Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസോസ്റ്റം തിരുമേനിക്ക് മുന്നിൽ തോറ്റോടിയ കാൻസർ

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി ഒരു യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. സ്വാഗതപ്രസംഗകൻ തന്റെ പ്രസംഗത്തിൽ തിരുമേനിയുടെ വിശേഷണങ്ങൾ എണ്ണി എണ്ണി പറഞ്ഞതിനുശേഷം ഇത്രയുംകൂടി കൂട്ടിച്ചേർത്തു. ഇദ്ദേഹം കാൻസർ വന്നിട്ട് ഭേദമായ ഒരു ആളുകൂടിയാണ്. തന്റെ ഊഴം വന്നപ്പോൾ തിരുമേനി പറഞ്ഞു. സ്വാഗതപ്രസംഗകൻ എന്നെപ്പറ്റി ധാരാളം കാര്യങ്ങൾ പറഞ്ഞു. അതിലൊരു കാര്യം മാത്രമെ സത്യമുള്ളൂ. അത് എനിക്ക് കാൻസർ വന്ന് ഞാൻ അതിനെ അതിജീവിച്ചു എന്നുള്ളതാണ്. സ്വാഗതപ്രസംഗകർക്ക് അങ്ങനെ എന്നെപ്പറ്റി പറയാനാണ് ദൈവം എനിക്കു കാൻസർ തന്നത്. എന്നെ സൗഖ്യമാക്കിയതും. 84 വയസ്സുള്ള ഒരാൾക്ക് കാൻസർ വന്നാൽ സൗഖ്യമാകുമെന്ന് മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുന്നതിനുവേണ്ടിയാണ് ദൈവം എന്നെ ജീവനോടെ ശേഷിപ്പിച്ചിട്ടുള്ളത്.
 
കിട്ടുന്ന അവസരങ്ങളിലൊക്കെ തിരുമേനി തനിക്കുണ്ടായ രോഗത്തിന്റെ അനുഭവം പറയാറുണ്ട്. ഒരവസരത്തിൽ യോഗാവസാനം ഒരു പ്രായമായ അമ്മച്ചി തിരുമേനിയോടു പറഞ്ഞു. തിരുമേനി ഇത്തരം കാര്യങ്ങളൊന്നും വിളിച്ചുപറഞ്ഞോണ്ടു നടക്കരുത്. തിരുമേനി പറഞ്ഞു: ഇതൊളിച്ചു വെക്കേണ്ട കാര്യമല്ല. നമുക്കൊരനുഗ്രഹം കിട്ടിയാൽ അതുമൂടിവെക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് അത് എല്ലാവരെയും അറിയിക്കുകയാണു വേണ്ടത്.
 
ഒരിക്കൽ തിരുമേനി ഒരു കാൻസർ രോഗിയെ സന്ദർശിച്ചു. എന്തുപറഞ്ഞാലും അവസാനം അവർ പറയും. തിരുമേനി ''എനിക്കു പേടിയാ'' എന്ന്. അപ്പോൾ തിരുമേനി അവരോടു ചോദിച്ചു നിങ്ങൾ മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞോ? ഇല്ല. ഭർത്താവു പറഞ്ഞോ? ഇല്ല. അമ്മായിയമ്മ പറഞ്ഞോ? ഇല്ല. ആരെങ്കിലും പറഞ്ഞോ? ഇല്ല. മരിക്കണമെന്ന് നിങ്ങൾക്കാഗ്രഹമുണ്ടോ? ഇല്ല. പിന്നെന്തിനാ പേടിക്കുന്നത്?  അപ്പോൾ അവർ പറഞ്ഞു തിരുമേനി, എന്നെ കാണാൻ വരുന്നവരൊക്കെ പേടിക്കരുത് പേടിക്കരുതെന്നൊക്കെ പറയും. എല്ലാവർക്കും പറയാനെളുപ്പമാണ്. ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ മാത്രമേ അതു മനസ്സിലാവുകയുള്ളൂ. തിരുമേനി പറഞ്ഞു. ഞാനീ രോഗം വന്ന് പൂർണ്ണസൗഖ്യം പ്രാപിച്ച ആളാ. ഇപ്പോൾ കുറേ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എനിക്ക് വയസ്സ് നൂറോടടുക്കുകയാണ്. അവർ തിരുമേനിയെ അത്ഭുതത്തോടെ നോക്കി. അവരുടെ ആത്മവിശ്വാസം വർദ്ധിച്ചു. ഭയം അവരെ വിട്ടകന്നു. രോഗവും. ഇങ്ങനെ അനേകം പേർക്ക് നേരിട്ട് പ്രത്യാശയും ആത്മവിശ്വാസവും പകർന്നുകൊണ്ടിരിക്കുന്ന തിരുമേനിയുടെ അനുഭവം വായനക്കാരിലാകെ എത്തിക്കുക എന്ന ചിന്തയാണ് ഇത്തരമൊരു പുസ്തകരചനക്കു പ്രേരണയായത്. അത് വായനക്കാർക്കാകെ ഒരു പ്രചോദനമാകുമെന്നു കരുതുന്നു.
 
നിരാശാഭരിതമായ ജീവിതങ്ങൾക്ക് മാനസികമായ കരുത്തു പകരുന്നതിന് ഈ അനുഭവം സഹായിക്കും. എല്ലാവരിലും പ്രത്യാശയും ആത്മവിശ്വാസവും സ്‌നേഹവും കരുതലും ഒക്കെ നിറയുവാൻ ഇത് ഇടയാക്കും. കാൻസർ പ്രതിരോധ പ്രവർത്തനങ്ങളിലും രോഗികളെ സഹായിക്കുന്നതിലും എല്ലാമനുഷ്യരും തങ്ങൾക്കു കഴിയുന്ന തരത്തിൽ ഇടപെടുന്നതിന് ഈ പുസ്തകം പ്രേരണയാകും എന്നു പ്രത്യാശിക്കുന്നു.


തിരുമേനിയുടെ അനുഭവത്തോടൊപ്പം കാൻസറിനെ അറിയുവാൻ സഹായിക്കുന്ന കുറച്ചു ലേഖനങ്ങളും അനുബന്ധമായി ചേർത്തിട്ടുണ്ട്. എന്താണ് കാൻസർ, വിവിധ ചികിത്സാ രീതികൾ, അതിനെ എങ്ങനെ സമീപിക്കുന്നു എന്നൊക്കെ ഒരു സാധാരണക്കാരനു മനസ്സിലാക്കാനും അറിവു പകരുന്നതിനും ഉദ്ദേശിച്ചാണ് ഈ കുറിപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ രംഗത്തെയും വിദഗ്ദ്ധരാണ് അതു തയ്യാറാക്കിയിട്ടുള്ളത്. ഈ കുറിപ്പുകൾ വായനക്കാർക്ക് വളരെ പ്രയോജനപ്പെടും എന്നു കരുതുന്നു.

Your Rating: