Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാപ്പിരാന്തിന്റെ നാൽപ്പതു വർഷങ്ങൾ

ഷാജി ചെന്നൈ
cinima-1

കേരളത്തിന്റെ മലയോരഗ്രാമത്തിൽ വളർന്ന കുട്ടിയെ ബാധിച്ച സിനിമാഭ്രാന്തിന്റെ കഥയാണിത്. ദേശവും കാലവും ചലച്ചിത്രങ്ങളും ജീവിതസാഹചര്യങ്ങളും കടന്നുവരുന്ന ഈ ആഖ്യാനത്തിൽ ചലച്ചിത്ര ലോകത്തോടുള്ള അദമ്യമായ പ്രണയമുണ്ട്. ഇപ്പോൾ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അറിയപ്പെടുന്ന സിനിമാനടൻ കൂടിയായ ലേഖകൻ സഫലമായ തന്റെ ചലച്ചിത്ര പ്രണയത്തിന്റെ കഥ എഴുതിത്തുടങ്ങുന്നു

മയില് കുഞ്ഞുമോൻ എന്നൊരാൾ ഉണ്ടായിരുന്നു. പത്തുനാൽപ്പതു കൊല്ലം മുൻപത്തെ കഥയാണ്. അച്ഛന്റെ വകയിൽ ഒരു അകന്ന ബന്ധു. നാട്ടിൽ ഏതോ സിനിമാക്കൊട്ടകയിൽ ഉണ്ടായ അടിപിടി സംഭവത്തിൽ ഹൈറേഞ്ചിലേക്ക് മുങ്ങി വന്നതാണ്. ഒരു തെറി ചെറുതായി മാറ്റിയപ്പോൾ ഉണ്ടായ തന്റെ വിളിപ്പേരിനോട് മയിലിന് കടുത്ത ദേഷ്യമായിരുന്നു. ‘എടാ.. മയിലേ...’ എന്ന് വിളിക്കുന്നവരോട് ‘കത്തിക്കുത്ത് കേസിൽ പ്രതിയാ ഞാൻ.. ഓർത്തോ’ എന്നൊക്കെ വീരവാദം പറയുമായിരുന്നെങ്കിലും ആരോ കഴുത്തിന് പിടിച്ച് തള്ളിയതിന് പേടിച്ചോടി മലകയറിയതാണ് എന്നാണ് എന്റെ അമ്മ പറഞ്ഞത്. ഞങ്ങളുടെ ഗ്രാമത്തിൽ മാവൻമാരും മാവിമാരും ചേട്ടാനിയമ്മാരുമായി പല അകന്ന ബന്ധുക്കൾ മയിലിനുണ്ടായിരുന്നു. ഓരോ വീട്ടിലും കയറിയിറങ്ങി മയിലങ്ങനെ സുഖമായി ജീവിച്ചു. പക്ഷേ, മിക്കവാറും ഞങ്ങളുടെ വീട്ടിലായിരുന്നു കുടിപാർപ്പ്. സദാസമയവും മൂടിപ്പുതച്ചുറക്കവും സമയാസമയം രുചിയുള്ള ശാപ്പാടും മയിലിന് നിർബന്ധമായിരുന്നു. ‘ഡാ.. കുഞ്ഞുമോനേ.. ഈ വീട്ടിൽ എന്തേരെ പണിയൊള്ളതാടാ... എന്നതേലും ഒന്നിന് നെനക്കൂടൊന്ന് കൂടിത്തരരുതോ...?’എന്ന് എന്റെ അമ്മ ഒരിക്കൽ ചോദിച്ചുപോയതിനു മയിലൊപ്പിച്ച പുകില് കേൾക്കണോ? 

shaji-chennai-3

അമ്മയെ കണ്ണെടുത്താൽ കണ്ടുകൂടാത്ത ഒരു നാത്തൂനെ, ചിറ്റപ്പെങ്ങൾ എന്ന് വിളിക്കുന്ന തന്റെ ‘വകേലൊള്ള’ മാവിയെ മയിൽ പറഞ്ഞിളക്കിവിട്ടു. ആ സ്ത്രീ ഞങ്ങളുടെ വീട്ടിലേക്ക് പാഞ്ഞുവന്നു. ‘എടീ കെട്ടിക്കേറി വന്ന കൂത്തിച്ചീ.. കൈക്കോട്ടുമ്പറമ്പിലെ ആണുങ്ങളോട് കളിക്കാൻ നീ വളന്നോടീ പൊലയാടീ... ‘എന്ന് മുട്ടൻ തെറികൾ വിളിച്ച് വലിയ കൊപ്പരമുണ്ടാക്കി. അമ്മ മിണ്ടാട്ടം നിർത്തി. മയിൽ മുൻപത്തേക്കാൾ ഭംഗിയായി ഉണ്ടുറങ്ങി. ആഴ്ച അവസാനങ്ങളിൽ മയിൽ നേരേ പോയി ഇരട്ടയാർ നിർമല, കട്ടപ്പന സംഗീത, നെടുങ്കണ്ടം ദർശന, തങ്കമണി ജെമിനി എന്നിവരെ സന്ദർശിച്ചു. എല്ലാം സിനിമാക്കൊട്ടകകൾ. അവിടങ്ങളിൽ വരുന്ന സിനിമകൾ ഒന്നുവിടാതെ കണ്ടുതീർത്ത ആ മയിൽ ആയിരുന്നു ഏഴു വയസ്സുകാരനായ എന്നെയും സിനിമാഭ്രാന്തിന്റെ നിലയില്ലാക്കയത്തിലേക്ക് പിടിച്ചു തള്ളിയത്. 

സിനിമാകാണലിന്റെ രോമാഞ്ചങ്ങളിലേക്ക് മയിൽ ആദ്യമായി കൈപിടിച്ചു കൊണ്ടുപോയത് പതിനാറു വയസ്സിന്റെ വീർപ്പുമുട്ടലുകളിൽ മെലിഞ്ഞുണങ്ങിപ്പോയ തങ്കനെ ആയിരുന്നു. ഞങ്ങളുടെ ഒരു പൊതു ബന്ധുവാണ് തങ്കൻ. രാത്രിക്കളികൾ കഴിഞ്ഞ് മലമ്പാതകളിലെ കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ടിൽ നീണ്ട ദൂരം നടന്ന് വീട്ടിലെത്താൻ മയിലിന് ഒരു കൂട്ടുവേണമായിരുന്നു. കൂട്ടുപോകുന്ന തങ്കൻ 'സിലുമാക്കോട്ടക്ക്’ വെളിയിൽ നിന്നുകൊണ്ട് 'സപ്തരേഗ' മാത്രം കേൾക്കുമ്പോൾ മയിൽ അകത്തിരുന്ന് വിസ്തരിച്ച് പടം കാണും. പക്ഷേ പള്ളിക്കൂടത്തിന്റെ പടിവാതിൽപോലും കാണാത്ത തങ്കന് ഭയങ്കരമായ അറിവുകളുണ്ടായിരുന്നു. അത്തരം ചില അറിവുകളിൽ മയിലിനെ വളച്ചു വീഴ്ത്തി തങ്കനും വൈകാതെ കൊട്ടകയ്ക്കുള്ളിൽ കയറിപ്പറ്റി.

തങ്കനും ഞാനും ഒരുസമയത്ത് ഒറ്റക്കെട്ടായിരുന്നു. വയലുകളിൽ വട്ടകനെയും വാഴവരയനെയും തോർത്തിട്ട് പിടിച്ചും കുന്നിൻചരിവിലെ കുറ്റിക്കാടുകളിൽ ചിറ്റീന്തിൻപഴവും ചുടലിപ്പഴവും പറിച്ചുതിന്നും ചുറ്റി നടക്കുന്ന നേരങ്ങളിൽ തന്റെ അറിവുകളോരോന്നായി തങ്കൻ എനിക്കു പകർന്നു. നാട്ടുവിശേഷങ്ങളാണ്. പ്രത്യേകിച്ച് ആണും പെണ്ണും തമ്മിലുള്ള ചില പരിപാടികൾ. ഒന്നുമറിയാത്ത എന്റെ ലൈംഗികവിദ്യാഭ്യാസത്തിന്റെ തുടക്കം ഒട്ടുമറിയാത്ത തങ്കനിൽ നിന്നായിരുന്നു! അടുത്തിടെ താൻ കണ്ട ഒരു ‘സിലുമാ’യുടെ കഥ തങ്കൻ എനിക്ക് പറഞ്ഞുതരികയാണ്... ‘എടാ ഷായീ... യേശുവാസിന് നല്ല കൊഴുകൊഴാന്നിരിക്കുന്ന ഒരുത്തിയോട് പയങ്കര റേമവാ.. യേശുവാസ് പാട്ടുപാടിക്കോണ്ട് അവളെ കെട്ടിപ്പിടുത്തോം ഉമ്മകൊടുപ്പും ഒക്കെയാ. അതിനെടക്ക് കറത്തുപെടച്ച ഒരുത്തൻ അവളേക്കേറിപ്പിടിച്ച് തുണിയെല്ലാം വലിച്ചു പറിക്കുവാ.. അന്നേരം യേശുവാസ് ഡൈബ് ചെയ്ത് ചാടി വന്ന് അരേന്ന് വാള് വലിച്ചൂരി അവനെ ഒരൊറ്റ വെട്ടാ.. പിന്നെ രണ്ടുവേരും പയങ്കര വാൾ പ്ലെയിറ്റാ.. എന്നാ ഒരു പ്ലെയിറ്റാന്നറിയാവോ? നീയൊന്നു കാണണം! 

shaji-chennai-2

അതുവരെ ഒരു സിനിമപോലും കണ്ടിട്ടില്ലെങ്കിലും തങ്കൻ അപ്പറഞ്ഞതിൽ എനിക്ക് വല്ലാത്തൊരു പന്തികേട് തോന്നി. യേശുദാസ് സിനിമയിൽ വാൾപ്പയറ്റ് നടത്തുന്നെന്നോ? പാട്ടുകാരനല്ലേ യേശുദാസ്? എന്നും റേഡിയോയിൽ കേൾക്കുന്നതല്ലേ! അദ്ദേഹം സിനിമയിൽ എങ്ങനെ വരാനാണ്? പക്ഷേ, തങ്കന് യാതൊരു സംശയവുമില്ല. റേഡിയോയിൽ പാടുന്ന യേശുദാസിനും പടത്തിൽ കാണുന്ന ആളിനും ഒരേ ശബ്ദമാണ്. അതുകൊണ്ട് അത് യേശുദാസ് തന്നെ. എനിക്കാകെ സംശയമായി. ഞാൻ ചെന്ന് അമ്മയോട് സംശയം പറഞ്ഞു. ‘നീയല്ലാതാരെങ്കിലും ആ വെടിയൻ തങ്കൻ പറേന്ന കേക്കുവോടാ? വാ തൊറന്നാ അവൻ വെടിയല്ലേ പറേത്തൊള്ളു. സിനിമായിക്കണ്ടത് വല്ല നസീറുമാരിക്കും.’ 

വെടിയനെന്ന് വിളിപ്പേരുണ്ടെങ്കിലും ഇക്കാര്യം തങ്കൻ ആത്മാർഥമായി പറഞ്ഞതായിരുന്നു. പാടുന്നതും അഭിനയിക്കുന്നതും ഒരാളല്ല എന്നും നടന്റെ പേര് നസീർ എന്നാണെന്നും തങ്കനറിയാമായിരുന്നില്ല. തങ്കനെ പറഞ്ഞിട്ട് കാര്യമുണ്ടോ? യേശുദാസിനും പ്രേംനസീറിനും ശബ്ദംകൊണ്ട് അത്ര ചേർച്ചയായിരുന്നല്ലോ. പക്ഷേ, അതോടെ തങ്കന്റെ മഹത്തായ അറിവുകളിൽ എനിക്കു വിശ്വാസമില്ലാതായി. എങ്കിലും മയിലിന്റെയും തങ്കന്റെയും ത്രസിപ്പിക്കുന്ന സിനിമാക്കഥകൾ കേട്ട് ഇരിപ്പുറയ്ക്കാത്ത ഒരു സ്ഥിതിയിലെത്തിയിരുന്നു ഞാൻ. എന്താണീ സിനിമയെന്ന സാധനമെന്ന് ഒരു പിടിയും കിട്ടുന്നില്ല. എങ്ങനെയെങ്കിലും ഒരു സിനിമ കണ്ടേ പറ്റൂ! ‘എന്നേം കൂടെ ഒരു സിനിമാ കാണിക്കാവോ? എന്നേം കൂടെ ഒരു സിനിമാ കാണിക്കാവോ?’ മയിലിനോടും തങ്കനോടും ഞാൻ മാറിമാറിക്കെഞ്ചി.  

ആ സമയത്താണ് തങ്കമണി ജെമിനിയിൽ സ്നാപക യോഹന്നാൻ എന്ന സിനിമാ വരുന്നത്.

‘എന്റേടാ.. യേശൂന്റെ കയ്യേൽ ആണിയടിച്ച് കേറ്റുന്നതൊക്കെ ഒന്നു കാണണം. ഹോ.. പയങ്കരവാ..’ വെള്ളിയാഴ്ച തന്നെ സിനിമ കണ്ടുകഴിഞ്ഞ മയിൽ കഥാസാരം അൽപമൊന്നു വെളിപ്പെടുത്തി. ഈ ‘പുണ്യപുരാണ’ ചിത്രമെങ്കിലും ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ. എന്റെ കെഞ്ചലും നിർബന്ധവും വല്ലാതെ കൂടിയപ്പോൾ മയിൽ വീട്ടിൽ കാര്യം അവതരിപ്പിച്ചു. ‘നല്ല പസ്റ്റ് സിനിമായാ. ഒന്നാന്തരം വൈവിൾ കത. പിള്ളാരെയൊക്കെ കാണിക്കണ്ട പടവാ. എല്ലാരേം കൂട്ടിക്കോണ്ട് പോയി ഞാൻ വേണേ കാണിക്കാം..’ അതേറ്റു. കാശും അനുവാദവും കിട്ടി. അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഉച്ചതിരിഞ്ഞ് താന്നിക്കലെ മൂന്നു വീടുകളിൽനിന്ന് സ്ത്രീകളും കുട്ടികളുമായി നാലഞ്ചു പേർ മയില് കുഞ്ഞുമോന്റെ നേതൃത്വത്തിൽ തങ്കമണി ജെമിനിയിലേക്ക് പുറപ്പെട്ടു. ആദ്യമായി ഒരു സിനിമാ കാണാൻ പോകുന്നതിന്റെ ഇളക്കത്തിൽ എന്റെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. 

പേരമ്മക്കട, അമ്പലമേട്, മൈക്കുകവല, നീലിവയൽ വഴി കുന്നുകൾക്കിടയിലൂടെ കയറിയിറങ്ങി പുളഞ്ഞുപോകുന്ന ഒറ്റയടി വഴിയിലൂടെ തങ്കമണിയിലേക്ക് ഞങ്ങൾ വലിഞ്ഞു നടക്കുകയാണ്. പാറക്കടവിറങ്ങി കുറച്ചുകൂടി വീതിയുള്ള വഴിയേ പോകാമായിരുന്നു. അത് ദൂരക്കൂടുതലാണെന്ന് മയില് പറഞ്ഞു. ഈ വഴിയും നടന്നിട്ടും നടന്നിട്ടും തീരുന്നില്ല. ഒരുവിധത്തിൽ നീലിവയൽ കുന്നിന് ഇപ്പുറമെത്തുമ്പോൾ തങ്കമണിത്താഴ്‌വരയിൽനിന്ന് കാറ്റിൽ അരിച്ചെത്തുന്ന പാട്ട് കാതിൽ വീണുതുടങ്ങി. 'കാറ്റ് വന്നൂ..  ടട്ടടക്കം... കള്ളനെപ്പോലേ.. കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തൂ കാമുകനെപ്പോലെ..’ ചിത്രം കരകാണാക്കടൽ, പാടിയത് പി സുശീല. അതൊക്കെ അപ്പൊഴേ എനിക്കറിയാം. ദിവസം മുഴുവൻ റേഡിയോയ്ക്ക് മുൻപിൽ കുത്തിയിരിക്കുന്നതിന്റെ ദോഷമാണ്. 'ലലലല്ലല്ലാ.. ലലലല്ലല്ലാ.. ലലലലലാലലാ..' നീലിവയൽ കുന്നിൽനിന്ന് നിലംതൊടാതെയാണ് ഞാൻ താഴെ തങ്കമണിക്കവലയിൽ എത്തിയത്. 

മേച്ചിൽ പുല്ലുമേഞ്ഞ് പരമ്പുകൊണ്ട് കെട്ടിമറച്ച് അടിമുടി ചാരനിറത്തിൽ നീണ്ടുകിടന്ന നെടുങ്കൻ കൊട്ടകയ്‌ക്ക് മുൻപിൽ ഞങ്ങളങ്ങനെ നിൽക്കുകയാണ്. ജനം തിങ്ങിക്കൂടിയിട്ടുണ്ട്. മുളമോന്തായത്തിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന വെള്ളിനിറമുള്ള കോളാമ്പികളിൽ പാട്ടുകൾ തുടരുന്നുണ്ട്. വൈദ്യുതി ഉണ്ടാക്കുന്ന യന്ത്രത്തിന്റെ മുരൾച്ച പിന്നിലെവിടെയോനിന്ന് കേൾക്കാം. കൊട്ടകയുടെ മുൻപിൽ പെട്ടിപോലെ പണിത ഒരൊറ്റമുറി കെട്ടിടത്തിന്മേൽ ഉള്ളിലേക്ക് കൈകടത്താൻ പാകത്തിൽ വളച്ചുവാതിൽ പോലെയുള്ള ഓട്ടകൾ. കസേര ഒരു രൂപാ, ചാരുബെഞ്ച് എഴുപത്തഞ്ച് പൈസാ, ബെഞ്ച് അറുപത് പൈസാ, തറ നാൽപ്പത് പൈസാ എന്ന് എഴുതി വച്ചിരിക്കുന്നു. ഞങ്ങളെ ഒരു മൂലയ്ക്ക് ഒതുക്കി നിർത്തിയിട്ട് മയിൽ പോയി ടിക്കറ്റെടുത്തുകൊണ്ടുവന്നു. ഇളംനീല നിറത്തിലുള്ള ഒരു ചെറിയ കടലാസ് തുണ്ട്. ഇതിനാണോ എഴുപത്തഞ്ച് പൈസാ? ഈ പൈസയ്ക്ക് പതിനഞ്ച് ദോശ തിന്നാൻ പറ്റുമായിരുന്നു.

മണൽ വിരിച്ച തറയുള്ള നടപ്പുരയുടെ മങ്ങിയ വെളിച്ചത്തിനുള്ളിലേക്ക് ഞങ്ങൾ കയറിയെത്തുമ്പോൾ നാരങ്ങാ മുട്ടായി, കട്ടിൽ മൂട്ട, നിലക്കടല, ബീഡിപ്പുക എന്നിവയെല്ലാം കലങ്ങിയ ഒരു കെടുമ്പിച്ച മണം അവിടെ കനത്തു നിന്നു. 'മലരമ്പൻ വളർത്തുന്ന മന്ദാര വനികയിൽ മധുമാസം വിരിയിച്ച മലരാണോ?..’ വ്യക്തതയില്ലാത്ത ശബ്ദത്തിൽ പാട്ട് മൂളിമുഴങ്ങുന്നുണ്ട്. ചാരുബെഞ്ച് തപ്പിത്തേടി ഒരുവിധം ഞങ്ങൾ ഇരിപ്പുറപ്പിച്ചു. വൈകാതെ ടപ്പ്.. ടുപ്പ്.. എന്ന് പൊട്ടലും ചീറ്റലുമായി പാട്ടു നിന്നു. ചുറ്റും ഇരുട്ടുപരന്നു. ‘ആക്കാണുന്നതാ സ്രീൻ’ എന്ന് മയിൽ പറഞ്ഞു തീർന്നില്ല, അതാ മുൻപിൽ വലിച്ചുകെട്ടിയിരിക്കുന്ന വലിയ വെള്ളത്തുണിയിൽ മിന്നലും മിനുങ്ങലുമായി വെള്ളിവെളിച്ചം തെളിയുന്നു.. ഹോ.. അപ്പോൾ ഇതാണ് 'തങ്കമണി ജെമിനിയുടെ വെട്ടിത്തിളങ്ങുന്ന വെള്ളിത്തിരയിൽ' എന്നു പറഞ്ഞുകേട്ട സംഭവം!

ഞാൻ വാ പിളർന്ന് നോക്കിയിരിക്കെ തിരയിൽ ചാരനിറത്തിൽ പാപ്പര പാപ്പര പാപ്പര പാപ്പര പ്രായ്... എന്ന സംഗീതത്തിന്റെ അകമ്പടിയോടെ ഒരു ഭൂഗോളം ചുറ്റിക്കറങ്ങാൻ തുടങ്ങി. അതിന്റെ മുകളിൽ കോണകം മാത്രമുടുത്ത വെളുവെളുത്ത ദേഹവും കൈയിൽ ശൂലവുമായി സാക്ഷാൽ ബാലമുരുകൻ. അതിന് താഴെ മെറിലാന്റ് സ്റ്റുഡിയോ ചിഹ്നം. ഭഗവാന്റെ പിന്നിൽ തിളങ്ങുന്ന കറുപ്പ് നിറത്തിൽ ഒരു വലിയ മയിൽ. ഞാൻ തൊട്ടടുത്തിരിക്കുന്ന മയിലിനെ നോക്കി. ഒരു സിനിമാ ആദ്യമായി കാണുന്നവനെപ്പോലെ തിരയിൽ തുറിച്ചുനോക്കിയിരിപ്പാണ് മയിൽ. മുരുകഭഗവാൻ മറയുന്നതിനു മുൻപേ ഒരാണിന്റെ ശബ്ദത്തിൽ 'ആദിയിൽ വചനമുണ്ടായിരുന്നു' എന്നു തുടങ്ങുന്ന ബൈബിൾ വചനം മുഴങ്ങിത്തുടങ്ങി.

'തിരികൊളുത്തുവിൻ ചക്രവാളങ്ങളേ, വഴിതെളിക്കുവിൻ മാലാഖമാരേ' എന്ന് യേശുദാസിന്റെ സ്വരമുയർന്നപ്പോൾ മേലേ ആകാശത്ത് മാലാഖമാർ കാലില്ലാതെ ഒഴുകിനീങ്ങി. താഴെ ആട്ടിടയന്മാർ ഉറക്കത്തിൽനിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ‘ബെത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ പുൽക്കുടിൽ തന്ന മണിക്കിടാവേ' എന്ന് പി. ലീല പാടിത്തുടങ്ങി. പെട്ടെന്ന് ഥുടുപ്പ്..ടുപ്പ്.. എന്ന ശബ്ദത്തോടെ വെള്ളിത്തിര രണ്ടായി പൊട്ടിക്കീറി വെളിച്ചമണഞ്ഞു. ‘പിലിൻ പൊട്ടിയതാ’ മയിൽ പറഞ്ഞു. ‘എങ്ങനെ പൊട്ടായിരിക്കും! പത്ത് പന്ത്രണ്ട് കൊല്ലം പഴയ കോപ്പിയല്ലിയോ?.’ അന്ന് സിനിമ തീരുന്നതിനുള്ളിൽ എത്രയോ തവണ ഫിലിം പൊട്ടി! കുറേ നേരത്തേക്ക് പൊട്ടിയില്ലെങ്കിലും ഇടയ്ക്ക് 10 9 8 X Y Z എന്നെല്ലാം മിന്നിമിന്നി സിനിമാ നിൽക്കും. മയിൽ പറയും ‘ഡ്രീല് മാറ്റുന്നതാ.’

പടം നെടുകെ മയിലിന്റെ ദൃക്‌സാക്ഷി വിവരണമുണ്ടായിരുന്നു. 'അതാണ് തിക്കുറിശ്ശി, ഇത് കൊട്ടാരക്കര, അക്കാണുന്നതാ മിസ് കുമാരി, മറ്റേത് എസ് പി പിള്ള...' പ്രത്യേക സംഗീതത്തിന്റെ അകമ്പടിയിൽ റോമൻ പടയാളിയുടെ വേഷത്തിൽ സുന്ദരനായ ഒരാൾ വന്നപ്പോൾ.. ദോണ്ട് നസീർ.. ദോണ്ട് നസീർ.. എന്ന് മയിൽ ശബ്ദമുണ്ടാക്കി. ജോസ് പ്രകാശായിരുന്നു സ്നാപക യോഹന്നാനായി വന്നത്. ‘എല്ലാപ്പടത്തിലും വില്ലെനാ.. ഇതിനാത്ത് മാത്രം പുണ്യാളൻ’ എന്ന് മയിൽ പറഞ്ഞെങ്കിലും സ്നാപക യോഹന്നാൻ എന്നു പേരുള്ള സിനിമയിൽ യോഹന്നാന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല! എന്തിന്? യോഹന്നാനെക്കാൾ കൂടുതൽ സമയം സിനിമയിൽ വരുന്ന യേശുക്രിസ്തുവിന്റെ മുഖമൊന്നു കാണാൻ, ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും നോക്കിയിട്ടും കഴിഞ്ഞില്ല. മുഖം കാണിച്ചിട്ടു വേണ്ടേ? 

ഒരു രാജകൊട്ടാരവും അവിടെ നടക്കുന്ന പാട്ടും നൃത്തങ്ങളും, നായകനും നായികയുമായുള്ള പ്രേമസല്ലാപങ്ങളും, ‘നീരാടാം.. നീലമലർ പൊയ്കയിൽ’ എന്ന് പാടിക്കൊണ്ട് തോഴിമാരുമൊത്ത് നായിക വിശാലമായി നീന്തിക്കുളിക്കുന്നതും പിന്നെ കുറെ ഗൂഢാലോചനകളും കുതിരയോട്ടങ്ങളും വാൾപ്പയറ്റുകളുമൊക്കെയായി ആകെ നല്ല രസമായിരുന്നു. ഉ ണർന്നിരിക്കുമ്പോഴും തെളിമയുള്ള സ്വപ്നങ്ങൾ കാണുന്നതുപോലെ ചിന്തിക്കാൻപോലും പറ്റാത്ത കാര്യങ്ങൾ ജീവനുള്ള ചിത്രങ്ങളായി ഇതാ കൺമുന്നിൽ. സിനിമ ഒരു ബാധപോലെ എന്നിൽ കയറിക്കൂടുകയായിരുന്നു. ഫിലിം പൊട്ടലും പടച്ചുരുൾ മാറ്റലും പിന്നെ ഇടവേളയും ഇരിപ്പിടങ്ങൾക്കിടയിലൂടെ ഉന്തിത്തള്ളി നടന്ന് കടലയും ഇഞ്ചി മുട്ടായിയും ബീഡിയും വിൽക്കാൻ വന്നവരുമാണ് രസംകൊല്ലികളായി എനിക്കു തോന്നിയത്. സിനിമായന്ത്രത്തിൽനിന്ന് വെള്ളിത്തിരയിലേക്ക് പടങ്ങൾ കൊണ്ടുവന്ന വെളിച്ചക്കതിരുകൾ ഗുമുഗുമാ പൊങ്ങിയ ബീഡിപ്പുകയിൽ ഉയർന്നുതാഴുന്നത് നന്നായിക്കാണാൻ കഴിയുമായിരുന്നു. 

ഒരു സിനിമാ 'നിപുണൻ' ആയിരുന്നിട്ടും ആ സിനിമയിലെ നായികയുടെയും മറ്റു പല നടീനടന്മാരുടെയും പേര് മയിലിന് അറിയാമായിരുന്നില്ല. നായിക എൽ.

വിജയലക്ഷ്മിയായിരുന്നു എന്ന് പിന്നീട് ഞാൻ തേടിക്കണ്ടുപിടിച്ചു. ദുഷ്ടയായ ഒരു കഥാപാത്രമായി വന്നത് നടിയല്ല ശരിക്കും ഉള്ള ആളാണ് എന്നാണ് ഞാൻ വിചാരിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സ്വഭാവനടി പങ്കജവല്ലി ആയിരുന്നു അത്. എന്നാൽ എന്നെ ഏറെ വശീകരിച്ചത് 'താരാ കുമാരികളേ താഴെ വരൂ', 'പ്രണയം പ്രണയം ഈ പാരെങ്ങും' എന്നീ പാട്ടുകൾക്ക് മനോഹരമായി നൃത്തമാടിയ ഒരു നടി ആയിരുന്നു. അവരുടെ ഭംഗിയും നോട്ടവും ചിരിയും നടനവും എല്ലാം ഏറെക്കാലം എന്റെ മനസ്സിൽ തങ്ങിനിന്നു. അത് കെ വി ശാന്തി ആയിരുന്നു എന്നറിയാൻ വർഷങ്ങൾ എടുത്തു. അന്നുരാത്രി ഉറക്കച്ചടവിൽ ആടിയാടി മലമ്പാതകൾ തിരികെച്ചവിട്ടി ക്ഷീണിച്ചവശനായി വീട്ടിലേക്ക് പോകുമ്പോൾ ഇനിയൊരു സിനിമ എന്നുകാണാനൊക്കും എന്ന ഒരൊറ്റച്ചിന്തയേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

തുടരും...

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.