Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയം നേടാൻ മികച്ച വ്യക്തിത്വം

ജീവിതത്തിൽ വൻവിജയങ്ങൾ സ്വന്തമാക്കാൻ മികച്ച വ്യക്തിത്വം നമുക്ക് ആവശ്യമാണ്. ഇത് ആർജിക്കാനാവില്ല, മറിച്ച് നമ്മുടെ മനസ്സിലും ഹൃദയത്തിലും ചിന്തകളിലും പോസിറ്റീവായ മാറ്റം വരണം. അതിനുളള വഴികളാണ്, പ്രതിസന്ധികളെയും തകർച്ചകളെയും പ്രയാസങ്ങളെയും അതിജീവിച്ചു കൊണ്ട് ലോകത്തിൽ ഉന്നതവിജയം വരിച്ചവരുടെ ജീവിത കഥകളിലൂടെ സെബിന്‍ എസ്. കൊട്ടാരം രചിച്ച വിജയം നേടാന്‍ മികച്ച വ്യക്തിത്വം എന്ന ഈ പുസ്തകം പറഞ്ഞു തരുന്നത്.

കുടുംബജീവിതത്തിലും ബിസിനസിലും ജോലിയിലും വിദ്യാഭ്യാസ രംഗത്തുമെല്ലാം വിജയിക്കാൻ വേണ്ട ഘടകങ്ങളായ ക്ഷമ, ആത്മവിശ്വാസം, ആത്മാഭിമാനം, സത്യസന്ധത, സ്നേഹം, ദൈവാശ്രയബോധം എന്നിവ എങ്ങനെ ആർജിച്ചെടുക്കാമെന്നും ലളിതമായ ഉദാഹരണങ്ങളിലൂടെ ഈ പുസ്തകത്തിന്റെ വിവിധ അധ്യായങ്ങളിൽ വിശദമാക്കുന്നു. ഇരുകാലുകളുമില്ലാത്തതിന്റെ പേരിൽ ജനിച്ചയുടൻ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ജെൻ ബ്രിക്കർ എന്ന പെൺകുട്ടി പിന്നീട് പ്രതിസന്ധികളെ അതിജീവിച്ച് ഹോളിവു‍‍ഡ് ഗായികയായ ജീവിതകഥയോടെയാണ് പുസ്തകം ആരംഭി ക്കുന്നത്. ഉദരത്തിൽ വച്ചുതന്നെ അതികഠിനമായ രീതിയിൽ മകളെ ഇല്ലായ്മ ചെയ്യാന്‍ അമ്മ ശ്രമിച്ചെങ്കിലും ആ കൊല പാതകശ്രമത്തെ അതിജീവിച്ച് പിറന്ന് വീഴുകയും പിന്നീട് രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറാവുകയും ചെയ്ത ജിയന്ന ജെസന്റെ ജീവിതം നമുക്ക് പറഞ്ഞു തരുന്നത് ദൈവത്തിന് നമ്മോടുളള കരുതലിന്റെ കഥയാണ്.

തളർന്നു വീണ സ്വന്തം അച്ഛനെ ഉപേക്ഷിച്ച് അമ്മ പോയപ്പോൾ, അച്ഛന്റെ ശുശ്രൂഷ മുഴുവൻ ഒറ്റയ്ക്ക് ഏറ്റെടുത്ത് സ്നേഹത്തിന്റെ പുത്തൻ അധ്യായം രചിക്കുകയാണ് ചൈനയിൽ നിന്നുളള നാലു വയസ്സുകാരൻ ബാലൻ. ദാമ്പത്യ ജീവിതവിശ്വസ്തതയുടെയും ത്യാഗത്തിന്റെയും കഥ പറയുകയാണ് വേഴാമ്പലിന്റെ ജീവിതക്കാഴ്ചകളിലൂടെ. ശാസ്ത്രസാങ്കേതിക നേട്ടങ്ങളും പണവും പ്രശസ്തിയും സ്വാധീനവും കൊണ്ട് എന്തും നേടിയെടുക്കാമെന്ന അഹങ്കാരത്തിന്റെ മുമ്പിൽ പലപ്പോഴും ദൈവത്തെപ്പോലും തളളിപ്പറയുന്ന മനുഷ്യർക്ക് വലിയ ഒരു പാഠമാണ് സൂപ്പർമാൻ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവു‍‍ഡ് താരം ക്രിസ്റ്റഫർ‌ റീവിന്റെ ജീവിതം. ഏതു പ്രതിസന്ധിയിലും ദൈവത്തിലാശ്രയിക്കുന്നവർ കൂടുതൽ ശക്തരായിത്തീരും എന്ന ചിന്ത പകർന്നു തരുകയാണ്. ‘പ്രളയം നൽകുന്ന പാഠം’ എന്ന അധ്യായം. ഒരു കൊച്ചു പൂവിന്റെ ജീവിതചക്രത്തിലൂടെ നമ്മുടെ ജീവിതം എങ്ങനെ ആസ്വദിക്കാം എന്നു കാണിച്ചു തരുകയാണ് ‘ഒരു പൂവിന്റെ ജീവിതം ’ എന്ന അധ്യായത്തിൽ. ഉത്കണ്ഠകളെ നീക്കി. ജീവിതം എങ്ങനെ സന്തോഷപ്രദമാക്കാമെന്നു ഇതിൽ വിവരിക്കുന്നു.

പലരുടെയും ജീവിതത്തിൽ തകർച്ചയ്ക്ക് കാരണം അഹങ്കാരവും ഞാനെന്ന ഭാവവുമാണ്. ജീവിതത്തിൽ പല നേട്ടങ്ങളും അകലാൻ ഇതിടയാക്കുന്നു. ആത്മാഭിമാനക്കുറവും അപകർഷതാബോധവുമാണ് യഥാർഥത്തിൽ അഹങ്കാരത്തിന് കാരണം. സ്വന്തം വില തിരിച്ചറിഞ്ഞു കൊണ്ട്, ആത്മാഭിമാനം ഉയർത്തി അപകർഷതാബോധത്തെ നീക്കുക വഴിയായി അഹംഭാവത്തെ അകറ്റി ജീവിത വിജയം നേടാൻ സാധിക്കും. അതിനുളള വഴികളും ഈ പുസ്തകത്തിലുണ്ട്. മനസ്സിലെ നിഷേധാത്മക വികാരങ്ങളായ അസൂയ, അസഹിഷ്ണുത, അകാരണമായ കോപം, അലസത , മടി, അഹങ്കാരം, നിരാശ എന്നിവ ശാരീരിക, മാനസിക പ്രശ്നങ്ങൾ ഒരാളിൽ സൃഷ്ടി ക്കുന്നു. ഇവ എങ്ങനെ മനസ്സിൽ നിന്ന് നീക്കി മനസ്സിനെ ശുദ്ധവും ശാന്തവുമാക്കാമെന്നും ‘മൈൻഡ് വേസ്റ്റ് മാനേജ്മെന്റ്’ എന്ന അധ്യായത്തിൽ കാണിച്ചു തരുന്നു.

വിജയം എന്നും നിലനിർത്തണമെങ്കിൽ കാലഘട്ടത്തിന് അനുസരിച്ചു നാം മാറാന്‍ തയാറാകണം. പുതിയ ആശയങ്ങൾ, കഴിവുകള്‍, സ്കിൽസ്, അറിവുകള്‍ എന്നിവ ജീവിതത്തിലുടനീളം ആർജിക്കേണ്ടതിന്റെ ആവശ്യകതയും ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു. കാലഘട്ടത്തിന് അനുസരിച്ച് മാറാൻ തയാറാകാതിരുന്നതോടെ ബിസിനസിലും മറ്റും പരാജയപ്പെട്ട സ്വിസ് വാച്ച് കമ്പനികള്‍, ഫിലിം റോൾ നിർമ്മാണ കമ്പനികള്‍ എന്നിവയുടെ അടക്കം ഉദാഹരണങ്ങളിലൂടെയാണ് ഈ ആശ്രയം വ്യക്തമാക്കുന്നത്. ജീവിതവിജയത്തിന് സമയവും പണവും എങ്ങനെ ശരിയായി വിനിയോഗിക്കാം എന്നതിനേക്കുറിച്ചും പ്രത്യേക അധ്യായങ്ങളിലായി പറയുന്നു. ശക്തമായ ദൈവവിശ്വാസമുണ്ടെങ്കിൽ ഗുരുതരമായ രോഗാവ സ്ഥയിൽ നിന്നു പോലും അത്ഭുതരമായ സൗഖ്യമുണ്ടാകുമെന്നതിന് ഉദാഹരണമാണ് 1992 ബാഴ്സലോണ ഒളിംപിക്സിൽ സ്വർണം നേടിയ ഗെയിൽ ഡെവേഴ്സിന്റെ ജീവിതം, ഒളിംപിക്സിനു 18 മാസം മുൻപ് വരെ തളർന്ന അവസ്ഥയിലായിരുന്ന ഗെയിൽ ശക്തമായ വിശ്വാസം കൊണ്ട് വിജയത്തിലേക്ക് വന്ന കഥയും ഈ പുസ്തകത്തിലുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് തകർന്ന അവസ്ഥയിൽ നിന്ന് 50 വര്‍ഷം കൊണ്ട് വികസിത രാജ്യമായി ഉയർന്ന ജപ്പാന്റെ വിജയ കഥയും ഈ പുസ്തകം അനാവരണം ചെയ്യുന്നു. സത്യസന്ധമായ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച മുൻ കേന്ദ്രമന്ത്രി സർദാർ വല്ല ഭായ് പട്ടേലിന്റെ ജീവിതവും രാഷ്ട്രീയ നേതാക്കൾക്ക് ഏറെ പ്രചോദനമേകുന്നതാണ്. ജീവിതവഴിയിൽ മറ്റുളളവർക്ക് എങ്ങനെ വെളിച്ചമായിത്തീരാമെന്നും ഈ പുസ്തകം വഴി കാട്ടുന്നു.

വ്യക്തിത്വം ആകർഷണീയമാക്കാനും മികച്ച ജീവിതം തിരഞ്ഞെടുക്കാനുമുളള വഴികളും ഈ പുസ്തകം കാണിച്ചു തരുന്നു. അസംതൃപ്തിയെ അകറ്റാൻ, ബന്ധങ്ങൾ ഊഷ്മളമാക്കാൻ, മികച്ച കരിയർ തിരഞ്ഞെടുക്കാന്‍, ഉയര്‍ന്ന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഒക്കെ സഹായിക്കുന്ന അധ്യാ യങ്ങൾ പ്രശസ്ത രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും ഇന്ത്യൻ പ്രസിഡന്റിന്റെ മെഡൽ ജേതാവു കൂടിയായ സെബിൻ എസ്. കൊട്ടാരം രചിച്ച ഈ പുസ്തകത്തിലുണ്ട്.

കുട്ടികളെ വിലയിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളുടെ കഴിവുകള്‍ക്ക് അനുസരിച്ചുളള മികച്ച മേഖല തിര‍ഞ്ഞെടുക്കാൻ എങ്ങനെ അവരെ സഹായിക്കാമെന്നുമെല്ലാം ഈ പുസ്തകം വഴികാട്ടുന്നു. ഒപ്പം, ജീവിതത്തിലെ പരാജയങ്ങളെയും അപമാനങ്ങളെയും പ്രതിസന്ധികളെയും രോഗങ്ങളെയും എങ്ങനെ നേരിട്ടുകൊണ്ട് വിജയം നേടാമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ, മുന്‍ പ്രസി ഡന്റ് എ.പി.‍ജെ. അബ്ദുൽ കലാം, ലോകപ്രശസ്ത അവതാരക ഓപ്ര വിൻഫ്രി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റന്റ് ചര്‍ച്ചിൽ, കാർട്ടൂണിസ്റ്റ് വാൾട്ട് ഡിസ്നി, ഹെലൻ കെല്ലർ, ബിൽ ഗേറ്റ്സ്, അമിതാഭ് ബച്ചൻ എന്നിവരുടെ ഉദാഹരണങ്ങളിലൂടെ ഈ പുസ്തകം കാണിച്ചു തരുന്നു. 

Dolphin Books India media group

 PH-94478 74887 

Your Rating: