Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ നാടൻ പശുക്കളും, പരിപാലനരീതികളും

ഭാരതം പ്രധാനപ്പെട്ട ധാരാളം പശുക്കൾക്കും എരുമകൾക്കും തറവാടാണ്. ചരിത്രാതീത കാലംതൊട്ട് കന്നുകാലി വളർത്തലിനും പാലുത്പാദനത്തിനും ഇവിടം പ്രശസ്തമായിരുന്നു. ഇന്നു ലോകത്തേറ്റവുമധികം പാലുത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ മുൻപന്തിയിൽത്തന്നെയാണ് നമ്മുടെ രാജ്യം. എന്നാൽ ഇതിനിടയിൽ ഇവിടുത്തെ തനത് നാടൻ കന്നുകാലികളെ നമ്മൾ മറന്നുകളഞ്ഞോ? ഒരുപാടു നന്മകളുള്ളതാണ് ഇന്ത്യയിലെ, കേരളത്തിലെ തനതു നാടൻപശുക്കൾ. കൃഷിവകുപ്പ് മുൻഡയറക്ടറും ജൈവ-നാടൻ കൃഷിരീതികളുടെ പ്രചാരകനുമായ പി.ജെ. ജോസഫ് രചിച്ച നാടൻപശുക്കളും പരിപാലനരീതികളും എന്ന പുസ്തകം നമ്മുടെ തനതു പശുവിനങ്ങളെയും അവയുടെ സവിശേഷതകളെയും പരിചയപ്പെടുത്തിക്കൊണ്ട് ആരെയും നാടൻ പശുക്കളുടെ ആരാധകരാക്കിമാറ്റുമെന്ന് നിസ്സംശയം പറയാം.

ഭൂമധ്യരേഖയ്ക്കടുത്തുകിടക്കുന്ന നമ്മുടെ ഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് വളർന്നിരുന്ന നാടൻപശുക്കൾക്ക് ശാരീരികമായി വളരെയധികം പ്രത്യേകതകളുണ്ട്. മുതുകിൽ വലിയ പൂഞ്ഞ, നീളമേറിയമുഖം, നേരെ മുകളിലേക്കുള്ള കൊമ്പ്, തൂങ്ങിയ ചെവികൾ, മനോഹരമായ താട, വണ്ണംകുറഞ്ഞ കാലുകൾ ഇവയൊക്കെയാണ് ചില പൊതുലക്ഷണങ്ങൾ. ഈ ഭൂമിയിൽ ഒട്ടകത്തിനും നാടൻപശുവിനും മാത്രമാണ് മുതുകത്ത് ഉയർന്ന പൂഞ്ഞുള്ളത്. സൗരോർജ്ജത്തിൽനിന്നും അൾട്രാവയലറ്റ് രശ്മികൾ സ്വീകരിച്ച് നാടൻ പശുവിന്റെ പാലിനും മൂത്രത്തിനും ഔഷധഗുണങ്ങൾ നൽകുന്നതിൽ ഈ പൂഞ്ഞയ്ക്ക് പ്രത്യേകസ്വാധീനം ഉണ്ടത്രെ. ഇന്ന് ഓംഗോൾ, സഹിവാൾ, ഗീർ ഇനങ്ങളിൽപ്പെട്ട കന്നുകാലികൾ ബ്രസീൽ, അമേരിക്ക, മെക്‌സിക്കോ, വെനിസ്വെല തുടങ്ങിയ രാജ്യങ്ങളിൽ കർഷകർക്ക് ഏറെ പ്രിയപ്പെട്ടതാണത്രെ.

പി.ജെ. ജോസഫിന്റെ ഈ കൃതിയിൽ കന്നുകാലിവർഗ്ഗങ്ങളുടെ ഉത്ഭവം, ചരിത്രം, ഇന്ത്യയിലെ കന്നുകാലിവർഗ്ഗങ്ങളുടെ ഉരുത്തിരിയൽ, കേരളത്തിലെ കാലിവളർത്തൽ, ഭാരതത്തിലെയും കേരളത്തിലെയും കന്നുകാലിവർഗ്ഗങ്ങൾ, കേരളത്തിന്റെ തനതു വർഗ്ഗങ്ങൾ, വംശനാശം വന്നുപോയവ എന്നിവയെ പരിചയപ്പെടുത്തുന്നതു കൂടാതെ കേരള കന്നുകാലി വികസനബോർഡ്,കേരള ജൈവ വൈവിധ്യ ബോർഡ്, ആലപ്പുഴയിലെ ഗാന്ധിസ്മാരക കേന്ദ്രം എന്നീ സ്ഥാപനങ്ങൾ കേരളത്തിലെ നാടൻ കന്നുകാലിവർഗ്ഗസംരക്ഷണ രംഗത്ത് നിർവ്വഹിക്കുന്ന പങ്കിനെയും ലേഖകൻ പ്രതിപാദിക്കുന്നു. കേരള വെറ്ററിനറി സർവ്വകലാശാല നടത്തുന്ന ആധുനിക ഗവേഷണങ്ങൾ, മൂല്യവർദ്ധന, വിപണനം എന്നിവയും കർണ്ണാടകയിലെ ഷിമോഗ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീരാമചന്ദ്രപുര മഠത്തിന്റെ നാടൻ പശുവർഗ്ഗങ്ങളുടെ സംരക്ഷണാർത്ഥമുള്ള ഭഗീരഥ പ്രയത്‌നങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വളർത്തുന്നവയിൽ എണ്ണംകൊണ്ട് കൂടുതലായി കാണപ്പെടുന്ന വെച്ചൂർപശുക്കൾ, കാസർഡോഗ് കുള്ളൻ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം കൊടുത്തിട്ടുമുണ്ട്.

പശുക്കളെ വളർത്തുന്നവർക്കും താല്പര്യമുള്ളവർക്കും ഏറെ വിജ്ഞാനപ്രദമായ ഈ പുസ്തകം ആഖ്യാനത്തിന്റെ ലാളിത്യം കൊണ്ടും ഉള്ളടക്കത്തിന്റെ ആഴം കൊണ്ടും വളരെ രസകരമായ വായനാനുഭവമാകുന്നു.