Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' പ്രണയം ജീവിതത്തിനു മനോഹരമായ ഭാവം നൽകും, സാക്ഷി ഈ പുസ്തകം '

shahna5 ഷഹ്ന ആർ.

ചിലർക്ക് എഴുത്തു ഒരു സ്വപ്നമാണ്. ഡയറി താളുകളിൽ പടർന്നു കയറിയ അതിമനോഹരമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലുമാണ്. "ഭാവങ്ങൾ" എന്ന ഷഹ്ന. ആർ എഴുതിയ പുസ്തകം അതുപോലെയൊരു സ്വപ്നത്തെ വായനയിലും ഓർമ്മിപ്പിച്ചിരുന്നു. ലളിതമായ ഭാഷയിലും വൃത്തിയുള്ള കഥകളിലും എഴുത്തിനെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന എഴുത്തുകാരിയുമാണ് ഷഹ്നാ ആർ. എഴുത്തിന്റെ പുതിയ വഴികളിൽ വ്യത്യസ്തയായി സഞ്ചരിക്കുന്ന ഷഹ്നായ്ക്ക് ഇപ്പോൾ പ്രവാസ ജീവിതത്തിന്റെ നിശ്ശബ്ദതയുണ്ട്. ആ ശബ്ദമില്ലായ്മയിൽ പുതിയ അക്ഷരങ്ങളെ കൂട്ട് പിടിക്കുന്നു എഴുത്തുകാരിയിപ്പോൾ. കൂടുതൽ വിശേഷങ്ങൾ ഷഹ്നാ സംസാരിക്കുന്നു.

എഴുത്തിലേക്ക് വന്ന വഴി

മുൻകൂട്ടി തീരുമാനിച്ചു ഉറപ്പിച്ചത് പോലെ വന്നെത്തിയതല്ല. എഴുത്തിൽ ആകസ്മികമായി വന്നു പെട്ടതാണ്. ചെറുപ്പത്തിൽ വായന കൂടെ ഉണ്ടായിരുന്നു. അന്നൊക്കെ തനി നാട്ടിൻപുറത്തുകാരിയുടെ മനസ്സോടെ ചിന്തകളെയും സ്വപ്നങ്ങളെയുമൊക്കെ ഡയറി താളുകളിൽ എഴുതി സൂക്ഷിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. സ്‌കൂൾ കോളേജ് കാലഘട്ടത്തിൽ മത്സരത്തിലൊക്കെ പങ്കെടുത്തിരുന്നു. സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്, പക്ഷെ അതിന്റെ അപ്പുറം എന്റെ അക്ഷരങ്ങൾക്ക് അച്ചടി മഷി പുരളുക, അത് എല്ലാവരും വായിക്കുക എന്നൊന്നും സ്വപ്നം കണ്ടിട്ട് കൂടിയില്ല. സത്യം പറഞ്ഞാൽ അതൊക്കെ സ്വപ്നങ്ങൾക്കും അതീതമായിരുന്നു. എന്റെ ലോകം ചെറുതായിരുന്നു... അവിടെ ഞാൻ എന്റെ രാജകുമാരിയായി ജീവിച്ചു. ഞാൻ എന്ന വ്യക്തിയെ അറിയുന്നവർ ഒരുപാട് പേർ ഉണ്ട്. എന്നെ അറിയുന്നവർ വളരെ കുറച്ചും! 

സങ്കടങ്ങളും സന്തോഷങ്ങളും ഇഷ്ടങ്ങളും കഥകളും ഒക്കെയും ഡയറി താളുകളിലായിരുന്നു. എഴുതുക മാത്രമല്ല അതൊക്കെ മനസ്സിൽ വിഷ്വലൈസ് ചെയ്ത് കാണുകയും ചെയ്യും. പിന്നീട് വിവാഹത്തിന് ശേഷം കുറെ നാളത്തേയ്ക്ക് എഴുത്തും വായനയും ഒന്നും ഉണ്ടായിരുന്നതേയില്ല. എല്ലാ ദിവസവും ഒരു പോലെ എന്നെ ഉണർത്തുകയും ഉറക്കുകയും ചെയ്തു. കുടുംബം, വിവാഹം എന്നീ ചട്ടക്കൂട്ടിലെ നിയമങ്ങൾ അനുസരിക്കുന്നതിനാൽ ഞാൻ സന്തോഷത്തിൽ ആയിരുന്നു. പക്ഷെ അപ്പോഴും ഒരു നിസ്സംഗത മനസ്സിനെ ബാധിക്കുന്നതുപോലെ... അത് വല്ലാതെ ബുദ്ധിമുട്ടിച്ചപ്പോഴാണ് വായനയിലേക്ക് വീണ്ടും കടന്നു വരുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. എനിക്ക് പറയാനും പ്രകടിപ്പിക്കാനുമുള്ള മാർഗ്ഗം എഴുത്തുമാത്രമാണ്, അതുകൊണ്ടു ആ വഴിയിലേക്ക് എത്തപ്പെടുകയായിരുന്നു. ജീവിക്കാൻ ആ ശ്വാസം വേണമായിരുന്നു. അങ്ങനെ എഴുത്തു തുടങ്ങി.. അതിന്റെ ആദ്യ വഴിയായിരുന്നു ഭാവങ്ങൾ എന്ന പേരിലിറങ്ങിയ എന്റെ ആദ്യ പുസ്തകം. 

ഷഹ്നയ്ക്ക് എന്താണ് എഴുത്ത്...

എന്റെ ഇഷ്ടങ്ങളെ, ആഗ്രഹങ്ങളെ, സ്നേഹത്തെ, പ്രണയത്തെ ഒക്കെയും പ്രതിഫലിപ്പിക്കുക, എന്നുള്ള ഒരു മാർഗ്ഗമാണ് എഴുത്ത്. പറയാൻ കഴിയാത്ത, പ്രതികരിക്കാൻ കഴിയാത്ത മറ്റു സാഹചര്യങ്ങളിൽ ചിന്തകൾ പുറത്തെത്തിക്കാനുള്ള ഒരു മാർഗ്ഗവുമായിരുന്നു എനിക്ക് എഴുത്ത്. അക്ഷരങ്ങൾ ഒരു വിപ്ലവമാണെന്നു ഞാൻ കരുതുന്നു. അതുവഴി നേടാൻ കഴിയുന്നതിനും ഒരുപാട് വലുപ്പമുണ്ട്. 

ഭാവങ്ങൾ പറയുന്നു...

എന്റെ ആദ്യ ചെറുകഥാ സമാഹാരമാണ് ഭാവങ്ങൾ. പത്തു കഥകളാണ് അതിലുള്ളത്. ആ കഥകൾ പുസ്തകമാക്കിയതിന്റെ പിന്നിൽ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കൾ തന്നെയാണ് ഉണ്ടായിരുന്നത്. ഏകദേശം ഒന്നര വർഷത്തോളം കയ്യിൽ വച്ചു നടന്നു. പിന്നെ നേരത്തെ ഡയറിയിൽ എഴുതി വച്ചതൊക്കെയും എടുത്ത് ഒന്ന് ഓർഡറാക്കി. പ്രസിദ്ധീകരിക്കുക എന്നാൽ വീണ്ടും എഴുതാനുള്ള ഒരു ഊർജ്ജമായിരുന്നു. അതുകൊണ്ടാണ് അതിൽ അച്ചടി മഷി പുരട്ടാൻ ആഗ്രഹിച്ചതും. സുഹൃത്തുക്കളാണ് ഭർത്താവിനോട് എന്റെ എഴുത്തിനെ കുറിച്ച് പറഞ്ഞത്. വലിയ കുഴപ്പമില്ലാതെ എഴുതുന്നുണ്ട്, പുസ്തകമാക്കിയാൽ നന്നായിരിക്കും. അങ്ങനെ അത് മനസ്സിലാക്കി കഴിഞ്ഞ ശേഷം അദ്ദേഹം എനിക്കുള്ള ഒരു സമ്മാനമായാണ് ആദ്യ പുസ്തകം ചെയ്തു തന്നത്. കോഴിക്കോട് ഉള്ള ഒരു പ്രസാധകരോട് സംസാരിച്ചതും കാര്യങ്ങൾ എല്ലാം മുന്നോട്ടു നീക്കിയതും അദ്ദേഹം തന്നെയാണ്. ആദ്യ കോപ്പികൾ എല്ലാം ഇപ്പോൾ തീർന്നു, രണ്ടാമത്തെ എഡിഷനെ കുറിച്ചുള്ള ആലോചനയിലാണ് ഞങ്ങൾ. 2014 ഏപ്രിലായിരുന്നു ഭാവങ്ങൾ പ്രകാശിപ്പിച്ചത്. 

shahn1

ഭാവങ്ങളിൽ ആമുഖത്തിൽ ഞാൻ എഴുതിയിരുന്നു.. കുറെ കാലമായി അടഞ്ഞു കിടന്ന വാതിലിന്റെ പഴുതിലൂടെ ലോകത്തെ നോക്കി കാണുകയായിരുന്നു. മഴയും മഞ്ഞുമൊക്കെ അവിടെ ഇരുന്നുകൊണ്ട് ഞാൻ ആസ്വദിക്കുന്നതായി ഭാവിച്ചു. വാതിലിന്റെ പഴുതിലൂടെ ഞാൻ കണ്ട രൂപങ്ങൾക്കൊന്നും വ്യക്തതയും ഉണ്ടായിരുന്നില്ല. അതുകാരണമാകാം വായിക്കാൻ പോലും സമയം കണ്ടെത്താതെ ഞാൻ അലസമായി ജീവിച്ചത്. ഒരു തരം നിസ്സംഗത എന്നെ കീഴ്‌പ്പെടുത്തി തുടങ്ങിയപ്പോഴാണ് ഞാൻ വല്യേട്ടനായി കണ്ടിരുന്ന അഡ്വക്കേറ്റ് ജയറാമിനോട് ഈ നിസ്സംഗതയെ കുറിച്ച് തുറന്നു പറഞ്ഞത്. എന്റെ ഡയറിയിൽ ഞാൻ എപ്പോഴൊക്കെയോ കുറിച്ചിട്ട കഥാ തന്തുക്കൾക്ക് പൂർണ രൂപങ്ങൾ കൊടുക്കാൻ എന്നെ നിർബന്ധിച്ചപ്പോൾ ഞാൻ സംശയത്തോടെ നിന്നതാണ്, കാരണം ഞാൻ അപ്പോഴും അടച്ചിട്ട ആ മുറിയിൽ തന്നെ ആയിരുന്നു. ആ മുറിയുടെ ഏകാന്തത എന്നെ മരവിപ്പിച്ച് നിർത്തിയിരുന്നു. അതിൽ നിന്നും പുറം ലോകത്തെ കാഴ്ചയും മഴയും മഞ്ഞും നീലാകാശവുമൊക്കെ പൂർണമായി കാണാൻ എനിക്ക് വഴിയൊരുക്കി തന്ന എന്റെ ഭർത്താവ് അനീഷും കുടുംബവും, സുഹൃത്തുക്കൾ, എല്ലാവരെയും ഈ പുസ്തകത്തിന്റെ പേരിൽ എനിക്ക് നന്ദിയോടെ ഓർക്കണം. സത്യം പറഞ്ഞാൽ അവകാശപ്പെടാൻ അങ്ങനെ എഴുത്തിന്റെ പാരമ്പര്യങ്ങളൊന്നും എനിക്കില്ല, മനസ്സിൽ തോന്നിയത് എഴുതി വയ്ക്കുക മാത്രമേ ചെയ്തുള്ളൂ, അതും മരുഭൂമിയിൽ ഒരു രാത്രി മഴ പെയ്തത് പോലെ. പ്രണയ ഭാവങ്ങളെ ഒരു വിരഹിണിയുടെ കണ്ണുകളോടെ എഴുതിക്കണ്ടിരുന്നപ്പോൾ ഞാൻ മനസിലാക്കി ജീവിതത്തിനു മനോഹരമായ ഒരു ഭാവം പ്രണയത്തിനു നൽകാൻ കഴിയും പ്രണയം ഒരു സങ്കൽപ്പമല്ലേ... എല്ലാം എല്ലാം ഈ പുസ്തകത്തിലുണ്ട്...

പിന്നെ കൂട്ടത്തിൽ കൂവുമ്പോൾ നമ്മുടെ ശബ്ദം തിരിച്ചറിയില്ല, അതെ സമയം നമ്മൾ നമ്മുടെ അഭിപ്രായങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം സ്വന്തം ആശയങ്ങളെ അച്ചടിക്കുക തന്നെയാണ്. കാലങ്ങളോളം അവ നമ്മുടെ ശബ്ദമായി മാറ്റൊലി കൊണ്ട് ഈ ഭൂമിയിലുണ്ടാകും. 

മതം എന്നാൽ...

മതം എന്ന് പറഞ്ഞാൽ ഓരോ കാലത്തിൽ ആ സമൂഹത്തിൽ നില നിന്നിരുന്ന അനാചാരങ്ങളെയും ദുരാചാരങ്ങളെയും ഒക്കെ കളയാൻ വേണ്ടി മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ട ഒന്നാണ്. ഒരു വ്യക്തിയുടെ അഭിപ്രായങ്ങളുടെ ക്രോഡീകരണം മതം എന്ന വേഷത്തിൽ നിലനിൽക്കുന്നു എന്നാണു ഞാൻ കരുതുന്നത്.

ഒരു കാലഘട്ടം ആവശ്യപ്പെട്ടതായിരുന്നു മതം. എന്നാൽ പഴയ പല നിയമങ്ങളും കാലത്തിനു അനുസരിച്ച് മാറേണ്ടതായിട്ടുണ്ട്. കാരണം ഇന്നും മതം "അനുസരിക്കുക അതേപടി" എന്നു മനുഷ്യരോട് ശക്തമായി അനുഭാവികളെ കൊണ്ട് ആവശ്യപ്പെടുന്നു. അവരിലൂടെ മാത്രം സംസാരിക്കുന്നു. മാറ്റങ്ങളെ ഭയക്കുന്നു. ആ രീതിയിൽ മറ്റുള്ളവരെ ഉപദ്രവിക്കുന്ന രീതി വരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ഞാൻ നല്ലൊരു ദൈവ വിശ്വാസിയാണ്. പക്ഷെ ഏതെങ്കിലുമൊരു മതത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങി ഇന്ന രീതിയിൽ നടന്നാലേ സ്വർഗത്തിൽ പോവുള്ളൂ എന്നൊന്നും ഞാൻ കരുതുന്നില്ല. മരണാനന്തര ജീവിതത്തിനു വേണ്ടി, വാഗ്ദത്ത ഭൂമിയിക്ക് വേണ്ടി ഇപ്പോൾ നമ്മൾ ജീവിക്കുന്ന അവസ്ഥകൾ മാറ്റുക എന്ന് പറയുന്നതിനോടും താൽപ്പര്യമില്ല. ഒരു മതവും മറ്റുള്ളവരെ ഉപദ്രവിക്കാനോ കൊല്ലാനോ ഒന്നും പറയുന്നില്ല. എല്ലാ മതങ്ങളുടെയും കാതലായ അർഥം പരസ്പരം സ്നേഹിക്കുക, സഹായിക്കുക എന്ന് തന്നെയാണ്. ഒരുപക്ഷേ മതത്തിനു അനുഭാവികൾ കൂടുമ്പോഴാവണം വലിയ പ്രശ്നങ്ങൾ വൈകാരിക തലത്തിൽ നടക്കുന്നത്. 

മത നിയമങ്ങൾ തെറ്റിച്ച് ജീവിക്കുന്ന ഒരാളായതുകൊണ്ടു നമ്മുടെ നാട്ടിൽ ഒരാൾ ഭീകര ജീവിയോ മോശമായ വ്യക്തിയോ ആകുന്നില്ല. അങ്ങനെ ഞാൻ കരുതുന്നുമില്ല. 

ഫെയ്‌സ്ബുക്ക് എന്ന ലോകം..

ഒരു അദ്ഭുത ലോകമാണ് ഫെയ്‌സ്ബുക്ക്. ഒരാളെ ഉയർത്താനും താഴ്ത്താനും നിമിഷങ്ങൾ മതി ഇവിടെ!

രാഷ്ട്രീയവും മതവുമൊക്കെ ഇവിടെ ചർച്ച ചെയ്യുമ്പോൾ അവരവർ വിശ്വസിക്കുന്ന പാർട്ടിയുടേയോ മതത്തിന്റെയോ ഭാഗം മാത്രമാണ് ശരി എന്ന ഒരു വാദം കണ്ടു വരാറുണ്ട്. നമ്മൾ വിശ്വസിക്കുന്നതിനെ ഊന്നി പറയുന്നതിൽ തെറ്റില്ല, പക്ഷെ മറ്റുള്ളവരുടെ വിശ്വാസത്തെയും അതിന്റേതായ അർത്ഥത്തിൽ മാനിക്കാൻ നമുക്ക് കഴിയണം. പ്രതിപക്ഷ ബഹുമാനം ഉണ്ടായേ പറ്റൂ. അല്ലാതെ ഞാൻ പറയുന്നത് മാത്രമാണ് ശരി മറ്റുള്ളവർ പറയുന്നത് തെറ്റാണ് എന്ന വിചാരത്തോടെ അവരെ യാതൊരു മര്യാദയുമില്ലാത്ത രീതിയിൽ അപമാനിക്കുക പ്രവണതയായി മാറുന്നു.. വിമർശനങ്ങൾ ആണെങ്കിൽ പോലും അത് ആരോഗ്യകരമായിരിക്കണം.

ഇപ്പോൾ സ്ത്രീകൾക്കെതിരെ പറയുമ്പോൾ അശ്ലീല ചുവയോടു കൂടിയെ പലരും പറയാറുള്ളൂ. വാക്കുകൾ കൊണ്ട് ജയിക്കാൻ ശ്രമിക്കും. അതൊക്കെ തെളിയിക്കുന്നത് പ്രാപ്തികുറവിനെയാണ്. കൂടുതലും രാഷ്ട്രീയ-മത പോസ്റ്റുകളിലാണ് ഇതൊക്കെ കാണാറ്. അതുകൊണ്ട്  ഉണ്ടാകുന്ന ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ അത്യാവശ്യം പ്രതികരിക്കേണ്ട പല സാഹചര്യത്തിലും പ്രതികരിക്കേണ്ടവർ അതിനു മടിക്കുന്നു. കാരണം നമ്മൾ എന്ത് പറഞ്ഞാലും അത് വളച്ചൊടിക്കപ്പെടുന്ന പ്രവണത, ആരെയും എന്തു പറഞ്ഞും ആക്ഷേപിക്കാം എന്ന രീതി, ഇതൊന്നും ഫെയ്‌സ്ബുക്ക് പോലെയൊരു സോഷ്യൽ മീഡിയയിൽ അംഗീകരിക്കാൻ കഴിയുന്നതല്ല. എങ്കിലും എത്രയോ നന്മകളും പോസിറ്റീവ് ആയ കാര്യങ്ങളും ഇവിടെ സംഭവിക്കുന്നുണ്ട് എന്നതും മറക്കുന്നില്ല.

പുതിയ കാലത്തിന്റെ വാക്കുകൾ...

ആശയ വിനിമയത്തിനുള്ളതാണ് അക്ഷരങ്ങൾ. ഇന്ന് തുറന്നെഴുതാൻ ആർക്കും മടിയില്ല. അതൊക്കെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. വലിയൊരു മാറ്റം എഴുത്തിലുണ്ട്, പക്ഷെ ഒരു വായനയിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് പല എഴുത്തുകളുമെന്നു തോന്നുന്നു. ഇപ്പോഴും നമ്മൾ പഴയ ബുക്കുകൾ തേടി പിടിച്ചു പോവുക, പഴയ പുസ്തകങ്ങളെ ആർത്തിയോടെ വായിക്കുക എന്നതൊക്കെ സൂചിപ്പിക്കുന്നത് അന്നത്തെ കാലത്ത് അവരൊക്കെ എഴുതി വച്ച പലതും ഇന്ന് പ്രാവർത്തികമാകുന്നതുകൊണ്ടാണ്. നമ്മുടെ ഇന്നത്തെ സമൂഹത്തിനെ ഓർമ്മപ്പെടുത്തുന്ന എഴുത്തുകൾ കുറവാണ്, എല്ലാവരും സ്വന്തം അനുഭവങ്ങൾ, ഓർമ്മകൾ എന്നിവയിൽ നിന്നുമാണ് എഴുതുന്നത്. 

shahna2

ഒരുപക്ഷെ ഇന്ന് പുസ്തക മാധ്യമങ്ങളിലുള്ള എഴുത്തിനേക്കാൾ സമൂഹം വായിക്കുന്നത് സോഷ്യൽ മീഡിയയിലെ എഴുത്തുകളാണ്. ഒരു വാർത്തയെ രണ്ടു തരം രീതിയിലായിരിക്കും രണ്ടു ഓൺലൈൻ പോർട്ടലുകൾ അവതരിപ്പിക്കുക. അപ്പോൾ എന്ത് വിശ്വസിക്കണമെന്ന സംശയിക്കുന്ന ഒരു സാഹചര്യവും ഉണ്ടാവുന്നുണ്ട്. സെൻസേഷൻ വാർത്തകളിൽ നേരും നെറിയും ഏതൊക്കെയോ വരികളിൽ ശ്വാസമടക്കി കിടക്കുന്നു. അതുകൊണ്ട് വായനയുടെ ഒരു സുഖം ഇങ്ങനെ സംശയത്തിൽ നിൽക്കും.

മാത്രമല്ല  ഇന്ന് നിരവധി പുസ്തകങ്ങൾ അച്ചടിക്കപ്പെടുന്നുണ്ട്. അച്ചടി അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല ഇന്ന് മലയാളിയെ സംബന്ധിച്ച്. ഒരാളുടെ ബുക്ക് വന്നാൽ അയാളുടെ സുഹൃത്തുക്കളുടെ തലത്തിൽ നിന്നു അത് വിറ്റഴിച്ച് അങ്ങ് പോവുക എന്നല്ലാതെ നമ്മുടെ വായനശാലകളിലേയ്ക്ക് അത് പിന്നത്തേയ്ക്ക് എല്ലാവർക്കുമുള്ള വായനയ്ക്ക് സൂക്ഷിച്ചു വയ്ക്കുക എന്നതൊക്കെ ഇല്ലാതായി പോകുന്നതായി തോന്നിയിട്ടുണ്ട്. ഒരു വായനയിൽ അവസാനിക്കുകയാണ് അതാണ് പ്രശ്നം. വീണ്ടും വായിക്കാൻ പല ബുക്കുകളും തോന്നിപ്പിക്കുന്നില്ല. 

വക്കീൽ ജോലിയും ജീവിതവും...

വക്കീൽ എന്ന ജോലി വളരെ ഇഷ്ടത്തോടെ തിരഞ്ഞെടുത്ത ഒന്നാണ്. അതിനു മുൻപ് ഞാൻ കുറച്ചു നാൾ ഡിഗ്രി സൈക്കോളജിയ്ക്ക് ചേർന്നിരുന്നു. അതു പൂർത്തിയാക്കാതെ വക്കീൽ പഠനത്തിലേക്ക് വരാനുള്ള കാരണം ഈ ജോലി സമൂഹവുമായി ഒരുപാട് അടുത്ത് നിൽക്കുന്ന ഒന്നാണ്. നല്ലതും ചീത്തയുമായ എത്രയോ മുഖങ്ങളെ കാണാൻ സാധിക്കും. താഴെ തട്ടിലുള്ള ആളുകളോട് വരെ ഇടപെടുന്ന തൊഴിലുമാണ്. ഈ സാഹചര്യങ്ങൾ ജീവിക്കാൻ ശക്തി തരും. പ്രതികരിക്കാൻ ധൈര്യം തരും. ചില അനുഭവങ്ങൾ കേൾക്കുമ്പോൾ എങ്ങനെ അവരെ ആശ്വസിപ്പിക്കണമെന്നു പോലും നമുക്ക് മനസ്സിലാകാതെ വരും. പലപ്പോഴും പകച്ചു നിന്നു പോയിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ എഴുത്തിൽ പ്രതിഫലിക്കാറുമുണ്ട്. 

കുടുംബം ...

ഭർത്താവ് അനീഷ് സൗദിയിലാണ് ജോലി ചെയ്യുന്നത്. ഒരു മകളുണ്ട്. ഇപ്പോൾ രണ്ടാം ക്ലാസ്സിലാണ്. സ്വന്തം നാട് കരുനാഗപ്പള്ളി, ക്ലാപ്പനയിൽ. കല്യാണം കഴിച്ചത് പെരുമ്പാവൂരിലേക്ക്. ഇപ്പോൾ ഭർത്താവിനൊപ്പം സൗദിയിലാണ്. കുറച്ചു നാളത്തേക്ക് എല്ലാ തിരക്കിൽ നിന്നും ഒഴിവാകൽ എന്ന അവസ്ഥയിലാണ്. പ്രവാസ ജീവിതത്തെ ഇപ്പോൾ അറിഞ്ഞു കൊണ്ടിരിക്കുന്നു.

പ്രവാസം എന്ന അനുഭവം..

പ്രവാസം!!! ഭൂമിശാസ്ത്രപരമായ മാറ്റത്തിലുപരി ഒരു യാത്രയാണു. നമ്മുടെ അസ്തിത്വത്തിൽ നിന്നുള്ള മാറ്റം. ഒരു തിരിച്ച് വരവിനെ അടക്കി പിടിച്ച് കൊണ്ടുള്ള പ്രയാണം.......

shahna-4

പർവതമുകളിൽ നിന്നു തലകീഴായി ഡൈവിംഗ് ചെയ്യാറില്ലേ? കാലിൽ കെട്ടിയ വള്ളിയാണു നമ്മെ താഴേക്ക് പോകാതെ പിടിച്ച് നിർത്തുന്നത്. അതു പോലെ ഒരുപാട് കെട്ടുപാടുകളിലൂടെ താൽക്കാലികമായി കെട്ടിനിർത്തിയ വള്ളിയിൽ മറ്റൊരു വ്യക്തിത്വത്തെ സ്വീകരിച്ച് കൊണ്ടുള്ള വാസം ആയി മാറുന്നു പ്രവാസം.....

ഞാൻ എവിടെ ആണെങ്കിലും എന്റെ അസ്തിത്വം ഇവിടെയാണെന്നു ഓരോനിമിഷവും ഓർമ്മിപ്പിക്കുന്ന അദ്യശ്യമായ ഒരു ബന്ധമുണ്ട് ഓരോ പ്രവാസിയുടെ മനസ്സിലും...അർദ്ധവിരാമങ്ങൾ പോലെ..

ഒരു പാട് മുഖങ്ങൾ ഉണ്ട് പ്രവാസജീവിതത്തിന്.. നിഗൂഡതകൾ ഒളിപ്പിക്കും പോലെ! ഗ്യഹാതുരത്വം നിറഞ്ഞ ഓർമ്മകളിൽ തന്നെ വേരുകളാഴ്ത്തി പ്രവാസത്തെ സ്വീകരിക്കുമ്പോഴും മാറ്റങ്ങളെ മാനസികമായി ഉൾകൊള്ളാൻ കഴിയാതെ എത്രയോ ആളുകൾ.....

എങ്കിലും സ്വകാര്യതയിലേക്ക് ഒരെത്തിനോട്ടം ഇല്ലാത്ത, സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ തുന്നി തരുന്നുണ്ട് പ്രവാസ ജീവിതം. ജീവിതത്തിന്റെ നിഗൂഢതയിൽ മനസ്സിനെ ഒളിപ്പിച്ച് ജീവിക്കാം... ഒരു ഉന്മാദം പോലെ!! 

കുടുംബമെന്ന പുറന്തോട് പുതച്ച് കൊണ്ട് തന്നെ മരുഭൂമിയുടെ അതിതാപത്തിലും മാനസിക മൂല്യങ്ങൾ തിരിച്ച് പിടിക്കുന്ന സൗഹൃദകൂട്ടായ്മകൾ തികച്ചും വിരസമായി മാറിയേക്കാവുന്ന പ്രവാസത്തിന്റെ ഏകാന്തതയിൽ മരുപ്പച്ചയാണ്.

എഴുത്തിന്റെ ദിശകൾ...

പല സാഹചര്യത്തിലും എഴുത്തിനെ ആശ്രയിക്കാറുണ്ട്. കൂടുതലും രാത്രിയിലാണ് എഴുതുക. ചില അനുഭവങ്ങൾ, ചില കഥകൾ ആരെങ്കിലും പറയുമ്പോൾ അത് എഴുതണമെന്നു തോന്നും. ആദ്യം ചെറിയ കുറിപ്പുകളാക്കി എഴുതും, പിന്നീട് അതിനെ വികസിപ്പിക്കും.

സോഷ്യൽ മീഡിയയും സ്ത്രീയും...

സോഷ്യൽ മീഡിയയിലെ ചില വിഷയങ്ങൾ സ്ത്രീ വിരുദ്ധമായി തോന്നാറുണ്ട്. ഇപ്പോൾ തന്നെ വിവാഹിതയായ ഒരു സ്ത്രീ പ്രണയത്തെ കുറിച്ച് എഴുതിയാൽ അവർക്ക് വേറെ പ്രണയമുണ്ടെന്നോ പ്രണയ നഷ്ടത്തെ കുറിച്ച് ആലോചിച്ചു കൊണ്ടാണ് ജീവിക്കുന്നതെന്നോ ഒക്കെ ആളുകൾ ചോദിക്കും. അത്തരം സംസാരത്തിൽ ഒരു സംതൃപ്തി കണ്ടെത്തുന്നവരാണ് കുറെ ആളുകൾ. അങ്ങനെയുള്ള രീതികൾ കമന്റുകളിൽ കാണാറുണ്ട്. വിവാഹത്തോടെ സ്ത്രീകൾക്ക് മാത്രം എന്തിനീ ചങ്ങലക്കെട്ടുകൾ. വിവാഹമെന്നതു രണ്ടു വ്യക്തികൾ ഒരുമിച്ച് ഒരു കുടുംബമാകുന്നതിന്റെ ലീഗൽ ഉടമ്പടി മാത്രമാണു. അവിടെ സത്യസന്ധമായ വികാരങ്ങൾ ഉണ്ടാകണമെങ്കിൽ അത്രമേൽ ആഴത്തിൽ മനസ്സുകൾ പങ്ക് വെക്കാൻ കഴിയണം. തുറന്നെഴുത്തിൽ പങ്കാളി വാക്കുകളാൽ ആക്രമിക്കപ്പെടാൻ ആഗ്രഹിക്കാത്തതിനാൽ പലരുടേയും എഴുത്തുകൾ എഡിറ്റിംഗിൽ ചിന്നി ചിതറി പോകാറില്ലേ?

പിന്നെ പ്രശസ്തരായവർ പ്രത്യേകിച്ച് സ്ത്രീകളെ എന്തും പറയാം എന്നൊരു രീതി ഉണ്ട്. അവരോടു എന്തും ആകാം എന്ന ചിന്ത. ഇതൊന്നും നേരെ നിന്നു അവർ സ്ത്രീകളോട് പറയില്ല, ഇങ്ങനെ വളഞ്ഞ വഴികൾ മാത്രമേ അവർക്ക് പരിചയമുള്ളൂ. തല കുനിഞ്ഞുള്ള ഒരു വിപ്ലവമാണിത്. പരിഹാസമാണ് അധികവും. അതുപോലെ ഫെയ്ക്ക് ഐഡികൾ ഒക്കെ ഉണ്ടാക്കി സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന സ്ത്രീകളെ അശ്ലീല ചുവയോടെ വരെ പരിഹസിക്കും. ഇങ്ങനെ പലപ്പോഴും തോന്നീട്ടുണ്ട്.

തുറന്നെഴുത്തിനേയും തുറന്നു പറച്ചിലുകളെയും പലരും ഭയക്കുന്നുണ്ട്. അനാവശ്യമായ കമന്റ്സുകളിലൂടെ ഒരു വിഭാഗം അതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമുണ്ട്. അങ്ങനെ ഉള്ളവരെ അർഹിക്കുന്ന അവഗണനയിൽ തള്ളി കളയാൻ കഴിയണം.

എഴുത്തും രാഷ്ട്രീയവും...

രാഷ്ട്രത്തെ സംബന്ധിക്കുന്നതാണല്ലോ രാഷ്ട്രീയം. അപ്പോൾ എഴുത്തുകാർക്ക് വ്യക്തമായ രാഷ്ട്രീയ ബോധം ഉണ്ടാവണം. ആ 'ബോധം' തന്നെയാണ് അവരുടെ രാഷ്ട്രീയം. അത് സ്ഥാനമാനങ്ങൾക്ക് വേണ്ടി അടിയറവു പറയാൻ ഉള്ളതായിരിക്കരുത്! 

കോളജ് കാലത്ത് കെ എസ് യു പ്രവർത്തക ആയിരുന്നു ഞാൻ. എന്നാൽ എന്റെ സ്വന്തം വീട്ടിൽ എല്ലാവരും കമ്മ്യൂണിസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരായിരുന്നു. സഖാക്കൾക്കിടയിൽ നിന്നാണ് ഞാനൊരു കോൺഗ്രസ്സുകാരിയായി കോളജിൽ നിന്നത്. പക്ഷെ ഇപ്പോൾ അങ്ങനെ വ്യക്തമായ ഒരു രാഷ്ട്രീയം കൊണ്ട് നടക്കുന്നില്ല. ഒരു നേതാവിനെ അംഗീകരിക്കാനായി മുന്നിൽ കാണാൻ കഴിയാത്തതു കൊണ്ട് നിഷ്പക്ഷമായ രാഷ്ട്രീയ നിലപാടുകളാണ് ഇപ്പോൾ എടുക്കാറ്. അതുകൊണ്ടു തന്നെ ഏതു രാഷ്ട്രീയ പാർട്ടി തെറ്റ് കാണിച്ചാലും അവരെ വിമർശിക്കാൻ സാധിക്കുന്നുണ്ട്. ഒരു പാർട്ടിയുടെ ചട്ടക്കൂടിൽ നിന്നാൽ തീർച്ചയായും നേതാക്കന്മാരെ അനുകൂലിക്കേണ്ടി വരും. അതിനു താൽപര്യമില്ലാത്തതുകൊണ്ട് നിഷ്പക്ഷതയാണ് എന്റെ രാഷ്ട്രീയം. 

ഷഹ്നയുടെ പുതിയ എഴുത്തുകൾ...

ഇപ്പോൾ ഒരു നോവലിന്റെ പണിപ്പുരയിലാണ്. ചെറുകഥകൾ ഉപേക്ഷിച്ചിട്ടില്ല, അതും എഴുതുന്നുണ്ട്. പിന്നെ തീർച്ചയായും സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. നോവലിന് വേണ്ടിയാണ് പ്രവാസിയായതെന്നും ഒരർത്ഥത്തിൽ പറയാം. 

വീട്ടമ്മയുടെ എഴുത്തുകൾ...

ഒരു പ്രൊഫഷനായി ജോലിയെ സമീപിച്ചിരുന്ന ഒരാളിൽ നിന്നും ഒരു മുഴുവൻ സമയ വീട്ടമ്മയായി മാറിയ ഒരാളാണ് ഇപ്പോൾ ഞാൻ.

നമ്മുടെ നാട്ടിലെ ഒരു കുടുംബിനി എന്ന നിലയിൽ ആണെങ്കിൽ ഒന്നിനും സമയം ഉണ്ടാകില്ല. പ്രവാസിയായ വീട്ടമ്മയ്ക്ക് സമയം ധാരാളമാണ്. പ്രവാസിയായപ്പോൾ നിറയെ സമയം കിട്ടാറുണ്ട്. മാത്രമല്ല നാട്ടിലെക്കാൾ പ്രവാസലോകത്ത് അക്ഷരങ്ങളെ അംഗീകരിക്കുന്നു. അർഹിക്കുന്ന ബഹുമാനവും നൽകുന്നു. അത് എഴുത്തിലും പ്രതിഫലിക്കും.

എനിക്ക് എഴുത്ത് എന്നത്...

എഴുത്ത് എന്നത് എനിക്ക് മനസ്സാക്ഷിയെ വ്യക്തമാക്കുക എന്നത് തന്നെയാണ്. മനസ്സിനെ സംതൃപ്തിപ്പെടുത്തുന്ന ഒന്നാണ്, അതുകാരണം തന്നെ കുടുംബജീവിതത്തിലെ സങ്കടങ്ങളും സന്തോഷങ്ങളും പ്രണയവും ഒക്കെയും അതി മനോഹരമായി പ്രതിഫലിപ്പിക്കാൻ പറ്റുന്ന ഒന്നാണ് എഴുത്ത്. ചില ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശക്തിയും എഴുത്ത് തന്നിട്ടുണ്ട്.

പുരസ്‌കാരങ്ങൾ...

2015 ൽ കേരളം കലാകേന്ദ്രയുടെ കമലാ സുരയ്യ സ്‌പെഷ്യൽ ജൂറി അവാർഡ് ഭ്രാന്ത് എന്ന കഥയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ ആശാൻ സ്മാരക പുരസ്കാരം മൂക്കുത്തി എന്ന പേരിലെഴുതിയ കഥയ്ക്ക് ലഭിച്ചിട്ടുണ്ട്. 40 വർഷത്തിലേറെ പഴക്കമുള്ള പ്രശസ്തമായ ഒരു സാഹിത്യ സമിതിയാണ് ആശാൻ സ്മാരക സമിതി. ആശാന്റെ പേരിൽ ലഭിച്ച ഈ അംഗീകാരം എഴുത്തിൽ ഉത്തരവാദിത്വം കൂട്ടുന്നതാണ്.

Novel ReviewLiterature ReviewMalayalam Literature News