Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിതകളിൽ രാഷ്ട്രീയം സ്വാഭാവികമായി വരണം: കവി എസ് കലേഷ്‌ സംസാരിക്കുന്നു 

kalesh-book എസ് കലേഷ്‌

കവിയുടെയും കവിതയുടെയും വഴികൾ അത്ര സരളമാണോ? അല്ല എന്നായിരിക്കും മിക്ക കവികളുടെയും ഉത്തരം. എഴുത്ത് എന്ന പ്രക്രിയ ആത്മാവിൽ നിന്നുള്ള തീർത്ഥാടനമാണെന്നും ഒടുവിൽ തിരികെയെത്തുമ്പോൾ നഷ്ടപ്പെടുന്നത് എന്തൊക്കെയാണെന്നും തിരിച്ചു വരവിലെ അറിയാനാകൂ. പുതുതലമുറ കവിതയിൽ ചില പേരുകൾ അത്തരത്തിലുണ്ട്, പലരും എഴുതാൻ വേണ്ടി മാത്രം എഴുതുമ്പോൾ എഴുതാതിരിക്കാൻ വയ്യാത്തതു കൊണ്ട് മാത്രം വാക്കുകളെ എടുത്തു വയ്ക്കുന്നവർ. അതൊരു പ്രവാഹമായിരിക്കാം, ചിന്തകളുടെയും മനസിന്റെ തന്നെയും പ്രവാഹം, അത്തരമൊരു കവിപരിചയത്തിലുണ്ട് എസ്. കലേഷ് എന്ന കവിയും. കാവ്യാനുഭവങ്ങളെ കുറിച്ച് കവി സംസാരിക്കുന്നു:

കവിതയിലേക്കുള്ള വഴി

തിരുവല്ല മാർത്തോമ്മാ കോളേജിലെ ബിരുദ പഠനകാലത്താണ് കവിതകൾ എഴുതിത്തുടങ്ങിയത്. സംവിധായകൻ ജോൺ എബ്രഹാം പഠിച്ച കോളേജായിരുന്നെങ്കിലും കവി എന്നാൽ വലിയവിലയൊന്നും കാമ്പസിൽ ഉണ്ടായിരുന്നില്ല. ഗണിതശാസ്ത്രമായിരുന്നു മെയിൻ. സെക്കൻഡ് ലാംഗ്വേജായാണ് മലയാളം പഠിച്ചത്. കെ.ജി.എസ്സെന്നും ചുള്ളിക്കാടെന്നുമൊക്കെ പറഞ്ഞാൽ അറിയുമായിരുന്ന വിരലിലെണ്ണിയെടുക്കാവുന്ന ഞങ്ങളിൽ ചിലരെ അന്ന് കവിതകളേക്കാൾ കാമ്പസ് പൊളിറ്റിക്‌സായിരുന്നു ആവേശിപ്പിച്ചത്. ഡി. വിനയചന്ദ്രൻ  മാഷ് അക്കാലത്ത് എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ അധ്യാപകനാണ്. വിനയൻമാഷ് കോളേജിലെ പരിപാടികളിൽ ഇടയ്ക്കിടെ വന്ന് കവിത ചൊല്ലിയിരുന്നു.

kalesh എസ് കലേഷ്‌

വീട്ടിലേക്കുള്ള വഴിയും കൂന്തച്ചേച്ചിയുമൊക്കെ കോളേജ് ചാപ്പലിലെ പരിപാടികളിൽ മാഷ് ചൊല്ലുന്നത് കേട്ടിട്ടുണ്ട്. അതൊക്കെ കവിതയിലേക്ക് വലിച്ചടുപ്പിച്ചുവെന്ന്  ഇപ്പോൾ തോന്നുന്നു. അക്കാലത്ത് പത്രങ്ങളുടെ കാമ്പസ്‌പേജുകളിലൊക്കെ കവിതകൾ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. കുറെ പൊട്ടക്കവിതകൾ ഞാനും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊക്കെ ആവർത്തിച്ച് വായിച്ച് കോൾമയിർ കൊണ്ടിട്ടുമുണ്ട്.  2002-ൽ കോട്ടയത്ത് എം.ജി. യൂണിവേഴ്‌സിറ്റിയുടെ പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്‌ളൈഡ് സയൻസിൽ പിജിക്ക് ചേരുന്നതോടെയാണ് കവിതയെക്കുറിച്ചുള്ള ധാരണകൾ മാറുന്നത്.

ഒരു കുന്നിന്റെ മുകളിലായിരുന്നു കാമ്പസ്. കോട്ടയത്ത് നല്ല കവിതാചർച്ചകളും ഭാവുകത്വപരമായ കലഹങ്ങളും നടക്കുന്ന കാലമായിരുന്നു അത്. കോട്ടയത്തുനിന്ന് ഒരു കൂട്ടം പുതിയ ശബ്ദങ്ങൾ കവിതയിൽ കേട്ടുതുടങ്ങി. അക്കാലത്തെ പരിപാടികളിൽ കാഴ്ചക്കാരനാകാനും പിന്നീട് ഭാഗമാകാനും കവിത ചൊല്ലാനുമൊക്കെ എനിക്കും അവസരം കിട്ടി. അങ്ങനെ കവിത തന്നെയായി മുഖ്യപരിപാടി.

2003-ൽ കാലടിയിൽ നടന്ന എം ജി സർവകലാശാല യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാംസ്ഥാനം കിട്ടിയതോടെ ഞാനെങ്കിലും എന്നെ 'കവി' എന്നു വിളിക്കേണ്ട സ്ഥിതിയിലായി. കവിതയൊക്കെ വായിച്ചിരുന്ന കെ. ബിന്ദു എന്ന ടീച്ചറായിരുന്നു ഡിപ്പാർട്ടുമെന്റ് ഹെഡ്. കവിയെന്ന നിലയിൽ ചെറിയ പരിഗണനകളൊക്കെ കിട്ടി. ഞങ്ങളുടെ പ്രൊഫണൽ കോളേജ് കാമ്പസിൽ ആദ്യമായായിരുന്നു ഒരു കവി എത്തപ്പെട്ടത്. അതിന്റെ അങ്കലാപ്പും ആഹ്ലാദവും എനിക്കും എന്റെ സുഹൃത്തുക്കൾക്കുമൊക്കെ ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു    

ആദ്യകാല വഴികൾ

കവിതയെഴുത്ത് ഗൗരവമായി ചെയ്യേണ്ട ഒരു പണിയാണെന്ന് തോന്നിത്തുടങ്ങിയ കാലമായിരുന്നു കോട്ടയത്തെ പഠനകാലം. അതുപോലെ എഴുത്തിനെക്കുറിച്ചും സ്വന്തം കവിതയെക്കുറിച്ചുമുള്ള ആശങ്കകളും ഉണ്ടായി. മുഖ്യധാരാമാധ്യമങ്ങളിൽ കവിതകൾ അയച്ചുള്ള കാത്തിരുപ്പ് മടുപ്പായിരുന്നു. അക്കാലത്ത് മാധ്യമം ദിനപ്പത്രത്തിന്റെ വെളിച്ചം സാഹിത്യ മത്സരത്തിൽ കവിതയ്ക്ക് പുരസ്‌കാരം ലഭിച്ചു. ജീവിതത്തിൽനിന്ന് മടങ്ങിപ്പോയ കുട്ടികളുടെ ഒരു ദിവസത്തെ ടൈംടേബിൾ എന്ന പുരസ്‌കാരം ലഭിച്ച കവിത അവർ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. തുടർന്നും കവിതയെഴുതാൻ കിട്ടിയ ഊർജം ചെറുതല്ലായിരുന്നു.

കവികളുടെ കൂടി ചേരലുകൾ

കോട്ടയത്ത് കവികളുടെ നല്ലൊരു കൂട്ടം ഉണ്ടായിരുന്നു. പരസ്പരം പുകഴ്ത്തിക്കൊണ്ടല്ല, വിമർശിച്ചും കലഹിച്ചുമായിരുന്നു അവിടെ കവിത വളർന്നത്. കോട്ടയത്തെ കവിതാപരിപാടികളിൽ പങ്കെടുക്കാനും സ്വന്തം കവിത വായിക്കാനും പലപ്പോഴും കഴിഞ്ഞു. പ്രായഭേദമില്ലാതെ കുറെ കവികൾ സുഹൃത്തുക്കളായി. അവർ പലരും ഇന്ന് പ്രധാനപ്പെട്ട കവികളാണ്. ക്രിസ്പിൻ  ജോസഫ് ബസേലിയസ് കോളേജിൽ ഡിഗ്രിക്ക് വന്ന് ചേർന്നു. ഞങ്ങൾ ഒന്നിച്ചുനടന്ന്‌ കവിതകൾ വായിച്ചിട്ടുണ്ട്. തിരുനക്കര ക്ഷേത്രത്തിന്റെ മുന്നിലെ പടിയിലിരുന്ന് ഞങ്ങൾ കവിത വായിച്ചിട്ടുണ്ട്. ഞങ്ങളുടെ കവിതകേട്ട് കഥാകൃത്ത് എസ്. ഹരീഷ് ബോറടിച്ചിട്ടും കൊള്ളാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അയ്മനത്തെ കവികളായ സജീവിന്റെയും പ്രിൻസിന്റെയുമൊക്കെ വീ്ടിലിരുന്ന് കവിതയെക്കുറിച്ചു മാത്രം പറഞ്ഞുവെളുപ്പിച്ച രാത്രികൾ.  'കവിതാക്രമണം' നേരിട്ട പലർക്കുമുള്ള സാധാരണ അനുഭവങ്ങളാണ് ഇതൊക്കെ. 

കവിതകളുടെ ഇടങ്ങൾ മാറുന്നു

പ്രസിദ്ധീകരണങ്ങളിൽ കവിതകൾ അച്ചടിച്ചു വന്നിരുന്നത് കുറവായിരുന്നു. എഴുത്ത് ആവേശത്തോടെ തുടരാൻതക്ക ഇന്ധനം അതിൽ നിന്ന് കിട്ടിയിരുന്നുമില്ല. അപ്പോഴേക്കും കോട്ടയത്തെ പഠനംകഴിഞ്ഞ് തൊഴിലന്വേഷണവുമായി ഇറങ്ങി. തൊഴിലില്ലായ്മയും ജീവിതം സംബന്ധിച്ച ചെറുകിട പരാജയങ്ങളും പിറകെ ഓട്ടോപിടിച്ച് വന്നുകൊണ്ടിരുന്നു.

നമ്മളൊക്കെ എഴുതിയാലും എഴുതിയില്ലെങ്കിലും മലയാള കവിതയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന യാഥാർത്ഥ്യവും തിരിച്ചറിഞ്ഞു. കവിതയെഴുത്ത് കുറഞ്ഞു. പത്രപ്രവർത്തനം തൊഴിലായി. ഡെസ്‌കിലെ രാത്രിപ്പണിക്കിടയിൽ പേജ്‌മേക്കറിൽ കവിതകൾ ടൈപ്പ് ചെയ്ത് സേവുചെയ്തിട്ടു. പിറ്റേന്നു  രാത്രി വരുമ്പോൾ ആ കവിത അവിടെ ഉണ്ടാകുമെന്നുപോലും ഉറപ്പില്ല. ചരമപേജിനുള്ള നിര്യാതരായവരുടെ ഫോട്ടോകൾ സേവു ചെയ്യുന്ന ഡ്രൈവിൽ കവിതകൾക്കായി രഹസ്യഫോൾഡറുകളുണ്ടാക്കി കവിത സേവുചെയ്തിട്ടു. ബ്‌ളോഗിന്റെ വരവോടെയാണ്  അതിൽ പല കവിതകളും വെളിച്ചം കണ്ടത്. പലതും ഉപേക്ഷിച്ചു.

രണ്ടായിരത്തിനുശേഷമുള്ള മലയാള കവിതയുടെ ചരിത്രത്തിൽ ബ്‌ളോഗ് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. പുതിയ കവികളും ഭാഷയും ആഖ്യാനരീതികളും പ്രമേയങ്ങളും കവിതയിലേക്ക് കടന്നുവന്നു. പുതിയ എഴുത്തുകാർക്ക് അത് പുതിയ ഒരു  ഇടം തുറന്നു. പുതുകവിത, ബൂലോകകവിത തുടങ്ങിയ പേരുകളിലുള്ള ബ്‌ളോഗുകളിലൂടെയൊക്കെ അനേകം കവികൾ വന്നു. 2009-ലാണ് 'വൈകുന്നേരമാണ്' എന്ന പേരിൽ  ഞാൻ ബ്‌ളോഗ് തുടങ്ങുന്നത്. ഒരു ഇടവും ഇല്ലാത്ത ഒരാൾക്ക് കവിതയിൽ താമസിക്കാൻ ഒരു മുറി തന്നെ കിട്ടുകയാണ്. കവിതയ്ക്ക് ബ്‌ളോഗിൽ വായനക്കാർ ഉണ്ടെന്ന തിരിച്ചറിവിന്റെ ഊർജം വലുതായിരുന്നു. ആദ്യ സമാഹാരം 'ഹെയർപിൻ ബെൻഡ്' ആ സമയത്ത് പുറത്തിറങ്ങി.

കവിതകളുടെ രാഷ്ട്രീയം

മുദ്രാവാക്യ സ്വഭാവമുള്ള രാഷ്ട്രീയകവിതകൾ എഴുതാൻ എളുപ്പമാണ്. ക്രാഫ്റ്റും അത്യാവശം ഭാഷയും കയ്യിലുണ്ടെങ്കിൽ അതൊരു എളുപ്പപണി മാത്രം.  ഉടനടി പ്രതികരണ കവിതകളെക്കാൾ നൂറിരട്ടി കരുത്തുള്ള ട്രോൾ ചെയ്യുന്ന ചെറുപ്പക്കാർ ഐ.സി.യുവിലും ട്വിറ്ററിലുമൊക്കെയുണ്ട്. മേൽപ്പറഞ്ഞതരം കവിതകൾക്കുതന്നെ ട്രോളുകൾ കിട്ടാനിടയുള്ള കാലമാണിത്. കവിതയിൽ സൂക്ഷ്മായ നിലയിൽ രാഷ്ട്രീയം പറയാൻ എളുപ്പമല്ല. അത് സ്വാഭാവികമായി കടന്നുവരേണ്ടതാണ്.

ബോധപൂർവം കവിതയിൽ രാഷ്ട്രീയം കടത്തിവിടുന്നത് രാഷ്ടീയ കക്ഷികളുടെ ശക്തിപ്രകടനത്തെയാണ് ഓർമിപ്പിക്കുക. ഒരാളുടെ എഴുത്തിന്റെ രാഷ്ട്രീയം അയാളുടെ സാമൂഹിക സാഹചര്യത്തിൽനിന്നും ഇടപെടലുകളിലൂടെയും വായനയിലൂടെയും ചിന്തകളിലൂടെയും രൂപപ്പെട്ടുവരേണ്ടതാണ്. വായനക്കാരൻ  പൂരിപ്പിച്ചെടുക്കേണ്ട, കവിതയിൽ ഒളിഞ്ഞിരിക്കുന്ന, രാഷ്ടീയത്തോടാണ് എനിക്ക് താല്പര്യം.

മഴക്കാലത്ത് പഠിക്കുന്ന സ്‌കൂളിൽതന്നെ ദുരിതാശ്വാസക്യാമ്പ്  ചെയ്യേണ്ടിവരുന്ന, ഇടിമിന്നലിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ്‌ചെയ്യുന്ന അപ്പർകുട്ടനാട്ടിലെ കുട്ടികളെക്കുറിച്ച് ബിനു.എം. പള്ളിപ്പാട് എഴുതിയ 'സ്‌കൂൾ' എന്ന കവിതയുടെ കരുത്തും രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യാതെ മഴയുടെ കുളിരിനെക്കുറിച്ച് ഇപ്പോഴും കോമളകവിതകളെഴുതുന്നതിൽ ഒരു കാര്യവുമില്ല. 

എന്റെ ജീവിതത്തിന്റെ പിന്തുടർച്ചകൾ പലതരത്തിൽ എന്റെ കവിതയിലുമുണ്ട്. നേരിട്ട പലതരത്തിലുള്ള പ്രതിരോധങ്ങളോടും നന്നായി ഫൈറ്റ് ചെയ്താണ് ഇതുവരെ ജീവിച്ചത്. എന്റെ കവിതയിലും ആ ഫൈറ്റുണ്ട്. അതാണ് എന്റെ കവിതകളുടെ രാഷ്ട്രീയമെന്ന് കരുതുന്നു.

സോഷ്യൽ മീഡിയ കവിതയിൽ ചെയ്തത് 

ബ്‌ളോഗിനെ അപേക്ഷിച്ച് ഫെയ്‌സ്ബുക്കിൽ കവിതയെഴുത്തിനും വായനയ്ക്കും ലാഘവത്വം വന്നിട്ടുണ്ട്. വായിച്ചാലും വായിച്ചില്ലെങ്കിലും ഒരു ലൈക്കോ സ്‌മൈലിയോ ഇടുകയോ രണ്ടുവരികൾ കട്ട് ആൻഡ് പേസ്റ്റ് ചെയ്ത് പെട്ടെന്ന് കമന്റാക്കുകയും ചെയ്യാനുള്ള സൗകര്യമുണ്ട്. അനേകം പേർ കവിതകൾ എഴുതുന്നുണ്ട്. അതിൽ നല്ല കവിതകളും മോശം കവിതകളുമുണ്ട്. എനിക്ക് വേണ്ടത് ഞാൻ തിരിച്ചറിയുന്നു, വായിക്കുന്നു, കൊണ്ടുനടക്കുന്നു എന്നു മാത്രം.

കവിതകളിലും പരീക്ഷണങ്ങൾ

പുതിയ കാലത്തെ മലയാളകഥയെ അപേക്ഷിച്ച് കവിതയാണ് പരീക്ഷണങ്ങളിലും ആഖ്യാനരീതികളിലും മുന്നിൽ നിൽക്കുന്നത്. ചെറുകഥയിലെ പുതിയ എഴുത്തുകാരെ വായിക്കുന്ന ഒരാൾ എന്ന നിലയ്ക്കാണ് ഈ അഭിപ്രായം. പുതിയ കഥകൾ മോശമെന്നല്ല ഉദ്ദേശിച്ചത്. പുലർച്ചെ നേരത്തെയുണർന്ന് പാടുന്ന ചില കിളികളുണ്ടല്ലോ. അതുപോലെ ആഖ്യാനത്തിലും ഭാഷയിലുമൊക്കെ പുതുമ കൊണ്ടുവന്ന കവികൾ ഞങ്ങളുടെ തലമുറയിലുണ്ട്. പക്ഷേ, ഇതൊക്കെ വായിച്ചെടുത്ത് എഴുതാൻ പുതിയ നിരൂപകർ ഈ കവിതയ്ക്ക് പിന്നിലില്ല.

കവിതയിലെ രഷ്ട്രീയത്തെക്കുറിച്ചൊക്കെ നിരൂപകർക്ക് എഴുതാൻ എളുപ്പമാണ്. പുതിയ ആഖ്യാനരീതികൾ, ഭാഷാസവിശേഷതകൾ, കവിതയുടെ വേരുകൾ, വരികൾ തമ്മിലുള്ള സൂക്ഷ്മമായ ലിങ്കുകൾ ഒക്കെ വിശദീകരിച്ചെഴുതാൻ ബുദ്ധിമുട്ടാണ്. കവികൾതന്നെ, സ്വന്തം കവിതയെക്കുറിച്ചും സഹകവികളെക്കുറിച്ചും എഴുതേണ്ട സ്ഥിതിയിലാണ്. അജ്ഞാതരായ വായനക്കാരിലാണ് പ്രതീക്ഷ. അവർ വായിക്കുന്നുണ്ടാകാം, തിരിച്ചറിയുന്നുമുണ്ടാകാം, തള്ളിക്കളയുന്നുണ്ടാകാം. ഇന്റർനെറ്റിന്റെ സാധ്യതകൾ കവിതയിൽ ഇനിയും ഉപയോഗപ്പെടുത്താനുണ്ട്. 

വാർത്തകളിൽ പ്രതികരിക്കേണ്ട കവി

വാർത്തകളോട് പ്രതികരിക്കാൻ ബാധ്യതയുള്ള ഒരാളാണ് കവിയെന്ന് വിശ്വസിക്കുന്നില്ല. ചില വിഷയങ്ങൾ കാണുമ്പോൾ പ്രതികരിക്കാൻ കവിതയെഴുതിക്കളയാം എന്നും തോന്നാറില്ല. അങ്ങനെ എഴുതുന്നവരോട് പരിഭവവുമില്ല. എന്നെ സംബന്ധിച്ച് കവിതയെഴുത്ത് ക്‌ളേശകരമായ കാര്യമാണ്. എഴുതി മുന്നോട്ടുപോകാനാകാതെ കളഞ്ഞ കവിതകളുടെ പുറത്തിറക്കാത്ത ഒരു സമാഹാരം തന്നെയുണ്ട് കയ്യിൽ. ഒരു കവിതാവായനക്കാരനായ എനിക്കുപോലും തൃപ്തിതരാത്ത ഒരു കവിതകൊണ്ട് വായനക്കാർക്കിട്ട് ക്വട്ടേഷൻ കൊടുക്കാൻ തൽക്കാലം ഉദ്ദേശ്യമില്ല. 

കവിതകൾ, കവിതാ വഴികൾ

വൈലോപ്പിള്ളിയുടെ കവിതാവഴികൾ വായിക്കുന്നു. വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്ത്' 1947-ലാണ് പുറത്തിറങ്ങുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്ന വർഷം. ഇപ്പോൾ 69 വർഷം കഴിഞ്ഞിരിക്കുന്നു. വൈലോപ്പിളളിയുടെ പുസ്തകത്തിൽ എറണാകുളം കലൂർ എന്ന ഗ്രാമത്തിൽ ജനിച്ചുവെന്ന് എഴുതിയിരിക്കുന്നു. ദിവസവും കലൂരിലെ തിരക്കിലൂടെയും വൈലോപ്പിള്ളി ലെയിനിലൂടെയുമൊക്കെ ബൈക്കിൽ പോകുന്ന ഒരാളാണ് ഞാൻ. കവിയുടെ പഴയ ഗ്രാമത്തിൽ മെട്രോ റെയിൽ വണ്ടി വരെ ഓടാൻ തയാറാകുന്നു. എന്തെല്ലാം മാറ്റങ്ങൾ വന്നു. പക്ഷേ, കന്നിക്കൊയ്ത്ത് എന്ന കവിതയുടെ കരുത്ത് ഇന്നും ചോർന്നുപോയിട്ടില്ലല്ലോ. വൈലോപ്പിള്ളി കവിതയിൽ എടുത്ത കരുത്തുള്ള ഒരു പണിയായിരുന്നു ആ കവിത. അങ്ങനെ അനേകം കരുത്തുള്ള പണികൾ വൈലോപ്പിള്ളി കവിതയിൽ എടുത്തിട്ടുണ്ട്. 

ഒരുദാഹരണം പറയാം.

'നിർദ്ദയം മെതിച്ചീ വിളവുണ്മാൻ

മൃത്യുവിന്നേകും ജീവിതം പോലും

വിത്തൊരിത്തിരി വയ്ക്കുന്നു വീണ്ടും

പത്തിരട്ടിയായ് പൊൻ വിളയിപ്പാൻ

കന്നിനാളിലെ കൊയ്ത്തിനു വേണ്ടി

മന്നിലാദിയിൽ നട്ട വിത്തെല്ലാം

പൊന്നലയലച്ചെത്തുന്നു നോക്കൂ

പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ'

ഈ വരികളിലെ പരിസ്ഥിതിയുടെ രാഷ്ട്രീയം തന്നെയാണ് കിം മോർഡന്റിന്റെ റോക്കറ്റ് എന്ന സിനിമയിൽ കുടിയൊഴിപ്പിക്കപ്പെട്ട  നാട്ടിൽ  നിന്നും വിത്തുകൊണ്ടുവരുന്ന കുട്ടിയിലുമുള്ളത്. എത്രയോ വർഷങ്ങൾക്കുശേഷം അത് കണ്ട് നമ്മൾ വീണ്ടും കയ്യടിക്കുന്നു. അതാണ് രാഷ്ട്രീയം ഒട്ടും പ്രകടനപരമല്ലാത്ത നല്ല

കവിതയുടെ കരുത്ത്.

പുതിയ പുസ്തകം...

പുതിയ സമാഹാരം- 'ശബ്ദമഹാസമുദ്രം' ഡി.സി ബുക്‌സ് ഓഗസ്റ്റിൽ പുറത്തിറക്കും. ഒരു തരം നരേറ്റീവ് സ്വഭാവമുള്ള കവിതകൾ അതിലുണ്ട്. ടൈം എന്നത് ഒരു പ്രധാനപ്പെട്ട വേരായി എന്റെ കവിതകളിലുണ്ട്. സമയംവെച്ചുള്ള ഒരു കളി. ഗ്രാമത്തിലും പിന്നീട് നഗരത്തിലും ജീവിച്ചതിന്റെ/ജീവിക്കുന്നതിന്റെ ചില രേഖപ്പെടുത്തലുകളും.

എസ്. കലേഷിന്റെ ഒരു കവിത

പ്രണയം കൊതിച്ചുവളരുന്ന ഒരാൺകുട്ടി

നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ

നമ്മൾ ഒരു വാടകവീടെടുത്ത്

ഈ നഗരത്തിൽ താമസംതുടങ്ങിയെന്നിരിക്കട്ടെ,

മാസാന്ത്യം വീട്ടുടമ

വാടക കൈപ്പറ്റാൻ അടിവച്ചടിവച്ച് ഗേറ്റിലെത്തിയെന്നുമിരിക്കട്ടെ,

കതകുകൊട്ടിയടച്ച്

നമ്മൾ ഇരുണ്ടമുറിയുടെ മൂലയിലേക്ക് 

മുട്ടേലിഴഞ്ഞുതുടങ്ങുകയാണ്.

അയാളാകട്ടെ

കതകേൽ തട്ടിമുട്ടികൊട്ടി സഹികെട്ട്

റോട്ടിലേക്കു കണ്ണുങ്കാതും തുറന്നിട്ട്

വീട്ടുപടിയിൽ ഇരിപ്പുറപ്പിക്കുകയെന്നുമിരിക്കട്ടെ,

ഒളിവാളികളെ ചുറ്റിവരിയുന്ന ഒരുതരം ഭയമോടെ

ഇരുട്ടിൽ പതിഞ്ഞിരിക്കും ആ നിമിഷം

നിന്നിൽ പതഞ്ഞുകിടക്കണമെന്ന്

എനിക്കങ്ങു തോന്നുകയാണ്.

ആ തോന്നൽ തിളച്ചുതൂവാനുള്ള നീക്കം

തടുത്തും തുടുത്തും കിടക്കുന്ന 

നീ

വീട്ടുപടിയിൽ ഒടുക്കത്തെയിരിപ്പുറപ്പിച്ച 

അയാളെ മടക്കിവിടാൻ

കലൂർ പുണ്യാളന് ഒരു മെഴുകുതിരി പറയും.

ഉഷ്ണംകിനിയുന്ന നിന്റെ ഇരുണ്ടതോലിൽ

നാവുകൊണ്ടു തുപ്പലസ്ത്രങ്ങളെയ്യുംതോറും

കുതിരുമുടൽവഴക്കങ്ങളിൽ 

നീ രഹസ്യമായി

നാടോടിനൃത്തം പഠിക്കുന്നുണ്ടെന്ന്

ഞാൻ സംശയിക്കും.

എന്നെക്കൊണ്ടാകുംവിധമെല്ലാ,നുറുങ്ങിടങ്ങളിലും

ഉമ്മവെച്ചുമ്മവെച്ചുണർത്തുന്നതിനിടെ

ഭാഷയിലേറ്റം കനപ്പെട്ട ഒരു തെറി 

ഞാൻ നിന്നോട ഇരക്കും.

നീ എനിക്കത് പലവട്ടം വച്ചുനീട്ടും.

നീട്ടിയും കുറുക്കിയും പ്രസരിക്കും ഒച്ചയിൽ

താക്കോൽപഴുതിലൂടെ

അകത്തേക്ക് തുറക്കുന്ന അയാളുടെ കണ്ണിനുനേരെ

ഒരു പാമ്പിന്റെ ചീറ്റൽ നമ്മൾ ഒരുമിച്ച് വച്ചുനീട്ടും.

പെട്ടെന്ന്

അയാളുടെ കാതുകളിൽ നെഞ്ചിടിക്കും.

വാടകകാശുമായി വരുന്നതും കാത്ത്

അയാളുടെ ഭാര്യ 

കടയിൽ പോകാനുള്ള സഞ്ചിയെടുത്തുവച്ചു.

ആൺമക്കൾ 

പോക്കറ്റിൽ നിന്നും അടിച്ചെടുക്കും കാശുമായി 

ഫസ്റ്റ്‌ഷോയ്ക്ക് പോകുന്നതോർമിച്ച്

തിയേറ്ററിനുമുന്നിലെ പോസ്റ്റർ നോക്കിനിന്നു.

ഉരിഞ്ഞ തുണി തറയിലുപേക്ഷിച്ച്

മുട്ടിലെഴുന്ന്

അകലുന്ന കാൽപ്പെരുമാറ്റം 

കേട്ടേനിന്നനിൽപ്പിൽ

നമ്മൾ രണ്ടുപേരിൽനിന്നും

ഒരാൾ കുറഞ്ഞുതുടങ്ങുന്നു.

വരുംപകലുകളിലെല്ലാം

ചുറ്റിനും പാളിനോക്കി

വിരസമായ അസാന്നിദ്ധ്യം

തിരിച്ചറിഞ്ഞ്

നിന്റെ അപ്പനെക്കൂട്ടി ഞാൻ നിന്നെ 

ഒരഹങ്കാരത്തിന് തെറിവിളിക്കും. 

ശരിക്കും ഞാനാരാണെന്ന് പറയട്ടെ,

ബസ് സ്‌റ്റോപ്പിൽ നിൽക്കുന്ന പെൺകുട്ടിയുമായി 

നീണ്ടപ്രണയത്തിലേക്ക് കുതിക്കാൻ കൊതിക്കുന്ന 

ഒരാൺകുട്ടിയാണ്

ഞാൻ.

ഞങ്ങളുടെ പ്രണയം ഞങ്ങളാൽ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു.

ഇനിയതിൽനിന്ന് ഒരു മടങ്ങിപ്പോക്കില്ല.

നമ്പരുകൾവരെ കുറച്ചുമുമ്പേ കൈമാറിക്കഴിഞ്ഞു.

സംസാരത്തിനിടയിലെ മുഴുനീള സൗജന്യഓഫർ തീരുമാനിക്കാൻ

ഫോൺകമ്പനികൾവരെ ചർച്ച തുടങ്ങിക്കഴിഞ്ഞു.

വാഹനങ്ങൾക്കു മുന്നിലേക്ക് റോഡ് മുറിച്ചുകടക്കാനാഞ്ഞ് 

പിന്തിരിയുന്ന അപരിചിതരുടെ ഭീതിപുരണ്ട നോട്ടങ്ങൾ

വിനിമയം ചെയ്യുന്ന 

ഈ നഗരത്തിൽ 

ഇണയെ തേടിയുള്ള നീണ്ടനാളത്തെ തിരച്ചിലിനൊടുക്കം

എനിക്കു നിന്നെയും

നിനക്ക് എന്നെയും

എങ്ങനെയോ നറുക്കുവീഴുകയായിരുന്നു.

നമ്മുടെ

പ്രണയത്തിനുമുന്നിൽ

ഈ നഗരംപോലും

തോറ്റുതൊപ്പിയിട്ട് നമോവാകം പറയും.

പ്രണയാനന്തരം ഞങ്ങൾ താമസിക്കാനിരിക്കുന്ന 

വാടകവീടിന്റെ പണിവരെ തുടങ്ങിക്കഴിഞ്ഞു.

കട്ടയും കമ്പിയും കള്ളമണലുംവരെ ഇറങ്ങിക്കഴിഞ്ഞു.

വരത്തന്മാരായ മെയ്ക്കാടുപണിക്കാർ

മേസ്തിരിയുടെ അടുത്ത നിർദ്ദേശത്തിന്

കാതുകൂർപ്പിച്ചു കഴിഞ്ഞു.

പുരോഗമിച്ചുകൊണ്ടിരിക്കുന്ന പണി 

സസൂക്ഷ്മം നിരീക്ഷിച്ചുനിൽക്കുന്ന

വാടകവീടിന്റെ ഉടമയാകാൻ പോകുന്നവനോട് ഒരുവാക്ക്:

''നീയീ കഷ്ടപ്പെട്ട് കളളക്കടംകേറി പണിതെടുക്കുന്ന വീടുണ്ടല്ലോ, 

ആ വീട്ടിലാണ് വാടകതരാതെ ഞാനും എന്റെ പെണ്ണും താമസിക്കാനിരിക്കുന്നത്'