Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഥാർത്ഥത്തിൽ ആരായിരുന്നു യേശുക്രിസ്തു?

"എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നവൻ ചോദിച്ചതിന് സത്യമായും നീ ദൈവപുത്രനായ ക്രിസ്തു ആകുന്നു എന്നവർ ഉത്തരം പറഞ്ഞു".

മർക്കോസ് 8:29 

ആരായിരുന്നു യേശുക്രിസ്തു? എപ്പോഴാണ് അദ്ദേഹം ജനിച്ചത്? എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ രൂപം? എപ്പോഴാണ് അദ്ദേഹത്തെ ക്രൂശിച്ചത്? എവിടെ, എപ്പോളാണ് അദ്ദേഹം മരിച്ചത്? 

ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ നിലവിലുണ്ട്. എന്നാൽ, മതഗ്രന്ഥങ്ങളിലൊന്നും വസ്തുതാപരമായ പ്രമാണങ്ങൾ കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് സത്യം. ദേവാലയത്തെ അശുദ്ധമാക്കിയ വഴിവാണിഭക്കാരെ ചാട്ടവാറിനടിച്ച യേശുവിനെ 'ലോകത്തെ ആദ്യത്തെ വിപ്ലവകാരി'യെന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.കുരിശാരോഹണത്തിനു മുൻപും പിൻപുമുള്ള യേശുവിന്റെ അജ്ഞാത ജീവിതത്തെക്കുറിച്ചുള്ള ചില അഭിപ്രായ പ്രകടനങ്ങളാണ് ഹോൾഗർ കേസ്റ്റൻ രചിച്ച 'യേശു-ഇന്ത്യയിൽ ജീവിച്ചിരുന്നു' എന്ന പുസ്തകം. പുസ്തകത്തിലെ വിവരണങ്ങളിലൂടെ. 

ആരായിരുന്നു യേശുക്രിസ്തു?

അനിശ്ചിതത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ഒരു കാലഘട്ടത്തിൽ ആത്മീയവും ധാർമികവുമായ പിന്തുണ നല്കാൻ അയയ്ക്കപ്പെട്ട 'പരിഷ്കർത്താവ്‌' എന്ന് യേശുവിനെ വിശേഷിപ്പിക്കാവുന്നതാണ്. എന്നാൽ യേശുവിനെ രക്ഷകനായി ചിത്രീകരിക്കുന്ന വിവരണങ്ങൾ മാത്രമാണ് കഴിഞ്ഞ  1500 വർഷങ്ങളായി ഉണ്ടായിരിക്കുന്നത്. സമകാലീന ക്രിസ്ത്യാനികളുടെ വിശ്വാസത്തെ പിന്തുണയ്ക്കുന്നതിനും ഇതര വിശ്വാസികളെ ക്രിസ്ത്യാനികളായി പരിവർത്തനം ചെയ്യുന്നതിനോ വേണ്ടി എഴുതപ്പെട്ടവയാണ് അവയെല്ലാം.  

യേശുവിന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിലേക്ക് (12 മുതൽ 30 വയസു വരെ) വെളിച്ചം വീശുന്ന വിവരങ്ങൾ ഒന്നും ചരിത്രത്തിലോ ബൈബിളിലോ ഇല്ല.  ഈ 'അജ്ഞാത കാലഘട്ടം', യേശു ഋഷി തുല്യമായ സഞ്ചാര ജീവിതം നയിച്ചുവെന്നും  പല ദേശങ്ങൾ താണ്ടി കാശ്മീരിൽ എത്തി വേദങ്ങൾ പഠിച്ചുവെന്നും, പിന്നീട് 30 വയസിൽ തിരിച്ചു പോയെന്നും, തന്റെ പരസ്യ ശുശ്രൂഷാകാലഘട്ടത്തിനുശേഷം ക്രൂശുമരണത്തിൽ നിന്ന് രക്ഷപെട്ട യേശു തിരികെ കാശ്മീരിൽ എത്തിയെന്നും, 80 വയസു വരെ ജീവിച്ചിരുന്നിരിക്കാമെന്നും പുസ്തകം സമർത്ഥിക്കുന്നു. 

യേശുവിന്റെ ഇന്ത്യൻ ബന്ധം

രക്തദാഹിയും പ്രതികാരമോഹിയുമായിരുന്നു യഹൂദഗോത്രങ്ങളുടെ ദൈവം. എന്നാൽ സ്നേഹത്തിന്റെ സന്ദേശമാണ് യേശു ഉദ്ഘോഷിച്ചത്. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ഒരു മതത്തിനും അവകാശപ്പെടാനാകാത്ത ഈ ധാർമിക തത്വങ്ങൾ എവിടെ നിന്നാണ് യേശു പഠിച്ചത്? പുസ്തകം ഇതും പരിശോധിക്കുന്നു.  

'ലളിതവിസ്താരം'- ബൈബിളിലെ പോലെ വളരെയേറെ ഉപമകൾ വിവരിക്കുന്ന ബൗദ്ധകൃതിയാണിത്. യൗവന കാലഘട്ടത്തിൽ ഇന്ത്യയിലെത്തിയ യേശു ഈ തത്വസംഹിതയിൽ ആകൃഷ്ടനായി ഇവ പഠിച്ചെടുത്തിരിക്കാം.  യേശുവിന്റെ ഇന്ത്യൻ ബന്ധത്തിന്റെ തെളിവായി ഗവേഷകർ ഉയർത്തിക്കാട്ടുന്ന ഒരു തെളിവ് ഇതാണ്. മാത്രമല്ല, യേശു ചെയ്ത അത്ഭുതപ്രവർത്തി പരാമർശങ്ങളുടെ പ്രാഥമികസ്രോതസ്സ് ഇന്ത്യയിലെ വേദാനന്തര സാഹിത്യമായ പുരാണങ്ങളും ഇതിഹാസങ്ങളും ആയിരുന്നു എന്ന് പറയപ്പെടുന്നു.   

യെരുശലേമിലേക്കുള്ള യേശുവിന്റെ അവസാന പരസ്യപ്രവേശനവും ചിന്താക്കുഴപ്പമുണ്ടാക്കുന്നതാണ്. പ്രായപൂർത്തിയായപ്പോൾ മുതൽ മുപ്പതാമത്തെ വയസ്സുവരെ പിതാവിന്റെ പണിശാലയിൽ തടിപ്പണി ചെയ്യുകയായിരുന്നു യേശുവെങ്കിൽ പ്രദേശവാസികൾക്ക് യേശു അപരിചിതനാകേണ്ട കാര്യമില്ല; ആ സ്ഥിതിക്ക് യേശുവിന്റെ നഗരത്തിലേക്കുള്ള വരവിനെ ആഘോഷമാക്കേണ്ട കാര്യവുമില്ല.

എന്നാൽ ദീർഘകാലത്തെ അഭാവത്തിനു ശേഷം, അതിദൂരത്തു നിന്ന്, അപരിചിതവും നവീനവുമായ പ്രബോധനങ്ങളും അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള അമാനുഷിക ശക്തിയുമായി യേശു മടങ്ങിയെത്തി എന്നതാണ് യിസ്രായേൽ ജനതയുടെ ആവേശപൂർവ്വമായ സ്വീകരണം സൂചിപ്പിക്കുന്നത്.

the-da-vinci-code ക്രിസ്തുവിന്റെ വംശപരമ്പരയുടെ നിഗൂഡകഥ പറഞ്ഞ ഡാവിഞ്ചി കോഡ്‌ എന്ന പുസ്തകവും സിനിമയും ക്രൈസ്തവ സഭകളുടെ കടുത്ത പ്രതിഷേധത്തിനു ഇരയായിരുന്നു.

യേശുവിനു മുൻപുണ്ടായിരുന്ന ക്രിസ്തുമതം

ക്രിസ്തു ഒരു മതവും രൂപീകരിച്ചില്ല. ക്രിസ്തു ശിഷ്യനായ പൗലോസ്‌ രൂപം നല്കിയ സന്മാർഗപ്രബോധനങ്ങളാണ് ക്രിസ്തുമതം എന്ന പേരിൽ ഇന്നറിയപ്പെടുന്നത് എന്ന് കേസ്റ്റൻ പറയുന്നു. 'പൗലൊസിന്റെ മതം' എന്ന പേരായിരിക്കും അതിനു കൂടുതൽ യോജിക്കുക. ക്രിസ്തുവിനു മുൻപ് പ്രചരിച്ചിരുന്ന 'എസ്സനിസം' എന്ന മതവും പിന്നീട് ക്രിസ്തുമതം പ്രചരിപ്പിച്ച ആശയങ്ങളുടെ പൂർവികനായിരുന്നു.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കംചെന്ന പുരാണം ഇന്ത്യയിലെ വേദങ്ങളാണെന്നതിൽ സംശയമില്ലാത്തതിനാൽ ക്രിസ്തുവിന്റെ പേരിൽ പ്രചരിപ്പിച്ച പല കഥകളും ഇവയുടെ രൂപാന്തരമാണെന്ന വാദവും  ശകതമായുണ്ട്. തിന്മയുടെ അരങ്ങേറ്റവും, നന്മയുമായുള്ള ഏറ്റുമുട്ടലും നന്മയുടെ ആത്യന്തിക വിജയവും, മഹാപ്രളയവും, അത്ഭുത പ്രവർത്തികളുമെല്ലാം മറ്റൊരു രൂപത്തിൽ വേദങ്ങളിൽ പരാമർശിച്ചിട്ടുള്ളവയാണ്.     

ബുദ്ധനും കൃഷ്ണനും ക്രിസ്തുവും  

കൃഷ്ണനും ക്രിസ്തുവും ബുദ്ധനും  തമ്മിൽ പല സമാനതകളുമുണ്ടെന്നു പുസ്തകത്തിൽ സമർത്ഥിക്കുന്നു. 5000 വർഷങ്ങൾക്ക് മുൻപുണ്ടായ കൃഷ്ണന്റെ കഥയായിരിക്കാം ഒരുപക്ഷേ, ക്രിസ്തുവിന്റെ നിഗൂഡ വ്യക്തിത്വത്തിനു മാതൃകയാകുന്ന ആദ്യത്തെ സ്രോതസ്സ്. ബൈബിളിലെ 'ത്രിത്വ' സങ്കൽപ്പത്തിനു സമാനമാണ് ഭാരതത്തിലെ ബ്രഹ്മാവ്‌-വിഷ്ണു-ശിവൻ സങ്കൽപ്പവും.

യേശുവിനെപ്പോലെ ഉപമകളാലാണ് ബുദ്ധനും സംസാരിച്ചത്. ബുദ്ധൻ ചെയ്തതായി പറയുന്ന അനേകം അത്ഭുതങ്ങളുണ്ട്. അവയിൽ പലതും യേശു ചെയ്തതായി പുതിയ നിയമത്തിൽ പറയുന്നവയുമായി സാമ്യം ഉള്ളവയാണ്.   

യേശുവിനെപ്പോലെ പരിശീലനത്തിലൂടെയും മാനസിക ശിക്ഷണത്തിലൂടെയും പ്രയോഗത്തിൽ വരുത്താൻ കഴിയുന്ന സിദ്ധികൾ ഉള്ള നിരവധി ആളുകൾ ഭാരതത്തിലുണ്ടായിരുന്നു.  മന:ശക്തി കൊണ്ട് വസ്തുക്കളെ മാറ്റുന്നതിനും വെള്ളത്തിനു മീതെ നടക്കുന്നതിനും കഴിവുള്ള ദിവ്യപുരുഷന്മാരെ കുറിച്ച്  ക്രിസ്തുവിനും മുൻപേ ഭാരതം സന്ദർശിച്ച ലോകസഞ്ചാരികളുടെ വിവരണങ്ങളിൽ പരാമർശമുണ്ട്. പണത്തിനോ  പ്രശസ്തിക്കോ വേണ്ടി തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചില്ല എന്നതാണ് യേശുവിനെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കുന്നത്.    

യഥാർത്ഥ യേശു ഇസ്ലാമിൽ

യേശുവിനെ 'ഈസ നബി'യായിട്ടാണ് ഖുർ-ആനിൽ പ്രതിപാദിച്ചിരിക്കുന്നത്. മുഹമ്മദിന് മുൻപുണ്ടായിട്ടുള്ള മഹാനായ പ്രവാചകനായാണ് ഈസയെ കണക്കാക്കുന്നത്. എന്നാൽ യേശുവിനെ ദൈവപുത്രനായി കാണുന്നതിനെ ഖുർ-ആൻ വിമർശിക്കുന്നു. ഈസ ഒരു ദൂതൻ മാത്രമായിരുന്നു. മുൻപ് അദ്ദേഹത്തെ പോലെ മറ്റ് ദൂതന്മാരും വന്നു പോയിട്ടുണ്ട് എന്നും ഖുർആനിൽ പരാമർശിക്കുന്നു. 

shroud of turin ടുരിനിലെ ശവക്കച്ചയിൽ ക്രിസ്തുവിന്റെ എന്ന് വിശ്വസിക്കുന്ന രൂപം പതിഞ്ഞിരിക്കുന്നു.

യേശുവിന്റെ ശവക്കച്ച

യേശുവിന്റെ കുരിശു മരണവും 'ശരീരത്തോടെയുള്ള സ്വർഗാരോഹണ'വും പല സംശയങ്ങൾക്കും വഴിതെളിച്ചു.  ക്രൂശാരോഹണത്തെ സംബന്ധിച്ചുള്ള ഏക തെളിവാണ് യേശുവിന്റെ ശവക്കച്ച.  ഇറ്റലിയിലെ ടുരിനിൽ സൂക്ഷിച്ചിരിക്കുന്ന കച്ച വിശദമായ പല ശാസ്ത്രീയ പരീക്ഷണങ്ങൾക്കും വിധേയമാക്കി എത്തിച്ചേർന്ന നിഗമനം ഇതായിരുന്നു: കുരിശിൽ നിന്നു ഇറക്കി ശീലയിൽ പൊതിയുമ്പോൾ യേശുവിനു ജീവനുണ്ടായിരുന്നു. 

tomb-of-jesus-in-kashmir ക്രിസ്തുവിന്റെ എന്ന് വിശ്വസിക്കപ്പെടുന്ന കശ്മീരിലെ ശവകുടീരം.

ശിഷ്യന്മാരുടെ ആസൂത്രിതമായ നീക്കങ്ങളിലൂടെ സൗഖ്യം നേടി ജീവിതത്തിലേക്ക് തിരിച്ചു വന്ന യേശു, മാതാവ് മറിയയോടും ശിഷ്യൻ തോമസിനോടുമൊപ്പം രഹസ്യമായി വീണ്ടും കാശ്മീരിലേക്ക് പലായനം ചെയ്യുകയും, 80 വയസു വരെ അവിടെ ജീവിച്ചു മരിക്കുകയും ചെയ്തു എന്നാണ് നിഗമനം. കാശ്മീരിൽ യേശു 'ഹസ്രത്ത് ഈസ, യൂസ് അസഫ്' എന്നീ പേരുകളിൽ അറിയപ്പെട്ടുവെന്നും, ഇപ്പോഴും ഈ കബറിടം കാശ്മീരിൽ ഉണ്ടെന്നും പറയപ്പെടുന്നു. യേശുവിന്റെ മാതാവിന്റെ എന്ന് വിശ്വസിക്കുന്ന ശവകുടീരവും ഇന്ന് പാകിസ്ഥാൻ അതിർത്തിയിലുള്ള മാരിയിൽ കാണാം.  

രത്നച്ചുരുക്കം

ആഗോള ക്രൈസ്തവ സഭയുടെ അടിസ്ഥാനത്തെ തന്നെയാണ് ഈ കണ്ടെത്തലുകൾ ദുർബലമാക്കുന്നതെങ്കിലും അത്തരത്തിൽ ഒരു അവകാശവാദത്തിനു രചയിതാവ് മുതിരുന്നില്ല. ക്രിസ്തുവിന്റെ വംശപരമ്പരയുടെ നിഗൂഡകഥ പറഞ്ഞ ഡാൻ ബ്രൌൺ രചിച്ച  ഡാവിഞ്ചി കോഡ്‌ എന്ന പുസ്തകവും സിനിമയും ക്രൈസ്തവ സഭകളുടെ കടുത്ത പ്രതിഷേധത്തിനു ഇരയായിരുന്നു എന്നത് ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. പുതിയൊരു വിശ്വാസത്തിന്റെ വിളംബരമല്ല ഈ പുസ്തകം. പോയ കാലത്തിന്റെ ആത്മീയവും മതപരവുമായ ആധികാരികതയിൽ ചുവടുറപ്പിച്ചു കൊണ്ട് പുതിയൊരു ഭാവിയിലേക്ക് വഴി വെട്ടാനുള്ള ശ്രമം മാത്രം. അന്വേഷണ കുതുകികൾക്ക് മികച്ച വായനയ്ക്കുള്ള വിഭവം കൂടിയാണ് ഈ പുസ്തകം. വിശ്വാസികളുടെ മനസിനെ മുറിപ്പെടുത്തും എന്നൊരു കുറവ് പുസ്തകത്തെപ്പറ്റി ആരോപിക്കപ്പെട്ടേക്കാം.     

Your Rating: