Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിത, പടം പൊഴിക്കും പാമ്പുപോൽ..

കവിതയാകാത്തതായി എന്തുണ്ട് ജീവിതത്തിൽ എന്നു തോന്നും എസ്.ജോസഫിന്റെ കവിതകളിലൂടെ കടന്നുപോകുമ്പോൾ. ചെത്തിമിനുക്കിയ ആഭിജാത്യപ്രമേയങ്ങളൊന്നും പുലരുന്ന ഇടമല്ല അവിടം. മൊഴിയിലും ആവിഷ്കാരത്തിലും ജോസഫിന്റേത് ഒരു വഴിമാറി നടപ്പായിരുന്നു. കറുത്ത കല്ല് എന്ന ആദ്യസമാഹാരത്തിലെ ചില കവിതകളിൽ അതിന്റെ സൂചനകളുണ്ടായിരുന്നു. എങ്കിലും ആ കവിതകളിൽ ഭൂതബാധകളും ഉണ്ടായിരുന്നു. വരികളിൽ അത് അട്ടകളെപ്പോലെ പറ്റിപ്പിടിച്ചിരുന്നു. അതു കുടഞ്ഞെറിഞ്ഞ് കവി മുന്നോട്ടുപോയി. മീൻകാരൻ എന്ന രണ്ടാമത്തെ സമാഹാരത്തിൽ ജോസഫ് പൂർണമായും തന്റെ കവിതയിലേക്കെത്തി. അതിലെ കവിതകൾ എത്ര വലിയ മാറ്റമാണ് മലയാള കവിതയിലുണ്ടാക്കിയത് എന്നതു കാവ്യചരിത്രത്തിന്റെ ഭാഗമാണ്. എഴുപതുകളുടെ ശേഷിപ്പെന്നോണം കിട്ടിയ ക്രിതൃമഗദ്യത്തിൽ നിന്നുള്ള വിമോചനപ്രഖ്യാപനമായിരുന്നു അതിലെ കവിതകൾ. ഒരുപാടു നാട്ടുമൊഴികളും വീട്ടനുഭവങ്ങളും മലയാള കവിതയ്ക്ക് അത്ര പരിചിതമല്ലാത്ത ഭൂപ്രകൃതിയുമെല്ലാം ചേർന്ന് ആ കവിതകളെ അനന്യമായ വായനാനുഭവങ്ങളാക്കി. അതിലെ വരികളിൽ പറഞ്ഞും പറയാതെയും പറഞ്ഞുവച്ച രാഷ്ട്രീയമാണ് എടുത്തുപറയേണ്ടത്. വാചാലമായി രാഷ്ട്രീയം പറഞ്ഞ, മലയാള കവിതയ്ക്ക് ഒരു കത്ത് പോലുള്ള രചനകളെക്കാൾ പ്രഹരശേഷിയുണ്ടായിരുന്നു നിലീനമായി രാഷ്ട്രീയം പ്രവർത്തിച്ച കവിതകൾക്ക്. ഐഡന്റിറ്റി കാർഡ് എന്ന സമാഹാരത്തിലെത്തിയപ്പോൾ ജോസഫിന്റെ കവിത കൂടുതൽ അയവും അടക്കവുമുള്ളതായി. ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം തുടങ്ങിയ പിന്നീടു വന്ന സമാഹാരങ്ങളിൽ അവനവനെത്തന്നെ ആവർത്തിക്കുകയെന്ന അപകടത്തിൽ നിന്നു കുതറിമാറാൻ ശ്രമിക്കുന്ന കവിയെയാണു കണ്ടത്. ഗദ്യേതരമായ മാനസികവഴക്കങ്ങളിലേക്കു സംക്രമിച്ച രചനകൾ അവയിലുണ്ടായിരുന്നു.

മഞ്ഞ പറന്നാൽ ജോസഫിന്റെ പുതിയ കവിതാസമാഹാരമാണ്. ഇന്ന് നിശബ്ദമായ പാറക്കെട്ടുകൾക്കുള്ളിൽ ഒരു ഉടുമ്പായി ഞാൻ പാർക്കുന്നുണ്ട് എന്നു പ്രഖ്യാപിക്കുന്നു ഇതിലെ കവിതകൾ. വിരൽ മുറിയുന്ന ഒരു അരം ഒട്ടലിനുണ്ടെന്നും എന്റെ വിരലുകൾ ഇൗ ഒട്ടൽപ്പാടങ്ങളിൽ ഇന്ന് ആ അരം തേടുന്നു എന്നും ജോസഫ് കുറിക്കുമ്പോൾ അതു വായനക്കാർക്കു നൽകുന്ന കവിതയുടെ ഉറപ്പു കൂടിയാകുന്നു. ജോസഫിന്റെ കവിതകൾ പൂർണതയെത്തേടുന്നതിനെക്കുറിച്ച് കറുത്തകല്ല് എന്ന സമാഹാരത്തിലെ കുറിപ്പിൽ അയ്യപ്പപ്പണിക്കർ നിരീക്ഷിക്കുന്നുണ്ട്. കവിതയുടെ തികവിനെയും നിറവിനെയും കുറിച്ചുള്ള ആകുലതകൾ പിന്നീടുള്ള സമാഹാരങ്ങളിലും കണ്ടു. അത് മഞ്ഞ പറന്നാൽ എന്ന സമാഹാരത്തിലെ ചില കവിതകളിലും കടന്നുവരുന്നു.

കവിതയിൽ ഒാരോ വാക്യവും

തുടത്തിലളന്ന പാലുപോൽ

തൂവാതെയൊട്ടും തുളുമ്പാതെ

യങ്ങനെയിരിക്കുമോ 

എന്നതാണു ചോദ്യം.

പടം പൊഴിച്ച്

പുതിയൊരു തിളക്കത്തിൽ

കയ്യാലമേലും മറ്റും ഇഴഞ്ഞുപോകുന്ന

പാമ്പിനെപ്പോലെ

പഴയ പൊരുളുകൾ വെടിഞ്ഞ് 

പുതിയൊരു പൊരുൾ തേടാൻ

കവിതയ്ക്കാകുമോ

-ആകാനുള്ള ശ്രമമാണ് ഇൗ കവിതകൾ നടത്തുന്നത്. പാമ്പാകിൽ ഭൂമി തൻ മാറിൽ തലയുയർത്തിപ്പിടിച്ച് ഇഴയാം എന്നു ജോസഫ് നേരത്തെ കുറിച്ചിട്ടുമുണ്ട്. സിയാറ്റിൽ മൂപ്പന്റെ മൊഴികളെ ഒാർമയിലേക്കു കൊണ്ടുവരുന്ന കവിതയാണ് കാടുകളുടെ ഗാനം.

ആദിവാസികൾ കാടുകളുടെ ഗാനം പാടുന്നു.

അവർ പാടേണ്ട എന്നാണെങ്കിൽ പിന്നെ ആരു പാടും

അവർ മരങ്ങളെ സ്നേഹിക്കുന്നു.

അവർ സ്നേഹിക്കേണ്ട എന്നാണെങ്കിൽ

മറ്റാരുടെ സ്നേഹം മരങ്ങൾക്ക് മനസ്സിലാകും.

ഉള്ളിന്റെയുള്ളിലുള്ള പ്രേമത്തെ എങ്ങനെ എഴുതാമെന്ന അന്വേഷണമാണ് പ്രേമം എന്ന കവിത. ഇലകൾക്കിടയിലെ പൂവായും ഇരുകൈകളിൽ കോരിയ വെള്ളമായും കുറുവാപ്പരലിൻ വാലറ്റത്തെ കറുത്ത പൊട്ടായും തോട്ടിലെ ചെറുചുഴിയിൽ കറങ്ങുന്ന കമ്പായും കണ്ണിലെ വെളുപ്പു ചുവപ്പിച്ച കരടായും തൊലിയിൽ കറുപ്പായ മറുകായും നീണ്ട മുടിയിൽ തിരുകിയ മറുകായും നീണ്ട മുടിയിൽ തിരുകിയ മലരായും ചെറുചിരിയെ വെളിപ്പിച്ച പല്ലായും വിരലിൽ തുളുമ്പുന്ന വിറയായും അത്രമേൽ സ്വാഭാവികമായി ജോസഫ് പ്രേമത്തെ എഴുതുന്നു. പറയാൻ കഴിയാത്ത ഇഷ്ടം ഉള്ളിലൊതുക്കി വച്ചാൽ

എന്നുമേ മിന്നുമാ കൺവെളുപ്പ്

എന്നുമേ മിന്നുമാ പുഞ്ചിരികൾ

എന്നു വേറൊരു കവിതയിൽ കുറിച്ചിട്ടുണ്ട്. 

ജോസഫിന്റെ കവിത നാട്ടിടവഴികളിലൂടെ, മലഞ്ചെരിവുകളിലൂടെ, മരങ്ങളോടും കിളികളോടും പാറകളോടും ചിലപ്പോൾ മനുഷ്യരോടും വർത്തമാനം പറഞ്ഞുകൊണ്ട് നടന്നുപോകുന്നു. അതിനു തിടുക്കമില്ല. ഏതെങ്കിലും സമയത്ത്, എവിടെയെങ്കിലും എത്താമെന്ന് അതാർക്കും വാക്കു കൊടുത്തിട്ടില്ല. തന്നിഷ്ടം പോലെ സഞ്ചാരം. ഇൗ വളവും തിരിഞ്ഞ് ആ കവിതകൾ ഇനിയെങ്ങോട്ടു പോകും.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review