Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിയിൽ ഇനി ടെൻഷൻ വേണ്ട

രാവിലെ പത്തു മണിക്ക് ഓഫീസിലെത്തി വൈകുന്നേരം അഞ്ചിന് ഓഫീസ് വിട്ടിറങ്ങുന്ന തൊഴിൽ സംസ്കാരത്തിന് ഏറെ മാറ്റം വന്നിരിക്കുന്നു. മെച്ചപ്പെട്ട ജോലികൾ ഗവൺമെന്റ് മേഖലയിലായിരുന്നുവെങ്കിൽ ന്യൂജനറേഷൻ കമ്പനികളുടെ കടന്നുവരവോടുകൂടി കനത്ത ശമ്പളവും വിദേശയാത്രകളുമൊക്കെയായി സ്വാകാര്യമേഖലയും ആകർഷകമായി മാറി. ഡെഡ് ലൈനുകൾ, സെയിൽസ് ടാര്‍ജറ്റ്, കോംപിറ്റിറ്റീവ്നെസ്സ്, പ്രൊഡക്ടിവിറ്റി തുടങ്ങിയവയൊക്കെ മുഖമുദ്രയാക്കപ്പെട്ട പുത്തൻ കോർപറേറ്റ് കൾച്ചർ, ജോലിക്കാർക്കു സമ്മാനിച്ച ഉപോൽപന്നങ്ങളാണ് ടെൻഷനും സ്ട്രെസ്സുമൊക്കെ. മുൻകാലങ്ങളിൽ ഒരാൾ ഒരു ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ റിട്ടയർമെന്റ് വരെ അതേ സ്ഥാപനത്തിൽ തന്നെ ജോലി നോക്കുന്നതായിരുന്നു രീതി. 

എന്നാൽ എം.ബി.എ.യും, ഇന്‍ഫർമേഷൻ ടെക്നോളജിയുമൊക്കെ പഠിച്ചിറങ്ങുന്ന ഇന്ത്യയുടെ പുത്തൻ യുവത്വത്തിന് ഇന്ന് കോർപറേറ്റ് സ്ഥാപനങ്ങളിൽ ദീർഘകാലം ജോലി ചെയ്യാനാകുന്നില്ല. 

അമിതമായ ജോലിഭാരം, ബോസുമായുള്ള സ്വരച്ചേർച്ചയില്ലായ്മ, അർഹമായ പ്രമോഷൻ കിട്ടാതെ വരൽ, സ്ഥാപനത്തിൽ താൻ തഴയപ്പെട്ടു എന്ന തോന്നലുണ്ടാകൽ, ക്ലിപ്തമല്ലാത്ത ജോലി സമയം, തന്റെ കഴിവിനുമപ്പുറത്തുള്ള ടാര്‍ജറ്റ് തുടങ്ങിയവയൊക്കെയാണ് ഇന്നത്തെ ജോലിക്കാരിൽ ടെൻഷനു പ്രധാന കാരണമായിത്തീരുന്നത്. കുടുംബത്തിനു വേണ്ടി സമയം ചെലവഴിക്കുവാൻ പറ്റാത്തതുമൂലമുള്ള കുടുംബപ്രശ്നങ്ങളും ചിലരെയെങ്കിലും ടെൻഷനിലാക്കുന്നു. ഈയൊരവസ്ഥയിൽ ഒരാളുടെ ജീവിതത്തിൽ ശാരീരകവും മാനസികവും വൈകാരികവുമായ മാറ്റം വരുത്തി ജോലിയുമായി ബന്ധപ്പെട്ടുള്ള സംഘർഷങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളാണ് ആരോഗ്യ, മനഃശാസ്ത്ര രേഖകളുടെ പിൻബലത്തോടെ ‘ജോലിയിൽ ഇനി ടെൻഷൻ വേണ്ട’ എന്ന ഈ പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്. 

ജോലിയിലെ സംഘർഷങ്ങൾ മൂലമുള്ള നിഷേധാത്മക ഫലങ്ങൾ ഒരു വ്യക്തിയുടെ കുടുംബജീവിതത്തിലും അയാൾക്കു ചുറ്റുമുള്ള സമൂഹത്തിലുമെല്ലാം പ്രതിഫലിക്കുമെന്നതിനാൽ അവിടെയെല്ലാം ഏതുതരം മനോഭാവത്തോടെ എപ്രകാരം പ്രവർത്തിക്കണമെന്നും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. 

വിമർശനങ്ങൾ, പരാജയങ്ങൾ, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടൽ, യോഗ്യതയെ അപേക്ഷിച്ച് താഴ്ന്ന തസ്തികയിലുള്ള ജോലി, ഇംഗ്ലീഷിൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താനുള്ള ശേഷിക്കുറവ്, സമയക്ലിപ്തത പാലിക്കാത്ത ജീവിതം എന്നിവയെല്ലാം ഒരാളുടെ തൊഴിൽമേഖലയിലെ സംഘർഷങ്ങൾക്കു കാരണമായേക്കാം. വരുമാനത്തിനപ്പുറമുള്ള ചെലവ്, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടൽ, ഗുരുതരമായ രോഗം എന്നിവ വരുന്നതോടെ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നു. ഇവയെല്ലാം എങ്ങനെ നേരിട്ട് തൊഴിലിലും കുടുംബത്തിലും വിജയം വരിക്കാമെന്നതിനെക്കുറിച്ച് വിവിധ അധ്യായങ്ങളിലായി ഉദാഹരണം സഹിതം വിശദീകരിച്ചിട്ടുണ്ട്. 

ഏതൊരു ജോലിയില്‍ പ്രവേശിച്ചാലും വിവിധ ടെസ്റ്റുകൾ എഴുതി ഇഷ്ടപ്പെടുന്നതും കൂടുതൽ മെച്ചപ്പെട്ടതുമായ തൊഴിൽ കൈപ്പിടിയിലൊതുക്കാനാകും. മെച്ചപ്പട്ട തൊഴിലുകൾക്കായുള്ള പരീക്ഷകളെ എങ്ങനെ നേരിടണമെന്നും പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.  തൊഴിലിൽ വിജയിക്കുവാൻ വിദ്യാഭ്യാസ യോഗ്യതയും കഴിവും മാത്രമല്ല നമുക്കു വേണ്ടത്. നന്മയുടെ അംശം കൂടി വേണം. അതുകൊണ്ടാണ് വിദേശത്ത് വിവിധ പ്രഫഷണൽ കോഴ്സുകൾക്കും ജോലിക്കുമായി അപേക്ഷിക്കുന്നവരോട്  അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന രേഖകൾ കൂടി ഉൾക്കൊള്ളിക്കാൻ പല രാജ്യങ്ങളും ആവശ്യപ്പെടുന്നത്. ‘വെളിച്ചം പരത്തുന്ന പെൺകുട്ടികൾ’ എന്ന അധ്യായത്തിൽ തൊഴിലിലെ നന്മയുടെ കിരണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. 

തൊഴിലിലെ സംഘർഷങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടാനുള്ള പ്രത്യേക ആഹാര ക്രമങ്ങളും പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. ഇന്ത്യയുൾപ്പെട ഒട്ടേറെ രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച ആഹാരരീതിയാണിത്. 

ഒരു വ്യക്തിയുട മാനസികവും സാമൂഹികവും വൈകാരികവും ആത്മീയവുമായുള്ള തലങ്ങളിൽ പടിപടിയായി മാറ്റം വരുത്തി ജോലിയിൽ വിജയം വരിക്കാൻ സഹായിക്കുന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കേഴ്സായ സെബിൻ. എസ്. കൊട്ടാരവും ജോബിൻ. എസ്. കൊട്ടാരവും ചേർന്നാണ്.