പ്രണയത്തെ കുറിച്ച് എഴുതുന്നവൾക്ക് പറയാനുള്ളത്...

anupama-0
SHARE

അനുപമ എം. ആചാരി എന്ന പേര് വായനയിൽ വരുന്നത് വർഷങ്ങൾക്കു മുൻപാണ്. പ്രണയഭാവങ്ങൾ എന്ന പ്രണയ കവിതകളുടെ വായനയിൽ. പ്രണയത്തെ  ദീപ്തമായി വരികളിൽ കുറിയ്ക്കുന്ന ഒരു പെൺകുട്ടി, അവൾ വീണ്ടും ഫെയ്‌സ്ബുക്കിലെ സ്വകാര്യ താളുകളിൽ അക്ഷരങ്ങൾ കുറിക്കുമ്പോൾ അത് കവിതയായി മാറുന്ന അതിശയം വായനയിൽ തിരിച്ചറിയുന്നുമുണ്ടായിരുന്നു. എല്ലാം, എങ്ങും പ്രണയമയം. പക്ഷേ, പൈങ്കിളി ഭാവത്തിൽ നിന്നും ഏറെ അകന്നു പ്രണയത്തിന്‍റെ ആത്‌മീയ വഴികളിലേയ്ക്കും സഞ്ചരിക്കുന്നതാണ് ഇപ്പോഴുള്ള അനുപമയുടെ എഴുത്തുകൾ. പ്രണയിക്കുക അത്ര എളുപ്പമാണോ? പ്രണയത്തെ കുറിച്ച് എഴുതുക എന്നതുപോലും എളുപ്പമല്ലാത്ത ഒരു കാലത്ത് പ്രണയം എന്ന വാക്കിനെ ഇത്രമാത്രം ആഘോഷിക്കുന്ന ഒരുവൾക്ക് പ്രസക്തിയുണ്ട്. അതുകൊണ്ടു തന്നെ അവൾ പറയുന്ന വാദങ്ങൾക്കും മൂല്യമുണ്ട്. അനുപമ പ്രണയത്തെ കുറിച്ചും എഴുത്തിനെ കുറിച്ചും തുറന്നു പറയുന്നു...

മഹാരാജാസ് എന്ന കലാലയം..

എഴുത്തു സീരിയസ് ആയി എടുക്കണം എന്നു വിചാരിച്ചതു മഹാരാജാസിൽ എത്തിയതിനു ശേഷം ആണ്. സാഹിത്യത്തിൽ ബിരുദാനന്ത ബിരുദം എടുക്കാൻ തീരുമാനിച്ചത് വലിയ ഒരു ലോകത്തേക്കുള്ള വാതിൽ തുറക്കൽ ആയി. അലസത എന്നത് സ്വഭാവത്തിലെ ഒരു മാറാ കുരുക്കായതു കൊണ്ടു അധികം വായിക്കാൻ മടി തന്നെയായിരുന്നു. എന്നാൽ സിലബസിന്റെ ഭാഗമായി ഒരുപാടു വായിക്കേണ്ടി വന്നു. മഹാരാജാസിലെ ലൈബ്രറി, ആ ഒരു അന്തരീക്ഷം, അറിയാതെ വായനയിലേക്ക് വഴുതി വീഴുകയായിരുന്നു. Walt വിറ്റുമാന്റെ "leaves of grass"ആയിരുന്നു ആദ്യമായി കയ്യിലെടുത്ത പുസ്തകം. ഒരു വൃത്തത്തിലും അല്ലാതെ ഫ്രീ വേർസിൽ എഴുതിയിരിക്കുന്ന ആ പുസ്തകം ഏറെ സ്വാധീനിച്ചു. വൃത്ത നിബിഡമല്ല കവിത എന്ന് ആദ്യം മനസ്സിലാക്കി തന്ന കവിത അതുതന്നെ. എല്ലാത്തിനും കൂടെ നിന്ന അധ്യാപകർ, മഹാന്മാർ ഇരുന്നു പഠിച്ച ബെഞ്ചുകളും ഡെസ്ക്കുകളും.. എലിയറ്റിന്റെ വേസ്റ്റ് ലാൻഡ് പഠിച്ചു കഴിഞ്ഞതിനു ശേഷം അതിലെ ഒരു കഥാപാത്രത്തെ ഇതിവൃത്തമാക്കി എഴുതിയ ആദ്യത്തെ കവിത. അത് വായിച്ചു വർഗീസ് സാർ പറഞ്ഞു, നീ തുടർന്നും എഴുതണം. പിന്നെ കോളജ് പ്രണയം, പരിഭവങ്ങൾ, സങ്കടങ്ങൾ, പരാതികൾ. ഇതിൽ കൂടുതൽ പ്രണയത്തെ conspire ചെയ്യുന്ന അന്തരീക്ഷം മറ്റൊരു കോളജിൽ ഉണ്ടോ എന്ന് സംശയിക്കുന്നു...

പ്രണയ ഭാവങ്ങൾ, പ്രണയ പാപങ്ങൾ... എല്ലാം പ്രണയം.. അപ്പോൾ പ്രണയത്തിന്റെ നിർവചനം ..

പ്രണയത്തിനു ഒരു നിർവചനം നൽകാൻ ഞാൻ ആളല്ല. എങ്കിലും, നഷ്ടപ്പെടുമ്പോൾ നെഞ്ചിലൊരു നീറ്റലായും, വിങ്ങലായും, അവശേഷിക്കുന്ന വികാരം എന്തോ, അതാണ്‌ പ്രണയം എന്നു പറയാൻ ആഗ്രഹിക്കുന്നു. ഓരോ പ്രായത്തിലും അതിന് ഓരോ നിർവചനങ്ങൾ ആണ്. പ്രണയം ഉള്ള അവസ്ഥയെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത്, പ്രണയ നഷ്ടത്തിനു ശേഷം സ്വയം സ്നേഹിക്കാൻ തയ്യാറെടുക്കുന്ന ഒരുവളുടെ മനസ്സാണ്. ഏറ്റവും പക്വപൂർണമായതും പരിശുദ്ധമായതും ആയ മനസ്സാവും അത്. അതേ, പ്രണയം ഒരിക്കലും പൂർണമാകരുത്. പൂർണമായാൽ അതിന്റെ ഭംഗി നഷ്ടപ്പെടുന്നു. തള്ളിപ്പറച്ചിലുകൾ, വഞ്ചന, വെറുപ്പ് എന്നതൊക്കെ പ്രണയത്തെ വളർത്തുന്ന പല ഘട്ടങ്ങൾ ആണ്. അതുകൂടി ചേർന്നാലേ പ്രണയത്തെ നിർവചിക്കാൻ ആകു. വേർപാടിനു ശേഷം, വർഷങ്ങൾ കഴിഞ്ഞു മനസ്സിൽ തന്റെ പ്രണയ്താവിനെ ഓർക്കുമ്പോൾ ഒരു ശാന്തത ഹൃദയത്തിൽ അനുഭവിക്കാൻ കഴിയുന്നെങ്കിൽ ആ പ്രണയം നൈർമല്യം ഉള്ളതാണ്. വിശുദ്ധി ഉള്ളതാണ്..

ഓർഫീലിയ ഹാംലെറ്റ് ഞാൻ തന്നെ

ഏറ്റവും അധികം ഇഷ്ടപ്പെട്ട നാടകം ഷേക്‌സ്പിയറിന്റെ ഹാംലെറ്റ് ആണ്. അന്നു മനസ്സിൽ കേറിപ്പറ്റിയതാണ് ആ പേര്. ഒരിക്കലും ഒരുമിക്കാൻ കഴിയാഞ്ഞ രണ്ടുപേർ. പ്രണയത്തിൽ ഒന്നാവാത്തവർ. ഒഫിലിയ ആത്മഹത്യാ ചെയ്യുകയായിരുന്നു. പ്രണയം തിരസ്കരിക്കപ്പെട്ടതല്ല. പ്രണയിച്ചു പ്രാണനായി കണ്ടതിനു ശേഷം ഉപേക്ഷിച്ചു കളഞ്ഞ പ്രണയം. അങ്ങനെ ഒരിക്കലും ഒരുമിച്ചിട്ടില്ലാത്ത രണ്ടുപേരെ കൂട്ടിയോജിപ്പിക്കുമ്പോൾ ഒരു കൗതുകം തോന്നി. പ്രണയ പരാജയം സംഭവിച്ച ഓരോ പെണ്ണും നെഞ്ചോടു ചേർക്കുന്ന പേരാണ് ഒഫിലിയ.

anupama-1

അതിജീവിക്കേണ്ടത് എന്നിലെ എന്നെ തന്നെ...

അനുപമ എന്ന എഴുത്തുകാരിയും വ്യക്തിയും തമ്മിലുള്ള സംഘട്ടനങ്ങൾ ആണ് മുഖ്യമായും അതിജീവിക്കേണ്ടി വരുന്നത്. വിവാഹിതയായ ഒരു സ്ത്രീ എന്ന തലത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ വളരെയധികം ആണ്. ഒരിക്കലും ഒരു തുറന്നെഴുത്തു സാധ്യമല്ല. ബന്ധങ്ങൾ കൂട്ടിയിണക്കി കൊണ്ടുപോകാൻ ഒരു കുടുംബിനി എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യുന്നുണ്ടോ, അതു തന്നെയാണ് കാമനകളെ അതിജീവിച്ച് ഒതുക്കി എഴുതി അവളുടെ കവിതകളെ വിവാദങ്ങളിൽ നിന്നു രക്ഷിക്കാൻ അവൾ ചെയ്യുന്നതും. 

എഴുത്തിനു അവസാന പരിഗണന മാത്രമാണ്. ഒരിക്കലും എഴുതാതിരിക്കാൻ ആവില്ല എന്നു തോന്നുമ്പോൾ മാത്രം ചെയ്യുന്നത്.

 

വായന വിശുദ്ധീകരിക്കുന്ന വിധം

തീർച്ചയായും വായനയിലൂടെ മാത്രമേ ഒരു ഹൃദയം പരിശുദ്ധി പ്രാപിക്കുന്നുള്ളു, മനസ്സ് പക്വത കൈവരിക്കുന്നുള്ളു. ഓരോ വർഷം പിറക്കുമ്പോഴും പുതിയ നമ്മളാണ് ഉണ്ടാകുന്നത്. ഏറ്റവും നല്ല നമ്മളെ ഓരോ വർഷവും കണ്ടെത്തണമെങ്കിൽ വായന അത്യന്താപേക്ഷിതമാണ്. ഒരുപാടൊന്നും വായിക്കേണ്ട. മനസ്സിൽ തട്ടുന്ന വളരെ കുറച്ചു. ഇഷ്ടമുള്ളത്. വായിക്കുന്ന വിഷയം ആണ് ഒരുവനെ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ വായന സെലക്ടിവ് ആകണം. ഒന്നിനും, ഒരു തത്വ ശാസ്ത്രത്തിനും അടിമപ്പെടാതെ ഓരോ വായനയിൽ നിന്നും നമ്മുടേതായ ആശയങ്ങൾ രൂപപ്പെടുത്താൻ സാധിക്കണം. എന്നാൽ മാത്രമേ തന്റേതായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാനും, ശരികൾക്കും തെറ്റുകൾക്കും അതിന്റേതായ സ്ഥാനങ്ങൾ കൽപിക്കുവാനും പക്വമായ മനസ്സ് നമ്മളെ തയ്യാറാക്കുകയുള്ളു.

ആ വായനയിൽ അയാളെന്റെ ചങ്കിൽ തടഞ്ഞു...

വായനയെ സ്വാധീനിച്ച കഥാപാത്രങ്ങൾ ഒരുപാടുണ്ടെങ്കിലും ഏറ്റവും അധികം സ്വാധീനിച്ചത് "ഹീത്ത് ക്ലിഫ് "എന്ന പരുക്കനായ നായകൻ ആണ്. എമിലി ബ്രോന്റെയുടെ 'wuthering heights "എന്ന നോവലിലെ, നായകന്റെ യാതൊരു പരിവേഷവും ഇല്ലാത്ത ആ ചെറുപ്പക്കാരൻ. അവനും നിഷേധിക്കപ്പെട്ട പ്രണയത്തിന്റെ ജീവച്ഛവം ആണ്. കാത്തി എന്ന തന്റെ കാമുകിയുടെ ശവകുടീരത്തിനരികിൽ എന്നും രാത്രി പോയി കിടന്നുറങ്ങുമ്പോൾ, പ്രതികാരമായി മാറിയ പ്രണയത്തിന്റെ വക്താവായി മാറുന്നു heathclif. ഭ്രാന്തമായ പ്രണയത്തിന്റെ ബലികുടീരം അവനിൽ തന്നെ സ്വയം പണിതുയർത്തുന്നു. മറ്റുള്ള ക്ളീഷേ നായകന്മാരിൽ നിന്നും രൂപത്തിലും ഭാവത്തിലും അവൻ വേറിട്ടു നിൽക്കുന്നു എന്നുള്ളതാണ് അവനോട് അടുപ്പിച്ചത്.

anupama-book

പ്രണയ ഭാവങ്ങളിൽ നിന്നും പാപങ്ങളിൽ എത്തുമ്പോൾ...

വ്യത്യാസം ഒരുപാടാണ്. 22വയസ്സുള്ള ഒരാൾ തന്നെയാണ് നിങ്ങൾ 30വയസ്സുള്ളപ്പോഴും എങ്കിൽ ജീവിതത്തിൽ നിങ്ങൾ പരാജിതരാണ്.. നമ്മളെ മാറാൻ സമൂഹം അനുവദിക്കുന്നില്ല എന്നതാണ് ഒരു കാരണം. യൗവനത്തിൽ ഒരാൾ ചെയ്ത തെറ്റിനെ അയാളുടെ നാൽപ്പതാം വയസ്സിലും സമൂഹം ഓർത്തു കൊണ്ടിരിക്കുകയും, അയാൾ അപ്പോഴും അങ്ങനെ തന്നെ ആവും എന്ന് വിലയിരുത്തുകയും ചെയ്യും. 

പ്രണയവും അങ്ങനെ തന്നെ. മാറുക തന്നെ ചെയ്യും. പക്വത കൈവരിക്കും. ശരീരത്തെയും മനസ്സിനെയും മറികടന്നു അത് മറ്റൊരു തലത്തിലേക്ക് ഉയരണം. പറയാതെ അറിയാൻ കഴിയുന്ന പലതിനും ഒരു ടെലിപ്പതിക് സെൻസ് അനുഭവിക്കാൻ കഴിയും. ഒടുവിൽ പ്രണയിതാവിനു രൂപം ഇല്ലാതാവുകയും അരൂപിയായി മാറുകയും ചെയ്യും. പ്രണയം പ്രഹേളിക ആവുന്നു. പക്വത കൈവരിക്കണം. എല്ലാത്തിനെയും ഒരുപോലെ സ്നേഹിക്കാനും കാണാനും കഴിയണം. പ്രണയ നഷ്ടങ്ങളിൽ കരയാതിരിക്കുകയും നേട്ടങ്ങളിൽ സന്തോഷിക്കാതിരിക്കുകയും ചെയ്യണം. ബുദ്ധയാവണം.

കാലം മാറുമ്പോൾ എഴുത്ത് മാറുന്ന വിധം :

ഞാൻ എന്ന വ്യക്തിയെ എഴുത്തിൽ നിന്നും ഒഴിച്ചു നിർത്താനാവില്ല. അത്രയും സാധാരണക്കാരിയായ ഒരുവളുടെ വാക്കുകൾക്ക് ഒരിക്കലും സങ്കീർണം ആകാൻ കഴിയില്ല. നിഗൂഢത ഉണ്ടാകും. പക്ഷേ, ലളിതമായി മാത്രമേ എനിക്ക് എഴുതാൻ സാധിക്കു. ഞാൻ തന്നെ അനുഭവിക്കണം എന്നില്ല. കാണുന്നതും കേൾക്കുന്നതും ഞാനായി മാറി കവിത എഴുതുകുകയാണ്. എന്റെ സംസാര ഭാഷയാണ് എഴുത്തിലും. ഇംഗ്ലീഷിന്റെയും, നാടൻ ഭാഷയുടെയും അതിപ്രസരം എഴുത്തിൽ കാണാൻ സാധിക്കും. എന്റെ ഓരോ വരിയിൽ നിന്നും എന്നെ വായിച്ചെടുക്കാൻ സാധിക്കും. വൃത്തത്തിന്റെ ചട്ടക്കൂടുകൾക്കു പുറത്താണ് എന്റെ കവിത. എന്നാൽ ഞാനെന്ന വ്യക്തി സമൂഹം എന്ന ചട്ടക്കൂടിനു അകത്തും.

രതിയും പ്രണയവും തെറ്റാണെന്ന് പറയാത്ത ഒരു എഴുത്തുകാരിയാകുമ്പോൾ തന്നെ ഇതേ കുറിച്ചൊക്കെ തുറന്ന് സംസാരിക്കാൻ ഭയക്കുന്ന മനുഷ്യൻ...

prenaya-papangalude-pusthakam

ഭാവനക്ക് അതിരു കൽപിച്ച മനുഷ്യന്റെ അവസാന വാക്കാണ് രതി എന്നു ഞാൻ വിശ്വസിക്കുന്നു. രതിയും പ്രണയവും ഒന്നാണെന്നു പറയുമ്പോഴും രണ്ടായി കാണാൻ ചിലപ്പോഴൊക്കെ ഞാൻ ആഗ്രഹിക്കുന്നു. പ്രണയത്തിൽ രതി വേണമെന്ന് നിർബന്ധമില്ല. ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത രണ്ടുപേർക്കു പ്രണയിക്കാം. അതിൽ രതിക്ക് യാതൊരു പങ്കുമില്ല. ഇതേക്കുറിച്ചു പറയാൻ ഭയക്കുന്നതല്ല. ആദ്യ പുസ്തകത്തിൽ വളരെ തുറന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. പക്ഷേ, "പ്രണയ പാപങ്ങളിൽ "രതിക്ക് സ്ഥാനമില്ല. പാപമായി മാറിയത് കൊണ്ടല്ല ഒരിക്കലും. രതിക്കും അപ്പുറത്തുള്ള ചിലതാണ് അതിൽ. ആ പരമാനന്ദം രതിക്കും അപ്പുറമാണ്.. അങ്ങനെയുള്ള കവിതകളാണ് ഈ പുസ്തകത്തിൽ അധികവും.

പ്രണയം പാപമായതു കൊണ്ടല്ല ആ പേര്...

പ്രണയം പാപമായതു കൊണ്ടല്ല, സമൂഹത്തിൽ എങ്ങനെയാണ് ഏതൊക്കെ തരത്തിലാണ് പ്രണയം പാപമായി തീരുന്നതു എന്ന ചിന്തകൾക്കൊടുവിലാണ് ഇങ്ങനെയൊരു പേരിലേക്ക് എത്തി ചേർന്നത്. കവിതകൾ ഓരോന്നും ഓരോ തരത്തിൽ ഉള്ളതാണ്, പ്രണയ പാപങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതു പോലെ. 

വിവാഹിതയായ ഒരുവളുടെ ഭൂതകാലത്തിലേതല്ലാത്ത പ്രണയങ്ങൾ പാപമായി മാറുന്നു. ശരിയുടെ മണമുള്ള മനോഹരങ്ങളായ പാപങ്ങൾ ബൗദ്ധിക തലത്തിലെ ആത്മചോദനകളുടെ തലോടലേൽക്കാത്ത പ്ലേറ്റോണിക് പ്രണയങ്ങളാണ്. ജീവിതത്തിൽ പ്രാവർത്തികം ആക്കാൻ പറ്റാത്ത പലതിന്റേയും സൈദ്ധാന്തിക ആവിഷ്കാരമാണ് എനിക്ക് കവിത. പലകാലങ്ങളായി പറഞ്ഞും പറയാതെയും വഴിമാറിയും പോയ പ്രണയങ്ങൾ പലതും അക്ഷരങ്ങളിൽ അലസം തുന്നിയിടുന്നു. കേട്ട കഥകൾ, കാഴ്ചകൾ, അനുഭവങ്ങൾ, ആവിഷ്കാരങ്ങൾ ഒക്കെ ലിംഗഭേദമില്ലാതെ കവിതകളായി മാറുന്നു.

എന്നെ ലാളിച്ചു നിർത്തുന്നത്...

എന്നെ ലാളിച്ചു നിർത്തുന്നതു മുഴുവൻ സുഹൃത്തുക്കളാണ്. എന്റെ സ്വകാര്യ അഹങ്കാരമാണ് അവരെന്ന് വേണമെങ്കിൽ പറയാം. ഒരുപക്ഷേ, എഴുത്തുകാരി എന്ന ലേബലിൽ ആവില്ല ഇവരൊക്കെ എന്നെ നോക്കിക്കാണുന്നത്. ഗൗരവമായി ഇടുന്ന പോസ്റ്റുകൾക്ക്‌ കളിയാക്കലുകളും ട്രോളുകളും ആയി മറുപടി പറയുന്ന ഇക്കൂട്ടരാണ് വീണു പോകേണ്ട ഓരോ സാഹചര്യത്തിലും താങ്ങും തണലുമായി എന്നെ പിടിച്ചു നിർത്തുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവരൊന്നും ഇല്ലെങ്കിൽ നിലനിൽപില്ല എന്നുവരെ ഇടക്കൊക്കെ തോന്നാറുണ്ട്

സോഷ്യൽ മീഡിയയ്ക്ക് അപ്പുറവും വായനയുണ്ട്..

വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ചോദ്യമാണ്. സോഷ്യൽ മീഡിയക്ക് അപ്പുറമുള്ള വായനക്കൂട്ടത്തെ തൃപ്തിപെടുത്താൻ ആകുമോ എന്നൊരു ആകാംഷ എനിക്കുണ്ട്. കവിതകൾ കൂടുതൽ പോസ്റ്റ്‌ മോഡേൺ ആണ്. ആ ഒരു മീഡിയത്തിൽ നിറഞ്ഞു നിൽക്കുന്ന വാക്കുകളും ആശയങ്ങളും ആകും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവരുടെ അഭിപ്രായങ്ങളെ ആണ് കൂടുതൽ ഉറ്റുനോക്കുന്നത്.

എഴുതാൻ കലഹം നടത്തേണ്ടതില്ല: 

ഒരിക്കലും ഒന്നിനോടും കലഹം നടത്തുന്ന ഒരാളല്ല ഞാൻ. ആരെയും വേദനിപ്പിക്കുന്നത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. എന്തെഴുതുമ്പോഴും വ്യവസ്ഥിതിക്ക് അടിമയായി നിന്നു കൊണ്ട് എഴുതാൻ ശ്രമിക്കുന്നു. സ്വന്തമായി അഭിപ്രായം ഇല്ല എന്നല്ല അതിനർത്ഥം. എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണ പങ്കുവെക്കാറുണ്ട്. എന്നാൽ എന്റെ അഭിപ്രായം മറ്റൊരു ജീവനു വേദന ആയോ ശല്യം ആയോ ബുദ്ധിമുട്ടായോ മാറുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിപ്പോൾ കുടുംബം ആയാലും, സൗഹൃദം ആയാലും, സമൂഹം ആയാലും. എല്ലാത്തിനോടും കലഹിച്ചു നടക്കുന്ന ഇന്നത്തെ യുവജനങ്ങളെ കാണുമ്പോൾ പലപ്പോഴും അതിശയം തോന്നാറുണ്ട്. പക്വത ഇല്ലാത്ത മനസുകളായി മാത്രമേ ഞാൻ അവരെ കാണാൻ ആഗ്രഹിക്കുന്നുള്ളു. കാലം തിരുത്തി കുറിച്ചേക്കാവുന്ന പ്രശ്നങ്ങളെ അവർക്കുള്ളു.

എഴുത്ത് നൽകുന്ന ആനന്ദങ്ങൾ....

എഴുതുമ്പോൾ ഒരിക്കലും ആനന്ദം ഉണ്ടാകുന്നില്ല. കവിതയായി രൂപപ്പെടുന്നത് വരെ വേദനയാണ്. ഒടുവിൽ ആശ്വാസവും. നർത്തകി എന്ന നിലയിലാണ് ഞാൻ ഏറ്റവും അധികം ആനന്ദം അനുഭവിക്കുന്നത്. എന്നിരുന്നാലും കവിതകൾ നൽകുന്ന വേദനയും, ചെറുകഥകൾ എഴുതുമ്പോൾ ഉള്ള സന്തോഷവും, ആനുകാലിക സംഭവങ്ങളെ കുറിക്കുമ്പോൾ കിട്ടുന്ന ഉന്മേഷവുമെല്ലാം എഴുത്തിൽ നിന്നുണ്ടാകുന്ന ബോണസുകൾ തന്നെയാണ്.

പുതിയ എഴുത്തുകൾ...

പുതിയ എഴുത്തുകൾ പഴയ എഴുത്തുകൾ, അങ്ങനെ ഒന്നില്ലായെന്നു തോന്നുന്നു. കാലഘട്ടം ആവശ്യപ്പെടുന്ന എഴുത്തുകൾ മാത്രമാണ് ഉള്ളത്. സോഷ്യൽ മീഡിയകളിൽ എഴുത്തുകാർക്ക് പഞ്ഞമില്ല. അതെല്ലാം തന്നെ വായിക്കണമെന്ന ഉദ്ദേശത്തോടെ ഓരോരുത്തരും എഴുതുന്നതാണ്. പുസ്തകങ്ങളിൽ നിന്നും കിട്ടുന്ന അറിവുകളെക്കാൾ എന്നെ വളർത്തിയത് ഓൺലൈൻ എഴുത്തുകൾ ആണ്. ഒരു പുസ്തകം വായിക്കാനോ അല്ലെങ്കിൽ പുസ്തകോത്സവങ്ങളിൽ പങ്കെടുക്കാനോ എനിക്ക് സാധിച്ചില്ലെങ്കിലും, തിരക്കുകൾക്കിടയിൽ ഓൺലൈൻ വായന നടക്കാറുണ്ട്. അത് വളരെ എളുപ്പം ആയതു കൊണ്ടാണ്. അതിൽ മികച്ചവർ അംഗീകരിക്കപ്പെടും എന്നത് ഉറപ്പുള്ള കാര്യമാണ്. വലിയൊരു അവസരം ആണ് എഴുത്തുകാർക്ക് ഈ ഇടം നൽകുന്നത്.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA