Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴകൊണ്ടുമാത്രം മുളയ്ക്കുന്ന പ്രണയത്തിന്റെ വിത്തുകൾ...

rafeeq-ahmed മലയാളികളുടെ ഉള്ളുതൊട്ട കവി റഫീഖ് അഹമ്മദ് തന്റെ പ്രിയപ്പെട്ട രണ്ട് പ്രണയ കവിതകൾ തെരഞ്ഞെടുക്കുന്നു. ആ കവിതകളിലൂടെ മലയാള കവിത നടന്ന പ്രണയത്തിന്റെ വഴികളിലൂടെ നമുക്ക് ഒരിക്കൽ കൂടി സഞ്ചരിക്കാം. മലയാളിയുടെ പ്രണയത്തെ കവിതകളിൽ നിന്ന് കണ്ടെത്താം.

മലയാളി കലയിലെ പ്രണയത്തിന് പുറംതിരിഞ്ഞു നിന്ന ചരിത്രമില്ല. എന്നാൽ സ്വന്തം ജീവിതത്തിൽ നിന്നും സ്വന്തക്കാരുടെ ജീവിതത്തിൽ നിന്നും പലപ്പോഴും പ്രണയത്തെ പുറത്തുനിർത്തി ആഘോഷിക്കുവാനായിരുന്നു കൂടുതൽ ഇഷ്ടം. അതുകൊണ്ടാണല്ലോ കലയ്ക്ക് പുറത്തുള്ള മലയാളിയുടെ പ്രണയചരിത്രത്തിൽ കാഞ്ചന–മൊയ്തീൻമാരുടെ എണ്ണം വളരെ കുറഞ്ഞും അവർക്കു ചുറ്റം സമൂഹവും അവർ തന്നെയും സൃഷ്ടിക്കുന്ന വിലക്കുകളുടെയും പ്രതിബന്ധങ്ങളുടെയും തോത് വളരെ ഉയർന്നും കാണപ്പെടുന്നത്. എടുത്തെറിഞ്ഞ് കളയാൻ ഇനിയുമൊരുപാട് കപടതകളുടെ ഭാരം മലയാളിയുടെ പ്രണയത്തിൽ അവശേഷിക്കുന്നു.

എന്നിട്ടും എല്ലാകാലത്തും മലയാളിയുടെ ജീവിതത്തിൽ, മരണത്തിൽ, കൽപ്പനയിൽ യാഥാർത്ഥ്യത്തിൽ, കലാവിഷ്കാരങ്ങളിൽ  പ്രണയത്തിന്റെ ഭാവപകർച്ചയും വികാരധാരാളിത്തവും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്, ആഘോഷിക്കപ്പെട്ടിട്ടുണ്ട്, ആലോചിക്കപ്പെട്ടിട്ടുണ്ട്. തന്റെ ജീവിതത്തിലും തനിക്കുള്ളവരുടെ ജീവിതത്തിലും പ്രണയം നിഷിദ്ധമെന്ന് കരുതിയവർ മുതൽ ഏത് തലമുറയിലുംപെട്ട പ്രണേതാക്കൾ വരെ മനസ്സിൽ മൂളുന്ന, ഏകാന്തതയിൽ കേള്‍ക്കാൻ ആഗ്രഹിക്കുന്ന ചില പ്രണയ കവിതകൾ നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടുമുണ്ട്. മലയാളത്തിൽ നാളിതുവരെയുണ്ടായിട്ടുള്ള പ്രണയ കവിതകളിലൂടെ, അവയുടെ വൈവിധ്യങ്ങളിലൂടെ സഞ്ചരിക്കുക അസാധ്യമാണ്. മറ്റാരും വായിച്ചിട്ടില്ലാത്ത ഡയറി താളുകളിൽ, ചുരുട്ടി എറിഞ്ഞ കടലാസ് കഷണങ്ങളിൽ, ഇനിയും പകർത്തപ്പെടാതെ അനേകായിരം പേരുടെ മനസ്സിൽ... അങ്ങനെ നീളുന്നു ഈ സാഹിത്യ ശാഖ. 

മലയാളികളുടെ ഉള്ളുതൊട്ട കവികൾ അവരുടെ ഉള്ളു തൊട്ട രണ്ട് പ്രണയ കവിതകൾ തെരഞ്ഞെടുക്കുന്നു. ഒന്ന് ഇന്നോളം എഴുതപ്പെട്ട മലയാള കവിതകളിൽ നിന്ന്. മറ്റൊന്ന് അവരുടെ തന്നെ കവിതകളിൽ നിന്ന്. ആ കവിതകളിലൂടെ മലയാള കവിത നടന്ന പ്രണയത്തിന്റെ വഴികളിലൂടെ നമ്മുക്ക് ഒരിക്കൽ കൂടി സഞ്ചരിക്കാം. മലയാളിയുടെ പ്രണയത്തെ കവിതകളിൽ നിന്ന് കണ്ടെത്താം.  

rafeeq-ahmed1 എല്ലാകാലത്തും മലയാളിയുടെ ജീവിതത്തിൽ, മരണത്തിൽ, കൽപ്പനയിൽ യാഥാർത്ഥ്യത്തിൽ, കലാവിഷ്കാരങ്ങളിൽ പ്രണയത്തിന്റെ ഭാവപകർച്ചയും വികാരധാരാളിത്തവും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്, ആഘോഷിക്കപ്പെട്ടിട്ടുണ്ട്, ആലോചിക്കപ്പെട്ടിട്ടുണ്ട്.

മഴകൊണ്ട് മാത്രം മുളയ്ക്കുന്ന ചില വിത്തുകൾ മഴകാത്ത് മണ്ണിനടിയിൽ എന്നുമുണ്ടായിരുന്നു. ആത്മാവിനുള്ളിൽ പ്രണയത്തിനായ് മാത്രമെരിയുന്ന ജീവന്റെ തിരികൾ എല്ലാവരുടെ ഉള്ളിലുമുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ കാണാൻ സാധിക്കാത്തിടത്തൊക്കെ അവ മറച്ചു വയ്ക്കപ്പെട്ടു എന്ന് മാത്രം. മരണശേഷം ഉടൽ മൂടിയമണ്ണിൽ നിന്ന് ജീവന്റെ പുതുനാമ്പായി ഉയർത്തെഴുന്നേൽപ്പിക്കാൻ തക്ക കരുത്തുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞത് കവി റഫീക്ക് അഹമ്മദാണ്. ഉള്ളു തൊട്ട പ്രണയ കവിത തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുമ്പോൾ ഇതുവരെ എഴുതപ്പെട്ടിട്ടുള്ളവയിൽ നിന്നും വായിക്കപ്പെട്ടിട്ടുള്ളവയിൽ നിന്നും മാത്രമെ കവിക്ക് അത് സാധ്യമാകു എന്ന പരിമിതി തൽക്കാലം മറക്കുന്നു. 

മലരൊളിതിരളും മധുചന്ദ്രികയിൽ 

മഴവിൽക്കൊടിയുടെ മുനമുക്കി 

എഴുതാനുഴറീ കല്പന ദിവ്യമൊ–

രഴകിനെ– എന്നെ മറന്നു ഞാൻ എന്ന് പ്രണയത്തിന്റെ സൗന്ദര്യം വർണിക്കാൻ ഉഴറിയ ചങ്ങമ്പുഴയുടെ മനസ്വിനിയാണ് റഫീക്ക് അഹമ്മദ് എന്ന കവിയുടെ ഉള്ള് തൊട്ട പ്രണയ കവിത. ബാലചന്ദ്രൻ ചുള്ളിക്കാട് തെരഞ്ഞെടുത്ത ചെങ്ങമ്പുഴ കവിതകളടങ്ങുന്ന പുസ്തകത്തിന്റെ പേരു തന്നെ മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ... എന്ന 'മനസ്വിനി'യുടെ ആദ്യവരിയാണ്. വർഷങ്ങൾക്കിപ്പുറം മറ്റൊരു കവി കൂടി ഇഷ്ട പ്രണയ കവിതയുടെ തെരഞ്ഞെടുപ്പിൽ ചങ്ങമ്പുഴയിലേക്ക് എത്തുന്നു. കവിതയുടെ ലാളിത്യവും അതിൽ നിഴലിച്ച ആത്മാർത്ഥതയും ഭാഷാഭംഗിയുമാണ് മനസ്വിനി എന്ന കവിത തെരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് റഫീക്ക് അഹമ്മദ് പറയുന്നു. ഭാഷ അതിന്റെ പൂർണ സൗന്ദര്യത്തോടെ തെളിഞ്ഞുകാണാൻ കഴിയും വിധം നിലാവിൽ മഴവില്ലിന്റെ മുനമുക്കി എഴുതിയവയായിരുന്നു ചങ്ങമ്പുഴ കവിതകൾ. അതിൽ പ്രണയത്തിന്റെ ഭംഗിയും നോവുകളുമുണ്ടായിരുന്നു. കവിതയുടെ ആദ്യപകുതിയിൽ കവി പ്രണയിനിയുടെ അഴകിനെ വർണ്ണിക്കുന്നു. മലയാളി സങ്കൽപ്പത്തിൽ പ്രണയിനിക്ക് ഉണ്ടായിരിക്കേണ്ട സൗന്ദര്യഗുണങ്ങൾ ഈ വർണ്ണനകളിൽ തെളിഞ്ഞു കാണാം. 

changampuzha-poet മലയാളത്തിൽ നാളിതുവരെയുണ്ടായിട്ടുള്ള പ്രണയ കവിതകളിലൂടെ, അവയുടെ വൈവിധ്യങ്ങളിലൂടെ സഞ്ചരിക്കുക അസാധ്യമാണ്. മറ്റാരും വായിച്ചിട്ടില്ലാത്ത ഡയറി താളുകളിൽ, ചുരുട്ടി എറിഞ്ഞ കടലാസ് കഷണങ്ങളിൽ, ഇനിയും പകർത്തപ്പെടാതെ അനേകായിരം പേരുടെ മനസ്സിൽ... അങ്ങനെ നീളുന്നു ഈ സാഹിത്യ ശാഖ.

ഈറൻ തുകിലിൽ മറഞ്ഞൊരു പൊന്നല 

പാറിമിനുങ്ങിയ തവ ഗാത്രം.

മിത്ഥ്യാവലയിതസത്യോപമരുചി

തത്തി ലസിച്ചു മമ മുന്നിൽ 

പ്രണയം ശരീരത്തെ പുറത്ത് നിർത്തി ആത്മാവിൽ തൊട്ട ഒന്ന് ആയിരുന്നില്ല എന്ന് വ്യക്തം. പ്രണയവും ശരീരവും തമ്മിലുള്ള ബന്ധം കവിതയുടെ ആദ്യ പകുതിയിൽ വായിച്ചെടുക്കാം. ശരീരവും ശരീരത്തിന്റെ സൗന്ദര്യവും മാത്രമായിരുന്നോ പ്രണയം എന്നതിനുള്ള ഉത്തരമാണ് കവിതയുടെ രണ്ടാം പകുതി.

കോമളരൂപിണി, ശാലിനി, നീയൊരു

കോലം കെട്ടിയ മട്ടായി.

മുകിലൊളി മാഞ്ഞു മുടികൾ കൊഴിഞ്ഞു,

മുഖമതിവികൃതകലാവൃതമായ്.

പൊന്നൊളി പോയീ കാളിമയായി

നിന്നുടൽ വെറുമൊരു തൊണ്ടായി. 

 കാമുകൻ സ്നേഹിച്ച കാമിനിയുടെ ശരീരം ഇനിയില്ല. ആ ഉടൽ വെറുമൊരു തൊണ്ടിനു തുല്ല്യമായി. അവിടെ ശരീരം മാത്രമല്ല പ്രണയം എന്ന് തിരിച്ചറിയപ്പെടുന്നു. കണ്ണും കാതും ഇല്ലാതായിക്കഴിഞ്ഞും കാമുകന്റെ സാന്നിധ്യം തിരിച്ചറിയുന്ന കാമിനിയെപ്പോലെ. ചങ്ങമ്പുഴ കവിതയിൽ പ്രണയം വേദനയുമായിരുന്നു. ലഹരിപ്പിടിപ്പിക്കുന്ന വേദന.   

വേദന, ലഹരിപിടിക്കും വേദന– ഞാനതിൽ മുഴുകട്ടെ എന്ന് കവി. ചങ്ങമ്പുഴയ്ക്ക് മുമ്പും ശേഷവും മലയാളിയും മലയാളവും ആ ലഹരിയിൽ മുഴുകി. ശരീരവും വികാരവും അവിടെ പരസ്പരപൂരകങ്ങളായി നിലകൊണ്ടു.

rafeeq ahammed മഴകൊണ്ട് മാത്രം മുളയ്ക്കുന്ന ചില വിത്തുകൾ മഴകാത്ത് മണ്ണിനടിയിൽ എന്നുമുണ്ടായിരുന്നു. ആത്മാവിനുള്ളിൽ പ്രണയത്തിനായ് മാത്രമെരിയുന്ന ജീവന്റെ തിരികൾ എല്ലാവരുടെ ഉള്ളിലുമുണ്ടായിരുന്നു.

കാലവും കവിതയും റഫീക്ക് അഹമ്മദിൽ എത്തുമ്പോൾ സർവവേദനയിൽ നിന്നും മരണത്തിൽ നിന്നുവരെ ഉയർത്തെഴുന്നേൽപിന് സഹായിക്കാൻ കഴിയുന്ന സാന്നിധ്യമാണ് പ്രണയം. മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ എന്നു തുടങ്ങുന്ന കവിതയാണ് സ്വന്തം രചനകളിൽ കവിയുടെ ഉള്ളുതൊട്ട പ്രണയകവിത. ചങ്ങമ്പുഴ കവിതയുടെ മുഖ്യ ആകർഷകമായി റഫീക്ക് അഹമ്മദ് തന്നെ ചൂണ്ടി കാണിച്ച ഭാഷയുടെ ലാളിത്യവും ഉളള് തൊടുന്ന ആത്മാർത്ഥതയും ഈ കവിതയിൽ തെളിഞ്ഞു കാണാം. ഒരു മനുഷ്യായുസ്സിൽ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ പ്രണയത്തിന്റേതായിരുന്നുവെന്ന് കവിത ഉറപ്പിക്കുന്നു. 

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ

ഇത്തിരി നേരം ഇരിക്കണേ...

കനലുകള്‍ കോരി മരവിച്ച വിരലുകൾ

ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ

ഒരായുസ്സിൽ പഞ്ചേന്ദ്രീയങ്ങൾ സമ്മാനിച്ച അനേകം അനുഭവങ്ങൾ. കാഴ്ച, കേൾവി, രുചി, സ്പർശം, ഗന്ധം എന്നിങ്ങനെ ഓർമ്മ വെച്ച നാൾ മുതൽ തിരിച്ചറിയപ്പെട്ട എത്ര ആളുകൾ, എത്ര സംഭവങ്ങൾ, എത്ര അനുഭൂതികൾ. എന്നാൽ ഇനി താനില്ല എന്ന് ഉറപ്പായ നിമിഷത്തിൽ ആഗ്രഹിക്കുന്നത് അവളുടെ/അവന്റെ സാന്നിധ്യം മാത്രമാണ്. 

അവസാനമായി ഉള്ളിലേക്ക് എടുക്കുന്ന ശ്വാസ കണികയിൽ ഉണ്ടാവേണ്ട ഗന്ധം, അവസാനം കണ്ണിൽ പതിയേണ്ട രൂപം, അവസാനം കേൾക്കേണ്ട സ്വരം അത് കാമിനിയുടേതാണ്. ഇവിടെ മനുഷ്യജീവിതത്തിൽ ഏറ്റവും ഉൽകൃഷ്ടമായ സ്ഥാനത്ത് പ്രണയം പ്രതിഷ്ഠിക്കപ്പെടുന്നു.

പ്രണയമേ നിന്നിലേക്കു നടന്നൊരെൻ

വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ

അതു മതി ഉടൽ മൂടിയ മണ്ണിൽ നിന്ന് ഇവനു

പുൽക്കൊടിയായി ഉയിർത്തേക്കുവാൻ

മരണത്തിൽ പോലും പ്രതീക്ഷകണ്ടെത്താൻ പ്രണയത്തിന്റെ ഓർമ്മകൾ മതിയെന്ന് കവി. എന്നിട്ടുമെന്താണ് നമ്മുടെ ചരിത്രത്തിൽ പ്രണയത്തെ പടിക്കു പുറത്ത് നിറുത്തി കുടുംബങ്ങൾ വാതിലടച്ചത്? പടിക്ക് പുറത്തു നിർത്തി ആഘോഷിക്കേണ്ട കാല്പനികമായ ഒന്ന് മാത്രമായിരുന്നോ മലയാളിക്ക് പ്രണയം? പ്രണയം കാല്പനികം മാത്രമല്ല അതിൽ യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളുന്നു. പച്ചയായ മനുഷ്യ ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന യാഥാർത്ഥ്യങ്ങള്‍. അവിടെ ചിലപ്പോഴൊക്കെ പ്രണയം പരാജയപ്പെടുന്നു.