Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകൾ മരിക്കുമോ?...

ലോകത്തോടു വിടപറഞ്ഞു പോയിട്ടും ഇന്നും ഓർമകളിൽ സജീവമായി നിൽക്കുന്ന കുറേ മുഖങ്ങളുണ്ട്. സിനിമകളിലൂടെ നാം എന്നും കാണുന്ന കുറേ മുഖങ്ങൾ....ജീവിതത്തിൽ ഒരാൾ പകർന്നാടുന്ന വേഷങ്ങളേക്കാളേറെ വേഷങ്ങൾ കെട്ടിയാടി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു കടന്നു പോയ മഹാപ്രതിഭകൾ. സിനിമയിലെ ആ പ്രതിഭകളെ കുറിച്ചുള്ള ഓർമക്കുറിപ്പുകളാണ്  കെ. വേണുഗോപാലിന്റെ ഓർമകൾ മരിക്കുമോ എന്ന പുസ്തകം.

വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹരമാണ് തിങ്കൾ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. അരവിന്ദൻ, ജോൺ ഏബ്രഹാം, പത്മരാജൻ, ബാസു ഭട്ടാചാര്യ, ഋഷികേശ് മുഖർജി, ശങ്കരാടി, ഭരത്ഗോപി, ബാലൻ.കെ. നായർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, ശ്രീവിദ്യ, ശോഭ തുടങ്ങി അഭിനയ, സംവിധാന പ്രതിഭ കൊണ്ടു മനുഷ്യഹൃദയത്തെ തൊട്ട ചില ആളുകളാണ് ഓർമകളിലൂടെ നമ്മിലേക്കെത്തുന്നത്.


വിക്കിപീഡിയയിലേതു പോലെ ഓരോ പ്രതിഭയുടെയും ജീവചരിത്രം ഓരോ ലേഖനത്തിലൂടെയും നമുക്കു വായിച്ചെടുക്കാം. അവരുടെ മികച്ച സിനിമകൾ, ഡയലോഗുകൾ തുടങ്ങി സൂക്ഷ്മമായ കാര്യങ്ങൾ എടുത്തു പറയുന്നു. സാധാരണ പ്രേക്ഷകന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതകളെയും അവർ നമുക്കു സമ്മാനിച്ച കഥാപാത്രങ്ങളെയും ഇഴകീറി പരിശോധിക്കുന്നുണ്ട്. സിനിമയ്ക്കപ്പുറം, അവരുടെ പ്രതിഭയുടെ തിളക്കം കൂട്ടിയ മേഖലകളെയും കൃത്യതയോടെ വിശദീകരിക്കുന്നു.
ഇതിൽ സൂചിപ്പിച്ചിട്ടുള്ള നടീനടന്മാരാരും നായക വേഷങ്ങളിൽ കത്തിനിന്നവരല്ല. സ്വഭാവ നടന്മാർ എന്ന ലേബലിൽ നിന്നുകൊണ്ടുതന്നെ അസാമാന്യ പ്രതിഭ പ്രകടിപ്പിച്ചവരാണ്.

പല സിനിമകളിലും ഇവരിൽ പലരും വന്നുപോകുന്ന കഥാപാത്രങ്ങൾ മാത്രമാണ്. എന്നിട്ടും നമ്മൾ ആ കഥാപാത്രങ്ങളെ ഓർക്കുന്നു, ഇഷ്ടപ്പെടുന്നു. അത് അവരുടെ അസാമാന്യ പ്രതിഭ ആ കഥാപാത്രങ്ങൾക്കു പകുത്തു നൽകിയ സ്വാഭാവികതയുടെ പേരിലാണെന്ന് വേണുഗോപാൽ വ്യക്തമാക്കുന്നു.


മലയാളി പ്രേക്ഷകർക്ക് അത്രകണ്ട് പരിചിതമല്ലാത്ത രണ്ടു പേരാണ് ബാസു ഭട്ടാചാര്യ, ഋഷികേശ് മുഖർജി എങ്കിലും ഇന്ത്യൻ സിനിമയ്ക്ക് അവർ നൽകിയ മഹത്തായ സംഭാവനകളാണ് ആ പേരുകളും ഇവിടെ കൂട്ടിച്ചേർക്കപ്പെടാൻ കാരണമായതെന്നു ലേഖനങ്ങളിൽ നിന്നു വ്യക്തം. ഹിന്ദി സിനിമയുടെ ആശയഗതിയെ തന്നെ മാറ്റി മറിച്ചവരായിരുന്നു ആ രണ്ടു പേരും. 1970 കളിൽ ബാസു നിർമിച്ച ആനന്ദമഹൽ എന്ന ചിത്രം പുറത്തുവന്നില്ല. അതിനു കാരണമായി ബാസു പറഞ്ഞത് –‘‘അതിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും  ഇഷ്ടമായി, എനിക്കൊഴികെ. അതുകൊണ്ട് ആ സിനിമ ഞാൻ റിലീസ് ചെയ്തില്ല.’’ ഈ ചങ്കൂറ്റം ബാസുവിനല്ലാതെ എത്ര സംവിധായകർക്കുണ്ടാകും എന്നും ലേഖകൻ ചോദിക്കുന്നുണ്ട്. വയലൻസും ഗ്ലാമറും അരങ്ങുവാണ ഹിന്ദി സിനിമാ ലോകത്ത് പച്ചയായ മനുഷ്യജീവിതങ്ങളെ അവതരിപ്പിച്ചും കയ്യടി വാങ്ങാമെന്നു തെളിയിച്ചയാളാണ് ഋഷികേശ് മുഖർജിയെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സഹായത്തോടെ അടിവരയിട്ടു പറയുന്നു, വേണുഗോപാൽ.


ജോൺ എബ്രഹാം എന്ന സംവിധായകന്റെ സിനിമകൾ പോലെ തന്നെ മരിക്കാത്തവയാണ് അദ്ദേഹമെഴുതിയ ചെറുകഥകൾ.  അദ്ദേഹത്തിന്റെ സിനിമകൾ പോലെ തന്നെ തകർച്ചയുടെയും ആത്മനിഷേധത്തിന്റെയും ജീവിതത്തോടുള്ള നിരന്തരമായ കലാപത്തിന്റെയും കഥകളാണ് അദ്ദേഹമെഴുതിയതിൽ ഭൂരിഭാഗവും. ‘ഇനിയും മരിക്കാത്ത ജോൺ’ എന്ന ലേഖനത്തിൽ അദ്ദേഹത്തിന്റ ഓരോ കഥകളെയും വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ട്.  


സംഗീതജ്ഞനും ചിത്രകാരനും  കൂടിച്ചേർന്ന ചലച്ചിത്രകാരനെയാണ് അരവിന്ദൻ സിനിമകളിലൂടെ കാണാൻ കഴിയുകയെന്ന് അദ്ദേഹത്തിന്റെ സിനിമകളുടെ കൂട്ടുപിടിച്ച് വേണുഗോപാൽ വ്യക്തമാക്കുന്നു. കലയുടെ ഉദാത്തമായ സൗന്ദര്യബോധം അതായിരുന്നു അരവിന്ദൻ സിനിമകളുടെ പ്രത്യേകത.
സിനിമയിലെ ഫ്രെയിം പോലെ കഥകളെയും ദൃശ്യാവിഷ്കാരം കൊണ്ട് സമ്പന്നമാക്കിയ പത്മരാജനെയാണ്  ‘ഋതുഭേദങ്ങളുടെ പാരിതോഷികം ’എന്ന ലേഖനത്തിലൂടെ വരച്ചുകാട്ടുന്നത്. അന്തരീക്ഷത്തെയും പ്രകൃതിയെയും കൂട്ടുപിടിച്ച് കഥകളെ ദൃശ്യവത്ക്കരിക്കാൻ അദ്ദേഹത്തിനുള്ള അസാമാന്യ പാടവം എടുത്തുപറയുന്നുണ്ടിവിടെ. അതുപോലെ അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളും ലേഖനത്തിൽ പരാമർശിക്കപ്പെട്ടിട്ടുമുണ്ട്.


അതിനാടകീയതും അളവിൽകവിഞ്ഞ വൈകാരികതയും കൃത്രിമത്വവും നിറഞ്ഞു നിന്ന മലയാള സിനിമയിലേക്ക് സ്വാഭാവികമായ അഭിനയം പകർന്നു നൽകിയ നടനായ ശങ്കരാടിയെ സൗത്ത് ഇന്ത്യയിലെ തന്നെ ‘ആദ്യ റിയലിസ്റ്റിക് ആക്ടർ’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. കമ്യൂണിസ്റ്റുകാരനിൽ നിന്ന് പിന്നീട് ഈശ്വരവിശ്വാസിയായി മാറിയ ശങ്കരാടിയെയും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
നാടകത്തിന്റെ അരങ്ങിൽ നിന്നു സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിയ ബാലൻ.കെ. നായർ എന്ന നടനെ ‘ആയിരം വാക്കുകൾ ഒറ്റനോട്ടത്തിലൊതുക്കുവാൻ കഴിവുണ്ടായിരുന്ന നടൻ’ എന്നാണ് വേണുഗോപാൽ വിവരിക്കുന്നത്. കരുത്തുറ്റ നായക കഥാപാത്രങ്ങൾക്ക് പ്രതിനായകനാകാൻ പോന്ന കരുത്തുണ്ടായിരുന്നയാൾ. വില്ലൻ കഥാപാത്രങ്ങളും ക്യാരക്ടർ റോളുകളും ഒരുപോലെ കൈകാര്യം ചെയ്ത അദ്ദേഹത്തിനു സ്റ്റണ്ട് സീനുകളിലുണ്ടായിരുന്ന അസാമാന്യ മെയ്‌വഴക്കവും എടുത്തുപറയുന്നു.


അനായാസ ചലനങ്ങളിലൂടെയും അത്ഭൂതാവഹമായ  ശബ്ദനിയന്ത്രണത്തിലൂടെയും അഭിനയത്തിന്റെ അനശ്വര മുഹൂർത്തങ്ങൾ സൃഷ്ടിച്ച തിലകൻ എന്ന നടനെയാണ് ‘പൂർണതയുടെ തലയെടുപ്പ് എന്ന ലേഖനത്തിലൂടെ  വായനക്കാർക്കു മുന്നിൽ കൊണ്ടുവന്നു നിർത്തുന്നത്.   നാടകത്തിൽ നിന്നു സിനിമയിലേക്കുള്ള തിലകന്റെ പ്രയാണവും തിലകൻ അനശ്വരമാക്കിയ കഥാപാത്രങ്ങളെയും കൃത്യമായി വിശദീകരിക്കുന്നുണ്ടിവിടെ.


‘ഇന്ത്യൻ സിനിമയിൽ അപൂർവമായി സംഭവിക്കുന്ന പ്രതിഭാസം,  ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ കലയുടെ എല്ലാ മേഖലകളിലും മികവ് പ്രകടമാക്കാൻ കഴിഞ്ഞ അപൂർവ പ്രതിഭ’– ഈ വാക്കുകളിലുണ്ട് ശ്രീവിദ്യ എന്ന നടിയുടെ ജീവിത രേഖ. നായിക, അമ്മ എന്നീ വേഷങ്ങളിൽ ഒരു പോലെ തലയെടുപ്പോടെ നിൽക്കാൻ കഴിഞ്ഞു ശ്രീവിദ്യക്ക്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിൽ അഭിനയിക്കുമ്പോൾ ഇഴുകിച്ചേരാനുള്ള അവരുടെ കഴിവ് എടുത്തുപറയുന്നുണ്ട്.


ബാലനടിയായി വന്ന്, പതിനേഴു വയസ്സുമാത്രം പ്രായമുള്ളപ്പോൾ ഇന്ത്യയിലെ തന്നെ മികച്ച നടിയായി. അഭിനയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ മരണം കവർന്നെടുത്ത ശോഭ. അഭിനയിച്ച കഥാപാത്രങ്ങളെ പോലെ തന്നെ സ്വകാര്യജീവിതത്തിലും ഏകാകിനിയായിരുന്നു ഈ നടി. മൂന്നു ഭാഷകളിലായി വിരലിലെണ്ണാവുന്ന ചിത്രങ്ങളാണ് അവർ അഭിനയിച്ചിട്ടുള്ളതെങ്കിലും അഭിനയത്തിലെ സ്വാഭാവികത അവരെ എന്നും ഹൃദയത്തോട് ചേർത്തു നിർത്തുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർക്കുന്നു.


അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ ഭരത്ഗോപി, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം  ഇവരെ കുറിച്ചുള്ള ഓർമക്കുറിപ്പുകളിൽ പങ്കുവയ്ക്കുന്നുണ്ട്. ആ അനുഭവങ്ങളുടെ സൗന്ദര്യം ഹൃദയം തൊട്ട വാക്കുകളിലൂടെ  വായനക്കാരിലേക്കും പകരുന്നു. മരണ ശേഷം ഈ പ്രതിഭകൾ ജീവിക്കുന്നത് അവരുടെ കലാസൃഷ്ടികളിലൂടെയാണ് എന്ന് അടിവരയിട്ടു പറയുകയാണ് ഈ കുറിപ്പുകളിലൂടെ വേണുഗോപാൽ.