Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോര്‍ജ് ജോസഫ് എന്തുകൊണ്ടാണ് ഇപ്പോള്‍ കഥകളെഴുതാത്തത്?

george-joseph-books ഇപ്പോള്‍ ജോര്‍ജ് ജോസഫ് കെ നിശ്ശബ്ദതയിലാണ്. അദ്ദേഹത്തില്‍ നിന്ന് കഥകള്‍ വന്നിട്ട് കാലമേറെയായി. എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ കഥകള്‍ എഴുതാത്തത്?

തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ തീവ്രമായ ഭാഷയില്‍ അവതരിപ്പിച്ചുകൊണ്ട് മലയാള ചെറുകഥാസാഹിത്യത്തെ പിടിച്ചുലച്ചുകളഞ്ഞ കഥാകൃത്ത്. അനുഭവങ്ങളുടെ വന്‍കരയില്‍ നിന്നുകൊണ്ട് ജോര്‍ജ് ജോസഫ് കെ എന്ന പച്ചയായ മനുഷ്യന്‍ കാച്ചിക്കുറുക്കിയെടുത്ത  മിക്ക കഥകളുടെ പിന്നിലും എം പി പോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍  ചോര പൊടിഞ്ഞിട്ടുണ്ടായിരുന്നു. അവന്‍ മരണയോഗ്യനും കടലിരമ്പവും കസേരകളിയും പോലെയുള്ള കഥകള്‍ മലയാളിക്ക് സമ്മാനിച്ചത് പുതിയൊരു ജീവിതപ്രപഞ്ചം തന്നെയായിരുന്നു. 

എന്നിട്ടും ഇപ്പോള്‍ ജോര്‍ജ് ജോസഫ് കെ നിശ്ശബ്ദതയിലാണ്. അദ്ദേഹത്തില്‍ നിന്ന് കഥകള്‍ വന്നിട്ട് കാലമേറെയായി. എന്തുകൊണ്ടാണ് ജോര്‍ജ് ജോസഫ് കെ ഇപ്പോള്‍ കഥകള്‍ എഴുതാത്തത്? വ്യക്തിപരമായ ആ സംശയവും ചോദ്യവും കൊണ്ടുചെന്നെത്തിച്ചത് ഈ അഭിമുഖത്തിലായിരുന്നു.

ഏറെക്കാലമായി താങ്കള്‍ ഒരു കഥ എഴുതിയിട്ട്. എന്തുകൊണ്ടാണ് എഴുത്തിന്റെ കാര്യത്തില്‍ ഇത്ര നീണ്ട നിശ്ശബ്ദത?

എനിക്ക് എന്റേതായ എഴുത്ത് രീതികളുണ്ട്. അതിനെ ബ്രേക്ക് ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. അതെന്റെ കുറവാണോ നേട്ടമാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പുതിയ കാലത്തെ പ്രതിനിധാനം ചെയ്യുന്ന കഥകള്‍ എഴുതാന്‍ എനിക്കറിയില്ല  എന്നതാണ് സത്യം. അങ്ങനെയൊക്കെ പറയാവുന്നതാണോ എന്നും എനിക്കറിയില്ല.

പക്ഷേ ഒരു കാര്യം സത്യമാണ് പുതിയ കുട്ടികള്‍ എഴുതുന്നതുപോലെ എനിക്ക് എഴുതാന്‍ കഴിയുന്നില്ല. വാര്‍ഷികപ്പതിപ്പുകളിലേക്ക് കഥ ചോദിക്കുമ്പോള്‍ പോലും എനിക്ക് എഴുതാന്‍ കഴിയുന്നില്ല. കഥ പറ്റില്ല അനുഭവക്കുറിപ്പ് തരാം എന്നാണ് ഞാന്‍ ഇപ്പോള്‍ പത്രാധിപന്മാരോട് പറയാറ്.

george-joseph

എന്നാല്‍ എനിക്ക് തോന്നുന്ന മറ്റൊരു കാര്യം കൊട്ടിഘോഷിക്കപ്പെടുന്ന  ചില കഥകളെങ്കിലും അത്രത്തോളം നല്ലതല്ല എന്നതാണ്. നൂറുകഥകളൊക്കെ വായിച്ചാല്‍ രണ്ടോ മൂന്നോ എണ്ണം മാത്രമേ മനസ്സില്‍ തങ്ങിനില്ക്കുന്നുള്ളൂ.  മറ്റുള്ളവയെല്ലാം തലയ്ക്ക് മുകളിലൂടെ കടന്നുപോകുന്നവയാണ്. എല്ലാവരും നല്ലതെന്ന് വാഴ്ത്തിപ്പാടുന്ന കഥകള്‍ അത്രയ്ക്കും നല്ലതാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ സംശയം ഞാന്‍ ഒരു സുഹൃത്തിനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹവും പറഞ്ഞു, അല്ല അത്ര നല്ലതൊന്നുമല്ല. അപ്പോള്‍ എന്റെ ചോദ്യം ഇതാണ്. തനിമയില്ലാതെ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത്? വിമര്‍ശനത്തില്‍ പോലും ആത്മാര്‍ത്ഥതയില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്?

പുതിയ കാലത്തെ കഥകളുടെ പ്രത്യേകതയായി എന്താണ് തോന്നുന്നത്? നല്ല കഥകള്‍ ഉണ്ടാകുന്നില്ല എന്നാണോ?

അല്ല നല്ല കഥകള്‍ തീര്‍ച്ചയായും ഉണ്ടാകുന്നുണ്ട്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി നല്ല കഥയായിരുന്നു. പക്ഷേ ഇപ്പോള്‍ മിക്ക കഥകളുടെയും ദൈര്‍ഘ്യം  കൂടുതലാണ്. ഇലസ്‌ട്രേഷന്‍ ഉള്‍പ്പടെ പത്തും പതിനാറും പേജുകളൊക്കെയാണ് ഇപ്പോഴത്തെ കഥകള്‍. അത് എന്നെ സംബന്ധിച്ചിടത്തോളം വായന മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസപ്പെടുത്തുന്ന കാര്യമാണ്.

കഴിഞ്ഞ ദിവസം ഞാന്‍ വി. പി ശിവകുമാറിന്റെയും ഒ വി വിജയന്റെയുമൊക്കെ കഥകളാണ് വായിച്ചത്. വി. പി യുടെ കുളി എന്നൊരു കഥയുണ്ട്. വളരെ ചെറിയ കഥ. ജനിച്ചപ്പോള്‍ കുളിച്ചു. തിരണ്ടപ്പോള്‍ കുളിച്ചു. മരിച്ചപ്പോള്‍ കുളിച്ചു. ജീവിതത്തെ ഇപ്രകാരം ചുരുക്കിയും ഹൃദ്യമായും അവതരിപ്പിക്കുന്ന കഥകള്‍ ഇപ്പോള്‍ വളരെ കുറവാണ്. കൈക്കുമ്പിളിലൊതുക്കുന്ന കഥകള്‍ കുറഞ്ഞുവരുന്നു. വിരസതയും സ്ഥൂലതയുമാണ് ഇന്നത്തെ മിക്ക കഥകള്‍ക്കും.

 

പുതിയ കാലത്തിന്റെ പ്രത്യേകത എന്താണെന്നാണ് നിരീക്ഷണം?

സ്പീഡ് യുഗത്തിലാണ് ഇന്നത്തെ കുട്ടികള്‍ ജീവിക്കുന്നത്. ഈസി വേയാണ് അവരുടേത്. ശുഭാപ്തിവിശ്വാസം അവര്‍ക്ക് കൂടുതലാണ്. അഞ്ചു മണിക്കുള്ള ട്രെയിന്‍ പിടിക്കണമെങ്കില്‍ നമ്മള്‍ നാലു മണിയാകുമ്പോഴേ വീട്ടില്‍ നിന്നിറങ്ങിയിരുന്നു. ട്രെയിന്‍ മിസ്സായാലോ. പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍ നാലേ മുക്കാല്‍ വരെ കിടന്നുറങ്ങും. പതിനഞ്ച് മിനിറ്റുകൊണ്ട് കാര്യം നടത്തി ട്രെയിന്‍ പിടിക്കുകയും ചെയ്യും. ട്രെയിന്‍ കിട്ടാതെ വന്നാലോ എന്ന് നെഗറ്റീവ് പറയാതിരിക്കൂ എന്ന് അവര്‍ നമ്മളോട് പറയും. അവര്‍ക്കറിയാം ട്രെയിന്‍ കിട്ടുമെന്ന്..

ഇടയ്ക്ക് കവിതകളെഴുതാറുണ്ടല്ലോ?കഥയില്‍ നിന്ന് കവിതയിലേക്കുള്ള ദൂരം?

അഞ്ചാറ് വര്‍ഷമായി കവിതകളെഴുതാറുണ്ട്. ഭാഷാപോഷിണി, മാതൃഭൂമി, മാധ്യമം എന്നിവയിലെല്ലാം കവിതകള്‍ വന്നിട്ടുണ്ട്. ചില കാര്യങ്ങള്‍ കഥയായി എഴുതാന്‍ പറ്റാത്തവയാണ്. അങ്ങനെയുള്ളവയെ ആണ് കവിതയാക്കുന്നത്. മനസ്സിനെ കൂടുതല്‍ സ്പര്‍ശിക്കുന്നത് കവിതയാണെന്ന് തോന്നുന്നു. അത് കൂടുതല്‍ എളുപ്പമാണ്.

അടുത്തയിടെ പ്രസിദ്ധീകരിച്ച വീട് എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടതാണല്ലോ..

എന്റെ വീടുപണി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് അതെഴുതിയത്. വീടു പണിയാന്‍ വന്നവര്‍ എന്നോട് ചോദിച്ചു സാറിപ്പോ എന്താണ് ഒന്നും എഴുതാത്തത്. അങ്ങനെയിരിക്കുമ്പോഴാണ് ഈ കവിതയെഴുതിയത്. ഞാന്‍ ആദ്യം ഈ കവിത വായിച്ചുകേള്‍പ്പിച്ചത് ഈ പണിക്കാരെ തന്നെയായിരുന്നു. വലിയ വായനയും അറിവും ഇല്ലാത്തവരായിരുന്നിട്ടും അവര്‍ പറഞ്ഞു സാറേ  ഈ കവിത സൂപ്പറാണെന്ന്. ഇത് ഭയങ്കര ടച്ചിംങാണെന്ന്.. പിന്നെ എന്റെ ഒരു സുഹൃത്തിനെ ഈ കവിത ഫോണിലൂടെ വായിച്ചുകേള്‍പ്പിച്ചു. അദ്ദേഹവും നല്ല അഭിപ്രായം പറഞ്ഞു. കവിതയുടെ അവസാനത്തെ രണ്ടു വരി വല്ലാതെ നെഞ്ചില്‍  കൊണ്ടുവെന്ന്. പിന്നെയത് പികെ പാറക്കടവിന് അയച്ചുകൊടുത്തു. അദ്ദേഹമത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മാറുന്ന കാലത്തിന്റെ പരിച്ഛേദമായി ആ കവിതയെ വിലയിരുത്താന്‍ കഴിയും?

എന്തെഴുതുമ്പോഴും സമൂഹത്തിലേക്ക് നോക്കി എഴുതണം എന്നതാണ് എന്റെ ഒരു രീതി. എല്ലാവര്‍ക്കും സ്വന്തം വീട് സുരക്ഷിതമാക്കുന്നതിലാണ് താല്പര്യം. സ്വാര്‍ത്ഥതയിലേക്ക് മനുഷ്യന്‍ ഒതുങ്ങിപ്പോയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്. മതിലുകളില്ലാത്ത ലോകമായിരുന്നു പണ്ടുണ്ടായിരുന്നത്. രണ്ട് സെന്റ്  സ്ഥലമുള്ള എന്റെ വീടിന്റെ മുറ്റത്തുകൂടിയായിരുന്നു അയല്‍ക്കാരന്‍ നടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഇന്ന് ആ അവസ്ഥ മാറി.

നമ്മുടെ വീട് സുരക്ഷിതമാക്കുന്നതിലപ്പുറം നമുക്ക് മറ്റൊന്നിലും ശ്രദ്ധ ഇല്ലാതായി. ഗെയ്റ്റും വാതിലുകളും ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം. എല്ലാവരും പരസ്പരം ഭയക്കുന്നു. സുരക്ഷിതത്വം ആഗ്രഹിക്കുന്നു. ഇങ്ങനെയൊക്കെ പറയുമ്പോഴും ഞാനും വീടിന് വാതിലുകളും ഗെയ്റ്റുകളും വച്ചിട്ടുണ്ട്. എങ്കിലും എഴുത്തുകാരന്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള പ്രതിബദ്ധത അറിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആ കവിതയെഴുതിയത്.

സമകാലീനരായ എഴുത്തുകാരെ വച്ചുനോക്കുമ്പോള്‍ കൃതികളുടെ എണ്ണത്തിലും താങ്കള്‍ വളരെ പിന്നിലാണല്ലോ

അടിസ്ഥാനപരമായി ഞാനൊരു മടിയനാണ്. എന്റെ ഒരു പുസ്തകത്തില്‍ എത്ര കഥകളുണ്ട് എന്നുപോലും എനിക്കറിയില്ല. കഥയെഴുതുന്നതോടെ ആ കഥ വായനക്കാരന്റെ സ്വന്തമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. വായനക്കാരന്‍ ആ കഥകള്‍ സൂക്ഷിച്ചുവയ്ക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ. ഞാന്‍ അച്ചടിച്ചുവരുന്ന കഥകളൊന്നും സൂക്ഷിക്കാറില്ല.

ടിവി കൊച്ചുബാവയെ ഓര്‍മ്മിക്കുന്നു ഞാന്‍. ഏതെങ്കിലും ഒരുപ്രസിദ്ധീകരണത്തില്‍ അവന്റെ ഒരു കഥ അച്ചടിച്ചുവന്നാല്‍ അവന്‍ അതിന്റെ നാലു കോപ്പികള്‍ വാങ്ങും. രണ്ടെണ്ണം രണ്ട് ഫയലിലായി ഫയല്‍ ചെയ്തു വയ്ക്കും.ഒന്ന് വീട്ടിലെ ടീപ്പോയില്‍ വയ്ക്കും. മറ്റേത് ആരെങ്കിലും ചോദിച്ചാല്‍ വായിക്കാന്‍ കൊടുക്കും. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ കൊച്ചുബാവയെ അനുകരിച്ച് എന്റെ ഭാര്യ ലൗലി ഇപ്രകാരം ചെയ്യുമായിരുന്നു. പക്ഷേ എന്റെ സ്വഭാവം എന്താണെന്നുവച്ചാല്‍ അവള്‍ ഫയല്‍ചെയ്തു വയ്ക്കുന്നതുകൂടി ഞാന്‍ ആര്‍ക്കെങ്കിലും വായിക്കാന്‍ കൊടുക്കും. പിന്നെ പിന്നെ അവളും ആ പതിവ് നിര്‍ത്തി. എന്റെ അനുഭവക്കുറിപ്പുകളോ കഥകളോ ഒന്നും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടില്ല. സുഹൃത്തുക്കളാണ് കഥകള്‍ സമാഹരിച്ച് പുസ്തകമിറക്കാന്‍ സഹായിച്ചത്. അതുകൊണ്ട് രണ്ടാമത്തെ പുസ്തകം ഞാന്‍ ആ സുഹൃത്തിന് തന്നെയാണ് സമര്‍പ്പിച്ചിരിക്കുന്നത്.

യു.കെ കുമാരന്‍, അശോകന്‍ ചരുവില്‍, ടി. വി കൊച്ചുബാവ എന്നിവര്‍ക്കൊപ്പമാണ് ജോര്‍ജ് ജോസഫ് കെ കഥകളെഴുതിയതുടങ്ങിയത്. ഇപ്പറഞ്ഞവരൊക്കെ  അനേകം കൃതികള്‍ ഇറക്കിയെങ്കിലും ജോര്‍ജ് ജോസഫിന്റേതായി ഇതുവരെ പുറത്തിറങ്ങിയത് ആകെ നാലു പുസ്തകങ്ങള്‍ മാത്രം. രണ്ട് കഥാസമാഹാരവും നാണക്കേടിന്റെ സ്മാരകമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു നോവലും പിന്നെ മറിയാമ്മ എന്ന മറിമായം എന്ന കൃതിയും. 

സ്വന്തം രചനകളോട് പോലും  മമത പുലര്‍ത്താത്ത ഒരേയൊരാള്‍ ഒരുപക്ഷേ ഞാനായിരിക്കും എന്ന് പറഞ്ഞ് ജോര്‍ജ് ജോസഫ് കെ ചിരിക്കുന്നു.  ഒരു കഥാകൃത്തിന്റെ മക്കളായി അറിയപ്പെടാന്‍ എന്റെ മക്കള്‍ക്ക് ആഗ്രഹമൊന്നുമില്ല. അവരാഗ്രഹിക്കുന്നത് ഞാന്‍ അവര്‍ക്ക് നല്ലൊരു അച്ഛനാകണം എന്ന് മാത്രമേയുള്ളൂ.  അദ്ദേഹം വീണ്ടും ചിരിക്കുന്നു.

ഭേദപ്പെട്ട അവാര്‍ഡുകളൊന്നും ഇദ്ദേഹത്തെ തേടി ഇതുവരെയും വന്നിട്ടില്ല. അതിനും കാരണമുണ്ട്. ഒരു അവാര്‍ഡിനും സ്വന്തം രചനകള്‍ അയച്ചുകൊടുക്കാന്‍ അദ്ദേഹം താ്‌ല്പര്യപ്പെടാറില്ല. അടുത്തയിടെ കേന്ദ്രസാഹിത്യഅക്കാദമിയുടെ കള്‍ച്ചറല്‍ മിനിസ്ട്രിയുടെ സീനിയര്‍ ഫെലോഷിപ്പ് ഇദ്ദേഹത്തിന് കിട്ടിയിരുന്നു. മണ്ണും പെണ്ണും സേതുവിന്റെ നോവലുകളില്‍ എന്നതായിരുന്നു വിഷയം. 

ഈ  ഡിസംബറില്‍ അറുപതു വയസ് പൂര്‍ത്തിയാകുന്ന, ബഷീറിനെ  എല്ലാ വിധത്തിലും ബഹുമാനിക്കുന്ന ഇദ്ദേഹം പുഞ്ചിരിയോടെ പറയുന്നു, ഖജനാവിലെ സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഞാനറിയുന്നു. അതിന് മുമ്പ് ഒരു നോവലെഴുതണം.  ക്രിസ്തുവും ഞാനും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി ഒരു നോവല്‍.