Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോവുകൾ പേറുന്ന ഒരു പെൺകുട്ടിയുടെ നേരനുഭവങ്ങൾ

നോവുകൾക്ക് എവിടെയെങ്കിലും ഒരു അറ്റമുണ്ടാകുമോ? എവിടെ ചെന്നാലും ചില മനസ്സുകൾക്ക് വേദനിക്കുന്ന ഹൃദയങ്ങളോട് ഐക്യപ്പെടാനാകും. അതാണ് ചിലരുടെ പ്രത്യേകത, അത്തരം അനുഭവങ്ങൾ കേൾക്കുക എന്നാൽ ജീവിതങ്ങളെ അടുത്തറിയുന്നത് പോലെയും തൊടുന്നത് പോലെയും അവർക്കിടയിൽ ജീവിക്കുന്നത് പോലെയും ഒക്കെയാണ്. അത്തരത്തിലുള്ളൊരു അനുഭവമാണ് അവിശുദ്ധ മുറിവുകൾ. എന്ന പുസ്തകം. ഹണി ഭാസ്കറിന്റെ പുസ്തകം അവരുടെ തന്നെ നേരനുഭവത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ഏറ്റവും വിശുദ്ധമാക്കപ്പെട്ട അനുഭവങ്ങളുടെ മുറിവുകളെ അവിശുദ്ധീകരിക്കുന്ന ഇടങ്ങളാണ് പലപ്പോഴും വായിക്കപ്പെടുന്ന മനസ്സുകൾ. അതായതു വായനയിലാണ് മുറിവുകൾ കൂടിച്ചേരുകയും പലപ്പോഴും ഉള്ളതിലുമേറെ ആഴത്തിൽ ചോര വാർക്കപ്പെടുകയും ചെയ്യുക. അത്തരത്തിലുള്ളൊരു വായന ഹണിയുടെ പുസ്തകം നൽകുന്നുണ്ട്. അതുകൊണ്ടു വായന സ്വാഭാവികമായും ഏറെ ചങ്കൂറ്റം വേണ്ട ഒന്നായി മാറപ്പെടുന്നു.

അനുഭവം, ഓർമ്മ, യാത്ര എന്നിങ്ങനെയുള്ള വിവിധ തലങ്ങളിലുള്ള ഓർമ്മകളുടെ ചേർത്തെഴുത്താണ് ഈ പുസ്തകം. കുട്ടിക്കാലം പേറിയതും അങ്ങനെ ജീവിതത്തിന്റെ പല കാലങ്ങളിൽ അനുഭവിച്ചതും കൂടെ കൂട്ടിയതും വലിച്ചെറിഞ്ഞതുമായ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ വായിക്കുമ്പോൾ എന്റെ ദൈവമേ! ഇതിൽ പലതും അനുഭവിച്ചു കടന്ന ഈ പെൺകുട്ടി എന്റെ പ്രായമാണല്ലോ, അവൾക്കിതിനുള്ള മനക്കരുത്ത് ഈ പ്രായത്തിൽ എവിടുന്നു കിട്ടി എന്ന് ഓർത്തു പോയി. അനുഭവങ്ങളും തീക്ഷ്ണമായ അതിജീവനവുമാണല്ലോ അക്ഷരങ്ങളെയും ജീവിതത്തെയും പലപ്പോഴും മുന്നോട്ടു നയിക്കുന്നത്. ഹണിയുടെ കാര്യത്തിൽ അത് പച്ച പരമാർത്ഥമാണ്. 

ഏറെ വായിക്കപ്പെട്ട ഒരു അനുഭവമാണ് "ഇനിയും മഞ്ഞുകാലമെന്നാൽ നീയാണ്" എന്നത്. പ്രണയത്തിന്റെ നേരനുഭവങ്ങളെ പനിച്ചൂടിന്റെ കുളിരു കൊണ്ട് പകർത്തിയെഴുതിയ അനുഭവം. പ്രണയം എന്നത് ഹണിയ്ക്ക് അവനവനെ ഛേദിച്ചെടുക്കുന്നതു പോലെയൊരു അനുഭവമാണ്. സ്വയം മുറിഞ്ഞു പോകുന്ന അവസ്ഥ. പലപ്പോഴും പല തവണ മുറിഞ്ഞു പോവുകയും കൂടി ചേരുകയും വീണ്ടും മുറിഞ്ഞു പോവുകയും ചെയ്ത അതീവ ദുർബലമാക്കപ്പെട്ട ഒരു ഹൃദയം അതിന്റെ അന്ത്യത്തോടടുക്കുമ്പോൾ വന്നു ചേരുന്ന ഒരു കണ്ടെത്തലുണ്ട്, ഇനിയും ഒഴുകാൻ ഹൃദയത്തിൽ രക്തം ബാക്കിയുണ്ടായിരുന്നില്ലല്ലോ എന്ന തിരിച്ചറിവ്. ആ അനുഭവങ്ങൾക്ക് മുകളിൽ നിന്നെ ഈ മഞ്ഞുകാലത്തിന്റെ പ്രണയ അക്ഷരങ്ങളെ വായിക്കാൻ തോന്നിയുള്ളൂ. ഇസബെൽ മേയുടെ ഓർമകൾ പൂത്തു നിൽക്കുന്ന മലനിരകളിലേയ്ക്ക് അയാളുടെ കൈപിടിച്ച് പോകുമ്പോൾ പ്രതീക്ഷ ഒരു മല ഉയരത്തിൽ അവളുടെ കൈപിടിച്ചിരുന്നുവെന്നു ഊഹിക്കുന്നു. എന്തൊരു അമ്പരപ്പിക്കുന്ന ഭാഷയുടെ ഒഴുക്കാണ് ഹണിയുടെ പ്രണയാക്ഷരങ്ങൾക്ക്.

മറ്റു പലയിടങ്ങളിലും വായിക്കപ്പെട്ടതിനാൽ ആ മഞ്ഞുകാലത്തിന്റെ ഓർമകളെ കുറച്ചാദ്യം പകർത്തി വച്ചുവെന്നേയുള്ളൂ. അവിശുദ്ധ മുറിവുകളിൽ എല്ലാ കുറിപ്പുകളും ഓർമകളോടൊപ്പം വിശുദ്ധീകരിക്കപ്പെട്ടവയാണ്. ഓരോ കാലങ്ങളിൽ ഹണി അനുഭവിച്ചെടുത്ത ചൂടുള്ള ജീവിതങ്ങളാണ്. ശരിയെന്നു ബോധ്യമുള്ള ഇടങ്ങളിൽ ആർജ്ജവത്തോടെ നിന്ന് പൊരുതുന്ന അസാമാന്യമായ ധൈര്യം സൂക്ഷിക്കുന്നവയാണ് ഹണിയുടെ ഓരോ കുറിപ്പുകളും വഴിവക്കിൽ ഒറ്റയ്ക്കായി പോയ ഒരു പെൺകുട്ടി അവൾ ഓട്ടടയ്ക്ക് നീന്തി കയറിയ വഴികൾ സവിസ്തരം ഇവിടെ പ്രതിപാദിക്കുന്നു. സ്‌കൂൾ കാലത്തിനു ശേഷം അച്ഛന് ഒട്ടും ഇഷ്ടമില്ലാതെ ബാഗ്ലൂർ പോലെയൊരു മഹാ നഗരത്തിൽ പഠനത്തിനായി ചേരുമ്പോൾ എന്താകാം ഹണിയെ പോലെയൊരു പെൺകുട്ടിയെ നയിച്ചിട്ടുണ്ടാവുക! ജീവിക്കണം, അതിനു വിദ്യാഭ്യാസവും ജോലിയും വേണം എന്ന കണ്ടെത്തൽ തന്നെ. അതിനിടയിൽ അവൾ കണ്ടെത്തിയ മനുഷ്യർ അവളിൽ ഒട്ടേറെ അടിച്ചേൽപ്പിച്ചു. മുറിവുകളും സന്തോഷങ്ങളും ഭ്രാന്തുകളും ഉന്മാദങ്ങളുമുൾപ്പെടെ പലതും.

വായനയിൽ ചിലപ്പോൾ തോന്നിയേക്കാം ഇവരിൽ പലരെയും എനിക്ക് പരിചയമുണ്ടല്ലോ! ഞാൻ പോരുന്ന വഴിയിലെവിടെയോ എനിക്ക് മുന്നിലേക്കും ഇവരിൽ ആരൊക്കെയോ എത്തിപ്പെട്ടിരുന്നല്ലോ! പക്ഷേ, ഞാനെങ്ങനെയാണ് അവരോടു പെരുമാറിയത്! ഹണി ആവശ്യത്തിലേറെ പലർക്കു വേണ്ടിയും നിലവിളിക്കുമ്പോൾ ആ കരച്ചിലുകൾ നമ്മളുടേതുമായി മാറുന്നു. ഒരുക്ഷേ, നമുക്ക് പകരമുള്ള കരച്ചിലുകളായും മാറുന്നു. അങ്ങനെ ഒരു നിലവിളിയിൽ നിന്നാണ് വാവയുടെ കഥയിലേക്ക് എത്തി ചേരുന്നത്. കൊട്ടാരം പോലൊരു വീട്ടിലെ കോടികളുടെ കണക്കെടുപ്പിനിടയിൽ വച്ച് ജീവിതം നഷ്ടപ്പെട്ടു പോയൊരു പെൺകുട്ടി. അവൾ എഴുത്തുകാരിക്ക് ആരൊക്കെയോ ആയിരുന്നു, ഒറ്റപ്പെട്ടുപോയ ഒരു സമയത്തു കൂടെ ഉണ്ടായിരുന്ന വിരലുകളായിരുന്നു. അവളുടെ പ്രിയപ്പെട്ടവന്റെ സുഹൃത്തായിരുന്നു, പക്ഷേ, ഒന്നും അവളുടെ യാത്രയ്ക്ക് തടസ്സമായില്ല. എല്ലാവരെയും തനിച്ചാക്കി ജീവിക്കാൻ അത്രയേറെ മോഹമുള്ളൊരാൾ ദൂരേയ്ക്ക് പറന്നു പോയി. അമേരിക്കയിലെ ചികിത്സ പോലും ആസ്ഥാനത്താക്കി വിദേശത്തു നിന്ന് നാട്ടിലേയ്ക്ക് അവളുടെ ശരീരം വിമാനത്തിൽ കൊണ്ട് വന്ന ആ ഓർമകൾ ഹണിയെ ഇപ്പോഴും മരവിപ്പിക്കുന്നു എന്നതിൽ അതിശയമില്ല. ഓരോ വിമാന യാത്രയും ഇപ്പോഴും നൽകുന്ന ആ മരണത്തിന്റെ തണുത്ത ഇടങ്ങളെ കുറിച്ച് ഹണി ഒരുപാടൊന്നും പറഞ്ഞില്ലെങ്കിലും വായനയിൽ ആ തണുത്ത മൗനം തൊട്ടെടുക്കാം.

നേരിട്ടും അനുഭവമുള്ളതുകൊണ്ടാകാം, "ശൈലൻ: ഇ സ്‌കൗണ്ട്രൽ പോയറ്റ്" എന്ന അനുഭവക്കുറിപ്പിന്റെ വായനയ്ക്ക് ശേഷം അയാളോട് മിണ്ടാൻ തോന്നിയത്. ശൈലൻ ഒറ്റയ്ക്കൊരു അനുഭവക്കുറിപ്പാണ്. അയാളുടെ ജീവിതത്തിലേയ്ക്ക് ആരെങ്കിലും വന്നു പെട്ടാൽ പിന്നെ തിരിച്ചെടുക്കാൻ കഴിയാത്തൊരു സ്നേഹത്തിന്റെ വല ശൈലൻ അവിടെ വിരിച്ചിടും. അതിന്റെ കാണികൾക്ക് ഇത്ര ബലം അയാളുടെ സ്നേഹത്താൽ ഉള്ളതാണ്. ഇതിനു തൊട്ടു മുൻപ് ഹണിയോടൊപ്പം തന്നെയാണ് ശൈലനെ അവസാനമായി കണ്ടതും. ഓർമ്മകളിൽ, സംസാരങ്ങളിൽ അങ്ങനെ ഹണിയും അവളുടെ അവിശുദ്ധ മുറിവുകളും അവളുടെ കരച്ചിലുകളും ചങ്കൂറ്റമുള്ള അതിജീവനവും മാത്രമായി. ഒരുപക്ഷേ, അവളെ കണ്ടെത്തിയ അപൂർവ്വം മനുഷ്യരിൽ അയാൾ ഒരുവനായിരിക്കണം! അതുകൊണ്ടാണല്ലോ അയാൾക്കായി ഹണി അവളുടെ പ്രിയപ്പെട്ട പുസ്തകത്തിലെ നാലഞ്ചു പേജുകൾ നീക്കി വച്ചതും. 

ഒറ്റയ്ക്കായി പോകുമ്പോഴാണ് മനുഷ്യർ എന്ന് തോന്നുന്നവർ നമ്മുടെ അരികിലേക്ക് എത്തുന്നതും അവരിൽ ചിലർ നമ്മുടെ ആരൊക്കെയോ ആയി തീരുന്നതും. അങ്ങനെ പലരെയും ഈ പുസ്തകത്തിൽ കണ്ടെത്താം, മറ്റൊരു രീതിയിൽ പറഞ്ഞാൽ മനുഷ്യരെ കണ്ടെത്താലാണീ പുസ്തകം. ഹണി അവരുടേതായ രീതിയിൽ കണ്ടെത്തിയമനുഷ്യരെ കുറിച്ച് മനോഹരമായ ഭാഷയിൽ വരഞ്ഞിട്ടിരിക്കുന്നു. വായനയെ ഒരിക്കലും മുഷിപ്പിക്കാത്ത പുസ്തകം. വായിച്ചു തീരുമ്പോൾ പലപ്പോഴും കണ്ണ് നിറയിപ്പിച്ച എഴുത്തുകൾ. ഒരുപക്ഷേ, എഴുത്തുകാരിയുടെ ജീവിതം അതുതന്നെയാണെന്ന, സത്യസന്ധമായ വായനയാണെന്ന ബോധ്യം കൂടി ഉള്ളതുകൊണ്ടാകാം, പല അനുഭവക്കുറിപ്പുകളുടെയും അവസാനം കവിളുകൾ നനഞ്ഞു പോയത്!

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review