Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനായി കേരളത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ശിൽപ്പകല എന്തായി തീരുമായിരുന്നു?

kanay-kunjiraman

∙ ഇന്ത്യയിലെ പൊതുസ്ഥലശിൽപ്പകലയുടെ ആചാര്യനായാണ് കാനായി കുഞ്ഞിരാമൻ ഇന്നു വിലയിരുത്തപ്പെടുന്നത്. കേരളം ചിത്രകലയുടെയും ശിൽപ്പകലയുടെയും തലസ്ഥാനമായി മാറണം എന്ന ആഗ്രഹമാണ് ഈ അഭിമുഖത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്നത്.

കേരളത്തിൽ ചിത്രകലയെ ജനകീയമാക്കിയവരുടെ കൂട്ടത്തിൽ ആദ്യത്തെ പേര് രാജാരവിവർമയുടേതാണ്. എന്നാൽ ശിൽപ്പകലയെ ജനജീവിതത്തിന്റെ ഭാഗമാക്കിയ ആദ്യകലാകാരൻ കുഞ്ഞിരാമൻ ആയിരിക്കും. കേരളത്തിലെ ജനങ്ങളുടെ സാംസ്കാരികബോധത്തെയും കാഴ്ചാസംസ്കൃതിയെയും മണ്ണിൽ ഉറച്ചുനിന്നു പുതുക്കിയ ശിൽപ്പിയാണ് കാനായി. മലമ്പുഴയിലും ശംഖുമുഖത്തും നിർമിച്ച ശിൽപ്പങ്ങൾ അവിടത്തെ ഭൂപ്രകൃതിയുടെ ഭാഗമായി. ജനകീയ ഭാവനയുടെ പുരാവൃത്തങ്ങളുമായി.

ആധുനികതയുടെ സൗന്ദര്യ ദർശനം ഉൾക്കൊണ്ടിരുന്ന കെ.സി.എസിന്റെ ശിഷ്യൻ മൂർത്തവും അമൂർത്തവും പൂർണവും അർധകായവുമായ അനേകം രചനകൾ നടത്തി. സാധാരണക്കാരോടൊപ്പം ഒരു മേസ്തിരിപ്പണിക്കാരന്റെ കൂലിമാത്രം വാങ്ങിയാണ് കാനായി എല്ലായിടത്തും പൊതുസ്ഥല ശിൽപ്പങ്ങൾ സൃഷ്ടിച്ചത്.ചിത്രകാരനും ശിൽപ്പിയും കവിയുമായ കാനായി കുഞ്ഞിരാമൻ ഒരുവട്ടംപോലും ഗാലറിയിൽ പ്രദർശനം നടത്തിയിട്ടില്ല. കാനായിയുടെ ജീവിതവും കലാദർശനവും.

kanay

∙ കുട്ടിക്കാലത്തെക്കുറിച്ചു പറഞ്ഞുതുടങ്ങാം.

എന്റെ അമ്മ പാവത്തി ആയിരുന്നു. വിദ്യാഭ്യാസം അധികമില്ല. വായിക്കാനറിയാം. അത്രമാത്രം. അന്ന് വിവാഹം പരസ്പരം കണ്ടിട്ടൊന്നുമല്ല വീട്ടുകാർ നിശ്ചയിക്കുന്നത്. അമ്മയുടെ അച്ഛൻ കുട്ടമത്ത് ഒരു വൈദ്യനായിരുന്നു. അച്ഛന് മൂന്നു ഭാര്യമാർ ഉണ്ടായിരുന്നു. എല്ലാകൂടെ ഞങ്ങൾ പന്ത്രണ്ടു മക്കളായിരുന്നു. മൂത്തതു ഞാനാണ്. അച്ഛൻ ചട്ടമ്പി ആയിരുന്നു. അച്ഛന്റെ അച്ഛൻ ആദ്യം ഒരു കുടിയാനായിരുന്നു. പിന്നീട് മൊത്തം സ്ഥലം കയ്യേറി.

നിരന്തരം കേസും വഴക്കുമായി നടന്ന അച്ഛൻ ആഴ്ചയിൽ എല്ലാ ദിവസവും ഓഫിസിൽ പോകുന്നപോലെ കാഞ്ഞങ്ങാട് കോടതിയിൽ പോകാൻ ചെറുവത്തൂർ റയിൽവേ സ്റ്റേഷനിലെത്തും. ആരെയും വകവയ്ക്കില്ല. വിമർശിക്കുന്നവരെ ശത്രുവായി കണ്ടിരുന്നു.

ശത്രുസംഹാരമാണു തന്റെ നിയോഗമെന്ന് ഗീതാവചനം ചൊല്ലി ഉറപ്പിക്കുമായിരുന്നു. ഒരു ഘട്ടത്തിൽ നാട്ടിലെ പ്രമാണിമാരായ നീലമന ജന്മിയുമായും, ഭസ്മംവാരിമനയുമായും ശത്രുതയിലായി. ശത്രുത വളർന്നു വളർന്ന് ഒരു സംഘം കുടിയാന്മാരെയും സംഘടിപ്പിച്ച് ഭസ്മംവാരിമന ആക്രമിച്ചു. നമ്പൂതിരിയെ കെട്ടിയിട്ട് ധാന്യശേഖരണം പൂർണമായും കവർന്നെടുത്തു. ജന്മിത്വത്തിനെതിരെയുള്ള നാട്ടിൽ നടന്ന ആദ്യ സംഭവമായിരുന്നു അത്. പോലീസുകാർ അച്ഛനെ ഭീഷണിപ്പെടുത്തി. പക്ഷേ, അച്ഛനെ തൊടാൻ കഴിഞ്ഞില്ല.

നാണക്കേടും അപമാനവും സഹിക്കവയ്യാതെ കാനായി രാമനെ വകവരുത്താൻ നമ്പൂതിരിമാർ തീരുമാനിച്ചു. മാസങ്ങളോളം പല ശ്രമങ്ങളും നടന്നു. പട്ടാളത്തിൽനിന്നു വിരമിച്ച കരുത്തനായ ഒരു മല്ലനെ വിലയ്ക്കെടുത്തു. പതിവുപോലെ റയിവേ സ്റ്റേഷനിലെത്തിയ അച്ഛനെ ആയുധവുമായി വന്ന മല്ലൻ നേരിട്ടു. പിടിവലികൾക്കൊടുവിൽ പ്ലാറ്റ്ഫോമിൽനിന്നു രണ്ടുപേരും തെറിച്ചു ട്രാക്കിൽ വീണു.

ജനങ്ങൾ ഭയന്നു നോക്കിനിന്നതേയുള്ളൂ. മല്ലനെ കീഴ്പ്പെടുത്തി കത്തി തട്ടിത്തെറിപ്പിച്ച് അതേ കത്തികൊണ്ടു മല്ലനെ കുത്തി. ജനങ്ങൾ പേടിച്ച് ഓടിമാറുമ്പോഴും വീണ്ടും വീണ്ടും കത്തി ഉയർന്നുതാണു. മല്ലൻ കുടൽമാല പുറത്തു ചിതറി മരിച്ചുവീണു. നാടിനെ വിറപ്പിച്ച ഈ സംഭവമാണ് അച്ഛനെക്കുറിച്ചുള്ള ഓർമകളിൽ ആദ്യത്തെ നടുക്കം.

∙ അന്ന് ജാതിവ്യത്യാസങ്ങളുണ്ടായിരുന്നോ?

യാതൊന്നുമുണ്ടായിരുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുമായിരുന്നു. വീട്ടിൽ സഹായിക്കാൻ ഒരു മുസ്ലിം സ്ത്രീ വന്നിരുന്നു. ഇവിടുന്ന് അങ്ങോട്ട് സാധനങ്ങൾ കൊണ്ടുപോകും. അവിടുന്ന് ഇങ്ങോട്ടും തരും. തേങ്ങ ഇടാനും മറ്റും അവരാണു വരിക. അന്ന് ജാതിയോ മതമോ ഒന്നുമുണ്ടായിട്ടില്ല. ഇന്ന് അവിടവും മോശമായിരിക്കുന്നു. രാഷ്ട്രീയത്തിന്റെ അധഃപതനം കൂടിയായപ്പോൾ വളരെ മോശമായി.

∙ ശ്ലീലം മേനിരൂപം, നഗ്നം മനോഹരം എന്ന് ഒരു കവിതയിൽ താങ്കൾ എഴുതിയിട്ടുണ്ട്. പ്രകൃതിയെയും ആത്മീയതയെയും എഴുതാൻ പെണ്ണുടലാണ് ഉപാധിയായത്. ആദ്യത്തെ നഗ്നതാദർശനാനുഭവം എന്താണ്?

കുട്ടിക്കാലത്ത് വീട്ടിൽ കൃഷിപ്പണി എല്ലാവരും ചെയ്യണമെന്നു നിർബന്ധമായിരുന്നു. അച്ഛന്റെ ഇളയ സഹോദരിയുണ്ടായിരുന്നു, പാറ്റ ഇളയമ്മ (പാർവതി). അച്ഛനെക്കാളും ചട്ടമ്പിയായിരുന്നു. വിവാഹം കഴിഞ്ഞ് നാലു കുട്ടികളായി.

എന്തോ വഴക്കുമൂലം വീട്ടിൽ വന്നു നിൽക്ക്വാണ്. അവരാണു കുടുംബഭരണം. അവരുടെ ഭാഷ ഭരണിപ്പാട്ടായിരുന്നു. ഞങ്ങൾ അഞ്ചുമണിക്കൊക്കെ കൃഷിപ്പണിക്ക് ഇറങ്ങും. സ്ത്രീകളായിരിക്കും കൂടുതലുണ്ടാവുക. ചെറുതും വലുതും എല്ലാം.

ഒന്നും ബ്ലൗസ് ഇടില്ല. അർധനഗ്നരാണ് എല്ലാവരും. പണി കഴിഞ്ഞ് എല്ലാവർക്കും കുളിക്കാനൊരു കുളമുണ്ട്. ഒരുഭാഗത്ത് സ്ത്രീകളും മറുഭാഗത്ത് പുരുഷന്മാരും. ആർക്കും ഒരു അശ്ലീലവും തോന്നിയിട്ടില്ല. കുളിക്കുന്നതു കണ്ടാൽ കലാകാരനായതുകൊണ്ടാവാം ഞാൻ ഒളിഞ്ഞിരുന്നു നോക്കും. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്നിട്ട് ഉടുത്ത മുണ്ട് ഉരിഞ്ഞാണ് തല തോർത്തുക. എന്നിട്ട് വീണ്ടും അതുടുത്തുകൊണ്ട് കേറിപ്പോകും. ആരും ആരെയും നോക്കാറില്ല. ആ സംസ്കാരം ഇന്നെവിടെ?

*അന്ന് ഇത്രയും ബഹളമുണ്ടായിരുന്നില്ല. റേപ്പ്, പിടിച്ചുപറി, അശ്ലീലം സംസാരിക്കുക അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. ഇന്ന് എങ്ങനതുണ്ടായി? *

അന്ന് അക്ഷരസംസ്കാരം ഉണ്ടായിരുന്നില്ല.വാമൊഴി ആയിരുന്നു പ്രധാനം. അക്ഷരസംസ്കാരം ഉണ്ടായിക്കഴിഞ്ഞാണ് മൂല്യച്യുതി ഉണ്ടായത്. ഇനി എന്നാണോ വാമൊഴിയിലേക്കു തിരിച്ചു പോവുക. അന്നേ നമ്മുടെ നാടു നന്നാവൂ.ഞാൻ വാമൊഴി സംസ്കാരം തിരിച്ചുവാരാൻ പരിശ്രമിക്കുന്ന ആളാണ്.

∙ വാമൊഴിയോളം പഴയതാണോ ശിൽപ്പകലയുടെ ചരിത്രം?

30,000 വർഷം പഴക്കമുള്ള ശിൽപ്പമാണ് ഏറ്റവും പഴക്കമുള്ള ശിൽപ്പമായി നമുക്കു കിട്ടിയിരിക്കുന്നത്. അൾത്താമര ഗുഹ.അമ്മയേ ശരണം

∙അമ്മയെന്ന തലക്കെട്ടോടെ 1960ലും ’64 ലും ’65 ലും ശിൽപ്പങ്ങൾ ചെയ്തിട്ടുണ്ട്. അമ്മയെന്ന പദവിയെ ഇങ്ങനെ വിടർത്തിനോക്കുന്നതെന്തിന്?

എന്നെ ഏറ്റവും സ്നേഹിച്ച ഒരാളാണ് അമ്മ. സ്നേഹമാണല്ലേ നമുക്കു വേണ്ടത്. അമ്മയാണ് എന്നെ രക്ഷിച്ചത്. അമ്മയിൽനിന്നു കിട്ടിയ സ്നേഹം, സുരക്ഷിതത്വം ഇതൊന്നും എനിക്ക് മറ്റാരിൽനിന്നും കിട്ടിയിട്ടില്ല.

∙ വലിയ ശിൽപ്പങ്ങൾ, വലുപ്പം എന്നത് ഇത്രയും പ്രധാന്യത്തിൽ കൊത്തുന്നത് കേരളീയ കലാസമ്പ്രദായത്തിനു ചേരുമോ?

tsunami-

എന്താണെന്നറിയില്ല എനിക്കേറ്റം ഇഷ്ടം വലുപ്പത്തിൽ ചെയ്യുന്നതാണ്. കൂറ്റൻ പാറകളിൽ ചെയ്യണം. ഒരു കൂറ്റൻ പാറയോ കുന്നോ തരികയാണെങ്കിൽ ചെലവിന്റെ കാശു തന്നാൽ മതി. ഞാനവിടെ ശിൽപ്പം ചെയ്തു ജീവിച്ചോളാം.

ചെറിയ ശിൽപ്പം ചെയ്യുമ്പോൾ എനിക്ക് അസ്വസ്ഥതയാണ്. മദ്രാസിൽ പഠിക്കുന്ന സമയത്തുതന്നെ ആറടി, ഏഴടിയൊക്കെയുള്ള ശിൽപ്പമാണു ചെയ്യാറ്. ആ ഡിപ്പാർട്ട്മെന്റിൽ ഞാനാണ് ആദ്യമായി വലുപ്പമുള്ള ശിൽപ്പം ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിൽ ഡ്വാർഫ് ശിൽപ്പകലയാണുള്ളത്. കെ.സി.എസ്. പണിക്കരും മറ്റും ചെറിയ രൂപങ്ങളാണ് കൂടുതലും ഉണ്ടാക്കിയിട്ടുള്ളത്.

ഞാൻ സ്വയം ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ഇതാണ്. കുട്ടിക്കാലത്തു കണ്ട തെയ്യം, തിറ എന്നീ രൂപങ്ങൾ എന്റെ മനസ്സിലുണ്ട്. നമ്മുടെ സങ്കൽപ്പത്തിലെ ദൈവവും കലയുമെല്ലാം വലുപ്പത്തിലാണ്. രൂപം എന്നു പറഞ്ഞാൽ വലുപ്പമാണ്. ഇരുപത്തഞ്ചടി വലുപ്പമുള്ള മുടിയാണ് തെയ്യത്തിനുള്ളത്. ലോകത്തിലെവിടെയും ഇല്ലാത്ത വൈവിധ്യമുള്ള കലയാണു തെയ്യം.

പാവപ്പെട്ട മലയനോ വണ്ണാനോ ഈ മുടിയെടുത്ത് തലയിൽ വച്ചാൽ ദൈവമാണ്. എല്ലാവരും സമഭാവനയോടെ ആദരിക്കുന്നു. ആ കോസ്റ്റ്യൂംസ് എടുത്തണിയുമ്പോഴേക്കും സാധാരണ മനുഷ്യൻ ദൈവമായി മാറുകയാണ്. തെയ്യത്തിന്റെ ആകാരം ആദ്യം സങ്കൽപ്പിച്ച ശിൽപ്പിയാണ് ആധുനിക ശിൽപ്പി.

പാശ്ചാത്യകല സയൻസ് ആണ്. നമ്മുടെ കല പ്രകൃതിയുടെ വിഭവങ്ങളാണ്. മനുഷ്യരൂപത്തെ ഒരു പ്രതിമയാക്കി മാറ്റുകയാണ് ആടയും ആഭരവും കൊണ്ട്. സാധാരണ മനുഷ്യനെ ഇരുപത്തിമൂന്നടിയുള്ള ഒരു മുടിയാക്കി ഒരു വലിയ രൂപമാക്കി മാറ്റുക.

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ. അന്നത്തെ ഏക എന്റർടെയിൻമെന്റ് ഉത്സവമാണ്. ആബാലവൃദ്ധം പായും തലയിണയുമായി ഉത്സവത്തിനു പോകും. തോറ്റംപാട്ടെല്ലാം കഴിഞ്ഞ് മൂന്നുനാലു മണിയാവുമ്പോഴാണു തെയ്യം നിരപ്പിൽ കേറുക. തീയാണ്, അദ്ഭുതമാണ്.

∙ അതുകഴിഞ്ഞുള്ള അവരുടെ ജീവിതം ദുരിതമയമാണ് എന്നു കേട്ടല്ലോ?

രോഗങ്ങൾ വരും കൂലി പണമായിട്ടില്ല. നെല്ലും അതുമിതുമൊക്കെയാണ് ആ തെയ്യമൊക്കെ നിന്നു.

∙ ശിൽപ്പം ചെയ്യുമ്പോൾ പ്രതിഫലത്തിന്റെ രീതി എങ്ങനെയാണ്?

പ്രതിഫലത്തെക്കുറിച്ചു പറയുമ്പോൾ ധനമൂല്യമാണ് എല്ലാവരുടെയും മനസ്സിൽ. കലാമൂല്യമാണ് എന്റെ ധനം. ആ മൂല്യത്തിനു പ്രതിഫലമില്ല. ആ മൂല്യത്തിൽ ജീവിക്കുകയും അതു തേടിനടക്കുകയും ചെയ്യുന്ന ആളാണു ഞാൻ.

∙ എന്നായിരുന്നു വിവാഹം?

സത്യത്തിൽ അവളോടു ചോദിക്കണം.

kanay-with-wife

∙ ഭാര്യ എപ്പോഴും ഒപ്പമുണ്ടല്ലോ. ശിൽപ്പത്തിന്റെയടുത്തു നിന്ന് അധികദൂരം പോകാറുമില്ല. നളിനി എന്ന വീട്ടുകാരി ശിൽപ്പിയോടൊപ്പം അലയുന്ന നാട്ടുകാരിയുമായല്ലോ?

വിവാഹസമയത്ത് ഞാൻ അവളോടു പറഞ്ഞിരുന്നു, രാമന്റെ അവസ്ഥയാണു നമ്മുടേത്. ഞാൻ പ്രഫസർ ആയിരുന്നപ്പോഴാണു വിവാഹം. അധികം സമ്പത്തൊന്നുമില്ല. രാമൻ വനവാസത്തിലായിരുന്നല്ലോ. നമ്മുടെ അവസ്ഥ അങ്ങനെതന്നെ. അവൾ ചോദിച്ചു, സീതയുടെ അവസ്ഥയാകുമോ എനിക്കും? ഞാൻ അവൾക്കു വാക്കുകൊടുത്തു. ആ വിഡ്ഢിത്തം ഞാൻ കാണിക്കില്ല എന്ന്. അവൾക്ക് നല്ല കരുതലാണ് എന്നോട്. ശിൽപ്പത്തോടും ശിൽപ്പിയോടും ഒരേ സ്നേഹം. ഞാൻ ശിൽപ്പം ചെയ്യുമ്പോൾ എപ്പോഴും അവൾ എന്റെ കൂടെയുണ്ടാകും. എനിക്ക് ഒന്നിനും അലയേണ്ടി വന്നിട്ടില്ല. വീട്ടുകാര്യവും അവൾ നോക്കിക്കൊള്ളും.

∙ ദാമ്പത്യത്തിന് ഒരു സ്ഥാപനസ്വഭാവം ഉണ്ട്. അതിന് ഒരു പുരുഷപ്രകൃതമാണുള്ളത്?

അതുശരിയാണ്. ജീവിതം ഒരു പങ്കുചേരൽ ആണ്. അതുകൊണ്ട് മേധാവിത്തം എന്നൊന്ന് ഞങ്ങളുടെ ഇടയിൽ ഇല്ല.

∙ അമ്മയിലൂടെ പ്രപഞ്ചദർശനം, കല്ലിൽ ആ ദർശനത്തിന്റെ എഴുത്ത് - ഇതാണോ കാനായി ശിൽപ്പങ്ങളുടെ വഴി?

ശ്രീകോവിലിൽ നമ്മൾ പ്രതിമയാണ് വയ്ക്കാറ്. ചിത്രം ഉപയോഗിക്കാറില്ല. വിഗ്രഹങ്ങൾ വച്ചാണ് ആരാധിക്കുക. വിഗ്രഹാരാധാന സത്യത്തിൽ ശരിയല്ല. അതു മറ്റുപല അന്ധവിശ്വാസങ്ങളും ഉണ്ടാക്കാറുണ്ട്. ദൈവത്തിനു രൂപമില്ല, മണമില്ല, നിറമില്ല. എല്ലാ ദിക്കിലുമുള്ള ശക്തി. ഉപനിഷത്തു പറയുന്നതും ഖുർആൻ പറയുന്നതും അതാണ്.

∙ സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്നു വയ്ക്കുമ്പോൾ അതെങ്ങനെ പീഡനമാകും?

അതൊരു ന്യൂനപക്ഷമാണ്. അവർ മറ്റുള്ളവരെയും നല്ല വഴിയിലേക്കു കൊണ്ടുവരാൻ ശ്രമിക്കും എന്നതാണു പ്രശ്നം. എപ്പോഴും ഈ ന്യൂനപക്ഷമാണ് ലോകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. ഞാനങ്ങനെ വിശ്വസിക്കുന്ന ആളാണ്.

മൂല്യം എന്നു പറയുന്നത് ന്യൂനപക്ഷത്തിന്റേതാണ്. ഭൂരിപക്ഷത്തിന്റേതല്ല. ന്യൂനപക്ഷം ഊർജവും (energymass) ഭൂരിപക്ഷം പിണ്ഡവു(mass) മാണ്. ഊർജമാണു പ്രതിഭ ഊർജവും പിണ്ഡവുമാണ് ലോകത്തുള്ളത്. ഇതിൽ ഊർജമാണ് ലോകത്തെ ഭരിക്കുന്നത്.

∙ അപ്പോൾ സഹജവാസന എന്താണ്? സഹജമായ വാസന എന്നാൽ വെള്ളത്തപ്പോലെ. രണ്ടുപേർ കൂടിയാൽ സഹജമാകില്ല. സഹജമായി കിട്ടുന്നതെന്തും പ്രകൃതിയുടെ സമ്മാനമാണ്.

∙ പല സ്ഥലങ്ങളിൽ താമസിച്ചു. അതിന്റെ അറിവുകളും അനുഭവങ്ങളും...?

ഏറ്റവും വേദനാജനകം യക്ഷിയാണ്.

കോളനിയും അഭിരുചിയും

∙ ഈ പേടിയില്ലായ്മ അച്ഛനിൽനിന്നും കിട്ടിയതല്ലേ?

ശരിയാണ്. അച്ഛനിൽനിന്നും കിട്ടിയതാണ്. അച്ഛനും ആരെയും പേടിച്ചിട്ടില്ല. തന്റേടവും കയ്യൂക്കും ഉള്ളയാൾ.

∙ കാനായി കേരളത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ശിൽപ്പകല എന്തായി തീരുമായിരുന്നു?

ഈ രീതിയിൽ എന്തായലും വളരില്ല. ഇത്രയധികം റിസ്ക് എടുത്ത് ആരും ചെയ്യില്ല. ഞാൻ ശിൽപ്പം ചെയ്യുമ്പോൾ പ്രകൃതിയെ പഠിച്ചിട്ടാണു ചെയ്യുക. അതിനെ നൊമ്പരപ്പെടുത്തുന്നതൊന്നും ഞാൻ ചെയ്യാറില്ല.

∙സമ്മാനമായി നൽകുന്ന ട്രോഫികളെപ്പറ്റിയുള്ള സങ്കൽപ്പം മാറ്റിമറിച്ചതു ശിൽപ്പംകൊണ്ടാണ്. അതിനെക്കുറിച്ച്?

ട്രോഫി പണ്ട് ഒരു വിളക്കോ ഒരു കപ്പോ ഒക്കെയാണ്. എന്തുകൊണ്ട് ഒരു ശിൽപ്പമായിക്കൂടാ എന്നു ഞാൻ ചിന്തിച്ചു. ശിൽപ്പകലയ്ക്ക് അതൊരു പ്രചോദനമാകും. അങ്ങനെ ചിന്തിച്ച് ചെയ്തപ്പോൾ അതു വിജയമാവുകയും ചെയ്തു.

∙ബിനാലയെ വല്ലാതെ വിമർശിച്ചല്ലോ?

അതിന് ആശയം കൊടുത്തതും പ്രേരിപ്പിച്ചതും ഞാനാണെന്നു പറയാം. രണ്ടാമത് ഞാൻ അക്കാദമിയുടെ ചെയർമാനായിരുന്നപ്പോഴാണ് ആദ്യമായി നാഷനൽ എക്സിബിഷൻ കേരളത്തിൽ കൊണ്ടുവന്നത്. തൊട്ടുനടന്ന ട്രിനാലെ ഇന്റർനാഷനലിന്റെ ഒരു ഭാഗം ഇവിടെ കൊണ്ടുവരാൻ ഏർപ്പാടു ചെയ്തിരുന്നു.

എന്റെ കാലാവധി തീർന്നു. നമുക്ക് ഒരു ഇന്റർനാഷണൽ എക്സിബിഷൻ നടത്തണം. എന്നാലേ കേരളത്തിന് ഒരു ഉയർച്ച ഉണ്ടാകൂ. നടത്താമെന്നായി. പക്ഷേ, ഞാനെന്റെ ശിൽപ്പം കൊടുത്തില്ല.

എം.എ. ബേബിയടക്കം പറഞ്ഞു കാനായി തുടങ്ങിവച്ചിട്ട് എന്തിനാണു പിണങ്ങുന്നതെന്ന്. ഞാൻ പിണങ്ങുന്നതല്ല. പണത്തിന്റെ കാര്യത്തിൽ ഞാൻ നിർബന്ധ ബുദ്ധിക്കാരനാണ്. ക്യാൻവാസ് വാങ്ങാൻ കാശില്ലാത്ത ചിത്രകാരന്മാണുകേരളത്തിലുള്ളത്.

സീരിയസായി വർക്കു ചെയ്യാൻ താൽപ്പര്യമുള്ള, ജീനിയസുകളായ ചെറുപ്പക്കാർ ഇവിടുണ്ട്. കാശില്ല. അവർക്കാദ്യം പണം കൊടുക്കൂ. അവരതുകൊണ്ടു ക്യാൻവാസ് വാങ്ങി ചിത്രം വരയ്ക്കട്ടെ. ആ ചിത്രം നിങ്ങൾ വിറ്റിട്ട് പണം അവർക്ക് കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കൂ. എഴുപത്തിമൂന്നു കോടി രൂപയാണു ബിനാലെയ്ക്കുവേണ്ടി ചെലവാക്കാൻ പ്രൊപ്പോസൽ കൊടുത്തത്. അതിന്റെ ആവശ്യമില്ല. പണത്തിന്റെ പേരിലാണു ഞാൻ തെറ്റിയത്.

∙ മുക്കോലപെരുമാൾ പല ഡയമെൻഷനുകളിൽ പഠിക്കപ്പെട്ടിരിക്കുന്നു. ആ ശിൽപ്പത്തെക്കുറിച്ച്?

മുക്കോല പെരുമാൾ ഇപ്പോൾ നാൽപ്പത്തിമൂന്നാമത്തെ വർഷത്തിലേക്കാണു വരുന്നത്. കുറെക്കാലം മുൻപ് ധൻരാജ് ഭഗത് ട്രിനാലെയ്ക്കുവേണ്ടി കേരളത്തിലെത്തുകയും മുക്കോല പെരുമാൾ കണ്ട് എന്നെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയിൽ ഇത്തരത്തിലൊരു ശിൽപ്പമല്ല എന്നാണു പറഞ്ഞത്. എനിക്കതു പ്രോത്സാഹനമായിത്തോന്നി.

∙ പരമ്പരാഗതവും ആധുനികവുമായ ശിൽപ്പങ്ങൾ ഒരേ കൈവഴക്കത്തിൽ ചെയ്യുന്നുണ്ട്. ഇതിൽ ഗുരുക്കന്മാരുടെ പങ്ക് എത്രയുണ്ട്?

k-c-mammen-mapila

എനിക്കേറ്റം പ്രചോദനമായത് റെഗ്ബട്ലർ എന്ന ഗുരുവാണ്. ലോകത്തിൽ വെൽഡിങ് ശിൽപ്പങ്ങൾ ചെയ്ത ആദ്യത്തെ ശിൽ പ്പികളിൽ ഒരാളാണ്. തെക്കേ ഇന്ത്യയിൽ ഞാനാണ് ആദ്യമായി ഇതു ചെയ്തത്, 1957ൽ. പക്ഷേ, അത് അംഗീകരിക്കപ്പെട്ടിട്ടില്ല. ഡൽഹിയിൽ വച്ചായിരുന്നെങ്കിൽ എന്നെയും അംഗീകരിച്ചേനെ.

∙ഗുരുക്കന്മാരെക്കുറിച്ച് പറഞ്ഞതു പൂർത്തിയായിരുന്നില്ല.

കെ.സി.എസ്. പണിക്കർ, ധനപാലൻ, ബട്ലർ ധാരാളം പേരുണ്ട്. എല്ലാവരും എന്നെ ഉയർത്താൻ ശ്രമിച്ചിട്ടുള്ളവർ. എന്നാൽ ഇവിടുള്ളവരുടെയും പുറത്തുള്ളവരുടെയും മനോഭാവത്തിൽ വ്യത്യായമുണ്ട്.

കാവിലെ ദേവിയും മിനിമൽ ആർട്ടും

∙ ‘മാടൻതറ’യെക്കുറിച്ചു പറയാമോ?

മാടൻതറ സൂര്യപൂജയാണ്. ജാതിയും മതവും ഒന്നുമില്ല. ആർക്കു വേണമെങ്കിലും വരാവുന്ന ഒന്നാണത്. ആധുനിക ശിൽപ്പരൂപത്തിൽ ചെയ്തതാണത്. മോഡേൺ ആർട്ടിന്റെ വലിയൊരു പ്രസ്ഥാനമാണു മിനിമൽ ആർട്ട്. ഞാനീ രൂപത്തിലാക്കി. നമ്മൾ കാണുമ്പോൾ അതു കാവിലെ ദേവിയുടെ തറയാണ്. സായ്പ് കാണുമ്പോൾ അതു മിനിമൽ ആർട്ടാണ്.

∙ ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ശിൽപ്പം മോഡേൺ ആർട്ടു പോലാണ്. അതിനുശേഷം മറ്റൊരിടത്തും ചെയ്തിട്ടുമില്ല. ക്ഷേത്രത്തിലും അങ്ങനില്ല. അതിനെക്കുറിച്ച്?

രാശിവച്ചു നോക്കിയപ്പോൾ അവിടൊരു ക്ഷേത്രം വേണമെന്നു വന്നു. അപ്പോൾ ആരാണു ശിൽപ്പം ചെയ്യേണ്ടതെന്നു ചോദിച്ചു. കുറെപ്പേരുടെ പേരിട്ടു നോക്കി അവസാനം രണ്ടുപേരിലെത്തി. വീണ്ടും രാശിവച്ച് പ്രശ്നക്കാരൻ പറഞ്ഞു കാനായി മതിയെന്ന്.

ഭീമാ ബ്രദേഴ്സിലെ ഗിരിരാജനും ഗോവിന്ദനും മറ്റും എന്നെ അന്വേഷിച്ചു വന്നു. നിർബന്ധിച്ചു . പറ്റില്ല എന്നു ഞാൻ പറഞ്ഞു. എത്ര രൂപ വേണമെങ്കിലും തരാമെന്നായി. രൂപയൊന്നു വേണ്ട. ഞാൻ അഞ്ചു പൈസാപോലും പ്രതിഫലം വാങ്ങീട്ടില്ല. ക്ഷേത്രം പണിയുന്നവരുടെ നിർബന്ധം കാനായിതന്നെ ചെയ്യണം എന്നായിരുന്നു . ഞാൻ സമ്മതിച്ചു.

∙ പൂർണകായവെങ്കലപ്രതിമകളെക്കുറിച്ചു പറയാമോ?

ഞാനിവിടെ വന്നപ്പോൾ എല്ലാവരും ശിൽപ്പങ്ങൾ ചെയ്യുന്നത് മദ്രാസിലാണ്. എന്തുകൊണ്ട് നമുക്കിവിടെ ചെയ്തു കൂടാ എന്ന് ആലോചിച്ചു. കൊല്ലത്ത് ആർ. ശങ്കറിന്റെ ശിൽപ്പം എന്നോടു ചെയ്യാൻ പറഞ്ഞു. ദേവനാണു പറഞ്ഞത് വാർക്കാനുള്ള ഏർപ്പാടൊന്നുമില്ല. ഞാൻ പറഞ്ഞു നോക്കി, നമുക്കുതന്നെ ചെയ്യാമെന്ന്. ദേവൻ പറഞ്ഞു വേണ്ട കുഞ്ഞിരാമൻ ചെയ്യണ്ട. വാർക്കൽ ശരിയായ കല അല്ല. വീണ്ടും പറഞ്ഞു നോക്കി. അവർ സമ്മതിച്ചില്ല.

പിന്നെ ഞാൻ തിരുവനന്തപുരത്തു വന്നു. നേതാജിയുടെ പ്രതിമ ചെയ്യാമോന്ന് എ.എൻ.എ.െ അസോസിയേഷന്റെ സെക്രട്ടറി ശിവാനന്ദൻ ചോദിച്ചു. ചെയ്യാമെന്നു പറഞ്ഞു. ആദ്യം മോഡലുണ്ടാക്കി. അന്നത്തെ ഗോർക്കി ഭവന്റെ ഡയറക്ടറായിരുന്ന കണ്ണംപിള്ളിയെയും മറ്റും കാണിച്ചു. ഗംഭീരമായി എന്നവർ പറഞ്ഞു. പിന്നെ ഞാൻ തന്നെ കുറച്ചു മൂശാരിമാരെ വാർക്കാൻ ഏൽപിച്ചു. മാന്നാറിൽ പോയി അവരെ പഠിപ്പിച്ചു. ഞാനിത് ഇംഗ്ലണ്ടിൽ വച്ച് പഠിച്ചിരുന്നു. അതു ഗംഭീരമായി.

∙ വെങ്കലപ്രതിമകൾ രൂപപ്പെടുന്ന വഴി വിശദമാക്കാമോ?

പ്രതിമ ചെയ്യണംന്ന് പറഞ്ഞുവരുമ്പോൾ ഞാനാദ്യം എല്ലാം പഠിക്കും. ആരാണ്, എന്താണ്, എന്തിനെക്കുറിച്ചാണ് എന്നൊക്കെ പഠിക്കും. മനസ്സ് സ്വതന്ത്രം ആയിരിക്കുമ്പോൾ നമ്മുടെ ഉള്ളിൽനിന്നുതന്നെ വഴി തെളിയും.

നമുക്ക് തോന്നും ഇതാണു നല്ലത് എന്നൊക്കെ. അതൊരു ഇന്റ്യൂഷൻ ആയിരിക്കാം. ശിൽപ്പം ചെയ്യുമ്പോൾ നേരിട്ടു വാസ്തു നോക്കാറില്ല. എങ്ങനെയോ കൃത്യമാവാറുണ്ട്.

ദാരുവും ശൈലിയും

∙ കേരളത്തിന്റെ ശിൽപ്പകലയുടെ ദർശനം എന്താണ്? അതിന്റെ ഭാവി, വരും തലമുറകൾ..?

കേരളത്തിൽ നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കരിങ്കല്ലും മാർബിളും ധാരാളമുണ്ട്. നമ്മുടെ നാട് കടലിൽനിന്നും വന്നതാണല്ലോ. അതുകൊണ്ട് കല്ലു കിട്ടാനില്ല. മരങ്ങളാണ് അധികവും. അതുകൊണ്ട് മരത്തിലാണു ശിൽപ്പങ്ങൾ ചെയ്യുന്നത്.

*∙ കലാകാരന്റെ ആവിഷ്കാരത്തിനപ്പുറം ഈ ശിൽപ്പങ്ങൾ സമൂഹത്തിന് എന്തു നൽകുന്നു?

എന്റെ ശിൽപ്പം ഒരു വിദ്യഭ്യാസരീതിയാണ്. ഈ ഭാഷ ത്രിമാന ഭാഷയാണ്. ത്രിമാന ഭാഷകൊണ്ടു സമൂഹത്തിൽ എന്തൊക്കെ നന്മകൾ ചെയ്യാം. അതാണ് ഞാൻ ശിൽപ്പകലയിൽക്കൂടി ചെയ്യുന്നത്. എന്റെ സ്വന്തം ആവിഷ്കാരം മാത്രമല്ല.

∙ കാനായി പ്രതിമകളും ശിൽപ്പങ്ങളും വിഗ്രഹങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇതു മൂന്നും തരുന്ന അനുഭവ വ്യത്യാസങ്ങൾ എന്താണ്?

ഇതെല്ലാം കലയുടെ ഭാഷയാണ്. ഒന്നാണ്. ഒരേ ഭാഷകൊണ്ട് പല ക്രിയകൾ ഉണ്ടാക്കുന്നപോലെ. വിഗ്രഹം ബിംബം ആണ്. നമ്മുടെ ആശയങ്ങളെ ഒരു ബിംബരൂപത്തിൽ പൊതിഞ്ഞു വയ്ക്കുന്നു. യാഥാർഥ്യവുമായി അതിനു ബന്ധമില്ല. നമ്മൾ തോന്നിപ്പിക്കുന്നു. ഓർമിപ്പിക്കുന്നു.

ശിൽപ്പത്തിൽ ഒരു ക്രിയേറ്റീവ് പ്രോസസ് നടക്കുന്നുണ്ട്. അവിടെ ഒരു സ്വാതന്ത്യ്രമുണ്ട്. എന്റെ ലോകമാണു ശിൽപ്പം. പ്രതിമ ഉണ്ടാക്കുമ്പോൾ ബാഹ്യമായ രൂപമല്ല ഉണ്ടാക്കേണ്ടത്. ഉള്ളിലുള്ള ആളെയാണ്. ഇന്നർ പഴ്സണാലിറ്റി ആണ് കൊണ്ടുവരേണ്ടത്. എല്ലാം നമ്മൾ പഠിക്കണം.

∙ ശിൽപ്പികൾക്ക് പൊതുവിൽ അഹംചിന്ത കൂടുതലുണ്ട്. ഇത് കലയെ എങ്ങനെ സ്വാധീനിക്കുന്നു?

നശിപ്പിക്കുന്നു. കലാകാരൻ എന്നൊരാളില്ല. കലയേ ഉള്ളൂ.

∙ കോട്ടയത്തു ചെയ്യുന്ന അക്ഷരശിൽപ്പത്തെക്കുറിച്ച്?

അക്ഷരനഗരിയിൽ ചെയ്യുന്ന അക്ഷരശിൽപ്പം. കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അഞ്ചു കൊല്ലമായി ഇതിന് എന്നെ നിർബന്ധിക്കുന്നുണ്ടായിരുന്നു. ∙