Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിൽപിഭംഗി

kanayi-main എല്ലാവരും മണ്ണെടുത്തു കുഴയ്ക്കുമ്പോൾ ഒരാളുടെ മണ്ണു മാത്രം ജീവനാകുന്നു... കാനായി കുഞ്ഞിരാമൻ എന്ന അഭ്ദുതത്തിന് ജൂലൈ 25ന് 80 വയസ്സ്...

അഞ്ചാം വയസ്സിൽ കാനായി കുഞ്ഞിരാമൻ കളിമണ്ണിലുണ്ടാക്കിയ സ്ത്രീരൂപത്തിന്റെ മാറിടം നഗ്നമായിരുന്നു! പാടവരമ്പത്തെ ചേറിൽ മുങ്ങിയ ആ 'കൊച്ചുബിനാലെ' കണ്ട് ആരും നെറ്റിചുളിച്ചില്ല. കാസർകോട് ജില്ലയിലെ ചെറുവത്തൂർ കുട്ടമത്ത് ഗ്രാമം അന്നേ 'മോഡേൺ' ആയിരുന്നിരിക്കണം. മാറുമറയ്ക്കാത്ത കാലത്തെ ശിൽപചാരുതയ്ക്കു ഞാറുനടാൻ വന്ന പെണ്ണുങ്ങൾ ഫുൾമാർക്കും കൊടുത്തു. പിന്നീടുള്ളതു ചരിത്രം.

ഇരിക്കുമ്പോൾ പെൺകുട്ടികൾ കാലകത്തിവയ്ക്കരുതെന്നു പറഞ്ഞിരുന്ന കാലത്ത് മലമ്പുഴയിൽ പൂർണനഗ്നയായ ഒരു യക്ഷിയെ മെനഞ്ഞുണ്ടാക്കുമ്പോൾ കാനായി കുഞ്ഞിരാമനു വയസ്സ് 32. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'കപടപുരോഗമനവാദികൾക്കു നേരെയുള്ള പച്ചത്തെറി' കളിമണ്ണിൽ ജീവനെടുക്കുമ്പോൾ ഞെട്ടിയതു കേരളമായിരുന്നു. എല്ലാവരും മണ്ണെടുത്തു കുഴയ്ക്കുമ്പോൾ ഒരാളുടെ മണ്ണു മാത്രം ജീവനാകുന്ന അഭ്ദുതത്തിന് 80 വയസ്സ് തികയുന്നു.

ഓടക്കുഴൽ വായിച്ചാൽ വീട്ടിൽ പാമ്പു വരുമെന്നുപറഞ്ഞു മൂളിപ്പാട്ടുപോലും നിരോധിച്ച വീട്ടിൽനിന്നിറങ്ങിയോടിയ കാനായിയുടെ അതിജീവനമിങ്ങനെ...

വരച്ചു വൃത്തികേടാക്കിയ ചുമര്

‘‘കലാകാരന്മാരെയും കള്ളുകുടിയന്മാരെയും വീട്ടിൽ കയറ്റിയാൽ വീടു മുടിയുമെന്നു വിശ്വസിച്ച അച്ഛന്റെ മകനാണു ഞാൻ. ആറുവയസ്സുള്ളപ്പോൾ വീട്ടിലെ ചുമരിൽ കരികൊണ്ടൊരു ചിത്രം വരച്ചു. ഒരു മനുഷ്യരൂപമാണെന്നാണ് ഓർമ. ആ നാട്ടിൽ സാമ്പത്തികമായി ഭേദപ്പെട്ട ഒരാളായിരുന്നു അച്ഛൻ. വീട്ടിലെത്തി എന്റെ വര കണ്ടതോടെ അച്ഛൻ കോപംകൊണ്ടു വിറച്ചു. അഭിനന്ദിക്കുമെന്നു കരുതിയിരുന്ന എനിക്കു കിട്ടിയതു രണ്ടടി. 'ഓന്റെ കലയല്ലേ' എന്നു പറഞ്ഞ് എനിക്കു പിന്തുണ നൽകിയ അമ്മയോട് അച്ഛൻ ദേഷ്യത്തോടെ പറഞ്ഞതിങ്ങനെ, 'അതെ, ചുമര് മൊത്തം ഓൻ കലയാക്കി'. രണ്ടാളും പറഞ്ഞ വാക്ക് ഒന്നുതന്നെയായിരുന്നെങ്കിലും അർഥങ്ങൾക്കു ഭൂഖണ്ഡങ്ങളുടെ അകലമുണ്ടായിരുന്നു. ഒട്ടും വൈകിയില്ല, വെള്ളവും തുണിയുമെടുത്തു ഞാനാദ്യമായി വരച്ച ചിത്രം വൃത്തിയായി മായ്ച്ചു, അല്ലെങ്കിൽ അടിയുടെ ചുവന്ന പാട് പുറത്തുനിന്നു മായില്ലായിരുന്നു.

ഒരു ദിവസം മണ്ണുകൊണ്ടു പല പച്ചക്കറികളുടെയും രൂപമുണ്ടാക്കി, ഗംഭീരമായി ചായം പൂശി അച്ഛന്റെ മുറിക്കു സമീപം ഉണങ്ങാൻ വച്ചു. നല്ല വെയിൽ കിട്ടുന്ന സ്ഥലം. കുറച്ചുകഴിഞ്ഞ് അച്ഛന്റെ ചോദ്യമിങ്ങനെ 'ആരാടീ, ഈ പച്ചക്കറിയൊക്കെ മുറ്റത്തിട്ടിരിക്കുന്നത്? കാശുകൊടുത്ത വാങ്ങിയതല്ലേ". ഞാൻ ആദ്യമായി സന്തോഷിച്ചനിമിഷം.

അച്ഛന് അമളിപറ്റിയതാണെങ്കിലും എന്റെ സൃഷ്ടിയെക്കുറിച്ചുള്ള പോസിറ്റീവ് മറുപടിയാണല്ലോ എന്നോർത്തു, പക്ഷേ, എനിക്കു തെറ്റി. ഉച്ചയ്ക്ക് ഊണിന്റെ സമയത്തു കുഞ്ഞിരാമനുണ്ടാക്കിയതാണെന്നു പറഞ്ഞ് അമ്മ ഇവ അവതരിപ്പിച്ചെങ്കിലും നിസ്സംഗതയായിരുന്നു മുഖത്ത്. കല മനുഷ്യനെ നശിപ്പിക്കുമെന്നു വിശ്വസിച്ച ദുരഭിമാനിയായിരുന്നു അച്ഛൻ. പാടത്തുതന്നെ എന്റെ കാലാവിഷ്കാരം തുടർന്നു. പറമ്പിലും പാടത്തും പണിയെടുത്തിരുന്നവരായിരുന്നു എന്റെ ആദ്യ ആസ്വാദകർ.‌ അവരുടെ നല്ല വാക്കു കൂടിയില്ലായിരുന്നെങ്കിൽ ഞാനെന്ന ശിൽപിയുണ്ടാകുമായിരുന്നില്ല.

statue-matsyakanyaka.jpg.image.784.410 തിരുവനന്തപുരം ശംഖുമുഖത്തെ ശിൽപം

ചെറുവത്തൂരിൽ നെഹ്റു

ഒരുകാര്യത്തിനും അച്ഛൻ പത്തുപൈസ തന്നിരുന്നില്ല. രാവിലെ ദോശയും ചമ്മന്തിയും കഴിച്ച് നീലേശ്വരം രാജാസ് ഹൈസ്കൂളിലേക്കു നടക്കും. പിന്നീടുള്ള കഴിപ്പു വൈകിട്ടാണ്. ഉച്ചയ്ക്കു വിശപ്പു സഹിക്കാതാകും. ചിലർക്കൊക്കെ അവരുടെ പോർട്രെയിറ്റ് ചിത്രങ്ങൾ വരച്ചുകൊടുത്തു ലഭിച്ച ചെറിയ നാണയത്തുട്ടുകളുമായി ഞങ്ങൾ പുറത്തുപോയി കഴിക്കും. ചെറുവത്തൂരിൽ തുണിക്കട നടത്തുന്ന കാവേരി കൃഷ്ണേട്ടന്റെ ഒരു പ‌ടവും ഞാൻ വരച്ചുകൊടുത്തിരുന്നു. അദ്ദേഹമതു തന്റെ കടയുടെ മുൻപിൽ തൂക്കിയിട്ടു. അച്ഛനോടു ചിത്രത്തെക്കുറിച്ചു നല്ല അഭിപ്രായം പറയാൻ അദ്ദേഹം ശ്രമിച്ചെങ്കിലും തണുപ്പൻ മട്ടായിരുന്നു. അക്കാലത്തു തുന്നൽക്കടക്കാരുടെ ഒരു പരിപാടിക്കായി നെഹ്റുവിന്റെ ഒരു കട്ടൗട്ട് വേണമെന്നു കൃഷ്ണേട്ടൻ പറഞ്ഞു. തടി വെട്ടി ആറടി ഉയരത്തിൽ നെഹ്റുവിന്റെ ആകൃതിയിൽ രൂപപ്പെടുത്തി. അതിൽ ചിത്രം വരച്ചു.

സ്കൂളിൽ പോകുകയാണെന്നു പറഞ്ഞ് ആരുമറിയാതെ കൃഷ്ണേട്ടന്റെ കടയിൽ പോയിരുന്നാണ് അതു പൂർത്തിയാക്കിയത്. കട്ടൗട്ടിനു രണ്ട് ചക്രം കൂടി ഘടിപ്പിച്ച് അവരുടെ റാലിയുടെ മുൻനിരയിൽ ഉപയോഗിച്ചു. കണ്ടാൽ അസൽ നെഹ്റു നടന്നുവരുന്നതുപോലെ. ജാഥയൊക്കെ കഴിഞ്ഞു കൃഷ്ണേട്ടന്റെ കടയിൽ ഈ കട്ടൗട്ട് സ്ഥാപിച്ചു. കുറച്ചുദിവസങ്ങൾക്കുശേഷം കൊച്ചിയിൽ എന്തോ ച‌ടങ്ങിനു വന്ന നെഹ്റു മംഗലാപുരത്തേക്കു ട്രെയിനിൽ പോകുന്നുണ്ടായിരുന്നു. വെള്ളമെടുക്കാനായി തീവണ്ടി ചെറുവത്തൂർ സ്റ്റേഷനിൽ നിർത്തി. നെഹ്റുവിന്റെ കംപാർട്ടുമെന്റ് കൃത്യം വന്നുനിന്നത് കൃഷ്ണേട്ടന്റെ കടയുടെ മുൻപിൽ.

ചിത്രം കണ്ട് കൗതുകം തോന്നിയ അദ്ദേഹം സുരക്ഷാഭടന്മാരെ അവഗണിച്ചു വാതിൽ തുറന്നു പുറത്തിറങ്ങി, കട്ടൗട്ടിനു സമീപമെത്തി. നെഹ്റു നെഹ്റുവിനെ തന്നെ നോക്കിനിൽക്കുന്ന ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ അടിച്ചുവന്നു. ചെറുവത്തൂരിൽ നെഹ്റു കാലുകുത്താൻ കാരണക്കാരനായതു തന്റെ മകനാണെന്നു കൃഷ്ണേട്ടനും മറ്റും അച്ഛനോടു പറഞ്ഞപ്പോൾ 'അതിനു ഞാനെന്തു വേണം' എന്നായിരുന്നു മറുപടി.

നയാൈപസയില്ലാതെ മദ്രാസിലേക്ക്

അച്ഛന്റെ കടുംപിടിത്തം കാരണം, എല്ലാവരും പറഞ്ഞപ്രകാരം നാടുവിടാനൊരുങ്ങി. അത്രമാത്രം മടുത്തിരുന്നു. അമ്മയോടു മാത്രം പറഞ്ഞു. പേടിയായിരുന്നു അമ്മയ്ക്ക്. എവിടെ പോയാലും സ്വന്തം പേരും ആരോഗ്യവും ചീത്തയാക്കരുതെന്നായിരുന്നു ഉപദേശം. അതിന്നും ഞാൻ പാലിച്ചുപോരുന്നു. മറ്റാരുമറിയാതെ ഒരു ബന്ധുവിനൊപ്പം ഞാൻ നാടുവിട്ടു. ബംഗാളിലെ ശാന്തിനികേതനിൽ ചിത്രകല പഠിക്കാൻ പോകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, വിധിയെത്തിച്ചതു മദ്രാസ് സ്കൂൾ ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ. 

yakshi മലമ്പുഴയിലെ യക്ഷി

ചിത്രകല പഠിക്കാനാണു ചെന്നത്. പക്ഷേ, ശിൽപകല പഠിക്കാൻ ആവശ്യത്തിന് ആളുണ്ടായിരുന്നില്ല. 'കുഞ്ഞിരാമൻ ശിൽപകല പഠിക്ക്' എന്നു പറഞ്ഞ് ഒറ്റനിമിഷംകൊണ്ടെന്റെ തലവര മാറ്റിയത് അധ്യാപകനായ കെ.സി.എസ്.പണിക്കരായിരുന്നു. അന്നത്തെ പ്രിൻസിപ്പലായിരുന്ന റോയ് ചൗധരിയുടെ കാലം ഒട്ടും സുഖകരമായിരുന്നില്ല. റിയലിസത്തിനപ്പുറം ചിന്തിച്ചാൽ തന്നെ പ്രശ്നമാണ്. പറഞ്ഞപ്രകാരമല്ലാതെ ശിൽപമുണ്ടാക്കിയാൽ നിഷ്കരുണം അതു തച്ചുടയ്ക്കും. റോയ് വിരമിച്ചശേഷം പണിക്കർ സാർ പ്രിൻസിപ്പലായതോടെയാണു ജീവിതം തന്നെ മാറിമറിഞ്ഞത്. പരീക്ഷണങ്ങളെ ഏറ്റവുമധികം അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

കന്റീൻ തൊഴിലാളിയായി 5 വർഷം

സമ്പന്നകുടുംബത്തിൽ ജനിച്ചിട്ടും ദരിദ്രന്റെ അവസ്ഥയായിരുന്നു. പണിക്കർസാറിനോടു കാര്യം പറഞ്ഞു. കോളജ് കന്റീനിൽ ഒരു സഹായിയായി നിന്നാൽ ഭക്ഷണവും തലചായ്ക്കാൻ ഒരിടവും കിട്ടുമെന്ന് അദ്ദേഹമാണു പറഞ്ഞത്. അഞ്ചു വർഷം ഞാൻ ഉണ്ടതും ഉറങ്ങിയതും ആ അടുക്കളയിലാണ്. കന്റീൻ കരാറുകാരനായ മാധവേട്ടനെ രാവിലെയും വൈകിട്ടും പാചകത്തിൽ സഹായിക്കുകയാണു പ്രധാന പണി, ബാക്കിസമയം കോളജിൽ. ആദ്യവർഷത്തിനുശേഷം ഒരു നാഷനൽ സ്കോളർഷിപ് ലഭിച്ചതോടെയാണു പത്തുകാശ് കീശയിലെത്തുന്നത്. വേദനകൊണ്ടു പുളയുന്ന ഒരു സ്ത്രീയുടെ ശിൽപമാണ് ഞാൻ മദ്രാസിൽവച്ച് ആദ്യമായി ഉണ്ടാക്കിയത്. എന്റെ മനസ്സിലെ വേദനതന്നെയായിരുന്നു അതെന്ന് ആരോടും പറഞ്ഞില്ല.

മഞ്ഞുരുകാതെ അച്ഛൻ

എന്നെ തിരികെ നാട്ടിലേക്ക് അയയ്ക്കണമെന്നു പറഞ്ഞ് അച്ഛൻ ഒരിക്കൽ കെ.എസി.എസ്.പണിക്കർക്കു കത്തയച്ചു. പക്ഷേ, എന്തുവന്നാലും തിരികെയില്ലെന്നു ഞാൻ പറഞ്ഞു. കെസിഎസ് ഇംഗ്ലിഷിൽ ഒരു മറുപടി അയച്ചു. അച്ഛനു ഭാഷയറിയാത്തതിനാൽ അയൽവാസിയെക്കൊണ്ടാണു വായിപ്പിച്ചത്. പിറ്റേന്ന് അച്ഛന്റെ മറുപടി കണ്ട് ഞാനും കെസിഎസും ഞെട്ടി, ഞാൻ തിരികെ ചെല്ലുന്നില്ലെന്ന വിവരം അയൽവാസിയറിഞ്ഞതിനാൽ തനിക്കു മാനഹാനിയുണ്ടായി എന്നായിരുന്നു ഉള്ളടക്കം!

മോഷണമുതൽ ‌കൊണ്ടു ശിൽപം

ശനി, ഞായർ ദിവസങ്ങളിൽ മറ്റു വിനോദോപാധികളില്ലാത്തതിനാൽ മദ്രാസ് സ്കൂൾ ഓഫ് ആർട്സിന്റെ മുന്നിലുള്ള പൂന്തോട്ടത്തിൽ മണ്ണുകുഴച്ചു ചില വലിയ ശിൽപങ്ങളുണ്ടാക്കാൻ ശ്രമിക്കുമായിരുന്നു. എന്നാൽ പ്രതിമ വാർക്കാനായി സിമന്റും കമ്പിയും ഇല്ലല്ലോ. വിഷമിച്ചിരുന്നപ്പോഴാണ് അവിടത്തെ വാച്ച്മാൻ ഞങ്ങളുടെ സഹായത്തിനെത്തിയത്. ക്യാംപസിൽ പണിനടന്നുകൊണ്ടിരുന്ന ഒരുകെട്ടിടത്തിനായി സിമന്റും കമ്പിയും ഇറക്കിയിരുന്നു.

statue-Payyambalam കണ്ണൂർ പയ്യാമ്പലത്തെ ശിൽപം

ആരും കാണാതെ അതിലൊരു പങ്ക് ഞങ്ങൾക്കു കടത്തിത്തന്നു. കെട്ടിടം പണിക്കായി കൊണ്ടുവന്ന കമ്പിയും സിമന്റുമായിരുന്നു എന്റെ ആദ്യകാലപ്രതിമകൾക്കുള്ളിലുണ്ടായിരുന്നതെന്ന് അധികം ആർക്കുമറിയാത്ത സത്യം. ഡൽഹിയിലെ നാഷനൽ ഗാലറിയിൽനിന്നൊരു സംഘം ക്യാംപസിലെത്തിയപ്പോൾ എന്റെയൊരു പ്രതിമ വാങ്ങി. ഇപ്പോഴും അവരുടെ ഗേറ്റിനടുത്തുതന്നെ അതു പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് 4,000 രൂപയായിരുന്നു പ്രതിഫലം. അതു ബാങ്കിലിട്ടാണു പിന്നീട് ഇംഗ്ലണ്ടിലേക്കു പോയത്.

ഇംഗ്ലണ്ടിലേക്കുള്ള സ്കോളർഷിപ് ലഭിച്ചപ്പോഴാണ് അച്ഛനെ കാണാനായി പോകുന്നത്. രണ്ടു ജോഡി പാന്റ്സും കോട്ടും റെഡിയാക്കണമെന്നു ബ്രിട്ടിഷ് കൗൺസിലിൽനിന്നു പറഞ്ഞിരുന്നു. ഞാൻ നാട്ടിൽ ചെന്ന് കാര്യം പറഞ്ഞു. 'ബിലാത്തിയിലേക്ക് നീയോ?' എന്ന ഭാവമായിരുന്നു. തിരികെ പോരുമ്പോൾ വെറും പത്തുരൂപയാണു തന്നത്!

യാത്രയുമായി ബന്ധപ്പെട്ടു ബോണ്ട് ഒപ്പിട്ടു തന്നതാണ് അച്ഛൻ ആകെ ചെയ്ത ത്യാഗം. വർഷങ്ങൾക്കുശേഷം അച്ഛൻ ഒരു പൊലീസ് കോൺസ്റ്റബിളിനെ കണ്ടപ്പോൾ കാനായി രാമൻ എന്നു സ്വയം പരിചയപ്പെടുത്തി. ഉടനെ അയാൾ ചോദിച്ചതു കാനായി കുഞ്ഞിരാമന്റെ ആരാണെന്നായിരുന്നു. ഇതിൽ അച്ഛനു കാര്യമായ പരിഭവമുണ്ടായി. തന്റെ സുഹൃത്തക്കളോട് അച്ഛൻ അതു പറയുകയും ചെയ്തു.

 

ഇഎംഎസ്: പിടിതരാത്ത രൂപം!

നിയമസഭയ്ക്കു മുൻപിൽ സ്ഥാപിക്കാനായി ഇഎംഎസിന്റെ പ്രതിമ വേണമെന്ന് അന്നത്തെ മുഖ്യമന്ത്രി നായനാർ പറഞ്ഞു. ജനമനസ്സുകളിൽ ഇത്രയും സ്ഥാനം പിടിച്ചയൊരാളെ പുനരാവിഷ്കരിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ജോലി. ആദ്യനാളുകളിലെ ചിത്രം വച്ച് ശിൽപമുണ്ടാക്കാമെന്നു പറഞ്ഞെങ്കിലും നായനാർ വഴങ്ങിയില്ല. ആദ്യരൂപമുണ്ടാക്കിയ ശേഷം മക്കളിൽ പലരുമെത്തി മാറ്റങ്ങൾ നിർദേശിച്ചു. ഒടുവിൽ അനാച്ഛാദനത്തിന്റെ അന്ന് ഇഎംഎസിന്റെ ഭാര്യ ആര്യ അന്തർജനം പ്രതിമയിൽ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: ‘ഇതെന്റെ ആള് തന്നെ’. ഇതിൽക്കൂടുതലെന്ത് അംഗീകാരമാണു വേണ്ടത്.

‘യക്ഷിക്ക് തുണി വരയ്ക്കും’

പനകളുടെ നാടായ മലമ്പുഴയിൽ യക്ഷിയെ നിർമിച്ചതു മനഃപൂർവമാണ്. ഇവിടെയൊരു കൾച്ചറൽ ഷോക്ക് ആവശ്യമായിരുന്നു. നഗ്നതയെ അശ്ലീലമായി മാത്രമാണു മലയാളികൾ കാണുന്നത്. പണിയുന്നതിനു മുൻപു സ്കെച്ച് ചോദിച്ചു. എനിക്കങ്ങനെയൊരു ശീലമില്ല. ഏകദേശരൂപമായി തുടങ്ങിയതോടെ നാട്ടിലൊക്കെ ചെറിയ കുശുകുശുപ്പുകൾ തുടങ്ങി. പ്രതിഷേധം ഭയന്ന് നിർമാണസാമഗ്രികൾ നൽകിയിരുന്ന കരാറുകാരൻ പിൻവലിഞ്ഞു. രണ്ടുമാസത്തോളം പണി നിർത്തിവച്ചു. 

kanayi-wfe കാനായി കുഞ്ഞിരാമനും ഭാര്യ നളിനിയും

ഒരുദിവസം മലമ്പുഴയിലൂടെ നടക്കുമ്പോൾ രണ്ടു മൂന്നുപേർ എന്നെ വളഞ്ഞു, "നീയാണല്ലേ ഇവിടെ പ്രതിമയുണ്ടാക്കാൻ വന്നത്, മാനവും മര്യാദയ്ക്കും പണിതില്ലെങ്കിൽ നീ മേടിക്കും" എന്നു പറഞ്ഞുതീർന്നതോടെ തലങ്ങും വിലങ്ങുമെന്നെ അടിക്കാൻ തുടങ്ങി. ഞാൻ നിലത്തുവീണു. പണി തീരാറായതോടെ നാട്ടിലെ ഏറ്റവും വലിയ സദാചാരപ്രശ്നമായി ഇതുമാറി. ശിൽപികൾ ആദ്യം നഗ്നമായ ശരീരമാണു വരയ്ക്കുന്നത്, അതുകഴിഞ്ഞാണു തുണിവരയ്ക്കുന്നതെന്നു പറഞ്ഞാണു കലക്ടർ പ്രശ്നം പരിഹരിച്ചത്. 

അന്നതു പറഞ്ഞില്ലായിരുന്നെങ്കിൽ ആകെ പ്രശ്നമാകുമായിരുന്നു. പണി തീർന്നിട്ട് ആരുമറിയാതെ ചെറിയൊരു ഉദ്ഘാടനം നടത്തി, പിറ്റേന്ന് പത്രങ്ങളിൽ വാർത്തവന്നശേഷം ആളുകൾ വിവരമറിഞ്ഞാൽ മതിയെന്നായിരുന്നു ധാരണ. പിറ്റേന്ന് എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ പടം അടിച്ചുവന്നതോടെ ആളുകൾ ഒന്നു തണുത്തു.’’

എൺപതാമത്തെ വയസ്സിലും നിലപാടുകളിൽ വെള്ളം ചേർക്കാത്ത കാനായിയുടെ ജീവിതം വരുംതലമുറയ്ക്കുള്ള പാഠപുസ്തകമാണ്. പത്മശ്രീ നൽകുന്നുവെന്ന് ഉച്ചവരെ ടിവി ഫ്ലാഷ് വന്നശേഷം വൈകിട്ട് അതില്ലെന്നറിയുമ്പോഴുണ്ടാകുന്ന നിരാശയും കാനായിക്കു വ്യക്തമായി അറിയാം. 

പല കാര്യങ്ങളിലും പിണക്കങ്ങളും പരിഭവങ്ങളും പറയുന്ന ഒരു സാധാരണ മനുഷ്യനെന്നാണു സ്വയം വിശേഷിപ്പിക്കുന്നത്.  

"ഈ പ്രതിമയെങ്ങനെയാണുണ്ടായത്?", കാലമെത്ര കഴിഞ്ഞാലും മലമ്പുഴയിലും ശംഖുമുഖത്തുമൊക്കെ എത്തുന്നവർ ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ ഇങ്ങനെ ചോദിക്കുന്നുണ്ടെങ്കിൽ കാനായി തൃപ്തനാണ്!