Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നമ്മുടെ’ ഗാന്ധിജിയോ? അപ്പോൾ ആരാണീ അരുന്ധതി?

ഈ ഗാന്ധി വിവാദം യഥാർഥത്തിൽ വൈകിയെത്തിയ ഒന്നാണ്. ഡോ. ബി. ആർ. അംബേദ്കറുടെ ‘അനിഹിലേഷൻ ഓഫ് കാസ്റ്റി’ന്റെ പുതിയ പതിപ്പിന് അരുന്ധതി എഴുതിയ സുദീർഘമായ അവതാരിക ഈ വർഷം ആദ്യം പുസ്തകം പ്രസിദ്ധീകരിച്ചയുടൻ സസൂക്ഷ്മം വായിച്ചിരുന്നെങ്കിൽ എതിർപ്പും ബഹളവും കേരളത്തിൽ അന്നേ തുടങ്ങുമായിരുന്നു. ‘ദി ഡോക്ടർ ആൻഡ് ദി സെയ്ന്റ്’ എന്ന ആ അവതാരികയിൽ പറഞ്ഞതിലുമേറെ ജ്വലനശേഷിയുള്ള ഒന്നും അരുന്ധതിയുടെ അയ്യൻകാളി പ്രഭാഷണത്തിലില്ലെന്നതാണു വാസ്തവം.

‘ഡോക്ടർ ആൻഡ് ദി സെയ്ന്റ്’ ജ്വലനശേഷിയുള്ളതാണെന്നൊന്നു ഞാൻ പറയില്ല. അപ്രതീക്ഷിത കോണുകളിൽ നിന്നുപോലും കാര്യമായ തോതിൽ വിവാദങ്ങളുണ്ടായെന്നതു സത്യം. അതു പക്ഷേ പ്രതീക്ഷിക്കേണ്ടതുമാണ്. കാരണം, ഇതൊരു വിഷമസ്ഥലിയാണ്. ഗാന്ധിയുടെ അത്രയേറെ അറിയപ്പെടാത്ത രചനകളിൽനിന്ന് ഉദ്ധരണികൾ ധാരാളമായി ഉപയോഗിച്ച്, പരമ്പരാഗത ചിന്താഗതികളെ അതു ചോദ്യം ചെയ്യുന്നുണ്ട്.

അംബേദ്കറുടെ അനിഹിലേഷൻ ഓഫ് കാസ്റ്റിനുള്ള അവതാരികയായാണ് അതെഴുതിയത്. വ്യവസ്ഥാപിത ഘടനയെ ആഴത്തിലും സമൂലമായും വെല്ലുവിളിക്കുന്നവയാണ് അംബേദ്കറുടെ വീക്ഷണങ്ങൾ. വംശത്തെയും ജാതിയെയും കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാടുകളെച്ചൊല്ലിയുള്ള വിവാദം ഞാൻ ‘ദി ഡോക്ടർ ആൻഡ് ദി സെയ്ന്റ്’ എഴുതുന്നതിന് എത്രയോ കാലം മുൻപു തുടങ്ങി അംബേദ്കർ-ഗാന്ധി സംവാദത്തിലാണ് ആ വിവാദത്തിനിന്റെ തുടക്കമെന്നു വേണമെങ്കിൽ പറയാം.

ദളിത് രാഷ്ട്രീയ ലോകത്തിൽ വർഷങ്ങളായി അതു വാദങ്ങൾക്കും പ്രതിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്പക്ഷേ, വ്യവസ്ഥാപിത സംവാദത്തിൽനിന്ന് അതു കരുതലോടെ, വിജയകരമായി മാറ്റി നിർത്തപ്പെട്ടിരിക്കുന്നു. എന്റെ അയ്യൻകാളി സ്മാരക പ്രഭാഷണത്തിനുശേഷം കേരളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞ അക്രമവും വിളയാട്ടവും ചിലരുണ്ടാക്കുന്ന വ്യാജകോലാഹലം മാത്രമാണ്. അംബേദ്കറുടെ അനിഹിലേഷൻ ഓഫ് കാസ്റ്റോ, ദി ഡോക്ടർ ആൻഡ് ദി സെയ്ന്റോ എന്നല്ല, ഒന്നും തന്നെ വായിക്കാൻ ഇവർ മിനക്കെടില്ല. ഗാന്ധിയെ പ്രതിരോധിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇവർക്ക് ഗാന്ധിയുടെ രചനകൾപോലും വായിക്കാൻ മനസ്സില്ല. ഈ സംവാദത്തിൽ ഒട്ടേറെ സ്ഥാപിത താൽപ്പര്യങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്നു. ഇവർക്കു മനംമാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതു മൗഢ്യം. പക്ഷേ യുവ തലമുറ അവരുടെ കാഴ്ചപ്പാടുകൾ മാറ്റുക തന്നെ ചെയ്യും. ഉറപ്പ്.

‘അരുന്ധതിക്ക് നമ്മുടെ ഗാന്ധിജിയെപ്പറ്റി എന്തറിയാം? ഇതിനൊക്കെ അവർക്ക് എന്താണവകാശം?’ എന്നാണു വിമർശകർ ചോദിക്കുന്നത്. ഗാന്ധിജിയുടെ രചനകളിൽനിന്ന് ധാരാളം ഉദ്ധരിക്കുന്ന എഴുത്തുകാരി ഗാന്ധിയുടെ സമ്പൂർണ രചനകൾ എത്രത്തോളം ആഴത്തിൽ അന്വേഷണാത്മകമായി പഠിച്ചിട്ടുണ്ട്? അംബേദ്കറെ പഠിക്കാനും ഗാന്ധിയെക്കുറിച്ചു പഠിച്ചതുപേക്ഷിക്കാനും നടത്തിയ വായനയും ശ്രമവും വിശദീകരിക്കാമോ?

‘നമ്മുടെ’ ഗാന്ധിജിയോ? അപ്പോൾ ആരാണീ അരുന്ധതി? ഗാന്ധിയുടെ ഈ പറഞ്ഞ ‘ഉടമ’കളിൽ നിന്നു വിഭിന്നമായി ഒരു പ്രത്യേക കൂട്ടം അവകാശങ്ങളുള്ള ഏതെങ്കിലുമൊരു അന്യഗ്രഹജീവിയോ? ‘നമ്മുടെ ഗാന്ധി എന്നു പറയുന്ന ഇക്കൂട്ടർ ‘നമ്മുടെ അംബേദ്കർ’ എന്നു പറയുമോ? എനിക്കു സംശയമാണ് ഒരു കാര്യം ഞാൻ വ്യക്തമാക്കട്ടെ: ഗാന്ധിയുടെയോ അംബേദ്കറുടെയോ സമ്പൂർണ കൃതികളല്ല, അംബേദ്കർ-ഗാന്ധി സംവാദമാണ് ദി ഡോക്ടർ ആൻഡ് ദി സെയ്ന്റിന്റെ വിഷയം. അതെഴുതുന്നതിനു മുൻപ് അംബേദ്കറുടെയും ഗാന്ധിയുടെയും രചനകളിൽ ഗവേഷണവും വായനയുമായി ഞാൻ മാസങ്ങൾ ചെലവഴിച്ചിട്ടുണ്ട്.

1936ൽ, അനിഹിലേഷൻ ഓഫ് കാസ്റ്റിനെ ഖണ്ഡിച്ചുകൊണ്ട് ഗാന്ധി എഴുതിയ ലേഖനത്തിലാണു ഞാൻ തുടങ്ങിയത്. തുടർന്ന്, ജാതിയെയും വംശത്തെയും കുറിച്ചുള്ള പ്രസ്താവനകളുടെ തന്തുവിൽ പിടിച്ച് അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കൻ കാലഘട്ടം വരെ പോയി. (ദക്ഷിണാഫ്രിക്കയിൽ ഞാൻ കുറച്ചു കാലം ചെലവഴിച്ചിട്ടുണ്ട്) വായിച്ചതെല്ലാം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. ഗാന്ധിയെക്കുറിച്ച് തീർത്തും അസ്വസ്ഥതയുണ്ടാക്കുന്ന ഈ കാര്യങ്ങൾ പൊതുജനങ്ങളുടെയും ‘വ്യവസ്ഥാപിത’ ബൗദ്ധിക സൂക്ഷ്മനിരീക്ഷണത്തിന്റെയും റഡാറിനു കീഴിൽ പരിശോധനയില്ലാതെ എത്ര വിദഗ്ധമായി കടന്നുപോയെന്നുള്ള ചിന്ത അതിലേറെ ഞെട്ടിപ്പിച്ചു.

ഞാൻ എന്തു ചെയ്യാനാഗ്രഹിച്ചോ അതു ചെയ്യാനുള്ള ഒരേയൊരു മാർഗം ഗാന്ധിയുടെ തന്നെ വാക്കുകൾ പരമാവധി ഉദ്ധരിക്കുകയാണെന്നു തിരിച്ചറിഞ്ഞത് അതേ നിമിഷമായിരുന്നു. ഗാന്ധിയെ ഉദ്ധരിച്ചുകൊണ്ട് എന്റെ അഭിപ്രായങ്ങളും വിശകലനങ്ങളും എത്ര കുറയ്ക്കാമോ അത്രയും കുറയ്ക്കുക. മറ്റൊരു പുസ്തകമാക്കാൻ തക്കവണ്ണം അവതാരിക സുദീർഘമായി പരിണമിച്ചതാണ് അതിന്റെ ഫലം. അതിൽ പറഞ്ഞിട്ടുള്ളതെല്ലാം വികാരവിക്ഷുബ്ധമായ പ്രശ്നബാധിതമേഖലയാണ്. അതുകൊണ്ടുതന്നെ എല്ലാത്തരം പ്രതികരണങ്ങളുമുണ്ടായി.

ഒരുപാട് ആലിംഗനങ്ങളും ഒത്തിരി സ്നേഹവും തൊട്ട് പ്രവചനാതീതമായ രീതിയിലുള്ള രോഷപ്രകടനം വരെ. അംബേദ്കറിനെക്കുറിച്ചുള്ളതിനേക്കാൾ കൂടുതൽ ഗാന്ധിയെക്കുറിച്ചാണ് ഞാൻ എഴുതിയതെന്നാണ് ചിലരുടെ ആരോപണം. അതു ന്യായമാണുതാനും. പക്ഷേ, അംബേദ്കറുടെ വ്യക്തതയ്ക്കു മുന്നിൽ ഗാന്ധി സൃഷ്ടിച്ച കട്ടിപ്പുകമറ തട്ടിത്തെറിപ്പിക്കാത്തിടത്തോളം കാലം നമ്മൾ ഇരുട്ടിൽത്തപ്പിക്കൊണ്ടേയിരിക്കുമെന്നാണ് എന്റെ വാദം.

അനിഹിലേഷൻ ഓഫ് കാസ്റ്റിനെതിരെ രൂക്ഷവിമർശനങ്ങൾ ഏറെയുണ്ടായെങ്കിലും അതിൽ ഗാന്ധിയുടേതിനുമാത്രം മറുപടി നൽകാനുള്ള അംബേദ്കറുടെ യുക്തിയും അതായിരുന്നു. പുസ്തകത്തെ ചുറ്റിപ്പറ്റിയുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലത് ഞാൻ എഴുതിയതിനെക്കുറിച്ചല്ല, മറിച്ച് ഞാനെന്ന വ്യക്തിയെക്കുറിച്ചാണെന്നത് നിർഭാഗ്യകരമാണ് എന്റെ ഉദ്ദേശ്യങ്ങൾ, എന്റെ ലക്ഷ്യങ്ങൾ, എന്റെ രാഷ്ട്രീയ ചായ് വുകൾ, എന്റെ ജാതി, എന്റെ മേൽവിലാസം... ഇത് അത്ഭുതപ്പെടുത്തുന്നില്ല. ഇത്തരം പ്രതികരണങ്ങളോട് ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു.

എന്നെ ലക്ഷ്യം വയ്ക്കാൻ എളുപ്പമാണ് പ്രശസ്തിക്ക് ഒരേ സമയം ഗുണവും ദോഷവുമുണ്ടല്ലോ. അത് എനിക്കും എന്റെ വിമർശകർക്കും ഒരുപോലെ പ്രാധാന്യം നൽകും. പുസ്തകങ്ങളിൽനിന്നുള്ള റോയൽറ്റി കൊണ്ട് ഞാൻ അത്യാവശ്യം നല്ല സ്ഥിതിയിലാണ്. സാമ്പത്തികമായി സ്വതന്ത്രയുമാണ്. അങ്ങനെയുള്ള ഞാൻ അസമത്വത്തെക്കുറിച്ച് എഴുതാൻ ധൈര്യപ്പെടുന്നോ? ഞാൻ ഒരു ‘നല്ല സ്ത്രീ’ അല്ല, ശരിയായ അർഥത്തിൽ ദുരിതങ്ങൾ സഹിച്ചിട്ടില്ല, നിർദിഷ്ട ഘടനയിലുള്ള ത്യാഗജീവിതം സ്വമേധയാ വരിച്ചിട്ടില്ല- അങ്ങനെയിരിക്കെ, ഇതൊക്കെ എഴുതുവാൻ എനിക്കെന്താണവകാശം? ഭാഗ്യവശാൽ, എനിക്ക് ആരുടെയും സദാചാര സർട്ടിഫിക്കറ്റ് ആവശ്യമില്ല. വായനക്കാർക്ക് ഞാനെഴുതിയതു വായിക്കാം, വായിക്കാതിരിക്കാം. എന്റെ രചനയുമായി ബൗദ്ധികവ്യായാമത്തിലേർപ്പെടാം, ഏർപ്പെടാതിരിക്കാം. ബാക്കിയെല്ലാം വെറും ശബ്ദകോലാഹലം

പത്തുവർഷം മുൻപാണ് അവതാരികയ്ക്കായി സമീപിച്ചതെന്ന് അനിഹിലേഷൻ ഓഫ് കാസ്റ്റിന്റെ എഡിറ്റർ എസ്. ആനന്ദിന്റെ കുറിപ്പിൽ നിന്നു മനസ്സിലാക്കുന്നു. മഹാത്മാവിനെക്കുറിച്ച് പുനർവിചാരം നടത്തുന്നതിനുള്ള പ്രചോദനമായത് അംബേദ്കറാണോ? അരുന്ധതിയുടെ ബൗദ്ധിക ജീവിതത്തെ അംബേദ്കർ എങ്ങനെയാണ് സ്വാധീനിച്ചത്?

ഗഹനവും വിമർശനപരവുമായ രീതികളിൽ അംബേദ്കർ എന്റെ വിവേചനബുദ്ധിക്ക് ആഴവും ചിന്തയ്ക്ക് ചൈതന്യവും പകർന്നു തന്നിട്ടുണ്ട്. നാം ഇന്നു ജീവിക്കുന്ന സമൂഹത്തെ മനസ്സിലാക്കാനും വിശകലനം ചെയ്യാനുമുള്ള ഉപാധികൾ അദ്ദേഹം തരുന്നു. ഒരു മൗലികചിന്തകൻ. അതിലുമേറെ, നിർഭയൻ. ഗാന്ധി പ്രശസ്തിയുടെയും സ്വാധീനത്തിന്റെയും പരകോടിയിലായിരുന്ന കാലത്തുതന്നെ അംബേദ്കർ അദ്ദേഹത്തെ വെല്ലുവിളിച്ചത് അതിശയകരമാണ്.

കുതന്ത്രങ്ങളുപയോഗിച്ച് സങ്കീർണമായ രീതിയിൽ തനിക്കു പ്രതിബന്ധം സൃഷ്ടിച്ചതുകൊണ്ടുതന്നെ, ഗാന്ധിയെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും അംബേദ്കർ ധാരാളം എഴുതി. ഗാന്ധിയെക്കുറിച്ച് കുട്ടിക്കാലം മുതൽ നാം പഠിച്ചു ശീലിച്ച ആ പഴകിയ ശൈലികൾ മറക്കാൻ അംബേദ്കർ എനിക്കു തീർച്ചയായും പ്രചോദനമായിട്ടുണ്ട്. ഇന്ന് അംബേദ്കറുടെ പൈതൃകം കൊടിയ ആപത്തിലാണ്. ഹിന്ദുത്വത്തിനെതിരെയുള്ള പണ്ഡിതോചിതമായ ആക്ഷേപമായിരുന്നു അനിഹിലേഷൻ ഓപ് കാസ്റ്റ്.

തന്റെ ജനങ്ങൾ ഹിന്ദുത്വത്തെ തള്ളിപ്പറയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, ഇന്ന് ദളിതർ മെല്ലെ ‘ഹിന്ദുത്വവൽക്ക’രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, ‘സംസ്കൃതവൽക്ക’രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പുതിയ സർക്കാർ അംബേദ്കറിന്റെ ദുഃസ്വപ്നമായിരിക്കും. അശുദ്ധരെ ശുദ്ധരാക്കി ഹിന്ദുമതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള പുതിയ ശുദ്ധി പ്രസ്ഥാനത്തിന്റെ അറിയിപ്പു വന്നു കഴിഞ്ഞു. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ആർഎസ്എസ് മേധാവിയുടെ പ്രഖ്യാപനം. വല്ലാതെ അലട്ടുന്ന കാര്യങ്ങളാണിതെല്ലാം.

അമ്മ മേരി റോയി ഒരു വിഗ്രഹഭഞ്ജകയാണ്. ഗാന്ധിജിയെക്കുറിച്ചുള്ള അരുന്ധതിയുടെ പുനർവിചാരത്തിൽ അമ്മയുടെ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനമുണ്ടോ?

എന്റെ വിഗ്രഹഭഞ്ജകയായ അമ്മ ഗാന്ധിയുടെ വലിയ ആരാധികയാണ്. ദി ഡോക്ടർ ആൻഡ് ദി സെയ്ന്റ് എഴുതിയതിൽ അമ്മയ്ക്ക് ഒരു പങ്കുമില്ല. എന്റെ കാര്യം പറയുകയാണെങ്കിൽ, കൗശലക്കാരനെങ്കിലും ഗാന്ധി പരിപൂർണനും ഭാവനാസമ്പന്നനുമായ രാഷ്ട്രതന്ത്രജ്ഞനായിരുന്നെന്നായിരുന്നു ഇപ്പോൾ പൂർത്തിയാക്കിയ വായനയ്ക്കു മുൻപ് എന്റെ ധാരണ.

അദ്ദേഹത്തെക്കുറിച്ചുള്ള രണ്ടു കാര്യങ്ങൾ എന്നെ എല്ലായ്പോഴും ആഴത്തിൽ അസ്വസ്ഥയാക്കിയിട്ടുണ്ട്. ഒന്ന് സ്ത്രീകളോടും ലൈംഗികതയോടുമുള്ള മനോഭാവം (അതേക്കുറിച്ച് ഒരു പുസ്തകം തന്നെയെഴുതാം). രണ്ട്ദളിതർക്ക് ഹരിജനങ്ങളെന്ന നാമധേയം നൽകിയത് (ഒരു യജമാനന്റെ സംരക്ഷണമനോഭാവമാണ് ആ നിന്ദ്യമായ വിളിയിലുള്ളത്.)

പക്ഷേ അതിനർഥം ആദരിക്കത്തക്ക ഒരു ഗുണവും ഗാന്ധിയിൽ ഇല്ലെന്നാണോ?

സ്വന്തം ജീവിതകാലത്തു തന്നെ ജനഭാവനയെ കീഴടക്കിയ, സമ്മോഹിപ്പിക്കുന്ന അപൂർവവ്യക്തിയായിരുന്നു ഗാന്ധി. ആ മാസ്മരശേഷി ഇന്നും തുടരുന്നു. ദി ഡോക്ടർ ആൻഡ് ദി സെയ്ന്റ് അംബേദ്കറിനെതിരെ ഒരു വിമർശന വാക്കുപോലുമില്ലാത്ത പുണ്യപുരുഷചരിത്രമോ നിർദയമായ ഗാന്ധിനിന്ദയോ ആണെന്ന് അതു വായിക്കുന്ന ആരും പറയുമെന്നു തോന്നുന്നില്ല. അവിശ്വനീയമെന്നു പറയട്ടെ, ഞാനെഴുതിയത് ഗാന്ധിസ്തുതിയാണെന്ന ആരോപണമാണ് ചിലർ ഉന്നയിച്ചത്.

അവരും പുസ്തകം വായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഞാൻ ഗാന്ധിയെ ‘വിശുദ്ധനെ’ന്നു വിളിച്ചെന്നാണ് അവർ പറയുന്നത്. ഞാനുദ്ദേശിച്ച വിപരീതാർഥം അവർക്കു മനസ്സിലായിട്ടില്ല. ഗാന്ധിയെക്കുറിച്ചു പറയുമ്പോൾ പലപ്പോഴും ആക്ഷേപഹാസ്യത്തിന്റെ സ്വരത്തിൽ അംബേദ്കറും ‘വിശുദ്ധൻ’ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളതും അവർക്കറിയില്ല. അംബേദ്കറിന്റെ ഒരു പുസ്തകത്തിന് അവതാരിക എഴുതാൻ ദളിത് വിഭാഗത്തിൽപ്പെടാത്ത ഒരാൾക്ക് യാതൊരു അവകാശവുമില്ലെന്നു വിശ്വസിക്കുന്ന ചില മനുഷ്യരുണ്ട്.

അവരിൽ ദളിതർ മാത്രമല്ല, ഏതാനും ബ്രാഹ്മണരുമുണ്ടെന്നറിയുക. സവർണജാതിയിൽപ്പെട്ട ഒരാൾ അംബേദ്കറെ ‘ഉപയോഗി’ച്ചിരിക്കുന്നു എന്ന രീതിയിലാണ് അവർ ഇതിനെ കാണുന്നത്. പക്ഷേ മൊത്തത്തിൽ, ദൂരവ്യാപകമായ അർഥത്തിൽ നോക്കുമ്പോൾ ഈ വാദപ്രതിവാദങ്ങളും കുറ്റാരോപണങ്ങളും കുത്തുവാക്കുകളും കേരളത്തിലെ പൊട്ടിത്തെറികളും അറസ്റ്റ് ഭീഷണിയും പ്രതിഷേധജാഥകളും- ചിലപ്പോൾ കുറച്ചേറെ വേദനാജനകമെങ്കിലും- ആത്യന്തികമായി നല്ലതിനാണ്.

ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുള്ള സ്ഥാപനവൽക്കരിക്കപ്പെട്ട പക്ഷപാതിത്വത്തിൽ ഉപ്പിലിട്ടു സൂക്ഷിച്ചിരിക്കുകയാണു നമ്മളെ. അത്ര മനോഹരമായ പ്രക്രിയായിരിക്കില്ലെങ്കിലും അതിനെ ഉച്ചാടനം ചെയ്യേണ്ടതുണ്ട്. നമ്മളാരും വിശുദ്ധരല്ല, പരിപൂർണരല്ല, തെറ്റുകളൊന്നുമില്ലാതെയും വിമർശനത്തിനതീതമായും ഒരു മൂലഗ്രന്ഥവുമില്ല. നമുക്കു മുന്നിൽ രണ്ടു മാർഗങ്ങളുണ്ട്: അപൂർണമായ രാഷ്ട്രീയ എക്യെദാർഢ്യത്തിൽ പരസ്പരം ആശയങ്ങൾ പങ്കിടുക. അല്ലെങ്കിൽ അലംഘനീയമായ നീതിയെക്കുറിച്ചുള്ള സ്വയം നിർമിത ആശയങ്ങളിൽ ചുരുണ്ടുകൂടി ബോംബു വീലാത്ത സുരക്ഷിത താവളത്തിൽ ഏകാന്തവാസം നയിക്കുക.

ഗാന്ധിയെ മാത്രമല്ല, ദളിതരോടുള്ള മനോഭാവത്തിന്റെ പേരിൽ സ്വാമി വിവേകാനന്ദനെയും അരുന്ധതി വിമർശിക്കുന്നുണ്ട്. ഹിന്ദുമതം വിട്ടുപോകാനാഗ്രഹിക്കുന്ന താഴ്ന്ന ജാതിക്കാരെ ഉപദേശിക്കുന്ന വിവേകാനന്ദന്റെ വാക്കുകൾ അംബേദ്കർ പുസ്തകത്തിനുള്ള അവതാരികയിൽ അരുന്ധതി ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ സന്ദർഭത്തിൽ നിന്നടർത്തി മാറ്റിയുള്ള ഉദ്ധരിണിയല്ലേ അത്?

തീർച്ചയായും അല്ല. സ്വാമി വിവേകാനന്ദൻ ആ പറഞ്ഞത് ജനവിവരപ്പട്ടികയെക്കുറിച്ച് അക്കാലത്തു നാമ്പിട്ട സവർണ ആകാംക്ഷയുടെ ഭാഗം തന്നെയാണ്. ഇന്ന് ഹിന്ദുത്വമെന്നറിയപ്പെടുന്നതിന്റെ ആരംഭമായിരുന്നു അത്.

ഗാന്ധിയും അയ്യൻകാളിയും

പക്ഷേ, സംഭാവനകളുടെ കാര്യത്തിൽ ഗാന്ധിയെയും അയ്യൻകാളിയെയും താരതമ്യം ചെയ്യുന്നതിന് എന്തു ന്യായീകരണം? അയ്യൻകാളിയുടെ സമരവും സ്വാധീനവും ഒരു പ്രാദേശിക പ്രതിഭാസം മാത്രമായിരുന്നില്ലേ?

എന്തുകൊണ്ട് താരതമ്യം ചെയ്തു കൂടാ? എന്തുകൊണ്ട് അതൊരു വലിയ അശുദ്ധമാക്കലായി വിലയിരുത്തപ്പെടുന്നു? 1904ൽ, പുലയ വിദ്യാഭ്യാസത്തിനായി പോരാടിയയാളാണ് അയ്യൻകാളി. റഷ്യൻ വിപ്ലവത്തിനും മുൻപ്, ആദ്യത്തെ കർഷകത്തൊഴിലാളി സമരം വിജയകരമായി സംഘടിപ്പിച്ചയാളും. ഗാന്ധി അക്കാലത്ത് കറുത്ത വർഗക്കാരെക്കുറിച്ചും താഴ്ന്ന ജാതിക്കാരായ ഇന്ത്യൻ തൊഴിലാളികളെക്കുറിച്ചും ഏറ്റവും ഹീനമായ പ്രസ്താവനകളിറക്കി ദക്ഷിണാഫ്രിക്കയിൽ കഴിയുകയായിരുന്നു.

ജാതിവ്യവസ്ഥ ശരിയായ കാര്യമെന്നു സമർഥിച്ച് ഗാന്ധി അതിൽ അടിയുറച്ചു വിശ്വസിച്ചതെങ്ങനെയെന്നതിനെക്കുറിച്ചാണു തിരുവനന്തപുരത്ത് ഞാൻ സംസാരിച്ചത്. 1936ൽ അദ്ദേഹം എഴുതിയ ദി എഡെിയൽ ഭാംഗി എന്ന അസാധാരണ ഉപന്യാസത്തിൽനിന്ന് ഉദ്ധരിക്കുകയും ചെയ്തു.

arundhathi-roy-image01

പരമ്പരാഗത കുലത്തൊഴിലുകളുടെ നല്ല വശങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളെ ഗാന്ധി ഉദാഹരണസഹിതം ന്യായീകരിക്കുന്നു. അത് ഗുരുതരമായ ഹിംസയാണന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. ഇങ്ങനെയുള്ള രണ്ടുതരം ആളുകളിൽ ആരുടെ പേരാണ് സർവകാലശാലകൾക്കു നൽകേണ്ടതെന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കണം എന്നാണു ഞാൻ ചൂണ്ടിക്കാട്ടിയത്. അതു തെറ്റാണോ?

ഗാന്ധിയുടെ മഹാത്മാപദവിയെ അരുന്ധതി ചോദ്യം ചെയ്യുന്നു. പക്ഷേ, അനേക വർഷങ്ങളിലെ അനുഭവങ്ങളുടെ വിമലീകരണങ്ങളുടെയും ഫലമല്ലേ യഥാർഥ ഗാന്ധി? ഇതെല്ലാം ഒരു ഗംഭീര വഞ്ചനയായിരുന്നെന്നാണോ പറയുന്നത്? ഉദ്ധരണികൾക്കായി ഗാന്ധിയുടെ ആദ്യകാല രചനകളും പ്രസംഗങ്ങളും തിരയുന്നത് വലിയ അനീതിയാണെന്ന് അരുന്ധതിയുടെ വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഞാൻ എന്തെഴുതിയോ, അതെഴുതും മുൻപ് ഈ ചോദ്യങ്ങളൊക്കെ സ്വയം ചോദിച്ചതാണ്. ഗാന്ധിയിൽ മാറ്റമുണ്ടായോ? അദ്ദേഹത്തിന് പരിവർത്തനം സംഭവിച്ചിരുന്നോ? ജാതിവ്യവസ്ഥയെക്കുറിച്ചുള്ള സ്വന്തം നിലപാടുകളും (പ്രവൃത്തികളും) തള്ളിപ്പറഞ്ഞിരുന്നോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ഞാൻ ഉദ്ധരിച്ചത് പ്രായപൂർത്തിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ എഴുത്തും പ്രസംഗവുമാണ് അതായത് 1890കളുടെ ആദ്യകാലത്ത് ദക്ഷിണാഫ്രിക്കയിലെത്തിയ ഗാന്ധി മുതൽ 1946ലെ വയോധികനായ ഗാന്ധി വരെ.

കേരള സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽപോലും 1894ലെ ഗാന്ധിയെ ഉദ്ധരിച്ചതിനു പിന്നാലെ, നാൽപ്പതു വർഷത്തിനു ശേഷം 1936ൽ ദി എഡെിയൽ ഭാംഗി എഴുതിയ, എഴുപതോടടുത്ത ഗാന്ധിയെയാണു ഞാൻ ഉദ്ധരിച്ചത്.സന്ദർഭത്തിൽനിന്ന് അടർത്തി മാറ്റിയാണ് ഞാൻ ഉദ്ധരണികൾ ഉപയോഗിച്ചതെന്നാണ് അടുത്ത ആരോപണം.

അങ്ങനെയെങ്കിൽ, സംസ്കാരശൂന്യരായ ‘കാടന്മാ’രെന്ന് കറുത്ത വർഗക്കാരെയും ‘സദാചാര ശേഷി ക്ഷയിച്ച’ ജന്മനാ നുണയന്മാരെന്ന് താഴ്ന്ന ജാതിക്കാരായ ഇന്ത്യൻ തൊഴിലാളികളെയും വിളിക്കാൻ പറ്റിയ സന്ദർഭമേതാണെന്നു പറഞ്ഞു തരിക. തോട്ടികൾ തലമുറതലമുറകളായി തോട്ടികൾ തന്നെയായിരിക്കണമെന്നു പറയാൻ പറ്റിയ സന്ദർഭമേതാണെന്നും പറഞ്ഞു തരിക.

ഗാന്ധി ഒരു ഗംഭീര വഞ്ചനയായിരുന്നോ എന്നു നിങ്ങൾ ചോദിക്കുന്നു. ഗാന്ധിയുടെ എല്ലാ രചനകളും സമാഹരിക്കപ്പെട്ടിട്ടുണ്ട്, ആർക്കും ലഭ്യമാണ്. അവ എഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. മായം ചേർത്തിട്ടില്ല. ആ അർഥത്തിൽ നോക്കിയാൽ ഒരു വഞ്ചനയുമില്ല. പക്ഷേ, ഗാന്ധിയുടെ പൈതൃകം പൊതിഞ്ഞുകെട്ടി ജനങ്ങൾക്കു സമ്മാനിച്ചതിൽ ‘കൊടിയ’വഞ്ചന നടന്നിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോൾ എന്തൊക്കെ പെരുപ്പിച്ചു കാട്ടിയെന്നും എന്തൊക്കെ ഒളിപ്പിച്ചു വച്ചൊന്നും പരിശോധിച്ചാൽ കാണുന്ന രാഷ്ട്രീയം അസ്വസ്ഥപ്പെടുത്തുന്നതാണ്. അതിൽ മനഃപൂർവമുള്ള വഞ്ചനയുണ്ട്.

ഗാന്ധി ‘കാലഘട്ടത്തിന്റെ മനുഷ്യനാ’യിരുന്നു എന്നും രാഷ്ട്രീയ സാമൂഹിക നീതിയെക്കുറിച്ചുള്ള വർത്തമാനകാല ധാരണകൾ ഒരു നൂറ്റാണ്ടേറെ മുൻപ് ജീവിച്ചിരുന്ന ഒരു വ്യക്തിയുമായി ബന്ധപ്പെടുത്താനാകില്ലെന്നുമാണ് മൂന്നാമത്തെ വാദം. ദി ഡോക്ടർ ആൻഡ് ദി സെയ്ന്റിൽ ഞാൻ ഇതിനും വിശദീകരണം നൽകിയിട്ടുണ്ട്. പണ്ഡിത രമാബായി, ജ്യോതിബ ഫുലേ, സാവിത്രി ബായി ഫുലേ എന്നീ മുൻഗാമികളുടെയും പെരിയോർ, അയ്യൻകാളി, ശ്രീനാരായണഗുരു എന്നീ സമകാലികരുടെയും ഇതര രാജ്യങ്ങളിലെസമകാലികരുടെയും രചനകളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചത് ആ ഉദ്ദേശ്യത്തോടെയാണ്.

കേരള സന്ദർശനങ്ങളിൽ അയ്യൻകാളിയെയും ശ്രീനാരായണഗുരുവിനെയും സന്ദർശിക്കാൻ ഗാന്ധി സമയം കണ്ടെത്തിയിരുന്നു. പുലയരുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന അയ്യൻകാളിയെ ഗാന്ധി സന്ദർശിച്ച വേളയിൽ, മുൻ പ്രസിഡന്റ് കെ.ആർ. നാരായണന്റെ ജ്യേഷ്ഠൻ കെ.ആർ. വേലായുധൻ ചോദിച്ചത് സ്വരാജിൽ തങ്ങൾക്ക് എന്തു സ്ഥാനം നൽകുമെന്നായിരുന്നു. ഇന്ത്യയുടെ ആദ്യ പ്രസിഡന്റായി ഒരു ഹരിജനെ നിയമിക്കുമെന്ന് ഗാന്ധി മറുപടിയും നൽകി...

ഹരിജനങ്ങളെ ദയാകടാക്ഷത്തോടെ വീക്ഷിക്കുന്നതിലും അവർക്ക് സൗജന്യ ഉപദേശം നൽകുന്നതിലും ഗാന്ധി നിർവൃതിയടഞ്ഞിരുന്നു. 1936ൽ, ഒരു റവ. ജോൺ മോട്ടുമായി നടത്തിയ പ്രശസ്തമായ സംഭാഷണത്തിനിടെ, ഹരിജനങ്ങൾക്കിടയിൽ റവറന്റിന്റെ പ്രേഷിത പ്രവർത്തനത്തോടു ഗാന്ധി തന്റെ വിയോജിപ്പു പ്രകടിപ്പിക്കുന്നുണ്ട്. ‘ഡോ. മോട്ട്, താങ്കൾ ഒരു കന്നുകാലിയോട് മതപ്രഭാഷണം നടത്തുമോ? ഗ്രഹണശേഷിയുടെ കാര്യത്തിൽ കന്നുകാലികളേക്കാൾ പരിതാപകരമാണ് ഈ അവർണരിൽ പലരുടെയും അവസ്ഥ. ഇസ്ലാമിന്റെയും ഹൈന്ദവതയുടെയും ക്രിസ്തുമതത്തിന്റെയും ആപേക്ഷിക ഗുണവശങ്ങൾ ഒരു കന്നുകാലിക്കു പിടികിട്ടുമോ?’

അയ്യൻകാളിയെ പുലയരുടെ രാജാവെന്നു ഗാന്ധി പരാമർശിച്ചതിൽ ഇന്നും ആർക്കും പരിഭവമില്ല. അതുപോലെ, അവർണരുടെ നേതാവെന്ന വിശേഷണം അംബേദ്കറിനുമുണ്ടായിരുന്നു. പക്ഷേ, അയ്യൻകാളിയോ അംബേദ്കറോ മറ്റാരെങ്കിലുമോ ഗാന്ധിയെ ബനിയ മഹാത്മ എന്നു വിളിച്ചാൽ ഇന്ന് എന്തു സംഭവിക്കും? ജാഥകളും പൊലീസ് കേസുകളുമുണ്ടാകും.

വെറും പ്രതീകാത്മക രാഷ്ട്രീയ പ്രാതിനിധ്യമല്ല, ദളിതർ സ്വയം തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന യഥാർഥ രാഷ്ട്രീയ പ്രാതിനിധ്യ വിഷയത്തിൽ ഗാന്ധിയുടെ അഭിപ്രായവും പ്രവൃത്തിയും എന്തായിരുന്നെന്നറിയാൻ, അനിഹിലേഷൻ ഓഫ് കാസ്റ്റ് വായിക്കുക. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിയും അംബേദ്കറും തമ്മിൽ നടക്കുന്ന ആദ്യത്തെ നേർക്കുനേർ ഏറ്റുമുട്ടലിന്റെ വിവരണം വായിക്കുക.

ഇരുപത്തഞ്ചാം വയസ്സിൽ, ടൈംസ് ഓഫ് ഇന്ത്യയിൽ റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന കാലത്ത് കെ. ആർ. നാരായണൻ ബോംബെയിൽ വച്ച് ഗാന്ധിയെ നേരിട്ടു കണ്ടപ്പോൾ ചോദിച്ച ഒരു ചോദ്യമുണ്ട് ‘ഇംഗ്ലണ്ടിൽ ചെല്ലുമ്പോൾ ധാരാളം ആളുകൾ എന്നോട് ഇന്ത്യയിലെ അയിത്താചാരത്തെക്കുറിച്ചു ചോദിക്കുന്നു. ഏതു നിലയിലാണ് ഞാനതിനു മറുപടി നൽകേണ്ടത്? ഹരിജനെന്ന നിലയിലോ ഇന്ത്യക്കാരനെന്ന നിലയിലോ?’

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിനുശേഷം ഞങ്ങൾക്കു സ്വയം പരിഹരിക്കാനുള്ള ആഭ്യന്തരപ്രശ്നമാണതെന്നു പറയാനായിരുന്നു ഗാന്ധിയുടെ ഉപദേശം.

അംബേദ്കറിനോടുള്ള ഗാന്ധിയുടെ വിരോധത്തിനു പിന്നിൽ ഇതു തന്നെയായിരുന്നു- ഇന്ത്യയ്ക്കു സ്വാതന്ത്യ്രം കിട്ടുന്നതു വരെ ജാതി സമസ്യയെക്കുറിച്ച് നിശ്ശബ്ദത പാലിക്കാൻ അംബേദ്കർ വിസമ്മതിച്ചു. രണ്ടാം വട്ടമേശ സമ്മേളനത്തിൽ അവർ തമ്മിലുണ്ടായ ആ വിഖ്യാത ഏറ്റുമുട്ടലും ഇതേ കാര്യത്തെച്ചൊല്ലിയായിരുന്നു. ‘അതൊരു ആഭ്യന്തരപ്രശ്നമാണെന്ന്’ അധികാരത്തിലിരിക്കുന്നവർ പറയുന്നയുടൻ നമ്മൾ ജാകരൂകരാവണം. അതൊരു ദുഃസൂചനയാണ്.

എല്ലാത്തരം രാഷ്ട്രീയ അശാന്തികൾക്കും ‘പുറത്തുള്ളവരെ’ പഴിചാരുന്നതാണ് രണ്ടാമത്തെ നീക്കം. അതിനു ശേഷം അവർ പറഞ്ഞു തരും ആരാണ് ‘പുറത്തുള്ളവരെ’ന്നും ആരാണ് ‘അകത്തുള്ളവരെ’ന്നും. ‘യഥാർഥ’ ഇന്ത്യക്കാരൻ ആരാണെന്നും ആരല്ലെന്നും ‘യഥാർഥ’ ഹിന്ദു ആരാണെന്നും ആരല്ലെന്നും ‘യഥാർഥ’ മുസ്ലിം ആരെന്നും ആരല്ലെന്നും അവർ പറഞ്ഞുതരും. മതപരവും സാംസ്കാരികവുമായ ദേശീയത ഉൾപ്പെടെ സകല ദുരഭിമാനവും നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ വീട്ടുപടിക്കൽ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. പല്ലിളിച്ചു കൊണ്ട് ആ ഭൂതം നിങ്ങളോട് കെഞ്ചും - ഞാൻ അകത്തേക്കു വന്നോട്ടെ?

ആശിഷ് നന്ദിയുടെ വിമർശനം

**ആശിഷ് നന്ദിയുടെ ‘ഇന്റിമേറ്റ് എനിമി: ലോസ് ആൻഡ് റിക്കവറി ഓഫ് സെൽഫ് അണ്ടർ കൊളോണിയലിസം’ എന്ന പുസ്തകം അനിഹിലേഷൻ ഓഫ് കാസ്റ്റിന്റെ അവതാരികയുടെ ഗ്രന്ഥസൂചിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

arundhathi-roy

ഈയിടെ ഒരു മലയാളം വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അരുന്ധതിയുടെ ഗാന്ധി വിമർശനത്തോട് വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. ഗാന്ധി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരമായി അദ്ദേഹം പറഞ്ഞതിങ്ങനെ: ‘അരുന്ധതി എന്റെ സുഹൃത്താണ്. നല്ല എഴുത്തുകാരിയാണ്. എന്നാൽ അവർ പറഞ്ഞതിനെ ഞാൻ കാര്യമായി എടുക്കുന്നില്ല. **

തോക്കുധാരികളായ ഗാന്ധിയന്മാർ എന്ന് അവർ നേരത്തേ നക്സലൈറ്റുകളെ വിശേഷിപ്പിച്ചതാണ്. ഇപ്പോൾ പറഞ്ഞ അഭിപ്രായം അവർ മാറ്റുമോ എന്നു നോക്കാം. ജാതി വ്യവസ്ഥയെ ഒരു തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനമാക്കാനാണ് ഗാന്ധി ശ്രമിച്ചത്. തൊട്ടുകൂടായ്മപോലുള്ള സംഗതികളെ യാഥാർഥ്യബോധത്തോടെ കാണാൻ ഗാന്ധിക്ക് കഴിഞ്ഞിരുന്നു. ഗാന്ധിയുടെ നിലപാടുകളിൽ അഭിപ്രായവ്യത്യാസങ്ങളും വിമർശനങ്ങളും കാണാം. പക്ഷേ അദ്ദേഹത്തിന്റെ നിലപാടുകൾ ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്.’

ആശിഷ് നന്ദിയുടെ വാക്കുകൾ ഉദ്ധരിച്ചതിൽ പിഴവൊന്നും പറ്റിയിട്ടില്ലെന്നു കരുതുന്നു. അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞെന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്. ജയ്പൂർ പുസ്തകോൽസവത്തിൽഅദ്ദേഹം ദളിതരെക്കുറിച്ചു പറഞ്ഞതും വിശ്വസിക്കാൻ അൽപം പ്രയാസമുള്ളതായിരുന്നെന്ന കാര്യം വിസ്മരിക്കുന്നില്ല. ആശിഷ് നന്ദി ഒരു സീനിയർ പ്രഫസറാണ്. പ്രമുഖനായ സാമൂഹിക ബുദ്ധിജീവിയാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ രക്ഷാധികാര ഭാവത്തോട് ഞാൻ തർക്കത്തിനില്ല.

ഞാനെഴുതിയതെന്തെന്ന് വായിച്ചിട്ടില്ലെങ്കിലും അഭിപ്രായം പറയാൻ അതു തടസമല്ലെന്ന അദ്ദേഹത്തിന്റെ ഭാവത്തോടും തർക്കിക്കാനില്ല. (ഈയിടെ, നയൻതാര സെഗാൾ എഴുതിയ പുതിയ പുസ്തകത്തിന്റെ പ്രകാശനവേളയിൽ ആ എഴുത്തുകാരിക്കും അദ്ദേഹം ഇതേ കാരുണ്യം ചൊരിഞ്ഞിരുന്നു.) ഇതെല്ലാം അദ്ദേഹം പറഞ്ഞതു തന്നെയെന്നു വിശ്വസിച്ച്, നമുക്ക് വസ്തുതകൾ പരിശോധിക്കാം.

ഒന്ന്: ‘തോക്കുധാരികളായ ഗാന്ധിയന്മാ’രെന്ന് നക്സലൈറ്റുകളെ ഞാനൊരിക്കലും വിശേഷിപ്പിച്ചിട്ടില്ല. ഞാനത്ര വിഡ്ഢിയല്ല. ഔട്ട്ലുക് വാരികയിലെ കോപ്പി എഡിറ്റർ ഫോട്ടോ അടിക്കുറിപ്പായി നൽകിയതാണത്. ഇങ്ങനെ അശ്രദ്ധയോടെ അഭിപ്രായം പറയും മുൻപ് പണ്ഡിതനായ പ്രഫസർ ‘വോക്കിങ് വിത്ത് ദ് കോമ്രേഡ്സ്’ എന്ന എന്റെ ലേഖനം ശ്രദ്ധയോടെ വായിച്ചാൽ വളരെ ഉപകാരം.

രണ്ട് ഗാന്ധി ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ ജാതിവ്യവസ്ഥ ഉണ്ടായിരുന്നു. തൊഴിലും കർത്തവ്യവും അടിസ്ഥാനമാക്കി നിലനിന്നുപോന്ന ഒന്ന്. ജാതിവ്യവസ്ഥ ആളുകളെ വിവിധ കുലത്തൊഴിലുകൾ ഏൽപ്പിച്ച് കർത്തവ്യങ്ങളും സ്ഥാനപ്പേരുകളും ഉൾപ്പെട്ട അധികാരശ്രേണിയിൽ വിന്യസിച്ചു. ഇതുതന്നെയാണ് എല്ലാ ജാതിവിരുദ്ധപോരാട്ടങ്ങളുടെയും കാതൽ!

മൂന്ന് ‘തൊട്ടുകൂടായ്മപോലുള്ള സംഗതികളെ യാഥാർഥ്യബോധത്തോടെ കാണാൻ’ കഴിഞ്ഞെന്നു പറയുമ്പോൾ എന്താണുദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. കാര്യമായി ചോദിക്കുകയാണ് എന്താണതിന്റെ അർഥം?

നാല് ഗാന്ധിയുടെ പ്രവൃത്തികൾ ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല.

അഞ്ച് ഗാന്ധിയെക്കുറിച്ചുള്ള അഭിപ്രായം മാറ്റിപ്പറയാൻ ഞാനുദ്ദേശിക്കുന്നില്ല.

സാന്ദർഭികമായി ചോദിക്കട്ടെ, ‘അവർ മികച്ച എഴുത്തുകാരിയാണ്’ എന്നഭിപ്രായപ്പെട്ട ശേഷം, ഞാനൊരിക്കലും പറഞ്ഞിട്ടില്ലാത്ത വലിയ വിഡ്ഢിത്തങ്ങൾ ആളുകൾ എന്റെ പേരിൽ ആരോപിക്കുന്നതെന്തിനാണ്? എഴുത്ത് എന്താ, പുരുഷനു മാത്രം പറഞ്ഞിട്ടുള്ളതോ? ഞാൻ ഒരു മികച്ച എഴുത്തുകാരിയോ മികച്ച വിഡ്ഢിയോ എന്നതിന് ഈ വിഷയത്തിൽ എന്താണു പ്രസക്തി? ഞാനെഴുതിയതിന്റെ ഉള്ളടക്കം മാത്രം നോക്കിയാൽ പോരെ? അതു ബുദ്ധിമുട്ടാണെങ്കിൽ, ഗാന്ധി എന്തു പറഞ്ഞെന്നു മാത്രം നോക്കിയാൽ പോരേ? പിന്നെ ഖണ്ഡിക്കാം, തള്ളിപ്പറയാം, തർക്കിക്കാം. അവയൊക്കെയും എന്റെ കണ്ടുപിടിത്തങ്ങളാണെന്ന് ആരോപിക്കാം. മഹാത്മാഗാന്ധിയുടെ സമ്പൂർണകൃതികൾ വ്യാജമാണെന്ന് വാദിക്കാം. എങ്ങനെയുണ്ട് പ്രതിരോധത്തിന്റെ ഈ അടവ്?

arundhathi-roy-interview

**എം.ജി.എസ്., സുഗതകുമാരി

‘ഡോക്ടർ ബി.ആർ. അംബേദ്കറെയും അയ്യൻകാളിയെയും മാർക്സിസ്റ്റുകക്ഷിക്കാരെയും ഹിന്ദുത്വവാദികളെയും ഒരു സമയം സന്തോഷിപ്പിക്കാൻ രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ല മാർഗ’മെന്ന് അരുന്ധതി ധരിച്ചെന്നാണു പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്. നാരായണൻ വിയോജനക്കുറിപ്പെഴുതിയത്. ‘ഒരു നല്ല നോവലിസ്റ്റായി എന്നത് ചരിത്രത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അഭിപ്രായം പറയാൻ അവരെ പ്രാപ്തയാക്കുന്നില്ലെ’ന്നും അദ്ദേഹമെഴുതി.**

ചിലരെ സന്തോഷിപ്പിക്കാനാണു ഞാൻ ശ്രമിക്കുന്നതെന്ന ആശയം എനിക്കിഷ്ടപ്പെട്ടു. അത് മറ്റൊരു ഞാനാണ്! പക്ഷേ, അംബേദ്കർ അനുകൂലികളെയും മാർക്സിസ്റ്റുകളെയും ഒരേ സമയം സന്തോഷിപ്പിക്കുകയെന്നത് ഫലത്തിൽ അസാധ്യമാണെന്ന് സ്വന്തം ചരിത്രബോധത്തിൽനിന്ന് എം.ജി.എസ്. നാരായണൻ മനസ്സിലാക്കേണ്ടതായിരുന്നു. അതെന്തുമാകട്ടെ, പക്ഷേ ഇതാ ഇവിടെയും അതു തന്നെ- ‘ഒരു നല്ല നോവലിസ്റ്റായി എന്നത് ചരിത്രത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അഭിപ്രായം പറയാൻ അവരെ പ്രാപ്തയാക്കുന്നില്ല’!

അരുന്ധതി റോയിയുടെ അവകാശങ്ങളും കർത്തവ്യങ്ങളും എന്ന വിഷയത്തിലേക്ക് നമ്മളിതാ തിരിച്ചെത്തി. ഇതൊക്കെ പുരുഷന്റേതു മാത്രമോ? അതോ ജാതിയുടെ നിഗൂഢമായ പ്രകടനമോ? നല്ല (വനിതാ) നോവലെഴുത്തുകാർക്ക് അഭിപ്രായം പറയാൻ പറ്റിയ വിഷയങ്ങളേതൊക്കെയാണ്? ചരിത്രം പാടില്ല, രാഷ്ട്രീയം പാടില്ല. പിന്നെയെന്ത്? കുഞ്ഞുങ്ങളുടെ ഫാഷൻ? ചർമസംരക്ഷണം? പട്ടിക എന്തെങ്കിലുമുണ്ടോ? നല്ല (വനിതാ) നോവലെഴുത്തുകാർക്ക് രാഷ്ട്രപിതാവിന്റെ വാക്കുകൾ ഉദ്ധരിക്കാനുള്ള അനുവാദമെങ്കിലുമുണ്ടോ? അതോ അതിനുവേണ്ടി മൂന്നാം പകർപ്പിൽ അപേക്ഷിക്കണോ? പ്രശസ്ത ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയ ഉദ്ധരണികൾ മാത്രമേ ഞങ്ങൾ ഉപയോഗിക്കാവൂ എന്നുണ്ടോ?

ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിക്കുമ്പോൾ അവ ആ കാലഘട്ടത്തിലേതാണെന്ന കാര്യം കൂടി പരിഗണിച്ചു വേണം വ്യാഖ്യാനത്തിനു മുതിരാനെന്ന് എഴുത്തുകാരനും എംപിയുമായ ശശി തരൂർ പറയുന്നു. ഗാന്ധിയെ അരുന്ധതി ശരിയായ രീതിയിൽ മനസ്സിലാക്കാത്തതുമൂലമാണ് ഗാന്ധിവിരുദ്ധ വിവാദ പ്രസ്താവനകളെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇരുപത്തൊന്നാം നൂറ്റാണ്ടിനു പറ്റിയ, ട്വീറ്റ് ചെയ്യാൻ കൊള്ളാവുന്ന സന്ദേശങ്ങളാണ് ഗാന്ധിജിയുടേതെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.

അയ്യോ എന്റെ കാര്യം കഷ്ടം തന്നെ- ആശയക്കുഴപ്പത്തിൽ നട്ടം തിരിഞ്ഞ്, കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷി നശിച്ച് എല്ലാം വിപരീത അർഥത്തിൽ മനസ്സിലാക്കുകയല്ലേ. എനിക്കിനി പരിശീലനക്ലാസുകൾ വേണ്ടി വരുമെന്നു തോന്നുന്നു. ഒരു കാര്യം ശ്രദ്ധിക്കൂ- ഗാന്ധിവിരുദ്ധ വിവാദപ്രസ്താവനകളൊന്നും ഞാൻ നടത്തിയിട്ടില്ല. ഗാന്ധി പറഞ്ഞ അങ്ങേയറ്റം വിവാദപരമായ ചില കാര്യങ്ങൾ ഉദ്ധരിക്കുക മാത്രമാണു ചെയ്തത്. ഗാന്ധിയുടെ പ്രവൃത്തികളും പ്രസ്താവനകളും- അതായത്, ആഫ്രിക്കയിലെ കറുത്ത വർഗക്കാരെ ‘കാഫിറു’കളെന്നും ‘കാടന്മാ’രെന്നും വിളിച്ചത്, ദക്ഷിണാഫ്രിക്കയിലെ കോളനിവൽക്കരണ യുദ്ധങ്ങളിൽ ബ്രിട്ടീഷുകാരുടെ പക്ഷം ചേർന്നു സഹായം നൽകിയത്, ‘അയിത്തജാതിക്കാർ’ക്ക് കന്നുകാലികളുടെ അത്ര പോലും വിവരമില്ലെന്നു പറഞ്ഞത് ഗാന്ധിയുടെ കാലഘട്ടത്തിൽ സ്വീകാര്യമായവ മാത്രമല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിനും പറ്റിയവയാണെന്ന് ഒരു പാർലമെന്റ് അംഗവും പ്രശസ്ത എഴുത്തുകാരനുമായ ശശി തരൂർ വിശ്വസിക്കുന്നെങ്കിൽ അത് അദ്ദേഹത്തെക്കുറിച്ചുതന്നെയുള്ള ഒരുപാടു കാര്യങ്ങളിലേക്കു വെളിച്ചം വീശുന്നുണ്ട്. അതായത് ജാതിയെയും വർഗത്തെക്കുറിച്ചുമുള്ള തരൂരിന്റെ കാഴ്ചപ്പാടുകൾ, അദ്ദേഹത്തിന്റെ ചരിത്രബോധം, ഗാന്ധി ജനിക്കുന്നതിനുപോലും മുൻപ് ഇന്ത്യയിലുണ്ടായിരുന്ന മറ്റ് ആളുകൾ എന്തു ചെയ്തെന്നും എന്തു പറഞ്ഞെന്നും എന്ത് എഴുതിയെന്നുമെന്നതിനെക്കുറിച്ചുള്ള ബോധം.

കവയിത്രി സുഗതകുമാരിയും അരുന്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഗാന്ധിയെക്കുറിച്ച് നാം പഠിച്ചതെല്ലാം നുണയായിരുന്നെന്നു പറഞ്ഞതിനെ അവർ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ദി ഐഡിയൽ ഭാംഗി എന്ന ഉപന്യാസത്തെ സുഗതകുമാരി ന്യായീകരിക്കുന്നുണ്ട്. ഗാന്ധിജിയെ വിമർശിക്കാം പക്ഷേ നിന്ദിക്കരുത് എന്നാണു സുഗതകുമാരിയുടെ നിലപാട്...

നാം പറയുന്ന കാര്യം മാത്രമല്ല നുണ. പറയാതെ വിടുന്ന കാര്യവും നുണയാണ്. നമ്മുടെ പാഠപുസ്തകങ്ങളിലെ ഗാന്ധി ഒരു നുണയാണെന്നു ഞാൻ പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തെയും കാലത്തെയും എഴുത്തിനെയും കുറിച്ചുള്ള വളരെ അസ്വസ്ഥകരമായ ചില വസ്തുതകൾ ആ പുസ്തകങ്ങളിൽ നിന്ന് ഒഴിച്ചു നിർത്തിയിരിക്കുന്നു എന്ന കാരണത്താലാണ്.

എന്തൊക്കെ ഉൾപ്പെടുത്തിയിരിക്കുന്നു, എന്തൊക്കെ വിട്ടുകളഞ്ഞിരിക്കുന്നു എന്നതിൽ ഒരു ക്രമവും രാഷ്ട്രീയവുമുണ്ട്. അത് ഗുരുതരമായ രീതികളിൽ തെറ്റിദ്ധാരണ പരത്തും. ഗാന്ധിയെക്കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു പോയിട്ട് അവയുടെ നേർക്ക് ധൈര്യത്തോടെ മുഖമുയർത്തി നോക്കാൻ പോലും സാധിക്കുന്നില്ലെന്നുള്ളത് അദ്ദേഹത്തെ പരിരക്ഷിക്കുന്നവരുടെ കള്ളി വെളിച്ചത്താക്കുന്നു.

ഗാന്ധിയെ വായിക്കാത്തത് അവരാണ്. അഥവാ അവർ അദ്ദേഹത്തെ ശരിക്കും വായിച്ചിട്ടുള്ളവരാണെങ്കിൽ, കാര്യങ്ങൾ ഞാൻ വിചാരിച്ചതിനേക്കാൾ ഭയാനകമാണ്. ഗാന്ധി തന്നെ പരസ്യമായി പ്രകടിപ്പിക്കാൻ ഇഷ്ടപ്പെട്ട മുൻവിധികൾക്കുപോലും മാപ്പു നൽകുന്ന വിധം ദി ഐഡിയൽ ഭാംഗിയെ എത്ര സങ്കീർണമായിപ്പോലും വ്യാഖ്യാനിക്കാൻ കഴിഞ്ഞാലും അത് അരനൂറ്റാണ്ടേറെ നീണ്ട രാഷ്ട്രീയ വക്രഗതിയിലെ അനേകം രചനകളിലൊന്നുമാത്രമാണെന്ന കാര്യം മറക്കരുത്.

ജാതിയെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാടുകൾക്കും പ്രവൃത്തികൾക്കും സ്ഥിരതയുണ്ടായിരുന്നു. ഈ കാഴ്ചപ്പാടുകളെ ഞാൻ നിന്ദിക്കുന്നില്ല. അവയെക്കുറിച്ച് എനിക്കു തോന്നുന്ന വികാരത്തെ സൂചിപ്പിക്കാൻ നിന്ദയുടെ വിശേഷണരൂപം പോര. ഭാരം തീരെ കുറഞ്ഞ അസൂക്ഷ്മമായ ഒരു വിശേഷണപദമാണത്.

ഗാന്ധിപൂജയിലെ അപകടം വിശദമാക്കി എം.എൻ. കാരശേരി അരുന്ധതിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മതേതര രാജ്യത്ത് വിശുദ്ധമായി ഒന്നുമുണ്ടാകാൻ പാടില്ലെന്ന യുക്തിയാണ് അദ്ദേഹം മുന്നോട്ടു വച്ചത്.

ഈ വിവേചനബുദ്ധിക്കും വ്യക്തതയ്ക്കും അകമഴിഞ്ഞ നന്ദി. ഈ രാജ്യത്തിന്റെ പ്രത്യേകതയും ഇതുതന്നെയാണ് ആശയഭ്രാന്തുകളും മുൻവിധികളും അരങ്ങുവാഴുമ്പോഴും ആരെങ്കിലുമൊക്കെ ചെറുത്തുനിൽക്കാനുണ്ടാകും. പ്രഭാഷണത്തിനായി എന്നെ ക്ഷണിച്ച കേരള സർവകലാശാല ചരിത്രവിഭാഗത്തെപ്പോലെ കേരളത്തിലും അത്തരം ഒട്ടേറെ പേരുണ്ട്.

ഗാന്ധി മതമൗലികവാദിയാണെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടപ്പോൾ ഗാന്ധി ഒരു ലിബറേഷൻ തിയോളജിസ്റ്റ് ആണെന്ന് ഒ.വി. വിജയൻ വാദിച്ചു.

ഗാന്ധിയെ ലിബറേഷൻ തിയോളജിസ്റ്റ് എന്നു വിളിക്കുന്നതു ശരിയല്ല. ഒരു കാരണവശാലും ശരിയല്ല.

പക്ഷേ, ആഗോള തലത്തിൽ ഗാന്ധിയുടെ സ്വാധീനത്തെപ്പറ്റി ആലോചിച്ചു നോക്കൂ. പ്രത്യേകിച്ചും കറുത്ത വർഗക്കാർക്കിടയിൽ ഗാന്ധി ആരാധ്യപുരുഷനാണ്. അരുന്ധതിയുടെ ഗാന്ധിവിമർശം ആഗോളതലത്തിൽ പ്രതികരണങ്ങൾ സൃഷ്ടിച്ചോ?

പലപ്പോഴും വളരെ നിർഭാഗ്യകരമായ രീതിയിൽ ഗാന്ധി കണ്ടിരുന്നവർതന്നെ അദ്ദേഹത്തെ ആരാധിക്കുന്നത് ഒരു ദുരൂഹതയെന്നേ പറയേണ്ടൂ. ദി ഡോക്ടർ ആൻഡ് ദി സെയ്ന്റ് ഇന്ത്യയ്ക്കു പുറത്ത് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.

വൈക്കം സത്യാഗ്രഹകാലത്ത് ഉപവാസമനുഷ്ഠിക്കാൻ തുനിഞ്ഞ ജോർജ് ജോസഫിനെ ഗാന്ധി നിരുൽസാഹപ്പെടുത്തിയ കാര്യം ദി ഡോക്ടർ ആൻഡ് ദി സെയ്ന്റിൽ പരാമർശിച്ചിട്ടുണ്ട്. ഉപവാസവും പട്ടിണികിടക്കലും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണഗാന്ധി പക്ഷേ ആ നിലപാടിനെ ഒരിക്കൽ ന്യായീകരിച്ചിട്ടുണ്ട്.

യേർവാഡ ജയിലിൽവച്ച് ഗാന്ധി തന്റെ പട്ടിണി സമരം/ മരണം വരെ ഉപവാസം അങ്ങേയറ്റം ബലാത്കാരവും ഉപായപരവുമായ ഒരു സമ്മർദതന്ത്രമായി പ്രയോഗിക്കാൻ മടി കാണിച്ചില്ല. താൻ വഴങ്ങാതിരുന്നാൽ അത് ഗാന്ധിയുടെ മരണത്തിൽ കലാശിക്കുമെന്നു ഭയന്നും അങ്ങനെവന്നാൽ അയിത്തജാതിക്കാർക്കു നേരിടേണ്ടിവരുന്ന അതിക്രമങ്ങളെയോർത്തുമാണ് അംബേദ്കർ പൂന ഉടമ്പടിയിൽ ഒപ്പു വച്ചത്. ദളിതർക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ചുള്ള റാംസേ മക്ഡൊനാൾഡിന്റെ ഉത്തരവ് റദ്ദാക്കപ്പെട്ടു. അംബേദ്കറുടെ ദീർഘകാലത്തെ പോരാട്ടമാണു വിഫലമായത്. ഗാന്ധിയുടെ ഉപവാസ സമരത്തെ ‘നിന്ദ്യവും നീച’വുമായ പ്രവൃത്തിയെന്നാണ് പിൽക്കാലത്ത് അംബേദ്കർ വിശേഷിപ്പിച്ചത്. ഇവിടെ അതിന്റെ വിശദാംശങ്ങളിലേക്കു കടക്കേണ്ടതില്ല. പക്ഷേ ഒന്നു പറയട്ടെ, പൂന ഉടമ്പടി മൂലം ദളിതർ ഇന്നും ദുരിതമനുഭവിക്കുന്നുണ്ട്. അതിനെക്കുറിച്ച് മായാവതിയോടു ചോദിക്കുക.

സെപ്റ്റംബർ ഏഴിന് അയ്യൻകാളി ജന്മദിനാഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് അരുന്ധതി നിർവഹിച്ച അയ്യൻകാളി സ്മാരക പ്രഭാഷണവും തുടർന്നുണ്ടായ വിവാദവും ചർച്ചയായിക്കൂടെന്നില്ല.

അതിനെക്കുറിച്ചോർത്ത് എനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടില്ല.

അരുന്ധതി ദളിതരെക്കുറിച്ചു പറയുമ്പോഴൊക്കെയും വിവാദമാണ്. ഡൽഹി കൂട്ടമാനഭംഗം നടന്നപ്പോൾ നടത്തിയ ചില പരാമർശങ്ങൾ വലിയ കോലാഹലമുണ്ടാക്കിയിരുന്നു. ദളിത് സ്ത്രീകൾക്കെതിരെ നടന്നുവരുന്നതും ലോകമറിയാതെ പോകുന്നതുമായ ക്രൂര പാതകങ്ങളിലേക്കാണ് അരുന്ധതി അന്നു ശ്രദ്ധ ക്ഷണിച്ചത്.

വിവാദം ഉണ്ടാക്കുന്നവരോടുതന്നെ ചോദിക്കേണ്ടിവരും അതെന്തിനെന്ന്! എനിക്കറിയില്ല. പക്ഷേ ഇവിടെ ഒരു വസ്തുതയുണ്ട്: ഡൽഹി കൂട്ടമാനഭംഗം നടന്ന 2012ൽ- ആ പെൺകുട്ടി കൊല്ലപ്പെട്ടെന്നുള്ളത് ചെറിയൊരു വിശദാംശം മാത്രമാണെന്ന ഭാവത്തിൽ അക്കാര്യം പരാമർശിക്കാൻ ആളുകൾ പലപ്പോഴും മറക്കുന്നു- എൻസിആർബി കണക്കുകളനുസരിച്ച് 1500 ദളിത് സ്ത്രീകൾ സവർണജാതിയിൽപ്പെട്ട പുരുഷന്മാരുടെ ബലാൽസംഗത്തിന് ഇരകളായിട്ടുണ്ട്.

ഇതിനർഥം പ്രതിഷേധങ്ങൾ പ്രധാനമല്ലെന്നല്ല, അവ മൂലം മാനഭംഗത്തിനെതിരെ കൂടുതൽ കർശനമായ ഒരു നിയമം വന്നു. പക്ഷേ നമുക്കൊരു കാഴ്ചപ്പാടു വേണ്ടേ?2002ൽ ഗുജറാത്തിൽ നൂറുകണക്കിന് മുസ്ലിം സ്ത്രീകൾ മാനഭംഗത്തിനിരയായി, പക്ഷേ നമ്മൾ അവിടെനിന്നു ‘മുന്നോട്ടു’ പോകണം അല്ലേ? അതിനെക്കുറിച്ചോ കുനാൻ പോഷ്പോരയിൽ കശ്മീരി സ്ത്രീകൾ സൈന്യത്തിന്റെ കൂട്ടബലാൽസംഗത്തിനിരയായതിനെക്കുറിച്ചോ ശബ്ദിച്ചാൽ അവർ അലറി വിളിച്ച് നിങ്ങളെ നിശ്ശബ്ദരാക്കിക്കളയും.

അയിത്തജാതിക്കാരെന്നു വിളിക്കപ്പെടുന്നവരെക്കുറിച്ചുള്ള വ്യാകുലത ഉദാത്തമായൊരു പശ്ചാത്തല സംഗീതം പോലെ ദി ഗോഡ് ഓഫ് സ്മോൾ തിങ്സിലുണ്ട്.

‘അയിത്തജാതിക്കാരെന്നു വിളിക്കപ്പെടുന്നവരെക്കുറിച്ചുള്ള വ്യാകുലത’യല്ല അത്. അത്തരം മിഷനറി വികാരങ്ങൾ നമുക്ക് ഗാന്ധിയന്മാർക്കു വിടാം. മറ്റു പല കാര്യങ്ങളെക്കുറിച്ചുമെന്നപോലെ, സമൂഹത്തിന്റെ ദീനത്തെക്കുറിച്ചാണീ നോവൽ. ജാതിയുടെ കാര്യത്തിൽ, ‘സവർണ ജാതിക്കാരെ’ന്നു വിളിക്കപ്പെടുന്ന മാമ്മച്ചിമാരെയും ബേബിക്കൊച്ചമ്മമാരെയും കോമ്രേഡ് പിള്ളമാരെയും കുറിച്ചാണ് നമ്മൾ വ്യാകുലപ്പെടേണ്ടത്. ദീനം അവർക്കാണ്, വെളുത്തയ്ക്കല്ല. അയാൾ ആർത്തമായി, അതിദാരുണമായി അവരുടെ ദീനത്തിന്റെ പ്രഹരം മുഴുവൻ ഏറ്റുവാങ്ങിയെന്നു മാത്രം.

ഒഴുക്കിനെതിരെ നീന്തുന്ന എഴുത്തുകാരിക്കു ചുറ്റും കടൽക്ഷോഭംപോലെ വിവാദങ്ങൾ, ഭീഷണികൾ. സ്വന്തം സുരക്ഷയെക്കുറിച്ചോർത്ത് ഭയമില്ലേ? അമ്മ ഉൾപ്പെടെ പ്രിയപ്പെട്ടവർക്ക് ആധിയില്ലേ?

എന്റേതിനേക്കാൾ വിഷമം പിടിച്ച പോരാട്ടങ്ങളുമായി അനേകം പേർ ഈ രാജ്യത്തു ജീവിക്കുന്നു. എന്റേതിനേക്കാൾ കടുത്ത വെല്ലുവിളികളാണ് അവർക്കു മുന്നിലുള്ളത്. ഓരോ പതിനാറു മിനിറ്റിലും ഒരു ദളിതനെതിരെ അക്രമം നടക്കുന്ന രാജ്യമാണിത്. 2012ൽ ജാതി സംബന്ധമായ അക്രമങ്ങളിൽ 650 ദളിതരാണു കൊല്ലപ്പെട്ടത്. നമ്മൾ ഇങ്ങനെ സംസാരിച്ചിരിക്കുമ്പോൾ, ആയിരക്കണക്കിനു മുസ്ലിംകൾ ദുരിതാശ്വാസക്യാംപുകളിൽ കഴിയുകയാണ്.

മഴുവും വാളും ചുഴറ്റി പതിനായിരക്കണക്കിനു കൊലപാതകികൾ മഹാസഭകൾ വിളിച്ചുചേർത്ത് കൂടുതൽ അക്രമം വാഗ്ദാനം ചെയ്യുന്നു. ഉത്തർപ്രദേശിലെ മുസഫർനഗറിനെപ്പറ്റിയാണു ഞാൻ പറഞ്ഞത്. കശ്മീരിലും മണിപ്പൂരിലും ആളുകൾ കൊല്ലപ്പെടുന്നു. രാജ്യത്തെമ്പാടും ആയിരക്കണക്കിനാളുകൾ ജയിലുകളിലാണ്. അവരിൽ എന്റെ ഉറ്റസുഹൃത്തുക്കളുണ്ട്. അമ്മയുടെ ആധിയെക്കുറിച്ചാണെങ്കിൽ - അവർ അത്തരം അമ്മയല്ല, ഒരു ബോസ് ലേഡിയാണ്.

അന്ധമായ വിഗ്രഹാരാധനയുടെ തണുപ്പുകാലത്ത്, ഗാന്ധിയിൽ നിരാശ തോന്നുന്നവരുടെ കുളിരകറ്റാൻ വഴിയോരത്തൊരു തീകൂട്ടിയിരിക്കുകയാണ് അരുന്ധതി. ഈ സംവാദത്തിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?

ഫലം നല്ലതാകാനേ തരമുള്ളൂ. നിഗൂഢമായി സൂക്ഷിച്ചിരിക്കുന്നവയുടെ മറ മാറ്റൽ- ഋജുവായ നോട്ടത്തിൽ മറഞ്ഞിരിക്കുന്നവയുടെ നേരേ കൈ ചൂണ്ടുന്നതുപോലും നല്ല കാര്യം. തുടക്കത്തിൽ അതൊരൽപ്പം വേദനിപ്പിക്കുന്നതാണെങ്കിൽക്കൂടി. പക്ഷേ, ഒരു കാര്യം ഞാൻ വ്യക്തമാക്കട്ടെ: ആ തീ കത്തിച്ചത് ഞാനല്ല. അതിന്റെ ബഹുമതി ഒട്ടനേകം പേർക്ക് അർഹതപ്പെട്ടതാണ്. ഞാൻ അവരിലൊരാൾ മാത്രം.

ഗാന്ധി വിമർശത്തിന്റെ പേരിൽ അരുന്ധതി പിന്നീട് പശ്ചാത്തപിക്കുമെന്ന് ഗാന്ധിയുടെ കൊച്ചുമകന്റെ മകൻ പ്രതികരിച്ചിരുന്നു. അരുന്ധതി ഒരു എഴുത്തുകാരിയോ ആക്ടിവിസ്റ്റോ ആയിരിക്കാം, പക്ഷേ ഗാന്ധിയെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല എന്നാണദ്ദേഹം പറഞ്ഞത്.

‘എഴുത്തുകാരിയോ ആക്ടിവിസ്റ്റോ ആയിരിക്കാം പക്ഷേ...’ പക്ഷേ, പക്ഷേ, പക്ഷേ, പക്ഷേ.

സ്ഫടികപ്പാത്രത്തിലേക്കു ഞാൻ സൂക്ഷിച്ചുനോക്കി. പശ്ചാത്താപമോ മാനസാന്തരമോ ചക്രവാളത്തിലെങ്ങുമില്ല... ഗാന്ധി വെറുമൊരു കുടുംബസ്വത്ത് മാത്രമല്ലെന്നു ശ്രദ്ധിക്കുക. ഇന്ത്യ എന്ന ആശയത്തിന്റെ അടിവാരത്തിലെ ആധാരശിലകളിലൊന്നാണദ്ദേഹം. ഗാന്ധിസം ഇന്നൊരു വ്യവസായമാണ് - പണവും ഭൂസ്ഥിതിയും ഉൾപ്പെട്ട വമ്പൻ ഓഹരി താൽപര്യങ്ങളും രാഷ്ട്രീയ, അക്കാദമിക സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ വിമർശനം അതീവ ശ്രദ്ധയോടെ വേണം. എന്തായാലും പൂച്ച അതിന്റെ നഖം അള്ളിപ്പിടിച്ച് സഞ്ചിക്കുള്ളിൽനിന്നു പുറത്തു കടക്കാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴതു പുറത്തു ചാടി, ഊടുവഴികളിലൂടെ ഓടുകയാണ്. അധികം വൈകാതെ പൂച്ചക്കുട്ടികളുണ്ടാകും, പിന്നെ പൂച്ചക്കുട്ടികളുടെ പൂച്ചക്കുട്ടികളും (കൊച്ചുമക്കൾ പൂച്ചക്കുട്ടികൾ). അവയൊന്നും ഇനി സഞ്ചിക്കുള്ളിലേക്കു തിരിച്ചുപോകില്ല. കഥ പുറത്തായിക്കഴിഞ്ഞു. പൊലീസിന് ഇനി ഒന്നും ചെയ്യാനില്ല. ജയിലുകളും വെറുതെ. രാഷ്ട്രീയക്കാരുടെ ഭീഷണികളും വിലപ്പോകില്ല. തുടക്കത്തിൽ കുറച്ചുകാലം ഇതെല്ലാം ഒരു ബുദ്ധിമുട്ടായി തോന്നിയേക്കാം. പക്ഷേ അന്തിമഫലം നമുക്കെല്ലാവർക്കും ഗുണം ചെയ്യും. ഒരൽപ്പം സത്യസന്ധത ആർക്കും ദീർഘകാലം ദോഷം വരുത്തിയിട്ടില്ല.