Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസൂയയാണ് അനൂപ് നിങ്ങളോട്!...

അനൂപ് മേനോൻ ഒരു നല്ല നടൻ ആണോ എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടായേക്കാം. പക്ഷേ അനൂപ് നല്ല ഒരു എഴുത്തുകാരനും അതിനേക്കാൾ മികച്ച യാത്രികനുമാണെന്ന കാര്യത്തിൽ ഈ പുസ്തകം വായിച്ചു തീർത്ത ആർക്കും സംശയമുണ്ടാകില്ല. യാത്രയെ സ്നേഹിക്കുന്ന ആർക്കും അസൂയ തോന്നും അനൂപിനോട്, അദ്ദേഹത്തിന്റെ യാത്രകളോട്. വെറുതെ കുറെ രാജ്യങ്ങൾ കണ്ട് ഫോട്ടോയുമെടുത്ത് മടങ്ങുകയല്ല അനൂപ് ചെയ്യുന്നത്, ഓരോ രാജ്യത്തിന്റെയും ചരിത്രത്തിലേക്കും വഴിത്തിരിവുകളിലേക്കുമൊക്കെ ഒരു ഗവേഷകന്റെ മനസ്സോടെ അദ്ദേഹം ഇറങ്ങിച്ചെല്ലുന്നു.

anoop-meonon-travel

എറണാകുളത്ത് നിന്നും തുടങ്ങി പൊള്ളാച്ചിയും മംഗലാപുരവും പിന്നിട്ട് ഗോവ വഴി മുംബൈയും പിന്നെ ഡൽഹിയും കടന്നു ഹിമാലയം വരെ നീളുന്ന യാത്രകൾ...നെടുമ്പാശ്ശേരിയിൽ നിന്നും സിംഗപ്പൂരും മലേഷ്യയും ചൈനയും തായ്‌ലാൻഡും പിന്നിട്ട് യൂറോപ്പ് മുഴുവൻ നീളുന്ന യാത്രകൾ..അനൂപിന്റെ മിക്ക യാത്രകളും നേരത്തെ പ്ലാൻ ചെയ്യാതെ നടത്തിയവയാണ് എന്നതാണ് രസകരം. അല്ലെങ്കിലും ഇനി പിന്നിടാനുള്ള വഴികളിൽ തന്നെ കാത്തിരിക്കുന്ന അനിശ്ചിതത്വമാണ് ഓരോ യാത്രികന്റെയും ത്രിൽ...മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്ത ഒരു ഇന്ത്യൻ യാത്രയുടെ ഫിനിഷിങ് പോയിന്റിൽ അനൂപ് കണ്ടുമുട്ടുന്നത് ദുൽഖർ സൽമാനെയാണ്. ഒരു കംപ്ലീറ്റ് സർക്യൂട്ട് പോലെയുള്ള ഫിനിഷിങ്!

ഓരോ യാത്രയും അനുഭവങ്ങളുടെ ഘോഷയാത്രയാണ്. നമ്മൾ യാത്രയിൽ കണ്ടുമുട്ടുന്ന ഓരോ അപരിചിതർക്കും പറയാൻ സിനിമാക്കഥകളേക്കാൾ വിചിത്രമായ കഥകൾ ഉണ്ടാകും. അതിനുദാഹരണമാണ് ചൈനയിൽ അനൂപ്  കണ്ടുമുട്ടിയ ബൊലൊർമയുടെ കഥ. മംഗോളിയയിൽ നിന്ന് ഇറച്ചി പാകം ചെയ്യാനെത്തിയ ബൊലൊർമ സസ്യഭുക്കായി മാറിയ കദനകഥ വായനക്കാരനെ വേദനിപ്പിക്കും.

anoop-travels

ചുരുങ്ങിയ വാക്കുകളിൽ ഓരോ രാജ്യത്തിന്റെയും വാങ്മയ ചിത്രം അദ്ദേഹം രചിക്കുന്നു. ഇറ്റലിയെ അദ്ദേഹം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്.. "ഇറ്റലിയുടെ മുംബൈയാണ്‌ മിലാൻ..അങ്ങനെ നോക്കിയാൽ ദില്ലിയാണ് റോം, ബാംഗ്ലൂരാണ് ഫ്ലോറൻസ്"...'ചരിത്രം ഉപ്പിലിട്ടു വച്ച ഇറ്റാലിയൻ നഗര'മെന്നാണ് ബൊളോണിയയെ അനൂപ് അവതരിപ്പിക്കുന്നത്. ഈ വാക്കുകളിൽനിന്ന് ആ രാജ്യത്തിൻറെ ഏകദേശ ചിത്രം വായനക്കാരന് മുന്നിൽ തെളിയുന്നു. അനൂപിനൊപ്പം സഞ്ചരിക്കുമ്പോൾ ഒരു രാജ്യത്തിൻറെ നാടോടി ഓർമകളിൽ നിന്ന് അതേറ്റുവാങ്ങിയ വേദനയുടെയും പരാജയത്തിന്റെയും ദൃശ്യരേഖകൾ എളുപ്പത്തിൽ മാഞ്ഞുപോകില്ല  എന്ന് ഓരോ തെരുവും ഓരോ മുഖവും നിരാലംബമായി നിൽക്കുന്ന ചത്വരങ്ങളിലെ നഗ്നപ്രതിമകളും നമ്മളെ ഓർമിപ്പിച്ചു കടന്നു പോകുന്നു.

ബാങ്കോക്ക് യാത്രയുടെ വിവരണം തായ്‌ലൻഡിൽ യാത്ര പോയിട്ടുള്ള ഓരോരുത്തർക്കും വളരെയധികം റിലേറ്റ് ചെയ്യാൻ സാധിക്കും. മദ്യവും മാംസവും പ്രണയവും നിറയുന്ന തായ്‌ലൻഡിനെ മനോഹരമായി അനൂപ് വിവരിക്കുന്നു.

പുസ്തകത്തിൽ ഏറ്റവും രസകരമായി തോന്നിയത് ചൈനീസ് യാത്രയിൽ അനൂപ് കണ്ടുമുട്ടിയ ഡോറിയന്റെയും ഒലീവിയയുടെയും കഥയാണ്. മധ്യവയസ്സിലും ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാക്കി സൂക്ഷിക്കുന്ന രണ്ടുപേർ. 'വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് എനിക്ക് നിന്നോടും ചെയ്യണം' എന്നയാൾ അവരോട് പറയുന്നുണ്ട്. ഒരു സസ്പെൻസ് ചിത്രത്തിന്റെ തിരക്കഥ പോലെ വായിച്ചു പോകാവുന്ന ഭാഗം. സംഭവത്തിന്റെ അവസാനമുള്ള ട്വിസ്റ്റ് മലയാളിയുടെ കപടസദാചാരബോധത്തെ നന്നായി തോണ്ടുന്നുണ്ട്. 'വാങ്ക് ഫൂ ജിങ്കിലേ നിറകൺചിരി'  എന്ന ഭാഗം അവസാനിക്കുമ്പോൾ വായനക്കാരന്റെ കണ്ണുകളിലും ആ ചിരിയുടെ പ്രതിഫലനമുണ്ടാകും. 

bhramayathrikan-anoop-menon-book

യാത്രയുടെ സമഗ്രതയിൽ ഒരു സന്തോഷ് ജോർജ് കുളങ്ങര ടച്ച് വായനക്കാരനെ ഫീൽ ചെയ്യിപ്പിക്കുന്നതിലാണ് അനൂപിന്റെ വിജയം. പറഞ്ഞത് മനോഹരം, പറയാത്തത് അതിമനോഹരം എന്നല്ലേ...അതുകൊണ്ട് ബാക്കി അനുഭവങ്ങൾ ഇനിയും വായിക്കാനിരിക്കുന്നവർക്കായി മാറ്റിവയ്ക്കുന്നു.

അനൂപ് നിങ്ങൾ നല്ലൊരു യാത്രികനാണ്‌..ഭ്രമയാത്രികൻ...അതിനിയും തുടരട്ടെ...ആശംസകൾ...

Read more on Book Review Malayalam Literature