ADVERTISEMENT

തിത്തിമിക്കുട്ടി ഡാൻസ് പഠിച്ചിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചാ തിത്തിമിക്കുട്ടീടമ്മ പറയും നേരെ ചൊവ്വേ നടക്കാൻ പഠിച്ചത് ഇന്നാളാ അപ്പോഴാ ഡാൻസ് പഠിക്കുന്ന് ഒരാള് എന്ന്. കാര്യം എന്താണെന്നു വച്ചാൽ എല്ലാവരും തിത്തിമിക്കുട്ടിയോട് ചോദിക്കും, പേരെന്തുവാ എന്ന്. അപ്പോ തിത്തിമിക്കുട്ടി പറയും എസ്. ആർ. തിത്തിമി. കേൾക്കുന്നോര് ചോദിക്കും  അല്ല തെയ് തെയ് തിത്തിമി തക തക തക തെയ് തെയ് തിത്തിമി  എന്നു ഡാൻസ് പഠിക്കണ കുട്ട്യോള് പാടാറുണ്ടല്ലോ, അതുകൊണ്ട് ചോദിച്ചതാ എന്ന്.

 

എന്നാലും തിത്തിമിക്കുട്ടി ടീവിടെ മുൻപില് ചെന്ന് ചില ഡാൻസൊക്കെ അതിലെപ്പോലെ കാണിക്കും. അപ്പോ തിത്തിമിക്കുട്ടീട മുത്തശ്ശി പറയും, കണ്ടോ ഇവള് നല്ല സുന്ദരമായിട്ട് ഡാൻസ് ചെയ്യുന്ന്, പിന്നെന്താ ഇവളെ ഡാൻസ് പഠിപ്പിച്ചാല്. നീയെന്താടാ  ഇവളെ ഡാൻസിന് വിടാത്തതെന്ന് മുത്തശ്ശി തിത്തിമീടച്ഛനോട് ചോദിക്കും. അപ്പോ തിത്തിമീടച്ഛൻ അതു കേട്ടതായിപ്പോലും നടിക്കില്ല. പാവം തിത്തിമി അപ്പോഴും ടീവീലെ പരിപാടി നോക്കി അതുപോലെ ഡാൻസ് ചെയ്യുകയാവും. അച്ഛനൊന്നും പറയാത്തത് കാണുമ്പോ തിത്തിമിക്ക് കൊറേശ്ശെ വെഷമം വരും . എന്നാലും തിത്തിമി എല്ലാ ദിവസവും ഇതു തന്നെ ചെയ്യും . അടുത്തവീട്ടിലെ പിള്ളേരൊക്കെ ഡാൻസ് പഠിക്കാൻ പോവുന്നുണ്ട്. അവരുടെയൊന്നും ഡാൻസ് തിത്തിമീട ഡാൻസിന്റെ അടുത്തുപോലും വരില്ല. ആരും പഠിപ്പിക്കാതെ തന്നെ ഇത്രയും നന്നായി ഡാൻസ് ചെയ്യുന്ന കൊച്ചെന്ന് മുത്തശ്ശി പറയുമ്പം തിത്തിമി ആളങ്ങ് പൊങ്ങും.

 

അപ്പോ തിത്തിമി പറയും, എനിക്ക് ഈ പേരിട്ടിട്ട് അച്ഛനെന്താ എന്നെ ഡാൻസിന് വിടാത്തതെന്ന്. അച്ഛൻ പറയും, മോൾടെ പേരില് തന്നെ ഡാൻസുണ്ടല്ലോ, പിന്നെന്തിനാ വേറെ ഒരു ഡാൻസ് പഠിത്തം എന്ന്. അങ്ങനെ അച്ഛനും മോളും ഒന്നിച്ചിരുന്ന് കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിക്കും ഇരിക്കുമ്പം അമ്മ വന്നു പറയും, അയ്യട എന്തു രസം രണ്ടിനേം കണ്ടേച്ചാലും മതി എന്ന്. എന്താ ഞങ്ങൾക്കൊരു കൊഴപ്പം എന്നു ചോദിച്ച് തിത്തിമിയെ കെട്ടിപ്പിടിച്ച്  അച്ഛൻ  ഒരു ചക്കരയുമ്മ കൊടുക്കും.

 

ഇന്നാള് ഒരു ദെവസം തിത്തിമിക്കുട്ടി സ്കൂളീന്ന് വന്നപ്പം അചഛനോട് പറയ്വാ , ക്ലാസില് ഉഷാറാണി മിസ് തിത്തിമീടെ പേരു വിളിച്ചപ്പം ഗൗതം അവിടിരുന്ന് ഉറക്കെ തകധിമീന്ന് വിളിച്ച് അവളെ കളിയാക്കിയെന്ന്. അപ്പോ ഉഷാറാണി മിസ് അവന് നല്ല അടിവച്ചു കൊടുത്തത്രേ. എന്നിട്ട് തിത്തിമിയോട് ഉഷാറാണി മിസ് എന്തു പറഞ്ഞെന്നോ? മോള് കരയണ്ട ഇവന്റെ പേര് ഗൗതം എന്നല്ല ഭൂതം എന്നാണെന്ന്. അതുകേട്ട് എല്ലാവരും ഗൗതമിനെ ഭൂതം എന്നു വിളിച്ച് ചിരിച്ചു.  തിത്തിമി അച്ഛന്റെ മടിയിൽക്കയറിയിരുന്ന് പിന്നേം കൊഞ്ചിക്കൊണ്ട്  ഓരോന്ന് പറയുകയാണ്. തിത്തിമിക്ക് അങ്ങനെയാണ്, അച്ഛനെക്കാണുമ്പം  അല്ലേലും ഇച്ചിരിക്കൊഞ്ചല് കൂടും. അതൊക്കെ വകവച്ചുകൊടുക്കാനിവിടെ ആളൊണ്ടായിട്ടാ, പിള്ളേരെ അധികം മടീക്കയറ്റിയിരുത്തരുത്, പിന്നവര് തലേക്കേറി നെരങ്ങും എന്നു പറയും അമ്മ അപ്പോ.

 

കുറച്ചു കഴിഞ്ഞ് തിത്തമീടച്ഛന് വല്ലതും എഴുതാനുള്ളപ്പോ തിത്തമിയെ മടീന്ന് പതുക്കെ താഴെയെറക്കും. ഇനി അച്ഛന്റെ തകതിമി മോള് പോയി വല്ലതും കഴിക്ക്, അച്ഛന് കുറച്ച് ജോലിയുണ്ടെന്നു പറയുമ്പം തിത്തിമി വീണ്ടും ചിണുങ്ങാൻ തുടങ്ങും. അപ്പോ അച്ഛനും ഗൗതമിന്റെ സെറ്റാ എന്നെ കളിയാക്കുകയാ എന്നു പറയും തിത്തിമി. ഒന്നുമല്ല, എന്റെ തിത്തിമി മോൾടെ പേര് അതൊന്നുമല്ല തിത്തിമിക്കുട്ടീന്നാ എന്നു പറയും അച്ഛൻ അപ്പോ. അതെന്തിനാ ഞാൻ കുട്ടിയല്ലേ പിന്നെന്തിനാ തിത്തമിക്കുട്ടീന്ന് വീണ്ടും പറയുന്നെ? തിത്തിമി ചോദിക്കും. അതോ അതേ, മോൾക്കറിയോ മാധവിക്കുട്ടീന്നൊക്കെ പറയില്ലേ അതുപോലെ വലുതായാലും മോളെ എല്ലാവരും കുട്ടിയായി സ്നേഹിക്കണം എന്നാ അച്ഛന്റെ ആഗ്രഹം. അതുകൊണ്ട് വല്യ മാധവിക്കുട്ടിയെപ്പോലെ ഇതച്ഛന്റെ തിത്തിമിക്കുട്ടി - അച്ഛൻ പറഞ്ഞു.

 

എന്നാലേ തിത്തിമിക്കുട്ടീട പേര് ഇതൊന്നുമല്ലാരുന്നു. പിന്നെയോ തീർഥക്കുട്ടി എന്നായിരുന്നു. അങ്ങനിരിക്കെ ഒരു ദിവസം തീർഥക്കുട്ടീട അച്ഛന്റെ ഫ്രണ്ട് ഒരു ദിവസം വീട്ടിൽ വന്നു. വന്നപ്പോ  തീർഥക്കുട്ടിയോട് പേരു ചോദിച്ചു. തീർഥക്കുട്ടിക്ക് സ്വന്തം പേര് തെറ്റാതെ പറയാൻ നാവുവഴങ്ങിയില്ല . അവൾ എങ്ങനെയോ ഒരു വിധം പറഞ്ഞൊപ്പിച്ചപ്പം  ആ അങ്കിള് കേട്ടത് തിത്തിമീന്നാ. അന്നുതൊട്ടാ എല്ലാവരും തീർഥക്കുട്ടിയെ തിത്തിമിക്കുട്ടി എന്നു വിളിക്കാൻ തുടങ്ങിയത്. തീർഥക്കുട്ടിക്ക് ഇങ്ങനെ പല അബദ്ധങ്ങളും പറ്റും. പല വാക്കുകളും അവൾക്ക് തെറ്റാതെ പറയാൻ അറിയില്ല.

English Summary : Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com