Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരീക്ഷണവലയത്തിലെ പെൺജീവിതങ്ങൾ

ചന്ദ്രമതിയുടെ ഏറ്റവും പുതിയ പുസ്തകമായ നിങ്ങൾ നിരീക്ഷണത്തിലാണ് എന്ന കഥാസമാഹാരത്തിന് തൃശ്ശൂർ കേരളവർമ്മ കോളജിലെ അധ്യാപകനായ ഡോ. എസ്. ഗിരീഷ്‌കുമാർ എഴുതിയ ആസ്വാദനം. 

ഇംഗ്ലീഷ് തത്വചിന്തകനും സാമൂഹിക സൈദ്ധാന്തികനുമായ ജെറിമി ബെൻഥാം സ്ഥാപനവത്ക്കരണത്തിന്റെ ഘടന അപഗ്രഥിക്കുമ്പോഴാണ് 'പനൊപ്റ്റികൻ' എന്ന സങ്കൽപനം അവതരിപ്പിച്ചത്. തടവറയിലെ അദൃശ്യമായ ഒരു കാവൽ നിലയത്തിലിരുന്ന് കാവൽക്കാരൻ തങ്ങളെ നിരീക്ഷിക്കുന്നുവെന്ന ബോധം കുറ്റവാളികളെ നേർവഴിക്ക് നടക്കാൻ പ്രേരിപ്പിക്കുന്നു. ഇതിൽ നിന്നാണ് ഫൂക്കോ പിന്നീട് അധികാരവുമായി ബന്ധപ്പെട്ട സ്വന്തം ആശയങ്ങൾ വികസിപ്പിക്കുന്നത്. തുറന്ന തടവറകൾക്കുള്ളിൽ അധികാരം വിവിധ രൂപത്തിലും ഭാവത്തിലും ജനതയെ നിരന്തരം നിരീക്ഷിക്കുന്നുവെന്ന തിരിച്ചറിവ് എഴുത്തുകാർക്കും വിമർശകർക്കും മറ്റും ഉണ്ടാവുന്നതിൽ തത്വചിന്തയുടെ മേഖലയിൽ നടന്നിട്ടുള്ള ഇത്തരം പരിവർത്തനങ്ങൾ അടിസ്ഥാനമായിട്ടുണ്ട്. 

പത്തു കഥകൾ ഉൾക്കൊള്ളുന്ന, 'നിങ്ങൾ നിരീക്ഷണത്തിലാണ്' എന്ന പത്താമത്തെ കഥാസമാഹാരവുമായി ചന്ദ്രമതി വായനക്കാരെ സമീപിക്കുമ്പോൾ, മുകളിൽ സൂചിപ്പിച്ച തത്വചിന്തയുടെ മേഖലയിലെ പരിവർത്തനവും അതിന് പശ്ചാത്തലമാവുന്നുണ്ട്. കാരണം സാങ്കേതിക കാലത്തിന്റെ അധികാരവ്യവസ്ഥയും അതിനുള്ളിൽ പെട്ടുപോകുന്ന പലതരം ജീവിതങ്ങളുമാണ് ഈ സമാഹാരത്തിലൂടെ വായനക്കാർക്കു മുമ്പിൽ അനാവൃതമാകുന്നത്. പ്രത്യേകിച്ച് നിരീക്ഷണവലയത്തിൽ അകപ്പെടുകയും അതിനനുസൃതമായി പെരുമാറ്റം പരുവപ്പെടുകയും ചെയ്യുന്ന കുറേ പെൺജീവിതങ്ങൾ ഈ കഥകളിൽ നാം കണ്ടുമുട്ടുന്നു. പെണ്ണെഴുത്ത് സ്ത്രീ-പുരുഷ സമത്വവാദത്തിലൂന്നിയ കാലം പിന്നിട്ട് പുതിയ അധികാരഘടനയുടെ മാത്രകൾ ഉൾക്കൊള്ളുന്നവയാവണമെന്ന് ഈ സമാഹാരത്തിലെ കഥകൾ വ്യക്തമാക്കുന്നു. അതോടൊപ്പം സ്ത്രീവാദം കേരളീയ സാമൂഹിക സാഹചര്യങ്ങളിൽ വ്യത്യസ്തമായ സംവാദം ആവശ്യപ്പെടുന്നുവെന്ന ദർശനവും ആത്യന്തികമായി എഴുത്തുകാരി മുന്നോട്ടു വയ്ക്കുന്നു. 

ലംബോദരനെന്ന മാന്യനായ കള്ളന്റെ കഥയാണ് 'വെറുമൊരു മോഷ്ടാവും കുറേകള്ളന്മാരും'. അയാൾ കുര്യച്ചൻ-ശോശാമ്മ ദമ്പതികളുടെയും എലിസബത്ത് ഡോറയെന്ന വൃദ്ധ സ്ത്രീയുടെയും വീടുകളിൽ മോഷണം നടത്തുന്നു. പോലീസുകാരുടെ ഇടനിലയിലൂടെ എലിസബത്ത് ഡോറയ്ക്ക് നഷ്ടമായ ധനത്തിൽ ഭൂരിഭാഗം തിരികെ കിട്ടുമ്പോൾ കുര്യച്ചനും ശോശാമ്മയും അതിന് തയ്യാറാവാത്തതിനാൽ അവർക്ക് എല്ലാം നഷ്ടമാവുകയാണ്. ലംബോദരനാവട്ടെ രക്ഷപ്പെടുകയും ചെയ്യുന്നു. പോലീസും കോടതിയും വ്യവസ്ഥയും ലംബോദരനെ രക്ഷിച്ചെടുക്കുമ്പോൾ അതേറ്റവും ബാധിക്കുന്നത് ശോശാമ്മയെയാണ്. മകളുടെ വിവാഹത്തിന് കരുതിയതൊക്കെ നഷ്ടമായതിനാൽ മാനസ്സികനിലപോലും തെറ്റിപ്പോകുന്ന ശോശാമ്മ ഒടുവിൽ ഭക്തിമാർഗത്തിലൂടെ അതിനെ മറികടക്കാൻ ശ്രമിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. 

ലെസ്ബിയനിസം ഗവേഷണത്തിന് തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ കുടുംബത്തിനുള്ളിലും സമൂഹത്തിലും ആന്തരികമായും സൗമ്യയെന്ന ഗവേഷക അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് 'ശ്രീഹവ്യയും ചില അക്കാദമിക് പ്രശ്‌നങ്ങളും' എന്ന കഥ മുന്നോട്ടു വയ്ക്കുന്നത്. ലെസ്ബിയനിസം വിഷയമാക്കുന്ന ഈ കഥ സ്ത്രീകൾ തമ്മിലുള്ള ബന്ധത്തിന് സ്ത്രീകളാൽ നേരിടുന്ന പ്രതിരോധങ്ങൾക്കുപരി സ്ത്രീയുടെ സങ്കീർണമായ മാനസ്സികഘടനയെ വെളിപ്പെടുത്താനും ശ്രമിക്കുന്നു. വിവാഹവും കുടുംബമെന്ന സ്ഥാപനവും സ്ത്രീയിൽ വരുത്തുന്ന മാറ്റങ്ങൾ മരിയ ഗോരോത്തി, ജ്യോതി എന്നിവരിലൂടെ പറയാൻ ശ്രമിക്കുന്ന കഥയാണ് 'കാലം മാറിയത്'. നിറം പെണ്ണിനെ കുടുംബത്തിൽനിന്ന് അന്യയാക്കുന്നതെങ്ങനെയെന്നതിന്റെ അന്വേഷണമാണ് 'നദികൾ ഒഴുകുന്നത്' എന്ന കഥയിലൂടെ ചന്ദ്രമതി നിർവഹിക്കുന്നത്. ഗംഗയെന്ന പെൺകുട്ടിയിലൂടെ സമ്പത്തിലുപരി ലിംഗവും വർണവും പാർശ്വവത്കരണം സൃഷ്ടിക്കുന്നുവെന്നും അതിൽനിന്ന് രക്ഷപ്പെടാൻ തേടുന്ന ശ്രമങ്ങളിൽ അധികാരത്തിന്റെ ബഹുരൂപങ്ങൾ നിരന്തരമായി ഇടപെടുന്നുവെന്നും വ്യക്തമാക്കുന്നതാണ് ഈ കഥ. ഒരു റെസിഡൻസ് അസോസിയേഷൻ മേഖലയിലെ മാലിന്യപ്രശ്‌നം ഗൃഹനാഥൻ, ഗൃഹനായിക, മകൾ, വേലക്കാരി എന്നിവരെ ബാധിക്കുന്നതെങ്ങനെയെന്നും അതിനോട് സമൂഹവും അധികാരികളും പ്രതികരിക്കുന്നതെങ്ങനെയെന്നും പരിശോധിക്കുകയാണ് 'നിങ്ങൾ നിരീക്ഷണത്തിലാണ്' എന്ന കഥയിലൂടെ ചെയ്യുന്നത്. പുതിയ സാങ്കേതികവിദ്യയുടെ പ്രതീകമായ നിരീക്ഷണ ക്യാമറകളിൽ സാധാരണക്കാരാണ് പെടുകയെന്നും അധികാരവും സമ്പത്തും ഉള്ളവർ അപ്പോഴും രക്ഷപ്പെടുകയാണെന്നും ഈ കഥ വെളിപ്പെടുത്തുന്നു. നിരീക്ഷണക്യാമറകൾ സ്ഥാപിക്കപ്പെടുന്നതിലൂടെ പ്രണയവും ലൈംഗികതയുമൊക്കെ കൂടുതൽ അടിച്ചമർത്തലുകൾക്ക് വിധേയമാകുന്നതെങ്ങനെയെന്നും ഈ കഥ സൂക്ഷ്മ തലത്തിൽ പരിശോധിക്കുന്നുണ്ട്. 

ഗർഭപാത്രത്തിനകത്തുതന്നെ തുടങ്ങുന്ന സഹോദരങ്ങളുടെ മത്സരമാണ് 'കുഞ്ഞു കുഞ്ഞു വർത്തമാനങ്ങൾ' എന്ന കഥയുടെ ഇതിവൃത്തം. മാലിനിയെന്ന ദരിദ്രസ്ത്രീയുടെ ഉദരത്തിൽ വളരുന്ന നാല് കുഞ്ഞുങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. മാതൃത്വത്തിന്റെ പ്രശ്‌നങ്ങൾ, ദാരിദ്ര്യം, ചികത്സിക്കുന്ന സ്ത്രീഡോക്ടറുടെ നിസ്സഹായതകളും പ്രശസ്തിക്കായുള്ള ശ്രമവും എന്നിവയൊക്കെ ഈ കഥയിൽ കടന്നുവരുന്നു. 'വൈറസ് കാല'മെന്ന കഥയിൽ ഐസിയുവിൽ കിടക്കുന്ന രോഗിയായ സ്ത്രീ വർത്തമാനത്തിലൂടെയും ഭൂതകാലത്തിലൂടെയും ഒരുപോലെ കടന്നുപോകുന്നത് വിവരിക്കുന്നു. ഇവിടെയും സ്ത്രീ ജീവിതാനുഭവങ്ങളുടെ വ്യത്യസ്തതലങ്ങൾ കടന്നുവരുന്നു. 

'അമ്മച്ചിപ്ലാവിന്റെയുള്ളിൽ', 'വഴിയും വെളിച്ചവും', 'അപരിചിതൻ എഴുത്തുകാരിയോട് പറഞ്ഞത്' എന്നിവയാണ് സമാഹാരത്തിലെ മറ്റ് മൂന്ന് കഥകൾ. കൂടാതെ രശ്മി ജി, അനിൽകുമാർ കെ.എസ് എന്നിവർ കഥാകാരിയുമായി നടത്തിയ അഭിമുഖവും ഒടുവിൽ ചേർത്തിരിക്കുന്നു. അമ്മച്ചിപ്ലാവിന്റെയുള്ളിലെന്ന കഥയിൽ കുഞ്ഞമ്മയെന്ന സ്ത്രീയുടെ ബാധോപദ്രവത്തിനു പിന്നിലെ മനഃശാസ്ത്രപരമായ തലങ്ങൾ അപഗ്രഥിക്കുന്നു. വഴിയും വെളിച്ചവുമെന്ന കഥയിൽ ഭാര്യയുടെ മരണശേഷം ജീവിതവെളിച്ചം നഷ്ടമാവുന്ന വൃദ്ധന്റെ ദയനീയത സാമൂഹിക പരിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. കഥാകാരി രാജലക്ഷ്മിയുടെ ആത്മഹത്യക്ക് തൊട്ടുമുമ്പ് അവരെ സന്ദർശിച്ച അപരിചിതനായ വ്യക്തിയെ തിരയുന്ന മായയെന്ന എഴുത്തുകാരിക്കുണ്ടാവുന്ന അനുഭവങ്ങളാണ് അപരിചിതൻ എഴുത്തുകാരിയോട് പറഞ്ഞത് എന്ന കഥയുടെ ചുരുക്കം. മായയുടെ അനുഭവങ്ങളും രാജലക്ഷ്മിയുടെ അനുഭവങ്ങളും ഈ കഥയിൽ എവിടെയൊക്കെയോ യോജിക്കുമ്പോൾ കാലം മാറിയാലും അധികാരം എഴുത്തുകാരിയിൽ എല്ലായ്‌പ്പോഴും പ്രത്യക്ഷവും പരോക്ഷവുമായി പ്രതിരോധം സൃഷ്ടിക്കുകയാണെന്നും മാനസ്സികമായ ആത്മഹത്യ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള യാഥാർത്ഥ്യമാണ് ഈ കഥ മുന്നോട്ടു വയ്ക്കുന്നത്. 

നിങ്ങൾ നിരീക്ഷണത്തിലാണെന്ന സമാഹാരത്തിൽ ഒട്ടേറെ സ്ത്രീകഥാപാത്രങ്ങളെ കണ്ടുമുട്ടാം. എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തരാണെന്നു മാത്രമല്ല, വ്യത്യസ്തമായ മാർഗങ്ങളിൽ അധികാരത്തോട് കലഹിക്കുകയോ അതിൽ വീണു പോവുകയോ ചെയ്യുന്നു. ചിലപ്പോൾ പരോക്ഷ മാർഗങ്ങളിലൂടെ അധികാരക്രമത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതായും കാണാം. സമാന്തരമായി അധികാരതലത്തിൽ നിൽക്കുന്ന പുരുഷന്റെ വീഴ്ചകളെ നർമ്മത്തിലൂടെയാണ് പലപ്പോഴും അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. സൂക്ഷ്മതലത്തിൽ പുരുഷാധികാരത്തോട് എഴുത്തിലൂടെയുള്ള പ്രതിരോധമാണിതെങ്കിലും ഇവിടെയൊന്നും പുരുഷവിദ്വേഷമല്ല എഴുത്തുകാരി പങ്കുവയ്ക്കുന്നത്. മറിച്ച്, പുരുഷനെക്കൂടി ഉൾക്കൊണ്ട് മുന്നോട്ടു പോകാനുള്ള സ്ത്രീയുടെ സാധ്യതകൾ അന്വേഷിക്കുകയാണ്. അങ്ങനെ മലയാളത്തിലെ പെണ്ണെഴുത്ത് എത്തിനിൽക്കുന്ന സമകാലിക ദാർശനികപരിസരം ആന്തരികവത്കരിക്കുന്നതുമാണ് ചന്ദ്രികയുടെ പുതിയ സമാഹാരം. അത്തരത്തിൽ വിപുലമായ വായനാസാധ്യത തുറന്നിടുന്നു എന്നതാണ് ഇതിലെ കഥകളുടെ പ്രധാന പ്രത്യേകത.  

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review