല സക്കറിയ. കേരളത്തിൽ മാധ്യമങ്ങൾ അന്ധതയും അന്ധകാരവും സൃഷ്ടിക്കുന്നു എന്നു വിളിച്ചുപറഞ്ഞ ഒരേയൊരു എഴുത്തുകാരൻ സക്കറിയയാണ്. 

ഇക്കഴിഞ്ഞ വർഷങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും മലയാളി കടന്നുപോയ സവിശേഷ സാഹചര്യങ്ങളോടുള്ള ചിന്തിക്കുന്ന ഒരു എഴുത്തുകാരന്റെ നിർഭയ പ്രതികരണങ്ങളാണ് ഈ ലേഖന സമാഹാരം. അലസമായി വായിച്ചുപോകാനല്ല, മാറ്റങ്ങളുടെ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള വാക്കുകൾ. ഇവയിലൂടെ കടന്നുപോകുന്നവർ നവീകരിക്കപ്പെടുന്നു. സമരോത്സുകരാകുന്നു. പുതിയ ചിന്തയും കാറ്റും വെളിച്ചവും കടത്തിവിടുന്ന ജാലകങ്ങളാകുന്നു. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review