Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൽപത് കഴിഞ്ഞ കൂട്ടുകാരികൾക്ക് സ്പെഷൽ ടിപ്പുമായി ശാരദക്കുട്ടി

saradakutty

പെണ്ണ്, അടുക്കള, അവളുടെ വ്യക്തി സ്വാതന്ത്ര്യങ്ങൾ. വിഷയത്തിൽ ചർച്ചകൾ തുടങ്ങിയിട്ട് കാലം കുറെ ആയിട്ടുണ്ട്. എന്നാൽ പ്രായോഗിക തലത്തിൽ ഇത് എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിഞ്ഞു? പ്രത്യേകിച്ചും നാൽപത് കഴിഞ്ഞ സ്ത്രീകളുടെ കാര്യത്തിൽ. വായന, എഴുത്ത്, ചാറ്റിംഗ്, പാട്ടു കേൾക്കൽ എന്നിവയിലൊക്കെ താൽപര്യമുള്ള സ്ത്രീകൾക്ക് പരീക്ഷിക്കാവുന്ന ചില സൂത്രവഴികൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വയ്ക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

അടുക്കളയോടോ വർക്ഏരിയയോടോ ചേർന്ന് ഒരു ചാരു കസേരയും ടീപ്പോയും സംഘടിപ്പിക്കുക. മൊബൈൽ ഫോണ്‍, രണ്ടോ മൂന്നോ ബുക്കുകൾ എന്നിവയൊക്കെ വയ്ക്കാനുള്ള സൗകര്യം ഒരുക്കുക. ഇനി നിങ്ങളുടെ താൽപര്യമനുസരിച്ച് പുസ്തകത്തിലോ, സംഗീതത്തിലോ ഒക്കെ മുഴുകാം. അടുക്കളയിൽ ആയതു കൊണ്ട് ആരും ഇറങ്ങാറായില്ലേ? മതിയാക്കുന്നുണ്ടോ എന്നൊന്നും ചോദിക്കുകയുമില്ല. കാരണം നിങ്ങൾ ഇരിക്കേണ്ടത് അവിടെയല്ലേ. അവിടം സ്വർമാക്കിയിട്ട് നരകത്തിലെന്നപോലെ അതാഗ്രഹിക്കുന്നവരുടെ മുന്നിൽ അഭിനയിക്കാം.

കാലമൊക്കെ മാറിയില്ലേ അടുക്കളയിൽ മുഴുവൻ സമയവും ഹോമിക്കേണ്ട ഗതികേട് ഇന്ന് പെൺകുട്ടികള്‍ക്കുണ്ടോ? എന്ന് സംശയമുണ്ടെങ്കിൽ അതിനുള്ള ഉത്തരവും ശരദക്കുട്ടി തന്നെ നൽകുന്നുണ്ട്. ജീവിതത്തിന്റെ പകുതി അടുക്കളയിൽ തളയ്ക്കുന്ന സാമ്പ്രദായിക ഭക്ഷണ ക്രമം ഉപേക്ഷിച്ചു തുടങ്ങിയ പുതു തലമുറയ്ക്കുള്ള നിർദേശമല്ലിത്. അമ്മയുടെ രുചി പാചകം നൊസ്റ്റാൾജിയ ആയി കൂടെ കൊണ്ടു നടക്കുന്ന, മധ്യവയസ്സായ ഫ്യൂഡൽ ആണുങ്ങളെ തീറ്റിപോറ്റാൻ ബുദ്ധിമുട്ടുന്ന 40 കഴിഞ്ഞവർക്കു വേണ്ടിയുള്ളതാണ് പോസ്റ്റെന്ന് കമന്റുകളിൽ ശാരദക്കുട്ടി വ്യക്തമാക്കുന്നുണ്ട്.

വായനയെ സ്നേഹിക്കുന്ന, അടുക്കള തിരക്കിൽ സമയം തികയാതെ പോകുന്ന കൂട്ടുകാരികൾ ഇനി സംശയിക്കേണ്ട. പരീക്ഷിച്ച് തുടങ്ങിക്കോളു..

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം.

'' എല്ലാം അറിയാവുന്നരോടല്ല ഈ പോസ്റ്റ്.ചിലതു പരീക്ഷിക്കാൻ മടിച്ചു നിൽക്കുന്നവർക്കുള്ളതാണ്.അടുക്കളയോടോ വർക് ഏറിയ യോടൊ ചേർന്ന് ഒരു ചാരുകസേരയും ടീപ്പോയും സംഘടിപ്പിക്കുക. മൊബൈൽ ഫോൺ ഒക്കെ വയ്ക്കാനായി..2 or3 ബുക് വെക്കാൻ ഉള്ള സൗകര്യവും ഒരുക്കുക.എന്നിട്ടു പാചകം ചെയ്യുന്ന സമയത്തിനിടയിൽ നമുക്കിഷ്ടമുള്ള ജീവിതം ജീവിക്കാം.ചാറ്റിങ് ,വായന പാട്ടു കേൾക്കൽ നൃത്തം ചെയ്യൽ ഒക്കെ..അടുക്കളയിൽ ആയതു കൊണ്ട് ആരും നിങ്ങളോടു ഇറങ്ങാറായില്ലേ,ഒന്ന് മതിയാക്കുന്നുണ്ടോ എന്നൊന്നും ഒരിക്കലും ചോദിക്കില്ല.കാരണം നിങ്ങൾ ഇരിക്കേണ്ടത് അവിടെയല്ലേ..അവിടം സ്വർഗ്ഗമാക്കിയിട്ടു,നരകത്തിലെന്നത് പോലെ അതാഗ്രഹിക്കുന്നവരുടെ മുന്നിൽ അഭിനയിക്കാം.അതെങ്ങനെയുണ്ട്? തല്ലാൻ വരണ്ട..ഇത് നാൽപതു കഴിഞ്ഞ കൂട്ടുകാരികൾക്ക് ഉള്ള ടിപ്പ് ആണ് ''