Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ എന്റെ തലയ്ക്ക് വിലയിട്ടു: തസ്‌ലിമ നസ്രീൻ

taslima-religion.jpg "അവർ എനിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു, എന്റെ തലയ്ക്ക് വിലയിട്ടു, മാതൃരാജ്യത്ത് നിന്ന് ഞാൻ നാടുകടത്തപ്പെട്ടു." രാഷ്ട്രീയം, എഴുത്ത്, വിവാദങ്ങൾ...തസ്ലിമ മനസ് തുറക്കുന്നു.

അമ്പതു വർഷത്തെ ജീവിതത്തെക്കുറിച്ച് 7 ആത്മകഥകൾ. അതിൽ ഏഴാമത്തെ പുസ്തകമായ 'എക്സൈൽ’ ഇന്ത്യയിൽ പുറത്തിറക്കാൻ തസ്ലിമ നസ്രീൻ തിരഞ്ഞെടുത്തത് കേരളമാണ്. രാഷ്ട്രീയം, എഴുത്ത്, വിവാദങ്ങൾ...തസ്‌ലിമ മനസ് തുറക്കുന്നു..

പുസ്തകപ്രകാശനത്തിന് എന്തുകൊണ്ട് കേരളം ..

exile1

ഞാൻ കേരളത്തെ സ്നേഹിക്കുന്നു. പലതവണ കേരളത്തിൽ വന്നിട്ടുണ്ട്. ഇവിടുത്തെ ജനങ്ങൾ സ്നേഹമുള്ളവരാണ്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും എന്റെ നിലപാടുകൾക്ക് പിന്തുണ നൽകിയിട്ടുണ്ട്.  

നാടുകടത്തപ്പെട്ട ജീവിതം...

22  വർഷമായി ഞാൻ നാടുകടത്തപ്പെട്ടിട്ട്. ആശയങ്ങളുടെ പേരിലാണ് നാടുകടത്തപ്പെട്ടത്. ഒരു എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം ബാഹ്യസമ്മർദങ്ങളില്ലാതെ എഴുതാൻ കഴിയുക എന്നത് പ്രധാനമാണ്. എനിക്ക് ബംഗ്ലാദേശിലേക്ക് പോകാൻ കഴിയില്ല. പക്ഷേ ഇന്ത്യ എനിക്ക് ഇപ്പോൾ മാതൃരാജ്യം പോലെയാണ്. ഇവിടെ എനിക്ക് അന്യതാബോധം ഉണ്ടാകുന്നില്ല. അതുകൊണ്ട് ഇന്ത്യയിൽ തുടർന്ന് എന്റെ പോരാട്ടങ്ങൾ തുടരാനാണ് ആഗ്രഹം.

പിന്തുടരുന്ന എതിർപ്പുകൾ...

കൂടുതലും ഇസ്ലാമിക് മൗലികവാദികളാണ് എന്നെ വേട്ടയാടുന്നത്. മറ്റ് മതമൗലികവാദികൾക്കും എന്റെ ആശയങ്ങളോട് പ്രിയമില്ല. സ്ത്രീസമത്വത്തിനു വേണ്ടിയാണ് ഞാൻ പോരാടിയത്. അത് ബംഗ്ലാദേശിലെ  മതമൗലികവാദികളെ ചൊടിപ്പിച്ചു. അവർ എനിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു, എന്റെ തലയ്ക്ക് വിലയിട്ടു, മാതൃരാജ്യത്ത് നിന്ന് ഞാൻ നാടുകടത്തപ്പെട്ടു. എന്നിട്ടും തീർന്നില്ല, ഇന്ത്യയിൽ പോലും എനിക്കെതിരെ ആക്രമണമുണ്ടായി. കൊൽക്കത്തയിൽ നിന്ന് ഞാൻ പുറത്താക്കപ്പെട്ടു. അവിടുത്തെ സ്ത്രീ ഭരണാധികാരികൾ പോലും എനിക്കെതിരെ തിരിഞ്ഞു. എങ്കിലും ഞാൻ സ്ത്രീസമത്വത്തിനു വേണ്ടി ഉറച്ചു നിൽക്കുക തന്നെചെയ്യും.

വിഭജനവും തീവ്രമതചിന്തകളും... 

ബംഗ്ലാദേശ് വിഭജനം തന്നെ തെറ്റായ ഒരു തീരുമാനമായിരുന്നു. വിഭജനം നടന്നില്ലായിരുന്നെങ്കിൽ മതതീവ്രവാദം ഇത്രയും രൂക്ഷമാകില്ലായിരുന്നു.. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ മനസ്സുകളും വിഭജിക്കപ്പെടുകയായിരുന്നു. മതത്തിന്റെ മതിൽക്കെട്ടുകൾ ജനങ്ങളുടെ മനസ്സുകളിൽ ഉയരുന്നതിനു അത് കാരണമായി. ഇപ്പോഴും വിഭജിക്കപ്പെട്ടിട്ടില്ലാത്ത ഒരു ബംഗ്ലാദേശിനെ, പാക്കിസ്ഥാനെ, ഇന്ത്യയെ ഞാൻ സ്വപ്നം കാണുന്നു.

മതനിരപേക്ഷതയും മതവിശ്വാസവും... 

ഞാനൊരു നിരീശ്വരവാദിയാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. കാരണം അതിന്റെ ആശയങ്ങളോട് എനിക്ക് യോജിപ്പുണ്ട്. മതങ്ങളുടെ വേലിക്കെട്ടുകൾക്ക് പുറത്തുനിന്ന് ഏവരെയും സ്നേഹിക്കാൻ കഴിയുകയെന്നതാണ് ഈ കാലഘട്ടത്തിൽ അഭികാമ്യവും പ്രസക്തവും. മതവിശ്വാസത്തെക്കാൾ ഞാൻ മാനുഷികതയിൽ വിശ്വസിക്കുന്നു. 

ഇന്ത്യൻ ബുദ്ധിജീവികൾ അകറ്റിനിർത്തുന്നു...

ഒരു സ്ത്രീ എന്ന നിലയിൽ അപ്രിയ സത്യങ്ങൾ വെട്ടിത്തുറന്നു പറയുന്നതുകൊണ്ടായിരിക്കും ഇന്ത്യയിലെ ഒരു വിഭാഗം ബുദ്ധിജീവികൾക്ക് എന്നോട് അപ്രിയം തോന്നുന്നത്.  

സ്ത്രീ, വ്യക്തി സ്വാതന്ത്ര്യം, വിശ്വാസങ്ങൾ... 

TASLIMA---4 ആചാരങ്ങളുടെയോ, വസ്ത്രധാരണത്തിന്റെയോ പേരിൽ സ്ത്രീകളെ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നു തടയുന്നത് പ്രതിഷേധാർഹമായ കാര്യമാണ്.

സ്ത്രീ എന്ന വാക്ക് തന്നെ ഒരു പരിമിതി പോലെയാണ് പലരും ഉപയോഗിക്കുന്നത്. പ്രിയമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ സ്ത്രീ എന്ന വിശേഷണം ഒരിക്കലും ഒരു പരിമിതിയാകരുത് എന്ന് ഞാൻ വിശ്വസിക്കുന്നു. മതത്തിന്റെയോ ലിംഗത്തിന്റെയോ പരിമിതികൾക്കപ്പുറത്തു നിന്ന് സ്വന്തം സ്വത്വം കണ്ടെത്താൻ കഴിയുമ്പോഴേ വ്യക്തിസ്വാതന്ത്ര്യം പൂർണമാകുകയുള്ളൂ.  

ഭീഷണികൾ, പോരാട്ടങ്ങൾ... 

1993 ലാണ് എനിക്കെതിരെ ആദ്യ ഫത്‌വ പുറപ്പെടുവിക്കുന്നത്. എന്റെ ശിരസ്സിനു അവർ വിലയിട്ടു. വർഷങ്ങൾ ഞാൻ വീട്ടുതടങ്കലിലായി. മാതൃരാജ്യത്ത് നിന്നു നാടുകടത്തപ്പെട്ടു, നിരവധി വധശ്രമങ്ങളുണ്ടായി. പക്ഷേ ഇപ്പോഴും ഞാൻ എന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ആസ്വദിക്കുന്നു. പോരാട്ടങ്ങൾ നിരന്തരം ജീവിതത്തിന്റെ ഭാഗമായത് കൊണ്ട് ഭീഷണികൾ കാര്യമായി എടുക്കാറില്ല.

മുത്തലാഖ്, കോടതിവിധി..

ബംഗ്ലാദേശ്, പാകിസ്ഥാൻ പോലെയുള്ള മുസ്‌ലിം രാജ്യങ്ങൾ വർഷങ്ങൾക്കു മുന്നേ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. ജനാധിപത്യ മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ ഇത്രയും കാലം രഹസ്യമായി മുത്തലാഖ് നിലനിന്നു എന്ന് പറയുന്നത് തന്നെ അപമാനകരമാണ്. ബഹുഭാര്യാത്വം പോലെയുള്ള നിരവധി ആചാരങ്ങൾ രഹസ്യമായി ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു എന്നത് സ്ത്രീകളുടെ അന്തസ്സിനു നേരെയുള്ള ആക്രമണമാണ്. പീഡനങ്ങൾ സഹിച്ചു കൊണ്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹമോചനം നേടുന്നത് തന്നെയാണ്. രാജ്യത്ത് തുല്യ അവകാശങ്ങളിൽ അധിഷ്ഠിതമായ ഏകീകൃത സിവിൽ കോഡ് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

സ്ത്രീകളും, മതാചാരങ്ങളും...

taslima-twitter രാജ്യത്ത് തുല്യ അവകാശങ്ങളിൽ അധിഷ്ഠിതമായ ഏകീകൃത സിവിൽ കോഡ് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

മതങ്ങളും നിയമങ്ങളും എല്ലാം നിർമിച്ചത് മനുഷ്യനാണ്. ആചാരങ്ങളുടെയോ, വസ്ത്രധാരണത്തിന്റെയോ പേരിൽ സ്ത്രീകളെ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നു തടയുന്നത് പ്രതിഷേധാർഹമായ കാര്യമാണ്. 

അടുത്ത പുസ്തകം...

അടുത്ത പുസ്തകം ഒരു ഫിക്ഷനാണ്. ഞാൻ ഫിക്ഷൻ എഴുതിയിട്ട് ഏറെ നാളുകളായി. എന്റെ ആത്മകഥയുടെ എട്ടാം ഭാഗവും എഴുതാനുള്ള പദ്ധതിയുണ്ട്.

Your Rating: