Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശഭക്തി ഇങ്ങനെയല്ല പഠിപ്പിക്കേണ്ടത്...

sreekumar1 സോഷ്യൽ മീഡിയയിൽ തുടർച്ചയായി ഒറ്റവരി വാചകങ്ങൾ കൊണ്ട് ശ്രീകുമാർ കരിയാട് തീർക്കുന്നത് ആഴത്തിലുള്ള ചിന്തകൾ തന്നെയാണ്... രാഷ്ട്രീയത്തെ കുറിച്ചും, സാഹിത്യത്തെക്കുറിച്ചും സത്യങ്ങൾ ഉറക്കെ പറയാൻ അദ്ദേഹം മടിക്കുന്നില്ല. ശ്രീകുമാർ കരിയാട് സംസാരിക്കുന്നു..

ഒറ്റ വരികളേ ചില കവിതകളിൽ കാണുവെങ്കിലും അതിന്റെ പ്രതിഫലനം ഒരു വലിയ ആറ്റംബോംബിനേക്കാൾ ശക്തമായിരിക്കും. ചില മൗനങ്ങൾ അത്രമേൽ വാചാലമായിരിക്കുന്നതു പോലെ മനുഷ്യന്റെ മനസ്സുകൾക്ക് മേൽ അത് പെരുമഴ പെയ്യിക്കും. അത്തരത്തിലുള്ള കവിതകളാണ് ശ്രീകുമാർ കരിയാട് എന്ന കവിയെ അടയാളപ്പെടുത്തുന്നത്.

സോഷ്യൽ മീഡിയയിൽ തുടർച്ചയായി ഒറ്റവരി വാചകങ്ങൾ കൊണ്ട് ശ്രീകുമാർ കരിയാട് തീർക്കുന്നത് ആഴത്തിലുള്ള ചിന്തകൾ തന്നെയാണ്... "മാർക്സ് തിരിച്ചുവരും, ബുദ്ധനെപ്പോലെ പുഞ്ചിരിച്ചുകൊണ്ട്...", "സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സ്ഥാപനമാണ് ' കുടുംബം'. എപ്പോഴും ദേശീയഗാനം പാടേണ്ട ഇടം.."ജനാധിപത്യത്തെ ' ശശി'യാക്കുന്ന 'കല'....  വരികളിൽ മനുഷ്യന്റെ ചിന്തകളെ കീറിമുറിയ്ക്കുന്ന വാളുകൾ ഒളിപ്പിക്കപ്പെട്ടവയാണ് അദ്ദേഹത്തിന്റെ കവിതാഭംഗിയുള്ള ചെറുവരികൾ എന്ന് നിസംശയം പറയാം. രാഷ്ട്രീയത്തെ കുറിച്ചും, സാഹിത്യത്തെക്കുറിച്ചും സത്യങ്ങൾ ഉറക്കെ പറയാൻ അതുകൊണ്ടുതന്നെ അദ്ദേഹം മടിക്കുന്നില്ല. ശ്രീകുമാർ കരിയാട് സംസാരിക്കുന്നു...

എഴുത്തിലേക്കുള്ള വഴികൾ അടയാളപ്പെട്ടു...

വായനയുടെ വലുതായ ഒരു ലോകം ഏതാണ്ട് അഞ്ചുവയസ്സുമുതൽ തന്നെ എന്നെ ചൂഴ്ന്നുനിന്നിരുന്നു. ചങ്ങമ്പുഴവടിവിൽ കവിതയെഴുതുന്ന അച്ഛൻ. ചാരുകസാരയിലിരുന്ന് എപ്പൊഴും പുസ്തകങ്ങൾ വായിക്കുന്ന,  കുട്ടികളില്ലാത്ത വല്യച്ഛൻ (അമ്മയുടെ മൂത്തചേച്ചിയുടെ ഭർത്താവ്). റെയിൽപ്പാളത്തിലൂടെ നടന്ന് മേക്കാവ് യൂണിയൻ ലൈബ്രറിയിൽ പുസ്തകമെടുക്കാൻ പോയത് ഇപ്പോഴും ഓർക്കുന്നു.

ഞാൻ വായിച്ചത് അധികവും കുറ്റാന്വേഷണ നോവലുകളായിരുന്നു. എട്ടാം ക്ലാസിൽവെച്ച് രണ്ട് കുറ്റാന്വേഷണ നോവലുകൾ (തലയോട്ടിരഹസ്യം, രഹസ്യങ്ങളുടെ നടുവിലെ അപസർപ്പകൻ) എഴുതി. കവിതയുടെ അടി ആദ്യം കിട്ടിയത് ജി ശങ്കരക്കുറുപ്പിന്റെ ‘ഇന്നുഞാൻ, നാളെ നീ’ എന്ന കൃതി പഠിച്ചപ്പോഴാണ്. ആ കവിതയിലെ ‘പാതവക്കത്തെ മരത്തിൻ കരിനിഴൽ പ്രേതംകണക്കെ ക്ഷണത്താൽ വളരവേ’‘ എന്ന പ്രയോഗം ഇന്നും ഷോക്കിംഗ് ആയി അനുഭവപ്പെടുന്നു.

പിന്നീട് ചുള്ളിക്കാടിന്റെ കവിതയെ കൂടുതൽ സ്നേഹിച്ചത് ഈ സാമ്യതകൊണ്ടായിരിക്കണം. ചുള്ളിക്കാടിനെ അനുകരിച്ച് എഴുതിയ ഒട്ടേറെ കവിതകൾ നഷ്ടപ്പെട്ടു. അതിൽ ചില വരികൾ ഇന്നുമോർക്കുന്നു: “തറയിൽ വീണ് സ്വബോധം ചിതറുന്ന സ്ഫടിക ജീവിതത്തിൻ ജന്മ താരകം’‘.

വേറൊരു കവിതയിലെ വരികളിതാ:

നിദ്രകൾ നിറവേറ്റപ്പെടാത്ത സ്വപ്നങ്ങൾ തൻ മുദ്രകൾ വിങ്ങിപ്പൊട്ടിത്തകർന്നുവിളറുമ്പോൾ, വർത്തമാനത്തിൻ സാന്ദ്രദു:ഖങ്ങൾ നിറയ്ക്കുന്നതേതൊരു മഹാഭൂതം? കാലമോ മൃതിതാനോ? സാഗരത്തിരച്ചാർത്തിലാണ്ടുപോം മകരത്തിൻ ജാഗര സ്വപ്ന നിദ്രാതലങ്ങളഗാധത്തിൽ….  

എന്നിലെ കവിതയിലെ ‘പ്രോസസ്‘ അത്ര സുഗമമല്ലായിരുന്നു. അതുകൊണ്ടുതന്നെ  പലപ്പോഴും  നിശ്ചിതമായ ഒരു കാവ്യലോകത്തിലെത്തപ്പെടുക സാധ്യമായിരുന്നില്ല.  പല പല അന്തർദ്ധാരകളുടെ ക്ലാഷസുകളിൽ ഞാൻ വലഞ്ഞു. 

ഒറ്റവരിക്കവിതയിലേക്ക് വായനക്കാരനെ പിടിച്ചിരുത്തുന്ന തന്ത്രം

ഒറ്റവരിക്കവിതകൾ എഴുതാൻ തുടങ്ങിയത് ഫെയ്‌സ്ബുക്കിൽ വന്നതിനു ശേഷമാണ്. എന്റെ നാലാമത്തെ കവിതാസമാഹാരമാണ് ഹൊറൈസൺ ബുക്ക്സ് പുറത്തിറക്കിയ ‘പഴയ നിയമത്തിൽ പുഴകൾ ഒഴുകുന്നു’ എന്ന പുസ്തകം. എങ്ങനെ ഒരു ഫുൾ ടൈം കവിയാകാൻ കഴിയും എന്ന സ്വയം അന്വേഷണത്തിന്റെ ഭാഗമാണ്. ഈ ഒറ്റവരിക്കവിതകൾ. ഇതിനു മുൻപ് വന്ന’ തത്തകളുടെ സ്കൂൾ - ഒന്നാം പാഠപുസ്തകം’ എന്ന കൃതിയും ഈ മുഴുസമയ കവിതാപരീക്ഷണത്തിന്റെ റിസൾട്ടാണ്.  

books-sreekumar ‘ദേശസ്നേഹം പഠിപ്പിക്കുക’ എന്ന സിലബസ് മനുഷ്യന്റെ സ്വച്ഛന്ദമായ ജീവിതത്തെ തകർക്കാനുള്ളതാണ്. ഹിഡൻ അജണ്ടകളുടെ ഭാഗമായി എല്ലാവരും ഒരുമിച്ച് നിശ്ശബ്ദത പാലിക്കുന്നു.

സത്യത്തിൽ കവിതാരചനക്ക് വളരെ പ്രാചീനമെന്നു പറയാവുന്ന ഒരു സമ്പ്രദായമുണ്ട്.  വളരെ ‘ഇൻസ്പിരേഷണൽ‘ ആയ ഒരു മുഹൂർത്തത്തിൽ ഒരാൾ ഉച്ചരിക്കുന്ന വാക്കുകൾ കവിതയാകും. ‘കാക്കേ കാക്കേ കൂടെവിടെ? എന്ന ചോദ്യം ചോദിച്ചത് മലയാളത്തിന്റെ പണ്ഡിതകവിയായ ഉള്ളൂരാണെന്നോർക്കണം. ഇവിടെ പാണ്ഡിത്യം ഉള്ളുരയ്ക്ക് വഴിമാറുന്നതുകാണാം. സംസ്കൃത കവിയിൽ നിന്നുതന്നെ ‘ഫോക്ക് കവിത‘ യും ഉണ്ടായി. വേദജ്ഞനായ ഇ എം എസ്സിൽ നിന്ന് വിപ്ലവം പ്രതീക്ഷിച്ച ഒരു കാലവും കേരളചരിത്രത്തിന്റെ ഭാഗമായി.  

കാവ്യവഴികളിലെ പുതുമാറ്റങ്ങൾ...

കവിതകൾ പല കാലത്തുനിന്നും പല സ്ഥലങ്ങളിൽ നിന്നും വരുന്നതുകണ്ടുനിൽക്കാനായിരുന്നു എന്നും കൗതുകം. കഴിഞ്ഞ പത്തു വർഷത്തിൽ, അല്ലെങ്കിൽ പതിനഞ്ചുവർഷത്തിൽ മലയാള കവിതയിൽ സംഭവിച്ചത് എന്ന രീതിയിലുള്ള അന്വേഷണത്തിൽ ശ്രദ്ധ ചെലുത്താറില്ല. വളരെ നേർത്ത രേഖയിൽ ഒരു കാവ്യചരിത്രം വരച്ചുവെക്കുക. അതിൽ ചില കവികളെ അങ്കനം ചെയ്യുക. ഇതൊരു അദ്ധ്യാപന രീതിയാണ്. മാരാർ മുതൽ സുകുമാർ അഴീക്കോട് വരെയുള്ള മഹാപണ്ഡിതന്മാരുണ്ടായിട്ടും ശ്രീ നാരായണഗുരു കവികളുടെ ലിസ്റ്റിൽ വന്നില്ല എന്ന കാര്യം നാം ഓർക്കണം. അപ്പോൾ ഇപ്പറയുന്ന ചെണ്ടകൊട്ടുകാരുടെയൊക്കെ സത്യസന്ധത എത്രത്തോളമുണ്ടായിരുന്നു?  

സോഷ്യൽ മീഡിയ വന്നപ്പോൾ ആർക്കും എന്തും എഴുതാം .... കക്കൂസ് സാഹിത്യം എന്നും ആരോപണമുണ്ട്.. 

സോഷ്യൽ മീഡിയ  ഉണ്ടാകുന്നതിനുമുൻപും കവിതാരംഗത്ത് തൂറ്റെളക്കം ഉണ്ടായിട്ടുണ്ടല്ലോ. അപ്പോൾ മീഡിയയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അനായാസമായി കവിത പ്രസിദ്ധീകരിക്കാനും, വായനക്കാരിലെത്തിക്കാനും സാദ്ധ്യമായ ഒരു ഇടം ഉണ്ടായത് വലിയൊരു കാര്യം തന്നെയാണ്.. കക്കൂസ് കവിതകൾ എന്നൊക്കെപ്പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ പറയുകയാണെങ്കിൽത്തന്നെ, ‘വികാരവിരേചനം‘ ( കഥാർസീസ്)  എന്നൊന്ന് അവിടെ സംഭവിക്കുന്നുണ്ടല്ലോ. കവിതയെ സംബന്ധിച്ചിടത്തോളം  കക്കൂസ് എന്ന രൂപകം ദേവാലയം എന്ന രൂപകത്തെക്കാൾ  ഉചിതമാണ്. എഴുത്തിലെ  സ്വകാര്യതയും, അനർഗ്ഗളതയും, ആനന്ദാനുഭവവുമെല്ലാം കക്കൂസിൽ പ്രതിഫലിക്കുന്നു.  .

അന്ധമായ അടിമത്തം വെച്ച് പുലർത്തുന്ന സോഷ്യൽ മീഡിയ 

സോഷ്യൽ മീഡിയ പൂർണമായും പുറത്തുനിന്നു നിയന്ത്രിക്കപ്പെടുന്ന ആശയങ്ങളാൽ ബന്ധിതമാണ്. ആഗോളമായ ഒരു ഗെയിം പ്ലാനിന്റെ ചതുരംഗക്കളമായി സോഷ്യൽ മീഡിയയെ കാണാൻ ശ്രമിച്ചാൽ പല സത്യങ്ങളും കാണാൻ കഴിയും. അസഹിഷ്ണുത നിറഞ്ഞ  പോരാട്ടത്തിന്റെ  വേദിയാണ് സോഷ്യൽ മീഡിയ. അമേരിക്കൻ- ജൂത നിയന്ത്രണത്തിലുള്ള ഹിന്ദു വർഗീയതയും ഇസ്ലാമിക തീവ്രവാദത്തിന്റെ നിയന്ത്രണത്തിലുള്ള  എതിർ ഗ്രൂപ്പുകളും ചേർന്ന യുദ്ധവേദിയാണിന്നത്.

sreekumar3 പരസ്പരം കൊല്ലാനുള്ള ത്വരകളാൽ മുഖരിതമായ സോഷ്യൽ മീഡിയ ഇന്ന് ഹിംസയുടെ വലിയൊരു ‘വർക്ക് ഷോപ്പ്’ ആണ്. മതരാഷ്ട്രവാദങ്ങളുടെ കൊമ്പുരക്കലിൽ പുരോഗമന ശബ്ദങ്ങളും മുങ്ങിപ്പോകുന്നു. നാളെ സംഭവിക്കാനുള്ള മഹാദുരന്തങ്ങളുടെ സൂചനകൾ സോഷ്യൽ മീഡിയയിൽ മിന്നിക്കത്തുന്നുണ്ട്.

ആസൂത്രിതമായി അജ്ഞാതകേന്ദ്രങ്ങളിൽ നിന്ന് ‘പ്ലാന്റ്’ ചെയ്യപ്പെടുന്ന പ്രൊപ്പഗണ്ടകളിൽ നാം അറിയാതെതന്നെ അടിമയാക്കപ്പെടുകയാണ്. പരസ്പരം കൊല്ലാനുള്ള ത്വരകളാൽ മുഖരിതമായ ഈ ‘ഹൈപ്പർ ടെൻസ്ഡ് ഇടം’ ഇന്ന് ഹിംസയുടെ വലിയൊരു ‘വർക്ക് ഷോപ്പ്’ ആണ്. മതരാഷ്ട്രവാദങ്ങളുടെ കൊമ്പുരക്കലിൽ പുരോഗമന ശബ്ദങ്ങളും മുങ്ങിപ്പോകുന്നു. നാളെ സംഭവിക്കാനുള്ള മഹാദുരന്തങ്ങളുടെ സൂചനകൾ സോഷ്യൽ മീഡിയയിൽ മിന്നിക്കത്തുന്നുണ്ട്. അൾട്ടിമേറ്റ് ആയ ഒരു ഹിന്ദു- മുസ്ലീം ലഹളയാണ് ബാഹ്യ ശക്തികൾ വിഭാവനം ചെയ്യുന്നതെന്നുതോന്നുന്നു. അതുകൊണ്ടുതന്നെ ഇത്തരം ഡിസ്കോഴ്സുകളിൽ ഇടപെട്ടുകൊണ്ടുനടത്തുന്ന ഒരു ലൈക്കുപോലും മഹാപാതകമായി വരുന്നു.

‘മനുഷ്യാവകാശം‘ എന്ന വാക്ക് ആവർത്തിച്ചുപയോഗിച്ചാണ് അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ തകർത്തത്. സോഷ്യൽ മീഡിയയിലും മനുഷ്യാവകാശം എന്ന വാക്ക് ഇപ്പോൾ കൂടുതൽ ആവർത്തിക്കപ്പെടുന്നു. മറ്റുരാജ്യങ്ങളിൽ സ്പ്ലിറ്റുകൾ ഉണ്ടാക്കുക എന്നത് അവർക്കൊരു ഹാബിറ്റാണ്. അതിനാവശ്യമായ ഐഡിയോളജികൾ ഇങ്ങോട്ട് പമ്പ് ചെയ്യുന്നു. ഏതുസമയത്തും ചാടിവീഴാവുന്ന ഒരു മൃഗമായിത്തീർന്നിരിക്കുന്നു ഇന്ന് ഹൈന്ദവ വർഗീയത.

‘ദേശസ്നേഹം പഠിപ്പിക്കുക’ എന്ന സിലബസ് മനുഷ്യന്റെ സ്വച്ഛന്ദമായ ജീവിതത്തെ തകർക്കാനുള്ളതാണ്. ഇടതു ജാർഗണിൽ സംസാരിക്കുന്ന  ഇസ്ലാമിക്ക് വർഗീയവാദികളും സജീവമാണ്. ചില ബുദ്ധിജീവികൾ പെട്ടെന്ന് മൗനത്തിലേക്ക് പോകുന്നത് ‘ വായ്പ്പുണ്ണ്’ കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. ‘പ്ലാൻഡ് സൈലൻസുകൾ‘  ആയുധങ്ങളെക്കാളും മൂർച്ചയുള്ളതാണെന്ന് ധരിക്കുക. ഹിഡൻ അജണ്ടകളുടെ ഭാഗമായി എല്ലാവരും ഒരുമിച്ച് നിശ്ശബ്ദത പാലിക്കുന്നു.  ഈ 'കടന്നൽക്കൂട്ട സാമൂഹ്യതകൾ'  സാധാരണ മനുഷ്യരുടെയിടയിൽ മാരകമായ ഭിന്നിപ്പുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.

സാഹിത്യത്തിലെ  വേർതിരിവുകൾ ....  പെണ്ണെഴുത്ത്, ദളിത് സാഹിത്യം..

ഒരു കാലത്ത് മലയാള സാഹിത്യത്തിലെ മിക്ക കഥാപാത്രങ്ങളും നായന്മാരായിരുന്നു. ജാതി സൂചിപ്പിച്ചില്ലെങ്കിലും നായർ ‘അണ്ടർസ്റ്റുഡ്’ ആയിരുന്നു.  ഇപ്പോൾ അത് മാറി. പ്രസ്ഥാനങ്ങൾ കൊണ്ട് ഇങ്ങനെ ചില ഗുണങ്ങൾ ഉണ്ടായല്ലോ.