Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോസൾഫാൻ; പോരാട്ടങ്ങൾ അവസാനിക്കുന്നില്ല...

ma-rahman റഹ്‌മാൻ മാഷിന് ഇപ്പോഴും പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ പുസ്തകത്തെക്കാളും മറ്റു വായനകളേക്കാളുമുപരി എൻഡോസൾഫാൻ ദുരന്തത്തെ കുറിച്ചും അതിലെ ഇരകളെ കുറിച്ചുമായിരുന്നു. അദ്ദേഹം സംസാരിക്കുന്നു...

ഒരു പുസ്തകം എത്രത്തോളം സത്യസന്ധമാകാം? അതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാകാം "ഓരോ ജീവനും വിലപ്പെട്ടതാണ്" എന്ന എം എ റഹ്‌മാൻ മാഷിന്റെ പുസ്തകം. 2016 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹമായ കൃതി എന്നതിനപ്പുറം ഒരു ജനതയുടെ നോവിന്റെ തീക്ഷ്ണത അപ്പാടെ പകർത്തപ്പെട്ട 63 ലേഖനങ്ങളുടെ സമാഹാരമാണ് പേരുപോലെ തന്നെ ഈ പുസ്തകം.

Oro-Jeevanu1

വർഷങ്ങളായി എൻഡോസൾഫാൻ ദുരന്തബാധിതർക്കായുള്ള പോരാട്ടത്തിലെ എഴുത്തു സാന്നിധ്യമായിരുന്നു എം എ റഹ്‌മാൻ. നേർ ജീവിതം പകർത്തപ്പെട്ടതുകൊണ്ടുതന്നെ ആ ലേഖനങ്ങളിൽ ജീവനും ജീവിതവുമുണ്ട്. മറ്റേതൊരു സാധാരണ അഭിമുഖവും പോലെയല്ല, റഹ്‌മാൻ മാഷിന് ഇപ്പോഴും പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ പുസ്തകത്തെക്കാളും മറ്റു വായനകളേക്കാളുമുപരി എൻഡോസൾഫാൻ ദുരന്തത്തെ കുറിച്ചും അതിലെ ഇരകളെ കുറിച്ചുമായിരുന്നു. അദ്ദേഹം സംസാരിക്കുന്നു:

അധ്യാപകജീവിതത്തിൽ നിന്നും പോരാളിയിലേക്ക്...


ഒരിക്കലും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജീവന്റെയും ജീവിതത്തിന്റെയും ഭാഗ്യങ്ങൾ നഷ്ടപ്പെട്ട ഒരുപറ്റം മനുഷ്യരുടെ ബുദ്ധിമുട്ടുകളിലേക്ക് പോരാടാൻ ഇറങ്ങി ചെല്ലേണ്ടിയിരുന്നു. ഞാൻ ആദ്യം കോഴിക്കോടായിരുന്നു അധ്യാപനം നടത്തിക്കൊണ്ടിരുന്നത്, പിന്നീട് എൻഡോസൾഫാൻ വിഷയത്തിലുണ്ടായ ശ്രദ്ധകൾ വീണ്ടും ജന്മനാടായ കാസർകോടേക്ക് പറിച്ചുനടാൻ പ്രേരിപ്പിച്ചു. പല കഥകളും എനിക്ക് മുന്നിലുണ്ടായിരുന്നു. അവിടെ എൻഡോസൾഫാൻ ദുരന്തമനുഭവിക്കുന്ന വെള്ളൂർ ഗ്രാമത്തിലെത്തി ഒരു ഗ്രാമീണനോട് അവിടെ നടന്ന അവസ്ഥകളെ കുറിച്ച് സംസാരിച്ചു.

ഹെലിക്കോപ്റ്ററിൽ നിന്ന് തുള്ളി തുള്ളിയായാണ് എൻഡോസൾഫാൻ വീഴുന്നത്. കർഷകൻ വിള വിതയ്ക്കുന്ന പാടത്തെ ചിതലുകൾ ഇത് കഴിക്കുന്നു. അതിനു ശേഷം ചത്തുപൊങ്ങുന്ന ചിതലുകളെ പാടത്തെ തവള കഴിക്കുന്നു. തവള ഏകദേശം വൈകുന്നേരമാകുമ്പോഴേക്കും തളർന്നു പാതി പ്രാണനോടെ കരയിൽ മലച്ചു കിടക്കും. ഇതിനെ വീടുകളിൽ വളർത്തുന്ന കോഴി കഴിക്കുന്നു. പിറ്റേന്നോടെ കോഴിയും ഇതേ അവസ്ഥയിലെത്തും, ഇതൊന്നുമറിയാതെ മരിക്കാറായ കോഴിയെ കറി വച്ച് മനുഷ്യർ കഴിക്കുന്നു. അതോടു കൂടി വളരെ കൃത്യമായ ഒരു ഭക്ഷണ ചക്രത്തിൽ ജീവിക്കുന്ന മനുഷ്യനിലേക്കും വിഷത്തിന്റെ അംശങ്ങൾ പകരുകയും അസുഖങ്ങളിലേക്ക് അവനെത്തുകയും ചെയ്യുന്നു.

ആദ്യത്തെ എഴുത്ത്..

book-publishing



ഈ വിഷയത്തിൽ ആഴത്തിലിറങ്ങിയപ്പോൾ അതിനുവേണ്ടി പോരാടാൻ തന്നെ തീരുമാനിച്ചു. മാധ്യമത്തിലാണ് ഇതേ കുറിച്ച് ആദ്യമായി ഒരു ലേഖനം എഴുതുന്നത്. പിന്നീട് അതിൽതന്നെ ഒരു പരമ്പര ചെയ്തിരുന്നു ഇതേ വിഷയത്തിൽ. പക്ഷേ അത് എവിടെയും ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. അതിനുശേഷം ഇതേ വിഷയത്തിൽ ഡോക്യുമെന്ററിയുടെ ജോലി തുടങ്ങി. എൻഡോസൾഫാൻ ബാധിതമായ 11 ഗ്രാമങ്ങളിലും പോയി ഷൂട്ട് ചെയ്തും ഒക്കെയാണ് അത് ചെയ്തത്. അത് ശ്രദ്ധിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു. എങ്കിലും എഴുത്ത് നിർത്തിയില്ല. ഓരോ വിഷയമുണ്ടാകുമ്പോഴും എനിക്ക് പ്രതികരിയ്ക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗ്ഗം എഴുത്തായിരുന്നു. പോരാളികളുടെ നഷ്ടപ്പെടുന്ന ലക്ഷ്യബോധവും സർക്കാരിന്റെ അനീതിയും എല്ലാം എഴുതി, എഴുത്തുകൾ പലപ്പോഴും ഫലം കണ്ടു. അങ്ങനെയെഴുതിയ 63 ലേഖനങ്ങളുടെ സമാഹാരമാണ് "ഓരോ ജീവനും വിലപ്പെട്ടതാണ്" എന്ന ഓടക്കുഴൽ പുരസ്‌കാരം ലഭിച്ച പുസ്തകം.

എൻഡോസൾഫാൻ വിഷയത്തിൽ സംഭവിച്ചത്...

കേരളത്തിൽ 14 നദികളുള്ള ഏഴു ഭാഷകൾ സംസാരിക്കുന്ന ഒരു സംസ്ഥാനമാണ് കാസർഗോഡ്. പല സംസ്കാരങ്ങളുടെ ഒരു കേന്ദ്രമാണ് അവിടെ, ഒപ്പം നദികളാൽ സമൃദ്ധമായ സ്ഥലവും. ആദ്യം തനിനാടൻ രീതിയിലുള്ള കൃഷികളാൽ നിറഞ്ഞ പ്രദേശമായിരുന്നു ഇപ്പോൾ എൻഡോസൾഫാൻ ബാധിതമായ പതിനൊന്ന് പഞ്ചായത്തുകളും. സ്വാഭാവികമായി ഓരോ കാലത്തുമുണ്ടായിക്കൊണ്ടിരുന്ന ധാന്യങ്ങൾ കൃഷി ചെയ്തു അവർ അവരുടെ ജീവിതം കണ്ടെത്തിയിരുന്നു. അതേസമയത്താണ് കൊല്ലത്തെ കശുവണ്ടി വ്യവസായത്തിൽ വിളയ്ക്ക് കുറവ് കാരണം പ്രതിസന്ധിയുണ്ടാകുന്നത്.

കശുവണ്ടി വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യേണ്ടത് ആവശ്യമായി മാറിയതോടെ  കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ഈ പഞ്ചായത്തുകൾ ഏറ്റെടുത്ത് അവിടെ വൻ തോതിൽ പറങ്കിമാവ് കൃഷി ആരംഭിച്ചു. സ്വാഭാവികമായും വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിയുടെ വിളവ് കൂട്ടാൻ കീടനാശിനികൾ വേണ്ടി വരുന്നു. കശുമാവ് പൂക്കുന്ന സമയത്തുണ്ടാകുന്ന തേയിലക്കൊതുക് പോലെയുള്ള കീടങ്ങളെ തുരത്താൻ കീടനാശിനി അവിടെ അടിച്ചു തുടങ്ങി. ഇത്രയും വലിയ സ്ഥലത്ത് ഹെലികോപ്റ്റർ വഴി കീടനാശിനി തളിക്കാനുള്ള സാധ്യതകളിലേക്കാണ് സർക്കാർ എത്തിയത്. അതിനായി പലയിടങ്ങളിലും ഹെലിപ്പാഡുകൾ നിർമ്മിച്ചു.

എന്നാൽ ജനവാസമുള്ള സ്ഥലമാണ് അവിടെ ഇത്തരം കീടനാശിനി, എപ്രകാരം ഉപയോഗിക്കണം എന്ന പഠനമോ ഒന്നുമില്ലാതെ
ഉയരത്തിൽ നിന്നും എൻഡോസൾഫാൻ മിശ്രിതം വൃക്ഷങ്ങൾക്ക് മുകളിൽ വീഴ്ത്തി തുടങ്ങി. കീടനാശിനി കോപ്ടർ വഴി അടിക്കുമ്പോൾ പാലിക്കേണ്ട ഉയരത്തിന്റെ കണക്കുകളൊന്നും ഇവിടെ പാലിക്കപ്പെട്ടതേയില്ല. 1978 മുതലാണ് ആകാശമാർഗത്തിൽ കീടനാശിനി ഇവിടെ തളിച്ച് തുടങ്ങുന്നത്. ഇത് ഉപയോഗിക്കുന്ന കർഷകർക്കോ പണിക്കാർക്കോ പ്രത്യേകിച്ച് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാതെയാണ് ഈ പ്രയോഗം നടത്തിയത്. നീണ്ട 22 വർഷങ്ങളാണ് ജില്ലയിൽ ഈ മരുന്നടി തുടർച്ചയായി നടന്നത്. ഇപ്പോഴും അറിയില്ല, ആരുടെ നിർദ്ദേശപ്രകാരമാണ്, ഇത്തരം പ്രയോഗങ്ങൾ പഠനം പോലുമില്ലാതെ നടപ്പിലാക്കിയതെന്ന്. പ്ലാന്റേഷൻ കോർപ്പറേഷന് ഉത്തരവും പറയാനില്ല.

പോരാട്ടങ്ങളാരംഭിക്കുന്നു...

കാസർഗോട്ടെ എൻമകജെ എന്ന പഞ്ചായത്തിൽ ഒരു ചെറിയ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. മോഹൻ കുമാർ ആണ് ഈ വിഷയത്തിൽ ആദ്യമായി ശ്രദ്ധ കൊടുക്കുന്നത്. ഈ കാലത്തിൽ അദ്ദേഹത്തിനരികിൽ വന്ന രോഗികളുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നു. ആ സമയത്താണ് പഞ്ചായത്തിൽ മൂന്നു കാലുകളുള്ള ഒരു പശുക്കുട്ടി പിറക്കുന്നത്. ഇതും വർദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണവും കണക്കിലെടുത്ത് അദ്ദേഹം അന്വേഷണം ആരംഭിച്ചു. അതോടൊപ്പം അവിടുത്തെ കർഷകനായ ശ്രീ പെഡ്രെ, ഡോ. ശ്രീപതി എന്നിവർ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി, ശ്രീ പെഡ്രെ തന്റെ കാർഷിക മാസികയിൽ ഇതേ കുറിച്ച് എഴുതി. ഇത്തരം അന്വേഷങ്ങളിലൂടെ തന്നെയാണ് ഞാനും ഇവരിലേക്കെത്തുന്നത്.

m0

ആദ്യമായി ഇതേ കുറിച്ച് ഒരു ശ്രദ്ധിക്കപ്പെടുന്ന ലേഖനം വന്നത് 2000ൽ ഹിന്ദുവിലാണ്. അത് ഡോ. മോഹൻ കുമാർ എഴുതിയതാണ്. ഈ ലേഖനത്തോടെ രാജ്യതലത്തിൽ ഈ വിഷയം ശ്രദ്ധിക്കപ്പെട്ടു. അതോടെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ഏറ്റെടുത്ത്, റിപ്പോർട്ടുകൾ എഴുതപ്പെട്ടു. പക്ഷെ റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തെത്തിയില്ല. പക്ഷെ 2001ഓടെ പരസ്യമായ സമരരീതികൾ ആരംഭിച്ചു. ഹെലികോപ്റ്റർ തടയലായിരുന്നു ആദ്യത്തെ സമരരീതി. എന്നാൽ ഇതിന്റെ പേരിൽ പിന്നെ പോലീസ് ഇടപെട്ടു, അറസ്റ്റു വരിക്കലൊക്കെ ഉണ്ടായി. റിപ്പോർട്ട് ആരുടെയോ താൽപ്പര്യങ്ങൾക്ക് വഴങ്ങി പുറത്ത് എത്താത്ത കാരണം സമരമാർഗ്ഗം നീതികേടായാണ് സർക്കാർ എടുത്തത്.

ഈ വിഷയത്തിൽ പ്രതികരിച്ച മറ്റൊരാൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥ ശ്രീമതി ലീലാകുമാരിയമ്മയായിരുന്നു. എൻഡോസൾഫാൻ നിരോധിക്കണം എന്ന ആവശ്യവുമായി അവർ കോടതിയിൽ കേസ് നൽകി. അങ്ങനെ അവരുടെ പെറ്റിഷന്റെ ഫലമായി തന്നെയാണ് 2013 ൽ ഇന്ത്യാ സർക്കാർ എൻഡോസൾഫാൻ നിരോധിക്കുന്നതും. പിന്നീട് നമുക്കാവശ്യം ആയിരക്കണക്കായ അസുഖബാധിതനായ ആളുകൾക്ക് നഷ്ടപരിഹാരം നൽകുക എന്നതായിരുന്നു. അതിനു വേണ്ടിയായിരുന്നു പോരാട്ടങ്ങൾ. ഒരു പഞ്ചായത്തിൽ തുടങ്ങിയ സമരം പിന്നീട് പതിനൊന്ന് പഞ്ചായത്തിലേയ്ക്കും വ്യാപിപ്പിച്ചു. സമര സമിതികളുണ്ടായി. അതോടെ അതൊരു ജനകീയ സമരമായി മാറുകയായിരുന്നു.

ലേഖനപ്പെരുമഴ....

1985 ൽ ഡോക്ടർ മോഹൻ കുമാർ ഐ എം എയുടെ മാസികയിൽ ലേഖനം പ്രസിദ്ധീകരിച്ചു. എൻഡോസൾഫാൻ ശരീരത്തിൽ പ്രവർത്തിക്കുന്നത് ശരീരത്തിലെ ആന്തരിക രക്തസ്രാവം ഉണ്ടാക്കിക്കൊണ്ടാണ്. വളരെ ഭീകരമായ അവസ്ഥയാണത്. അവിടെ ഉള്ള ആളുകൾക്ക് ഉണ്ടായ കാൻസർ പോലെയുള്ള അസുഖങ്ങൾ. വലിയ തലയുമായി ജനിച്ച കുഞ്ഞുങ്ങൾ... ത്വക്ക് രോഗങ്ങൾ...
സമരത്തിൽ അതുവരെ രാഷ്ട്രീയക്കാരുടെ പങ്കാളിത്തമുണ്ടായിരുന്നില്ല. ലേഖനങ്ങൾ എഴുതിയിട്ട് പോലും ഇത്ര പേര് മരിക്കുന്നു എന്നോ ഇത്ര ഭീകരമായ അസുഖങ്ങൾ എൻഡോസൾഫാൻ മൂലം ഉണ്ടാകുന്നുവെന്നോ പോലും ഔദ്യോഗികമായി വിശ്വസിക്കപ്പെട്ടില്ല. പക്ഷെ അതിനിടയിൽ അന്നത്തെ കോൺഗ്രസ്സ് ഭരണകാലത്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സമരത്തെ പിന്തുണച്ച് ഒപ്പമെത്തി. അതോടുകൂടി സമരം കുറച്ച് കൂടി ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയമായും ചർച്ച ചെയ്യപ്പെട്ടു. പക്ഷെ ആ ഊർജ്ജം അതേപടി അദ്ദേഹത്തിന് മുന്നോട്ടു കൊണ്ട് പോകാനായില്ല.

2004ൽ വി എസ് മന്ത്രിസഭാ അധികാരമേറ്റെടുത്ത ശേഷം വന്ന റിപ്പോർട്ടുകൾ പോലും മരണത്തെയോ ഭീകരമായ അസുഖത്തെയോ കാണാൻ ശേഷിയുള്ളവയായിരുന്നില്ല. അതിനുശേഷം ആ നിലപാടിനെ എതിർത്തുകൊണ്ടും അത്തരം അനീതികൾക്കും നേരെയും ലേഖനങ്ങൾ നിരന്തരം എഴുതേണ്ടി വന്നു. ലേഖനത്തിൽ നിന്നാണ് പ്രതിപക്ഷം നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതും വീണ്ടും ചർച്ചകൾ ഉണ്ടാകുന്നതും. കൃത്യമല്ലാത്ത ലിസ്റ്റായിരുന്നു ആദ്യമുണ്ടായിരുന്നത്. അങ്ങനെ ആദ്യമായി 50000 രൂപ മരിച്ചവർക്കുള്ള നഷ്ടപരിഹാരമായി നൽകി. പിന്നീട് നിരവധി മെഡിക്കൽ ക്യാമ്പുകളൊക്കെ നടന്നു. കുട്ടികൾക്കായി ബഡ്‌സ് പോലെയുള്ള സ്‌കൂളുകൾ ഉണ്ടായി.



നഷ്ടപരിഹാരം മുഴുവനായിട്ടില്ല...


2013 ൽ ഗ്രീൻ ട്രൈബ്യൂണൽ എൻഡോസൾഫാൻ നിരോധിച്ചു കൊണ്ട് ഇതിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണം എന്ന വിധിയുണ്ടായി. പക്ഷെ സമരസംഘടനകൾ മിക്കപ്പോഴും സർക്കാരിനടുത്തു പോകുന്നത് നഷ്ടപരിഹാരത്തിനായല്ല, മറിച്ച് ഒത്തുതീർപ്പിനു വേണ്ടിയായിരുന്നു. രാഷ്ട്രീയഗ്രൂപ്പുകൾ പോലും വാലായി നിന്നതല്ലാതെ നഷ്ടപരിഹാരം ലഭിച്ചില്ല. 87 കോടിയാണ് കേരളത്തിന് ഇരകൾക്കായി വിതരണം ചെയ്യാൻ ലഭിച്ചത്. ഇതിൽ ആദ്യം 2012 ൽ 27 കോടിയും പിന്നീട് 26 കോടിയും കിട്ടി, ബാക്കി ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ ഇപ്പറയുന്ന സമര സംഘടനകളൊന്നും ഇതിനു വേണ്ടി സമരം ചെയ്യുന്നില്ല.

ഐക്യരാഷ്ട്ര സഭ പോലും ഇടപെട്ട വിഷയമായിട്ടും കീടനാശിനി കമ്പനികളുടെ അധികാരത്തിൽ നിന്നും പല സത്യങ്ങളും മൂടി വയ്ക്കപ്പെട്ട എത്രയോ നാളുകൾ. ഇപ്പോഴും അസുഖബാധിതനായ ഒരു വലിയ സമൂഹം. ഇനി മറ്റൊന്നുമല്ല, അവർക്ക് അവകാശപ്പെട്ട പരിഹാരം ലഭിക്കണം. അതിനു വേണ്ടിയും നിരന്തരം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഒരു സമരത്തിന്റെ അകത്ത് നിന്നുകൊണ്ട് സ്വയം സമരമായി മാറുകയായിരുന്നു ഈ ലേഖനങ്ങൾ. നൂറു ശതമാനവും സത്യസന്ധമായ കാര്യങ്ങളേ ഇതിൽ എഴുതിയിട്ടുള്ളൂ. സമരഗ്രൂപ്പിൽ പോലും പലർക്കും പല സത്യങ്ങളും ഇപ്പോഴും അറിയില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും ഈ പുസ്തകത്തിലുണ്ട്. ലേഖനങ്ങൾ എല്ലാം കൂട്ടി ചേർത്തുവെച്ച് പുസ്തകമാക്കിയത് 2016 ലാണ്. ഈ പുസ്തകത്തിന്റെ റോയൽറ്റി തുകയും ഇവിടുത്തെ രോഗികളായ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് നൽകിയത്. എന്റെ എഴുത്തുകളുടെ ഉദ്ദേശം ഇനിയെങ്കിലും ഇരകളാക്കപ്പെട്ട മനുഷ്യർക്ക് നീതി ലഭിക്കണം. അവർക്ക് അർഹമായ ജീവിതവും നഷ്ടപരിഹാരവും ലഭിക്കണം. ഈ പുരസ്കാരം അതിനുള്ള അംഗീകാരം തന്നെയാണ്.