Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഭവങ്ങളുടെ നക്സൽ ദിനങ്ങൾ

karunakaran നക്സൽബാരിയുടെ അൻപതാം വർഷത്തിൽ എഴുത്തിനെ കുറിച്ചും വിപ്ലവത്തെ കുറിച്ചും കരുണാകരൻ മനസ് തുറക്കുന്നു.

ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് മോചനം ലഭിക്കുന്ന അന്നുമുതൽ സമത്വസുന്ദരമായ ഒരു ഇന്ത്യയുണ്ടാകും എന്ന് ഒരു ജനത സ്വപ്നം കണ്ടു. അല്ലെങ്കിൽ ആ ഇന്ത്യക്കുവേണ്ടി നടന്നതായിരുന്നു സ്വാതന്ത്രസമര പോരാട്ടങ്ങൾ. എന്നാൽ സ്വാതന്ത്രാനന്തരവും താഴ്ന്നവനും ഉയർന്നവനുമായുള്ള അന്തരം തുടർന്നു. കർഷകന് ജന്മിയുടെ അടിമത്വത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള പോരാട്ടം വീണ്ടും തുടരേണ്ടി വന്നു. ഭൂമി കർഷകർക്ക് എന്ന വിധിയുടെ അടിസ്ഥാനത്തിൽ നക്സൽബാരിയിൽ പാടത്ത് വിത്തിറക്കിയ കർഷകരെ അടിച്ചമർത്താൻ ജന്മിമാർ ശ്രമിച്ചു. കർഷകർക്ക് എതിരെ നടന്ന പോലീസ് വെടി വെയ്പിൽ രണ്ട് കുട്ടികളും, സ്ത്രീകൾ ഉൾപ്പെടെ ഒൻപത് കർഷകരും കൊല്ലപ്പെട്ടു. 

അതു വരെ ബ്രിട്ടീഷ് അധികാരികൾ ഇന്ത്യക്കാരെ വെടിവെച്ചു കൊന്നു എന്നു കേട്ട് ശീലിച്ച ജനത തങ്ങളുടെ ഗവൺമെന്റ് തങ്ങൾക്കെതിരെ തിരിയുക എന്നതിലെ നീതിയെ കുറിച്ച് ചിന്തിച്ചു തുടങ്ങി. 1967-ൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ന്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭങ്ങളിലൂടെ നക്സൽ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചു. നീതി നിഷേധങ്ങൾക്കെതിരെയുള്ള പോരാട്ടമായി ഇന്ത്യയുടെ പലഭാഗങ്ങളിലും കേരളത്തിലുൾപ്പെടെ നക്സലിസം എന്ന ആശയം ശക്തിപ്രാപിച്ചു.    

'നമ്മുടെ സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഓർമ്മയിൽ കേരളത്തിലെ നക്സൽബാരി പ്രസ്ഥാനത്തോളം കയറിയിറങ്ങിപ്പോയ വേറൊരു പ്രസ്ഥാനമില്ല'. അത് കേരളത്തിന്റെ ചിന്തകളെ ചൂടുപിടിപ്പിച്ചു. പ്രസ്ഥാനം പരാജയമെന്ന് പറയുമ്പോഴും നവകേരളത്തിന്റെ നിർമ്മിതിയിൽ അതിനുള്ള പങ്ക് തള്ളികളയാനാവില്ല. കരുണാകരൻ എന്ന എഴുത്തുകാരന് നക്സലിസം വായിച്ചറിഞ്ഞ ഒന്ന് ആയിരുന്നില്ല. താൻ പിന്താങ്ങിയ ആശയങ്ങളുടെയും തന്റെ തന്നെ അനുഭവങ്ങളുേടതായിരുന്നു. ലോകത്തെ മാറ്റിമറിക്കാൻ എന്തെങ്കിലും ചെയ്തേതീരു എന്നു വെമ്പി വിപ്ലവ പ്രസ്ഥാനങ്ങളിലേക്ക് എടുത്തു ചാടിയവരുടെ ജീവിതമാണ് കരുണാകരന്റെ യുവാവായിരുന്ന ഒൻപത് വർഷം എന്ന നോവൽ. നക്സൽ ബാരിയുടെ അൻപതാം വർഷത്തിലാണ് നോവൽ പുറത്തിറങ്ങുന്നതെന്നത് മറ്റൊരു യാദൃശ്ചികത. നക്സൽബാരിയുടെ അൻപതാം വർഷത്തിൽ എഴുത്തിനെ കുറിച്ചും വിപ്ലവത്തെ കുറിച്ചും കരുണാകരൻ മനസ് തുറക്കുന്നു. 

karunakaran-1 നക്സലൈറ്റുകളുടെ കൂടെ കഴിഞ്ഞതും അതിലെ പ്രധാന പ്രവർത്തകരുമായി പുലർത്തിയിരുന്ന ബന്ധങ്ങളും എന്റെയും ഓർമ്മയാണ്.

. നക്സൽബാരിയുടെ അൻപതാം വർഷം എന്ന കാലഗണന 'യുവാവായിരുന്ന ഒൻപത് വർഷം' എന്ന നോവലിന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?

"ഒരാളെ കൊല്ലാൻ അയാളെ അറിയണമെന്നില്ല" എന്ന ഒരു വാചകത്തിലൂടെയാണ് ഞാനീ കഥയിലേക്ക് പ്രവേശിക്കുന്നത്. അതിലെ തീർച്ച, അതിലെ തിന്മ, അതിലെ ആവേശം, അതിലെ നിരാശയും വിജയവും പരാജയവും എല്ലാം: 'ഇത് മനുഷ്യനു മാത്രമെ കഴിയു' എന്ന ആലോചനയാണ് പിന്നെ ഉണ്ടായത്. വർഷങ്ങൾ എടുത്തു എഴുതാൻ. ചില സുഹൃത്തുക്കളോടും ചില ബന്ധുക്കളോടും മാത്രം ചിലപ്പോൾ ഇതിലെ കഥ പറഞ്ഞു. അല്ലെങ്കിൽ, നക്സൽ ബാരിയുടെ അൻപതാം വാർഷികമായി ഈ നോവലിന്റെ പ്രസാദനത്തിന് ബന്ധമില്ല. മാത്രമല്ല ഇതിന്റെ കഥ ഓർമ്മയിലാണ് പ്രവർത്തിക്കുന്നത്. നോവലിന്റെ ഘടന അങ്ങനെയാണ് കണ്ടത്. ഓർമ്മയിലെ പ്രവർത്തനമെന്നാൽ നിറഞ്ഞു കവിയുന്ന ദിനചര്യകളിൽ സംഭവിക്കുന്നതും. കാലഗണന അൻപതു വർഷത്തിലല്ല അറ്റങ്ങൾ ഇല്ലാതാകുന്ന ഓർമ്മയിലാണ് പരിഗണിച്ചത്. അതല്ലെ, ശരിയാവു? 

. പോസറ്റീവായും നെഗറ്റീവായും നോവലിന്റെ തലകെട്ടിനെ വായിക്കാം. യുവത്വത്തിന്റെ ഒൻപത് വർഷങ്ങളെന്നും ഒൻപത് വർഷം മാത്രമാണ് യുവാവായിരുന്നതെന്നും. താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

yuvavayirunna-onpathu-varsham-3

യുവാവായിരിക്കുക എന്നാൽ അതിർത്തികളിൽ നഷ്ടപ്പെടുന്ന യാത്രയോ വഴിയോ പോലെയാണ്. ഒൻപത് വർഷം മാത്രം ജീവിച്ച നുണയോ സത്യമോ എന്നതിനെക്കാൾ അത് ഒരാൾ ഇറങ്ങിത്തിരിച്ച യാത്രയുടെ, വഴിയുടെ, കല്പിത കഥയാണ്. ആ അക്കം കൃത്യമല്ല. എത്ര വേണമെങ്കിലും മറച്ചുവെക്കാവുന്നതും നീട്ടി വെക്കാവുന്നതുമായ ഒരു സ്വരം ആ സംഖ്യയുടെ പറച്ചിലിലുണ്ട്. അല്ലെങ്കിൽ അങ്ങനെ കാണാവുന്നതേയുള്ളു. 

. മതിയഴകന്റെ മരണം, സുബ്രഹ്മണ്യദാസിന്റെ ആത്മഹത്യ, യു.പി ജയരാജിന്റെ കഥാവഴികൾ, അരീക്കോട് വർഗീസിന്റെ കൊലപാതകം ഇങ്ങനെ ആ കാലഘട്ടത്തിന്റെ ചരിത്രത്തിലേക്ക് നീളുന്ന സൂചനകൾ യുവാവായിരുന്ന ഒൻപത് വർഷം എന്ന നോവലിൽ കാണാം. വിശദീകരിക്കാമോ?

േനരത്തേ പറഞ്ഞതു പോലെ എല്ലാം ഓർമ്മയിലെ പ്രവൃത്തിയാണ്. നക്സലൈറ്റുകളുടെ കൂടെ കഴിഞ്ഞതും അതിലെ പ്രധാന പ്രവർത്തകരുമായി പുലർത്തിയിരുന്ന ബന്ധങ്ങളും എന്റെയും ഓർമ്മയാണ്. ചരിത്രത്തെയല്ല, ഭാവനയെയാണ് ഞാൻ ആശ്രയിക്കുന്നത്. ആ അർത്ഥത്തിൽ എന്റെ എഴുത്ത് ചരിത്രത്തിനെതിരാണ്. അഥവാ, ചരിത്രത്തെ അത് വിലമതിക്കുന്നില്ല. സംഭവങ്ങളുമായി നമ്മൾ പുലർത്തുന്ന ബന്ധം സാമൂഹികമായ ഓർമ്മയല്ല. ജീവിതത്തിലും കലയിലും അത് വ്യക്തിപരമായ ആഖ്യാനത്തിന്റെയാണ്. ദാസോ മതിയഴകനോ അല്ല കഥാപാത്രങ്ങളിലേക്കോ കഥയിലേക്കോ വരുന്നത്. മറിച്ച് ആ ‘വർത്തമാന’മാണ് (PRESENT), അതിലെ കൈവിട്ട നിമിഷങ്ങളാണ്. അതാണ് കഥയോടുള്ള എന്റെ സമീപനവും നോവലിന്റെ ഘടനയും ആവേണ്ടത് എന്ന് ഞാൻ കരുതിയിരുന്നു.  

mathiyazhakan-news മതിയഴകൻ കൊല്ലപ്പെട്ടു, 19 വർഷമായി മരണമറിയാതെ വീട്ടുകാർ (മലയാള മനോരമ, 2002 ഏപ്രിൽ 14)

ഒരർത്ഥത്തിൽ, നമ്മുടെ സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഓർമ്മയിൽ കേരളത്തിലെ നക്സൽബാരി പ്രസ്ഥാനത്തോളം കയറിയിറങ്ങിപ്പോയ വേറൊരു പ്രസ്ഥാനമില്ല എന്നു തോന്നുന്നു. എന്നാൽ, അത് നമ്മുടെ സമൂഹത്തെ കാര്യമായി സ്പർശിച്ചിട്ടേയില്ല, സ്വാധീനിച്ചിട്ടുമില്ല. ഒന്ന് ഓർത്തു നോക്കൂ, നക്സലൈറ്റുകളുടെ വിപ്ലവവിജയത്തോടെ സ്ഥാപിതമായ ഒരു കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണ കൂടത്തെപ്പറ്റി, അതിന്റെ സംഘാടനമാവുന്ന ഒരു സമൂഹത്തെപ്പറ്റി. ഭാഗ്യം അതുണ്ടായില്ല. നമ്മൾ ജനാധിപത്യത്തിന്റെ  പരീക്ഷണങ്ങളിൽത്തന്നെ മുഴുകി കമ്മ്യൂണിസ്റ്റ്  പാർട്ടികളെ നിലനിർത്തിക്കൊണ്ടു തന്നെ. ഒന്നുകൂടി സൂക്ഷ്മമായി നോക്കിയാൽ വേറൊന്നുകൂടി കാണാൻ കിട്ടും. സമൂഹത്തിന്റെ  ജനാധിപത്യവല്ക്കരണത്തോടൊപ്പമെത്താൻ കഴിയാത്ത ‘പാർട്ടി’യും, ജനാധിപത്യവിരുദ്ധമായ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഹിംസാത്മകമായി സംരക്ഷിക്കപ്പെടുന്നതും, നമ്മോടൊപ്പം തന്നെ ഇപ്പോഴും ഉണ്ട് എന്നതും.  

. നോവലിൽ ഏഴ് മാവോ ശിഷ്യന്മാരെ കുറിച്ച് പറയുന്നുണ്ട്. ഇവരിൽ ആരിലാണ് കരുണാകരൻ അധികമായുള്ളത്?

കഥയിൽ, കഥയിലുണ്ട് – വളരെ കുറവ്. ഭാവനയിലാണ് കരുണാകരൻ അധികമായുള്ളത്.

. ഉണർവിലും ഉറക്കത്തിലും നോവലിലെ കഥാപാത്രങ്ങളെല്ലാം ധാരാളം സ്വപ്നങ്ങൾ കാണുന്നുണ്ട്. എല്ലാം കേവല ഭ്രമങ്ങൾ മാത്രമെന്നാണോ മനസിലാക്കേണ്ടത്?

ഞാൻ ധാരാളം സ്വപ്നങ്ങൾ കാണും ഉറങ്ങുമ്പോൾ. അഥവാ, സ്വപ്നങ്ങളിലാണ് എന്റെ ഉറക്കം പായ വിരിക്കുന്നത്. നല്ലതും ചീത്തയും അതിനേക്കാൾ ചീത്തയുമായ സ്വപ്നങ്ങളാവും കാണുന്നത്. ആ സ്വപ്നങ്ങളിൽ എന്റെ തന്നെ സമാന്തര– ആയുസ്സ് നീളുന്നു. സ്വപ്നങ്ങൾ ഭ്രമങ്ങളല്ല, തോന്നലുകളുടെ യഥാർത്ഥ ജീവിതമാണ്. ഇതൊക്കെ എന്റെ എഴുത്തിനെ, രീതിയെ രൂപപ്പെടുത്തിയിട്ടുണ്ട് എന്നും തോന്നുന്നു. 

. മേതിൽ രാധാകൃഷ്ണന്റെ കവിതകളുടെ സമ്പൂർണ പതിപ്പിന് ആമുഖമെഴുതിയപ്പോൾ എഴുപതുകളുടെ ഭാവി 'മൗനം', 'ചിതൽ' എന്നീ രണ്ട് വാക്കുകളിൽ അടയാളപ്പെടുത്താം എന്ന് പറയുന്നുണ്ട്. വിശദീകരിക്കാമോ?

മേതിലിന്റെ കവിതകളെപ്പറ്റി പറയുമ്പോൾ അങ്ങനെ പറഞ്ഞതാണ്. കൃത്യമായി വരിയോ സന്ദർഭമോ ഇപ്പോൾ ഓർക്കുന്നില്ല. നമ്മുടെ ‘ആധുനികത’യെ മറ്റൊരു വിധത്തിൽ നേരിട്ട എഴുത്തുകാരനാണ് മേതിൽ. അത് അടിമുടി സാഹിത്യത്തിനു വേണ്ടിയുള്ള നില്പായിരുന്നു. മേതിലിന്റെ തലമുറയിൽപെട്ട എഴുത്തുകാരിൽ നിന്ന് ആ എഴുത്തും സമീപനവും അങ്ങനെയാണ് വേർപെടുന്നത്. ആധുനികതയെ പരീക്ഷണങ്ങളുടെ അവസരം എന്നു തെറ്റിദ്ധരിച്ച ആളുകളിൽ നിന്നും ആധുനികതയെ രാഷ്ട്രീയവൽക്കരിക്കുന്നു എന്ന നാട്യത്തിൽ സമഗ്രാധിപത്യ വിശ്വാസങ്ങളിലേക്ക് മാറിയ എഴുത്തുകാരിൽ നിന്നും അത് വേർപെടുന്നു. അങ്ങനെയാണ് മേതിലിന്റെ എഴുത്ത്, ഒരാൾ മാത്രം കുടിയേറിയ ഒരു കഷണം ഭൂമി പോലെ നമ്മുടെ സാഹിത്യത്തിൽ കിടക്കുന്നത്.

Maythil-Radhakrishnan മേതിലിന്റെ എഴുത്ത്, ഒരാൾ മാത്രം കുടിയേറിയ ഒരു കഷണം ഭൂമി പോലെ നമ്മുടെ സാഹിത്യത്തിൽ കിടക്കുന്നു.

ആധുനികതയുടെ ശ്വാസം പോലെ എന്ന് നമ്മൾ വിശ്വസിച്ച, അല്ലെങ്കിൽ വിശ്വസിപ്പിച്ച ‘അസ്തിത്വവാദ’ത്തെ വാസ്തവത്തിൽ നേരിട്ടത് മേതിലാണ്. സാഹിത്യത്തിൽ കാക്കനാടന്റെയോ മുകുന്ദന്റെയോ ‘‘ഉപരിപ്ലവത’’ അതിലില്ല. കാരണം, മേതിൽ കലയെ അത്രമാത്രം വിശ്വസിക്കുന്നു. അസ്തിത്വവാദ ദർശനത്തിന്റെ സാമ്പിളുകളല്ല അക്കാലത്തെ മേതിലിന്റെ രചനകൾ. അവ, ഭാഷയെ സാഹിത്യത്തിന്റെ സാധ്യതയായും അങ്ങനെ ജീവിതത്തിന്റെ  അര്‍ത്ഥവും അർത്ഥരാഹിത്യവും നേരിടാൻ എഴുത്തിനെ കണ്ടെത്താനും ശ്രമിക്കുന്നു. പില്ക്കാലത്തെ മേതിലിന്റെ രചനകളിൽ ഇതേ രീതിയെ നമ്മുടെ ‘അർബനൈസേഷൻ’ നേരിട്ട വിധവും കാണിക്കുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട എഴുത്താണ് മേതിലിന്റെ.

. എന്നുമെത്താറുള്ള വീട്ടിലേക്കുള്ള വഴി വരച്ച് അടയാളപ്പെടുത്തി കീശയിൽ സൂക്ഷിച്ചതുപോലെ നിരുപദ്രവമായ പ്രവർത്തിയായി 'ഹോളിസ്റ്റിക് അപ്പ്രോച്ചി'നെ വിശദീകരിക്കുന്നുണ്ട്. വർത്തമാന ഇന്ത്യൻ അവസ്ഥയിൽ ആ നിഷ്കളങ്കത കാണുന്നുണ്ടോ?

ഇതും മേതിലിന്റെ കവിതകളെപ്പറ്റി പറയുമ്പോൾ പറഞ്ഞതാകണം. വിശേഷിച്ചും, ആഷാമേനോൻ, മേതിലിന്റെ  കവിതയെ സമീപിച്ച രീതിയെ വിമർശിക്കുമ്പോൾ ഓർത്തതാണ്. ‘‘പരിസ്ഥിതി’’ യെ ഒരു പ്രമേയമായി മേതിൽ തന്റെ കവിതയിൽ സ്വീകരിക്കുന്നത് ചിലപ്പോഴെങ്കിലും ‘ഭാര’മായി തോന്നിയിട്ടുള്ള ആളാണ് ഞാൻ. അത് മേതിലിന്റെ കലയെ സംബന്ധിച്ച ഒരു വിശ്വാസത്തെ- രൂപപരമായ സാധ്യത ഭാഷയിൽ തേടുന്ന വിധത്തെ– ചില നേരങ്ങളിലെങ്കിലും തകിടം മറിക്കുന്നു. എന്നാൽ ഈ ‘പരിസ്ഥിതി വാദ’ത്തെ അലൗകികമായ ഒരനുഭൂതിയോ ആത്മീയതയുടെ ഓരമോ ആയി കാണുന്നതായിരുന്നു ‘ഹോളിസ്റ്റിക്’ വാദങ്ങൾ. അത് കവിതയെ പ്രച്ഛന്നമാക്കുന്നു. ഇന്ന് മേതിലിന്റെ വരികൾ പുതിയ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ  വായിക്കുന്നവരുണ്ട്. വിശേഷിച്ചും പുതിയ കവികൾ. അവരും മറ്റൊരു വിധത്തിൽ അതേ പുണ്യപാരായണത്തിലാണ്. ഒരു കവിത എഴുതുന്നതും വായിക്കപ്പെടുന്നതും പ്രാഥമികമായും ഭാഷയുടെ അനുഭവമായാണ്. ഭാഷ തന്നെയാണ് പ്രധാനം. മേതിൽ നിർമ്മിക്കുന്ന കവിത അത്തരമൊരു അനുഭവ പരിസരത്തിന്റെയാണ്. അതിന്റെ ‘ധാർമ്മികത’ ഒരു പക്ഷെ, ഏകതാനമാകാം. എന്നാൽ ആ സാധ്യത, കവിത, ബഹുസ്വരമാണ്. 

. നോവലിൽ ഒരു കഥാപാത്രമായി തന്നെ മേതിൽ കടന്നു വരുന്നുണ്ട്. മേതിൽ രാധാകൃഷ്ണനുമായുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ?

മേതിലിനെ ഞാൻ കണ്ടിട്ട് ഇപ്പോൾ കുറച്ചു വർഷമായി നല്ലതും ചീത്തയുമായ ഓര്‍മ്മകൾ ഞങ്ങൾക്ക് രണ്ടു പേർക്കും ഉണ്ട്. മേതിലിന്റെ സൗഹൃദത്തെ ഞാൻ വിലമതിക്കുന്നത് എന്റെ ‘തീവ്രവാദ രാഷ്ട്രീയ’ത്തെ കലയിലെ ആ പരപ്പിന്റെ  വിസ്താരത്തെ ക്ഷമയോടെ ‘കല’ എന്തെന്നു പറഞ്ഞുകൊണ്ട് നേരിട്ട ഒരു എഴുത്തുകാരനെന്ന നിലയ്ക്കാണ്. ഒരിക്കൽ ഞാനെഴുതിയ ഒരു ചെറുകഥയെ ഇപ്പോൾ ഓർക്കുമ്പോൾ ഒരു മോശം കഥയെ മേതിൽ വിലയിരുത്തുന്നതിങ്ങനെയാണ് – ഈ കഥ നിന്റെ സ്റ്റാലിനിഷ്ടപ്പെടാം പക്ഷേ മേതിലിന് ഇഷ്ടമാകില്ല ; ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു.  ഇനി മറ്റൊന്നു പറയാം. മേതിലിന്റെ കവിതാ സമാഹാരത്തിന്  ഞാനെഴുതിയ അവതാരിക വായിച്ച് മേതിൽ പറഞ്ഞത് എനിക്കത് ഇഷ്ടപ്പെട്ടു എന്നോ ഇഷ്ടപ്പെട്ടില്ല എന്നോ അറിയില്ല എന്നാണ്. എനിക്കറിയാം അത് മറ്റാരെക്കാളും മേതിലിന് ഇഷ്ടപ്പെടില്ല എന്നും. നിന്നിൽ എപ്പോഴും ഒരു ആന്റി–മേതിൽ ഉണ്ട് എന്ന് മേതിൽ പറയും. അതാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ നീളം എന്നും ഞാൻ കരുതുന്നു. 

Maythil-Radhakrishnan-2 മേതിൽ

‘‘യുവാവായിരുന്ന ഒമ്പതു വർഷം’’ എന്ന നോവലിൽ ഒരിടത്ത് മേതിൽ കഥാപാത്രമായി വരുന്നുണ്ടല്ലോ ഞാനതിന് കുഴപ്പമില്ലല്ലോ എന്ന് മേതിലിനോടു വിളിച്ചു ചോദിച്ചിരുന്നു. നിനക്ക് അതിന് എന്റെ അനുവാദം വേണ്ടല്ലോ എന്നു പറഞ്ഞു. കുറേ നാളുകൾ പിന്നിടുമ്പോൾ ഞങ്ങൾ ദീർഘമായി ഫോണിൽ സംസാരിക്കും. എഴുത്തും ജീവിതവും പറയും. ചിലപ്പോൾ ‘അടി’ വീഴും ഓർമ്മയെ ഭാവിയിലേക്ക് തുരത്തും it's simply beautiful...