Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖാമുഖം: ബ്രഹ്മരക്ഷസ്സുമായി

അതിജീവന ത്വരയാണോ മലയാളിയുടെ ഏറ്റവും വലിയ നിസ്സഹായത. ചില പ്രവാസികളുടെ ജീവിതമെങ്കിലും കാണുമ്പോൾ അങ്ങനെ പറയേണ്ടിവരും. സ്വന്തം നാടു വിട്ട് അന്യദേശങ്ങളിലേക്ക്. ഏറ്റവും പ്രിയപ്പെട്ടവരെ പിന്നിലാക്കി അപരിചിതർക്കൊപ്പം. വർഷങ്ങൾ കൂടുമ്പോൾമാത്രം സംഭവിക്കുന്ന ഏതാനും ദിവസത്തെ കൂടിക്കാഴ്ചകൾ. എല്ലാ ദുഃഖങ്ങളുടെയും മുറിവുണക്കി, വേദനകളെ സഹനീയമാക്കി, ഏകാന്തതകളെ ഗൃഹാതുരതയാക്കി നടത്തുന്ന ഓട്ടം: ജീവിക്കാൻ. ജീവിക്കാൻവേണ്ടി മാത്രം. കൈക്കുമ്പിളിൽനിന്നു ചോർന്നുപോകുന്ന ജലം പോലെ ജീവിതം കൈവിടുമ്പോഴേക്കും ഒന്നും തിരിച്ചുപിടിക്കാനാവാത്ത നിസ്സഹായാവസ്ഥയിൽ ആയിരിക്കും. എന്നിട്ടും തീരുന്നില്ല ഈ മഹായാനം – പ്രവാസം എന്ന ദയനീയത. 

നാടിന്റെ പശ്ഛാത്തലത്തിൽ ഒരു പ്രവാസിയുടെ പുതിയ കാലത്തെ അഗ്നിപരീക്ഷണങ്ങളുടെ നോവൽരൂപമാണു ബ്രഹ്മരക്ഷസ്സ്– ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ആദ്യത്തെ സോഷ്യോ–ഹൊറർ നോവൽ. 

നാൽപത്തിനാലു നദികൾ. മൺസൂൺ സമ്പന്നത. ജൈവവൈവിധ്യത്തിന്റെ കലവറ. മലയാളമണ്ണ്. 

എന്റെ നാട്. 

എന്റെ മഴ നിറഞ്ഞു കലങ്ങിയ വയൽ.

മഴ നനഞ്ഞു കലങ്ങിയ വയലിന്റെ ഇളം നെൽച്ചെടികളിൽ കാറ്റ് മൃദുവായി തലോടിച്ചോദിച്ചു:പോരുന്നോ ? 

അമ്മയുടെ എഴുത്തുകൾ.

നേടിയതെല്ലാം കെട്ടിപ്പെറുക്കി നാട്ടിലേക്ക്. 

നിസ്സഹായനായ ഒരു ഫാക്ടറി മുതലാളിയാണു ബ്രഹ്മരക്ഷസ്സിലെ നായകൻ. കുടുംബം എന്നാണ് ആ ഫാക്ടറിയുടെ പേര്. എന്തു കൊണ്ടുപോയി ഇട്ടാലും അതിനകത്തുനിന്ന് അസംതൃപ്തിയുടെ സൈറൺ മാത്രം മുഴങ്ങും. ഗൃഹനാഥനാണ് ആ നിസ്സഹായനായ ഫാക്ടറിയുടമ. 

മക്കൾ ഉന്നതവിദ്യാഭ്യാസവും നേടി വിദേശരാജ്യങ്ങളിൽ ചേക്കേറിയപ്പോൾ നാളികേരത്തിന്റെ നാട്ടിലേക്കു വന്നു ഗൃഹനാഥനും ഭാര്യയും. നിർദിഷ്ട വിമാനത്താവളത്തിന്റെ അഞ്ചുകിലോമീറ്റർ ദൂരത്ത് കുറച്ചു സ്ഥലവും നല്ല ഒരു വീടും. ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം.

ആദ്യത്തെ മുന്നറിയിപ്പു കൊടുത്തതു കുട്ടിക്കാല സുഹൃത്ത്: പറമ്പ് വാങ്ങിയ സ്ഥലം അത്ര സുരക്ഷിതമല്ല. ഒന്നു സൂക്ഷിക്കണം.

സ്ഥലം വാങ്ങി. റജിസ്ട്രേഷനും കഴിഞ്ഞു. താമസവും തുടങ്ങി. ഇനി സൂക്ഷിക്കുന്നതിൽ എന്ത് ? 

ഗൾഫിൽ നീ പത്തുനാൽപതുകൊല്ലം കഴിഞ്ഞല്ലോ. കുട്ട്യോളും മക്കളുമായി അവിടെത്തന്നെ കൂടി. നിന്റെ മകൻ അമേരിക്കയ്ക്കും മകൾ കാനഡയ്ക്കും കുടിയേറി. ഇതിനിടയിൽ ഈ നാട് എത്ര മാറിയെന്നോ. നീ വാങ്ങിയ സ്ഥലത്തിനു ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവമുണ്ട്. ആരോടു കളിക്കാൻ നിന്നാലും ബ്രഹ്മരക്ഷസ്സിനോടു വേണ്ടാട്ടോ. കെട്ടിയിട്ട പൈശാചിക മൂർത്തികളൊക്കെ മോചനം പ്രാപിച്ച് നാട്ടിലേക്കിറങ്ങിക്കഴിഞ്ഞ കാലമാണിത്. 

ചിരിച്ചുതള്ളി. 

വീണ്ടും മുന്നറിയിപ്പ്:പറമ്പിൽ ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവമുണ്ട്. വീടെടുക്കാൻ കൊള്ളില്ല. രോഗപീഡകൾ വിട്ടൊഴിയില്ല. ദുർമരണം. സാമ്പത്തിക തകർച്ച. മാനഹാനി. കേസ്. അസമയത്തുള്ള നിലവിളികൾ. ക്ഷുദ്രജീവികളുടെ ഉപദ്രവം. ഉറങ്ങുന്നതിനിടയിൽ ആരോ വിളിക്കുന്നതായി തോന്നും. ഒഴിയാബാധ. നാലഞ്ചു പാർട്ടികൾ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ട സ്ഥലം.

പുച്ഛിച്ചതേയുള്ളൂ. നാടു മാറിയെന്നോ. ഞാനറിയുന്ന എന്നെ അറിയുന്ന നാടു മാറിയെന്നോ? 

അതേ, ഇവിടെയിപ്പോൾ മനുഷ്യരില്ല. സമുദായവും ജാതിയും മതവുമേയുള്ളൂ. അതൊക്കെ നോക്കിനടത്തുന്ന വ്യാപാരികളും ചെറുതും വലുതുമായ ഗുണ്ടാസംഘങ്ങളും.

മുന്നറിയിപ്പുകളെ ചിരിച്ചുതള്ളിയ, ശാപത്തെ പുച്ഛിച്ച് അവഗണിച്ച ഗൃഹനാഥൻ ബ്രഹ്മരക്ഷസ്സിനെ മുഖാമുഖം കാണുന്നതിന്റെ വിവരണമാണ് ഈ സോഷ്യോ–ഹൊറർ നോവൽ. വിശ്വാസിയായ മനുഷ്യനെ ഒരു ബാധ പോലെ പിടികൂടിയ അദൃശ്യശക്തിയുമായി നടത്തിയ പോരാട്ടത്തിന്റെ കഥ. ആധുനിക നാഗരികതയിലേക്കു വികസിച്ച മനസ്സിന് ബ്രഹ്മരക്ഷസ്സിന്റെ യുക്തിയും ശാസ്ത്രവും ഉത്തരം കൊടുക്കാത്തതെന്തെന്ന ചോദ്യത്തിന്റെ വിശദീകരണം. 


Books In Malayalam LiteratureMalayalam Literature NewsMalayalam Book Review