Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ പൂത്തു മലര്‍ന്നു നോവല്‍ നിലം

മനോജ് കുറൂർ മനോജ് കുറൂർ . ചിത്രം ആർ. എസ്. ഗോപൻ

എല്ലാ മികച്ച എഴുത്തുകളെയും പോലെ അഗാധമായ ഭാഷാനുഭവമാണ് മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍. തിണയായ തിണയെല്ലാം കടന്ന്, മലയാളം അതിന്റെ എല്ലാ നിഷ്‌കളങ്കതയോടെയും തുള്ളിവരുന്നു.

ദ്രാവിഡാക്ഷരങ്ങളില്‍ കൊലുമ്പനും ചിത്തിരയും മയിലനും ചേര്‍ന്ന കൂട്ടെഴുത്താണിത്. വരുംനാളുകളില്‍ മലയാള സാഹിത്യത്തില്‍ വീര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുണ്ട് ഈ നോവലിന്. തന്റെ ആദ്യ നോവലിനെക്കുറിച്ച് മനോജ് കുറൂര്‍ സംസാരിക്കുന്നു:

നോവലായി തന്നെ സങ്കല്‍പ്പിച്ച് എഴുതിത്തുടങ്ങിയതാണോ നിലം പൂത്തു മലര്‍ന്ന നാള്‍? കാവ്യാത്മകമായ, താളമുള്ള ഗദ്യമാണല്ലോ നോവലില്‍ ഉള്ളത്?

കവിതകളാണ് ഞാന്‍ കൂടുതല്‍‍ എഴുതിയിട്ടുള്ളത്. ഭാവാത്മകതയേക്കാളും ആഖ്യാനത്തിന്റെ സ്വഭാവമാണ് മിക്കവാറും കവിതകള്‍ക്കുണ്ടായിരുന്നത്. മനപ്പൂര്‍വമായി അങ്ങനെ ചെയ്തതല്ല. ആഖ്യാനത്തിന്റെ പാറ്റേണ്‍ അങ്ങനെ സംഭവിക്കുകയായിരുന്നു.

നോവല്‍ എഴുതണമെന്ന് വിചാരിച്ച് എഴുതിയതല്ല. കുറച്ചു വര്‍ഷങ്ങളായി അകനാനൂറും പുറനാനൂറും അടക്കമുള്ള നാല്പതിലേറെ സംഘംകൃതികള്‍ ശ്രദ്ധയോടെ വായിക്കുകയായിരുന്നു ഞാന്‍.

ഹരം പിടിച്ച വായനയായിരുന്നു. മലയാളത്തില്‍ കിട്ടാത്തതിന്റെ ഇംഗ്ലിഷ് വ്യാഖ്യാനങ്ങള്‍ വായിച്ചു. മദ്രാസ് യാത്രകളില്‍ സംഘം കൃതികള്‍ സംഘടിപ്പിച്ച് തമിഴില്‍ വായിച്ചു. വായിച്ചു വായിച്ച് അതില്‍ ആണ്ടുപോയെന്നു പറയാം.

സംഘം കൃതികളില്‍ പല കഥാപാത്രങ്ങള്‍ക്കും പേരു തന്നെയില്ല. ചെറുകവിതകള്‍ പ്രധാനമായും പ്രണയ കവിതകളാണ്. ആറ്റുപ്പടൈപാട്ടുകള്‍ ഏതെങ്കിലും രാജാവിന്റെ അടുത്തേക്കു വഴി പറഞ്ഞു കൊടുക്കുന്ന തരത്തിലുള്ള നീണ്ട കവിതകളാണ്. ഇവ ഇങ്ങനെ പല തരമുണ്ട്.

പക്ഷേ ഇവയില്‍ വരുന്ന ഒരുപാടു സംഗതികളുണ്ട്. അന്നത്തെ വസ്ത്രധാരണം, വീടുനിര്‍മ്മാണം, വീട്ടുപകരണങ്ങള്‍, അലങ്കാരവസ്തുക്കള്‍, ആഹാരസാധനങ്ങള്‍, മദ്യനിര്‍മ്മാണം, ചികില്‍സാ രീതികള്‍, നൃത്തരീതികള്‍, വാദ്യങ്ങള്‍, ആചാരങ്ങള്‍, ശവസംസ്കാരം എന്നിങ്ങനെ ജീവിതരീതിയെയും സംസ്കാരത്തെയും കുറിക്കുന്ന കാര്യങ്ങള്‍ പല പാട്ടുകളിലായി ചിതറിക്കിടക്കുന്നു.

അന്നത്തെ ജീവിതാന്തരീക്ഷം മനസ്സിനെ വല്ലാതെ ബാധിച്ചപ്പോള്‍ ഞാന്‍ അതൊരു കവിതയായി എഴുതാന്‍ തുടങ്ങി. മുന്‍പു പലപ്പോഴും ചെയ്തിട്ടുള്ളതു പോലെ ആഖ്യാന സ്വഭാവമുള്ള കവിതയായി പല കഥാപാത്രങ്ങളെ സങ്കല്‍പ്പിച്ച് അങ്ങ് എഴുതിത്തുടങ്ങുകയായിരുന്നു.

മനോജ് കുറൂർ മനോജ് കുറൂർ . ചിത്രം ആർ. എസ്. ഗോപൻ

കവിതയിലെ സാധ്യതകള്‍ വേറൊരു തരത്തിലാണല്ലോ. കവിതയുടെ പരിമിതിയായിട്ടല്ല ഞാന്‍ ഇതു പറയുന്നത്. വിശാലമായ ക്യാന്‍വാസ് വേണമെന്നു മനസ്സിലായപ്പോഴാണ് കവിതവിട്ട് നോവലിലേക്കു മാറിയത്. അപ്പോള്‍ വീണ്ടും ആദ്യം തൊട്ടേ എഴുതിത്തുടങ്ങുകയായിരുന്നു.

ദ്രാവിഡാക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നുള്ളത് കവിതയായി എഴുതുമ്പോള്‍ എടുത്ത തീരുമാനമായിരുന്നു. പിന്നെ നോവലായപ്പോഴും ആ തീരുമാനത്തില്‍ ഉറച്ചു മുന്നോട്ടുപോകുകയായിരുന്നു. കവിതയുടെ ഭാഷ ഉപയോഗിച്ച് ഗദ്യത്തില്‍ എഴുതുക എന്നായിരുന്നു ഉദ്ദേശിച്ചത്. അമൂര്‍ത്ത ബിംബങ്ങള്‍ കൊണ്ടല്ല മറിച്ച് യഥാര്‍ത്ഥജീവിതത്തിലെ കാര്യങ്ങള്‍ കൊണ്ടുവരണമെന്നായിരുന്നു മനസ്സില്‍.

നോവലില്‍ സംഗീതം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്? സംഗീതത്തിന്റേതായ ഘടനയുണ്ടല്ലോ ആഖ്യാനത്തില്‍?

സംഗീതത്തിന്റെ രൂപഘടന അറിഞ്ഞോ അറിയാതെയോ നോവലില്‍ വന്നിട്ടുണ്ടെന്നു തോന്നുന്നു. അതു ചെണ്ടമേളം പോലുള്ള വാദ്യകലകളുടെയോ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിന്റെയോ ആവാം.

മന്ദമായി തുടങ്ങി ക്രമമായി വേഗതകൂടുന്ന ഒരു ഘടനയാണല്ലൊ ഈ സംഗീതരൂപങ്ങള്‍ക്കുള്ളത്. വളരെ അധികം വിശദാംശങ്ങളോടെയാണ് തുടക്കം. മന്ദചലനമാണ്. കഥാപാത്രങ്ങള്‍ കണ്ടുമുട്ടുമ്പോഴും മറ്റും പ്രകൃതിയുടെ ഒരുപാടു വിശദാംശങ്ങളുണ്ട്.

കാട് എല്ലാ വൈവിധ്യത്തോടെയും ആഖ്യാനത്തിലേക്കു കയറി വരുന്നുണ്ട്. സിംഫണിയിലേതു പോലെ വളരെ പതുക്കെ. സ്‌ലോ ടെംപോയില്‍ തുടങ്ങി ക്രമത്തില്‍ മുറുകി വരികയാണ് ഭാഷ. ലയാത്മകമായ മുറുകലാണ്. അതങ്ങനെ നിനച്ചു ചെയ്തതല്ല. സംഭവിക്കുകയായിരുന്നു. നോവല്‍ അവസാനമാകുമ്പോഴേക്കും ഭാഷ മുറുകിക്കയറുകയാണ്. വിമര്‍ശനമായി ചിലര്‍ പറഞ്ഞ കാര്യം അവസാന ഭാഗത്ത് തുടക്കത്തിലേതു പോലെ ഒരുപാടു വിശദാംശങ്ങള്‍ ഇല്ലെന്നതാണ്.

അങ്ങനെ വന്നിരുന്നെങ്കില്‍ നോവല്‍ ഇപ്പോഴത്തേതു പോലെ ഏശില്ലായിരുന്നു...

അതെ, അതു ശരിയാണ്. പ്രകൃതിയെയും കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോള്‍ ആഖ്യാനത്തില്‍ വിശദാംശങ്ങള്‍ സ്വാഭാവികമായി വരും. അവസാനം ആഖ്യാനത്തിന്റെ കൊട്ടിക്കയറ്റമാണ്. അപ്പോള്‍ വിശദാംശങ്ങളുടെ പുറകേപോയാല്‍ നോവലിന്റെ ഘടന പാളും. സ്വാഭാവികത നഷ്ടപ്പെടും.

ദ്രാവിഡാക്ഷരങ്ങള്‍ കൊണ്ടു മാത്രം നോവല്‍ പണിയുമ്പോള്‍ എന്തായിരുന്നു മനസ്സില്‍?

ശരിക്കു പറഞ്ഞാല്‍ ഞാന്‍ മലയാളത്തിന്റെ സംഗീതം അനുഭവിക്കുകയായിരുന്നു. അവകാശവാദമായി പറയുകയല്ല. സംസ്‌കൃതാക്ഷരങ്ങള്‍ ഇല്ലാത്തപ്പോള്‍ വാക്കുകള്‍ക്കു വല്ലാത്തൊരു ലയാത്മകതയുണ്ട്. സംഗീതമുണ്ട്. അത് അനുഭവിക്കാനായി എന്നതാണ് ഏറ്റവും വലിയ സന്തോഷം.

സംഘം കൃതികളിലേതു പോലെ എല്ലാ തിണകളിലൂടെയും നോവല്‍ സഞ്ചരിക്കുന്നുണ്ട്? അങ്ങനെ വേണമെന്നു സങ്കല്‍പ്പിച്ചിരുന്നോ? അതോ അങ്ങനെ വരികയായിരുന്നോ?

എല്ലാ തിണകളിലൂടെയും ആഖ്യാനം കടന്നുപോകണമെന്നു വിചാരിച്ചുകൊണ്ട് എഴുതിയതല്ല. സംഘം തമിഴില്‍ ആറ്റുപ്പടൈ പാട്ടുകളുണ്ട് എന്നു നേരത്തേ പറഞ്ഞല്ലൊ. മലയാളത്തില്‍ അതിനു തര്‍ജമ വന്നിട്ടില്ലെന്നാണു തോന്നുന്നത്.

മനോജ് കുറൂർ മനോജ് കുറൂർ . ചിത്രം ആർ. എസ്. ഗോപൻ

പിന്നീടു നമ്മള്‍ സന്ദേശകാവ്യം, സഞ്ചാര സാഹിത്യം എന്നൊക്കെ പറഞ്ഞ തരത്തിലുള്ള കൃതികളിലുള്ളതുപോലെ ഓരോ സ്ഥലത്തിന്റെയും വിശദാംശങ്ങള്‍ അവയിലുണ്ട്. വറുതി മാറ്റാനായി രാജാവിനെ കാണാന്‍ പോകുന്നവര്‍ക്കു വഴി പറഞ്ഞു കൊടുക്കുന്നവനാണ് ഇതില്‍ കവി.

ചേരരാജാവിനെ കുറിച്ചു പാടുന്ന കവി തന്നെ ഏഴിമല, ചോഴ രാജാക്കന്‍മാരെ കുറിച്ചും പാടുന്നുണ്ട്. അവരൊന്നും ഒരിടത്തും തറഞ്ഞു നില്‍ക്കുകയല്ല. നോവലിലും അങ്ങനെയാണ്. ഓരോ തിണയും തീര്‍ത്തും സ്വാഭാവികമായി കയറി വരികയായിരുന്നു.

നെയ്തല്‍ തിണ ശരിക്കും നോവലില്‍ വരില്ലായിരുന്നു. പക്ഷേ മയിലന്‍ എന്ന കഥാപാത്രത്തെ തേടി ഏഴിമലയിലേക്കുള്ള യാത്ര പടിഞ്ഞാറന്‍ തീരം പറ്റിയാണല്ലോ. അപ്പോള്‍ കടല്‍ ഇങ്ങോട്ടു കയറി വരികയായിരുന്നു. മുചിറിയെക്കുറിച്ചു പറയുന്നിടത്തും നെയ്തല്‍ തിണ വരുന്നുണ്ട്. അഞ്ചു തിണകളും അങ്ങനെ നോവലിലുണ്ട്.

കവിത എഴുതിക്കൊണ്ടിരുന്നു പെട്ടെന്നു നോവല്‍ എഴുതിയപ്പോള്‍ പകച്ചോ?

ആദ്യമായാണ് നോവല്‍ എഴുതുന്നതെങ്കിലും ചെറുപ്പം മുതലേ നോവലുകള്‍ വായിക്കാറുണ്ട്. മലയാളത്തിലെ മിക്കവാറും പ്രധാന നോവലുകളെല്ലാം വായിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ള പ്രമുഖരായ എഴുത്തുകാരുടെ രചനകളിലൂടെയും കടന്നുപോയിട്ടുണ്ട്. എഴുത്തുകാരനായ ഒരാള്‍ വായിക്കുമ്പോള്‍ വെറുതെ എഴുത്തില്‍ പെട്ടു പോകുകയല്ലല്ലോ ചെയ്യുക. പല തരം ഘടനകള്‍ നമ്മള്‍ പരിചയിക്കുകയാണല്ലോ. അങ്ങനെയുള്ള വായനകള്‍ തുണച്ചിട്ടുണ്ട്.

സി.വി.രാമന്‍ പിള്ളയുടെ കൃതികളോടും ഖസാക്കിനോടുമൊക്കെയാണ് നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന പുസ്തകത്തെ പലരും താരതമ്യപ്പെടുത്തുന്നത്...

ഈ നോവലിനെ ഭൂതകാലത്തെ മഹത്തായ കൃതികളോടു താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. ആ താരതമ്യത്തെ പ്രശംസ എന്ന രീതിയിലല്ല ഞാന്‍ കാണുന്നത്. സിവിയും വിജയനുമൊക്കെ നാടിന്റെ ഭാഷ ഉപയോഗിച്ചവരാണ്.

ഖസാക്കിന്റെ ഇതിഹാസത്തില്‍, മുങ്ങാംകോഴിയുടെ മരണത്തെ വിജയന്‍ എഴുതുന്നതു നോക്കുക. വെള്ളത്തില്‍ പോയാല്‍ ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്. മുങ്ങാംകോഴിയുടെ മരണത്തെ ആഖ്യാനത്തിന്റെ സവിശേഷത കൊണ്ട് വിജയന്‍ ഒരു ക്ലാസിക് അനുഭവമാക്കി മാറ്റുന്നു.

നോവൽ- നിലം പൂത്തു മലർന്ന നാൾ

ആളുകള്‍ ഉദ്ധരിച്ച് ഉദ്ധരിച്ചു ക്ലീഷേയായ ചില ഭാഗങ്ങള്‍ ഉണ്ടെങ്കിലും ഖസാക്കിലെ പല ഭാഗങ്ങളും ഇന്നും ഗംഭീരമായി വായിക്കാവുന്നവയാണ്. എഴുത്തിന്റെ സൗന്ദര്യശാസ്ത്രം കാട്ടിത്തന്നവരില്‍ ഒരാള്‍ വിജയനാണ്. തീര്‍ച്ചയായും സി.വി.രാമന്‍ പിള്ളയുണ്ട്, ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ബഷീറുണ്ട്.

നമ്മുടെ ഖസാക്ക് വായനകള്‍ക്കും പ്രശ്‌നമുണ്ടെന്നു തോന്നുന്നു. അതു രവിയുടെ പുസ്തകമായാണു പലരും വായിച്ചത്. രവിക്കു ബലം കുറവല്ലേ?

അതെ. രവിയെക്കാള്‍ തിളക്കം തോന്നുന്നതു മറ്റു കഥാപാത്രങ്ങള്‍ക്കാണ്. അള്ളാപിച്ചാ മൊല്ലാക്ക,നൈസാമലി , മൈമുന, അപ്പുക്കിളി..എല്ലാവരും മനസ്സില്‍ തങ്ങി നില്‍ക്കുന്നവരാണ്.

എല്ലാ നല്ല രചനകളും ആഴത്തില്‍ ഒരു ഭാഷാനുഭവമായാണല്ലോ നമ്മെ ബാധിക്കുന്നത്? ഖസാക്കും സിവിയുടെ കൃതികളുമെല്ലാം നമ്മെ ബാധിച്ചത് അങ്ങനെയാണല്ലോ?

അതങ്ങനെ തന്നെയാണ്. സംസ്കൃത ബഹുലമായ വാക്യങ്ങള്‍ ഉപയോഗിച്ചിട്ടുള്ള സിവി തന്നെ വളരെ മൂര്‍ച്ചയുള്ള മലയാളം ഉപയോഗിക്കുന്നുണ്ട്. നീ താനെടാ നെടുനില കൊള്ളണ പെരുംപൊലിമ എന്നു ചന്ത്രക്കാരന്‍ ഇരുളിനെ സംബോധനചെയ്തു പറയുമ്പോള്‍ പച്ചമലയാളത്തിന്റെ കരുത്ത് നാം അനുഭവിക്കുന്നു.

ചൊല്ലെല്ലാമുണ്ടു ചുടരാര്‍ന്നെഴും പൊരുളെല്ലയിലേറി നിന്നാടുപാമ്പേ എന്നു ശ്രീനാരായണഗുരുവിന്റെ കവിതയിലും നാമതറിയുന്നു. വെണ്മണിമാരുടെ പച്ചമലയാളത്തില്‍നിന്നു വ്യത്യസ്തമായ ഒരു മൂര്‍ച്ചയും കരുത്തും ഇത്തരം കൃതികളിലാണുള്ളത്. മലയാളത്തിന്റെ പെരുമ ഇവയിലുണ്ട്. അതു ഖസാക്കിലും തട്ടകത്തിലുമൊക്കെയുണ്ട്.

ദ്രാവിഡാക്ഷരങ്ങള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ കൃത്രിമമായേക്കാമെന്നു പേടിച്ചിരുന്നോ?

അങ്ങനെ കൃത്രിമമാവാതെ നോക്കിയിട്ടുണ്ട്. ഞാന്‍ നോക്കിയെന്നു പറയുന്നതിലും ഭാഷ സ്വയം അക്കാര്യം ശ്രദ്ധിച്ചു എന്നു പറയുന്നതാവും നന്ന്. മലയാളത്തിനു വലിയ മൊഴിക്കരുത്തുണ്ട്. ശബ്ദതാരാവലി എടുത്തു നോക്കിയാല്‍ തന്നെ നമുക്ക് ഉപയോഗിക്കാവുന്ന, വീണ്ടെടുക്കാവുന്ന എത്രയോ വാക്കുകളുണ്ട്.

മനോജ് കുറൂർ മനോജ് കുറൂർ . ചിത്രം ആർ. എസ്. ഗോപൻ

സാങ്കേതിക വാക്കുകള്‍ മലയാളത്തില്‍ കൊണ്ടുവരാനൊന്നും ഒരു പ്രയാസവുമില്ല. ദ്രാവിഡമൊഴി എനിക്കൊരു ബാധ്യതയായി തോന്നിയിട്ടില്ല. സംഗീതത്തില്‍ സ്വരങ്ങള്‍ ഒരു പരിമിതിയല്ലല്ലോ. സ്വരങ്ങളുടെ സാധ്യത തേടുകയാണല്ലോ ചെയ്യുന്നത്. അതൊരു ബലമായാണ് എനിക്കു തോന്നിയത്. വാക്കു കിട്ടാതെ കുറച്ചുനേരമെങ്കിലും കാത്തു നില്‍ക്കേണ്ടി വന്നത് കുറച്ചിടത്തു മാത്രം. മലയാളത്തിന് അത്രയ്ക്കു പദസമ്പത്തുണ്ട് എന്നതാണു നേര്. അതു നമ്മള്‍ പല കാലത്തെ കൃതികളില്‍നിന്നു കണ്ടെത്തേണ്ടിവരും.

വായനയെക്കുറിച്ചു പറയാമോ?

കവിത, നോവല്‍, കലാ-സാഹിത്യപഠനങ്ങള്‍ അങ്ങനെ ഇഷ്ടങ്ങള്‍ ഒരുപാടുണ്ട്. സാഹിത്യം ഏതു രൂപത്തിലായാലും ഭാഷയുടെ ഭംഗിയാണ് എന്നെ ആദ്യം ആകര്‍ഷിക്കാറുള്ളത്. ക്രാഫ്റ്റില്‍ ഗംഭീരമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള എഴുത്തുകാര്‍ ഇക്കൂട്ടത്തിലുണ്ട്.

എഡ്വാര്‍ഡോ ഗലിയാനോയെപ്പോലെ കവിതയും ചരിത്രവും കഥയുമൊക്കെ ഇടകലര്‍ത്തി ഏതു സാഹിത്യരൂപമെന്നു തിരിച്ചറിയാനാവാത്ത മട്ടില്‍ എഴുതുന്നവരുമുണ്ട്. രസകരമായ ഒരു കാര്യം പറയാം. മാരിയോ വാര്‍ഗസ് യോസയുടെ ഡിസ്‌ക്രീറ്റ് ഹീറോ എന്ന നോവലാണ് ഞാന്‍ ഒടുവില്‍ വായിച്ചത്. അതില്‍ ചില വാചകങ്ങളുടെ തുടക്കത്തില്‍ hey waddya think എന്നുപയോഗിക്കുന്നുണ്ട്, ഇടയ്ക്കിടെ. എനിക്ക് ഇതു പിടികിട്ടിയില്ല. ഒടുവില്‍ ഗൂഗിളില്‍ തിരഞ്ഞു.

വളരെ പ്രാദേശികമായ ഒരു പ്രയോഗമാണത്. എന്താന്നുവച്ചാല്‍, അങ്ങനെ നോക്കിയാല്‍ എന്നൊക്കെ മലയാളത്തില്‍ നമ്മള്‍ പറയില്ലേ. അങ്ങനെയുള്ള ഒരര്‍ഥമാണ് അതിന്. ഈഡിത്ത് ഗ്രോസ്മാനെപ്പോലുള്ള ഒരു ലോകോത്തര വിവര്‍ത്തക ആ വാക്ക് ഇംഗ്ലിഷില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചു എന്നതാണു പ്രധാനം.

പ്രാദേശികശൈലി ഇംഗ്ലീഷിനോടു കലര്‍ത്തി ഉപയോഗിക്കുനനതുകണ്ട് പാവം ഗ്രോസ്മാന്‍ എന്നാണ് ഒരു സുഹൃത്ത് കളിയായി പറഞ്ഞത്. ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെടുന്ന ഒരെഴുത്തുകാരന്‍ പോലും പ്രാദേശികഭാഷയില്‍ ശ്രദ്ധിക്കുന്നു എന്നാണല്ലൊ ഇതു സൂചിപ്പിക്കുന്നത്.

വിവര്‍ത്തനത്തില്‍ സ്വീകരിക്കപ്പെടാനായി ആഖ്യാനത്തില്‍ മാത്രം ശ്രദ്ധിച്ച്, ഭാഷയെ തീരെ ശ്രദ്ധിക്കാത്ത രീതിയുണ്ടല്ലോ ഇപ്പോള്‍ മലയാളത്തില്‍. സ്വന്തം ഭാഷയുടെ സാധ്യതകള്‍ നമ്മള്‍ ഉപയോഗിക്കണം. വിവര്‍ത്തനം വേറൊരു പ്രക്രിയയാണ്.

ഹൈപ്പര്‍ ലിങ്കുകളുടെ കാലത്ത്, അതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് നിലം പൂത്തു മലര്‍ന്ന നാള്‍ തരുന്നത്. വേരോടി നില്‍ക്കുന്നതു പോലൊരു അനുഭവം.. ഇതിന്റെ പ്രമേയമാകാം അതിനു കാരണം. സംഘകാല ജീവിതമാണല്ലോ ഇതില്‍ ആവിഷ്‌ക്കരിക്കുന്നത്.

സമകാലിക ജീവിതവുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ ചിലര്‍ ഇതിനെ ആലോചിക്കാം. പക്ഷേ അത്തരം ഒരു ശ്രമം ശരിയാവില്ല എന്നൊരു ബോധ്യം എനിക്കുണ്ടായിരുന്നു. സുഡോക്കു, കോമ പോലുള്ള രചനകളില്‍ ഞാന്‍ വേറൊരു തരത്തിലുള്ള ആഖ്യാനത്തിനു ശ്രമിച്ചിട്ടുണ്ട്. ഇന്നത്തെ ജീവിതമാണല്ലൊ അവയിലുള്ളത്.

മനോജ് കുറൂർ മനോജ് കുറൂർ . ചിത്രം ആർ. എസ്. ഗോപൻ

ഒരു മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവിന്റെ ജീവിതം എഴുതുമ്പോള്‍ നമുക്ക് ഈ നോവലിലേതു പോലുള്ള ആഖ്യാനഘടനയോ ഭാഷയോ സ്വീകരിക്കാനാവില്ല. ഇതിവൃത്തമാണ് വൃത്തം തീരുമാനിക്കുന്നതെന്ന് അയ്യപ്പപ്പണിക്കര്‍ സാര്‍ പറഞ്ഞിട്ടുണ്ടല്ലോ. ഉള്ളടക്കത്തിനു യോജിച്ച രൂപമാണു വേണ്ടത് എന്നര്‍ത്ഥം. സംഘം കൃതികള്‍ വായിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച ഹരം അനുഭവിപ്പിക്കാനായിരുന്നു ശ്രമം. അന്നത്തെ ജീവിതത്തിനിണങ്ങുന്ന ഒരു രൂപത്തിലായാലേ അതു ശരിയാവുമായിരുന്നുള്ളു.

ദ്രാവിഡമായൊരു തുടര്‍ച്ച എന്തുകൊണ്ടാണു നമ്മുടെ ഭാഷയില്‍, സാഹിത്യത്തില്‍ ഉണ്ടാകാതെ പോയത്?

കേരള ചരിത്രവും സാഹിത്യ ചരിത്രവും തമ്മില്‍ ഒരു പൊരുത്തക്കേടു നിലനില്ക്കുന്നുണ്ട്.. ഉതിയന്‍ ചേരലാതന്‍ തുടങ്ങി രാജാക്കന്‍മാരുടെ ഒരു നിരയെക്കുറിച്ചൊക്കെ എ. ഡി. ആദ്യനൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ പറയും. എന്നാല്‍ എഡി പത്താം നൂറ്റാണ്ടിലാണ് നമ്മുടെ സാഹിത്യചരിത്രം തുടങ്ങുന്നത്.

രാമചരിതം മുതല്‍. മലയാളം ക്ലാസ്സിക്കല്‍ ഭാഷയാക്കാനുള്ള അവകാശവാദമായി എംജിഎസും മറ്റും മുന്നോട്ടുവച്ച വാദം പ്രസക്തമാകുന്നത് ഇവിടെയാണ്. സംഘസാഹിത്യമെന്ന പഴന്തമിഴ് സാഹിത്യം മലയാളികളുടെയും തമിഴരുടെയും പൊതുസ്വത്താണെന്നാണ് എംജിഎസ് നിരീക്ഷിച്ചത്. സംഘം കൃതികളിലെ പഴന്തമിഴ് രണ്ടുകൂട്ടരും പ്രത്യേകം പഠിക്കണം. എന്നാലേ അവ വായിക്കാന്‍ പറ്റൂ.

സാഹിത്യചരിത്രത്തെ നമ്മള്‍ അധികം പുറകോട്ടു കൊണ്ടുപോയില്ല. ദ്രാവിഡാക്ഷരങ്ങളിലുള്ള പാട്ടുകൃതികള്‍ ചിലതുണ്ടെങ്കിലും സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട കാലത്തെ മലയാളത്തിലാണ് നാം സാഹിത്യചരിത്രം തുടങ്ങിയത്.

സംഘകാല കൃതികളില്‍ വളരെ ചുരുക്കം മാത്രമാണ് മലയാളത്തില്‍ വന്നിട്ടുള്ളത്. ഇപ്പോഴും ഉപയോഗിക്കുന്ന, ഉപയോഗിക്കാവുന്ന എത്രയോ വാക്കുകളുണ്ട് സംഘകാലകൃതികളില്‍. കൂലി, ചോറുപൊതി എന്നിങ്ങനെ ഇന്നും മലാളത്തിലുള്ള എത്രയോ വാക്കുകള്‍ സംഘകൃതികളിലുണ്ട്.

മനോജ് കുറൂർ മനോജ് കുറൂർ . ചിത്രം ആർ. എസ്. ഗോപൻ

ഇന്നും ഉപയോഗിക്കാവുന്ന വേറേ എത്രയോ വാക്കുകളാണ് നമ്മള്‍ വിട്ടുകളഞ്ഞത്. വേഗത എന്നര്‍ഥത്തില്‍ ഒരു വാക്കു വേണമായിരുന്നു നോവലില്‍. അതു സംസ്‌കൃതമാണല്ലോ. പിന്നീടാണ് ഒരു വാക്ക് പഴയ കൃതികളില്‍ കണ്ടത്.

വിരവ് എന്നാണ് ആ വാക്ക്. വേഗം എന്നാണ് അതിനര്‍ഥം. വിരവില്‍ നീ ചെന്നു കാണുകില്‍ എന്നൊക്കെയുണ്ടല്ലോ. പ്രയാസം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കാവുന്ന അരിപ്പം എന്ന വാക്കിന്റെ കാര്യവും അങ്ങനെ തന്നെ. എല്ലാ വാക്കുകളും വീണ്ടെടുത്ത് ഉപയോഗിക്കണമെന്നല്ല ഞാന്‍ പറയുന്നത്. നമ്മുടെ കാലത്തിനു പറ്റിയ വാക്കുകള്‍, രാഷ്ട്രീയമായി ശരികേടില്ലാത്ത വാക്കുകള്‍ ഒക്കെ ഉപയോഗിക്കാമല്ലോ.

മറ്റു കലര്‍പ്പൊന്നുമില്ലാത്ത പഴന്തമിഴ് മൊഴിയാണ് നോവലിലെന്നു ചിലര്‍ കരുതാം. എന്നാല്‍ അങ്ങനെയല്ല. സംഘം തമിഴില്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ കൊണ്ടു മാത്രം ഇന്നത്തെ കാലത്ത് എഴുതുക അസാധ്യമാണ്. അതുകൊണ്ടു പല കാലങ്ങളിലായി മലയാളത്തില്‍ വന്നുചേര്‍ന്ന വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അക്ഷരങ്ങളുടെ കാര്യത്തിലാണു പ്രത്യേകതയുള്ളത്. തമിഴും മലയാളവും ഒരുപോലെ പങ്കിട്ട സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും മാത്രമേ ഇതിലുള്ളു.

മുഴുവനായും അത്തരത്തിലെഴുതിയ മറ്റു ഗദ്യകൃതികള്‍ മലയാളത്തിലില്ല എന്നു തോന്നുന്നു. പക്ഷേ അതിനായി കൃത്രിമഭാഷയാക്കുന്നതു തടയുകയും വേണ്ടിയിരുന്നു. മുഖത്തിനു മുകമെന്നും ശംഖിനു ചങ്കെന്നുമൊക്കെയായി സംസ്കൃതവാക്കുകളുടെ തദ്ഭവങ്ങളാണു പഴന്തമിഴിലുമുള്ളത്.

മുഖമെന്നു പറയാമെന്നിരിക്കെ മുകം എന്നു പറയുന്നതു കൃത്രിമമാകും. അതുകൊണ്ട് മീട്, മോറ് തുടങ്ങിയ വാക്കുകളാണു നോവലില്‍. ഇക്കൂട്ടത്തില്‍ അച്ഛന്‍ എന്ന വാക്കിന്റെ കാര്യം അല്പം വ്യത്യസ്തമാണ്. നോവലില്‍ അച്ചന്‍ എന്നുതന്നെയാണ്. കാരണം, കുട്ടനാട്ടുകാര്‍ 'അച്ചന്‍' എന്നാണ് അക്കാലത്തും വിളിച്ചിരുന്നത്. നോവലില്‍ ഉപയോഗിക്കുന്നതും അതേ വാക്കുതന്നെ.

അച്ചന്‍ പാലിയില്‍ നിന്നു വന്ന വാക്കല്ലേ?

അതു ശരിയായിരിക്കും. സംഘകാലത്ത് ഇവിടെ വലിയ ബൗദ്ധ സ്വാധീനമുണ്ടല്ലോ. ആര്‍. ഗോപിനാഥന്‍ എഴുതിയ 'മലയാളഭാഷ തൊല്‍ക്കാപ്പിയത്തില്‍' എന്ന പുസ്തകത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കുട്ടനാട്ടുകാര്‍ പിതാവിനെ അച്ചന്‍ എന്നാണു വിളിച്ചിരുന്നതെന്ന് തൊല്‍ക്കാപ്പിയവ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കി ആ കൃതിയില്‍ വിശദീകരിക്കുന്നുണ്ട്.

ഈ നോവലിന്റെ എഴുത്തനുഭവം എങ്ങനെയായിരുന്നു? എങ്ങനെയാണു താങ്കളെ അതു ബാധിച്ചത്?

നോവലായി സങ്കല്പിച്ചപ്പോള്‍‍ കഥയുടെ ഒരു രൂപരേഖ ആദ്യംതന്നെ തയ്യാറാക്കിയിരുന്നു. ചരിത്രകഥാപാത്രങ്ങളെയും ചരിത്രസംഭവങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് അന്നത്തെ സാധാരണമനുഷ്യരുടെ ജീവിതവും സംസ്കാരവും ആവിഷ്കരിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.

സംഘംകൃതികളുമായി പരിചയമില്ലാത്ത വായനക്കാര്‍ക്കും വായനയില്‍ തടസ്സമുണ്ടാവരുത് എന്നും ആഗ്രഹിച്ചു. അത്തരത്തിലൊരു കഥ തയ്യാറാക്കി. എന്നാല്‍ വിശദാംശങ്ങളിലൂടെ കടന്നുപോകുമ്പോഴായിരുന്നു പല വിചിത്രാനുഭവങ്ങളുമുണ്ടായത്. യാത്ര ചെയ്തു വരുന്ന പാണരും കൂത്തരും ആനമലയില്‍വച്ചു പരണരെ കാണുകയാണ്, അങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് ആനമല പശ്ചാത്തലമാകുന്നതെങ്ങനെയെന്ന് ആദ്യം ആലോചിച്ചില്ല.എഴുതിവന്നപ്പോള്‍ അങ്ങനെ സംഭവിച്ചു.

പക്ഷേ അക്കാലത്തു പതിറ്റുപ്പത്തിന്റെ അഞ്ചാം പത്തു വായിച്ചപ്പോഴാണ് ശരിക്കും അമ്പരന്നത്. ചേരന്‍ ചെങ്കുട്ടുവനെ വാഴ്ത്തിപ്പാടിയതിന് ആനമലയിലെ ഉമ്പര്‍കാട്ടിലെ അനുഭവങ്ങളാണ് രാജാവ് പരണര്‍ക്കു സമ്മാനമായി നല്കിയതെന്ന് പാട്ടിനനുബന്ധമായുള്ള പതികത്തില്‍ കാണാം.

മനോജ് കുറൂർ മനോജ് കുറൂർ . ചിത്രം ആർ. എസ്. ഗോപൻ

താമരപ്പൂ ചൂടി പരണര്‍ വന്നുനില്‍ക്കുമ്പോള്‍ കൊലുമ്പനുണ്ടായ തരിപ്പ് എനിക്കും ഉണ്ടായിട്ടുണ്ട്. പരണര്‍, കപിലര്‍, അവ്വയാര്‍ ഇവരുടെയൊക്കെ പാട്ടുകള്‍ വായിച്ചു പരിചയിച്ച ശേഷമാണല്ലോ നോവല്‍ എഴുതിയത്.

ചിത്തിരയുടെ ജീവിതത്തിലേക്ക് അവ്വയാറൊക്കെ വരുമ്പോള്‍ ഞാന്‍ വല്ലാത്ത അവസ്ഥയിലായിട്ടുണ്ട്. സംഘകാലത്തു കുത്തഴിഞ്ഞ സാമൂഹികവ്യവസ്ഥയായിരുന്നു എന്നൊന്നും നമുക്കു പറയാനാവില്ല. അവ്വയാര്‍ എന്ന കവയിത്രി രാജാവിന്റെ സുഹൃത്തായിരുന്നു. രാജാവിനുവേണ്ടി മറ്റു രാജാക്കന്മാരുടെയടുത്ത് ഇടനിലയായി പോകാന്‍ പാകത്തിനു ബുദ്ധിമതിയും തന്ത്രജ്ഞയുമായിരുന്നു അവര്‍.

പിന്നീടുള്ള കാലത്ത് രാജാവിനോടടുപ്പമുള്ള സ്ത്രീകള്‍ വെപ്പാട്ടികളായി മാറുന്ന സാഹചര്യമായിരുന്നു എന്നോര്‍ക്കണം. അതൊക്കെയോര്‍ത്താല്‍ അവ്വയാറുടെ വ്യക്തിത്വം ശരിക്കു നമ്മെ ആകര്‍ഷിക്കും. ഇന്നത്തെ കാലത്തുപോലും ഒരു സ്ത്രീക്ക് അത്തരമൊരു ജീവിതം ബുദ്ധിമുട്ടാവും. രാജാവിന്‍റെ സുഹൃത്തായിരിക്കെത്തന്നെ അവര്‍ തെരുവിലിരുന്നു യാചിക്കുന്നതൊക്കെ നമ്മള്‍ വായിക്കുന്നുണ്ട്.

കഥയുടെ സാമാന്യരൂപമുണ്ടെങ്കിലും ഓരോ സന്ദര്‍ഭത്തിന്റെയും വിശദാംശങ്ങളില‍് അവര്‍ തനിയേ തീരുമാനമെടുക്കുകയും സ്വതന്ത്രമായി പെരുമാറുകയുമൊക്കെ ചെയ്യും. അതായത് അവരുടെ ലോകം അവര്‍ സ്വയം നിര്‍മ്മിക്കും. ചിത്തിരയുടെയും മയിലന്റെയുമൊക്കെ സാമാന്യസ്വഭാവം മാത്രമാണ് ആദ്യം സങ്കല്പിച്ചിരുന്നതെങ്കിലും അവരുടെതന്നെ വിചാരങ്ങളുടെയും പെരുമാറ്റത്തിന്റെയുമൊക്കെ ഫലമായി അവര്‍ക്കു പല മാനങ്ങളും ഇങ്ങോട്ടുവന്നുചേര്‍ന്നു.

ക്രൂരനാവാന്‍ ശ്രമിക്കുന്ന മയിലന്‍ പോലും മറ്റൊരാളായിത്തീര്‍ന്നു. അവരെ ഞാന്‍ വല്ലാതെ മെരുക്കാന്‍ തുനിഞ്ഞിട്ടില്ല. നോവല്‍ തീര്‍ന്നപ്പോള്‍ വലിയൊരു വാതില്‍ കൊട്ടിയടച്ചതു പോലെയാണ് തോന്നിയത്. വേറൊരു ലോകത്തു നിന്നു വര്‍ത്തമാനകാലത്തേക്ക് ഇറങ്ങിവരേണ്ടിവന്നു.

ഇവരുടെ കാര്യത്തില്‍ ഇനി ഇടപെടാന്‍ പറ്റില്ലല്ലോ എന്ന തോന്നല്‍ സങ്കടകരമായിരുന്നു. അതുകൊണ്ടാവും പിന്നെയും പിന്നെയും വായിച്ചു. ഒരു കാര്യം കൂടി പറയട്ടെ, സംഘകാല ചരിത്രമെന്നൊക്കെ പറയാമെങ്കിലും കംപ്യൂട്ടര്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇത് ഒരുപക്ഷേ എഴുതില്ലായിരുന്നു. അത്രയധികം തിരുത്തുകളും ചേര്‍പ്പുകളും പിന്നീടു വേണ്ടിവന്നിട്ടുണ്ട്.

നാട്ടുഭാഷ കൈകാര്യം ചെയ്യുമ്പോള്‍ വീഴാന്‍ ഇടയുള്ള ചതിക്കുഴികളെ പറ്റി സി.ആര്‍.പരമേശ്വരന്‍ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എം.ഗോവിന്ദനെപ്പോലുള്ളവര്‍ ദ്രാവിഡമൊഴിക്കു പുറകേ പോയപ്പോള്‍ പരുക്കേറ്റിട്ടുമുണ്ട്. അതേക്കുറിച്ചു ബോധവാനായിരുന്നോ?

ഇക്കാര്യത്തില്‍ കവിതയെക്കാള്‍ നോവലില്‍ സാധ്യത കൂടുതലുണ്ട്. ഇപ്പോള്‍ അരിപ്പം എന്ന വാക്ക് കവിതയില്‍ കൃത്രിമമായി തോന്നിയേക്കാം. ഗോവിന്ദന്റെ എല്ലാ കവിതകളിലും കൃത്രിമത്വം ചുവയ്ക്കില്ല.

നോക്കുകുത്തിയില്‍ അതില്ല. എന്നാല്‍ മീന്‍പിടിത്തം, ഇങ്ക്വിലാബ് തുടങ്ങിയ മറ്റു പല കവിതകളിലും കൃത്രിമത്വം തോന്നും. 'ഒരു പകലുമൊരിരവും പാക്കനാരും' എന്ന കവിതയില്‍ പലയിടത്തും ഭാഷ എന്തു സ്വാഭാവികമാണ്.

മനോജ് കുറൂർ മനോജ് കുറൂർ . ചിത്രം ആർ. എസ്. ഗോപൻ

‘മുതുകില്‍ കെട്ടുമുറം ചുമന്ന്, പതിവായ് വീടുതോറും നടന്ന്, ഓരോ മുറം വീതം മറന്ന്, ഒടുവിലൊക്കെയും ചേതംവന്ന്’ എന്ന മട്ടില്‍ അതു തെളിച്ചവും മുറുക്കവും കൈവരിക്കുന്നു. നോവലിലും അത്തരമൊരു രീതിയാണു നോക്കിയത്.

അതു പാണന്റെ കഥയായതു കൊണ്ടു കൂടിയാവില്ലേ? സന്ദര്‍ഭം പ്രധാനമല്ലേ?

അതെ. കോണ്‍ടെക്‌സ്റ്റ് വളരെ പ്രധാനമാണ്. സാധാരണ ഉപയോഗിക്കാത്ത വാക്കെടുത്ത് സമകാലിക ജീവിതത്തില്‍ വച്ചാല്‍ അത് അസ്വാഭാവികമാകും. കവിതയില്‍ ചില വാക്കുകള്‍ വല്ലാതെ പാളിപ്പോകും.

ഇക്കാര്യത്തില്‍ ഒട്ടൊക്കെ സ്വാഭാവികമായ ഭാഷവേണമെന്ന ഒരു ബോധ്യം ഉള്ളിലുണ്ടായിരുന്നു. പിന്നെ, എഴുതിപ്പോകുമ്പോള്‍ സംഭവിക്കുന്നതെന്തെന്ന് ആര്‍ക്കറിയാം! കഥയായാലും ക്രാഫ്റ്റായാലും ഭാഷയായാലും ഉള്ളില്‍ ജീവിതമുണ്ടാവണം എന്നതാണു പ്രധാനം.