Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്‌നങ്ങൾ ഇനിയും ബാക്കി: സലില മുല്ലൻ

salila-book എഴുത്തിനെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും സലില മുല്ലൻ സംസാരിക്കുന്നു...

സലില മുല്ലൻ എന്ന പേര് വായനക്കാരുടെ ഇടയിൽ ഒരു വ്യത്യസ്തമാർന്ന പേരാകുന്നത്  സൂഫിസത്തിന്റെ പേരിലാണ്. സൂഫി കവിതകളുടെ ഉള്ളുകളിലേക്ക് നിരന്തരസഞ്ചാരിയായ സലീലയുടെ റൂമിയുടെ 101 പ്രണയകവിതകളുടെ വിവർത്തനം പരാവർത്തനത്തിനപ്പുറം റൂമിയുടെ ആത്മാവറിഞ്ഞുള്ള മാറ്റിയെഴുത്ത് തന്നെയായിരുന്നു. മനുഷ്യത്വവും സ്നേഹവും രാഷ്ട്രീയവും ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറുമ്പോൾ തെല്ലു മാറ്റി വയ്ക്കാവുന്നത് കവിതയെ ആണെന്ന ബോധ്യവുമുണ്ട് സലിലയ്ക്ക്. 

എഴുത്തിനെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും സലില മുല്ലൻ സംസാരിക്കുന്നു...

എഴുത്ത് കൂടെ കൂടിയത്...

കുട്ടിക്കാലം മുതൽ തന്നെയുണ്ട് വായന കൂടെ. സത്യംപറഞ്ഞാൽ ഇപ്പോൾ അവിടേയ്ക്ക് തിരിഞ്ഞു നോക്കുമ്പോഴാണ് അതെനിക്ക് മനസ്സിലാകുന്നത്, വായന ഒരു നിത്യപ്രവർത്തനം പോലെ തന്നെയായിരുന്നതിനാൽ വായിക്കണം എന്ന ചിന്തയോടെ വായിച്ചിട്ടില്ല. പിന്നീട് കോളേജിലൊക്കെ പഠിക്കുമ്പോൾ പലതും എഴുതി പക്ഷെ ആരെയും കാണിച്ചില്ല.. മടിയായിരുന്നു. അതിനു ശേഷമാണ് ഓർക്കൂട്ടിലൊക്കെ ജോയിൻ ചെയ്യുന്നത്. ആദ്യമായി എഴുതിയത് മറ്റൊരാളെ കാണിയ്ക്കാം എന്ന ധൈര്യം തോന്നിയത് ഓർക്കുട്ടിലൂടെ തന്നെയാണ്. കവിതയുടെയൊക്കെ ബന്ധപ്പെട്ട കമ്മ്യൂണിറ്റികളിൽ അന്ന് അംഗമായിരുന്നു, അവിടെയൊക്കെ കവിതകൾ പോസ്റ്റ് ചെയ്തു. അവിടെ നിന്നാണ് എഴുത്തുകാരായ സി പി അബൂബക്കർ സാറിനെയും എം കെ ഖരീമിനെയുമൊക്കെ പരിചയപ്പെടുന്നത്. ശരിയ്ക്കും ജീവിതം എഴുത്തിനോട് ഏറെ ചേരാൻ കാരണം അവർ രണ്ടു പേരും തന്നെയാണ്.

മധുരം മലയാളം എന്നൊരു കമ്മ്യൂണിയുണ്ടായിരുന്നു ഇവർ രണ്ടുപേരും ചേർന്ന് തുടങ്ങിയത്. അവിടെയൊക്കെ കവിതകൾ പോസ്റ്റുന്നതിനു നന്നായി തന്നെ അനുമോദനങ്ങൾ ലഭിച്ചു. എഴുത്ത് കുഴപ്പമില്ല എന്ന് അവരാണ് എന്നെ വിശ്വസിപ്പിച്ചത്. പിന്നീട് ഞങ്ങൾ എല്ലാവരും ചേർന്നാണ് മധുരം മലയാളം എന്ന പേരിൽ ഒരു പുസ്തക പ്രസാധന പ്രസ്ഥാനം ആരംഭിച്ചത്. ഒരേ ചിന്താഗതിക്കാരുടെ ഒരു ഒത്തുകൂടലായിരുന്നു അത്. അത് വഴിയാണ് ആദ്യ കവിതാസമാഹാരം കണ്ണാടിബിംബങ്ങൾ പ്രസിദ്ധീകൃതമായത്. 

love-rumi-book

പിന്നീട് സൂഫിസം എന്നൊരു കമ്മ്യൂണിറ്റി ഉണ്ടാക്കിയപ്പോൾ എന്നെ അതിന്റെ അഡ്മിൻ ആക്കാൻ തീരുമാനമായി, എന്നാൽ അതുവരെ എന്താണ് സൂഫിസം എന്നെനിക്കറിയുമായിരുന്നില്ല. ആദ്യമായാണ് ആ വാക്കു തന്നെ കേൾക്കുന്നത്, സിപി യാണ് അതിനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നത്. സൂഫിസത്തിന്റെ ആത്മാവ് ഉറങ്ങുന്ന വാക്ക് "അനൽഹഖ് " ആണെന്നും പറഞ്ഞു. അതിന്റെ അർത്ഥം നമ്മുടെ "അഹം ബ്രഹ്‌മാസ്‌മി" യോട് ചേർന്നതാണ്. അപ്പോൾ മനസ്സിലായി എല്ലാം ഒന്ന് തന്നെയാണെന്ന്.

പിന്നീട് കൂടുതൽ അറിയുന്തോറും അതിലേയ്ക്ക് അലിഞ്ഞു തീരുകയായിരുന്നു. ഭ്രാന്തമായാണ് പിന്നീട് അതെ കുറിച്ച് അന്വേഷിച്ചത്. റൂമിയുടെ കവിതകൾ ഒരുവിധം എല്ലാം കണ്ടെത്തി വായിച്ചു. ചിലതൊക്കെ വിവർത്തനവും ചെയ്തു. 51 കവിതകൾ ആയപ്പോഴാണ് അത് ഡി സി ബുക്സിന് അയച്ചു കൊടുക്കുന്നത്. അത് അവർക്ക് നന്നായി ഇഷ്ടപ്പെടുകയും പുസ്തകമാക്കാൻ താല്പര്യമെടുക്കുകയും ചെയ്തു. അതിന്റെ അവതാരിക എഴുതാൻ വേണ്ടി ഡി സി തന്നെ ചുമതലപ്പെടുത്തിയ ആളാണ് എഴുത്തുകാരനായ ഇ എം ഹാഷിം. അദ്ദേഹം ആ സമയത്ത് വിദേശത്തായിരുന്നു, സമയം ഇല്ലായിരുന്നെങ്കിലും കവിതകൾക്ക് അവതാരിക എഴുതി തന്നു. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. കേരളത്തിൽ സൂഫിസത്തെ കുറിച്ച് ഏറ്റവുമധികം ആഴത്തിൽ അറിവുകളുള്ള ആളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ തുടർന്നുള്ള വായനയിലും എഴുത്തിലും അദ്ദേഹം ഏറെ സഹായിച്ചു. പിന്നീട് പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ 101 കവിതകളുണ്ടായിരുന്നു. അത് നന്നായി വായിക്കപ്പെടുകയും ചെയ്തു. 

സഖാവ് മുല്ലന്റെ മകൾ...

ജനിച്ചപ്പോൾ മുതൽ എവിടെ ചെന്നാലും കേട്ട് വളർന്ന ഒരു അടയാളപ്പെടുത്തലായിരുന്നു അത്.അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന പ്രവർത്തകനായിരുന്നു. രാത്രികളിലെ മീറ്റിങ്ങുകളും പാർട്ടി ചർച്ചകളും ഞങ്ങൾ കുട്ടികളിലേയ്ക്കും ഏറെ സ്വാധീനം ഉണ്ടാക്കുകയും ചെയ്തു. ഇല്ലത്താണ് ജനിച്ചതെങ്കിലും ജാതിയോ മതമോ അമ്മയെയോ അച്ഛനെയോ കുട്ടികളെയോ ഒരിക്കലും ബാധിച്ചിരുന്നതേയില്ല. ജോലിക്കാരെയൊന്നും ഇതുവരെ പേര് വിളിച്ചിട്ടില്ല, എല്ലാവരും ഒരേപോലെ ആണെന്നാണ് അച്ഛൻ ഞങ്ങളെ പഠിപ്പിച്ചത്.

എ കെ ജിയും ഇ എം എസുമൊക്കെ ഒളിവിലായിരുന്ന സമയത്ത് ഒരിക്കൽ അച്ഛനെ പോലീസുകാർ ലോക്കപ്പിലാക്കി. അന്ന് ഞങ്ങളുടെ വീട്ടിലാണ് അവരുടെ പ്രസ്. കല്ല് കൊണ്ടുണ്ടാക്കിയ അച്ചിലായിരുന്നു അന്ന് ലഘു ലേഖകളും മറ്റും അച്ചടിച്ചിരുന്നത്. അർദ്ധരാത്രിയിൽ പോലീസ് വന്നു അച്ച് അച്ഛന്റെ തലയിൽ വച്ച് കൊടുത്താണ് അദ്ദേഹത്തെ നടത്തിക്കൊണ്ടു പോയത്.

എ കെ ജി എവിടെ ഇ എം എസ് എവിടെ എന്നൊക്കെ ചോദിച്ച് കൊടിയ മർദ്ദനമായിരുന്നു പിന്നീടുള്ള നീണ്ട മാസങ്ങൾ. അവർ എവിടെയെന്നു പറഞ്ഞാൽ അച്ഛനെ വിട്ടയച്ചേനെ, പക്ഷെ അച്ഛൻ പൊരുതി, വാദിച്ചു ജയിച്ചാണ് 8 മാസങ്ങൾക്കു ശേഷം ജയിലിനു പുറത്തിറങ്ങിയത്. ആ സമയത്തും ഫലിതം പറയാൻ അച്ഛൻ മിടുക്കനായിരുന്നു, കുനിച്ച് നിർത്തിയൊക്കെ ഇടി കഴിഞ്ഞപ്പോൾ ഇപ്പോൾ എങ്ങനെയുണ്ട് എന്ന പോലീസിന്റെ ചോദ്യത്തിന് ഇപ്പോൾ ആസ്ത്മ കുറവുണ്ട് എന്നാണു അദ്ദേഹം പറഞ്ഞത്. അത് സത്യവുമായിരുന്നു. 

തിരിച്ചു വന്നപ്പോഴേക്കും ഇല്ലാത്തത് ദാരിദ്ര്യമായിരുന്നു, പിന്നെ അച്ഛന്റെ പേരിൽ സഹായനിധിയൊക്കെ തുടങ്ങി. പാർട്ടിയിൽ നിന്ന് അച്ഛൻ ഒരിക്കലും വിട്ടു പോയില്ല, പാർട്ടി പറഞ്ഞിട്ട് തന്നെയാണ് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മേൽശാന്തി ആയതു, വേറെയും ക്ഷേത്രത്തിൽ കിട്ടി... പക്ഷെ അമ്പലങ്ങളിലെ തട്ടിപ്പുകൾ മനസ്സിലായതോടെ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. 

ബി എസ്സികാരിയിൽ നിന്ന് ഹോമിയോ ഡോക്ടറിലേക്കുള്ള ദൂരം

തികച്ചും ആകസ്മികമായാണ് ഞാൻ ഹോമിയോ ഡോക്ടർ എന്ന പ്രൊഫഷനിലേക്കെത്തുന്നത്. ബി എസ് സി യ്ക്ക് പഠിക്കുമ്പോൾ എസ് എഫ് ഐയിൽ ആക്റ്റീവ് ആയിരുന്നു. മിക്കപ്പോഴും ക്ളാസൊന്നും കിട്ടിയില്ല, അവസാന വർഷം ആയപ്പോഴേക്കും പരീക്ഷയിൽ ജയിക്കുമോ എന്ന് തന്നെ പേടി. എന്തുചെയ്യണമെന്ന് ഒരു രൂപവുമില്ല. ആ സമയത്താണ് പരിചയമുള്ള ഒരു പെൺകുട്ടി ഹോമിയോ കോളേജിലെ അഡ്മിഷനെ കുറിച്ച് പറയുന്നത്. അന്ന് ഹോമിയോയ്ക്ക് ജോയിൻ ചെയ്യാൻ എൻട്രൻസ് ഇല്ല. പ്രീഡിഗ്രി മതി, പകുതിയിലധികം മാർക്കുണ്ടെങ്കിൽ ലഭിക്കും. മറ്റൊന്നും നോക്കിയില്ല, കോളേജിൽ ഇറങ്ങി അപേക്ഷയും പ്രോസ്‌പെക്ടസും വാങ്ങി വീട്ടിലെത്തി.

ഡിഗ്രിയ്ക്ക് ജയിച്ചിരുന്നു, എങ്കിലും ഹോമിയോ കോളേജിൽ ചെന്ന് ചേർന്നു .അന്ന് 10000 രൂപയാണ് ഡൊണേഷൻ. അതൊക്കെ കൊടുത്ത് അന്ന് മുതൽ ഹോമിയോ സ്ടുടെന്റ്റ് ആയി. അവിടെയും എസ് എഫ് ഐ പ്രവർത്തനം ഒക്കെ ഉണ്ടായിരുന്നു, എങ്കിലും പിന്നീട് പ്രൊഫഷൻ ആയി സീരിയസ് ആയി ഇറങ്ങിയപ്പോൾ മുതൽ പാർട്ടിയിൽ അത്ര ആക്റ്റീവ് അല്ലാതായി മാറി. സാധാരണക്കാർക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെയൊരു അച്ഛന്റെ മകളായി ഇരിക്കുമ്പോൾ അങ്ങനെയേ ചിന്തിയ്ക്കാൻ കഴിയൂ. പാർട്ടിയിൽ ആദ്യം ഞാൻ അംഗമായിരുന്നെങ്കിലും ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് വന്നപ്പോൾ പിന്നെ അംഗത്വം നിർവീര്യമാക്കി. പൂർണമായും ജോലിയിലേക്ക് തന്നെ തിരിഞ്ഞു. 

ആൾക്കൂട്ടത്തിൽ ഒരാളാകരുത്!!!

അച്ഛൻ എപ്പോഴും പറയുമായിരുന്നു വെറുതെ ആൾക്കൂട്ടത്തിൽ ഒരാളാകരുത്, സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന്. അത് അനുസരിയ്ക്കാൻ തന്നെയായിരുന്നു ഇഷ്ടവും. അതുകൊണ്ടാണ് ജോലിയുടെ ഭാഗമായി ആദിവാസി മേഖല തിരഞ്ഞെടുത്തത്. ആദ്യം എറണാകുളം ജില്ലയുടെ അതിർത്തിയായ കുട്ടംപുഴയിലായിരുന്നു ജോലി. പക്ഷെ അവിടുത്തെ ആദിവാസികൾ കുറച്ചൊക്കെ പുരോഗമിച്ചവരാണ് അവർക്ക് എന്റെ സേവനം ആവശ്യമില്ലെന്നു തോന്നിയ സമയത്താണ് ഹാഷിമിക്കയെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് വയനാട് നല്ല അടുപ്പമുണ്ട്. അത്തരത്തിൽ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിൽ വയനാടുള്ള ആദിവാസികൾക്കായി പ്രവർത്തിക്കാൻ അദ്ദേഹമാണ് പറഞ്ഞത്. ഇക്കയാണ് വീട് വാടകയ്‌ക്കെടുത്ത് തന്നതും അവരിലേക്ക് എത്തിച്ചതും. അങ്ങനെ അവിടെ ഉള്ള ആദിവാസികൾ പല വിഭാഗക്കാരാണ് അവരിൽ പണിയരുടെ അവസ്ഥ വളരെ കഷ്ടമാണ്.

വിദ്യാഭ്യാസമോ, ആരോഗ്യകരമായ അവസ്ഥയോ, നല്ല പ്രസവമോ പരിരക്ഷണമോ ഒന്നും അവർക്ക് ലഭിക്കുന്നേയില്ല. ആദ്യം ഞങ്ങൾ അവിടെയൊരു ക്യാമ്പ് വച്ചു , തുടർന്നാണ് അവിടെ പ്രവർത്തിയ്ക്കാൻ തീരുമാനിക്കുന്നത്. തുടർന്ന് 9 മാസം പൂർണമായും അവിടെ തന്നെ തുടർന്നു. ഇപ്പോൾ ഇടയ്ക്ക് തൃപ്പൂണിത്തുറയിലെ ക്ലിനിക്കിലും നിൽക്കും ആഴ്ചയിൽ ഇടയ്ക്ക് അങ്ങോട്ട് പോകും. അതും നമ്മൾ അവിടെ ക്ലിനിക്ക് ഇട്ട് ഇരിക്കാറു പതിവില്ല, അങ്ങനെ അങ്ങോട്ട് വന്ന ചികിത്സ തേടാനൊന്നും അവർക്കറിയില്ല. അവരെ ചികിത്സിക്കേണ്ടത് നമ്മുടെ ആവശ്യമായി കരുതി അങ്ങോട്ട് പോയാണ് ചികിത്സയ്ക്കാറ്. ആദ്യമൊക്കെ ഓട്ടോറിക്ഷയിലായിരുന്നു പിന്നീട് ഇൻഫോസിസിലെ ഡയറക്ടർമാരായ ഷിബു, കുമാരി എന്നിവരാണ് ഒരു വാൻ സ്പോൺസർ ചെയ്തത്. ഇപ്പൊ യാത്ര ഓമ്നി വാനിലാണ്. ഇപ്പോൾ ആറു വർഷമാകുന്നു അവിടെ പ്രവർത്തനം തുടങ്ങിയിട്ട്. നന്നായി അവർ മാറിയിട്ടുണ്ട്. ഇപ്പോൾ നമ്മളെ കാത്തിരിയ്ക്കാനും പ്രശ്നനങ്ങൾ പറഞ്ഞു മരുന്ന് വാങ്ങാനും അവർക്ക് അറിയാം. അവർ നമ്മളെ അവരിൽ ഒരാളായി കൂടെ കൂട്ടി . 

മോഹങ്ങൾ ബാക്കി...

ഇവിടുത്തെ ആദിവാസിക്കുട്ടികളുടെ പഠനം വിഷമകരമാണ്. നമ്മൾ പഠിക്കുന്ന അതെ സിലബസൊന്നും ഇവർക്കാവശ്യമില്ല. ഒന്നാമത് സർക്കാർ സ്‌കൂളിൽ പോലും ഇവർ രണ്ടാംതരം പൗരന്മാരാണ്. അതിന്റെ അപകർഷതാബോധത്തിനൊപ്പം താങ്ങാനാകാത്ത സിലബസ് കൂടിയാകുമ്പോൾ രണ്ടോ മൂന്നോ മാസത്തിനകം തന്നെ സ്‌കൂളിൽ വരവ് നിലയ്ക്കും. പത്താണെങ്കിൽ പത്തു കുട്ടികൾക്കായെങ്കിലും ഒരു സ്‌കൂൾ തുടങ്ങണമെന്നാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. തിരുവന്തപുരത്തെ കൃഷ്ണൻ കർത്താ സാറിന്റെ മധുവനം സ്‌കൂൾ ഒക്കെ മനസ്സിലുണ്ട്. 

salila-as-doctor

ഞാൻ വയനാട് എത്തിയ ശേഷം ഞങ്ങൾ കുറച്ചു പേര് ചേർന്ന് സുകൃതം ചാരിറ്റബിൾ ട്രസ്റ് എന്നൊന്ന് തുടങ്ങീയിരുന്നു. ആദിവാസികളുടെ ക്ഷേമാർത്ഥം ആണത്. പക്ഷെ ഇപ്പോൾ അതിൽ പ്രവർത്തിയ്ക്കാൻ ആരും തന്നെയില്ല. പിന്നെ അത്തരമൊരു ട്രസ്റ്റിന്റെ ഐഡന്റിറ്റി ആവശ്യമാണ് കാരണം മാവോയിസ്റ്റ് ആക്രമണങ്ങൾ ഉള്ള പ്രദേശമായതിനാൽ പോലീസിന്റെയൊക്കെ കർശന പരിശോധനയുണ്ട്, ട്രസ്റ്റിന്റെ ഐ ഡി കാർഡ് ഉപയോഗിച്ച് മാത്രമേ ആദിവാസികൾക്കായി നമുക്ക് പ്രവർത്തിയ്ക്കാനുമാകൂ. എങ്കിലും സ്‌കൂൾ എന്ന മോഹം ബാക്കി നിൽക്കുന്നു, സാമ്പത്തികമാണ് ഏറ്റവും പ്രധാന പ്രശ്നം. എങ്കിലും അത്യാവശ്യ കാര്യങ്ങളെങ്കിലും അതായത് മറ്റുള്ളവർ പറ്റിക്കുമ്പോൾ മനസ്സിലാക്കാനുള്ള കഴിവ് എങ്കിലുംഅവർക്കു ഉണ്ടാക്കിക്കൊടുക്കണം എന്നുണ്ട്.

കുറച്ചു നാൾ മുൻപ് തയ്യൽ മിഷ്യൻ നൽകിയിരുന്നു, കുറച്ചു പേരെ തയ്യൽ പഠിപ്പിക്കുകയും ചെയ്തു, അതിപ്പോൾ അവർക്ക് നല്ലൊരു വരുമാന മാർഗ്ഗമാണ് പലരും പുതിയ ആളുകളെ തയ്യൽ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. സത്യം പറഞ്ഞാൽ സർക്കാരിനും ഇവർക്കുമിടയിൽ പ്രമോട്ടർ എന്നൊരു വിഭാഗമുണ്ട്, അവർ വിചാരിച്ചാൽ പരിഹരിയ്ക്കാനുള്ള പ്രശ്നങ്ങളെ ഇവർക്കുള്ളൂ. പ്രസവവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇവരെ പറഞ്ഞു മനസിലാക്കി സമയത്ത് വണ്ടി ഏർപ്പാട് ചെയ്തു കൊടുത്താൽ അവർ ആശുപത്രികളിൽ പോകും, എന്നാൽ അതിനു പോലും അവരാരും മിനക്കെടാറില്ല. പിന്നെയും നമ്മളൊക്കെയാണ് ബോധവത്കരണം അക്കാര്യത്തിൽ അവർക്കു നൽകുന്നത്. ഒരു കാര്യത്തിൽ സന്തോഷമുണ്ട്, ആദിവാസികൾ ഏറെ മാറിയിട്ടുണ്ട്. 

ഒരവധിക്കാലത്ത് രണ്ടാം ഭാഗം..

ആദിവാസികളുടെ അടുത്തെത്തി ആദ്യമായി അവരെ കുറിച്ച് ഒരു നോവലാണ് എഴുതുന്നത്. ഒരവധിക്കാലത്ത്. കോളനിയിലേക്ക് പോകുന്നതിനും മുൻപ് എഴുതിയ നോവലാണത്. നാട്ടിൽ നിന്ന് ഒരു കുട്ടി വയനാട്ടിലെത്തുകയും അവിടെ കണ്ട കാഴ്ചകളെ കുറിച്ചൊക്കെയുമുള്ള ഒരു നോവൽ. പക്ഷെ അതിനു ശേഷം ഇപ്പോൾ അവരിലേയ്ക്കിറങ്ങി ചെല്ലുമ്പോൾ അതിന്റെ ഇരട്ടി എഴുതാൻ മനസ്സിൽ ബാക്കിയുണ്ട്. ആ നോവലിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

നമുക്ക് ആവശ്യമുള്ളിടത്തല്ല നമ്മളെ ആവശ്യമുള്ളിടത്ത് നാം പ്രവർത്തിക്കുക എന്ന ആശയത്തിലൂന്നിയാണ് ആ നോവൽ ചെയ്യാൻ ആഗ്രഹിക്കുന്നത്. പിന്നെ ആദിവാസി കോളനിയിലെ പണിയരുടെ ജീവിതത്തിന്റെ ഏടുകൾ മറ്റൊരു പുസ്തകമാക്കാനും ആഗ്രഹമുണ്ട്. ഓരോരുത്തരുടെ ജീവിതവും ഓരോ കഥകളാണ്. പക്ഷെ ഇപ്പോഴത്തെ തിരക്കുകൾക്കിടയിൽ മാറ്റി വയ്ക്കാൻ കഴിയുന്നത് എഴുത്തുകൾ മാത്രമേയുള്ളൂ. ഫെയ്‌സ്ബുക്കിൽ പോലും അത്ര ആക്ടീവല്ല, പ്രതികരിയ്ക്കാതെ വയ്യ എന്ന് തോന്നുന്നതിൽ മാത്രമേ പ്രതികരണം രേഖപ്പെടുത്താറുള്ളൂ. എങ്കിലും സ്‌കൂളും പുസ്തകങ്ങളും ഞാൻ എന്നെങ്കിലും ചെയ്യും. ഇതുവരെ പ്രസിദ്ധീകരിക്കാതെ എഴുപതോളം കവിതകളും കയ്യിലുണ്ട്, അതും എന്തെങ്കിലും ചെയ്യണം... സ്വപ്‌നങ്ങൾ ഇനിയും ബാക്കി....

Your Rating: