Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും പത്മരാജൻ; ഋതുഭേദങ്ങളുടെ പാരിതോഷികവുമായി

നാലു റോഡുകളുടെ ആ സന്ധിസ്ഥലത്ത്, അഴിയാത്ത കടംകഥകളുടെ മഞ്ഞുരുകുന്നതും കാത്ത് അയാൾ നിൽക്കുന്നു- 

ആ വരിയിൽ അവസാനിപ്പിക്കാമായിരുന്നു നോവൽ. പകരം, റോഡുകളുടെ ആ സന്ധിസ്ഥലത്തെക്കുറിച്ചും അയാളെക്കുറിച്ചും കുറച്ചുകൂടി വിശദീകരിച്ചുകൊണ്ടാണ് കൃതി അവസാനിക്കുന്നത്. 

റോഡുകളുടെ ആ സന്ധിസ്ഥലത്ത് ഒറ്റ മനുഷ്യജീവിപോലുമില്ല. എങ്ങോട്ടും കൈചൂണ്ടിപ്പലകകളില്ല. അയാൾ എവിടേയ്ക്കാണു പോയത് ? ആകാശം വഴികാണിക്കുന്നില്ല. കാൽപ്പാടുകൾ പതിയാത്ത പാത വഴി കാണിക്കുന്നില്ല. എല്ലാ ഭാഗത്തേക്കും വീശിപ്പോകുന്ന കാറ്റ് ഒരു ചോദ്യത്തിനും മറുപടി പറയുകയില്ല. മാഞ്ഞും തെളിഞ്ഞും നിൽക്കുന്ന കാലവിരാമം ഒന്നിനും ഉത്തരം തരികയില്ല. 

അർധവിരാമത്തിലല്ല. പൂർണവിരാമത്തിൽതന്നെ അവസാനിക്കുകയാണു കൃതി. എന്നിട്ടും അയാൾ എവിടേയ്ക്കായിരിക്കും പോയത് എന്ന അസ്വസ്ഥത ഏറ്റെടുക്കുന്നു വായനക്കാർ. നോവൽ ഒരു പാരിതോഷികം പോലെ അയാളെയും അയാളുടെ അസ്വസ്ഥതകളെയും സമ്മാനിക്കുകയാണ്; എന്നുമെന്നും അയാളെ ഹൃദയത്തിൽ വഹിക്കാമെന്ന വാക്കു നൽകുന്നു വായനക്കാരും. 

ഉൾവലിയലുകളുടെ വിഭ്രമങ്ങളിലൂടെ കടന്നുപോകുന്ന ചിത്രകാരന്റെ ഭ്രാന്തെടുത്ത ജീവിതത്തെക്കുറിച്ച് പത്മരാജൻ എഴുതുന്നത് അരനൂറ്റാണ്ടു മുമ്പ്. 1971 ൽ പ്രസിദ്ധീകരിച്ച ഋതുഭേദങ്ങളുടെ പാരിതോഷികം എന്ന നോവലിൽ. അന്നേ ശ്രദ്ധിക്കപ്പെട്ടെങ്കിലും നോവൽ കൂടുതൽ വായനക്കനാരിലേക്കെത്തിയതും ചർച്ചയായതും ദശകങ്ങൾക്കുശേഷം. കാലത്തെയും കാലപ്പകർച്ചകളെയും കടന്നു പത്മരാജൻ പുതിയ കാലത്തും വായനയെ സാർഥകമാക്കുന്നു; ആഘോഷമാക്കുന്നു. മനോഹരമായ മുഖചിത്രവുമായി മികച്ച അച്ചടിയിൽ നോവലിന്റെ അഞ്ചാം പതിപ്പ് വിപണിയിൽ. 

പത്മരാജന്റെ മറ്റേതൊരു കൃതിയേക്കാളും ദൃശ്യസമ്പന്നമാണ് ഈ ചെറുനോവൽ. ഒരു മികച്ച ചലച്ചിത്രത്തിന്റെ ആദ്യരംഗത്തിലെന്നപോലെ ആദ്യഭാഗം വായനക്കാരെ പുതിയൊരു ലോകത്തിലേക്കു നയിക്കുന്നു. സൂക്ഷ്മമാണു വിവരണം. കൃത്യതയാർന്നതും. കൃതിയിലുടനീളം നിറഞ്ഞുനിൽക്കുന്ന മരണത്തിന്റെയും നിരാശയുടെയും ഗതികിട്ടാത്ത ആത്മാവുകളുടെയും വേദനകളുടെ അന്തരീക്ഷം ആദ്യരംഗത്തുതന്നെ ഒരുക്കാനും അനായാസം എഴുത്തുകാരനു കഴിയുന്നു. 

നിറയെ തടിക്കഷണങ്ങൾ കയറ്റിയ ഒരു ലോറി റോഡിലൂടെ ഓടിവന്ന്, വശത്തുള്ള ഒരു വിറകുകടയുടെ മുമ്പിൽ നിർത്തുന്നു. തടികൾക്കുമേൽ കിടന്നുറങ്ങിയിരുന്ന മനുഷ്യനും മുൻസീറ്റിൽ നിന്നു ചാടിയിറങ്ങുന്ന രണ്ടുമൂന്നാളുകളും. വിറകുകടയിൽനിന്നുള്ളവർ കൂടിയാകുന്നതോടെ അവരഞ്ചാറാളുകളാകുന്നു. പരസ്പരം പരിചയമില്ലാത്തവർ. പക്ഷേ, അവർ ഒരേ താളത്തിൽ ജോലി ചെയ്യുന്നു. 

ഇതിനിടെ, ലോറിയുടെ വശത്തുകൂടി ഒരു മധ്യവയസ്കൻ നടന്നുവരുന്നു. അയാൾക്കു മുന്നോട്ടുപോകണമെങ്കിൽ ലോറിയിൽനിന്നു ലോഡ് ഇറക്കുന്നവർ കനിയണം. അവരതിനു തയ്യാറാകുന്നില്ല. അറച്ചും വിറച്ചും മധ്യവസ്കൻ റോഡ് കടക്കുമ്പോഴാകട്ടെ അയാളെ പേടിപ്പിക്കാനും തൊഴിലാളികൾക്കു കഴിയുന്നു. അവരതിൽ സംതൃപ്തി അനുഭവിക്കുന്നുണ്ട്. മധ്യവയസ്കനെ പരിഹസിച്ചു ചിരിക്കാനും അവർ മറക്കുന്നില്ല.

മധ്യവസ്കൻ നോവലിൽ പിന്നീടൊരിക്കലും എത്തുന്നില്ലെങ്കിലും അയാളിൽ ബാക്കിയാകുന്ന ഭയവും പരിഭ്രാന്തിയും ‍ഞെട്ടലും ആഘാതവും നോവലിലെ മറ്റെല്ലാ കഥാപാത്രങ്ങളും ഏറ്റുവാങ്ങുന്നു. നിശ്ശബ്ദതയുടെ കൊട്ടാരം പോലെ മയങ്ങിക്കിടക്കുന്ന പഴയ ഒരു കൂറ്റൻ കെട്ടിടത്തിൽ, ജാലകത്തിനരികിൽനിന്നുകൊണ്ട് വെളുത്ത ദുഃഖിതനായ ഒരു ചെറുപ്പക്കാരൻ മധ്യവസ്കനെ കാണുന്നുണ്ട്. അയാളുടെ ആകുലതകളും പ്രണയവും പ്രണയഭംഗവും പ്രണയിക്കാൻ പോലുമാകാത്ത നിസ്സഹായതയുമാണു നോവലിന്റെ ഇതിവൃത്തം. ചിത്രകാരനാണു ബാബു. അയാൾക്കൊന്നിലും താൽപര്യമില്ല. പഠിക്കാനോ ജോലി ചെയ്യാനോ ഒന്നും. അറ്റകൈയ്ക്കു വിവാഹം കഴിപ്പിക്കുന്നെങ്കിലും ആ ബന്ധവും ദുരന്തത്തിന്റെ തീരത്തേക്ക് അടുക്കുന്നു. സ്നേഹമില്ലാത്തവനും പരിഗണന കാണിക്കാത്തയാളും വികാരരഹിതനും എന്നു വീട്ടിലുള്ളവർ പോലും അയാളെ ആക്ഷേപിക്കുന്നു. വികാര രാഹിത്യത്തെക്കാളും നിസ്സംഗതയേക്കാളും മറ്റുള്ളവർ അവഗണിക്കുന്ന വികാരങ്ങളെ പരിഗണിക്കുന്നതാണു ബാബുവിന്റെ യഥാർഥ പ്രശ്നം. അതു മനസ്സിലാക്കാതെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയാൾ അയക്കപ്പെടുന്നു. 

നിർമല എന്ന പേരുള്ള രണ്ടു കഥാപാത്രങ്ങളുണ്ട് നോവലിൽ. ആദ്യത്തെ നിർമല ബാബുവിന്റെ കാമുകി. സ്വന്തം വീട്ടിൽ വേലക്കാരന്റെയും മറ്റു രണ്ടുപേരുടെയും പൈശാചികതയ്ക്ക് ഇരയായി അപമൃത്യു വരിച്ച ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത യുവതി. മരിച്ചുവെങ്കിലും അവർ വീട്ടിൽത്തന്നെയുണ്ട്. 

മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ മകളുടെ പേരും നിർമല എന്നുതന്നെ. പ്രസരിപ്പുള്ള കൊച്ചുപെൺകുട്ടി. രണ്ടു നിർമലമാർക്കുമിടെ ജീവിതത്തിന്റെ വഴി തെറ്റുന്നു ബാബുവിന്. ആദ്യത്തെ നിർമലയോടുള്ള ബാബുവിന്റെ പ്രണയം ലോകത്തിനു മനസ്സിലാകുന്നില്ല. രണ്ടാമത്തെ നിർമലയ്ക്ക് അയാൾ എഴുതുന്ന കത്തുകൾക്കാകട്ടെ മറുപടിയും ലഭിക്കുന്നില്ല. ബാബുവിനെ ഭ്രാന്തിന്റെ ചങ്ങലയിൽ തളയ്ക്കുന്നു ലോകം. അമ്മയും അച്ഛനും ഭാര്യ പാർവതിയും ഭാര്യയുടെ കാമുകൻ വിശ്വനാഥനും അയാളെ മനസ്സിലാക്കുന്നില്ല.അവസാനശ്വാസം കൊണ്ടെങ്കിലും ബാബുവിനു പൂർത്തിയാക്കേണ്ടതുണ്ട് അവസാനചിത്രം. അതിനു നിർമല കനിയണം. അവൾ യാഥാർഥ്യത്തിലേക്ക് ഇറങ്ങിവരുന്ന നിമിഷം പൂർത്തിയാകും ആ ചിത്രം. 

നാലുറോഡുകളുടെ ശൂന്യമായ സന്ധിസ്ഥലത്തുനിന്ന് അഴിയാത്ത കടംകഥകളുടെ മഞ്ഞുരുക്കാൻ ബാബു യാത്രയാകുന്നത് നിർമലയുടെ അടുത്തേക്കാണോ? മരിച്ചിട്ടും ജീവിക്കുന്ന നിർമലയുടെ സവിധത്തിലേക്ക്. ആരും കേൾക്കാത്ത നിലവിളിയിൽ ഒതുങ്ങിപ്പോയ ശബ്ദത്തിലേക്ക്. സ്നേഹം കൊതിച്ചിട്ടും മൃഗീയമായ ആസക്തിമാത്രം തിരിച്ചുകിട്ടിയ ഹൃദയത്തെ സ്നേഹത്താൽ നിറയ്ക്കാൻ. ഇരുട്ടും നിലാവും ഒളിച്ചുകളിക്കുന്ന രാത്രികളിൽ നിഴലായി ഇഴുകിച്ചേരാൻ. 

സുഖത്തിന്റെ മുത്തുകൾ വാരുന്നതിനിടയിൽ കയ്യിൽത്തടയുന്ന പായലുകളെ എന്തുചെയ്യണം. വലിച്ചെറിയണോ വാരിപ്പുണരണോ. ഋതുഭേദങ്ങളുടെ പാരിതോഷികം സ്വീകരിക്കണമെങ്കിൽ ആദ്യം ആ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു. 

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌Books In Malayalam LiteratureMalayalam Literature NewsMalayalam Book Review