Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുപാലിന്റെ കഥകളിലെ അന്വേഷണം

ഒരു സിനിമയുമായി ചെറുകഥ എത്രമാത്രം ചേർന്നിരിക്കുന്നുണ്ട്? എന്താണ് സിനിമയും ചെറുകഥകളും തമ്മിലുള്ള ബന്ധം? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമുണ്ട് മധുപാലിന്റെ ചെറുകഥകളിൽ. ഒരു കഥയുണ്ടായ ശേഷമാണ് അത് തിരക്കഥയായും പിന്നീട് അഭ്രപാളികളി ലേക്കും വിലയിക്കുന്നത്. ആ കഥയുടെ ആത്മാവിനെ പലപ്പോഴും സിനിമ വളരെ വിശാലമാക്കുകയും പുതിയൊരു ആത്മാവിനെ കണ്ടെത്തുകയും ഒപ്പം തുന്നി ചേർക്കുകയും ചെയ്യുന്നു.

സിനിമയൊരുക്കുന്നവർ പൊതുവെ കഥകളെഴുതുമ്പോൾ അതിലുണ്ടാകുന്ന ഏറ്റവും മനോഹരമായ അനുഭവം സിനിമ പോലെതന്നെ ഡീറ്റെയിലിങ് ഉള്ളതാകും കഥ എന്നതാണ്. ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ എഴുതിയ " അവൻ മാർജാരപുത്രൻ" എന്ന ചെറുകഥാസമാഹാരവും ഇത് ശരി വയ്ക്കുന്നു. ചെറുകഥകളിൽ നിന്നാണ് മധുപാൽ പൊതു ഇടങ്ങളുമായുള്ള ബന്ധം തുടങ്ങി വയ്ക്കുന്നത്, അത് പിന്നീട് സിനിമാഭിനയത്തിലേയ്ക്കും സംവിധാനത്തിലേയ്ക്കും ഇറങ്ങി വന്നെങ്കിലും എഴുത്തിന്റെ വഴികൾ തനിയ്ക്ക് ഒട്ടും അന്യം നിന്ന് പോയിട്ടില്ലെന്ന് ഡി സി ബുക്ക്സ് പുറത്തിറക്കിയ ഈ ചെറുകഥാസമാഹാരം ഉറപ്പിക്കുന്നു.

പതിനൊന്ന് ചെറുകഥയുടെ സമാഹാരമാണ്, അവൻ മാർജാരപുത്രൻ. ചെറുകഥകളെന്നു പറയാനാകാതെയിരിക്കുന്നവയാണ് ഇതിലെ കഥകൾ. സ്വൽപ്പം നീണ്ട, വിശദീകരണങ്ങൾ ആവശ്യത്തിനുള്ള കഥകൾ. കഥകളുടെ പൊതു സ്വഭാവം എന്ന് പറയാൻ കഴിയുന്നത് സിനിമയും അതിനെ സംബന്ധിച്ച വിഷയങ്ങളുമാണ്. കഥകളിലൊക്കെ സിനിമയും അതിന്റേതായ നിലപാടുകളും ഇടം പിടിക്കുന്നുണ്ട് എന്നത് മധുപാലിലെ എഴുത്തുകാരനെ സിനിമാക്കാരൻ എന്ന വസ്തുതയിൽ തന്നെ നിലനിർത്തിക്കൊണ്ട് എഴുത്തുകാരനാക്കി മാറ്റപ്പെടുന്നു.

വിശുദ്ധമാക്കപ്പെട്ട ചില വാക്യങ്ങളുടെ പ്രയോഗങ്ങൾ കാണാൻ കഴിയുന്നുണ്ട് മധുപാലിന്റെ കഥകളിൽ. ചില വാചകങ്ങൾ നിത്യമായി എഴുതപ്പെട്ടു മനസ്സിൽ കിനിഞ്ഞിറങ്ങുമ്പോൾ അത് ഒരു എഴുത്തുകാരൻ ഉണ്ടാക്കിയ പദങ്ങൾ ആണെന്നറിയാതെ നാമവയെ ജീവിതത്തോട് കൂട്ടി ചേർത്ത് വയ്ക്കും. അത് ആ എഴുത്തുകാരന്റെ അനുഗ്രഹിക്കപ്പെട്ട ഭാഷയുടെ കഴിവ് തന്നെയാണ്. "പാത്രത്തിനൊപ്പം ആകൃതി മാറുന്ന നിറമോ ഗന്ധമോ സ്വാദോ ഇല്ലാത്ത ഒരു വിശുദ്ധിയാണ് അധ്യാപകർ" എന്ന് പറഞ്ഞ ഏതോ കവിയെ ഓർക്കുന്നതിനൊപ്പം എല്ലാം മറന്നു കൂടെയുള്ളവരുടെ കാണാത്തതു കണ്ട, കേൾക്കാത്തത് കേട്ട് രുചിയും മണവും ശരീരവും മനസ്സും പരസ്പരമറിഞ്ഞു, പ്രപഞ്ചത്തിലെ സകലതും സ്വന്തമാക്കിയുള്ള യാത്രയാണ് അധ്യാപനമെന്നും എഴുത്തുകാരൻ ഓർമ്മിക്കുന്നു.

"അയല്പക്കങ്ങൾ വേവുന്ന മണം" എന്ന ആദ്യ ചെറുകഥ പക്ഷേ ഇങ്ങനെയൊക്കെ പറഞ്ഞാലും മനസ്സിനെ പൊള്ളിച്ചെടുക്കുന്നതാണ്. പനിയുടെ തീച്ചൂടിനുള്ളിലേയ്ക്ക് മരണത്തിന്റെ തണുപ്പെത്തുമ്പോൾ ലോകം പോലുമറിയാതെ രണ്ടു ശരീരങ്ങൾ പ്രകൃതിയോട് ചേർന്ന് കൊണ്ടേയിരിക്കുന്നു. അയല്പക്കങ്ങളിലും ശരീരം വേകുമ്പോഴും ഗന്ധങ്ങൾക്കുള്ളിൽ നിന്നും ജീവനുകളിറങ്ങി വരുന്നേയില്ല...

"എല്ലാവരും ഒരുപോലെ ചിന്തിക്കുന്നതും എഴുതുന്നതും നടന്റെ മരണ ശേഷമാകുന്നു. നടികൾക്കൊരിക്കലും അനുസ്മരണമോ കുറിപ്പുകളോ ഉണ്ടാകുന്നില്ല." സ്ത്രൈണതയുടെ പക്ഷത്ത് നിന്ന് കൊണ്ടും ഒരു സിനിമയുടെ ഭാഗമെന്ന നിലയിൽ മധുപാൽ ഇത്തരത്തിൽ ഒരു വനിതാ ആക്ടിവിസ്റ്റിനെ കൊണ്ട് പറയിപ്പിക്കുമ്പോൾ ആ വാക്കുകൾ സത്യമാണെന്നു വിശ്വാസിക്കാത്തെ വയ്യ. ഒരു നടന്റെ പെട്ടെന്നുള്ള മരണം സൃഷ്ടിക്കുന്ന കഥപാത്രങ്ങളുടെ നിശ്ശബ്ദതയുണ്ട്. അതിലേയ്ക്ക് വീണ്ടും അയാൾ തന്നെ കഥാപാത്രങ്ങളായി ഇറങ്ങി വരുമ്പോൾ പ്രിയപ്പെട്ടൊരാൾ അയാളുടെ വിളി കാത്ത് ഉമ്മറപ്പടിയിൽ കാത്തു നിൽക്കുന്നുണ്ടാകും.



സോഫിയ ലോറൻസിന്റെ കഥയാണ് "അവൾക്ക് കഥ പറയാനറിയാം" എന്ന കഥ. പ്രണയം പറഞ്ഞൊടുവിൽ വന്നു ചിന്തകളെ ഉലച്ചു കളയുന്നൊരു കഥയാണ് സോഫിയയ്ക്ക് പറയാനുണ്ടായിരുന്നത്. സിനിമാക്കാരനായിരുന്ന എഴുത്തുകാരനോട് അവൾ കഥ പറയുമ്പോൾ അത്രയും പ്രണയത്തോടെ തന്നെയാണ് അയാളത് കേട്ടിരുന്നതും, അവൾക്കു വേണ്ടി വാക്കുകളെ സ്വരൂക്കൂട്ടി വച്ച് തുടങ്ങിയതും. അപ്പൻ എന്ന അനുഭവത്തിന്റെ വെളിച്ചത്തിലേക്ക് നടന്നു വരുമ്പോൾ ആദ്യമായി ശരീരത്തിൽ തൊട്ട ആണനുഭവത്തെ അപ്പനുമായി ബന്ധിപ്പിക്കുമ്പോൾ സോഫിയ അനുഭവിക്കുന്ന വല്ലാത്തൊരു സുരക്ഷിതത്വമുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ വായന അൽപ്പം ബുദ്ധിമുട്ടായില്ലാ എന്ന് പറയാതെ വയ്യ. കാരണം ഓരോ പുരുഷനിലും  പിതാവിനെയാണ് ഒരു പെണ്ണ് തിരയുക എന്ന് പറയും. അതിൽ ലൈംഗികതയുമായി ബന്ധപ്പെട്ട അനുഭവമല്ല, മറിച്ചു സുരക്ഷിതത്വത്തിന്റേതായ കണ്ടെത്തലുകളാണ്. പക്ഷെ സോഫിയയ്ക്ക് അച്ഛൻ എന്ന അനുഭവം ലൈംഗികതയുമായി പോലും ചേർന്ന് നിൽക്കുമ്പോൾ പിന്നീട് വർഷങ്ങൾ കഴിഞ്ഞും അവൾ അനുഭവിക്കുന്ന അപാരമായ സുരക്ഷിതത്വത്തിന്റെ കണ്ണികൾക്കിടയിൽ പെടുമ്പോൾ ഒരു വലിഞ്ഞു മുറുക്കം തോന്നുന്നു. അവൾ അടുപ്പം പ്രഖ്യാപിച്ചതും ശരീരം പകരുന്നതും ജനനത്തിനു കാരണക്കാരനായ വ്യക്തി അല്ല എന്നത് മാത്രമാണ്‌ അനുകൂലമായി നിൽക്കുന്നതെങ്കിലും സോഫിയയുടെ അച്ചൻ എന്ന അനുഭവം വായനക്കാരനെ ഞെട്ടിക്കും.

അച്ഛൻ എന്ന അനുഭവത്തോട് എഴുത്തുകാരൻ എത്രയോ ചേർന്നിരിക്കുന്നുവെന്നു തോന്നും പുസ്തകത്തിലെ വായനകൾ.
"മഴ പെയ്യുന്നത് മനുഷ്യന് വേണ്ടിയല്ല, മനുഷ്യൻ അങ്ങനെ ധരിക്കുന്നു എന്ന് മാത്രം. പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും വേണ്ടി ഈശ്വരൻ കാണിക്കുന്ന ആശ്വാസമാണ് മഴ. ആയതിനാൽ അത് നിലനിർത്തുക എന്ന കർമ്മം മാത്രമാണ് മനുഷ്യനാൽ നിയുക്തം.." അച്ഛൻ സംസാരിച്ചു തുടങ്ങുന്നു.  

"ചുവപ്പ് ഒരു നീല നിറമാണ്" എന്ന കഥയിലും അച്ഛൻ എന്ന കഥാപാത്രം വരുന്നുണ്ട്, പക്ഷെ ഏറ്റവും നിസ്സഹായനാക്കപ്പെട്ട ഒരു മനുഷ്യ ജീവി എന്നതിലേക്കാണ് അച്ഛൻ കടന്നെത്തുന്നത്. പുതിയതായി വാങ്ങിയ കാറിനുള്ളിലേയ്ക്ക് ആദ്യമായി എല്ലാവരും ഒന്നിച്ച് കയറുന്നത് അച്ഛന്റെ ആശുപത്രി യാത്രയായ സങ്കടം. പിന്നീട് കാറിൽ നിന്ന് വീട്ടിലേക്കും ആശുപത്രിയിലേക്കും ഇറങ്ങേണ്ടി വരുന്ന അച്ഛന്റെ മനോവേദനകളിലേയ്ക്ക് ഇറങ്ങി നടന്ന മക്കൾ ശാന്തനായ അച്ഛനെ, അദ്ദേഹത്തിന്റെ തുടർന്നുള്ള ദിവസങ്ങളെ നിരന്തരമായ കാർ യാത്രകളാക്കുന്നതാണ് കഥ. ഒടുവിൽ മരണത്തിന്റെ തണുപ്പ് വന്നെത്തുമ്പോൾ പോലും ആത്മാവ് വിറച്ച് കയറുന്നതു കാറിന്റെ നിത്യമായ ശാന്തതയിലേയ്ക്കാകുന്നു.

മധുപാലിന്റെ കഥകൾ സിനിമയുമായോ  മാനുഷിക ബന്ധങ്ങളുമായോ ഒക്കെ ഇഴ പിരിഞ്ഞു കിടക്കുന്നുണ്ട്, മറ്റുള്ളവർ നടന്നു തീർത്ത പരിചിതമായ വേറിട്ടവഴികളിലൂടെയല്ലാ മധുപാൽ സഞ്ചരിക്കുന്നതെന്ന് ആമുഖത്തിൽ എഴുത്തുകാരി അഷിത സൂചിപ്പിക്കുന്നത് എത്രയോ കൃത്യമാണ്. ഓരോ കഥകളും ഓരോ വീടുകൾ പോലെയാണ്. ഓരോ കഥകളുറങ്ങുന്ന വീട്. ഒന്നിനൊന്നോടു സാദൃശ്യമില്ലാത്തത്. ഒന്ന് ഒന്നോടു ഏറ്റു മുട്ടാത്തത്. മരണവും പ്രണയവും ആത്മീയതും കഥകളിൽ കടന്നു വരുന്നെങ്കിലും ആദ്യന്തം ഏറ്റവുമധികം വായനക്കാരൻ ഇപ്പോഴും തൊട്ടു നിൽക്കുക സിനിമയിലും അതുമായി ബന്ധപ്പെട്ട മധുപാലിന്റെ പരിചിത ദേശങ്ങളിലുമാണെന്ന് ഉറപ്പിയ്ക്കാം. ഒപ്പം അദ്ദേഹത്തിന്റെ ആത്മാന്വേഷണത്തിന്റെ പാതകൾ എളുപ്പമാകട്ടെ എന്നും ആഗ്രഹിക്കാം.

Your Rating: