Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ലോകം

എന്റെ ജീവിതത്തിന്റെ കാലാവസ്ഥ എന്നെന്നേക്കുമായി മങ്ങിപ്പോയത് ഏകദേശം ഒരു വർഷത്തിനു മുൻപാണ്. എന്റെ വീട്ടിൽവച്ച് അവതരിപ്പിച്ച ഒരു നാടകത്തിൽ അഭിനയിക്കാനായി മെലിഞ്ഞ് ഏറെക്കുറെ സുന്ദരിയായ ഒരു ചെറുപ്പക്കാരി വന്നിരുന്നു.

അവളുടെ ഭർത്താവ് ഒരു കപ്പലിൽ ജോലിയെടുക്കുകയായിരുന്നു. അതുകൊണ്ടു മിക്കസമയത്തും ഏകാകിനിയായ ആ സ്ത്രീയെ പല യുവാക്കൻമാരും ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുക്കുകയും സിനിമ കാട്ടിക്കൊടുക്കുകയും ചെയ്തിരുന്നു.

എൻറെ രണ്ടാമത്തെ മകൻ ചിന്നനും അവളുടെ ആകർഷണ വലയത്തിൽപ്പെട്ടുവെന്നു മനസ്സിലായപ്പോൾ എനിക്കു വളരെയധികം ഖേദം തോന്നി. ഒന്നാമതായി അവളൊരു വിവാഹിത, രണ്ടാമതായി ചിന്നനെക്കാൾ പ്രായമുള്ളവൾ, കാഴ്ചയിൽ രോഗിണിയും.

അവൾ സാധാരണയായി രാത്രി ഒരുമണി കഴിഞ്ഞിട്ടേ ഉറങ്ങാറുള്ളൂ. അതുകൊണ്ടു ചിന്നനും അതുവരെ എന്റെ വീട്ടിലേക്കു മടങ്ങുവാൻ അത്രയും വൈകുമായിരുന്നു. അവൻറെ ആരോഗ്യം തകർന്നതായി എനിക്കു തോന്നി.

രുചി തീരെയില്ലാതായി. താടി വളർത്തി. ഉള്ളതിൽകൂടുതൽ പ്രായം തോന്നിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടായി നടത്തം. പത്തോ, പതിനഞ്ചോ രാത്രികളിൽ ഒരു മണിക്ക് മടങ്ങിയെത്തിയ ചിന്നനെ ഒരു രാത്രി ഞാൻ കഠിനമായി ദേഷ്യപ്പെട്ടു.

ഇത്തരം ശീലങ്ങൾ തുടരുകയാണെങ്കിൽ വല്ല ഹോസ്റ്റലിലും പോയി താമസിച്ചുകൊള്ളുക, ഞാൻ പറഞ്ഞു. എന്റെ വീട്ടിൽ ഇതൊന്നും സാധ്യമല്ല. വാതിലും തുറന്ന് കിടന്നുറങ്ങുവാൻ എനിക്കു സാധ്യമല്ല.

അവൻ ഒന്നും പറഞ്ഞില്ല. ദേഷ്യം കൂടുമ്പോൾ മൗനം അവലംബിക്കുന്ന സ്വഭാവമായിരുന്നു അവന്റേത്. മുഖത്തെ മാംസപേശികൾ പെട്ടെന്നു വലിയുന്നതുകാണാം. കണ്ണുകൾ തിളങ്ങുന്നതും. അമ്മയ്ക്കുവേണ്ടിയെങ്കിലും നീ ആ പെണ്ണിനെ കാണുന്നത് അവസാനിപ്പിക്കണം. ദാസേട്ടൻ ചിന്നനോട് പറഞ്ഞു.

സാധ്യമല്ല, അവൻ പിറുപിറുത്തു. നിനക്ക് അമ്മയെ സ്നേഹമില്ലേ, ദാസേട്ടൻ അവൻറെ ചുമലിൽ പിടിച്ചുകൊണ്ടു ചോദിച്ചു. ഇപ്പോൾ സ്നേഹമില്ലാതായിരിക്കുന്നു. കുട്ടി മറുപടി പറഞ്ഞു. അതിനു ശേഷം അവൻ ഈ വീട്ടിൽ ഒരന്യനെപോലെ പെരുമാറി.

രണ്ടുമൂന്നു മാസക്കാലം അവൻ അതിരാവിലെ എഴുന്നേറ്റ് ചായക്കുടിച്ചതിനു ശേഷം വീട്ടിൽ നിന്നിറങ്ങി. രാത്രി എല്ലാവരും ഉറക്കമായതിനു ശേഷം മടങ്ങുകയും ചെയ്തു. ഞാൻ. മാത്രം ഉറങ്ങുമായിരുന്നില്ല ചിന്നൻ മടങ്ങിയെത്തുന്നതുവരെ! അവന്റെ പുതിയ ക്രൂരത എന്നെ ചിത്തഭ്രമത്തിന്റെ വക്കോളമെത്തിച്ചു.

ഒരിക്കൽ ഞാൻ പറഞ്ഞു– ആ പെണ്ണ് വിവാഹമോചനം നേടി ഇവിടെ വന്നാൽ ഞാൻ നിനക്കു പൂർണസമ്മതത്തോടെ അവളെ കല്യാണം കഴിച്ചുതരാം. അപ്പോഴും ചിന്നൻ ഒന്നും പറഞ്ഞില്ല. അവൻഎന്നോടു കയർത്താൽ, എന്നെ ശകാരിച്ചാൽ ഞാനിത്രയും ദുഖിക്കുകയില്ലായിരുന്നു.

അവന്റെ മൗനം എന്നെ ആകെ തകർത്തു. ദാസേട്ടനും എൻറെ മൂത്തമകനും കുടുംബത്തിലെ സ്നേഹിതൻമാരും പലപ്പോളും ചിന്നനോട് അമ്മയുമായി സംസാരിക്കുവാൻ അപേക്ഷിച്ചു. അവൻ വാസ്തവം തുറന്നുപറഞ്ഞു.

തന്റെ ഹൃദയം മരവിച്ചുപൊയ്ക്കഴിഞ്ഞു. ഇനി അമ്മ മരിച്ചാൽക്കൂടി തനിക്കു ദുഖിക്കുവാൻ കഴിയുകയില്ല. പെട്ടെന്ന് എന്റെ തലമുടി നരച്ചു. പെട്ടെന്ന് ഞാനൊരു അകാലവൃദ്ധയായി.കുട്ടികളുടെ ഹൃദയത്തിൽനിന്നുള്ള സ്ഥാനഭ്രംശം വന്നുപെടുമ്പോൾ മാത്രമേ മാതാപിതാക്കൾ വൃദ്ധരാകൂ എന്ന് എനിക്കു മനസ്സിലായി. (എന്റെ ലോകം)

ഉള്ളതെല്ലാം തുറന്നുപറയുന്നതാണ് മാധവിക്കുട്ടിയുടെ രീതി. വായനക്കാരെ ഏറെ വിസ്മയിപ്പിച്ച എന്റെ കഥ എന്ന രചനയ്ക്കുശേഷം മാധവിക്കുട്ടി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് എന്റെ ലോകം. ഇതുവരെ പ്രസിദ്ധീകരിക്കാത്ത ലേഖനങ്ങളുടെ ഈ സമാഹാരത്തിൽ മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കാൾ കൂടുതൽ മാധവിക്കുട്ടി എന്ന വീട്ടമ്മയെയാണു കാണാൻ കഴിയുക. അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് എന്റെ ലോകം എന്ന ലേഖനം.

ബഹുതന്ത്രീക

ഞാൻ എന്റെ ആത്മകഥയുടെ ഒന്നാംഭാഗം മലയാളനാടിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ എന്നെ ബന്ധുക്കളിൽ യാഥാസ്ഥിതികരായവർ കഠിനമായി വെറുത്തുതുടങ്ങി. പ്രത്യേകിച്ച് സ്ത്രീകൾ.

സ്വാതന്ത്ര്യം ശീലിച്ചുവളർന്ന എന്റെ വ്യക്തത്വം അവരുടെ അസംതൃപ്തിയെ ആളിക്കത്തിച്ചു. അവരെ പ്രേമിക്കാൻ ഒരു കുഷ്ഠരോഗിപോലും ഒരുങ്ങിയിരിക്കില്ല. മോണവീക്കമുള്ള ഒരുത്തനെ ചുംബിക്കുമ്പോഴുണ്ടാകുന്ന വൈരസ്യമായിരിക്കും അടുക്കളയുടെ കൊട്ടത്തളം തേച്ചുകഴുകുമ്പോൾ അവർക്ക് അനുഭപ്പെട്ടിരിക്കുക.

അവർക്കു കൈനഖങ്ങൾ നീട്ടിവളർത്തി അവയ്ക്കു ചായം കൊടുക്കാൻ ഒരിക്കലും അവസരം കിട്ടുകയുമില്ല. മുടിയഴിച്ചാൽ ഉള്ളിയുടെയും മീനിന്റെയും മണം. ജീവിതത്തിന് അടുക്കളത്തോട്ടത്തിന്റെ ജീർണവാസന.

ആശ്ചര്യപ്പെടുവാനെന്ത്, അവർക്ക് എന്നോട് അമർഷം തോന്നിയതിൽ? പ്രേമബന്ധത്തെപ്പറ്റി കൊട്ടിഘോഷിച്ചപ്പോഴും മിടുക്കിയായ ഭാര്യയെന്ന് അഭിപ്രായപ്പെട്ട് എന്നെ സ്നേഹിക്കുവാനൊരു ഭർത്താവ് തയാറായിരുന്നു.

എന്റെ സാഹിത്യരചനയിൽ അഭിമാനം കൊള്ളുന്ന മക്കളും എന്നെ കാണുമ്പോൾ മുളക് അരച്ചുതേച്ച ഒരു പുഞ്ചിരി വിടർത്താൻ അവർ പരാജയപ്പെട്ടു. തങ്ങളുടെ ഭർത്താക്കന്മാരെയെങ്ങാൻ ഇവൾ റാഞ്ചിക്കൊണ്ടുപോയേക്കാമെന്നു കരുതി അവർ അവരവരുടെ പുരുഷന്മാരോട് കണ്ണുതുറിച്ചു കാണിച്ച് അവരെ ദൂരസ്ഥലങ്ങളായ മുറികളിലേക്കയച്ചു.

ആ ശുംഭന്മാരെ കാണുന്നതിൽ എനിക്കും ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. പുരുഷത്വം എന്നുപറയുമ്പോൾ ഞാനെപ്പോഴും ധൈര്യം എന്ന സദ്ഗുണത്തെയാണ് ഓർമിക്കുക. അല്ലാതെ ഭീരുത്വത്തെയല്ല.

ഭർത്താക്കന്മാരുടെ ജീവിതത്തിൽ നിന്ന് നർമബോധത്തെ കുറ്റിച്ചൂലുകൊണ്ട് ഓടിപ്പിച്ച് അവരെ കിടുകിടെ വിറപ്പിച്ച് നപുംസകങ്ങളാക്കുന്ന ഈ പതിവ്രതമാർ എന്നെപ്പറ്റി തമ്മിൽ തമ്മിൽ കുശുകുശുക്കുകയും വിദ്വേഷത്താൽ തരളിതരാവുകയും ചെയ്തു. ഇവറ്റയ്ക്കു വേണ്ടിയോ ഞാൻ പൊരുതിയത്, ഞാൻ എന്നോടുതന്നെ പലതവണ ചോദിച്ചു. അച്ഛനെയും അമ്മയെയും വേദനിപ്പിച്ചുവെന്നോർത്തപ്പോൾ മാത്രം ഒരപരാധബോധം എന്നെ അലട്ടി.

സ്നേഹമെന്ന മതം

എന്റെ വീടും വീടിന്റെ മുറതെറ്റാത്ത ദിനചര്യയും ഉപേക്ഷിച്ച് കന്യാകുമാരിൽ ഞാൻ വന്നത് എന്റെ ചേതനയുടെ വ്രണങ്ങൾ ഇവിടത്തെ നിശബ്ദതയ്ക്ക് സുഖപ്പെടുത്താൻ കഴിയുമെന്ന ആശയത്തോടെയാണ്.

നഗ്നവും അപാരവുമായ ഈ നിശബ്ദതയ്ക്കുമേൽ, കടൽമാത്രം ഇടയ്ക്കിടയ്ക്ക് തന്റെ നിശ്വാസങ്ങളാവുന്ന നേർത്ത ഉത്തരീയങ്ങൾ ചാർത്തുന്നു.ഇവിടെ പ്രകൃതി തികച്ചും അനാഡംബരയാണ്.

പൂച്ചെടികൾ ഇവിടെ വളരുന്നില്ല. പക്ഷികൾക്കു വർണചിറകുകളില്ല. പക്ഷേ, കടൽക്കരയിൽക്കൂടി ധൃതിയിൽ പൃഷ്ഠം കുലുക്കിക്കൊണ്ടു നടക്കുന്ന ചെട്ടിച്ചികൾ കടുംപച്ചയും കടുംചുവപ്പും ധരിക്കുന്നു. കടലിന്റെ കടുംനീലയെ അവരുടെ തൊലിയും പ്രതിഫലിപ്പിക്കുന്നു.

മൺപൊടി പുരണ്ട മുടിയുള്ള ഈ പെൺകിടാങ്ങളുടെ പുഞ്ചിരിക്ക് വല്ലാത്ത വശ്യതയുണ്ട്. ഞാൻ അവരെ അനുകരിക്കുവാൻ വേണ്ടി നാഗർകോവിൽ ചെന്നു മൂന്നു കടുംനിറ സാരികൾ വാങ്ങി. ചുവന്ന സാരിയുടുത്ത് തെന്നൊന്നു വിയർത്തപ്പോൾ ശരീരത്തിലാകെ അതിന്റെ ചുവപ്പുചായം പകർന്നു.

എന്നാലും ചുവപ്പ് ഞാനിഷ്ടപ്പെടുന്നു. ചുവപ്പുസാരിയുടുക്കുന്നത് ധൈര്യസൂചകമായ ഒരു പ്രവൃത്തിയായി ഞാൻ കരുതുന്നു. ഒരു മാസത്തേക്ക് ഞാൻ മറ്റൊരവതാരമായി ഇവിടെ ജീവിക്കട്ടെ...

എന്റെ കഥ എന്ന രചന ഇറങ്ങിയതിനു ശേഷം മാധവിക്കുട്ടി അനുഭവിക്കേണ്ടി വന്ന സമൂഹത്തിലെയും കുടുംബത്തിലെയും ഒറ്റപ്പെടുത്തലുകളും അംഗീകരിക്കലും എത്രയായിരുന്നുവെന്ന് ഈ കൃതി നമ്മെ ബോധ്യപ്പെടുത്തും.