ഇപ്പൂനോടാണോ കളി? പാമ്പും കോണിയുമൊക്കെ എന്ത്?

Ippu-1
SHARE

കുട്ടികളോടാണോ കളി, സെൽ മി ദ ആൻസർ, ലിറ്റിൽ സ്കോളർ തുടങ്ങി അറിവിന്റെ വേദികളിൽ ആസ്വാദകരെ ഞെട്ടിച്ച ഇപ്പുവിനെ ഓർമ്മയില്ലേ? ഈ വർഷത്തെ സ്കൂൾകലോത്സവത്തിൽ കവിത രചനയിൽ എ ഗ്രേയ്ഡുമായി എഴുത്തിന്റെ ലോകത്തും കഴിവുതെളിയിച്ചിരിക്കുകയാണ് ഇപ്പു എന്ന എട്ടാംക്ലാസുകാരൻ. ഹൈസ്കൂൾ വിഭാഗത്തിൽ കവിതാരചനാ മത്സരത്തിനായി നൽകിയ വിഷയം 'പാമ്പും കോണിയും'. വിഷയത്തെ ഭാവനയുടെ അകമ്പടിയോടെ സമകാലീകമായി ബന്ധിപ്പിച്ചു കുട്ടികൾ എഴുതിയ കവിതകൾ പലതും കുട്ടിക്കളിയായി തള്ളേണ്ടവയായിരുന്നില്ല. വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതുമായ പല സാമൂഹികപ്രശ്നങ്ങളും ആ കവിതകളിൽ ഉൾചേർന്നു. എഴുത്തിനെയും വായനയെയും കറിച്ച് അൽഫിദ് കെ. ഖാദർ (ഇപ്പു) മനസ് തുറക്കുന്നു–

പാമ്പും കോണിയും

പാമ്പും കോണിയുമാണ് കവിതാമത്സരത്തിന് കിട്ടിയ വിഷയം. പാമ്പും കോണികളിയിൽ നിന്ന് ജീവിതത്തിൽ പഠിക്കേണ്ട മൂന്ന് കാര്യങ്ങൾ കവിതയിൽ പകർത്തിയാണ് കവിതാ രചനയിൽ ഇപ്പു എ ഗ്രേയ്ഡ് സ്വന്തമാക്കിയത്. പരീക്ഷയിൽ പരാജിതരായ രണ്ടു കുട്ടികൾ പാമ്പും കോണിയും കളിക്കാൻ ഇരിക്കുന്നു. കളിയിൽ നിന്ന് ജീവിതത്തിനാവശ്യമായ മൂന്നു പാഠങ്ങൾ അവർ പഠിക്കുന്നു. 

ippu-2

1. ഒന്നിൽ നിന്നാണ് എന്തും തുടങ്ങേണ്ടത്.

2. കോണി കേറുമ്പോൾ, മുകളിലേക്ക് കയറി കയറി പോകുമ്പോഴും വഴികളിലെവിടെയോ പാമ്പ് വിഴുങ്ങാനായി കാത്തിരിപ്പുണ്ട്. വിജയത്തിലേക്കുള്ള കുതിപ്പ് ചിലപ്പോള്‍ പാമ്പിന്റെ വായിൽ അവസാനിക്കാം.

3. കോണികയറുമ്പോൾ ഉള്ള അഹങ്കാരവും പാമ്പു വിഴുങ്ങുമ്പോൾ ഉള്ള നിരാശയും എങ്ങനെ സമന്വയിപ്പിക്കണമെന്നു പഠിക്കുന്നിടത്താണ് ജീവിതത്തിന്റെ വിജയം. 

ഇപ്പുവിന്റെ വായന

പ്രായത്തെ വെല്ലുന്ന ഭാഷയും രചനാകൗശലങ്ങളും സ്വന്തമാക്കണമെങ്കിൽ വായനയില്ലാതെ എങ്ങനെ? ചെറുപ്പം മുതൽ വായന ഇപ്പുവിന്റെ ശീലങ്ങളുടെ ഭാഗമാണ്. ശനി ഞായർ ദിവസങ്ങളിലാണ് കൂടുതലും വായനക്കായി നീക്കിവയ്ക്കുന്നത്. സ്കൂളിൽ ക്ലാസ് ഉള്ള ദിവസങ്ങളിൽ രാത്രിസമയത്തും വായിക്കാറുണ്ട്. നോവലുകൾ, യാത്രാവിവരണങ്ങൾ, ചരിത്രപുസ്തകങ്ങൾ എന്നിവയോടാണ് കൂടുതൽ താൽപര്യം. ആനുകാലികങ്ങളിൽ വരുന്ന കവിതകളും കഥകളും വായിക്കും.

ഇഷ്ടപുസ്തകങ്ങൾ എഴുത്തുകാർ

വൈക്കം മുഹമ്മദ് ബഷീറിന്റെ എല്ലാകൃതികളും ഇഷ്ടമാണ്. ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ, കെ.ആർ മീരയുടെ ആരാച്ചാർ, പൗലോ കൊയ്​ലോയുടെ ആൽക്കെമിസ്റ്റ് എന്നിവയാണ് ഇഷ്ടപുസ്തകങ്ങൾ. ഒ.എൻ.വി കുറിപ്പാണ് ഇഷ്ടകവി. അവസാനം വായിച്ച പുസ്തകം യു.കെ കുമാരന്റെ തക്ഷൻകുന്ന്സ്വരൂപം.

സ്വന്തം കവിതകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കവിത

eppu

ഞാൻ എഴുതിയ കവിതകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് മീൻപിടുത്തം എന്ന കവിതയാണ്. കുറഞ്ഞവരികൾക്കുള്ളിൽ കുറേയെറെ ആശയങ്ങൾ പറയാൻ കഴിഞ്ഞു എന്നതാണ് ഈ കവിത കൂടുതൽ ഇഷ്ടമാകാൻ കാരണം. എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ഭാവിയിൽ ജേർണലിസ്റ്റ് ആകാൻ ആഗ്രഹിക്കുന്ന ഇപ്പു പറഞ്ഞു നിർത്തുന്നു. 

മീൻപിടുത്തം

വലവീശിമീൻപിടിക്കാന്‍

എല്ലാവർക്കും ഭയമാണ്

ചൂണ്ടയാണ് പഥ്യം

കാരണം വലയിൽ

സ്രാവുകളും കുടുങ്ങുമല്ലോ

അവർക്ക് വേണ്ടത് പരൽമീനുകളെയാണ്

ഒന്നുമറിയാത്ത പാവം പരൽമീനുകളെ

വായനമരിച്ചിട്ടില്ലെന്ന്... പുസ്തകങ്ങളുടെ,എഴുത്തിന്റെയും വായനയുടെയും കാലത്തിന് ഇനിയും തുടർച്ചകളുണ്ടാകുമെന്ന് ഓർമിപ്പിക്കുന്നുണ്ട് ഈ കുട്ടികളും കലോൽസവം സമ്മാനിച്ച രചനകളും...

Novel ReviewLiterature ReviewMalayalam Literature News   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA