Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവപര്യന്തം വിധിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍

നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയതിന് ഈ ലോകത്ത് ആര്‍ക്കെങ്കിലും അടി കിട്ടിയിട്ടുണ്ടോ? ഉണ്ടാവില്ല എന്ന് തീര്‍ത്തുപറയാന്‍ വരട്ടെ. കാരണം അടി കിട്ടിയ ആള്‍ തന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അയാളുടെ സാക്ഷ്യം സത്യവുമാണ്.

സംഭവം ഇങ്ങനെയാണ്. വര്‍ഷം 1969 ജൂലൈ. ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടാന്‍ ചെന്നപ്പോള്‍ കിട്ടിയതായിരുന്നു ആ വാര്‍ത്ത. മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തിയിരിക്കുന്നു. ബാര്‍ബര്‍ഷോപ്പിലെ  വര്‍ത്തമാനം കേട്ടുകൊണ്ടിരുന്ന ആ രണ്ടാം ക്ലാസുകാരന് സന്തോഷം അടക്കാനായില്ല. ആകാശത്ത് പലപ്പോഴും കാണുന്ന ആ തിളങ്ങുന്ന മഞ്ഞത്തളികയില്‍ മനുഷ്യന്‍ കാലു കുത്തിയിരിക്കുന്നു. തിരികെ ഓടിവന്ന് വീട്ടുവരാന്തയിലിരുന്ന് അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു,

ഉമ്മാ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി. പറഞ്ഞുതീരേണ്ട താമസം പിന്‍കഴുത്തില്‍ ഒരടിവീണു. വല്യുപ്പയാണ് അടിച്ചത്.
ഹറാമ് പറയുന്നേ ഹമുക്കേ..അതായിരുന്നു വല്യുപ്പയുടെ പ്രതികരണം.

 
ചെറുകഥാകൃത്തും തിരക്കഥാകൃത്തും കവിയുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ജീവപര്യന്തം എന്ന ആത്മകഥനത്തിലേതാണ് ഈ സംഭവം.

അനുഭവങ്ങളുടെ വന്‍കരകള്‍ കൊണ്ട് രചിച്ചിരിക്കുന്ന  ഈ അനുഭവക്കുറിപ്പുകള്‍ നമ്മെ ഒരേസമയം വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്. സാധാരണയുള്ള അനുഭവക്കുറിപ്പുകള്‍ ഭാഷയുടെ സൗന്ദര്യവും സത്യസന്ധതയുടെ മികവും കൊണ്ട് തീവ്രമായ ആസ്വാദനതലത്തിലേക്ക് വായനക്കാരനെ കൊണ്ടുപോവുകയാണ് ചെയ്യുന്നതെങ്കില്‍ ജീവപര്യന്തം അത്തരം തലത്തിലേക്ക് ഉയരുന്നതിനൊപ്പം തന്നെ നിരീക്ഷണങ്ങള്‍ കൊണ്ടും വിളിച്ചുപറയലുകള്‍ കൊണ്ടും കൂടി അവയെക്കാള്‍ മീതെ ഉയര്‍ന്നുനില്ക്കുന്നുമുണ്ട്. പ്രവാചകന്റെ ധീരത അത്തരം പല വിളിച്ചുപറയലുകള്‍ക്കുമുണ്ട്.
 
അത്തരം ചില ഉദാഹരണങ്ങള്‍ നോക്കൂ
 
ആളുകള്‍ക്ക് നേരാവിധം പ്രതിഫലം കൊടുക്കുക എന്നതൊക്കെ മോശം കാര്യമാണെന്ന് വിചാരിക്കുന്ന കലാമൂല്യസംവിധായകരാണ് മലയാളത്തില്‍ കൂടുതല്‍. ഞാനറിഞ്ഞിടത്തോളം അടൂരിന്റെയും അരവിന്ദന്റെയും മൂല്യബോധമൊന്നും നമ്മള്‍ പൂവിട്ടുപൂജിക്കുന്ന പല സംവിധായകര്‍ക്കുമില്ല. ജോലി ചെയ്യുന്നവന് കൂലി കൊടുക്കാത്ത പുരോഗമനവാദികളാണ് മിക്കവരും. എനിക്ക് തോന്നുന്നത് ഇത്തരക്കാരുടെ ഒരു ലിസ്റ്റ് തന്നെ ആരെങ്കിലും മുന്‍കൈയെടുത്ത് പ്രസിദ്ധീകരിക്കാനുള്ള ധൈര്യം കാണിക്കണം. പണിയെടുക്കുന്നവന് കൂലി കൊടുക്കാതെ പറ്റിക്കുന്ന കലയൊക്കെ വേണ്ടെന്ന് വയ്ക്കാനുള്ള മൂല്യബോധം ഇപ്പോഴും മലയാളി പ്രേക്ഷകനുണ്ട് എന്നാണെന്റെ വിശ്വാസം. സിനിമയില്‍ നിന്ന് താന്‍പുറത്തായിപോകുമോയെന്ന പേടി കൊണ്ടാണ് ആണായാലും പെണ്ണായാലും ഇത്തരം പലവിധ ചൂഷണങ്ങള്‍ക്കുമെതിരെ നിശ്ശബ്ദത പാലിക്കുന്നത്.
 
ഇനി സ്വന്തം അനുഭവത്തില്‍ നിന്നുള്ള ഒരു നിരീക്ഷണം പങ്കുവയ്ക്കുന്നത് നോക്കൂ.
 
മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല. അവന്റെ ഉള്ളിലെ മൃഗത്തെ മറയ്ക്കുന്ന കര്‍ചീഫോ മക്കനയോ ആണ്.
 
കേരളം വലിയ മനുഷ്യരെ ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ മഹാന്മാരെ അധികം കണ്ടിട്ടില്ല.
 
നമ്മുടെ എഴുത്തുകാരില്‍ തൊണ്ണൂറ് ശതമാനം പേരും എഴുതുമ്പോള്‍ മാത്രമാണ് വാല്മീകി. അതല്ലാത്തപ്പോള്‍ കാട്ടാളന്മാരും.

മനുഷ്യന്‍ എന്ന ജീവിയോളം സങ്കീര്‍ണ്ണമായി മറ്റെന്തുണ്ട്? ഒരാളെ ഏതെങ്കിലും കളളിയിലൊതുക്കി ഭാവന കൊള്ളുന്നവനോളം വിഡ്ഢി മറ്റാര്? ദൈവം എഴുതിയ നോവലിന്റെ പേര് മനുഷ്യവംശം.എഴുതിയ മാധ്യമം ഭൂമി.
 
ആരെക്കണ്ടാലും നിങ്ങളെവിടെ നിന്ന് വരുന്നു, പേര്, കുടുംബം, എന്തു ചെയ്യുന്നു തുടങ്ങിയ വിശദാംശങ്ങളെടുക്കും കാരശ്ശേരി മാഷ്. തൊട്ടുപുറകെ ചോദ്യം വരും. നിങ്ങള്‍ ഭക്ഷണം കഴിച്ചോ. ഇങ്ങനെ ചോദിക്കുന്ന രണ്ടേ രണ്ട് എഴുത്തുകാരെയേ ഞാന്‍ കണ്ടിട്ടുള്ളൂ. ബഷീറും കാരശ്ശേരിയും. മിക്കപേരും അവനവന്റെ ഈഗോയിസത്തിന്റെ ഏകാംഗ പ്രദര്‍ശനശാലയായി പെട്ടെന്ന് മാറുന്നതാണ് നാം കാണുക.

ജീവിച്ചിരിക്കുന്ന എഴുത്തുകാരനെ വിശ്വസിക്കാതിരിക്കുക, സാധിക്കുമെങ്കില്‍ മാത്രം അവനെ സ്‌നേഹിക്കാന്‍ ശ്രമിക്കുക. അയാളെഴുതുന്ന പുസ്തകത്തെ മാത്രമാശ്രയിക്കുക.

ഇങ്ങനെ എത്രവേണമെങ്കിലുമുണ്ട് ഉദാഹരണങ്ങള്‍.

നാടുവിട്ടുപോയ കാലത്ത് പള്ളിമുക്രിയില്‍ നിന്ന്  ഉണ്ടായ ലൈംഗിക ദുരനുഭവത്തെ എത്ര ഹ്രസ്വമായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നതെന്ന് നോക്കൂ.
 
സുന്നിയായതുകൊണ്ട് എനിക്കവിടെ ഇടം കിട്ടി. പക്ഷേ സ്വവര്‍ഗ്ഗരതിക്കാരനായ പള്ളിമുക്രി സുബഹ് വാങ്ക് വിളിക്കുവോളം ഉറങ്ങാന്‍വിട്ടില്ല. അതേ മുക്രി സുബഹ് വാങ്ക് വിളിച്ചു. അതേ മുക്രിയെ പിന്തുടര്‍ന്ന് ഞാന്‍ നിസ്‌ക്കരിച്ചു.
 
അതിവൈകാരികതയില്‍ നിന്ന് വിമുക്തനായിക്കൊണ്ടുള്ള ഈ അടക്കംപറച്ചിലുകളില്‍ എത്രയോ അധികം വേദനയാണ് അടങ്ങിയിരിക്കുന്നത്! സമകാലിക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കടന്നുപോകുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ എത്രയോ മുമ്പും ഉണ്ടായിരുന്നു എന്ന് വെറുതെ ഓര്‍ത്തുപോകുകയും ചെയ്യുന്നു.

താന്‍ കടന്നുപോയ ജീവിതത്തിന്റെ വിവിധ അവസ്ഥാന്തരങ്ങളെക്കുറിച്ചും ശിഹാബുദ്ദീന്‍ ഇവിടെ വിവരിക്കുന്നുണ്ട്. തടിമില്ലിലെ ചാപ്പകുത്തുകാരന്‍, അളവുകാരന്‍, ചുമട്ടുകാരന്‍,, ലോറിക്ലീനര്‍.. രോഗിയുടെ ബൈസ്റ്റാന്‍ഡര്‍,, വാച്ചുമാന്‍, സ്റ്റോര്‍കീപ്പര്‍, പിയര്‍ലെസ് ഏജന്റ്... മുഴുവന്‍ എഴുതിയാല്‍ ഏറെ പേജുകള്‍ വേണ്ടിവരുന്നത്രവിധത്തിലുള്ള വിവിധ ജോലികള്‍.

എത്രെയെത്ര അനുഭവങ്ങളുടെ കടലുകള്‍ കടന്നുപോയിട്ടും  അവയ്ക്കുമുമ്പില്‍ നിര്‍മമതയോടെ നോക്കിനില്ക്കുന്ന ഗ്രന്ഥകാരനെയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.  മലയാളത്തിലെ എണ്ണമറ്റ ആത്മകഥനഗ്രന്ഥങ്ങളുടെ പട്ടികയില്‍ തികച്ചും ആദരിപ്പെടേണ്ട കൃതി തന്നെയാണ് ജീവപര്യന്തം.

ഒരാളുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ നാം അയാളുടെ മാത്രം അനുഭവങ്ങളുടെ സാക്ഷിയായിത്തീരുകയല്ല മറിച്ച് അനേകം ജീവിതങ്ങളെ അടുത്തറിയുകയും  ജീവിതം പഠിക്കുകയുമാണ് ചെയ്യുന്നത് എന്ന് ഓര്‍മ്മപ്പെടുത്തുന്ന പുസ്തകം കൂടിയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ജീവപര്യന്തം.