Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ ജീവിതം എഴുത്തിനെ സ്വാധീനിച്ചു: ജെയിൻ ജോസഫ്

jane joseph ജെയിൻ ജോസഫ് - ആദ്യ കൃതി ചാക്കോസ്@ചെസ്റ്റ്നട്ട് അവന്യൂ.കോം. 'അമ്മയ്ക്ക് സ്നേഹപൂർവ്വം' എന്ന കവിത മുട്ടത്ത് വർക്കി സ്മാരക അവാർഡ് നേടി. കുടുംബമായി അമേരിക്കയിൽ താമസിക്കുന്നു.

കോട്ടയംകാരിയിൽ നിന്ന് അമേരിക്കൻ എഴുത്തുകാരിയിലേക്ക്... 

കോട്ടയം ജില്ലയിലെ പ്ലാശനാൽ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. സ്‌കൂൾ കോളജ് വിദ്യാഭ്യാസമെല്ലാം കേരളത്തിൽ തന്നെയായിരുന്നു. വിവാഹശേഷമാണ് പ്രവാസജീവിതം ആരംഭിക്കുന്നത്. ഇപ്പോൾ അമേരിക്കയിൽ 17  വർഷമായി താമസിക്കുന്നു.

ചെറുപ്പം മുതൽതന്നെ എഴുത്തിൽ സജീവമായിരുന്നു. അതുകൊണ്ട് തന്നെ എഴുത്തിലേക്ക് ഒരു ദൂരം ഒന്നുമില്ലായിരുന്നു.പബ്ലിഷിങ് രംഗത്തേക്ക് വന്നത് ഇപ്പോഴാണെന്നു മാത്രമേയുള്ളൂ. 

ചാക്കോസ്@ചെസ്റ്റ്നട്ട് അവന്യൂ.കോം...

chackos@chestnutavenue.com

അമേരിക്കയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളുടെ കഥയാണിത്. അനിൽ ചാക്കോയുടെ കുടുംബമാണ് കേന്ദ്രകഥാപാത്രങ്ങൾ. അവർ ചാക്കോസ് ഫാമിലി എന്നാണ് അറിയപ്പെടുന്നത്. ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരുടെ കഥയായത് കൊണ്ടാണ് ഇങ്ങനെ ഒരു പേര് തിരഞ്ഞെടുത്തത്.

24  കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഇതിലെ കഥാപാത്രങ്ങൾ തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നു. 4 സീസണുകളിലായി ഋതുഭേദങ്ങളുടെ ഒരു ബാക്ഡ്രോപ്പിലാണ് കഥ പറയുന്നത്. ഒരു അധ്യായനവർഷമാണ് ഇതിലെ സമയക്രമം. ശരത്കാലത്തിൽ തുടങ്ങുന്ന കഥകൾ ഗ്രീഷ്മത്തിൽ അവസാനിക്കുമ്പോൾ ഒരു അധ്യായനവർഷം അവസാനിക്കുന്നു. നോവലിന്റെ ഒരു കാൻവാസാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

മറ്റൊരു പ്രത്യേകത, ഇതിന്റെ ചിത്രങ്ങൾ വരച്ചിരിക്കുന്നത് കുട്ടികളാണ്. ഒരു പരീക്ഷണമെന്ന നിലയിൽ എന്റെയും എന്റെ സുഹൃത്തുക്കളുടെ കുട്ടികളെയുമാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റിന്റെ കൃത്യതയെക്കാൾ അല്പം നിഷ്കളങ്കമായ ഒരു ഫീലിങ് ലഭിക്കാനായാണ് ഇങ്ങനെ ഒരു ശ്രമം നടത്തിയത്.

അമേരിക്ക സാഹിത്യം വിളയുന്ന മണ്ണ്... 

jane joseph

പ്രവാസത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ എനിക്ക് ബാഹ്യസാഹിത്യപ്രവർത്തങ്ങളുമായി ബന്ധമൊന്നും ഇല്ലായിരുന്നു. പണ്ട് കുടിയേറിയ മലയാളികളിൽ സാഹിത്യത്തിൽ തത്പരരായവർ ചെറുകൂട്ടായ്മകൾ സംഘടിപ്പിക്കുന്നുണ്ടെന്നും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) എന്നൊരു സംഘടനയുണ്ടെന്നും പിന്നീട് മനസ്സിലാക്കുകയും അങ്ങനെ പതിയെ അതിൽ സജീവമാകുകയുമായിരുന്നു. സാഹിത്യം പരിപോഷിപ്പിക്കുന്നതിനായി നിരവധി പ്രവർത്തങ്ങൾ ലാന ചെയ്യുന്നുണ്ട്. വർഷത്തിലൊരിക്കൽ സാഹിത്യ കൂട്ടായ്മകളും, ബുക്ക് ഫെസ്റ്റിവലുകളും സംഘടിപ്പിക്കുകയും, വലിയ എഴുത്തുകാരുമായി ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു. 

കഴിഞ്ഞ നാല് വർഷമായി 'ലാന'യിൽ സജീവമായി പ്രവർത്തിക്കുന്നു. എനിക്ക് ഈ പുസ്തകത്തിലേക്ക് എത്തിച്ചേരാനായത് തന്നെ അതിലൂടെ ലഭിച്ച ബന്ധങ്ങൾ കൊണ്ടാണ്.

മലയാളം മറക്കുന്ന അമേരിക്കൻ പുതുതലമുറ...

പുതുതലമുറ അമേരിക്കൻ മലയാളി കുട്ടികളിൽ വളരെ ചുരുക്കം പേർക്ക് മാത്രമേ മലയാളം വൃത്തിയായി എഴുതാനും വായിക്കാനും അറിയുകയുള്ളൂ. എന്നാൽ ആത്മാർഥമായി മക്കളെ മലയാളം പഠിപ്പിക്കുന്ന മാതാപിതാക്കളും ഉണ്ട്. മലയാളം അസോസിയേഷന്റെ ഭാഗമായി മലയാളം ക്‌ളാസുകൾ സംഘടിപ്പിക്കാറുമുണ്ട്. എന്നിരുന്നാലും കുട്ടികൾ കൂടുതലും സംവദിക്കുന്നത് ഒരു ഇംഗ്ളീഷ് സമൂഹവുമായിട്ടാണ്. അതുകൊണ്ടുതന്നെ മലയാളം ഒരു സംസാരഭാഷയായും വായനമാധ്യമമായും ഉപയോഗിക്കാനുള്ള സാദ്ധ്യതകൾ അവിടെ കുറവാണ് എന്നത് ഒരു യാഥാർഥ്യമാണ്.

ഐറ്റിയിൽ നിന്ന് എഴുത്തിലേക്ക്...

jane-joseph

നാട്ടിൽ നിന്ന് എൻജിനീയറിങ് കഴിഞ്ഞു, ഞാൻ സോഫ്റ്റ്‌വെയർ എൻജിനീയറായി മോട്ടോറോളയിലും മറ്റു കമ്പനികളിലും ജോലി ചെയ്തു. പിന്നീട് കുറേവർഷങ്ങൾ കഴിഞ്ഞപ്പോൾ മുൻഗണനകളും അഭിരുചികളും മാറി. ഭർത്താവും വളരെ തിരക്കുള്ള വ്യക്തിയാണ്. 13  വയസ്സുള്ള ഒരു മകളുണ്ട്.  ജീവിതം തിരക്കുകൾ മാത്രമാകുന്നു എന്നുതോന്നിയപ്പോഴാണ് ജോലിയിൽ നിന്നും ഒരു ബ്രേക്ക് എടുത്തു എന്റെ പാഷനായ എഴുത്തിലേക്ക് തിരിഞ്ഞത്.

അമേരിക്കൻ രാഷ്ട്രീയം, തിരഞ്ഞെടുപ്പ്... 

ഒരു പ്രവാസിയായി ജീവിക്കുമ്പോൾ അവിടുത്തെ രാഷ്ട്രീയാന്തരീക്ഷം ശ്രദ്ധിച്ചേ മതിയാകൂ. കാരണം, നമ്മുടെ നിലനിൽപ്പിനെ ബാധിക്കുന്ന പല തീരുമാനങ്ങളും അവരിൽ നിന്നുണ്ടാകാം. രണ്ടു പാർട്ടികളുടെയും നയത്തിന് വലിയ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടു തന്നെ അമേരിക്കൻ രാഷ്ട്രീയവും തിരഞ്ഞെടുപ്പും ശ്രദ്ധിക്കാറുണ്ട്.

സ്നേഹപൂർവ്വം അമ്മയ്ക്ക്...

എഴുത്ത് ഒരു തെറാപ്പി പോലെയാണ് ഞാൻ ചെയ്തിരുന്നത്. കവിതകൾ പ്രത്യേകിച്ചും. കവിതകൾ വളരെ കുറച്ചുമാത്രമേ പ്രസിദ്ധീകരിക്കാൻ അയയ്ക്കാറുള്ളൂ. 'അമ്മയ്ക്ക് സ്നേഹപൂർവ്വം' എന്ന കവിതയ്ക്ക് മുട്ടത്ത് വർക്കി സ്മാരക അവാർഡ് ലഭിച്ചു. മലയാളം അസോസിയേഷൻ ഓഫ് മെരിലാൻഡിന്റെ അവാർഡാണ് ലഭിച്ചത്. എന്റെ അമ്മച്ചിയുടെ എഴുപഞ്ചാം പിറന്നാളിന് അയച്ചു കൊടുത്ത കത്തിലാണ് ആ കവിത ആദ്യമായി എഴുതിയത്. ഒരു ജന്മദിന സമ്മാനം എന്ന നിലയിൽ അമ്മച്ചിക്കത് വളരെ സന്തോഷമായി. അമ്മച്ചിയോടുള്ള ഒരു ആദരം എന്ന നിലയിലാണ് പിന്നീട് അതു പബ്ലിഷ് ചെയ്തത്.