Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇനി പറ, നെനക്ക് സിനിമാ കാണണോ?'

ഷാജി ചെന്നൈ
cinemapiranthukal-3 കേരളത്തിന്റെ മലയോരഗ്രാമത്തിൽ വളർന്ന കുട്ടിയെ ബാധിച്ച സിനിമാഭ്രാന്തിന്റെ കഥ. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അറിയപ്പെടുന്ന സിനിമാനടൻ കൂടിയായ ഷാജി ചെന്നൈയുടെ ഓർമകുറിപ്പുകൾ.

‘സമ്മാനം’ എന്ന സിനിമ കാണിച്ചത് പള്ളിക്കാനം പള്ളിക്കൂടത്തിലാണ്. നസീറും ജയഭാരതിയുമാണ് പ്രധാന നടീനടന്മാർ. ചാത്തനും ഞാനും കൃത്യസമയത്ത് സ്ഥലത്തെത്തി. പക്ഷേ പ്രശ്നമുണ്ട്. പടം കാണാൻ രണ്ടുപേർക്കും കയ്യിൽ കാശില്ല. ആളുകളെ കടത്തിവിട്ടുതുടങ്ങി. കുട്ടികൾക്കു കയറാനുള്ള മുൻവാതിലിൽ ശീട്ടുകൾ കയ്യിൽ പൊക്കിപ്പിടിച്ചുകൊണ്ട് കുട്ടികൾ തിക്കിത്തിരക്കുന്നു. ചാത്തനും ഞാനും അവിടെ ചുറ്റിപ്പറ്റി. ഓലിക്കൽ പാക്കരന്റെ മകൻ രഘു സ്വതവേ ഒരു മന്ദഗതിക്കാരനാണ്. കയ്യിൽ ശീട്ട് പൊക്കിപ്പിടിച്ചു നിന്നിട്ടും അവൻ തിരക്കിൽ പിന്തള്ളപ്പെടുന്നു. പെട്ടെന്ന് ചാത്തൻ പിന്നിൽനിന്ന് രഘുവിന്റെ ശീട്ട് തട്ടിപ്പറിച്ചു. എന്താണ് നടന്നത് എന്ന് രഘുവിന് മനസ്സിലാകുന്നതിനു മുൻപേ മറുവശത്തുകൂടി ശീട്ട് കാണിച്ച് ചാത്തൻ വേഗം അകത്തേക്ക് കയറിപ്പോയി. ‘എന്റെ രിക്കെറ്റ് കാണുന്നില്ലേ... ആരാണ്ട് കട്ടോണ്ടുമ്പോയേ...‘ എന്ന് അലറിക്കരഞ്ഞുകൊണ്ട് രഘു നാലുപാടും ഓടുന്നു. എന്നെക്കൂട്ടാതെ ചാത്തൻ മാത്രം സിനിമ കാണുമല്ലോ എന്നോർത്തപ്പോൾ എനിക്ക് ആധിയായി. കുട്ടികൾക്കിടയിൽക്കൂടി ആഞ്ഞ് തള്ളിക്കയറാൻ നോക്കിയ എന്നെ ശീട്ടുകീറുന്ന ചേട്ടൻ കൈയും കളവുമായി പിടികൂടി. നാലഞ്ച് അടി ചന്തിക്ക് കിട്ടി. രണ്ടുപേർ കൂടി എന്നെ പിടിച്ചു വലിച്ച് പള്ളിക്കൂടത്തിന്റെ ഓഫിസിലേക്ക് കൊണ്ടുചെന്നു. കുതറി ഓടാൻ നോക്കിയ എന്റെ ഉടുപ്പിന്റെ കഴുത്തുപട്ട പിടിവലിയിൽ കീറിപ്പോയി. ‘സമ്മാനം’ കാണാൻ നോക്കിയതിന് കിട്ടിയ സമ്മാനം! 

ഞാൻ നാണക്കേടും വേദനയുംകൊണ്ട് കരയാൻ തുടങ്ങി. സ്കൂളിന്റെ ചുമതലക്കാരി സിസ്റ്റർ ബസലിസ ഇറങ്ങി വന്നു. ബസലിസാമ്മ എന്നു നാട്ടുകാരെല്ലാം ബഹുമാനത്തോടെ വിളിക്കുന്ന അവർ എന്നെ കണ്ടതും ‘ആഹാ, നീയാണോ ടിക്കറ്റെടുക്കാതെ കേറാൻ നോക്കിയെ? നിനക്കിത് എന്നാ പറ്റിയെടാ കൊച്ചേ?‘ എന്നു ചോദിച്ചു. എന്റെ കരച്ചിൽ ഉച്ചത്തിലായി. ഞാൻ നല്ല കുട്ടിയാണ് എന്നു വിചാരമുള്ള, എന്നോട് ഇഷ്ടമുള്ള കന്യാസ്ത്രീയാണ്. അവരുടെ മുൻപിലാണ് അടിയും വാങ്ങി ഉടുപ്പും കീറി ഒരു കള്ളനെപ്പോലെ ഞാൻ നിൽക്കുന്നത്. ബസലിസാമ്മ എന്റെ ഉടുപ്പ് ഒരുവിധം പിടിച്ച് ശരിയാക്കി. അലങ്കോലമായിപ്പോയ എന്റെ മുടി കൈകൊണ്ട് കോതി. പിന്നെ എന്നെ കൈപിടിച്ച് സിനിമാ നടക്കുന്ന പള്ളിക്കൂടത്തിനരികിലേക്ക് കൊണ്ടുചെന്നു. ‘നീ കേറിയിരുന്ന് സിനിമാ കണ്ടോ‘ എന്നു പറഞ്ഞ് കതകു തുറന്ന് എന്നെ അകത്തേക്ക് കയറ്റി വിട്ടു. സിനിമാ തുടങ്ങിക്കഴിഞ്ഞിരുന്നു. 'എന്റെ കൈയിൽ പൂത്തിരി, നിന്റെ കൈയിൽ പൂത്തിരി, എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി...' പാട്ട് പൊടിപൊടിക്കുന്നു. പക്ഷേ എന്തുകൊണ്ടോ എനിക്ക് കരച്ചിലടങ്ങിയില്ല.

അഞ്ചുവയസ്സായ അനിയനെ പള്ളിക്കാനം പള്ളിക്കൂടത്തിൽ ചേർക്കാൻ സമയമായി. അച്ചാൻ സ്ഥലത്തില്ലാത്തതിനാൽ ജനനത്തീയതി തെളിയിക്കുന്ന രേഖയുമായി കുട്ടിയെ പള്ളിക്കൂടത്തിൽ കൊണ്ടുപോയി കാണിച്ച് പണവും അടച്ചു വരാൻ അമ്മ എന്നെ ഏൽപ്പിച്ചു. പള്ളിക്കൂടത്തിനരികിൽ എത്താറായപ്പോഴാണ് വിവരം അറിയുന്നത്. അന്നവിടെ സിനിമാപ്രദർശനമുണ്ട്. ഒരു പെണ്ണിന്റെ കഥ. അഭിനയിക്കുന്നവർ സത്യനും ഷീലയും. ഞങ്ങളുടെ നാട്ടിലെ ഒരേയൊരു ചിത്രകാരനും ശിൽപിയും അതിഭയങ്കര സിനിമാപ്രേമിയും എന്നാൽ നാട്ടുകാരുടെ കണ്ണിൽ വെറുമൊരു കൂലിപ്പണിക്കാരനുമായ പൊന്തമ്പുഴ വിജയന്റെ അഭിപ്രായത്തിൽ അന്നുവരെ ഒരൊറ്റ നടനേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. അദ്ദേഹമാണ് സത്യൻ. ഞാൻ അതുവരെക്കണ്ട സിനിമയിലൊന്നും സത്യൻ ഉണ്ടായിരുന്നില്ല. ഈപ്പറയുന്ന നടനെ എനിക്കൊന്നു കാണണമല്ലോ എന്നു വിചാരിച്ച് നടക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് അവിടെ ഒരു പെണ്ണിന്റെ കഥ നടക്കുന്നത്. കൂടുതലൊന്നും ആലോചിച്ചില്ല. അനിയനെ പള്ളിക്കൂടത്തിൽ ചേർക്കാൻ തന്ന കാശുകൊണ്ട് അവനെയും കൂട്ടി ഞാൻ സിനിമയ്ക്ക് കയറി. 

film-1

നേരമൊത്തിരി കഴിഞ്ഞിട്ടും സത്യനെ കാണുന്നില്ല. കോട്ടും സൂട്ടുമിട്ട് കറുത്ത കണ്ണട വച്ച മാധവൻ തമ്പി എന്ന ഒരു കിളവൻ ഇടയ്ക്കിടെ വരുന്നുണ്ട്. അയാൾ ഒരു ദുഷ്ടനാണ്. അങ്ങനെയിരിക്കുമ്പോൾ അതാ വരുന്നു ഏതാണ്ട് പ്രേംനസീറിനെപ്പോലെ തന്നെ സുന്ദരനായ സത്യൻ. ‘സത്യൻ.. സത്യൻ..’ എന്നു ഞാൻ ഉറക്കെപ്പറഞ്ഞു. ‘സത്യനോ? മണ്ടത്തരം പറയാതിരിയെടാ ചെറുക്കാ. അതുമ്മറാ.. ഉമ്മർ..’ അടുത്തിരുന്ന ചേട്ടൻ പറഞ്ഞു. ‘അപ്പം സത്യനോ? സത്യൻ ഇതുവരെ വന്നില്ലല്ലോ!‘ ‘ആ മാധവൻ തമ്പിയായിട്ട് വരുന്നതു പിന്നാരാ? അതാ സത്യൻ‘. എനിക്കാകെ നിരാശയായി. പ്രേംനസീറിനേക്കാൾ സുന്ദരനായിരിക്കും എന്നു ഞാൻ വിചാരിച്ചിരുന്ന സത്യനാണോ ദുഷ്ടനായ ആ കിഴവൻ? അയാളല്ലേ 'പൂന്തേനരുവീ, പൊന്മുടിപ്പുഴയുടെ അനുജത്തീ' എന്ന് പാടിയാടി നടന്ന ഷീലയെ ‘നശിപ്പി’ച്ചത്? 

അതാണ് സത്യൻ എന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷേ സത്യനാണെന്ന് ഞാൻ വിചാരിച്ച ആളിന് വളരെച്ചെറിയ വേഷമാണ്. മാധവൻ തമ്പി സ്വയം വെടിവച്ച് മരിക്കുന്നതോടെയാണ് സിനിമ തീരുന്നത്. അത് സത്യനാണെന്ന് എനിക്ക് മനസ്സിലായി. സിനിമയിലെ നായകൻ എല്ലാ നല്ല ഗുണങ്ങളും ഒത്തിണങ്ങിയ സുന്ദരൻ ആയിരിക്കണമെന്ന് നിർബന്ധമില്ല എന്നും. മനസ്സിന് വല്ലാത്ത ഭാരമുണ്ടാക്കിയ ഒരു സിനിമയായിരുന്നു ഒരു പെണ്ണിന്റെ കഥ. പക്ഷേ, അത് കണ്ടിട്ടിറങ്ങിയ ഈ ‘ഒരു പയ്യന്റെ കഥ’ അതിലും വലിയ ഭാരത്തിലാണ് കലാശിച്ചത്.

അനിയനെ പള്ളിക്കൂടത്തിൽ ചേർത്തതായിത്തന്നെ വീട്ടിൽ ഞാൻ നുണ പറഞ്ഞു. പള്ളിക്കൂടത്തിൽ കൊടുക്കാൻ തന്നതിന്റെ ബാക്കിക്കാശിൽ കുറച്ചെടുത്ത് ചായക്കടയിൽ നിന്ന് എന്തൊക്കെയോ വാങ്ങിത്തിന്നു. മിച്ചം വന്ന രൂപയും ചില്ലറയും ജനനത്തീയതിയുടെ കടലാസിൽ പൊതിഞ്ഞ് ഒരു കുരുമുളക് ചെടിയുടെ ഇലകൾക്കിടയിൽ ആരും കാണാതെ ഒളിപ്പിച്ചു. വീട്ടിൽ എവിടെ വച്ചാലും പിടിക്കപ്പെടും എന്നെനിക്ക് ഉറപ്പായിരുന്നു. പക്ഷേ നാലു ദിവസം കഴിഞ്ഞപ്പോൾ കുരുമുളക് ചെടിക്കീഴിൽ ചിതലെടുത്തു പോയ ജനനത്തീയതിയുടെ കടലാസിനുള്ളിൽനിന്ന് ചിതലുതിന്ന നോട്ടും മണ്ണുപൊതിഞ്ഞ ചില്ലറയും കണ്ടെടുക്കപ്പെട്ടു. അച്ചാൻ എന്റെ കൈ രണ്ടും ചേർത്തുകെട്ടി വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂക്കിയിട്ട് എന്നെ അടിച്ചു. കൈ ഇരിഞ്ഞു പോകുന്നതുപോലെയുള്ള വേദനയിൽ തൂങ്ങിക്കിടന്ന് ഞാൻ പിടച്ചു. ‘കഴ്വേർട മോനേ... നിന്റമ്മേടെ ഒരു സിനിമാ..’ എന്ന് ശപികേട് പറഞ്ഞുകൊണ്ട് അച്ചാൻ എന്നെ അടിച്ചടിച്ച് ഒരു പരുവമാക്കി.

film-2

സിനിമാപ്രേമത്തിന്റെ കാര്യത്തിൽ അച്ചാനും പിന്നിലായിരുന്നില്ല എന്നു ഞാൻ പിന്നീടറിഞ്ഞു. കൂട്ടുകാർ കൂടിയുള്ള സിനിമയ്ക്ക് പോകൽ സ്ഥിരമായിരുന്നത്രേ. അച്ചാൻ എന്നെക്കൊണ്ടുപോയി മൂന്ന് സിനിമകൾ കാട്ടിത്തന്ന ഓർമ എനിക്കുണ്ട്. ഒരുദിവസം രാവിലെ കട്ടപ്പന ടൗണിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയ അച്ചാൻ എനിക്ക് ഉടുപ്പിനും നിക്കറിനും തുണി വാങ്ങി. ചെരിപ്പ് വാങ്ങി. പിന്നെയുമെന്തൊക്കെയോ വാങ്ങി. ഹോട്ടലിൽ നിന്ന് കഴിക്കാനും വാങ്ങിത്തന്നു. പിന്നെ കട്ടപ്പന സംഗീതയിൽ സിനിമക്ക് കൊണ്ടുപോയി. കൊട്ടകക്ക് അടുത്തെത്താറായപ്പോഴാണ് ഉദ്ദേശിച്ചതിലും നേരത്തെ സിനിമ തുടങ്ങും എന്ന് അറിയുന്നത്. 'വേഗം വാടാ' എന്നു പറഞ്ഞ് അച്ചാൻ ഓടാൻ തുടങ്ങി. ഞാനും പിന്നാലെ ഓടി. സിനിമ തുടങ്ങി കുറച്ചുസമയം കഴിഞ്ഞാണ് ഞങ്ങൾ കൊട്ടകയിൽ ചെന്നുകയറിയത്. ജീസസ് എന്ന സിനിമ ആയിരുന്നു. ഞാൻ കണ്ട ആദ്യത്തെ നിറമുള്ള സിനിമ. യേശുക്രിസ്തുവിന്റെ ജീവിത കഥയായിരുന്നെങ്കിലും സലോമിയായി അഭിനയിച്ച ജയലളിതയുടെയും മഗ്ദലന മറിയമായി അഭിനയിച്ച ഉഷാകുമാരിയുടെയും കാലുപൊക്കിയുള്ള നൃത്തങ്ങളും മറ്റുതമാശകളുമൊക്കെയുള്ള ഒരു സാധാരണ പടമായിരുന്നു അത്. ഓശാനാ ഓശാനാ എന്ന ജയചന്ദ്രനും സംഘവും പാടിയ പാട്ടും, ഗാഗുൽത്താ മലകളേ എന്ന യേശുദാസ് പാടിയ പാട്ടും ഓർമയിൽ നിന്നു. 

അന്നുരാത്രിതന്നെ ഇരട്ടയാർ നിർമലയിൽ നിന്ന് അപരാധി എന്ന സിനിമയും ഞങ്ങൾ കണ്ടു. നസീർ, ഷീല, മധു, ജയഭാരതി.. എല്ലാവരും ഉണ്ടായിരുന്നു. ഒപ്പം അക്കാലത്തെ സ്ഥിരം ബാലതാരങ്ങളായ മാസ്റ്റർ രഘുവും ബേബി സുമതിയും. മാമലയിലെ പൂമരം പൂത്തനാൾ, തുമ്പീ തുമ്പീ തുള്ളാൻ വായോ, മുരളീധരാ മുകുന്ദാ, നന്മചേരും അമ്മ... അതിലെ പാട്ടുകളാണ് അന്നുവരെയില്ലാത്ത രീതിയിൽ എന്നെ ആകർഷിച്ചത്. സലിൽ ചൗധരിയുടെ പ്രത്യേകതയുള്ള സംഗീതമായിരുന്നു കാരണം. കുറച്ചുനാൾ കഴിഞ്ഞ് ഒരു രാത്രിയിൽ എവിടെയോ പോയി തിരിച്ചു വരികയായിരുന്നു അച്ചാനും ഞാനും. ചെട്ടിക്കവല വഴി നടന്നുവരുമ്പോൾ ബിന്ദു ടാക്കീസിൽ രണ്ടാം കളി തുടങ്ങിയിരുന്നു. ‘നെനക്ക് സിനിമാ കാണണോ?’ പ്രതീക്ഷിക്കാത്ത നേരത്ത് അച്ചാന്റെ ചോദ്യം. 'വേണ്ട' എന്നൊരുത്തരം ഞാൻ പറയില്ലല്ലോ. ഞങ്ങൾ കൊട്ടകയിൽ കയറി. പ്രേമശിൽപി എന്നോ മറ്റോ പേരുള്ള ഒരു പടമായിരുന്നു. വല്ലാത്ത വഷളൻ പടമായിട്ടാണ് എനിക്കു തോന്നിയത്. ഒരച്ഛനും മകനും ഒന്നിച്ചിരുന്നു കാണാൻ ബുദ്ധിമുട്ടുള്ള കടുത്ത പ്രേമരംഗങ്ങൾ. എനിക്ക് വല്ലാത്ത ഒരിത് തോന്നി. അച്ചാനും തോന്നിയിരിക്കണം. പിന്നീടൊരിക്കലും ഞങ്ങൾ ഒരുമിച്ച് ഒരു സിനിമാകാണൽ ഉണ്ടായില്ല.

പള്ളിക്കൂടങ്ങളിൽ കറുപ്പ് വെളുപ്പ് സിനിമകളുടെ പ്രദർശനങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. സത്യൻ അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ വന്ന കടൽപ്പാലം, സത്യനും നസീറും ഒന്നിച്ചഭിനയിച്ച അനുഭവങ്ങൾ പാളിച്ചകൾ, അച്ഛനും അമ്മയും വഴിപിരിഞ്ഞുപോയതിൽ വേദനിക്കുന്ന ഇരട്ടപ്പെൺകുട്ടികളുടെ കഥ പറഞ്ഞ സേതുബന്ധനം എന്നിവയൊക്കെ പള്ളിക്കൂടങ്ങളിൽ നിന്ന് കണ്ട പടങ്ങളാണ്. സേതുബന്ധനത്തിൽ ബേബി സുമതി പാടുന്ന 'പിഞ്ചു ഹൃദയം ദേവാലയം' എന്ന പാട്ട് എനിക്ക് നന്നേ പിടിച്ചു. ലത എന്ന ഗായിക പാടിയ പാട്ടായിരുന്നു. അവർ തന്നെ പാടിയ ‘മഞ്ഞക്കിളീ സ്വർണക്കിളീ’ എന്നൊരു പാട്ടും അതിലുണ്ടായിരുന്നു. ആദ്യമായി നിറമുള്ള ഒരു സിനിമാ വൃത്തിയായി കണ്ടതും പള്ളിക്കൂടത്തിൽ നിന്നായിരുന്നു. തോമാശ്ലീഹാ എന്നായിരുന്നു പേര്. ശ്ലീഹായുടെ അദ്ഭുതപ്രവൃത്തികളേക്കാൾ എന്റെ മനസ്സിൽ തങ്ങിയത് ആ സിനിമയുടെ തെളിഞ്ഞ നിറങ്ങളും 'വൃശ്ചികപ്പെണ്ണേ വേളിപ്പെണ്ണേ' എന്ന പാട്ടും 'ധൂം തന ധൂം തനനനനന ചിലങ്കേ' എന്ന നൃത്തവുമായിരുന്നു. ആ സിനിമയുടെ സംഗീതവും സലിൽ ചൗധരിയുടേതായിരുന്നു.

തുടരും...

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.