Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വളവുകൾ ഇല്ലാത്ത പുഴ

venugopan-nair

കച്ചവടവും കലയും രണ്ടാണ്. വായനക്കാരിലേറെയും നിശബ്ദരായി, എല്ലാം കേട്ടും അളന്നും തിട്ടപ്പെടുത്തുന്നവരാണ്. അവരെ തമസ്കരിക്കാൻ പറ്റില്ല. അവർ എണ്ണത്തിൽ കുറവായിരിക്കാം. പക്ഷേ, അവരുടെ താൽപ്പര്യം കച്ചവടപരമല്ല.

തരക്കേടില്ലാത്ത ഒരു കഥയെങ്കിലും എഴുതിയിട്ടുള്ളവരൊക്കെ നിലനിൽക്കും. എഴുത്തിന്റെ സ്ഥിതിവിശേഷം അത്രമാത്രം സ്ഫുടം ചെയ്തെടുക്കുന്ന ഒന്നാണ്.കേരളത്തിന്റെ തെക്കേയറ്റത്തുനിന്നും പലയിടത്തേക്കും സ്ഥലംമാറ്റം ചെയ്യപ്പെട്ട കഥകളെഴുതിയ എസ്.വി വേണുഗോപൻ നായരുമായി അഭിമുഖം.

* അത്ഭുതമാണ്. സാറിന്റെ ഭാഷയിൽ മലയാളവും തമിഴും ഇഴചേർന്ന്, രണ്ടുംകൂടി വേറിട്ടൊരു ഭാഷയാകുന്നു!

അയ്യോ രണ്ടൊന്നുമല്ല. സൂക്ഷ്മമായി നോക്കിയാൽ ഞങ്ങളുടെ നാട്ടിൽ ഇരുപതിൽ കുറയാതെയുള്ള ഭാഷാസാങ്കര്യമുണ്ട്. തിരുവനന്തപുരം ഭാഷയല്ല നെയ്യാറ്റിൻകര ഭാഷ. നെടുമങ്ങാട് മറ്റൊന്ന്. സൂക്ഷ്മം ആലോചിച്ചാൽ ഓരോ പ്രദേശത്തിനും ഓരോ ഭാഷയുണ്ട്.

ജാതിക്കും മതത്തിനും വെവ്വേറെ. അതിൽത്തന്നെ നായർക്കൊന്ന് നാടാർക്കൊന്ന്. ദലിതർക്ക് വേറൊന്ന്. ഓരോ താലൂക്കിനും പ്രത്യേകം ഓരോന്ന്. എന്റെ ഭാര്യ, ഇപ്പോൾ തമിഴ്നാട്ടിലായിപ്പോയ കൽക്കുളം താലൂക്കുകാരിയാണ്. അവരുടെ ഭാഷയല്ല എന്റേത്. ഞങ്ങൾ സംസാരിക്കുമ്പോൾ, സൂക്ഷ്മത്തിൽ ആ വൈജാത്യം വരും. ഞാൻ ജനിച്ച കാരോട്, വിളവൻകോട് താലൂക്കിനോട് തൊട്ടുകിടക്കുന്നു. മലയാളമാണ് അടിസ്ഥാനം. പക്ഷേ തമിഴിന്റെ അധികമായ സ്വാധീനമുണ്ട്. പ്രാദേശികമായി വലിയ ശക്തിയുള്ള ഭാഷയാണത്.

* വടക്കുള്ള വായനക്കാർ സാറിന്റെ കഥകളിലെ തെക്കൻഭാഷകളെ എങ്ങനെ കണ്ടു? പ്രത്യേകിച്ച് വടി, കൊപ്ലൻ തുടങ്ങിയ കഥകൾ?

വടി 34 ഫുട്നോട്ടുകളോടെയാണ് വന്നത്. വന്നത് തെക്കുനിന്നിറങ്ങുന്ന പ്രസിദ്ധീകരണത്തിലല്ല. മാതൃഭൂമിയിൽ തന്നെയാണ്. 1969ൽ. പത്രാധിപരായ എം.ടി തനിക്ക് അപരിചിതമായ ഭാഷയും ജീവിതവും വരുന്ന കഥകളോട് കൂടുതൽ താൽപര്യം കാട്ടിയിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ഒപ്പം അന്നത്തെ പ്രമുഖവാരികകളായിരുന്ന കലാകൗമുദി, മലയാളനാട് വാരികകളിലും നിരന്തരം കഥകൾ വന്നു.

* കൊപ്ലൻ എന്ന കഥയിലുമുണ്ട് നിരവധി അടിക്കുറിപ്പുകൾ?

കൊപ്ലൻ, നാടാർ ഭാഷ സംസാരിക്കുന്ന ആദ്യകഥയാണെന്നു പറയാം.

* ഇടക്കാലത്ത് സ്ത്രീകളായ ചില എഴുത്തുകാരുടെ ചില കൃതികളെ പരാമർശിച്ച്, എന്റെ മകളോ മറ്റോ ഇങ്ങനെ എഴുതുമായിരുന്നെങ്കിൽ കൊന്നുകളഞ്ഞേനെ എന്നു പറഞ്ഞു. അത്രയ്ക്കു വേണമായിരുന്നോ?

അപ്പറഞ്ഞതിൽ മാറ്റമൊന്നുമില്ല. ഒരു ഭാഷാധ്യാപകനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഇത്തരം ചില കാര്യങ്ങളിൽ ഞാൻ അൽപ്പം പഴഞ്ചനാണ്.

* മശകവിലാസം പോലുള്ള സാറിന്റെ ഒന്നിലേറെ കഥകളിൽ ലൈംഗികതയുണ്ട്?

ലൈംഗികത ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല. അതിന്റെ പരിധി എഴുത്തുകാരന്റെ സ്വാതന്ത്രമാണെന്ന പക്ഷത്തോടും വിയോജിപ്പില്ല. ഞാനും യുവാവായിരുന്നു. പക്ഷേ സൈലം ആലുവ എന്നൊരാൾ കൊച്ചു പുസ്തകങ്ങളെഴുതിയിട്ടുണ്ട്. അത് സാഹിത്യമല്ല. ലൈംഗികവർണനകളാണ്. കലാപരമായി ലൈംഗികതയെ നിർവചിക്കുമ്പോൾ ഒരു സൗന്ദര്യബോധമുണ്ടാക്കാൻ കഴിയണം.

അത് വ്യംഗ്യമാകണം. അസഹ്യത തോന്നുന്നതുമാകരുത്. പ്രത്യേകിച്ച് പെൺകുട്ടികൾ എഴുതുമ്പോൾ കൂടുതൽ കലാപരമായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. úമനുഷ്യശരീരംകൊണ്ട് ഇത്രയേ പറ്റൂവെന്ന് നമുക്കൊക്കെ അറിയാവുന്നതാണ്. അതിൽനിന്ന് പുതിയൊരു സൗന്ദര്യപരമായ കാഴ്ച്ചപ്പാട് അവതരിപ്പിക്കുകയാണ് വേണ്ടത്. അിനാൽ വീണ്ടും പറയുന്നു, എന്റെ മകൾ ഇത്തരത്തിലുള്ള സാഹിത്യം എഴുതിയാൽ ഞാൻ അടിച്ചുകൊല്ലും.

ഞാൻ പുത്രകാമേഷ്ടി എന്നൊരു കഥയെഴുതി. നാട്ടിലുള്ള പലരും, ഷണ്ഡൻമാർ പോലും ഇവനെന്റെ മകനാണ് എന്നു പ്രഖ്യാപിക്കുന്ന ഒരു വേശ്യയുടെ മകനെ കുറിച്ചായിരുന്നു അത്. മലയാളനാട് വാരികയിൽ അന്ന്, ആ കഥയ്ക്ക് ചിത്രകാരൻ വശക്കേടായിട്ടൊരു പടം വരച്ചുവിട്ടു. ഞാൻ ക്ലാസിൽ ചെന്നപ്പോൾ, ഒരു വിദ്യാർത്ഥി ആ ചിത്രം മലർത്തി വച്ചിരിക്കുന്നു. ഞാൻ വല്ലാതായി. എന്തു പറയണമെന്ന് ധാരണ കിട്ടിയില്ല.

അധ്യാപകർക്ക് ഇത്തരത്തിൽ ചില വേലിക്കെട്ടുണ്ട്. ഒരുമിച്ച് താമസിക്കൽ പോലുള്ള ആധുനികതയൊന്നു ഇല്ലാതിരുന്ന കാലത്തു ജീവിച്ച ഒരു അധ്യാപകന്റെ വാൽസല്യം ചേർന്ന അഭിപ്രായമായി കരുതിയാൽ മതി.

* സാർ ഒരാളുടെ നോവൽ വായിച്ചിട്ട് അതിലെ ചില അപ്രധാന കഥാപാത്രങ്ങളെ ചൂണ്ടി അവരുടെ പരിണാമം എവിടെ എന്ന് നോവലിസ്റ്റിനോട് ചോദിച്ചത് ഓർക്കുന്നു?**

നോവലിൽ അത് വേണം. സിവി ഒരു കഥാപാത്രങ്ങളെയും വഴിയിൽ ഉപേക്ഷിക്കാറില്ല. തീരെ അപ്രധാന കഥാപാത്രങ്ങൾക്കുപോലും ശേഷം എന്തുസംഭവിച്ചു എന്നു വ്യക്തമാക്കും. അവർക്കും ജീവിതമുണ്ട്. നോവലിന്റെ പാർശ്വങ്ങളിലൂടെ അവരുടെ ജീവിതം വളരുന്നുണ്ട്. അത് കൃത്യമായി വരണം.

* ഒരുപാടു നല്ല പുസ്തകങ്ങൾ സാർ പാഠപുസ്തകമാക്കിയെന്നു കേട്ടിട്ടുണ്ട്. കുട്ടികൾ അൽപ്പം ബുദ്ധിമുട്ടി തന്നെ നല്ല സാഹിത്യം പഠിക്കണമെന്നൊരു കടുംപിടുത്തം ഉണ്ടായിരുന്നു?

വിദ്യാർത്ഥികളുടേത് കഷ്ടപ്പെട്ട് പഠിക്കേണ്ട പ്രായമാണ്. അവർ പഠിക്കുകയും ചെയ്യും. പക്ഷേ അധ്യാപകർ എല്ലാവരും ആ ദൗത്യം ഏറ്റെടുത്തോയെന്ന് സംശയം. കോവിലന്റെ ഹിമാലയമൊക്കെ ഞാൻ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയുള്ളപ്പോൾ എടുത്തതാണ്. ഒരു ടീച്ചർ ഒരു ക്ലാസിൽ പറഞ്ഞുപോലും: ഇതൊന്നും നമുക്കു പഠിപ്പിക്കാനുള്ളതല്ല. വേറെ വല്യ പാർട്ടിക്കാർക്കുള്ളതാണ്. നിങ്ങൾ എങ്ങനെയെങ്കിലുമൊക്കെ വായിച്ചു പഠിച്ചോളു.

* ഇതുപോലെ നിരക്ഷരയായ മറ്റൊരു ടീച്ചറിനെ കുറിച്ചുള്ള തമാശക്കഥയും പ്രചാരത്തിലുണ്ട് ?

അതിന്റെ രംഗം യൂണിവേഴ്സിറ്റി വാല്വേഷൻ ക്യാമ്പ്. കവടിയാർ രാമചന്ദ്രനും മധുവും(കവി വി.മധുസൂധനൻ നായർ) ദേശമംഗലം രാമകൃഷ്ണനുമൊക്കെയായി സാഹിത്യവും സൊറയുമൊക്കെ പറഞ്ഞിരിക്കുയാണ്.

മധുവും രാമചന്ദ്രനും എന്റെ ശിഷ്യൻമാരാണ്. ഇടനേരത്ത് മുറിസൊറ പറഞ്ഞിരിക്കുമ്പോൾ അൽപം സാഹിത്യമൊക്കെ കടന്നുവരുന്നു. ക്യമ്പിലുള്ള ഒരു മലയാളം അധ്യാപികയ്ക്ക് എന്തോ സംശയം തോന്നി. ഉൗണു കഴിച്ചതിനുശേഷമുള്ള ഇടവേളയിൽ സ്വകാര്യമായി വന്നുചോദിച്ചു. ഇൗ മധുസാറൊക്കെ പറയുന്നത് നേരാണോ സാർ. സാറെന്തോ കവിതയോ നാടകമോ ഏതാണ്ടൊക്കയോ എഴുതുമെന്ന്. ഞാൻ പറഞ്ഞു ചുമ്മാ അവർ എന്നെ കളിയാക്കിയതാണ്. അന്ന് ആദിശേഷൻ പാഠപുസ്തകമാണ്. ഇൗ ടീച്ചറിന്റെ കോളേജിൽ പഠിപ്പിക്കുന്നുമുണ്ടാകാം.

പൂർണ്ണരൂപം: ഭാഷാപോഷിണി ഒക്ടോബർ 2014

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.