Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്കുവെയിൽ മണ്ണിലെഴുതിയത്

ഇതിഹാസകവിയായ വാൽമീകി, നദികളും പർവതങ്ങളും ഉള്ളിടത്തോളം കാലം തന്റെ ഗാനം അനശ്വരമായി നിൽക്കുമെന്ന അചഞ്ചലവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഞാനുൾപ്പെടെ എല്ലാ കവികൾക്കും അത്തരമൊരനശ്വരത അവകാശപ്പെടാനാവുമെന്നു തോന്നുന്നില്ല. എങ്കിലും ഒരു കുറ്റസമ്മതംപോലെ പറയട്ടെ, ഞാനും എന്റെ സൃഷ്ടികളിലൂടെ അനശ്വരതയോടു പ്രണയാഭ്യർത്ഥന നടത്തുകയാണ്...

പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണതുപോലെ മലയാളി മനസ്സുകളിൽ കവിതയുടെ നറുനിലാവ് പരത്തിയ കവി ഒഎൻവി കുറുപ്പിന്റെ കാവ്യ, വ്യക്തിജീവിതത്തെക്കുറിച്ചുമുള്ള ഓർമപ്പുസ്തകം അദ്ദേഹത്തിന്റെ ഏതൊരു കവിതയും പോലെ ആസ്വാദ്യകരമാണ്.

ആത്മകകഥയുടെ സ്വഭാവമുള്ള കൃതിയുടെ പേര് : പോക്കുവെയിൽ മണ്ണിലെഴുതിയത്. കാലത്തേവന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണർത്തി, ഇലകൾക്ക് ഇങ്ക് കുറുക്കിക്കൊടുത്ത്, ഈറൻ വിരികളെല്ലാം ഉണക്കി, ക്ഷീണിച്ചു പടിയിറങ്ങിപ്പോകുന്ന പോക്കുവെയിൽ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകളാണു തന്റെ പുസ്തകമെന്നാണ് കവിയുടെ വിനീതമായ വിശദീകരണം.

പ്രണയികളായ പ്രാവുകൾ കുറുകുന്ന ശ്രുതി, പൂവിന്റെ കാതിലുണരുന്ന ഭ്രമരശ്രുതി, മഴത്തുള്ളിയെ പുൽകുമ്പോൾ മണ്ണിലുണരുന്ന പുളകോദ്ഗമത്തിന്റെ ശ്രുതി, കരിയിലക്കാറ്റിന്റെ കലപിലകളുടെ ശ്രുതി എന്നിങ്ങനെ പ്രകൃതിപുളകങ്ങളെക്കുറിച്ചും മനുഷ്യദുരന്തങ്ങളെക്കുറിച്ചും മലയാളിയുടെ ഹൃദയത്തിലിരുന്നു പാടിയ കവിയാണ് ഒഎൻവി.

ഭൂമിയുടെ ചരമത്തെയും സൂര്യന്റെ മരണത്തെയുംകുറിച്ച് അദ്ദേഹം പാടിയിട്ടുണ്ട്. സ്നേഹദൂതും പേറി സഞ്ചരിക്കുന്നൊരാൾ സ്നേഹദുരന്തത്തിലാണ്ടുകേഴുന്നൊരവസ്ഥയിലാണ് ഇന്നത്തെ മനുഷ്യന്റെ ജീവിതമെന്നും അദ്ദേഹം തിരിച്ചറിയുന്നു. വാക്കുകളിൽ കവിതയുടെ ചൂടും അനുഭവങ്ങളുടെ തീക്ഷ്ണതയും സംഗീതത്തിന്റെ ഈണവും ജീവിതത്തിന്റെ ചടുലമായ താളവും സൃഷ്ടിച്ച കവിയുടെ ഓർമക്കുറിപ്പുകൾ അദ്ദേഹത്തെയും കവിതകളേയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഉപകരിക്കുന്നു.

കഷായം മണക്കുന്ന ബാല്യം എന്നാണ് ആദ്യ അധ്യായത്തിന്റെ പേര്. കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനോടു ചേർന്നുകിടക്കുന്ന തീരദേശഗ്രാമമായ ചവറയിലെ തന്റെ ബാല്യകാലത്തെക്കുറിച്ചാണ് ഈ അധ്യായത്തിൽ കവി എഴുതുന്നത്. പുന്നെല്ലുമണക്കുന്ന ഗ്രാമത്തെക്കുറിച്ചും കവിതാക്കളരിയിലെ ആദ്യകാല പരീക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം തുടർന്നെഴുതുന്നു.

യൂണിവേഴ്സിറ്റി കോളജ്, കൊല്ലം എസ്.എൻ കോളജ് തുടങ്ങിയ കലാലയ മുത്തശ്ശിമാരെക്കുറിച്ചു വിവരിക്കുന്ന കവി കൗമാരത്തിന്റെയും യൗവ്വനത്തിന്റെയും ദിനങ്ങൾ താൻ പിന്നിട്ടതിനെക്കുറിച്ചും വയലാർ, ദേവരാജൻ, തോപ്പിൽ ഭാസി തുടങ്ങിയവരുമായുള്ള സൗഹൃദത്തെക്കുറിച്ചും കെ.പി.എ.സി. ദിനങ്ങളെക്കുറിച്ചുമെല്ലാം ഭാവഗീതത്തിന്റെ വശ്യശക്തിയോടെ ഓർത്തെടുക്കുന്നു.

വഴിത്തിരിവുകൾ എന്ന അധ്യായത്തിൽ ഒഎൻവി എഴുതുന്നു: ഒൗഷധച്ചെടികളുടെ ചങ്ങാതിയായിത്തീർന്ന കുട്ടിയോട് അച്ഛൻ പറയുന്നു: ‘നീ വൈദ്യനാവണ്ട’. ആയില്ല. രാഷ്ട്രീയാദർശങ്ങൾ ആത്മാവിൽ വെളിച്ചം പകർന്നപ്പോഴും ഉള്ളിലിരുന്നാരോ വിലക്കി: ‘രാഷ്ട്രീയപ്രവർത്തകനാവണ്ട’. അതുമായില്ല. തന്റെ ബാല്യകാലസഖിയായ സംഗീതത്തെ മറ്റൊരാൾ പരിണയിച്ചുകൊണ്ടുപോകുമ്പോൾ അനസൂയനിർമ്മലമായ ഹൃദയത്തോടെ മംഗളം നേർന്നു.

അപ്പോളെല്ലാം ‘ഇദം നമമ’ ( ഇതെന്റേതല്ല) എന്ന് ഉള്ളിലിരുന്നാരോ മന്ത്രിച്ചുകൊണ്ടിരുന്നു. പിന്നെയൊരിക്കൽ നീയാരെണെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ടാഗോറിന്റെ ഒരു പ്രഭാഷണത്തിൽ കണ്ടെത്തി. ‘അമീ കവീ’( ഞാൻ കവിയാണ് ). ഏതാണ്ടക്കാലത്തുതന്നെ നെരൂദയുടെയും വാക്കുകൾ മനസ്സിൽ മാറ്റൊലിക്കൊണ്ടു: ‘ഞാൻ പാടാനാണു വന്നത്. ഒറ്റയ്ക്കു പാടാൻ’. സർഗ്ഗവേദനയുടെ സിംഹാസനത്തിലിരുന്ന്, മുമ്പിലിരമ്പിയാർക്കുന്ന ജീവിതത്തെ നോക്കിയിരുന്നു പാടുക! എളുപ്പമെന്നു തോന്നാം; പക്ഷേ, അതൊരു വെല്ലുവിളിയാണ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നടത്തിയ സന്ദർശനങ്ങളെക്കുറിച്ചും വിവാഹമുൾപ്പെടെ വ്യക്തിജീവിതത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചും തന്റെ കവിതകൾക്കു പ്രചോദനമായ സംഭവങ്ങളെക്കുറിച്ചും ഒഎൻവി വിശദീകരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ. ലിയോ ടോൾസ്റ്റോയ്, കാൾ മാർക്സ്, ബീഥോവൻ എന്നീ പ്രതിഭകളെക്കുറിച്ച് ആദരവോടെയും സ്നേഹത്തോടെയും കവി ഓർക്കുന്നു.

അനുബന്ധമായി കേരള സർവകലാശാലയുടെ ഓണററി ഡി ലിറ്റ് ബിരുദം, എഴുത്തച്ഛൻ പുരസ്കാരം, ജ്ഞാനപീഠം എന്നിവ സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും കവിയുടെ ജീവചരിത്രരേഖയും ജീവിതത്തിൽ നിന്നുള്ള സ്മൃതിചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കവിയുടെ ഓർമയുടെ പുസ്തകം വായിച്ചുകഴിയുമ്പോൾ കുമാരനാശാനെകുറിച്ച് ഒഎൻവി എഴുതിയ ‘പറയൂ ’ എന്ന കവിത ഉന്നയിക്കുന്ന സംശയങ്ങൾ ഒഎൻവിയോടു ചോദിക്കാൻ വായനക്കാരും ആഗ്രഹിക്കും.

പറയൂ, നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ, കനിവാർന്ന നിൻ സ്വരം കണ്ണീരിലീറനാം കവിളുകളൊപ്പുകയാലോ? പറയൂ, നിൻ ഗാനത്തിലാരും കൊതിക്കുമീ മധുരിമയെങ്ങനെ വന്നൂ ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.