Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിതയുടെ വെളിച്ചത്തിൽ എഴുതിയ വാക്കുകൾ

കുറച്ചുനേരം കൂടി കഴിഞ്ഞാൽ എന്റുമ്മാ ഞങ്ങളെ വിളിക്കും. ഞങ്ങള് നാല് പെങ്കുട്ടികളും ഉമ്മയും കൂടി ഈ ലോകത്തിലെ ഞങ്ങളുടെ ഒടുക്കത്തെ അത്താഴം കഴിക്കും.

അവസാന അത്താഴത്തിനു മുമ്പുള്ള ഏതാനും നിമിഷങ്ങളുടെ നിർണായക സന്ധിയിലേക്കു ക്ഷണിക്കുകയാണ് സാറ ജോസഫ്. ഏറ്റവും പുതിയ കഥകളുടെ സമാഹാരത്തിലൂടെ – ഒരു പരമരഹസ്യത്തിന്റെ ഓർമയ്ക്ക് !

സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രമല്ല ഈ കഥകളുടെ സവിശേഷത. മറിച്ച് സാമൂഹിക യാഥാർഥ്യങ്ങളുടെ അടുപ്പിൽനിന്നു വാരിയിടുന്ന കനലുകൾ. നിരപരാധിയായ മകനെ കാത്തിരിക്കുന്ന അച്ഛനമ്മമാർ. ഉപ്പാനെ കാത്തിരിക്കുന്ന ഉമ്മയും നാലുമക്കളും. ഒരു പരമരഹസ്യവുമായി ബസിൽ വെന്തുവിയർത്തും നിരത്തിലൂടെ ഓടിയും രക്ഷമാർഗം തേടുന്ന ശെരീഫയും കൂട്ടുകാരിയും. കരയിച്ചതിന്റെ പേരിൽ കൽത്തുറുങ്കിലടയ്ക്കപ്പെടുന്ന യുവാവ്. ബാല്യത്തിന്റെ നിഷ്കളങ്കത ചോദ്യം ചെയ്യപ്പെടുന്ന സ്നേഹാർജ്ജനി...... ഇരകളാണ് ഇവരൊക്കെ. ഇന്നത്തെ സമൂഹത്തിന്റെ ഇരകൾ. ഇവർ പീഢിപ്പിക്കപ്പെടുമ്പോൾ വെറുതെയിരിക്കാനാവില്ല സാറാ ജോസഫിന്. ഇവർ അഴികൾക്കുള്ളിലാകുമ്പോൾ പേന അടച്ചു ദിവാസ്വപ്നങ്ങളിൽ മുഴുകാൻ ആവില്ല സാറാ ജോസഫ് എന്ന എഴുത്തുകാരിക്ക്. തന്റെ ഏറ്റവും മികച്ച ആയുധമായ അക്ഷരങ്ങൾ തേച്ചുമിനുക്കി, മുന കൂർപ്പിച്ച്, എതിർപ്പിന്റെ രക്തത്തിൽ മുക്കി എഴുതുകയാണു സാറ ജോസഫ്:

ഇപ്പോൾ, അവൾ അയാളുടെ തൊട്ടടുത്തുണ്ട്. അയാളുടെ ശ്വാസം അവളുടെ മുഖത്തു തട്ടുന്നുണ്ട്. അവളുടെ തണുത്തുറഞ്ഞ നെറ്റിത്തടത്തിൽ അയാൾ ഇടതുകൈത്തലം അമർത്തിവച്ചിരിക്കുന്നു. വലതുകൈ വല്ലാതെ കിടന്നു വിറയ്ക്കുന്നുണ്ട്. ഇനി അവൻ വീട്ടിലേക്കു വരുന്നത് നമ്മളിലൊരാൾ മരിക്കുമ്പോഴായിരിക്കും. അപ്പോൾ അവനെ കൊണ്ടുവരാതിരിക്കാൻ അവർക്കാകില്ല. വന്നാലും അധികനേരമൊന്നും അവർ അനുവദിക്കില്ല. ചിതയുടെ വെളിച്ചത്തിൽ നമുക്കവനെ കണ്ണുനിറയെ കാണാനും കഴിയില്ല. 

ഒരു പാവം ചേട്ടനാണ് ‘നമ്മോടു കൂടെയുള്ളവൻ’ എന്ന കഥയിലെ പ്രധാനകഥാപാത്രം. പൊലീസുകാർ പൊക്കിക്കൊണ്ടുപോയ ചേട്ടൻ. ഒരു പൂച്ചക്കുട്ടിയെ തൂക്കിയെടുത്തുകൊണ്ടുപോകും പോലെ.

മെലിഞ്ഞ പൂച്ചക്കുട്ടി.

വിശന്ന പൂച്ചക്കുട്ടി.

പേടിച്ചു വിറയ്ക്കുന്ന പൂച്ചക്കുട്ടി. 

അരിശം സഹിക്കാതെ അവർ, കുട്ടികൾ, പൊലീസിനെ എറിയാൻ കല്ലെടുത്തു. അഞ്ചാം ക്ളാസുകാരും ആറാം ക്ളാസുകാരും. അവർ എറിഞ്ഞു. എന്നിട്ട് ഓടിപ്പോയി. കല്ലു പൊലീസിന്റെ അടുത്തൊന്നും എത്തിയില്ല. അവരതൊട്ട് അറിഞ്ഞുമില്ല. പക്ഷേ, കുട്ടികളുടെ നെഞ്ചിൽനിന്നുപോയില്ല, വലിയൊരു ഭാരം. നീല നിറത്തിൽ വിങ്ങുന്നത്. ആ ഭാരം വായനക്കാരുടെ ഹൃദയത്തിലേക്കും ഇറക്കിവയ്ക്കുന്നു സാറ ജോസഫ്. 

നിഷ്കളങ്കരെ ചങ്ങലയ്ക്കിടുന്ന, നിരപരാധികളെ കൽത്തുറുങ്കിൽ അടയ്ക്കുന്ന വ്യവസ്ഥിതിക്കുനേരെ എറിയുന്ന കല്ലുകളാകുകയാണ് ഈ സമാഹാരത്തിലെ കഥകൾ. വായനക്കാരെ ആയുധസജ്ജരാക്കുന്ന വാക്കുകൾ. ഫാത്തിമ സനയുടെ ജീവിതത്തെക്കുറിച്ചു വായിക്കുമ്പോൾ എങ്ങനെ കല്ലെടുക്കാതിരിക്കും. ശെരീഫയുടെ വേദന അറിയുമ്പോൾ എങ്ങനെ എറിയാതിരിക്കും. ദുഷിച്ച വ്യവസ്ഥിതിക്കുനേരെ, നാറുന്ന സമ്പ്രദായങ്ങൾക്കെതിരെ ആഞ്ഞെറിയുന്ന, മൂർച്ചയുള്ള കല്ലുകൾ. 

ധാർമിക രോഷമാണ് ഈ കഥകളുടെ കരുത്ത്. മൂർച്ചയുള്ള പ്രതികരണത്തിന്റെ വായ്ത്തലപ്പ്. ഭീതിയില്ലായ്മയുടെ സൗന്ദര്യശാസ്ത്രമാണ് ഇവിടെ വാക്കുകളെ സാഹിത്യമാക്കുന്നത്. ഒരെഴുത്തുകാരി എന്ന നിലയിൽ ഇതല്ലാതെ മറ്റെന്തു ചെയ്യും ഞാൻ എന്ന് ഓരോ കഥകളിലൂടെയും വിളിച്ചു ചോദിക്കുന്നുണ്ട് സാറ ജോസഫ്. അടുത്തും അകന്നും നിന്നറിഞ്ഞ അനുഭവങ്ങളാണവരെ കഥാകാരിയാക്കുന്നത്. എഴുതുന്നതു വെറും കഥകളല്ല. ജീവിതം തന്നെ. പൊള്ളുന്ന ജീവിതം. ക്രൂരമായ അനുഭവങ്ങൾ. വേദനിപ്പിക്കുന്ന പ്രതികരണങ്ങൾ. 

വേദനകൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന പെണ്ണിന്റെ പക്ഷത്തുനിന്നുകൊണ്ട് എഴുതുകയാണ്: സ്ത്രീകളുടെ ഹൃദയരഹസ്യങ്ങളെക്കുറിച്ച്. ഒപ്പം ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണം പ്രകൃതിയുടെ പച്ചപ്പുകളിലൂടെയാകണമെന്നും ഈ കഥകൾ ഓർമിപ്പിക്കുന്നു. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review