Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിലെ തിരയിളക്കങ്ങൾ ഓർത്തെടുക്കുമ്പോൾ...

1993 കാലഘട്ടത്തിലാണ് ഞാന്‍ ഇന്നസെന്റ് എന്ന ടെലിസീരിയല്‍ സംവിധാനം ചെയ്യുന്നത്. ടെലിസീരിയലിന്റെ ഓരോ എപ്പിസോഡിലും നിരവധി കഥാപാത്രങ്ങളാണ് ഉണ്ടായിരുന്നത്. അഭിനേതാക്കളെ കണ്ടെത്തുക എന്നത് തന്നെ ശ്രമകരമായ ജോലിയായതുകൊണ്ട് ജോസ് എന്ന എന്റെ സുഹൃത്തും ഇരിങ്ങാലക്കുടയിലെ രണ്ടു ഗ്രൂപ്പുകളുമായിരുന്നു ഞങ്ങള്‍ക്ക് വേണ്ടി ആ ജോലിഏറ്റെടുത്തുചെയ്തുകൊണ്ടിരുന്നത്... രാവിലെ ഷൂട്ടിംങിനായി എത്തിയപ്പോഴാണ് ഇന്നസെന്റ് പാമ്പാട്ടിയായി അഭിനയിക്കുന്ന കലാഭവന്‍ അബിയെ പരിചയപ്പെടുത്തിത്തന്നത്. പാമ്പാട്ടിയുടെ കൂടെ കൊട്ടുന്നയാളുടെ മുഖത്തെ ഐശ്വര്യം കണ്ടിട്ടാകണം അയാളോടുതന്നെ ഞാന്‍ ചോദിച്ചു എന്തു ചെയ്യുന്നു എന്ന്. അന്ന് അയാള്‍ എന്നോട് പറഞ്ഞ പേരെന്താണെന്ന് വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ കമലിന്റെ അസിസ്റ്റന്റുമാരിലൊരാളാണ് താനെന്ന് അയാള്‍ പറഞ്ഞു... പിന്നീട് കുറെ കാലത്തിന് ശേഷം ആ ചെണ്ടകൊട്ടുകാരന്‍ സംവിധാനരംഗം ഉപേക്ഷിക്കുകയും തിരക്കുള്ള നടനായി മാറുകയും ചെയ്തു. അതായിരുന്നു ദിലീപ്.


ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞുപോയവരുമായ അനേകരുടെ ജീവിതങ്ങളിലേക്കു കൂടി വെളിച്ചം വീശുന്നവയാണ് ഓരോ ആത്മകഥകളും. ഒരാള്‍ തന്നെക്കുറിച്ചാണ് പറയുന്നതെങ്കിലും താനുമായി ബന്ധപ്പെട്ടവരുടെ ജീവിതങ്ങളിലേക്കുകൂടി അത് കടന്നുചെല്ലുന്നത് തികച്ചും സ്വഭാവികമാണല്ലോ. അതുകൊണ്ടാണ് ചലച്ചിത്രസംവിധായകന്‍ മോഹന്റെ ഇളക്കങ്ങളും ഇടവേളകളും എന്ന ആത്മകഥാഗ്രന്ഥം മറ്റൊരു രീതിയില്‍ കൂടി വായനക്കാരനെ ആകര്‍ഷിക്കുന്നത്. സിനിമ പോലെ ജനപ്രിയമായ ഒരു കലാരൂപത്തില്‍ വര്‍ഷങ്ങളോളമായി നിലനില്ക്കുകയും അടയാളം പതിപ്പിക്കുകയും ചെയ്ത ഒരാളുടെ ആത്മകഥയില്‍ അയാളുമായി ബന്ധപ്പെട്ടവരും സിനിമയില്‍  തന്നെ വിരാചിക്കുന്നവരുമായവരുടെ ജീവിതവും അനുഭവങ്ങളും കടന്നുവരുന്നത് വായനക്കാരനെ സന്തോഷിപ്പിക്കുന്നുണ്ട്. അങ്ങനെ അത് ഒരേസമയം പലരുടെയും ജീവിതകഥകൂടിയായി മാറുന്നുണ്ട്. അത്തരമൊരു സംഭവമാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഇന്നത്തെ നടന്‍ ദിലീപിനെക്കുറിച്ച് മോഹന്‍ എഴുതിയത്.


അനുശ്രീയുമായി ചേര്‍ന്നെഴുതിയ 25 അധ്യായങ്ങളുള്ള ഈ ആത്മകഥയില്‍ ആദ്യ സിനിമ മുതല്‍ ഏറ്റവും ഒടുവിലത്തെ ചിത്രം വരെയുള്ള സംവിധാനത്തിന്റെയും നിര്‍മ്മാണത്തിന്റെയും അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മോഹന്‍ എന്ന സംവിധായകനെയും മോഹന്‍ എന്ന വ്യക്തിയെയും നമുക്കൊരുപോലെ മനസ്സിലാവുന്നുണ്ട്. സിനിമയെന്നത് സംവിധായകന്റെ കലയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ ഈ കൃതിയിലൂടെ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഇപ്പോള്‍ താന്‍ പുതിയ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണമായി മോഹന്‍ പറയുന്ന വാക്കുകള്‍ ഇങ്ങനെയാണ്.
സിനിമകള്‍ സൂപ്പര്‍സ്റ്റാറുകളുടെ തീരുമാനമനുസരിച്ച് നിര്‍മ്മിക്കപ്പെടുന്നവ മാത്രമായി മാറിയപ്പോള്‍ അവരുദ്ദേശിക്കുന്ന സംവിധായകര്‍ അല്ലെങ്കില്‍ അവരുദ്ദേശിക്കുന്ന രീതിയില്‍ സിനിമകള്‍ സംവിധാനം ചെയ്യുന്ന സംവിധായകര്‍ക്ക് മാത്രമായി പ്രാമുഖ്യം. എനിക്കതിന് കഴിയുമായിരുന്നില്ല.


മഞ്ജുവാര്യരുടെ ആദ്യസിനിമ ഏത് എന്ന ചോദ്യത്തിന്  ഭൂരിപക്ഷത്തിന്റെയും മറുപടി സല്ലാപം എന്നായിരിക്കും. അതുപോലെ ബേബി ശാലിനിയുടെ ആദ്യ ചിത്രത്തിനുള്ളമറുപടി എന്റെ മാമ്മാട്ടിക്കുട്ടിയമ്മ എന്നും. എന്നാല്‍ രണ്ട് ഉത്തരങ്ങളും മോഹന്‍ തന്റെ ആത്മകഥയില്‍ തെളിവുകളോടെ തിരുത്തുന്നുമുണ്ട്. സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യര്‍ ആദ്യമായി സിനിമയില്‍ എത്തിയത് എന്നും ആയയെക്കൂട്ടിയാണ് മഞ്ജു ആദ്യമായി അഭിനയിക്കാന്‍ എത്തിയതെന്നും മോഹന്‍ ഇതിലെഴുതുന്നു.


..അപ്പോഴാണ് ആരോ പറഞ്ഞത് മഞ്ജു ലൊക്കേഷനില്‍ വന്നിരിക്കുന്നത് ആയയെപോലെ ഒരു സ്ത്രീയെ കൂട്ടിന് കൂട്ടിയാണ് എന്ന്. എനിക്കെന്തോ അസ്വസ്ഥതതോന്നി. മഞ്ജുവിനെ വിളിച്ച് ബന്ധുക്കളാരും കൂടെ വരാതിരിക്കുന്നതിന്റെ കാര്യമെന്താണെന്നന്വേഷിച്ചു. വല്യച്ഛന്‍ മരിച്ചതുകൊണ്ടാണ് അമ്മയ്ക്കും അച്ഛനും വരാന്‍ കഴിയാത്തതെന്ന് മഞ്ജുപറഞ്ഞു. ഷൂട്ടിംങ് ആരംഭിച്ച് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം മഞ്ജുവിന്റെ അച്ഛനും അമ്മയും എത്തിചേര്‍ന്നു. മഞ്ജുവിനെ വല്യച്ഛന് വലിയ ഇഷ്ടമായിരുന്നുവെന്നും മറ്റും സംഭാഷണമധ്യേ മാധവവാര്യര്‍ പറഞ്ഞു.


 അതുപോലെ 'മംഗളം നേരുന്നു' എന്ന സിനിമയുടെ സെറ്റില്‍ നേരിട്ടെത്തിയാണ് അപ്പച്ചന്‍ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ബേബിശാലിനിയുടെ ഡേറ്റ് വാങ്ങിക്കുന്നത് എന്നും മോഹന്‍ എഴുതുന്നു. നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ പോലും സിനിമയോട് മഞ്ജുവും കുടുംബവും കാണിച്ച അര്‍പ്പണബോധവും പ്രതിബദ്ധതയും തന്നെ അത്ഭുതപ്പെടുത്തിയെന്നും മോഹന്‍ തുടര്‍ന്ന് അഭിപ്രായപ്പെടുന്നു.
കൊച്ചുകൊച്ചു തെറ്റുകളുടെ സെറ്റില്‍വച്ചുണ്ടായ നിസ്സാരസംഭവത്തിന്റെപേരില്‍ പത്മരാജനുമായുള്ള പിണക്കം, ശ്രീവിദ്യയുടെ തെറ്റിദ്ധാരണ, സുകുമാരന്റെ മരണം, സിനിമാലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ശോഭയുടെ മരണം, അരാജകജീവിതത്തിന്റെ അപ്പസ്‌തോലനായ സുരാസു എന്നിങ്ങനെ പുതിയ തലമുറയ്ക്കും പഴയതലമുറയ്ക്കും പരിചിതമായ അനേകംസംഭവങ്ങളും വ്യക്തികളും ഇതില്‍ കടന്നുവരുന്നുണ്ട്.


ചാനലുകളില്‍ ഇന്നേറെ ചിരിപ്പിക്കുന്ന ഒരു രംഗമായി മാറിയിട്ടുണ്ടല്ലോ അഴകിയ രാവണന്‍ സിനിമയില്‍ ഇന്നസെന്റ് അഭിനയിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ രംഗം. അത് യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പകര്‍ത്തിയതാണെന്നും മോഹന്‍ പറയുന്നു. അദ്ദേഹത്തിന്റെ സൂര്യദാഹം എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവമായിരുന്നുവത്രെ അത്. വിധുബാലയും സുകുമാരിയും കൂടി അമ്പലത്തില്‍ നിന്ന് തൊഴുതുമടങ്ങുമ്പോള്‍ വഴിയില്‍വച്ച് ഒരു സ്ത്രീയെ കാണുന്നതും സംസാരിക്കുന്നതുമായിരുന്നു യഥാത്ഥസംഭവം. തനി നാട്ടിന്‍പുറത്തുകാരിയായിരിക്കണം ആ കഥാപാത്രമെന്നതുകൊണ്ട് തൃശൂരിലെ ബിനി ടൂറിസ്റ്റ് ഹോം അടിച്ചുവാരുന്ന സ്ത്രീയെ ആണ് ആ രംഗത്തിലേക്ക് എടുത്തത്. അമ്പലത്തില്‍ നിന്ന് ഇറങ്ങിവരുന്ന വിധുവിനോടും സുകുമാരിയമ്മയോടും അവര്‍ ചോദിക്കും
-അമ്മയും മകളും കൂടി എവിടുന്നാ
-അമ്പലത്തില്‍ നിന്ന്
-അപ്പോള്‍ സ്ത്രീ ചോദിക്കും
-എന്താ വിശേഷം
-സുകുമാരിയമ്മ മറുപടി പറയും: ഇന്നിവളുടെ പിറന്നാളാണ്. ഇതാണ് ഡയലോഗ്.

പക്ഷേ ആ സ്ത്രീ ഡയലോഗ് തെറ്റിച്ചുകൊണ്ടേയിരുന്നു. സുകുമാരി ആ സ്ത്രീയുടെ ഡയലോഗ് പരമാവധി ശരിയാക്കാനായി ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. പലപ്പോഴും ഡയലോഗ് ഒന്നും പറയാതെ നില്ക്കുന്ന അവരോട് ഇന്ന് മോളുടെ പിറന്നാളാണ് എന്ന് സുകുമാരിയമ്മ പറയുകയാണെങ്കില്‍ അവര്‍ ഇന്നെന്താവിശേഷം എന്ന് തിരിച്ചുചോദിക്കും. അതല്ലെങ്കില്‍ ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാലുടന്‍ സുകുമാരിയമ്മ പറയേണ്ട ഡയലോഗും ഇവര്‍ പറയേണ്ട ഡയലോഗും എല്ലാം ഒറ്റയടിക്ക് അവര്‍ തന്നെ പറയും.
ഈ സംഭവമാണ് അഴകിയ രാവണനില്‍ ഇന്നസെന്റ് അഭിനയിച്ചത്. അതിന് കാരണവുമുണ്ട്. മോഹന്റെ മിക്ക സിനിമകളിലും സഹായിയായി ഇന്നസെന്റ് കൂടെയുണ്ടാവും. സൂര്യദാഹത്തിലെ ഈ രംഗത്തിന് വേണ്ടി തൂപ്പുകാരിയെ കണ്ടുപിടിച്ചുകൊണ്ടുവന്നതും ഇന്നസെന്റ് തന്നെയായിരുന്നു.


ചുരുക്കത്തില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക്, സിനിമയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മധ്യവര്‍ത്തി സിനിമയുടെ ചരിത്രകാലം അന്വേഷിക്കുന്നവര്‍ക്ക് എല്ലാം വളരെ ഉപകാരപ്രദമായ ഒരു പുസ്തകമാണ് മോഹന്റെ ആത്മകഥയായ ഇളക്കങ്ങളും ഇടവേളകളും. സി. രാധാകൃഷ്ണന്റേതാണ് അവതാരിക.

Your Rating: