Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരൂപികളുടെ ആകാശം

കവിയുടെ ഹൃദയഭാഷയാണ് കവിത. ലിപികളുണ്ടാവും മുൻപേ പിറന്നവൾ. കത്തിയെരിയുന്ന പകലിൽ കത്തിച്ച വിളക്കുമായി അപൂർവ്വ മനുഷ്യനെ തിരഞ്ഞയാളിന്റെ അബോധങ്ങളിലെവിടെയോ മറഞ്ഞിരിക്കുന്ന ഉർവ്വരതയെ തിരയുന്ന അനുരാഗിയാണ് കവി. അനുരാഗിയുടെ ഹൃദയം പ്രണയജ്വാലയാൽ എപ്പോഴും എരിഞ്ഞു കൊണ്ടേയിരിക്കുമെന്ന സൂഫി വചനം പോലെ യുഗങ്ങൾക്കപ്പുറത്തെ ഒരു വർഷകാലത്തു പിറക്കാനിരിക്കുന്ന മഴവില്ലിനെ പ്രണയിക്കുന്നവനാണു കവി. തനിക്കു ഗോചരമല്ലാത്ത ഗിരിശൃംഖങ്ങളിലെവിടെയോ താഴെവീഴും മട്ടിലുള്ളൊരു മേഘപാളിയെ കൊതിയോടെ നോക്കുന്നവൻ. എൺപതാം വയസ്സിൽ തന്റെ മരണകിടക്കയിൽ കണ്ണീർ പൊഴിച്ചുകൊണ്ട് ടാഗോർ പറഞ്ഞത് “ഭഗവാൻ പാടാതെ പോയ ആ വരികൾ എഴുതാൻ എനിക്കിത്തിരി സമയം കൂടി തരൂ” കവി അങ്ങനെയാണ് ഏറ്റവും മഹനീയ ഗാനം  ഇനിയും എഴുതാനായിട്ടില്ല എന്ന് അവസാന നിമിഷവും ചിന്തിക്കുന്നവൻ, കവിത ജീവിതവും ജീവിതം കവിതയുമായവൻ. ജീവിതവും കവിതയും അത്രമേൽ ഇഴുകിച്ചേർന്നതായ വായനാനുഭവം സമ്മാനിക്കുന്ന ഒരു കൃതിയാണ് ഇടക്കുളങ്ങര ഗോപന്റെ ഏറ്റവും പുതിയ സമാഹാരമായ ‘വെയിൽ തൊടുമ്പോൾ’. ജീവിതാനുഗായിയായ വിഷയസ്വീകരണവും, അവതരണവും കൊണ്ട് ശ്രദ്ധേയമായ ഒരു കൃതിയാണിത്.

ഒന്നും തെളിവായി മുന്നിലില്ലെങ്കിലും എപ്പോഴും ഉണ്ടെന്നു തോന്നിപ്പിച്ചു കൊണ്ടേയിരിക്കുന്നവയാണ് വിശ്വാസങ്ങൾ. കാണാത്തതിനെ പൊലിപ്പിച്ചു പറഞ്ഞും വെള്ളമെന്നു കാണുന്നതിനെ കരയെന്നും ഉറപ്പിച്ചാൽ വിശ്വാസത്തെ എല്ലാവരും ആരാധനയോടെ നോക്കി വളർത്തും. അങ്ങനെ വേരുകളില്ലാതെ തന്നെ വിശ്വാസം വൻവൃക്ഷമായി പടരുന്നു. വിശ്വാസങ്ങളിലൂന്നിയ വർത്തമാനകാല സമൂഹത്തെ ചൂണ്ടുന്ന ‘പരാദം‘ എന്ന കവിത കാലത്തിനും ഒരു കാതം മുൻപേ, നടന്ന കവിയെ നമുക്ക് കാട്ടിത്തരുന്നു. 

“എങ്ങു മനുഷ്യനു ചങ്ങലകൈകളിലങ്ങെൻ കയ്യുകൾ നൊന്തിടുന്നു” വിപ്ലവകാരിയെ കുറിച്ച് ഇങ്ങിനെ പാടിയത് എൻ.വി കൃഷ്ണ വാര്യരാണ്. അത്തരം “ചിരദാസ്യ ചങ്ങലകൾ’ ഉടയ്ക്കുവാനായി കൊടും വെയിലിലൂടെയും പെരുമഴയിലൂടെയും വിപ്ലവമെന്ന ആർദ്രതീക്ഷ്‌ണതയെ നെഞ്ചിലേറ്റി, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി നടന്ന ഒരുവൻ പോസ്റ്റ്മോർട്ടം ടേബിളിലെ വിനീതവിധേയനായ അജ്ഞാത ജഡമായി മാറുന്ന “മരിച്ചിട്ടും അവനെ നദി കടത്താത്തതെന്ത്” എന്ന കവിത “ആർദ്രമാമൊരു വിളിക്ക് പിന്നാലെ പോയി, ഇങ്ങിനിവരാതവണ്ണം” മറഞ്ഞു പോയ ചില നക്ഷത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. കൊഴിഞ്ഞു വീഴുമെന്നു തോന്നിപ്പിക്കുന്ന മഴക്കാറിന് കീഴെ പ്രലോഭനങ്ങളുടെ നിറച്ചാർത്തുമായി നിൽക്കുന്ന തെരുവിനെ കുറിച്ചുള്ള കവിത’കാമാത്തിപ്പുര’ താരമാകാൻ കൊതിച്ച് ജീവിതത്തിന്റെ തിരക്കഥ കളഞ്ഞുപോയവരും, പ്രണയത്തിൽ കാൽതെറ്റി വീണവരും ഉൾപ്പെടെ ഒരു വേശ്യാത്തെരുവിനെ കുറിയ്ക്കുന്ന പരമ്പരാഗത ബിംബങ്ങൾ പ്രയോഗിച്ചെങ്കിലും പദവിന്യാസ ചാരുതയും അവതരണ മികവും കവിതയെ ശ്രദ്ധേയമാക്കുന്നു.  

മാനവഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠിതങ്ങളായ എല്ലാ കാവ്യങ്ങളും ദു:ഖപര്യവസായികൾ തന്നെയാണ്. കവിതയുടെ സ്ഥായീഭാവം ദു:ഖമാണെന്നു പറയാം. ദു:ഖം എന്ന വികാരത്തെ “അപൂർവ വിസ്മയാനുഭൂതി പ്രദായകമായി” വരയ്ക്കുന്ന ചില കവിതകളും ഈ കൃതിയിലുണ്ട്. വഴിയിൽ കിടന്ന കുപ്പായത്തിന് വിശക്കുന്നവന്റെ മണമുണ്ട് എന്നു പറയുന്ന ’ഊരിയെറിഞ്ഞ ഉടുപ്പുകൾ’ ജീവിത നാടകത്തിലെ കഥാപാത്രങ്ങളായ കുപ്പായങ്ങളെക്കുറിച്ച് ഹൃദ്യമായി പറഞ്ഞിരിക്കുന്നു. ജീവിതത്തിൽ ജയിക്കാതെപോയ ഒരാൾ “തുറമുഖം തേടുന്ന പായ് വഞ്ചി പോലെ” അലയുന്ന ‘അപാരതയിൽ', ദൈവം കയ്യൊപ്പിടാത്ത കുടുംബ വായ്പയെ കുറിച്ചുപറയുന്ന ‘കുടിയേറ്റക്കാരന്റെ പ്രാർത്ഥനകൾ’’ ഇറുന്നുവീഴാറായ കൂരയിൽ റേഷൻ കാർഡും പട്ടയവും ഹൃദയത്തോട് ചേർത്തുവച്ച മാനിഫെസ്റ്റോയുമായി അധികാരത്തിന്റെ ദയക്കു കാത്തിരിക്കുന്ന, ‘ആരോപകിട കളിക്കും പോലുള്ള’ഒരു ജീവിത ചിത്രം വായനക്കാരനിൽ നൊമ്പരത്തെ സൃഷ്ടിക്കാൻ പ്രാപ്തമാണ്.

“സാഗര ദൂരകാലങ്ങൾ നിന്നിലാണ്ടുപോയ്”എന്ന് പ്രണയത്തോടു പരിഭവിച്ച നെരൂദയയെ പോലെ പ്രണയകാല്പനികതകളുടെ ഏകീകൃത ബിംബങ്ങളെ ഈ കൃതിയിൽ സമൃദ്ധമായി പ്രയോഗിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും മനോഹര പ്രണയ കവിതയാണ് “കവിയെ പ്രണയിക്കുമ്പോൾ” കവിയെന്നാൽ ഉൻമാദങ്ങളുടെ ഒരു രാജ്യവും പ്രണയിനി രാജ്യശാസകയും എന്നു പറയുന്ന ഈ കവിത മലയാള കവിതാ ലോകത്തെ എണ്ണമറ്റ പ്രണയകവിതകളിൽ അഗ്രസ്ഥാനത്തിനർഹയാണ്. പ്രണയത്തിന്റെ ഉത്തോലകതത്വം പഠിപ്പിക്കുന്ന ഷെർലിടീച്ചറും കുമാരൻ മാസ്റ്ററും കഥാപാത്രങ്ങളായ ‘കൗമാര ഗന്ധങ്ങൾ’ ഊഷരമൗനങ്ങളെ  ഒരാശ്ലേഷം കൊണ്ട് പൊതിയുന്ന ചോര നിറമുള്ള പൂവായി പ്രണയത്തെ ചിത്രീകരിക്കുന്ന ‘ചോര നിറമുള്ള പൂവ്’, ഒളിച്ചുവയ്ക്കാനും ഒതുക്കി നിർത്താനും എത്ര ശ്രമിച്ചാലും എല്ലായ്പ്പോഴും പുറത്തുചാടാൻ വെമ്പൽ കൊള്ളുന്ന ഒന്നായി ഉടലിനെ ചിത്രീകരിച്ചിരിക്കുന്ന‘എന്തോ ഒന്ന്’ തുടങ്ങിയ കവിതകൾ വിസ്മയദായകങ്ങളാണ്. “കടൽ തിളയ്ക്കും പോലെ നാഡി ഞരമ്പുകളിലപൂർവ്വമൊരുഷ്ണമായ” കവിതയെന്ന പ്രണയിനി “കാലം തെറ്റിയ പെരുമഴ പോലെ അന്തർനാളങ്ങളെ തണുപ്പിച്ചു പെയ്തു കൊണ്ടേയിരിക്കുന്നു” എന്നു കവി പാടുമ്പോൾ ആ അനുഭൂതി വായനക്കാരനിലേക്കും പടരുന്നു. 

മുറിവുകൾ കൊണ്ടു തുന്നിയ മാന്ത്രിക കുപ്പായമാണ് പ്രണയത്തിന്റെ പാരിതോഷികം.”ഈ മുറിവുകളെയയെല്ലാം വസന്തമാക്കുന്നവൻ കവിയും അവന്റെ മുറിവുകളിലെ രക്തധമനി കവിതയുമാണ്” തുടങ്ങി പരിചിതമല്ലാത്ത ഉപമകളും ബിംബപ്രയോഗങ്ങളും ഇദ്ദേഹത്തിന്റെ കവിതകൾക്ക് നവചാരുത നൽകുന്നു,” ഞാൻ വിലാസമില്ലാത്തവന്റെ നിഴൽ, വാതിൽ കൊട്ടിയടച്ച വിലാപം” തുടങ്ങിയ വരികൾ ഉദാഹരണം. മനസിലെ ശിഥില ചിന്തകളെ ''ഏതോ അവാച്യമാം ആനന്ദത്തിലേക്കുള്ള പടികൾ” എന്നാണ് കവി വിശേഷിപ്പിക്കുന്നത്. കാല്പനിക ബിംബങ്ങളുടെ ഒരൊഴുക്കു തന്നെയുണ്ട് ഈ കൃതിയിൽ.

സ്ത്രീ എന്ന സ്വത്വത്തെ നിർവ്യാജ സ്നേഹത്തിന്റെ വക്താക്കളാക്കി ചിത്രീകരിക്കുകയും പുരുഷ കേന്ദ്രീകൃത സമൂഹം സ്ത്രീയുടെ ഉൽകൃഷ്ടതകളെ അവഗണിക്കുകയും ചെയ്യുന്നതിനെ വിമർശിക്കുകയും ചെയ്യുന്ന ശക്തമായ സ്ത്രീപക്ഷ കവിതകൾ ഈ കൃതിയിലുൾപ്പെടുന്നു. സ്ത്രീയെ ‘ജീവിത പരീക്ഷയിൽ തോറ്റവൾ’ ‘ഉടൽ വെന്തുനീറുമ്പോഴും അതിഥികൾക്കൊരലങ്കാരമത്സ്യം’ എന്നു വിശേഷിപ്പിക്കുന്ന 'വേശ്യയുടെ കാമുകൻ’, സ്ത്രീയെ പ്രലോഭനവസ്തുവായ് മാത്രം കാണുകയും ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന പുരുഷ അഹന്തകളെ ചിത്രീകരിച്ചിരിക്കുന്ന ‘മൂന്നു പെണ്ണുങ്ങൾ’, ”ഓരോ പെൺബാല്യവും വീട്ടിലേക്ക് കുതിക്കുന്നു മറന്നുപോയ മുത്തശ്ശിക്കഥകൾ തിരിച്ചെടുക്കാൻ”എന്നു പറയുന്ന ‘പവിഴമല്ലികൾ’, “കടൽവറ്റിച്ചു കടക്കണ്ണിൽ കൊരുത്തിടുന്നവരെ” ക്കുറിച്ചുള്ള ‘പെണ്ണുപൂക്കുന്നു’, ഇരുട്ടത്തൊരുറക്കത്തിൽ വാപൊത്തിയ കൈകളിൽ അച്ഛന്റെ മണം തിരിച്ചറിയുന്ന ‘ഇര പിടുത്തം’ സീമന്തത്തിൽ ഒലിച്ചിറങ്ങിയ സിന്ദൂരം സ്വാതന്ത്ര്യം ബലി കൊടുത്തതിന്റെ അടയാളമാകുന്ന ‘സീമന്തിനി', എന്നീ കവിതകൾ “കാർക്കോടക ദംശനമേറ്റ” സ്ത്രീ ജീവിതങ്ങളുടെ നേരാവിഷ്കാരങ്ങളാണ്. 

കാലദേശങ്ങൾക്കതീതമായി പൊതുസ്വഭാവം പുലർത്തുന്ന സ്ത്രീ യാതനകളെ വിദഗ്ദമായി അവതരിപ്പിട്ടുണ്ടെങ്കിലും മലയാള കവിതാ  ശാഖയിൽ മുൻഗാമികൾ സൃഷ്ടിച്ചെടുത്ത "നെല്ലിനു താഴെ കിളിർക്കും വെറും പുല്ലല്ലാത്ത" മട്ടിലുള്ള സ്ത്രീ കഥാപാത്രങ്ങളിൽ നിന്നു വിഭിന്നമായി “പരാജയ പ്രണയികൾ” ആയ സ്ത്രീകളാണ് കൃതിയിൽ പൊതുവെയുള്ളത്. ഇതിലെ എടുത്തു പറയേണ്ട ഒരു കവിതയാണ് ‘ദ്രൗപതി’. വിജയഗർവോടെ നിൽക്കുന്ന യുധിഷ്ഠിരനു സമീപം “ഒറ്റയാളിൻ പിടിവാശിയിലെത്ര ദാരുണഹത്യകൾ”എന്നോർത്ത് കണ്ണീർ പൊഴിക്കുന്ന ദ്രൗപതിയാണ് നായിക. ഭർത്താക്കൻമാരുടെ കഠിന വാക്കുകളാൽ മോഹാലസ്യത്തിലേക്ക് വീഴുന്ന ദ്രൗപതിയെ ഭീമന്റെ കരുത്തുറ്റ കരങ്ങൾ താങ്ങുന്നു “തൊട്ടു തലോടിയാശ്ലേഷിക്കേയുദ്ധക്കെടുതിമറക്കുന്നു ദ്രൗപതി”. എത്രമേൽ ധീരയെങ്കിലും ചിലനിമിഷങ്ങളിൽ സ്ത്രീ ഏറ്റവും കൊതിക്കുക തനിക്കുതാങ്ങായ് നിൽക്കുന്ന ഒരു പുരുഷനെയാണ് എന്ന ലോലചിന്തയെ ആർദ്രമായി വരച്ചിടുകയാണ് കവി.

പ്രണയമില്ലാത്ത ഹൃദയത്തിലെ കടുകു തേടിയിറങ്ങിയ ‘തോറ്റ കുട്ടി’ ജ്ഞാനിയുടെ മൗനം പാപം എന്ന തത്വം പറയുന്ന ‘ജ്ഞാന പശുക്കൾ’ ബാല്യഗൃഹാതുരതയെ ഓർമിപ്പിക്കുന്ന ‘പഴുത്ത നാരങ്ങയുടെ മണം’ എന്നീ കവിതകൾ ഗദ്യപദ്യ സമന്വയ ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ”തീരം കലക്കി തകർത്തു പായുമ്പോഴും തീരെ അടിയൊഴുക്കില്ലാത്തവളെ”പോലെ നിൽക്കുന്ന കവിതയെ ഏകാന്ത വാസത്തിലേക്കു വിടാതെ, നവബിംബ പ്രയോഗങ്ങളിലൂടെയുള്ള നവീകരണശ്രമം ഇടക്കുളങ്ങര ഗോപന്റെ കവിതകളിൽ ദൃശ്യമാണ് വാക്കുകളെ“നക്ഷത്ര രത്നഖചിതമായ കങ്കണമായും, ദിവ്യായുധം പോൽ മിന്നും കരയവാളായും” പ്രയോഗിക്കാനുള്ള കവി വൈഭവത്തെ ആദരവോടെ കാണുന്നു“അഗ്നിപർവതങ്ങൾക്കു തീ കൊളുത്തുന്നവയാണ് കവിതകൾ” എന്ന പ്രയോഗം ഇടക്കുളങ്ങര ഗോപന്റെ കവിതകൾക്ക് തീർത്തും അനുയോജ്യമാണ്. ”കിരീടങ്ങളെ തട്ടിത്തെറിപ്പിക്കാനും ദുശ്ശാസനൻ മാരെ മറിച്ചിടാനും” പ്രാപ്തമായ കവിതകൾ. ഭൂമിയെയും താരകങ്ങളെയും സൂര്യചന്ദ്രൻമാരെയും രാപ്പകലുകളെയും മനുഷ്യ വർഗ്ഗത്തെയും മനുഷ്യധർമത്തെയും സ്നേഹിക്കുന്ന ‘നിശബ്ദ കലാപകാരി’ എന്ന വിശേഷണത്തിന് ഏറെ അനുയോജ്യനാണ് ഇദ്ദേഹം. എന്റെയുദ്യാനത്തിൽ പൂക്കൾ വേണ്ട മുള്ളുകൾ മാത്രം മതിയെന്ന് വസന്തത്തിനോട് ഉച്ചത്തിൽ പറയുന്നവൻ.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review