Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ

കുമാരൻ മൂപ്പർ നിശ്ചലം ഭാര്യയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ ആ ചുളിവാർന്ന മുഖത്തെ തുറന്നുപിടിച്ച കണ്ണുകളിൽ തന്നെ തറച്ചുനിന്നു ചുറ്റും കൂടിനിന്ന മക്കളോടും മരുമക്കളോടും കുട്ടികളോടും ദൂരെ നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

മെല്ലെയദ്ദേഹം കുനിഞ്ഞു.

പതുക്കെ തന്റെ ചിരുതയുടെ മുഖത്തെ രണ്ടു കൈകൊണ്ടും അരുമയായി തലോടി. ആ കൈകൾ പതുക്കെ തൊണ്ടക്കുഴിയിലേക്കു താണു. പതുക്കെ തടവി., അഴിഞ്ഞുപൊട്ടിയ കുപ്പായകുടുക്കൾക്കിടയിലൂടെ വറ്റിവരണ്ട എല്ലുമാത്രം പൊന്തിനിന്ന ആ മാറിടത്തിൽ ഒന്നുപരതി. മെല്ലെ, കുഴിയിലാണ്ട ആ മടക്കുകൾ വീണ വയറിലും ഒന്നു തോടി. മെല്ലെ, കൈകൾ താഴേക്ക് നീട്ടി കാലടി വരെ അദ്ദേഹം തലോടി. പിന്നെ പതുക്കെ കൈകൾ വീണ്ടും നെറ്റിത്തടതത്തിലെത്തി തുറന്നുവച്ച ആ കണ്ണുകൾ അദ്ദേഹം തിരുമ്മിയടപ്പിച്ചു. പറക്കാൻ പോകുന്നതുപോലെ വിരുത്തിവച്ച ആ കൈകളും നേരെയാക്കി ശരീരത്തോടു ചേർത്തുവച്ചു…

ഒട്ടേറെ സംഭവങ്ങൾക്കു നേർസാക്ഷ്യമായിരുന്ന ഒരു ശരീരമാണ് ആത്മാവ് വേർപെട്ട് നിശ്ചലമായി കിടക്കുന്നത്. ആവിലാക്കരയെന്ന ദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്ന ചിരുത മരിച്ചു. കൗമാരപ്രായത്തിൽ തന്റെ ജീവിതപങ്കാളിയായ ചിരുതയെ കുമാരൻമൂപ്പർ അവസാനമായി കാണുന്ന ഭാഗമാണ് നോവലിസ്റ്റ് ഷൈന ഹൃദയത്തിൽതൊടുന്ന അനുഭവത്തോടെ ചെറിയവാക്കുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. വേരുപൊട്ടി മുളച്ചുവന്ന്, തഴച്ചുവളർന്ന്, ഒടുവിൽ ചേതനയറ്റ് നിശ്ചലമായി പോകുന്ന ഒട്ടനവധി ജീവിതങ്ങളാണു നമുക്കുചുറ്റുമുള്ളത്. അത്തരം കുറേ ജീവിതങ്ങളുടെ ആവിഷ്ക്കാരമാണ് ഷൈനയുടെ ആവിലാക്കരയുടെ പെൺവൃത്താന്തങ്ങൾ എന്ന നോവലിലൂടെ പറയുന്നത്. 

കുഞ്ഞൂട്ടിയെന്ന ബാലികയുടെ അനുഭവവിവരണത്തിലൂടെയാണ് ആവിലാക്കരയിലെ ജീവിതങ്ങളെ വായനക്കാർ അറിയുന്നത്. താനുംകൂടി ഭാഗമായ ആവിലാക്കരയെ കുട്ടിയുടെ കാഴ്ചപ്പാടിലൂടെയല്ല അവൾ കാണുന്നത്. കുഞ്ഞൂട്ടിയുടെ പെൺകാഴ്ചപ്പാടിൽ നിന്നു പറയുമ്പോൾ വെറും സ്ത്രീ കേന്ദ്രീകൃതമാകാതെ, സ്ത്രീയുടെ നന്മയെ വാഴ്ത്തുകയും കൊള്ളരുതായ്മയെ എടുത്തുപറയുന്നുമുണ്ട്. 

ഞാൻ എഴുത്ത് മതിയാക്കി തിരിച്ചുനടക്കാൻ ഭാവിക്കുമ്പോൾ പിണങ്ങിനിന്ന കഥാപാത്രങ്ങളെല്ലാം ഒത്തുതീർപ്പിലെന്ന വണ്ണം എഴുത്തുമേശയ്ക്കരികിൽ നിരന്നുനിന്നു. ഞാൻ ഓരോരുത്തരുടെയും മുഖത്തേക്കു മാറിമാറി നോക്കി. അതിലെനിക്കേറ്റും പ്രിയപ്പെട്ടതായി തോന്നിയത് എന്റെ കുഞ്ഞൂട്ടിയെയാണ്. ആവിലാക്കരയിലെ ആവിലാവീടിനെ പരിചയപ്പെടുത്തുന്നത് കുഞ്ഞൂട്ടിയെ കാണിച്ചുകൊണ്ടാണ്. കുമാരൻ മൂപ്പർ എന്ന അച്ചാച്ചനും ചിരുതയെന്ന അമ്മമ്മയുമാണ് കുഞ്ഞൂട്ടിയെ വളർത്തുന്നത്. പ്രസവത്തിൽ തന്നെ അവളുടെ അമ്മ മരിച്ചുപോയി. അച്ഛൻ വേറെ വിവാഹം കഴിച്ചു. അതോടെ അവൾ അമ്മമ്മയുടെയും അച്ചാച്ചന്റെയും കൂടെയായി താമസം.

രവി എണീച്ചാ?

താമോരൻ അടക്കബിറ്റ പൈശ തേച്ചും തന്നിനാ, ഓനിന്നലെ എപ്പാ ബന്നേ?

ചീരൻ ഇന്നലെ ചോറ് ത്ന്നിനാ?

ദച്ചോണൻ മരച്ചാപ്പോ പോയാ?

ചന്ദ്രന്റെ ഓട്ടോർച്ചയ്ക്ക് എന്നാ കൊയപ്പം? ഉരുള് പഞ്ചറായീന്ന് പറഞ്ഞല്ലോ?

അച്ചാച്ചന് മക്കളെക്കുറിച്ചാണു ചോദിക്കാനുള്ളത്. പക്ഷേ അമ്മമമ്മയുടെ മറുപടി അദ്ദേഹത്തെ കൂടുതൽ ചൊടിപ്പിക്കും.

ഞാനാരേം കണ്ടില്ല. ഞാനാരേം കേട്ടില്ല. രവിയും താമോരനും ചീരനും ദച്ചോണനും ചന്ന്രനും ഞാനൊറങ്ങോളം ബന്നില്ല. താമോരൻ പെലച്ചിപ്പെണ്ണിന്റപ്പാ രാത്രി മുയ്മൻന്നും പറഞ്ഞ് ഓന്റോള് പയങ്കര കരച്ചിലും പീച്ചിലും അടിയും പിടിയും.

ത്ഫൂ എരണംകെട്ടോന്മാര്. അതും പറഞ്ഞ് കാരണവർ നീട്ടിത്തുപ്പാനാഞ്ഞപ്പോൾ അമ്മമ്മ ഓട്ടുകോളാമ്പി നീട്ടിക്കൊടുത്തെങ്കിലും ഇഷ്ടപ്പെടാത്തപോലെ അദ്ദേഹം മുറ്റത്തേക്കു കാറിത്തുപ്പി. തന്നെ ആൺമക്കൾ വിലവയ്ക്കുന്നില്ലെന്ന ചൊരുക്ക് കുറച്ചുകാലമായി തന്റെയുള്ളിൽ കിടന്നു പുകയുന്നത് കാരണവർ അറിഞ്ഞു.

ആവിലാ വീട്ടിലെ പുരുഷന്മാരുടെ സ്ഥിതിയാണ് കാരണവരുടെയും ഭാര്യയുടെയും വാക്കുകളിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. കാമക്കലി തീർക്കാനായി രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങുന്നവർ. അതിനവർക്ക് ജാതിയൊന്നും പ്രശ്നമല്ല.

‘‘കുഞ്ഞാലാ നിന്റോള് വന്നില്ലേ.. ഓളേടെപ്പോയി?’’

‘‘ഓക്ക് ബൈറ്റ് വേന’’

ദാമോദരന്റെ മുഖം തെളിഞ്ഞു. ദാമോദരൻ കുഞ്ഞാലനെത്തന്നെ നോക്കിനിന്നു. ദാമോദരന്റെ ദേഹത്തുനിന്നുള്ള ഒരസാധാരണ സുഗന്ധം കുഞ്ഞാലനെ മനംമയക്കി.

‘‘നല്ലമണം’’

‘‘ഇനിക്ക് വേണോ കുഞ്ഞാലാ.. ഇത് ചെമ്മലക്കാട്ട്ന്ന് ദുബായീന്ന് കൊണ്ടന്ന ഫോറിൻ പൗഡ്രാ’’

‘‘ബേണം രാമോരേട്ടാ.. കള്ളാസ് തട്ടീറ്റ് കൊറച്ച് തെരുആ?’’

‘‘ഇനിക്കെന്തിനാട പൗഡ്ര്. ജാനൂന് ഇട്ടുകൊടുക്കാനാ… ഞാന്തെരാ കേട്ടോ’’

കുഞ്ഞാലൻ പണിം കഴിഞ്ഞ് കൂലിയും വാങ്ങി നേരെ ബാലന്റെ കള്ള്ഷാപ്പിലേക്കു പോയി. രാത്രി മടങ്ങിയെത്തി ഒരു മൂളിപ്പാട്ടോടെ ഭാര്യയ്ക്കരികിൽ കിടന്നു. ചേർന്നുകിടന്ന് ആശ്വാസത്തോടെ നടുവൊന്ന് നിവർത്തിയപ്പോൾ പതിവില്ലാതെ ജാനുവിന്റെ ദേഹത്തുനിന്നുയർന്ന അപൂർവ്വഗന്ധം ഏതാണെന്ന് അത്ഭുതപ്പെട്ടു. മൂക്കുവിടർത്തി വാസനിച്ചു. ജാനുവിന്റെ മുഖത്തും കഴുത്തിലും മുലകളിലും പരതി. കുഞ്ഞാലന്റെ ദേഹമൊന്നു പിടച്ചു…

പരസ്ത്രീഗമനത്തിനായി ഇറങ്ങുന്ന ദാമോദരന്റെ കാര്യമാണ് പരോക്ഷമായി നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പുരുഷന്മാർ ഇങ്ങനെയാകുമ്പോൾ ആവിലാവീട്ടിലെ സ്ത്രീകളുടെ ജീവിതവും പച്ചയായി അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞൂട്ടിയുടെ കാഴ്ചയിലൂടെയാണ് ആവിലാവീട്ടിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതം അവതരിപ്പിക്കുന്നത്. 

‘‘ നീ ഓടിപ്പോയി കനാലിന്റപ്പുറത്തെ ആ ദച്ച്മീന്റെ പൊരേന്റാടെ താമോരമ്മാമന്ണ്ടാന്ന് നോക്കീറ്റ് ബന്നാട്ടേ.. ആരോടും പറേണ്ട കേട്ടാ.. ബേ ബെരണം കേട്ടാ.. ആരെങ്കിലും കണ്ടാ പുളി പരതുംപോലെയാക്കിക്കോ കേട്ടാ’’. 

ദാമോദരന്റെ ഭാര്യ കാര്യത്യായനി കുഞ്ഞൂട്ടിയെ പറഞ്ഞയയ്ക്കുകയാണ്, ഭർത്താവിന്റെ പരസ്ത്രീഗമനം കണ്ടെത്താൻ. വായനക്കാരോടു കുഞ്ഞൂട്ടിയുടെ വിവരണം സ്വന്തം അനുഭവത്തിലൂടെയാണ്. 

ലക്ഷ്മിയുടെ വീട്ടിൽ കുഞ്ഞുട്ടി കാണുന്നത് അമ്മായി പ്രതീക്ഷിക്കുന്ന കാര്യം തന്നെയാണ്. വീട്ടിലുള്ളിൽ നിന്നും കുട്ടിയെ കൊഞ്ചിക്കുന്ന ഒരു പുരുഷസ്വരം കേട്ടു. അതു നല്ല പരിചയമുള്ള സ്വരം പോലെ തോന്നി. ദച്ച്മിയുടെ നിലത്തുവിരിച്ച ഓട്ടകൾ വീണ പഴമ്പായയിൽ കുപ്പായമിടാത്ത, അരയിൽ ചരടുമാത്രം കെട്ടിയ കറുകറുത്ത കുഞ്ഞിനെ കളിപ്പിക്കുകയാണ് ദാമോദരമ്മാമൻ. 

ലക്ഷ്മിയുടെ വീട്ടിൽ താൻകണ്ട കാര്യം അമ്മായിയോടു പറയാൻ അവൾ ഓടിയെത്തുമ്പോൾ അമ്മമ്മ തടയുകയാണ്. എല്ലാം ചോദിച്ചറിയുന്ന അമ്മമ്മ, അമ്മാമനെ കണ്ട കാര്യമൊഴികെ എല്ലാം പറയാൻ അനുവദിക്കുന്നു. കാർത്യായനിയമ്മായിയുടെ സിന്ദൂരച്ചപ്പെപ്പ് അവിടെ കണ്ടകാര്യം മാത്രം അവൾ പറയുന്നു. അതിൽ നിന്നുതന്നെ കാർത്യായനിക്കു കാര്യം പിടികിട്ടുന്നു.

ആവിലാ വീട്ടിലെ ഈ നാലു കഥാപാത്രങ്ങളിലൂടെ നമ്മുടെയെല്ലാം വീടുകളിലെ ഒരു നേർചിത്രമാണ് ഷൈന വരിച്ചിടുന്നത്. ആൺമക്കളുടെ വഴിവിട്ടയാത്രകൾ അവരുടെ ഭാര്യമാരുടെ മുന്നിൽ നിന്നു ഒളിച്ചുവയ്ക്കാൻ തത്രപ്പെടുന്ന അമ്മമാർ. ഭർത്താവിന്റെ വഴിവിട്ടയാത്രയിൽ ഒന്നും ചെയ്യാനാകാതെ സങ്കടപ്പെടുന്ന കാർത്യായനിയെപോലെയുള്ള സ്ത്രീകൾ.. സ്വന്തം പാതിയെക്കുറിച്ചോർക്കാതെ, സ്വന്തം ശരീരസുഖം മാത്രം തേടിപോകുന്ന ഭർത്താക്കാന്മാർ.. ഇതിനെല്ലാം സാക്ഷിയാകേണ്ട ബാല്യങ്ങളും. മൂന്നു നൂറ്റാണ്ടുമുൻപ് കേരളത്തിലെ മിക്ക ഗ്രാമങ്ങളിലെയും അവസ്ഥ ഇതുതന്നെയായിരുന്നു. കഥാകൃത്ത് കണ്ണൂർ പശ്ചാത്തലത്തിലാണ് ആവിലാവീടിനെ കാണുന്നത്. എന്നാൽ കേരളത്തിലെ ഏതൊരു സ്ഥലത്തും ഉണ്ടാകുമായിരുന്നൊരു തറവാടാണ് ആവിലാവീട്. ആവിലാക്കരയെന്ന ഗ്രാമത്തിന് കേരളത്തില ഏതൊരു ഗ്രാമത്തിന്റെ മുഖവും മേൽവിലാസവും ഉണ്ടായിരുന്നു.

നോവലിലെ ശക്തമായ കഥാപാത്രമാണ് മാധവി. ആവിലാവീട്ടിലെ രവിയുടെ ഭാര്യ. സ്നേഹം നിഷേധിക്കപ്പെട്ടപ്പോൾ അവൾ സഹനമാതൃകയല്ല സ്വീകരിച്ചത്. രവിയുടെ സഹോദരൻ ശ്രീധരനെ തന്റെ മുറിയിലേക്ക് ക്ഷണിച്ച്, അവനുമായി ശരീരം പങ്കിട്ടുകൊണ്ടാണ് അവൾ പ്രതിഷേധിക്കുന്നത്. തെറ്റുചെയ്തുകൊണ്ടാണെങ്കിലും മാധവിയുടെ പ്രതിഷേധം ഫലിക്കുന്നുണ്ട്. അവളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നല്ലൊരു ജീവിതം നയിക്കാൻ രവി ഒടുവിൽ തയാറാകുന്നു. 

കൂട്ടുകുടുംബത്തിന്റെ ബലവും ഏറ്റവുമൊടുവിൽ അതിന്റെ തകർച്ചയും കൃത്യമായി ആവിഷ്ക്കരിക്കാൻ നോവലിസ്റ്റിനു സാധിച്ചു. ആവിലാക്കരയിലെ പെൺവ‌ൃത്താന്തങ്ങൾ വെറുമൊരു നോവലല്ലാതെയാകുന്നത് ഇവിടെയാണ്. വലിയ തറവാടുകളും അവിടുത്തെ പലതരം കുടുംബങ്ങളും മൂന്നുപതിറ്റാണ്ടുകൾക്കു മുൻപ് കേരളത്തിന്റെ പരിച്ഛേദമായിരുന്നു. പിന്നീട് ഓരോന്നായി തകരാൻ തുടങ്ങി. എല്ലാറ്റിന്റെയും അസ്ഥിവാരം ഇളകി കുടുംബങ്ങൾ നാനാവിധമായി. ഇന്ന് അത്തരം കൂട്ടുകുടുംബങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാതെയായി. 

കുമാരൻമൂപ്പരും ചിരുതയും ആ തകർച്ചയുടെ പ്രതീകങ്ങളായിട്ടാണ് ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. ചുവരിൽ തൂങ്ങുന്ന ഫ്രെയിം ചെയ്ത ഫോട്ടോയായി അവരെ കാണാം. അവരിലൂടെ നമ്മുടെ പഴയൊരു കാലത്തെ മനസ്സിലാക്കാം.  ആവിലാവീട്  പൊളിക്കുമ്പോൾ വീടു കരയുന്നതുപോലെ കുഞ്ഞുട്ടിക്കു തോന്നുന്നുണ്ട്. എന്നാൽ ആ വേദന മനസ്സിലാക്കാൻ പൊളിക്കാൻ നേതൃത്വം നൽകുന്ന ചന്ദ്രനു മനസ്സിലാകുന്നില്ല. ഭ്രാന്തൻശ്രീധരൻ മാത്രം ചെറിയൊരു പ്രതിഷേധമുയർത്തി മടങ്ങിപ്പോയി. പക്ഷേ, പ്രകൃതിയുടെ െചറുത്തുനിൽപ്പിനെ നിസ്സാരനായ മനുഷ്യന് എതിർത്തു തോൽപ്പിനാവില്ലെന്ന സത്യം ഓർമ്മിപ്പിച്ചുകൊണ്ട് കുഞ്ഞൂട്ടിയുടെ ഓർമ്മകൾക്കു വിരാമമിടുകയാണ്.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌Books In Malayalam LiteratureMalayalam Literature NewsMalayalam Book Review