Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിതാ നായരുടെ രുചിലോകം

anitha-nair

പാചകത്തെയും ജീവിതത്തെയും ചേരുവപോൽ കുഴച്ചെഴുതുന്ന കഥാകാരി അനിതാ നായർ ‘പ്രണയ പാചകം’ എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി...

‘ഓരോ രുചിക്കൂട്ടും ഓരോ ധ്യാനമാണ്. കഴിക്കുന്നവന്റെ ഹൃദയത്തിലേക്കു കവാടം തുറക്കുന്ന കൊച്ചു കൊച്ചു ധ്യാനങ്ങൾ’. അക്ഷരങ്ങൾ പഠിക്കാൻ ആഹാരപ്പേരുകളെ പിന്തുടരാൻ ശ്രമിച്ച ഒരു പാട്ടിയുണ്ട് പ്രണയപാചകം എന്ന പുസ്തകത്തിൽ. എ ഫോർ അരിസി അപ്പളം എന്നു ജപിച്ചു പഠിച്ച പാട്ടിയെ പോലെ ആഹാരം കഴിക്കാൻ ഇംഗ്ലിഷ് അക്ഷരമാലയിലെ ഡി പോലുള്ള പലഹാരം ഉണ്ടാക്കിയ പഴങ്കഥ കഥാകാരിയുടെ ഓർമയിലുമുണ്ട്. ഇവരുടെ കുടുംബം അന്നു ചെന്നൈയ്ക്കടുത്ത് ആവഡിയിലാണ്. അന്ന് അനിത കൊച്ചു കുട്ടിയാണ്,കൂടെയുള്ളത് അമ്മയാണ്.

പച്ചിലപ്പെൺകുട്ടി

തീരെ മെലിഞ്ഞു ശോഷിച്ച ശരീരം കണ്ട് ‘ അയ്യോ ഈ കുട്ടിക്കിതെന്തു പറ്റി, ആഹാരമൊന്നും കഴിക്കാറില്ലേ’ എന്ന വാക്കുകളെ ആശങ്കയോടെ നേരിട്ടു അമ്മ. കട്ടി ഫ്രെയിമുള്ള സോഡാക്കുപ്പിക്കണ്ണടയിട്ട് തൈരു കലക്കുന്ന കടകോൽ ( കടോൽ) പരുവത്തിലുള്ള കൈകാലുകൾ ചലിപ്പിച്ച് കാറ്റടിച്ചാൽ വീണേക്കാവുന്ന ക്ഷീണക്കാരിയെ തിരുപ്പതിയിൽ ചെന്നു മൊട്ടയടിക്കുക കൂടി ചെയ്തപ്പോൾ നാട്ടുകാർ അങ്ങനെ ചോദിച്ചില്ലെങ്കിലേ അതിശയിക്കേണ്ടൂ. ക്ഷീണക്കാരിയെ തടിവയ്പിക്കാൻ അമ്മ കണ്ടെത്തിയ വിദ്യകളിൽ നിന്നാണു രുചിപ്രപഞ്ചത്തിന്റെ കയ്പും ചവർപ്പും പുളിപ്പും മാധുര്യവും അറിഞ്ഞത്. കാലത്തെഴുന്നേറ്റാൽ ചൂടുപാലിൽ കോഴിമുട്ട അടിച്ചുടച്ചു കുടിപ്പിക്കുമായിരുന്നു.ആസ്വദിക്കാനാവാത്ത അതിന്റെ രുചിയോട് ഇന്നും പകയാണ്. പാലിനോടന്നു വെറുപ്പായിരുന്നു. ചോറിനോടും കറികളോടും മടുപ്പായിരുന്നു.

ആഹാരത്തിനു നേരമാകുമ്പോൾ തലപെരുക്കും. പച്ചമാങ്ങയും പുളിയിലയും പൊട്ടിച്ചു തിന്നാനായിരുന്നു ഇഷ്ടം. ‘ നീ ആടായി ജനിക്കേണ്ടവളാണ്’ എന്ന് അമ്മ പറയും. ദന്തഡോക്ടറെ കാണാൻ പോകുമ്പോൾ പല്ലുകൾക്കിടയിലെ പച്ചിലത്തുണ്ടു കണ്ട് അവർ അതിശയിച്ചിട്ടുണ്ട്. ഈ ‘ ചവച്ചരയ്ക്കൽ’ ശീലത്തിൽ നിന്നാണു വലിയ വെറ്റില മുറുക്കുകാരിയിലേക്കുള്ള വളർച്ച.

വെറ്റില മുറുക്ക്

വെറ്റില മുറുക്കിന്റെ ഇളംചൂടില്ലാതെ ഇരിക്കപ്പൊറുതിയില്ലാതായി. വെറ്റിലയിൽ ചുണ്ണാമ്പുതേച്ച് അടക്കയിറുക്കി നാവിൽ വച്ചു ശീലിപ്പിച്ച അമ്മമ്മ വെറ്റിലച്ചെല്ലത്തിന്റെ അവകാശം ഏൽപിച്ചാണു പോയത്. വെറ്റില ബെംഗളൂരുവിൽ കിട്ടാൻ പാടാണ്. മുണ്ടക്കോട്ടുകുറുശ്ശിയിലെ വീട്ടിൽ വെറ്റിലക്കൊടിയുണ്ട്. കലാമണ്ഡലത്തിലെ പഠനകാലത്തു ഗോപാലകൃഷ്ണനാശാൻ മുറുക്കാനിരുന്നാൽ വെറ്റിലക്കൂട്ടായി അനിതയുണ്ട്. ഇന്നും മുറുക്കിന്റെ മറക്കാരുചി നാവിൽ നിന്നു ചോർന്നിട്ടില്ല.

ഡി ആയ പാപ്പ

ആഹാരം കണ്ടാൽ അറച്ചു നിൽക്കുന്നതൊഴിവാക്കാൻ അമ്മ കണ്ടെത്തിയ സ്പെഷൽ ഡിഷാണിത്. മൈദയോ ആട്ടയോ കുഴച്ചു പൂരിയുടെ വലുപ്പത്തിൽ പരത്തും. ചെരകിയ തേങ്ങയിൽ ശർക്കരയോ പഞ്ചസാരയോ ചേർത്തു പരത്തിയ മാവിനു നടുക്കുവച്ചു മടക്കി എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരം. ഇംഗ്ലിഷ് അക്ഷരമാലയിലെ ഡി പോലിരിക്കും. അതോടെ ‘ഡി ആയ പാപ്പ’ എന്നു പേരിട്ടു. സ്കൂൾ വിട്ടുവന്നാൽ അമ്മ ചുരുട്ടുദോശയുണ്ടാക്കും. അതിഷ്ടമായിരുന്നു. മൈദയിൽ ചൂടുദോശയുണ്ടാക്കി ചീകിയിട്ട തേങ്ങയും പഞ്ചസാരയും മധ്യത്തിൽ വിതറി ചുരുട്ടിയെടുത്താൽ ചുരുട്ടുദോശയായി. അരയന്നത്തെ പോലിരിക്കുന്ന വലിയ ചെരവയിൽ തേങ്ങയുമായിരുന്നാൽ അമ്മ ഒരു കലാകാരിയാവും. കൃത്യമായ അളവിൽ ഞൊടിയിടയിൽ തേങ്ങ ചെരണ്ടിയിടും. ഇതിലേക്കു പഞ്ചസാര ചേർത്തു കുഴയ്ക്കും. പിന്നെയാവും ചുരുട്ടുദോശയിലേക്കും ഡി ആയ പാപ്പയിലേക്കും കടക്കുക.

ഇറച്ചി വേണ്ട, എല്ലുമതി

പണ്ടൊക്കെ ഞായറാഴ്ച ഉച്ചയൂണിനു മട്ടൻ കറിയുണ്ടാവും. മട്ടന്റെ ഇറച്ചിയോടല്ല താൽപര്യം. മജ്ജയുള്ള എല്ലായിരുന്നു ലക്ഷ്യം. എല്ലും ഇറച്ചിയും ചേർത്ത് കിട്ടില്ലായിരുന്നു അന്ന്. നല്ല മജ്ജയുള്ള എല്ലിനു വേണ്ടി എത്ര നേരം കളയാനും ഇന്നും മടിയില്ല. മജ്ജയുള്ള എല്ലിൻകഷണം ഊറ്റിക്കുടിക്കുന്നതു ശ്രമകരമായ പണിയാണ്. ഓരോ എല്ലിൻകഷണവും ഓരോ പരീക്ഷണമാണ്. 11 കൊല്ലം മുൻ‌പ് പരിചയപ്പെട്ട പാഴ്സി സുഹൃത്താണു മജ്ജയുള്ള എല്ലിൻ കഷണം കഴിക്കാൻ സ്പൂൺ ഉണ്ടെന്നറിയിച്ചത്. അദ്ദേഹം തന്ന സ്പൂണുമായി തട്ടാനെ കണ്ട് സ്വന്തമായി വെള്ളിയിൽ ഒരു സ്പൂൺ പ്രത്യേകം ഉണ്ടാക്കിയിട്ടുണ്ടിപ്പോൾ.

ചേമ്പിൻതണ്ടും ഓമക്കായയും ചേർത്തു തേങ്ങയരച്ചു പുളിയൊഴിച്ചുണ്ടാക്കുന്ന നാടൻകറിയെ പ്രണയിക്കുന്ന അനിത നായർക്കു ചോറിനോടു താൽപര്യം തീരെയില്ല. യാത്രകൾ കൂടിയതോടെ രുചിയുടെ വിവിധാനുഭവം പ്രണയമായി. ചേരുവകളുടെ അളവൽപം തെറ്റിയാൽ കാപ്പിയുടെ കഥ മാറും. അതിനാൽ പനഞ്ചക്കര ചേർത്ത പാൽക്കാപ്പി കഥാകാരി തന്നെയെടുക്കും. ഒരുദിവസം ഒറ്റക്കപ്പ് കാപ്പി, അതുമതി. ആവിയിൽ വേവുപാകമായ ചെറുപയറിൽ പാകത്തിന് ഉപ്പിട്ട് പച്ചമുളക് ഇടിച്ചിട്ടു വെളിച്ചെണ്ണ ചാലിച്ചുണ്ടാക്കുന്ന നാടൻ പുഴുക്കിനെ പ്രാണനോളം പ്രേമിക്കുന്ന കഥാകാരിയുടെ മനസിൽ ഇക്കഴിഞ്ഞയാഴ്ചയിലെ ഹിമാചൽ യാത്രയിലനുഭവിച്ച കശ്മീരി വിഭവങ്ങളുടെ രുചി ഒരു പ്രപഞ്ചമായി വളരുകയാണിപ്പോൾ.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review