Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയവും പ്രതികാരവും പ്രിയപ്പെട്ട ചോഖേർ ബാലിയും 

ചോഖേർ ബാലി എത്രയോ ശതാബ്ദങ്ങൾക്കു മുൻപ് എഴുതപ്പെട്ട ബംഗാളിന്റെ പ്രണയ ഇതിഹാസമാണ്. പക്ഷേ, ഇന്നും അതിന്റെ കഥയ്ക്ക് മനോഹാരിത നഷ്ടപ്പെടുന്നില്ലെങ്കിൽ അതിനർഥം അതെഴുതിയ വിരലുകൾ അത്രമേൽ കാലത്തേ കയ്യിലൊതുക്കിയ ഒരാളിന്റേതാണ് എന്നതാണ്. രബീന്ദ്രനാഥ് ടാഗോർ ഒരു വെറും പേരല്ല, കാലത്തിൽ ഇതിഹാസമായി തീർന്ന പേരാണ്. ചോഖേർ ബാലി യാദൃശ്ചികമായി കയ്യിൽ വന്നുപെട്ട പുസ്തകമാണ്. ഏറ്റവും പുതിയ ആകർഷകത്വമുള്ള കവറിന്റെ ഉള്ളിൽ ആ പേരും ടാഗോറിന്റെ മുഖവും ഇങ്ങനെ പ്രകാശിക്കുമ്പോൾ എടുത്തു നോക്കാതെയിരിക്കുന്നതെങ്ങനെ! ഭാഗ്യം, രണ്ടു തവണ യൂട്യൂബിൽ കാണാൻ എടുത്തു വച്ചിട്ടും കാണാൻ പറ്റാതെ പോയ ചിത്രമാണ് ഐശ്വര്യ റായിയുടെ ചോഖേർ ബാലി. വായന തന്നെയാണ് വേണ്ടിയിരുന്നതെന്നും പുസ്തകം വീണ്ടും ഓർമിപ്പിക്കുന്നു.

ബംഗാളിലെ തെരുവുകളിലായിരുന്നു ചോഖേർ ബാലി വായിക്കുമ്പോൾ നടന്നിരുന്നത്. മുകളിലേയ്ക്ക് ഉയർത്തിക്കെട്ടിയ മനോഹാരിത അത്രയ്ക്കൊന്നും പേറാത്ത വലിയ സൗധങ്ങളിലൊന്നിൽ ബിനോദിനി ഇരിപ്പുണ്ടാകുമെന്നു തോന്നി, അല്ല അവൾ ബിഹാരിയുടെ ആശ്രമത്തിലാവില്ലേ? ചിലപ്പോൾ ആശാലതയും മഹീന്ദ്രയും അവിടെ തെരുവിൽ കണ്ടേക്കാം! എത്ര മനോഹരമായാണ് ഒരിക്കൽ നടന്നു പോയ തെരുവുകളെ ഒരു പുസ്തക വായന ഓർമ്മിപ്പിക്കുന്നത്!

ബിനോദിനിയുടെ കഥയാണ്‌ ചോഖേർ ബാലി. അങ്ങനെ പറഞ്ഞാൽ അത് പൂർണമാകില്ലല്ലോ! ആശാലതയുടെയും കഥയാണ് അത്. എന്നാലേ അവർ പരസ്പരം വിളിക്കാനായി ഇട്ട ചോഖേർ ബാലി എന്ന പേര് പൂർണമാകൂ. വളരെ യൗവ്വനത്തിൽ വിധവയാക്കപ്പെട്ട ബിനോദിനി ആഗ്രഹങ്ങളും സ്വപ്നങ്ങളും യൗവ്വനവും അപ്പോഴും മനസിലും ശരീരത്തിലും സൂക്ഷിക്കുന്നവളാണ്. അവളുടെ മുന്നിലേക്കാണ് ആശാലത അവളുടെ മഹേന്ദ്രയെയും കൂട്ടി പ്രണയാർദ്രമായ നിമിഷങ്ങളോടെ എത്തുന്നത്. മഹീന്ദ്രയും ബിഹാറിയും കുട്ടിക്കാല സുഹൃത്തുക്കളാണ്, മഹീന്ദ്രയുടെ അമ്മയുടെ ഗ്രാമത്തിലെ പെൺകുട്ടിയാണ് ബിനോദിനി. ആശാലത എന്ന നന്നായി കുടുംബം നോക്കാൻ അറിയാത്ത പെൺകുട്ടിയെ മഹേന്ദ്ര വിവാഹം കഴിച്ചത് അവളെ കണ്ടു മോഹിച്ചിട്ടായിരുന്നു, അതുകൊണ്ടു തന്നെ അവളെ ഇപ്പോഴും തന്നിലേക്കടക്കി പിടിക്കാൻ അയാൾ ശ്രമിച്ചു. അടുക്കളയിലെ നിർമ്മിതികളോ, വീടിന്റെ ഉത്തരവാദിത്തങ്ങളോ നോക്കാൻ സമ്മതിക്കാതെ അവളെ ഇപ്പോഴും അയാൾ അയാളുടെ കയ്യിലെ തുടിക്കുന്ന പാവയാക്കി തീർത്തു. പ്രണയത്തിന്റെ പ്രാഥമിക ഘട്ടം അവർക്കിടയിൽ അവസാനിക്കുമ്പോഴേക്കും അവർക്കിടയിലേക്ക് ബിനോദിനി വന്നു ചേർന്നിരുന്നു.

പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും മോഹഭംഗത്തിന്റെയും കഥയാണ്‌ ചോഖേർ ബാലി. നിഷ്‌കളങ്കയായ ആശാലതയുടെ അടുത്ത സുഹൃത്താവുന്ന ബിനോദിനിയ്ക്ക് മഹീന്ദ്രയുടെ പ്രണയ ചേഷ്ടകളോട് അതിരറ്റ മോഹമുണ്ട്. അവൾ അയാളെ ഏതോ ഒരു നിമിഷത്തിൽ മോഹിച്ചു പോവുകയും മോഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അവളുടെ പ്രണയം നീളുന്നത് മഹീന്ദ്രയുടെ അടുത്ത സുഹൃത്തായ ബിഹാരിയിലേക്കാകാം. എന്നാൽ മഹേന്ദ്രയ്ക്കും ബിഹാരിയ്ക്കും സ്നേഹം കൂടുതൽ നിഷ്കളങ്കയായ ആശയിലേയ്ക്കണെന്നറിയുന്നതോടെ ബിനോദിനിയുടെ മനസ്സിൽ രൂപപ്പെടുന്ന കൊടുങ്കാറ്റിന് എല്ലാം തകർക്കാനുള്ള ശക്തിയുണ്ട്. അതോടെ ജീവിതവും മനസ്സും ഒക്കെ കടപുഴകി വീഴുകയാണ്. പ്രാഥമിക പ്രണയകാലത്തിന്റെ ആവേശങ്ങൾ അവസാനിക്കുമ്പോൾ മഹേന്ദ്രയിൽ ബാക്കിയാകുന്നത് ബിനോദിനി എന്ന അടുത്ത പ്രണയ കുടീരത്തിലേക്കുള്ള യാത്രയാണ്. പക്ഷേ, അപ്പോഴേക്കും അവൾ അന്തരാത്മാവിൽ ബിഹാരിയോടുള്ള അനുരാഗം തിരിച്ചറിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് ബിനോദിനിയുടെ കാത്തിരിപ്പാണ്.

ബംഗാളി ഒരർഥത്തിൽ ഇന്ത്യൻ സാഹിത്യത്തിൽ ഏറെ ഇളക്കങ്ങൾ ഉണ്ടാക്കിയ ഭാഷയാണ്. സിനിമയിലും സാഹിത്യത്തിലും ചിത്രകലയിലും ഒരുപോലെ അദ്‌ഭുതങ്ങൾ പ്രവർത്തിച്ച മണ്ണ്. അവിടെ നിന്നാണ് ടാഗോർ ചോഖേർ ബാലിയിലേയ്ക്ക് നടന്നടുക്കുന്നത്. വാക്കുകൾ കൂട്ടി വച്ചാൽ ഭാഷയാവില്ലെന്നും അവ ആത്മാവിൽ നിന്നാവണമെന്നും ഉത്തരസാഹിത്യ കൃതികൾ വെളിപ്പെടുത്തുന്നു. ചോഖേർ ബാലിയുടെ വായനാനുഭവവും മറിച്ചല്ല. സുനിൽ ഞാളിയത്തിന്റേതാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ. എത്ര പരിമിതമാണ് പദസമ്പത്തെന്നു ചോഖേർ ബാലിയുടെ എഴുത്തു സമയങ്ങളിൽ അനുഭവപ്പെട്ടതായി അദ്ദേഹം എവിടെയോ എഴുതിയത് വായിച്ചതോർക്കുന്നു. വാക്കുകളുടെയും വാചകങ്ങളുടെയും മഹാഗുരുവിന്റെ പുസ്തകത്തിന് മുന്നിലിരിക്കുമ്പോൾ വിനയാന്വിതൻ ആകേണ്ടത് അല്ലെങ്കിലും അത്യാവശ്യം തന്നെ. അപ്പോഴും കണ്ണിൽ മണ്ണിൽ നിന്ന് വേരുകൾ അടർത്തി മാറ്റിക്കൊണ്ട് ഉയർന്നു പറക്കുന്ന ഈയലിനെ എന്ന പോലെ അടിത്തട്ടിൽ നിന്ന് പൊങ്ങി പറക്കുന്ന അക്ഷരങ്ങളെ അദ്ദേഹത്തിന് കണ്ടില്ലെന്നു നടിക്കാനാവില്ല. ബിനോദിനിയെയും മഹേന്ദ്രയെയും ബിഹാറിയെയുമൊക്കെ എത്ര ഭാവ ദീപ്തമായാണ് മലയാളിക്ക് സുനിൽ പരിചയപ്പെടുത്തുന്നത്!

നിസംഗയായ ഒരു സ്ത്രീയുടെ വേദന ചോഖേർ ബാലി പേറുന്നുണ്ട്. അനാഥയാക്കപ്പെട്ട, വിധവയാക്കപ്പെട്ട ഒരു സ്ത്രീയ്ക്ക് ജീവിതം നൽകുക എന്നത് അത്ര എളുപ്പമല്ലാത്ത ഒരു കാലത്താണ് ബിനോദിനി പുരുഷൻമാരുടെ മനസിലേയ്ക്ക് തീ കോരിയിടുന്നത്. കാമവും അനുരാഗവും നിറഞ്ഞ മഹീന്ദ്രയുടെ മനസ്സിനെയും ശരീരത്തെയും പക്ഷേ, അവളൊരിക്കലും അടക്കാനായി ശ്രമിച്ചില്ല, വീണ്ടും വീണ്ടും അയാളിലേക്ക് മോഹത്താൽ പടർന്നു കയറുകയല്ലാതെ. ഒരു സമൂഹം ഒരു സ്ത്രീയെ പുറത്തു നിർത്തുമ്പോൾ അവളുടെ വിഹ്വലവും ദീപ്തവുമായ മോഹങ്ങളുള്ള മനസ്സ് വെളിപ്പെടുക മാത്രമാണ് ബിനോദിനിയിലൂടെ. പ്രതികാരത്തിന്റെ വഴിയിലൂടെ നടന്ന അവൾ ഒടുവിൽ ആരാലും സ്വീകരിക്കപ്പെടാനാകാതെ ബിഹാരിയുടെ സേവിക മാത്രമായി ഒതുങ്ങി കൂടാൻ ആഗ്രഹിക്കുമ്പോൾ മോഹങ്ങളെ ഒക്കെ ഒതുക്കി താൻ തെറ്റുകാരിയല്ലെന്ന് അവിടെ ഉറക്കെ പ്രഖ്യാപിക്കുന്നു ബിനോദിനി. എളുപ്പമായിരുന്നു അവൾക്ക് ബിഹാരിയുടെ ജീവിതത്തിലേയ്ക്ക് കയറാൻ, പക്ഷേ, ജീവിതങ്ങൾ തകർത്തവൾ മറ്റൊരു ജീവിതത്തിലേയ്ക്ക് ചിരിച്ചുകൊണ്ട് അത്ര പെട്ടെന്നൊന്നും ചെന്നെത്താൻ അവൾക്ക് കഴിയാത്തതു കൊണ്ടാകും. പക്ഷേ ഉറപ്പുണ്ട്, കഥാവസാനം അവളെ ബിഹാരിയുടെ അനുരാഗത്തിലേയ്ക്ക് കൊണ്ടെത്തിക്കുമെന്ന്.

യാത്രയുടെ തുടക്കമെന്ന പോലെ ബാക്കി മൗനങ്ങൾ കൊണ്ട് മൂടി നിശ്ശബ്ദനായിരിക്കുകയാണ് ടാഗോർ. ബിനോദിനിയും ബിഹാരിയും ആശയും മഹീന്ദ്രയും അവരവരുടെ വഴികളിൽ മികച്ച വേഷങ്ങൾ എടുത്തണിയുന്നതോടെ എന്തിനും ഏതിനും ഒരു കരണമുണ്ടായേക്കാം എന്ന വാക്കിനു അടിവരയിടുന്നു. ടാഗോർ എന്നത് എപ്പോഴും വായിച്ചു വളർന്നവർക്കുള്ള ഒരു വൈകാരിക നാമമാണ്. അതിനെ വിട്ടുപിടിക്കാൻ ഭാരതീയന് ആവില്ല തന്നെ. ഏറ്റവും മികച്ച കല എന്ന നിലയിൽ ഋതുപർണ ഘോഷിന്റെ ചോഖേർ ബാലി എന്ന സിനിമ മികച്ചു നിൽക്കുന്നുണ്ടെന്ന കണ്ടെത്തലിൽ നിന്നാണ് അതിനിടെ കൊടുക്കാതെ വായനയെ തന്നെ അഭയം പ്രാപിച്ചത്. തെരഞ്ഞെടുപ്പ് തെറ്റുന്നില്ല. ഏതു വഴിയിലൂടെയാണെങ്കിലും കഥകൾ മടുക്കുന്നതേയില്ലല്ലോ!

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review